മലയാള സിനിമയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ സംവിധായകരിൽ പ്രമുഖനാണ് കെ.ജി ജോർജ്. യാഥാർത്ഥ്യത്തിന്റെ വിഭിന്നമായ മുഖങ്ങൾ സത്യസന്ധമായും കലാത്മകമായും ആവിഷ്കരിച്ചുകൊണ്ട് മഹത്ത്വപൂർണ്ണമായ ഒരു ചലച്ചിത്ര പ്രപഞ്ചം അദ്ദേഹം സൃഷ്ടിച്ചു. മലയാള സിനിമയ്ക്ക് ഏറെ കരുത്തു പകർന്ന കലാപ്രപഞ്ചം! 1976ൽ പുറത്തിറങ്ങിയ സ്വപ്നാടനം മുതൽ 1998ലെ ഇലവങ്കോട് ദേശം വരെ 19 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഇവയിൽ പലതും കാലാതിവർത്തിയായി പ്രേക്ഷക മനസ്സുകളിൽ നിലകൊള്ളുന്നു. അതുവരെ അത്ര പരിചയം ഇല്ലാതിരുന്ന ഒരു ദൃശ്യ ഭാഷ കെ. ജി ജോർജ് മലയാളത്തിന് നൽകി. സ്വപ്നാടനത്തിൽ തുടങ്ങിയ ഈ സവിശേഷ ആഖ്യാനരീതി യവനികയിൽ എത്തുമ്പോഴേക്കും വിവിധ കൈവഴികളിലൂടെ പൂർണ്ണതയുടെ അർത്ഥതലങ്ങൾ കണ്ടെത്തി.
കെ.ജി ജോർജിന്റെ സിനിമകളിൽ യവനികയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. പ്രേക്ഷകരെ ആകർഷിക്കുന്ന കലാമൂല്യമുള്ള സിനിമ എന്ന അദ്ദേഹത്തിൻറെ സ്വപ്നം ഏറ്റവും ഫലവത്തായത് യവനികയിലാണ്. മധ്യവർത്തി സിനിമയിലെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി ഈ ചിത്രം പുകഴ്ത്തപ്പെടുന്നു.
നാടകത്തെക്കുറിച്ചുള്ള സിനിമയാണിത്. നാടകക്കാരുടെ ജീവിതം സൂക്ഷ്മമായി ആവിഷ്കരിച്ചിരിക്കുന്ന ചിത്രം! അതോടൊപ്പം ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ ചിത്രവുമാണ്. തബലിസ്റ്റ് അയ്യപ്പൻറെ തിരോധാനത്തെയും കൊലപാതകത്തെയും കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിൻറെ കാതൽ. പ്രേക്ഷകരിൽ നിന്ന് എല്ലാം മറച്ചുവെച്ച് ഒടുവിൽ അമ്പരപ്പ് സൃഷ്ടിക്കുന്ന തരത്തിലുള്ള പതിവ് കുറ്റാന്വേഷണ ചിത്രമല്ലിത്. സംവിധായകൻ ഒന്നും ഒളിക്കുന്നില്ല. മാത്രമല്ല, അയ്യപ്പൻറെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് സിനിമയുടെ തുടക്കത്തിലും പിന്നീട് പലതവണയും വ്യക്തമായ സൂചനകൾ നൽകുന്നുമുണ്ട്. എന്നാലും പ്രേക്ഷക മനസ്സുകളിൽ അവസാനം വരെ പിരിമുറുക്കം സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞു.
കെ.ജി ജോർജിന്റെ സിനിമകൾക്ക് സവിശേഷ മാനം നൽകുന്ന കാര്യങ്ങളൊക്കെ സമ്മേളിച്ചിരിക്കുന്ന ചിത്രമാണ് യവനിക. സംവിധായകന്റെ ജോലി സിനിമയുടെ രചനയിൽ തുടങ്ങുന്നു എന്ന് വിശ്വസിച്ചിരുന്ന കെ.ജി ജോർജ് തിരക്കഥാ രചനയിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ചലച്ചിത്രാ വിഷ്കാരത്തിന് പറ്റിയ തരത്തിൽ പ്രമേയത്തെ പരുവപ്പെടുത്തിയെടുക്കാനും പാത്രസൃഷ്ടി നടത്താനുമുള്ള പാടവം അദ്ദേഹത്തിന്റെ പ്രധാന സിനിമകളിലൊക്കെ തെളിഞ്ഞു കാണാം.
തബലിസ്റ്റ് അയ്യപ്പൻ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് മറ്റുള്ളവരുടെ വിവരണങ്ങളിലൂടെയും ഓർമ്മകളിലൂടെയുമാണ്. ഒരാളെക്കുറിച്ചുള്ള ഫ്ലാഷ് ബാക്കുകൾ ഇങ്ങനെ ആവർത്തിക്കുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർക്ക് വിരസതയുളവാകും. ഇത് തരണം ചെയ്യാൻ ഓരോ വിവരണത്തിലും അയ്യപ്പൻറെ വ്യത്യസ്തമായ സ്വഭാവ രീതികൾക്ക് ഊന്നൽ നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥാപാത്രത്തിന് പുത്തൻ മാനങ്ങൾ നൽകാൻ തന്മൂലം കഴിഞ്ഞു.
കഥാപാത്രങ്ങൾക്ക് ചേർന്ന അഭിനേതാക്കളെ കണ്ടെത്താനും അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കാനും സംവിധായകൻ കാട്ടിയ മിടുക്ക് യവനികയുടെ വിജയത്തിന് ഏറെ സഹായകമായി. തിലകനും നെടുമുടി വേണുവും ജഗതി ശ്രീകുമാറും വേണു നാഗവള്ളിയുമൊക്കെ ഏതോ നാടക സംഘങ്ങളിൽ നിന്ന് ഇറങ്ങി വന്നവരാണെന്ന തോന്നലാണ് പ്രേക്ഷകരിൽ ഉളവാക്കുന്നത്. ഗോപി ജീവൻ നൽകിയ തബലിസ്റ്റ് അയ്യപ്പനെ യവനിക കണ്ടവർക്ക് ഒരുകാലത്തും മറക്കാനാവില്ല.
പുതുഭാഷ സൃഷ്ടിക്കാൻ സംവിധായകർക്ക് കഴിയണം എന്നു പറയാറുണ്ട്. യവനിക അന്നും ഇന്നും പുതുമയോടെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റുന്നത് അതിൻറെ ഭാഷ നവീനമായതുകൊണ്ടാണ്. ചലച്ചിത്രകലയുടെ എല്ലാ അംശങ്ങളിലും അഗാധമായ ജ്ഞാനമുള്ള സംവിധായകനായിരുന്നു കെ. ജി ജോർജ്. ചലച്ചിത്ര ഭാഷയുടെ സമർത്ഥമായ പ്രയോഗത്തിലൂടെ സിനിമയ്ക്ക് ഏറെ മികവുപകരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അയ്യപ്പന്റെ തിരോധാനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അന്വേഷിക്കുന്ന പോലീസ് ഓഫീസർ നടത്തുന്ന ചോദ്യം ചെയ്യലിലൂടെയാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. സിനിമയിൽ ഉടനീളമുള്ള ഈ ചോദ്യം ചെയ്യൽ ക്യാമറയുടെ സ്ഥാനങ്ങൾ മാറ്റിമറിച്ചും ദൃശ്യ ചിത്രീകരണത്തിൽ പുതിയ രീതികൾ അവലംബിച്ചുമാണ് ചിത്രീകരിച്ചിരിക്കുന്നത്. നേരെയുള്ള ക്ലോസപ്പുകൾക്ക് പകരം വശങ്ങളിൽ ക്യാമറ വെച്ചുള്ള അനേകം ക്ലോസപ്പുകൾ യവനികയിൽ കാണാം. ദൃശ്യ ചിത്രീകരണത്തിൽ സംവിധായകൻ സ്വീകരിച്ച പുതു മാർഗങ്ങൾ ചോദ്യം ചെയ്യലിന്റെ വിരസത ഒഴിവാക്കാനും രംഗങ്ങൾക്ക് ചടുലത പകരാനും സഹായിക്കുന്നു.
ഫ്ലാഷ്ബാക്കുകൾ സിനിമയിൽ കലാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്നതിന് ഉത്തമ മാതൃകയായി ചൂണ്ടിക്കാണിക്കാവുന്ന ചിത്രമാണ് യവനിക. ഫ്ലാഷ് ബാക്കുകളുടെ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. ചലച്ചിത്ര ഗാത്രത്തിൽ അവ ഇണക്കി ചേർക്കുന്ന ദൃശ്യ സന്നിവേശ രീതി അങ്ങേയറ്റം പ്രശംസനീയമാണ്. അയ്യപ്പനെക്കുറിച്ച് പ്രേക്ഷകർ ആദ്യം അറിയുന്നത് മറ്റു കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ മാത്രമാണ്. അയ്യപ്പൻറെ ഫോട്ടോകൾ നോക്കി അയാളെക്കുറിച്ച് പോലീസ് ഓഫീസർ പറഞ്ഞുകൊണ്ടിരിക്കുന്ന ദൃശ്യം പെട്ടെന്ന് മുറിച്ചുചേർക്കുന്നത് തബല വായിച്ചു കൊണ്ടിരിക്കുന്ന അയ്യപ്പന്റെ ദൃശ്യത്തിലേക്കാണ്. ദൃശ്യ സന്നിവേശത്തിന്റെ സവിശേഷത കൊണ്ട് ആദ്യമായി അവതരിപ്പിക്കുന്ന ദൃശ്യത്തിൽ തന്നെ അയ്യപ്പൻ പ്രേക്ഷക മനസ്സിൽ സജീവ സാന്നിധ്യമായി നിറയുന്നു.
അയ്യപ്പന്റെ ശവക്കുഴിയിൽ നിന്ന് കിട്ടുന്ന താക്കോൽക്കൂട്ടം പോലീസ് ഓഫീസർ പരിശോധിക്കുമ്പോൾ ജെ.കെ എന്ന അക്ഷരങ്ങൾ തെളിയുന്നു. സ്റ്റേജിന് പിന്നിൽ വിഷാദവാനായി നിൽക്കുന്ന കൊല്ലപ്പള്ളിയുടെ ദൃശ്യത്തിലേക്കാണ് ഇത് മുറിച്ചു ചേർക്കുന്നത്. ഇങ്ങനെ എഡിറ്റിംഗിന്റെ സവിശേഷമായ പ്രയോഗത്താൽ അവിസ്മരണീയമായ അനേക മുഹൂർത്തങ്ങൾ സിനിമയിലുണ്ട്.
വിശദാംശങ്ങളുടെ ചിത്രീകരണത്തിൽ സംവിധായകൻ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. അയ്യപ്പൻറെ കൊലപാതകവുമായി ബന്ധപ്പെട്ട രംഗങ്ങളൊക്കെ കോരിച്ചൊഴിയുന്ന മഴയുടെ പശ്ചാത്തലത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. സിനിമയിലെ പരമപ്രധാനമായ ഈ രംഗങ്ങളൊക്കെ തീവ്രമായ അനുഭവമാക്കി മാറ്റാൻ മഴയുടെ ഈ ചിത്രീകരണം സഹായിച്ചു. സിനിമയുടെ ആദ്യ രംഗത്ത് മഴയില്ല. എന്നാൽ വലിയ മഴ പെയ്തു മാറിയതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. സിനിമയുടെ അവസാനഭാഗം കാണുമ്പോളാണ് മുറ്റത്തും വഴിയിലും വെള്ളം തളംകെട്ടി നിൽക്കുന്ന ആദ്യ ദൃശ്യത്തിന്റെ പ്രസക്തി പ്രേക്ഷകന് ബോധ്യമാകുന്നത്.
നാടകത്തെക്കുറിച്ചുള്ള സിനിമയാണല്ലോ യവനിക. ഇതിൽ ചലച്ചിത്ര ഭാഷ സാർത്ഥകമായി പ്രയോഗിച്ചിരിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്. എന്നാൽ നാടകം പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചലച്ചിത്ര ഭാഷ പിൻവാങ്ങുന്നത് കാണാം. ചലച്ചിത്ര സങ്കേതങ്ങളുടെ ഇടപെടലുകൾ ഇല്ലാത്ത തരത്തിലാണ് ഈ രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നാടകം നാടകമായിത്തന്നെ അവതരിക്കപ്പെടുന്നു. അങ്ങനെ സിനിമയുടെയും നാടകത്തിന്റെയും ഭാഷാപരമായ അതിർ വരമ്പുകൾ സിനിമയിൽ തെളിയുന്നു.
സ്വപ്നാടനക്കാലം
സിനിമയെക്കുറിച്ച് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ധാരണകൾ തിരുത്തിക്കുറിച്ചുകൊണ്ട് നവതരംഗം ആഞ്ഞുവീശിയ 70കളിലാണ് ആദ്യചിത്രമായ സ്വപ്നാടനവുമായി അദ്ദേഹം രംഗത്തെത്തുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം, എം.ടിയുടെ നിർമ്മാല്യം, അരവിന്ദൻറെ ഉത്തരായണം, കെ.പി കുമാരന്റെ അതിഥി എന്നിവയൊക്കെ ഇതിനകം പുറത്തുവന്നിരുന്നു. ഈ സിനിമകളിലൂടെ ഉരുത്തിരിഞ്ഞുവന്ന നവ ഭാവുകത്വത്തിന് ഊർജ്ജം പകരാൻ സ്വപ്നാടനത്തിന് കഴിഞ്ഞു.
1984 സെപ്റ്റംബർ മാസത്തിലെ ഒരു പ്രഭാതത്തിൽ കേരളത്തിൻറെ തെക്കൻ ജില്ലയിലെ ഒരു പട്ടണത്തിൽ നിന്ന് ഒരു മനുഷ്യൻ അപ്രത്യക്ഷനാകുന്നു. കുറെ നാളുകൾക്കു ശേഷം മദിരാശിയിൽ പ്രത്യക്ഷപ്പെട്ട അയാൾ മാനസിക രോഗാശുപത്രിയിൽ എത്തിപ്പെടുന്നു. മാനസികാപഗ്രഥനത്തിലൂടെ അയാളുടെ മനസ്സിന്റെ ഉള്ളറകൾ തുറക്കപ്പെടുന്നു. അയാളുടെ പ്രണയം, മറ്റൊരുവളുമായുള്ള വിവാഹം, ദാമ്പത്യത്തിന്റെ തകർച്ച, മാനസിക വിഭ്രാന്തി-ഇങ്ങനെ ഒരു ജീവിതകഥ അനാവരണം ചെയ്യപ്പെടുന്നു.
മനഃശാസ്ത്രജ്ഞൻ മുഹമ്മദ് സൈക്കോയുടെ കഥയിൽ നിന്ന് കെ.ജി ജോർജ് സൃഷ്ടിച്ച ഈ ചിത്രം മലയാളികൾ അതുവരെ കണ്ടു പരിചയിച്ച സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. കലാപരമായ മികവുപുലർത്തിയ സ്വപ്‌നാടനം ഏറെ ചർച്ച ചെയ്യപ്പെട്ടു. മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുടെ മുൻ നിരയിൽ സ്ഥാനം നേടാൻ കെ.ജി ജോർജിന് കഴിഞ്ഞു.
മധ്യവർത്തി സിനിമകൾ
1978ൽ സംവിധാനം ചെയ്ത ഉൾക്കടൽ കെ.ജി ജോർജ്ജിന് വീണ്ടും പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. ജോർജ് ഓണക്കൂറിന്റെ നോവലിനെ ആധാരമാക്കിയ ചിത്രം കേരളത്തിലെ ക്യാമ്പസുകൾ ഏറ്റെടുത്തു. കലാമൂല്യവും ജനപ്രീതിയും സമ്മേളിക്കുന്ന മധ്യവർത്തി സിനിമകൾക്ക് തുടക്കം കുറിച്ച ചിത്രങ്ങളിൽ ഒന്നാണിത്. തുടർന്ന് 1980നും 86നും ഇടയിൽ സംവിധാനം ചെയ്ത സിനിമകൾ കെ.ജി ജോർജിന്റെയും മലയാള സിനിമയുടേയും ചരിത്രത്തിലെ വിലപ്പെട്ട കലാസൃഷ്ടികളായി നിലനിൽക്കുന്നു.
സ്ത്രീ പക്ഷത്തുനിന്ന് യാഥാർത്ഥ്യത്തെ നോക്കിക്കാണുന്ന ചിത്രമാണ് ആദാമിന്റെ വാരിയെല്ല്. ജീവിതത്തിന്റെ വിവിധ തുറകളിൽ പെട്ട മൂന്ന് സ്ത്രീകളുടെ അനുഭവങ്ങളിലൂടെ വീട്ടിലും പുറത്തും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഹൃദയസ്പർശിയായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു സമ്പന്നയായ ആലീസ് ആത്മഹത്യയിൽ അഭയം തേടുന്നു. മധ്യവർഗ്ഗ കുടുംബത്തിലെ വാസന്തി മനോരോഗിയായിത്തീരുന്നു. അധസ്ഥിതയായ അമ്മിണി പുനരധിവാസ കേന്ദ്രത്തിൽ അടയ്ക്കപ്പെടുന്നു.
ഡോക്യുമെൻററി ശൈലി സ്വീകരിച്ചുകൊണ്ട് തികഞ്ഞ റിയലിസ്റ്റിക് രീതിയിലാണ് സിനിമയുടെ ആഖ്യാനം. എന്നാൽ ചിത്രം അവസാനിക്കുന്നതോ, സർറിയലിസ്റ്റിക്കായിട്ടും. പുനരധിവാസ കേന്ദ്രത്തിന്റെ ഗേറ്റ് തകർത്തു സംവിധായകനെയും കൂട്ടരേയും തള്ളി മാറ്റി അമ്മിണിയും കൂട്ടരും മുന്നോട്ടുപായുന്ന ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. ആവിഷ്കരണത്തിൽ സ്വീകരിച്ച പുതുമ സിനിമയ്ക്ക് പുത്തൻ മാനങ്ങൾ നൽകാൻ ഉപകരിച്ചു.
അധികാരഗർവ്വും ആർത്തിയും അക്രമ വാസനയും പണക്കൊഴുപ്പും പകയും പ്രതികാരവും ഒക്കെ നിറഞ്ഞാടുന്ന ഒരു സമ്പന്ന കുടുംബത്തെ കേന്ദ്രമാക്കി ഹിംസാത്മകമായ രാഷ്ട്രീയത്തിന്റെ അടിവേരുകൾ തേടുന്ന ചിത്രമാണ് ഇരകൾ. അംഗരക്ഷകരുടെ വെടിയേറ്റുള്ള ഇന്ദിരാഗാന്ധിയുടെ മരണവും തുടർന്ന് ഡൽഹിയിൽ ഉണ്ടായ കലാപവുമൊക്കെ മനുഷ്യസ്നേഹിയായ ഒരു കലാകാരന്റെ ഹൃദയത്തിൽ ഉണ്ടാക്കിയ നീറ്റലിൽ നിന്നാണ് ഈ ചിത്രത്തിൻറെ പിറവി. അക്രമവും ക്രൂരതയും അടിമുടി നിറഞ്ഞുനിൽക്കുന്ന ഈ ചിത്രം ഒരു പേടിസ്വപ്നം പോലെ എക്കാലവും മനസ്സിൽ നിറഞ്ഞു നിൽക്കും.
സിനിമയെക്കുറിച്ചുള്ള സിനിമയാണ് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്. നടി ശോഭയുടെ മരണമാണ് ഇതിന് പ്രേരകമായതെങ്കിലും ശോഭയുടെ കഥ മാത്രമായി ഈ ചിത്രത്തെ കാണുന്നത് പരിമിതമായ കാഴ്ചയാണ്. നടിയാകാനുള്ള മോഹവുമായി കോടമ്പാക്കത്ത് എത്തിപ്പെടുന്ന ശാന്തമ്മയുടെ ദുരനുഭവങ്ങൾ ചിത്രീകരിച്ചുകൊണ്ട് ചലച്ചിത്ര വ്യവസായത്തിന് പിന്നിലെ ജീർണ്ണതകൾ തുറന്നു കാട്ടുകയാണ് ചലച്ചിത്രകാരൻ. സിനിമയെയും സിനിമക്കാരുടെ ജീവിതത്തെയും ഇത്ര സത്യസന്ധമായി അവതരിപ്പിക്കാൻ മറ്റൊരു ഇന്ത്യൻ സംവിധായകനും കഴിഞ്ഞിട്ടില്ല.
പി.ജെ ആൻറണിയുടെ ഒരു ഗ്രാമത്തിൻറെ ആത്മാവ് എന്ന നോവലിൽ നിന്ന് സൃഷ്ടിച്ച കോലങ്ങൾ എന്ന ചിത്രവും കെ.ജി ജോർജിന്റെ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ഗ്രാമ ജീവിതം പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന ചിത്രം! മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ കുടുംബങ്ങളുടെ ജീവിതം എല്ലാ തനിമകളോടും കൂടി ഇതിൽ അനാവരണം ചെയ്യപ്പെടുന്നു.
പരിഹാസ്യമായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ നേർക്ക് ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുപായിക്കുന്ന ചിത്രമാണ് പഞ്ചവടിപ്പാലം. അധികാരമോഹവും അഴിമതിയും കാലുമാറ്റവും തെരഞ്ഞെടുപ്പിന് ശേഷമുള്ള റിസോർട്ട് വാസവുമൊക്കെ നിത്യയാഥാർത്ഥ്യമായിരിക്കുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ ചിത്രമാണിത്. കാലത്തിനുമുമ്പേ പിറന്ന ചിത്രം.
മാറുന്ന കാലം
ഇരകളോടെ കെ.ജി ജോർജിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന ഘട്ടം അവസാനിച്ചു. നാലാം ഘട്ടത്തിലെ സിനിമകളിൽ പഴയതുപോലെ സത്യസന്ധത പുലർത്താൻ അദ്ദേഹത്തിനു പറ്റാതെ വന്നു. സിനിമയിലെ മാറുന്ന രീതികളോട് പൊരുത്തപ്പെടാൻ അദ്ദേഹത്തിനു സാധിച്ചില്ല. ചലച്ചിത്ര നിർമ്മാണത്തിൽ ബാഹ്യ സമ്മർദ്ദങ്ങൾ ഏറി. സംവിധായകന്റെ പ്രാമുഖ്യം കുറഞ്ഞു. മനസ്സിനിണങ്ങിയ സിനിമകൾ ചെയ്യാൻ പറ്റാത്തതുകൊണ്ട് അദ്ദേഹം രംഗത്തുനിന്ന് പിന്മാറി.
കെ.ജി ജോർജിന്റെ സിനിമകളേക്കാൾ മികവുപുലർത്തുന്ന അനേകം സൃഷ്ടികൾ മലയാളത്തിലുണ്ട്. അദ്ദേഹത്തേക്കാൾ പ്രഗൽഭരായ സംവിധായകരും ഉണ്ട്. എങ്കിലും കാലങ്ങൾക്ക് ശേഷവും അദ്ദേഹത്തിൻറെ സിനിമകൾ ചർച്ച ചെയ്യപ്പെടുന്നു. പുതുതലമുറയെ ഏറെ സ്വാധീനിക്കുന്നു. യവനികയുടെയും ഇരകളുടെയും കോലങ്ങളുടെയുമൊക്കെ സ്വാധീനം സമകാലിക സിനിമകളിൽ ധാരാളമായി കണ്ടുവരുന്നുണ്ട്.
തന്റെ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച അദ്ദേഹം അവയ്ക്കു പറ്റിയ അഭിനേതാക്കളെ കണ്ടെത്താനും അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കാനും പ്രാഗല്ഭ്യം കാട്ടി. യവനികയിലേയും ഇരകളിലെയും ആദാമിന്റെ വാരിയെല്ലിലെയും പഞ്ചവടിപ്പാലത്തിലെയുമൊക്കെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു.