ഗാസ യുദ്ധം: മാറുന്ന മാധ്യമപ്രവർത്തനം, മാധ്യമപ്രവർത്തകർ
മാധ്യമപ്രവർത്തകർ തന്നെ വാർത്തയാവുന്ന, ഇരകളാവുന്ന, ഒപ്പം ധീരമായ മനുഷ്യാവസ്ഥയുടെ ഉലയ്ക്കുന്ന ചിത്രമാവുന്ന ഒരു യുദ്ധമുഖമാവുകയാണ് ഗാസ.
അൽ ജസീറ പോലുള്ള വലിയ മാധ്യമ സ്ഥാപനങ്ങളുടെ പതിവ് റിപ്പോർട്ടിങ് മാത്രമായിരുന്നു ആദ്യം ലോകം ശ്രദ്ധിച്ചത്. മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടർമാർക്ക് ഗാസയിലേക്ക് കടക്കാൻ കഴിഞ്ഞതുമില്ല. എന്നാൽ സോഷ്യൽ മീഡിയയുടെ പുതിയ കാലത്തെ ഗാസയിലെ കണ്ടന്റ് ക്രിയേറ്റർമാർ- ഗാസയുടെ സംസ്കാരവും, ഭക്ഷണവും, കാഴ്ചകളും പകർത്തി സോഷ്യൽ മീഡിയയിൽ താരങ്ങളായി ജീവിതം ആഘോഷിച്ചിരുന്നവരാണവർ- യുദ്ധ റിപ്പോർട്ടർമാരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമാധാനകാലത്തെ ഒരു സാധാരണ റിപ്പോർട്ടറുടെ പരുക്കൻ ജീവിതം പോലും അവർക്കു തീരെ പരിചിതമല്ലായിരുന്നു. മരണത്തിനും, ജീവിതത്തിനും ഇടയിലെ നേർത്ത വരമ്പിൽ നിന്നുകൊണ്ട്, ഒന്ന് കാൽ തെറ്റിയാൽ, അല്ലെങ്കിൽ എത്ര ശ്രദ്ധിച്ചുനിന്നാലും, സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പായ മരണത്തിന്റെ നേരെ നോക്കിക്കൊണ്ട്, അവർ ലോകത്തോട് സംസാരിക്കാൻ തുടങ്ങി.
ഈ ‘പുതിയ’ മാധ്യമപ്രവർത്തകരും, നിലവിലുള്ള പ്രൊഫഷണൽ ജേണലിസ്റ്റുകളും ഗാസയിൽ ഒരുപോലെ യുദ്ധത്തിന്റെ ഇരകളായി. അവരെ വേർതിരിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അസാധാരണമായ മാനുഷിക ദുരന്തമുഖങ്ങളിൽ അത്രതന്നെ അസാധാരണമായ കർമ്മ ധീരതയും, പ്രതിബദ്ധതയും, സഹനവും കാണിക്കുന്നവരാണവർ. അവരിൽ ചിലർക്ക് പക്ഷപാതിത്വങ്ങൾ ഉണ്ടാകാം. പക്ഷെ, അവരുടെ പ്രാധാന്യത്തെയോ, ധൈര്യത്തെയോ കുറച്ചുകാണാൻ ആവില്ല.
ഇതെഴുതുമ്പോൾ, അവരിൽ 35 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ സന്നദ്ധ സംഘടനയായ, ദി കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് പറയുന്നത്, 35 പലസ്തിനി മാധ്യമപ്രവർത്തകരും, 4 ഇസ്രായേലി മാധ്യമപ്രവർത്തകരും, ഒരു ലബനീസ് ജേണലിസ്റ്റും കൊല്ലപ്പെട്ടു എന്നാണ്. ഒക്ടോബർ 7 ന്റെ ഹമാസ് ആക്രമണത്തിലാണ് 4 ഇസ്രായേലി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതെന്നും, ലബനീസ് ജേണലിസ്റ്റ് കൊല്ലപ്പെട്ടത് ഇസ്രായേൽ-ലബനോൺ അതിർത്തിയിലാണെന്നും ഈ സംഘടന പറഞ്ഞു. ഇതിനു പുറമെ 9 മാധ്യമപ്രവർത്തകരെ കാണാതായിട്ടുമുണ്ട്.
ഗാസയിൽ യുദ്ധ റിപ്പോർട്ടർമാരായി മാറിയ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ ഇല്ലായിരുന്നെങ്കിൽ ഈ യുദ്ധത്തിന്റെ ഭീകരത ഒരിക്കലും ലോകം മനസ്സിലാക്കുമായിരുന്നില്ല എന്നു തന്നെ പറയാം. മനുഷ്യ സംസ്കൃതിയുടെ കളിത്തൊട്ടിൽ എന്ന് വിളിക്കാവുന്ന മധ്യ പൂർവ്വ ഏഷ്യയുടെ മനോഹരമായ കാഴ്ചകളിൽ നിന്ന്, അതിൽ പലസ്തീനികൾ എന്ന ആട്ടിയോടിക്കപ്പെട്ട, വേട്ടയാടപ്പെട്ട ജനതയുടെ തനതു സംസ്കാരത്തിന്റെ ദൃശ്യ ഭംഗിയിൽ നിന്ന്, ഈ കണ്ടന്റ് ക്രിയേറ്റർമാർ യുദ്ധത്തിന്റെ തീയിലേക്ക് എടുത്തു ചാടുന്ന കാഴ്ച കാണുമ്പോൾ ഒരു നിമിഷം ശ്വാസം നിലച്ചുപോകുന്നതുപോലെ.
സോഷ്യൽ മീഡിയ ജീവിതാഘോഷകരെ മാറ്റി മറിച്ച യുദ്ധം
25 വയസ്സുള്ള ചുരുണ്ടമുടിക്കാരി ബിസാനെ നോക്കൂ. ഗാസയിലെ സ്ത്രീകൾക്ക് ബോക്സിങ് പരിശീലനം നൽകുന്ന സ്ഥാപനത്തിൽ ചിരിച്ചുകൊണ്ട്, കൈകളിൽ ബോക്സിങ് ഗ്ലൗസുകൾ ധരിച്ചുകൊണ്ട്, ഗാസയിലെ പെണ്ണുങ്ങൾക്ക് ഈ കായികവിനോദം അത്ര പരിചിതമല്ല, എന്നാലും ഒന്ന് വന്നു ട്രൈ ചെയ്യൂ എന്ന് പറയുന്ന ബിസാൻ ഔദ ഇന്ന് പഴങ്കഥയാണ്. ഇപ്പോൾ എല്ലാവരും ബിസാനെ അറിയുന്നത്, ഗാസയിലെ ഒരാശുപത്രിയുടെ കവാടത്തിൽ ബോംബ് വീണ് നിരവധിപേർ മരിച്ചപ്പോൾ, രണ്ടു നിമിഷം മുൻപ് താൻ ആ കവാടത്തിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു പൊട്ടിക്കരയുന്ന ജേണലിസ്റ്റ് ആയിട്ടാണ്. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ അൽ ഷിഫാ ആശുപത്രിയുടെ പരിസരം വൃത്തിയാക്കുന്ന, അങ്ങനെ തങ്ങൾക്കാവുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുന്ന ചെറിയ കുട്ടികളോട് ബിസാൻ പ്രസാദാത്മകമായി തമാശ പറയുന്നത്, അവരെ ചിരിപ്പിക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. ആ ചിരി പാടെ നിലച്ചിരിക്കുന്നു. ആ പെൺകുട്ടിയുടെ മുഖത്ത് ഭയവും അസഹ്യമായ വേദനയും മാത്രമാണിപ്പോൾ നിഴലിക്കുന്നത്.
മഹ്മൂദ് സുവൈത്തർ ഗാസയിലെ ഒരു കൊമേഡിയൻ ആണ്. തഷ്‌വീഷ് എന്ന ഗാസയിലെ നർമ്മ പരിപാടികൾ നടത്തുന്ന സംഘത്തിന്റെ സ്ഥാപകരിൽ ഒരാൾ. യുദ്ധത്തിന് മുൻപ് 600000 ഇൻസ്റ്റാഗ്രാം ഫോളോവർമാർ ഉണ്ടായിരുന്നു. ഇപ്പോൾ യുദ്ധം റിപ്പോർട്ട് ചെയ്യുകയാണ് മഹ്മൂദ് സുവൈത്തർ.
ഇൻസ്റ്റാഗ്രാമിൽ 980000 ഫോളോവർമാരുള്ള അഹമ്മദ് ഹിജാസി, ഗാസയുടെ സംസ്കാരവും സൗന്ദര്യവും പകർത്തിയാണ് സോഷ്യൽ മീഡിയ താരമായത്. ഇസ്രായേൽ ബോംബിട്ടു തകർത്ത ഗാസ ടവറിൽ ആയിരുന്നു ഹിജാസിയുടെ പത്നി നടത്തിയിരുന്ന ഫോട്ടോ സ്റ്റുഡിയോ എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.
പ്ളേസ്റ്റിയ അലക്കാത്ത്, 20 വയസ്സുള്ള മറ്റൊരു ഗാസൻ വ്ലോഗർ ആണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ ഊന്നിയ വീഡിയോകൾ ആണ് പ്ളേസ്റ്റിയ ചെയ്തിരുന്നത്. തന്നെ യുദ്ധം എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അസാമാന്യമാം വിധം സത്യസന്ധമായ വിവരണമാണ് ഓരോ ദിവസവും പ്ളേസ്റ്റിയ നൽകുന്നത്.
അലി നിസ്‌മാൻ പലസ്തീനിയൻ അഭിനേതാവും, സാമൂഹ്യ പ്രവർത്തകനും, കണ്ടന്റ് ക്രിയേറ്ററും ആയിരുന്നു. ഒക്ടോബർ 13 ന് ഇസ്രായേലി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. അതിനു ചില മണിക്കൂറുകൾക്കു മുൻപ് പോലും നിസ്‌മാൻ ഗാസയിലെ ജനങ്ങളുടെ യുദ്ധക്കെടുതികൾ റിപ്പോർട്ട് ചെയ്യുന്ന ഒരു വിഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിരുന്നു. 2022 ഇൽ പുറത്തിറങ്ങിയ ‘നസ്ർ ഗിൽബോവ സ്ട്രീറ്റ്’ എന്ന സിനിമയിലും, ‘സ്‌കൈ ഗേറ്റ്’, ‘അൽ റൂഹ്’ എന്നീ ടെലിവിഷൻ സീരീസുകളിലും നിസ്‌മാന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു.
അൽ ജസീറയുടെ റിപ്പോർട്ടർ യുംന എൽ സയദ് ലൈവിൽ റിപ്പോർട്ട് ചെയ്യുന്നതുനിടയിൽ തൊട്ടു പിന്നിലെ ഗാസ ടവർ എന്ന ബഹുനില മന്ദിരം ഇസ്രായേൽ ബോംബ് ചെയ്തു തവിടുപൊടി ആക്കുന്നതും, യുംന ഞെട്ടിത്തെറിച്ചു ഉറക്കെ കരയുന്നതും, കുറച്ചുനേരം സംസാരിക്കാൻ കഴിയാതെ അവർക്ക് ശ്വാസം കിട്ടാതാവുന്നതും ആയിരുന്നു ഈ യുദ്ധത്തിനിടയിലെ മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന, വളരെ ഭയപ്പെടുത്തുന്ന ആദ്യത്തെ ചിത്രം. ഏതാണ്ട് മുപ്പതുകളുടെ തുടക്കത്തിൽ പ്രായം തോന്നിക്കുന്ന ഒരു മാധ്യമപ്രവർത്തകയാണ് യുംന. എന്നാൽ യുദ്ധം ഒരു മാസം പിന്നിട്ടുകഴിഞ്ഞ ഈ സമയത്ത് യുംനയെ നോക്കൂ. ഒരു അറുപതു വയസ്സ് പ്രായം തോന്നും. മനുഷ്യദുരന്തത്തിന്റെ നരകക്കുഴിയിൽ നിന്ന് വാർത്ത റിപ്പോർട്ട് ചെയ്തും, സ്വയം ആ കുഴിയിൽ കുടുങ്ങി നരകിച്ചും, വടക്കൻ ഗാസയിൽ നിന്ന് തെക്കോട്ടു പലായനം ചെയ്തും, തീബോംബുകൾ ചുറ്റും പൊഴിയുമ്പോൾ സ്വന്തം കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നത് സ്വയം പകർത്തിയും യുംന പിടിച്ചുനിന്നതിന്റെ പാടുകൾ ആ മുഖം നിറയെ ഉണ്ട്.
ടർക്കിഷ് വാർത്ത ഏജൻസി അന്തലൂവിന്റെ ഫോട്ടോഗ്രാഫർ മുഹമ്മദ് അൽ അലൗലിന്റെ 4 കുട്ടികൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പലസ്തീനിയൻ അതോറിറ്റിയുടെ ടി വി ചാനലിലെ ജേണലിസ്റ്റായ സൽമാൻ അൽ ബഷീർ ലൈവിൽ റിപ്പോർട്ടിംഗ് ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ മുഹമ്മദ് അബു ഹത്തബിന്റെ മരണവാർത്ത വന്നത്. ജേണലിസ്റ്റുകൾക്ക് യുദ്ധമുഖത്തു സംരക്ഷണം ഉണ്ട് എന്ന് പറയുന്നത് വെറും വാക്കാണെന്നു കണ്ണീരോടെ പറഞ്ഞുകൊണ്ട് സൽമാൻ അൽ ബഷീർ, മാധ്യമപ്രവർത്തകർ ധരിക്കുന്ന, പ്രെസ് എന്നെഴുതിയ തന്റെ ജാക്കറ്റ് ഊരിയെറിഞ്ഞു. അദ്ദേഹവുമായി സ്റ്റുഡിയോവിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന അവതാരകയും കരയുന്നത് ലോകം മുഴുവൻ കണ്ടു.
ഗാസയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പു പറയാൻ തങ്ങൾക്കാവില്ല എന്ന നിലപാടാണ് ഇസ്രായേൽ അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.
നിരവധി മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങൾ ഇസ്രായേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങും മുൻപ്, മൊതസ് അസൈസ എന്ന 24 വയസ്സുള്ള ഫോട്ടോ ജേണലിസ്റ്റ്, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ, ഗാസയിലെ നിത്യജീവിതത്തിന്റെയും ഇസ്രായേലി അടിച്ചമർത്തലിന്റെയും കഥാകാരനായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ആ വാർത്തകളിലേക്കു മുഴുവൻ ശ്രദ്ധയും തിരിച്ചു. ഗാസയിലെ ദേർ അൽ ബലാ അഭയാർത്ഥി ക്യാമ്പിനുനേരെ ഉണ്ടായ ബോംബാക്രമണത്തിൽ 15 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടപ്പോൾ അതും അസൈസ ചിത്രീകരിച്ചു. അസൈസയുടെയും മറ്റൊരു ജേണലിസ്റ്റ് ആയ ഹിന്ദ് ഖൗദരിയുടെയും വീഡിയോകൾ ഇപ്പോൾ അധികം കാണുന്നില്ല. അവർ രണ്ടുപേരും ജീവനോടെ ഉണ്ട് എന്ന് ഒരു വിഡിയോവിലൂടെ വ്യക്തമാക്കിയെങ്കിലും പരസ്പരം വേർപെട്ടു പോയ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ എന്നാണ് റിപ്പോർട്ടുകൾ വന്നത്.
ഗുരുതരമായി പരിക്കേറ്റ രണ്ടു പിഞ്ചുകുട്ടികളെ മടിയിൽ വെച്ച് കാറിൽ ആശുപത്രിയിലേക്ക് പായുന്ന മറ്റൊരു മാധ്യമപ്രവർത്തകന്റെ ദൃശ്യം കണ്ടു. എനിക്ക് കയ്യിൽ കിട്ടിയ ഈ രണ്ടു കുട്ടികളെ എടുത്തു ഞാൻ ആശുപത്രിയിലേക്ക് പോവുകയാണ് എന്നയാൾ കിതച്ചുകൊണ്ട് പറയുന്നുണ്ട്. കുട്ടികളുടെ മുഖം രക്തത്തിൽ കുളിച്ചിരിക്കുന്നു. ടർക്കിഷ് വാർത്താ ഏജൻസിയായ അന്തലൂവിന്റെ ഫോട്ടോഗ്രാഫർ അലി ജദല്ലായുടെ മൂന്നു സഹോദരന്മാരും പിതാവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഒറ്റയ്ക്ക് തന്റെ പിതാവിന്റെ മൃതദേഹവുമായി മറവു ചെയ്യാൻ കാറോടിച്ചു പോകുന്ന സ്വന്തം ചിത്രം അലി തന്നെ പുറത്തുവിട്ടു. വസ്തുനിഷ്ഠതയാണ് മാധ്യമപ്രവർത്തകരുടെ തൊഴിലിന്റെ ആണിക്കല്ല് എന്ന് എല്ലാ ജേണലിസം ക്‌ളാസുകളിലും ലോകം മുഴുവൻ പഠിപ്പിക്കുന്നു. സ്വന്തം ആത്മനിഷ്ഠമായ വേദന, അതും മനുഷ്യാവസ്ഥയുടെ ഏറ്റവും വലിയ വേദനയായ മരണത്തിന്റെ, വേർപാടിന്റെ വേദന, അത് ലോകത്തിന്റെ വസ്തുനിഷ്ഠ യാഥാർഥ്യം ആയി മാറുന്ന, തലക്കെട്ടായി മാറുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ഗാസയിലെ മാധ്യമപ്രവർത്തകർ കടന്നുപോകുന്നത്.
അൽ ജസീറ അറബിക് ചാനലിന്റെ ഗാസ ബ്യുറോ ചീഫ് വയൽ ദഹ്‌ദോയ്ക്ക് ബോംബാക്രമണത്തിൽ നഷ്ടപ്പെട്ടത് തന്റെ ഭാര്യ, 15 വയസ്സുള്ള മകൻ, 7 വയസ്സുള്ള മകൾ, പേരക്കുട്ടി എന്നിവരെയാണ്. എനിക്ക് ഗാസക്കാരെ ഉപേക്ഷിക്കാനാവില്ല എന്നു പറഞ്ഞു ദഹ്‌ദോ ഗാസയിൽ തന്നെ തുടരുകയായിരുന്നു എന്നാണ് സഹപ്രവർത്തകയായ, തെക്കൻ ഗാസയിലേക്കു പലായനം ചെയ്ത യുംന എൽ സയ്ദ്, അൽ ജസീറയോട് തന്നെ പറഞ്ഞത്. ദഹ്‌ദോയെപ്പോലെ ഇരുത്തം വന്ന ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞ ഈ വാക്കുകൾ എത്രത്തോളം സങ്കീർണ്ണമാണ് ഗാസയിലെ സാഹചര്യം എന്ന് കൂടി വ്യക്തമാക്കുന്നു. സ്വന്തം ‘നിലപാടുതറ’, താൻ നിയോഗിക്കപ്പെട്ട ഇടം, വിട്ട് ഒരു മാധ്യമപ്രവർത്തകന് പലായനം ചെയ്യാൻ കഴിയുമോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ഒപ്പം തനിക്കു ചുറ്റുമുള്ള കുറെയധികം മനുഷ്യർ അവിടെ തന്നെ തുടരാൻ തീരുമാനിക്കുമ്പോൾ താൻ ഓടിപ്പോയാൽ അവരുടെ ജീവിതകഥകൾ ആര് ലോകത്തോട് പറയും എന്ന് ആ മാധ്യമപ്രവർത്തകൻ കരുതിയിരിക്കണം. അദ്ദേഹം ഗാസക്കാരെ ഉപേക്ഷിച്ചു പോയില്ല എന്ന് യുംന പറഞ്ഞത് അതുകൊണ്ടാണ്.
Aljazeera' s brave veteran journalist Wael Dahdouh's wife, son and daughter were killed in an Israeli airstrike which targeted a shelter house they had fled to. Wael received the news while on air covering the nonstop Israeli strikes on Gaza! pic.twitter.com/G2Z8UreboU
— Mohamed Moawad (@moawady) October 25, 2023
തന്റെ കുടുംബം മുഴുവൻ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നു തന്നെ ദഹ്‌ദോ യുദ്ധ റിപ്പോർട്ടിങ്ങിൽ തിരിച്ചെത്തി. അൽ ജസീറ എന്തുകൊണ്ട് അദ്ദേഹത്തെ ഒറ്റയ്ക്ക് കരയാൻ വിടാതെ റിപ്പോർട്ടിംഗിന് വീണ്ടും നിയോഗിച്ചു എന്ന് ഒരു നിമിഷം തോന്നാതിരുന്നില്ല. പക്ഷെ, ഗാസയിലെ കൂട്ടക്കുരുതി തുടരുക തന്നെയാണല്ലോ. ദഹ്‌ദോ ഇല്ലെങ്കിൽ ആരാണ് ആ വാർത്തകൾ നൽകുക? ഒരു പക്ഷെ, തന്റെ ജനതയുടെ ദുരന്തമുഖത്തു നിൽക്കുമ്പോൾ, ദഹ്‌ദോ ഈ യുദ്ധം അവസാനിക്കും വരെയെങ്കിലും കരയാൻ തയ്യാറല്ല എന്ന് വേണം കരുതാൻ.
ഇങ്ങനെ ധീരതയുടെയും മാധ്യമ പ്രതിബദ്ധതയുടെയും ബഹുമുഖ ചിത്രങ്ങൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുമ്പോഴും ഗാസ യുദ്ധത്തിൽ നിന്ന് ഉയർന്നു വരുന്ന മാധ്യമപ്രവർത്തനത്തെ പറ്റിയുള്ള ചർച്ചകളിൽ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉണ്ട്. യുദ്ധമുഖത്തെ മാധ്യമപ്രവർത്തനം എന്നതിന്റെ പല അടരുകൾ ആ ചർച്ചകളിൽ കാണാം. ആ അടരുകൾ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം. ഒപ്പം ഗാസയിലെ മാധ്യമപ്രവർത്തകർക്കും, യുദ്ധമുഖത്തു മാധ്യമപ്രവർത്തകരായി മാറേണ്ടി വന്ന കണ്ടന്റ് ക്രിയേറ്റേഴ്സിനും, സാധാരണ മനുഷ്യർക്കും, കടുത്ത വേദനയോടെ ഒരു വലിയ അഭിവാദ്യം അർപ്പിക്കട്ടെ.
മാധ്യമ പ്രവർത്തനം: ഹമാസ്-ഇസ്രായേൽ യുദ്ധം ഉയർത്തുന്ന ചോദ്യങ്ങൾ
ഒന്നാമത്തെ ചോദ്യം ഉയരുന്നത് ഒക്ടോബർ 7 എന്ന കൂട്ടക്കുരുതിയുടെ ദിനവുമായി ബന്ധപ്പെട്ടാണ്. അന്ന് ഇസ്രായേലിലേക്ക് അതിക്രമിച്ചു കയറി പട്ടാളക്കാരെയും സാധാരണ മനുഷ്യരെയും ഒരു പോലെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനൊപ്പം കുറച്ചു മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു. സ്വാഭാവികമായും ഗാസയിലെ മാധ്യമപ്രവർത്തകരായിരുന്നു അവർ. പക്ഷെ, അവർ അന്താരാഷ്ട്ര മാധ്യമങ്ങൾക്കു വാർത്ത കൊടുക്കുന്ന ഫ്രീലാൻസർമാർ കൂടി ആയിരുന്നു. പ്രത്യേകിച്ചും അതിൽ നാല് പേർ. ആ നാലു പേർ ഹമാസ് ആക്രമണത്തിന്റെ വാർത്ത, ന്യു യോർക്ക് ടൈംസ്, റോയിട്ടേഴ്‌സ്, സി എൻ എൻ, അസോസിയേറ്റഡ് പ്രസ് എന്നീ അന്താരാഷ്ട്ര വാർത്ത സ്ഥാപനങ്ങൾക്ക് നൽകി. അവർ അത് പ്രസിദ്ധം ചെയ്തു.
ഹമാസിന്റെ അക്രമം നടക്കുന്നതിന്റെ വീഡിയോകളിൽ ഈ മാധ്യമപ്രവർത്തകരെ കാണാം. കഴിഞ്ഞ ആഴ്ച ഹോണസ്റ്റ് റിപ്പോർട്ടിങ് എന്ന ഇസ്രായേൽ അനുകൂലമായ, മാധ്യമങ്ങളിലെ ജൂത വിരുദ്ധത തുറന്നുകാണിക്കൽ പ്രഖ്യാപിത ലക്ഷ്യമായി ഉള്ള, സംഘടനയാണ് ഇത് ആദ്യമായി ചൂണ്ടിക്കാട്ടിയത്. “Broken Borders: AP & Reuters Pictures of Hamas Atrocities Raise Ethical Questions” എന്ന, അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധം ചെയ്ത ലേഖനത്തിലൂടെ.
ഇത്തരം ഒരു അക്രമം നടക്കാൻ പോകുന്നു എന്ന് അറിഞ്ഞിട്ടാണോ ഈ മാധ്യമപ്രവർത്തകർ കൂടെ പോയത്? അങ്ങനെ ആണെങ്കിൽ ന്യു യോർക്ക് ടൈംസും, റോയിട്ടേഴ്‌സും പോലുള്ള, അവരെ ജോലി ഏൽപ്പിക്കുന്ന മാധ്യമങ്ങളിലെ ബന്ധപ്പെട്ട അധികാരികളെ അവർ ഇക്കാര്യം അറിയിച്ചിരുന്നുവോ? അങ്ങനെ ഈ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് അറിഞ്ഞിരുന്നുവെങ്കിൽ ഇത്തരം ഒരു കൂട്ടക്കൊലക്ക് അവർ കൂട്ടുനിൽക്കുകയല്ലേ ചെയ്തത്? മാത്രമല്ല, ഹോണസ്റ്റ് റിപ്പോർട്ടിങ് ഒരു ഫോട്ടോ കൂടി പുറത്തുവിട്ടു. ഹമാസിന്റെ ഗാസയിലെ തലവൻ യഹ്യാ സിൻവാർ ഈ നാലു മാധ്യമപ്രവർത്തകരിൽ ഒരാളെ ഉമ്മ വെക്കുന്ന ചിത്രമായിരുന്നു അത്. സി എൻ എന്നിന് അക്രമത്തിന്റെ വാർത്തയും ചിത്രങ്ങളും നൽകിയ ഗാസയിലെ ഫ്രീലാൻസ് ജേണലിസ്റ്റ് ഹസ്സൻ എസ്ലയ്യ ആയിരുന്നു അത്. ഹസ്സൻ എസ്ലയ്യ മോട്ടോർ സൈക്കിൾ ഓടിച്ചു പോകുമ്പോൾ ഒരു ഗ്രനേഡുമായി ഒരാൾ പുറകിൽ ഇരിക്കുന്ന വിഡിയോയും പുറത്തു വന്നിരുന്നു.
സങ്കീർണ്ണമാകുന്ന മാധ്യമ പ്രവർത്തനം
ഹോണസ്റ്റ് റിപ്പോർട്ടിങ്ങിന്റെ ഈ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രായേലി വാർത്ത വിനിമയ മന്ത്രി, ന്യു യോർക്ക് ടൈംസ്, റോയിട്ടേഴ്‌സ്, സി എൻ എൻ, അസോസിയേറ്റഡ് പ്രസ് എന്നീ നാല് മാധ്യമ സ്ഥാപനങ്ങൾക്കും ഒരു കത്ത് നൽകി. മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ആ കത്ത്. അക്രമം നടത്തിയ തീവ്രവാദികളുമായി/പോരാളികളുമായി ഈ ഫ്രീലാൻസ് മാധ്യമപ്രവർത്തകർക്ക് മാനസിക ഐക്യം ഉണ്ട് എന്നും അതിൽ ഒരു റിപ്പോർട്ടറുടെ, സംഭവം നടക്കുമ്പോഴത്തെ വാർത്താ അവതരണ ശൈലി ചൂണ്ടിക്കാട്ടി ഇസ്രായേൽ പക്ഷം ആരോപിച്ചു. നാലു മാധ്യമസ്ഥാപനങ്ങളും അക്രമം നടക്കാൻ പോകുന്ന വിവരം തങ്ങൾ നേരത്തെ അറിഞ്ഞിട്ടില്ലെന്നു പ്രസ്താവന ഇറക്കി. ഒക്ടോബർ 7 ന്, അതായത് അക്രമം നടന്ന ദിവസം, ഗാസ-ഇസ്രായേൽ അതിർത്തിയിൽ ഉണ്ടായിരുന്ന, തങ്ങൾക്കു മുൻപ് യാതൊരു ബന്ധവും ഇല്ലാത്ത, രണ്ടു ഗാസ ജേണലിസ്റ്റുകളിൽ നിന്ന് ഫോട്ടോ വാങ്ങുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു റോയിട്ടേഴ്സിന്റെ വിശദീകരണം. മാത്രമല്ല, ഈ ഫോട്ടോകൾ എടുത്ത സമയം നോക്കിയാൽ, ഇസ്രായേൽ ഔദ്യോഗികമായി അക്രമികൾ വന്ന വിവരം പുറത്തുവിട്ടതിനും 45 മിനിട്ടു കഴിഞ്ഞാണ് ഇവ പകർത്തപ്പെട്ടത് എന്ന് വ്യക്തമാണെന്നും റോയിട്ടേഴ്‌സ് പറഞ്ഞു.
അസോസിയേറ്റഡ് പ്രസും സി എൻ എന്നും ഇങ്ങനെ സംഭവം വിശദീകരിച്ചു- പെട്ടെന്ന് നടന്ന ഒരു സംഭവത്തിൽ സാധാരണ ചെയ്യാറുള്ളത് പോലെ, കിട്ടാവുന്ന സോഴ്‌സുകൾ ഉപയോഗിച്ച്, അതായത് ഫ്രീലാൻസർമാരിൽ നിന്ന് വാർത്ത ശേഖരിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. ഒപ്പം അവർ ഹസ്സൻ എസ്ലയ്യ എന്ന ഗാസയിലെ ഫ്രീലാൻസ് ജേണലിസ്റ്റുമായി എല്ലാ ബന്ധവും വിച്ഛേദിച്ചതായി വ്യക്തമാക്കി.
מחבלים בתחפושת של עיתונאים?
דרשתי הבהרות מיידיות מגופי התקשורת הבינ"ל שפורסמו בתחקיר.
כל מי שהשתתף, תמך או שמר על קשר של שתיקה ואיפשר את הטבח בעוטף, דינו כמו כל מחבל בעזה.@CNN @Rueters @nytimes @AP pic.twitter.com/WQ3kq3dTg1— 🇮🇱שלמה קרעי – Shlomo Karhi (@shlomo_karhi) November 9, 2023
ന്യൂയോർക്ക് ടൈംസ് പറഞ്ഞു -ഞങ്ങളുടെ ഗാസയിലെ ഫ്രീലാൻസറെ കുറിച്ച് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ യാതൊരു തെളിവും ഇല്ല. ഈ ആരോപണം തെറ്റും പ്രതിഷേധാർഹവുമാണ്. ഇസ്രയേലിലെയും ഗാസയിലെയും മാധ്യമപ്രവർത്തകരെ അനാവശ്യമായി അപായപ്പെടുത്താൻ ഇടയുള്ള ഒരു ആരോപണമാണിത്.
മാധ്യമ പ്രവർത്തനത്തിന്റെ രാഷ്ട്രീയം
ഹമാസ് ഒരു രാഷ്ട്രീയ മുന്നേറ്റവും ഒപ്പം തീവ്രവാദപ്രവർത്തനം പ്രവർത്തന ശൈലിയായി പരസ്യമായി തന്നെ സ്വീകരിച്ചിട്ടുള്ള ഒരു സായുധ സംഘവും ആണെന്നുള്ളത് ഹമാസുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തനത്തെ വളരെ സങ്കീർണമാക്കുന്നു എന്നതാണ് മുകളിൽ ചർച്ച ചെയ്ത പ്രശ്നത്തിന്റെ ആകെത്തുക.
വളരെയേറെ ദശകങ്ങളായി ഇസ്രയേലിന്റെ അധിനിവേശവും അടിച്ചമർത്തലും നേരിടുന്ന ഒരു ജനതക്കിടയിൽ നിന്ന് ഉയർന്നു വരുന്ന മാധ്യമ പ്രവർത്തനം എത്രത്തോളം ‘നിഷ്പക്ഷ’മായിരിക്കും എന്നതാണ് ഒരു ചോദ്യം. എല്ലാവരും സിറ്റിസൺ ജേണലിസ്റ്റുകളും കണ്ടന്റ് ക്രിയേറ്റർമാരും ആവുന്ന സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് ആരാണ് സാധാരണ പൗരൻ, ആരാണ് മാധ്യമപ്രവർത്തകൻ എന്ന അതിർവരമ്പുകൾ ഇല്ലാതാവുന്നു എന്നതാണ് രണ്ടാമത്തെ വശം. മൂന്നാമത്തെ ചോദ്യം ഇതാണ്- ഇങ്ങനെ ഒരു അക്രമം നടക്കാൻ പോകുന്നു എന്ന് ഒരു മാധ്യമപ്രവർത്തകന് വിവരം ലഭിക്കുന്നു. ആ ജേണലിസ്റ്റിന് ഹമാസുമായി ഒരു അനുഭാവവും ഇല്ല എന്ന് തന്നെ വെക്കുക. ഒരു പക്ഷെ, അക്രമത്തിന്റെ ഭീകര സ്വഭാവം ആ മാധ്യമപ്രവർത്തകർ അറിഞ്ഞു കാണണം എന്ന് തന്നെ ഇല്ല. എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഊഹാപോഹങ്ങൾ മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ മാധ്യമപ്രവർത്തകർക്കു ലഭിക്കാറുള്ളത്. അതിനു പിന്നാലെ പോവുകയാണ് അവർ ചെയ്യാറുള്ളത്.
ഇനി ഏതെങ്കിലും ഒരു ഘട്ടത്തിൽ അക്രമത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാക്കുമ്പോൾ, എന്താണ് ആ മാധ്യമപ്രവർത്തകർക്ക് സ്വീകരിക്കാവുന്ന നടപടികൾ? വാർത്ത റിപ്പോർട്ട് ചെയ്യുകയാണോ, അതോ അക്രമം ഒഴിവാക്കാൻ ബന്ധപ്പെട്ടവരെ അറിയിക്കുകയാണോ പ്രാഥമികമായ ദൗത്യം? ഇത്തരം ഘട്ടങ്ങളിൽ ബന്ധപ്പെട്ടവരെ അറിയിക്കുകയും ഒപ്പം വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന റിപ്പോർട്ടിങ് സന്ദർഭങ്ങൾ ചരിത്രം വായിക്കുമ്പോൾ കണ്ടിട്ടുണ്ട്. ചിലപ്പോൾ അങ്ങനെ അറിയിക്കാൻ പറ്റാത്ത സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. മാത്രമല്ല, വാർത്ത പകർത്തുക എന്നതിന് വലിയ ഒരു മാനമുണ്ട്. അക്രമം രേഖപ്പെടുത്തപ്പെട്ടാൽ അത് അക്രമിയെ തിരിച്ചറിയാൻ പോലും പിന്നീട് സഹായിച്ചേക്കാം. എന്താണ് നടന്നത് എന്ന് പകർത്തുന്നത് പല തലങ്ങളിൽ പ്രധാനമാണ്. ഇസ്രയേലിലായാലും, ഗാസയിൽ ആയാലും, ഒരു കൂട്ടക്കുരുതി ജീവൻ പണയം വെച്ചും പകർത്തുന്നവർ ചെയ്യുന്നത് ആ മരണപ്പെട്ട മനുഷ്യരോടുള്ള നീതിയുമായി കൂടി ബന്ധപ്പെട്ട ഒരു കാര്യമാണ്. എന്തൊക്കെ കുറ്റകൃത്യങ്ങൾ നടന്നു എന്ന് പിന്നീടുള്ള പരിശോധനകളിൽ തെളിഞ്ഞു വരണമെങ്കിൽ, രണ്ടു പക്ഷവും അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിനു തെളിവുകൾ വേണം, ഈ രേഖപ്പെടുത്തൽ വേണം.
തെളിവുകൾക്കായുള്ള ശ്രമങ്ങളും നിയന്ത്രണങ്ങളും
ഗാസയുടെ അകത്തുചെല്ലാനാകാതെ പുറത്തുനിന്നു യുദ്ധം റിപ്പോർട്ട് ചെയ്യുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. വാർത്തക്കായി ഗാസയിലെ ഫ്രീലാൻസർമാരെയോ ഇസ്രായേലി സേനയുടെ ഔദ്യോഗിക ഭാഷ്യത്തെയോ ആശ്രയിക്കേണ്ടി വരുന്നു എന്നത് വസ്തുതാപരമായ റിപ്പോർട്ടിങ്ങിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഒരു വശത്തു ഗാസയിൽ നിന്നുള്ള ഫ്രീലാൻസർമാരുടെ റിപ്പോർട്ടുകൾ വിലമതിക്കാനാവാത്ത രേഖപ്പെടുത്തലുകൾ ആവുമ്പോൾ തന്നെ, അവർ നൽകുന്ന എല്ലാ വിവരങ്ങളും ശരിയാണോ എന്ന് പരിശോധിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ വരുന്നു. ഇസ്രായേൽ സേന നൽകുന്ന വിവരങ്ങളുടെ കാര്യത്തിലും ഇതേ പ്രശനം നിലനിൽക്കുന്നു. ഗാസയിലെ പല കണ്ടന്റ് ക്രിയേറ്റർമാരും തങ്ങളുടെ പോസ്റ്റുകളെ സാമൂഹ്യ മാധ്യമങ്ങൾ ‘ഷാഡോ ബാൻ’ (പരോക്ഷമായ നിരോധനം) ചെയ്തിരിക്കുന്നു എന്ന് പരാതിപ്പെടുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ നടത്തുന്ന ഇത്തരം സെൻസറിങ്ങിനു പിന്നിൽ പല ഘടകങ്ങൾ ഉണ്ടാകാം. ഒരു പരിധിക്കപ്പുറമുള്ള അക്രമം, ഭയാനകമായി പരിക്കേറ്റതിന്റെ സമീപദൃശ്യങ്ങൾ, അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ എന്നിവ സെൻസർ ചെയ്യുന്നതിനൊപ്പം തന്നെ, ഇസ്രയേലും അമേരിക്കയും പോലുള്ള വിവരവിനിമയ രംഗത്തെ ശക്തന്മാർക്കെതിരായ രാഷ്ട്രീയ സന്ദേശങ്ങൾ, അല്ലെങ്കിൽ പാശ്ചാത്യ മേൽക്കോയ്മക്കു വിഘാതം വരുത്തുന്ന സന്ദേശങ്ങൾ തമസ്കരിക്കുക എന്നതും സംഭവിക്കുന്നു എന്ന് വേണം കരുതാൻ.
ലോകത്തോട് ഗാസയുടെ സത്യം വിളിച്ചുപറയാൻ തങ്ങൾക്കു ചുമതലയുണ്ടെന്ന് കൊല്ലപ്പെട്ടവരും മരണത്തിനു മുന്നിൽ നിന്ന് ജോലി ചെയ്യുന്നവരുമായ ഈ മാധ്യമപ്രവർത്തകരും, കണ്ടന്റ് ക്രിയേറ്റർമാരും, യുദ്ധം കണ്ടന്റ് ക്രിയേറ്റർമാരാക്കി മാറ്റിയ സാധാരണ മനുഷ്യരും ഒരു പോലെ വിശ്വസിക്കുന്നു. അൺ ഫിൽറ്റെർഡ് (unfiltered), റോ (raw), ഓതെന്റിക് (authentic) എന്നീ വിശേഷണങ്ങളാണ് ഗാസയിലെ കണ്ടന്റ് ക്രിയേറ്റർമാർ നൽകുന്ന ദൃശ്യങ്ങൾക്കും വിവരങ്ങൾക്കും പൊതുവെ ലോകം നൽകുന്ന പേര്. സാധാരണ ജേണലിസത്തിൽ നടക്കുന്ന ആധികാരികത പരിശോധിക്കുന്ന, തെറ്റുകൾ ഉണ്ടോ എന്ന് പല എഡിറ്റോറിയൽ തട്ടുകളിൽ സൂക്ഷ്മമായി നോക്കുന്ന രീതികൾ ഈ യുദ്ധത്തിൽ സാധ്യമല്ലാതെ വരികയാണ്. പച്ചയായ മനുഷ്യക്കുരുതിയുടെ കാഴ്ചകൾ മറയില്ലാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. അതിലെ മൂടിവെക്കാത്ത, വളച്ചുകെട്ടില്ലാത്ത ക്രൂരമായ സത്യസന്ധത കടുത്ത പ്രഹരശേഷിയുള്ളതാണ്. അത് തിരിച്ചറിയുന്നതോടൊപ്പം തന്നെ വളരെ ഭീതിദമായ, ദാരുണമായ കാഴ്ചകൾ മാസ്ക് ചെയ്യുന്ന രീതി മുഖ്യധാരാ മാധ്യമങ്ങൾ പൊതുവെ പിന്തുടരുന്നുണ്ട്, ഈ യുദ്ധത്തിലും. എന്നാൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും ആ ദൃശ്യങ്ങൾ മറയില്ലാതെ പുറത്തു വരുന്നു. വല്ലാതെ പരിക്കേറ്റ, വികലമാക്കപ്പെട്ട മൃതദേഹങ്ങൾ കാണിക്കുന്നത് മനുഷ്യ ജീവന്റെ പവിത്രതയെ, മാന്യതയെ ലംഘിക്കുന്നു എന്നാണ് പൊതുവായ കാഴ്ചപ്പാട്. മനുഷ്യ ജീവന് വിലകല്പിക്കാത്ത കൂട്ടക്കുരുതി നടക്കുമ്പോൾ, ആ വാദവും അപഹാസ്യമായി, അർത്ഥമില്ലാത്തതായി മാറുന്നു.
വാർത്തകളുടെ യുദ്ധത്തിൽ ഗാസ എങ്ങനെ മുന്നിലായി?
ഗാസയിൽ മാരകമായ ഒരു യുദ്ധം നടക്കുന്നതോടൊപ്പം ഒരു വാർത്താ യുദ്ധവും നടക്കുന്നു എന്ന് ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നുണ്ട്. മാരക പ്രഹരശേഷിയുള്ള ആയുധശക്തിയായ ഇസ്രായേൽ അതിലും വലിയ ആയുധശക്തിയായ അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന യുദ്ധത്തിൽ ആയുധം ഉപയോഗിച്ച് ഗാസ പൊരുതി ജയിക്കും എന്ന് ആരും കരുതുന്നില്ല. എന്നാൽ വാർത്താ യുദ്ധത്തിൽ ഗാസ ബഹുദൂരം മുന്നിലാണ്. അതിനു നന്ദി പറയേണ്ടത് മുകളിൽ പറഞ്ഞ മാധ്യമപ്രവർത്തകരോടും, കണ്ടന്റ് ക്രിയേറ്റർമാരോടും, കണ്ടന്റ് ക്രിയേറ്റർമാരായി മാറിയ സാധാരണക്കാരോടുമാണ്.
ഏതാണ്ട് 25 വര്ഷം മുൻപ് ഞാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ഇന്റർനാഷണൽ ഡെസ്കിൽ ഇരുന്നു വാർത്തകൾ തയ്യാറാക്കുമ്പോൾ ഇസ്രായേൽ പലസ്തീൻ സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്നു. അന്ന് പലസ്തീൻ ജനത ഭൂരിഭാഗവും, ഇസ്രായേൽ സേനക്കെതിരെ കല്ലുകൾ പെറുക്കി എറിയുന്ന ഒരു നിരായുധരായ ജനസമൂഹമായിരുന്നു. അവിടെ നിന്ന് വന്നുകൊണ്ടിരുന്ന ദൃശ്യങ്ങളിൽ അത് വ്യക്തമായിരുന്നു. അവരുടെ ശബ്ദമാകട്ടെ കേൾക്കാനേ ഇല്ലായിരുന്നു. ഇനി അവർ ശബ്ദിച്ചാൽ തന്നെ അത് അറബി ഭാഷയിൽ ആയിരുന്നു. പുറം ലോകത്തിന്, പ്രത്യേകിച്ച് പടിഞ്ഞാറൻ ലോകത്തിന് അറിയാത്ത ഭാഷയിൽ.
സാമൂഹ്യ മാധ്യമങ്ങളാണ് ഗാസയിലെ ജേണലിസ്റ്റുകളുടെ പുതിയൊരു നിരയെ വളർത്തിയത് എന്ന് പറയുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു സുപ്രധാന കാര്യമുണ്ട്. ഇന്ന് ആ ജനകീയ മാധ്യമപ്രവർത്തകർ/ കണ്ടന്റ് ക്രിയേറ്റർമാർ എല്ലാവരും നല്ല ഇംഗ്ളീഷിലാണ് ലോകത്തോട് സംസാരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ UNRWA (United Nations Relief and Works Agency for Palestine Refugees in the Near East) എന്ന ഏജൻസി ഗാസയിൽ തുടങ്ങിയ സ്‌കൂളുകളും അവിടെ നൽകിയ ഇംഗ്ളീഷ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസവും ഗാസയിൽ അഭ്യസ്തവിദ്യരായ ഒരു പുതിയ തലമുറയെ സൃഷ്ടിച്ചിട്ടുണ്ട്. ആയുധങ്ങളുടെ യുദ്ധത്തിൽ തോൽക്കുമ്പോഴും വാർത്താ യുദ്ധത്തിൽ ഇസ്രയേലിനെ കിടപിടിക്കാൻ ഗാസക്കാവുന്നത് അതുകൊണ്ടു കൂടിയാണ്. UNRWA സ്‌കൂളുകൾ തീവ്രവാദ പരിശീലനം നൽകുന്നു എന്ന് വരെ ഇസ്രായേൽ ഐക്യ രാഷ്ട്ര സഭയിൽ കുറ്റപ്പെടുത്തുകയുണ്ടായി. അതെല്ലാവരും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുവെങ്കിലും. പക്ഷെ, UNRWA സ്‌കൂളുകൾ ഗാസക്കാരെ, ഗാസയിലെ പെൺകുട്ടികളെ, ശാക്തീകരിക്കുന്നതിൽ ഒരു പങ്കു വഹിച്ചു എന്ന് വ്യക്തമാണ്. അവർക്കു സ്വന്തം നിലപാടുകൾ ലോകത്തോട് പറയാൻ ഒരു പുതിയ ഭാഷ ലഭിച്ചു. വിദ്യാഭ്യാസത്തിലൂടെ അതിനുള്ള ആത്മവിശ്വാസം അവർ നേടി. ഗാസക്ക് പുറത്തു പോയി താമസിക്കുന്ന നിരവധി ഗാസക്കാരുടെ- അവരിൽ ഭൂരിഭാഗവും പ്രൊഫഷണലുകളോ, അക്കാദമിക് വിദഗ്ധരോ, ഒക്കെയാണ്- അഭിമുഖങ്ങൾ ഇതിനകം പല ടി വി ചാനലുകളിലും വന്നു. ഗാസയുടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഇംഗ്ളീഷിൽ, മികച്ച പാണ്ഡിത്യത്തോടെ അനായാസമായി അവർ ലോകത്തോട് വ്യക്തമാക്കുന്നു.
ഇത് ലോകത്തെ അടിച്ചമർത്തപ്പെടുന്ന, പ്രതിരോധത്തിന്റെ വഴി തേടുന്ന ഏതു ജനതക്കും ഒരു പാഠമാണ്. ആയുധശക്തി ഒരു താൽക്കാലിക പരിഹാരം മാത്രമാണ്. അറിവിന്റെ ശക്തി ഏതു യുദ്ധവും ജയിക്കും, പതുക്കെയാണെങ്കിലും. അറിവിന്റെ കുത്തക തകർക്കാൻ ഏറ്റവും നല്ല ആയുധം ഇംഗ്ളീഷ് ഭാഷ തന്നെയാണെന്ന് ഗാസയിലെ മാധ്യമപ്രവർത്തകർ തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഗൾഫ് ന്യൂസ്, അൽ ജസീറ, എൻ ബി സി ന്യൂസ്, അൽ ജസീറയിലെ ഡേവിഡ് ലാൻഡിയുടെ റിപ്പോർട്ട്, എന്നിവയെ അധികരിച്ച് എഴുതിയത്.
Related Posts
- ഗാസയിലെ ആശുപത്രി സ്ഫോടനത്തിന്റെ ഉത്തരവാദി ആരാണ്? എന്താണ് വാസ്തവമെന്നു കണ്ടെത്തൽ ദുഷ്കരമാവുന്നത് എന്തുകൊണ്ട്?
- The Long-Term Consequences of Israel’s Genocide and Its Ethnic Cleansing of Palestinians
- What’s the Real Story on Biden, Hamas and the India-UAE Economic Corridor?
- The India-UAE-Europe Economic Corridor and Hydrocarbon Factor in Palestine Region
- हाइड्रोकार्बन की खोज गाजा क्षेत्र में युद्ध का महत्त्वपूर्ण फैक्टर
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.