പുതിയ സിനിമയുടെ ഫസ്റ്റ് ഷോ കാണാനായി തീയേറ്ററിനുള്ളിൽ കയറി ഇരിപ്പു പിടിച്ച പതിനെട്ടു കാരന് ഉള്ളിൽ ചെറിയൊരു അങ്കലാപ്പുണ്ടായിരുന്നു. പരിചയക്കാരെ ആരെയെങ്കിലും കണ്ടുമുട്ടുമോ? അപ്പോഴാണ് ഒരാൾ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നത്. ഞെട്ടിപ്പോയി. കോളേജിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകൻ. വിദ്യാർത്ഥിയെ കണ്ടപ്പോൾ അദ്ദേഹത്തിൻ്റെ മുഖത്തും വല്ലാത്തൊരത്ഭുത ഭാവം.
“നാളെയല്ലേ തൻ്റെ ഇംഗ്ലീഷ് പേപ്പർ?”
അതെയെന്ന് തല കുലുക്കി.
“എന്നിട്ടാണോ താൻ സിനിമ കാണാൻ വന്നിരിക്കുന്നത്?”
എന്തു മറുപടി പറയാനാണ്? ഡിഗ്രിയുടെ ഇംഗ്ളീഷ് ലാംഗ്വേജ് ഫൈനൽ എക്സാമിൻ്റെ തലേദിവസം സിനിമ കാണാൻ വന്നതിന് എന്തു ന്യായീകരണം പറയും? അതും ആ വിഷയം പഠിപ്പിക്കുന്ന സാറിനോട്!
ആരാധാനാപാത്രമായ നായിക അഭിനയിക്കുന്ന സിനിമയായത് കൊണ്ടാണെന്ന് പറയാൻ പറ്റുമോ? പടമിറങ്ങിയതിന് ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കാണാൻ വന്നിരിക്കുന്നതെന്നും. ശോഭ എന്ന ഗംഭീര അഭിനേത്രിയോടുള്ള പ്രണയം കലർന്ന ഇഷ്ടം കൊണ്ടുമാത്രമായിരുന്നില്ല. ഉള്ളുലയ്ക്കുന്ന ദുരന്ത കഥയാണെങ്കിലും വശ്യ മനോഹരമായ ഒരു സിനിമയായിരുന്നു അത്. ക്യാമ്പസ് യുവത്വത്തിൻ്റെ ജീവചൈതന്യം നിറഞ്ഞു നിൽക്കുന്ന ചിത്രം. മനസ്സിൽ നിന്നൊരിക്കലും മാഞ്ഞുപോകാത്ത കഥാപാത്രങ്ങൾ, അഭിനയമുഹൂർത്തങ്ങൾ, ശ്രുതി മധുരമായ ഗാനങ്ങൾ. ശാലിനി എൻ്റെ കൂട്ടുകാരിയായിരുന്നു ആ ചിത്രം. തിരക്കഥ പി പത്മരാജൻ. സംവിധാനം മോഹൻ.
ആ ഏപ്രിൽ മാസമവസാനിച്ചതിൻ്റെ തൊട്ടുപിറ്റേന്നാൾ രാവിലെ ശോഭ ആത്മഹത്യ ചെയ്തു. ശാലിനിയുടെ ദുരന്തത്തിന് അറം പറ്റിയതുപോലെ. എനിക്ക് ആ സംവിധായകനോട് കടുത്ത ദേഷ്യം തോന്നി. എന്തിനാണ് ഈ മനുഷ്യൻ ഇങ്ങനെയൊരു സിനിമയെടുത്തത്? എന്നിട്ടും ഞാനാ സിനിമ വീണ്ടും വീണ്ടും കണ്ടു. എത്ര തവണയെന്നോർമ്മയില്ല.
മോഹൻ എന്ന സംവിധായകനോട് അന്ന് വിരോധം തോന്നിയെങ്കിലും അയാളുടെ സിനിമകളെ ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ‘ശാലിനി എൻ്റെ കൂട്ടുകാരി’യ്ക്ക് തൊട്ട് മുൻപാണ് പത്മരാജൻ്റെ തന്നെ തിരക്കഥയിൽ മോഹൻ സംവിധാനം ചെയ്ത കൊച്ചു കൊച്ചു തെറ്റുകൾ വന്നത്. സുകുമാരനും ശുഭയും ഒക്കെ അഭിനയിക്കുന്ന ഒരു ത്രില്ലർ. കുറച്ചു നാൾ മുൻപ് ശോഭയും അനുപമയും അഭിനയിച്ച രണ്ടു പെൺകുട്ടികൾ എന്ന സിനിമയും കണ്ടിരുന്നു. പിന്നെ മോഹൻ്റെ സിനിമക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങി. കൃത്യമായ ഇടവേളകളിൽ ഓരോന്നായി എത്തി. വിട പറയും മുൻപേ, ഇടവേള, രചന, ഇളക്കങ്ങൾ. തീർത്തും വ്യത്യസ്തങ്ങളായ, കൃതഹസ്തനായ ഒരു സംവിധായകൻ്റെ സാന്നിദ്ധ്യം തെളിഞ്ഞു കാണുന്ന രചനകൾ.മിഡിൽ സിനിമ അല്ലെങ്കിൽ മദ്ധ്യവർത്തി സിനിമ മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന നാളുകളായിരുന്നു അത്. ഒരു കൂട്ടം ചെറുപ്പക്കാർ നയിച്ച സിനിമയുടെ ആ ജൈത്ര യാത്രയിൽ കെ.ജി ജോർജ്ജ്, ഭരതൻ, പത്മരാജൻ എന്നിവരും മോഹനോടൊപ്പം തോളോട് തോൾ ചേർന്ന് മുന്നോട്ട് നടന്നു….
അനുവാചകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ ഉത്തമ സാഹിത്യകൃതികളുടെ ചലച്ചിത്ര പരാവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ 1960കളും എഴുപതുകളുടെ പാതിയും വരെയുള്ള കാലഘട്ടം ഒരർത്ഥത്തിൽ മലയാളസിനിമയുടെ സുവർണ്ണനാളുകൾ തന്നെയായിരുന്നു. രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ, എ വിൻസെൻ്റ്,പി ഭാസ്ക്കരൻ, പി.എൻ മേനോൻ എന്നീ പ്രഗത്ഭ സംവിധായകരുടെ നേതൃത്വത്തിൽ ശരാശരിയോ അതിലും താഴ്ന്നതോ ആയ സാഹിത്യകൃതികൾ പോലും സാമാന്യം നിലവാരമുള്ള ചിത്രങ്ങളായി പ്രേക്ഷകസമക്ഷമെത്തി. ഇതിന് സമാന്തരമായി എം കൃഷ്ണൻ നായർ, ശശി കുമാർ, എ.ബി രാജ് തുടങ്ങിയ സംവിധായകരും ഉദയാ, നീലാ, ജയ് മാരുതി, ഗണേഷ് പിക്ചേഴ്സ് തുടങ്ങിയ ബാനറുകളുമൊരുക്കിയ തനി കച്ചവടസിനിമകളും ധാരാളമുണ്ടായി. ആ നാളുകളിലാണ് സഹ സംവിധായകരായി ഹരിഹരനും ഐ.വി ശശിയും തൊട്ടുപിന്നാലെ മോഹനും രംഗപ്രവേശം ചെയ്യുന്നത്.
ഒന്നാന്തരം ഒരു അസ്സോസിയേറ്റ് ഡയറക്ടർ എന്ന സൽപ്പേരിനോടൊപ്പം മുൻകോപത്തിൻ്റെയും മുഖം നോക്കാതെയുള്ള വെട്ടിത്തുറന്നുപറച്ചിലിൻ്റെയും പേരിൽ സാമാന്യം ദുഷ്‌പ്പേരും കൂടി സമ്പാദിച്ചെടുത്ത മോഹൻ സിനിമാരംഗം വിട്ട് നാട്ടിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ച സമയത്താണ് സംവിധായകൻ കൂടിയായ നടൻ മധു തൻ്റെ മുഖ്യസഹായിയായി ക്ഷണിക്കുന്നത്. അതിന് തൊട്ടു മുൻപ് മോഹൻ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച രാജഹംസത്തിൻ്റെ നിർമ്മാതാവ് ഹരിപ്പോത്തൻ മധുവിനോട് മോഹനെക്കുറിച്ച് പറഞ്ഞത് “സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു ബോംബാ”ണെന്നാണ്.
ഇങ്ങനെയൊരു ‘ഭീകര മനുഷ്യൻ’ പിൽക്കാലത്ത് സംവിധാനം ചെയ്ത ചിത്രങ്ങളുടെ പട്ടിക കണ്ടാൽ അൽഭുതം തോന്നാം. മധുരം, സൗമ്യം, ദീപ്തം എന്ന് പേരിട്ട് വിളിക്കാവുന്ന ഒരു കൂട്ടം ചിത്രങ്ങൾ. മോഹൻ്റെ സംവിധാന സപര്യയെ മൊത്തത്തിൽ വിശേഷിപ്പിക്കാനും ഈ വാക്കുകൾ അനുയോജ്യമാണെന്ന് തോന്നുന്നു.
മലയാള സാഹിത്യത്തോടുള്ള ആശ്രയത്വത്തിൽ നിന്നും അതിനാടകീയത കലർന്ന ആവിഷ്‌കരണസമ്പ്രദായത്തിൽ നിന്നുമൊക്കെ വിടുതൽ നേടിക്കൊണ്ട്, സിനിമ ദൃശ്യകലയുടെ തനതായ ശക്തിസൗന്ദര്യങ്ങളും സാദ്ധ്യതകളും തേടുന്ന കാലമായിരുന്നു എഴുപതുകളുടെ രണ്ടാം പാതി. പക്ഷെ അതൊക്കെ ഒറ്റപ്പെട്ട സംരംഭങ്ങളായി ഒതുങ്ങി. ജനപ്രീതി നേടുന്നതിൽ പരാജയപ്പെട്ട അവാർഡ് പടങ്ങളായി അവയറിയപ്പെട്ടു. ആദ്യം പേരുപറഞ്ഞ മുൻ നിര സംവിധായകർ ഏതാണ്ടെല്ലാ പേരും തന്നെ പതുക്കെ പതുക്കെ പിൻവാങ്ങുന്ന കാലം കൂടിയായിരുന്നു അത്. കാമ്പും കഴമ്പുമില്ലാത്ത തറച്ചിത്രങ്ങളുടെയും ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളുടെയും തള്ളിക്കയറ്റം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട കാലമായിരുന്നു എഴുപതുകളുടെ അവസാന നാളുകൾ.
ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് വാടകവീട്, തുടർന്ന് രണ്ട് പെൺകുട്ടികൾ എന്നീ ചിത്രങ്ങളുമായി മോഹൻ എന്ന നവ സംവിധായകൻ്റെ കടന്നുവരവ്. എഴുപതുകളുടെ മദ്ധ്യത്തിൽ ചിത്രകാർത്തിക വാരികയിലൂടെ വായനക്കാർക്കിടയിൽ കോളിളക്കം സൃഷ്ടിച്ച വി.ടി നന്ദകുമാറിൻ്റെ നോവലിലെ കഥാപാത്രങ്ങളായ ഗിരിജയുടെയും കോകിലയുടെയും ‘ഇൻ്റിമേറ്റ് രംഗങ്ങൾ’ വിശദമായിട്ടൊന്ന് വെള്ളിത്തിരയിൽ കാണാൻ ഓടിക്കൂടിയവർക്കാകെ നിരാശയും അമ്പരപ്പും തോന്നി എന്നതാണ്
സത്യം. കഥാതന്തു കൈകാര്യം ചെയ്യുന്നതിലെ മിതത്വവും ചലച്ചിത്രമാധ്യമത്തിന്മേലുള്ള കയ്യടക്കവും പ്രകടമാക്കുന്ന മോഹൻ്റെ സംവിധാനശൈലിയുടെ വിളംബരമായിരുന്നു രണ്ടു പെൺകുട്ടികൾ. പിന്നീടത് ഇടവേള, ഇളക്കങ്ങൾ, കൊച്ചു കൊച്ചു തെറ്റുകൾ, ആലോലം, രചന തുടങ്ങിയ ചിത്രങ്ങളിലൊക്കെ നമ്മൾ കണ്ടു. അരുതായ്മയുടെ ലോകത്തിൻ്റെ അതിലോലമായ അതിർവരമ്പുകൾക്കപ്പുറത്തേക്ക് അറിഞ്ഞോ അറിയാതെയോ വഴുതി വീണു പോകുമായിരുന്ന സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും അസാമാന്യമായ കരവിരുതോടെ നിയന്ത്രിച്ചു നിറുത്തുന്ന കരുത്തനായ സംവിധായകനെ ആ സിനിമകൾ കാണിച്ചുതന്നു.
കൗമാര മനസ്സിൻ്റെ കാമനകളും വിഹ്വലതകളും അതിസൂക്ഷ്മമായി വരച്ചുവച്ച പത്മരാജൻ്റെ തിരക്കഥ, അതിൻ്റെ ആത്മാവ് ഒട്ടും ചോരാതെ തിരശ്ശീലയിലേക്ക് പറിച്ചുനട്ടുകൊണ്ടൊരുക്കിയ ഇടവേള എന്ന ചിത്രം, ആദ്യത്തെ ദിവസം തന്നെ പോയികണ്ടിട്ട്, സിനിമ തീർന്നിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാനാകാതെ അങ്ങനെ തരിച്ചിരുന്നുപോയത് ഇപ്പോഴും ഓർമ്മയിലുണ്ട്. രചന എന്ന ചിത്രത്തിൻ്റേതുപോലെയൊരു സബ്ജക്ട് സിനിമയാക്കാമെന്ന് ചിന്തിക്കാൻ തന്നെ അസാമാന്യമായ ധൈര്യം വേണം. അതും ടെലിവിഷൻ ചാനലുകളും ഓ.ടി.ടി പ്ലാറ്റ്ഫോമുകളും ഒന്നും സ്വപ്നത്തിൽപ്പോലും ഇല്ലാതിരുന്ന, തീയേറ്ററിനെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്ത്. മൂന്ന് കഥാപാത്രങ്ങൾ മാത്രമുള്ള ഒരു വിചാര/വികാര ലോകവും, അവരുടെ അന്യോന്യമുള്ള ഇടപഴകലുകളും കൊടുക്കൽവാങ്ങലുകളും, ഒടുവിൽ അവരിലോരോരുത്തരും നേരിടുന്ന അനിവാര്യമായ ദുരന്തവും… ഒരു സംവിധായകനും തിരക്കഥാകൃത്തും തമ്മിലുള്ള മനപ്പൊരുത്തം ഏറ്റവും പ്രകടമായി കാണുന്ന സിനിമയായിരുന്നു ജോൺ പോൾ എഴുതിയ രചന. ആ കഥാപാത്രങ്ങൾക്ക് ആത്മാവ് നൽകാനായി ഗോപിയെയും നെടുമുടിയെയും ശ്രീവിദ്യയെയും പോലെയുള്ള അതുല്യരായ അഭിനേതാക്കൾ കൂടി ഒപ്പം ചേരുമ്പോഴോ?
ദുരന്ത പര്യവസായിയായ ചിത്രങ്ങൾ ഒരുക്കാൻ മോഹന് ഒരു പ്രത്യേക വൈദഗ്‌ദ്ധ്യമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ടിപ്പിക്കൽ മെലോഡ്രാമ എന്നൊരിക്കലും വിളിക്കാൻ പറ്റാത്ത ആ ട്രാജഡികളോരോന്നും കാണാൻ പ്രേക്ഷകർ വീണ്ടും വീണ്ടും തീയേറ്ററിലേക്ക് എത്തണമെങ്കിൽ അതിന് ഒരു ശരാശരി സംവിധായകൻ്റെ മിടുക്കും സാമർത്ഥ്യവുമൊന്നും പോരാ. ശാലിനി എൻ്റെ കൂട്ടുകാരിയും വിട പറയും മുൻപേയും അതിലെ പ്രധാന അഭിനേതാക്കളുടേതെന്ന പോലെ സംവിധായകൻ്റെയും പ്രാഗത്ഭ്യം പ്രകടമായി തെളിഞ്ഞുകാണുന്നചിത്രങ്ങളാണ്. ഋഷികേശ് മുഖർജിയുടെ രാജേഷ് ഖന്ന ച്ചിത്രമായ ആനന്ദും കെബാലചന്ദറിൻ്റെ നാഗേഷ് ചിത്രമായ നീർക്കുമിഴിയും പോലെ മോഹൻ്റെ വേണു ച്ചിത്രമായ വിട പറയും മുൻപേയും പോപ്പുലർ സിനിമയുടെ ചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനം നേടിയിരിക്കുന്നു.
ട്രാജഡി ചിത്രങ്ങൾ പലതും നമുക്കു തന്ന ഒരു സംവിധായകനാണ് ‘ഒരു കഥ ഒരു നുണക്കഥ’ പോലെ ഒരു അടിമുടി കോമഡി ചിത്രമൊരുക്കിയതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. നെടുമുടിയുടെ അസാമാന്യപ്രകടനത്തിൻ്റെയും ശ്രീനിവാസൻ്റെ ഉരുളയ്ക്കുപ്പേരി പോലെയുള്ള സംഭാഷണത്തിൻ്റെയും പങ്ക് മറക്കുന്നില്ല. ഒന്നാന്തരം ഹ്യൂമർ സെൻസ് ഉള്ള ഒരു സംവിധായകന് മാത്രമേ, വിരസതയുടെ ഒരു നിമിഷം പോലും കാണികൾക്ക് അനുവദിച്ചു കൊടുക്കാതെ ഇങ്ങനെയൊരു സിനിമയെടുക്കാൻ പറ്റൂ. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് മോഹൻ്റെ സിനിമകളിലെ സംഗീതവും. ഹിമ ശൈല സൈകതവും ഋതുഭേദ കല്പനയും മൂവന്തിയായും ഒക്കെ തലമുറകളെ അതിജീവിച്ച് ഇപ്പോഴും അന്തരീക്ഷത്തിൽ ഒഴുകി നടക്കുകയാണല്ലോ!
മോഹൻ്റെ സംവിധാന കലയെ കുറിച്ചുപറയുമ്പോൾ ഒരിയ്ക്കലും വിട്ടുകളയാൻ പാടില്ലാത്ത പേരുകളാണ് സൂര്യദാഹവും ആലോലവും
തീർത്ഥവും ഇളക്കങ്ങളും, അത്രത്തോളമില്ലെങ്കിലും ശ്രുതിയും വാടക വീടും ഇസബെല്ലയും പക്ഷേയും. മംഗളം നേരുന്നു, അങ്ങനെ ഒരവധിക്കാലത്ത്, സാക്ഷ്യം,മുഖം… ഇങ്ങനെ ശരാശരി ചിത്രങ്ങളും കുറവല്ല. കഥയറിയാതെ, നിറം മാറുന്ന നിമിഷങ്ങൾ എന്നീ പരാമർശമൊട്ടുമർഹിക്കാത്ത ചിത്രങ്ങളുമുണ്ട്. തട്ടുപൊളിപ്പൻ സിനിമകളുടെ സംവിധായകരുടെ സഹായിയായിട്ടാണ് സിനിമയിൽ ഹരിശ്രീ കുറിച്ചതെങ്കിലും, അനുഭവ ജ്ഞാനം കൊണ്ടും ആത്മാർപ്പണം കൊണ്ടും ചലച്ചിത്രകലയുടെ മർമ്മത്തിൽ ചെന്നു തൊട്ട ഒരു സംവിധായക പ്രതിഭ തൻ്റെ അസാധാരണമായ റേഞ്ച് തെളിയിക്കുകയായിരുന്നു ഈ സിനിമകളിലൂടെ.
ന്യൂ വേവ് സിനിമയുടെ ആചാര്യനെന്ന് മോഹൻ എന്ന സംവിധായകനെ എവിടെയോ വിശേഷിപ്പിച്ചുകണ്ടു. അത് വാസ്തവമാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ആചാര്യൻ്റെ ഉയർന്ന തൽപ്പത്തിലിരുന്നു കൊണ്ട് അദ്ദേഹം സുവിശേഷ വചനങ്ങൾ ഉരുവിടുന്നത് ഞാൻ കേട്ടിട്ടില്ല. തൻ്റെയും മറ്റുള്ളവരുടെയും സിനിമകളെ കുറിച്ച് മോഹൻ എപ്പോഴും മിതഭാഷിയായിരുന്നു. സ്വന്തം സിനിമകളെപ്പോലെ തന്നെ.
മിഡിൽ സിനിമ എന്നും മദ്ധ്യവർത്തി സിനിമയെന്നും ചരിത്രം പേരിട്ടുവിളിച്ച ചലച്ചിത്രങ്ങളുടെ ഏറ്റവും നല്ല വക്താവും പ്രയോക്താവുമായിരുന്നു മോഹൻ. നല്ല സിനിമയുടെ നാട്ടുവഴി വെട്ടിത്തെളിച്ച മൂന്നോ നാലോ പേരുടെ കൂട്ടത്തിലൊരാളായി വലിയ ഒച്ചപ്പാടോ ബഹളമോ ഇല്ലാതെ ഒതുങ്ങി നടന്നുപോയ സൗമ്യനും അതേസമയം തൻ്റേടിയുമായ ചലച്ചിത്രപ്പോരാളി.