A Unique Multilingual Media Platform

The AIDEM

Articles Book Review Kerala

സ്നേഹത്തിന്റെ രാഷ്ട്രീയം: ഡോക്ടർ എം.ആർ രാജഗോപാലിന്റെ ‘സ്നേഹം സാന്ത്വനം’

  • August 28, 2024
  • 1 min read
സ്നേഹത്തിന്റെ രാഷ്ട്രീയം: ഡോക്ടർ എം.ആർ രാജഗോപാലിന്റെ ‘സ്നേഹം സാന്ത്വനം’

“എന്നെ ഒന്ന് കൊന്നു തരാമോ ഡോക്ടർ?” ഈ ചോദ്യം നമ്മൾ കേട്ടിട്ടുണ്ട്. അതിവൈകാരികത നിറഞ്ഞ സിനിമാ മുഹൂർത്തങ്ങളിൽ. എന്നാൽ ഈ ചോദ്യം ഇടയ്ക്കിടെ കേൾക്കുന്ന ഒരു ഭിഷഗ്വരനാണ് ഡോക്ടർ എം.ആർ രാജഗോപാൽ. ഇന്ത്യയിൽ പാലിയേറ്റിവ് കെയർ അഥവാ സ്വാന്ത്വന പരിചരണത്തിന്റെ പ്രസ്ഥാനനായകരിൽ പ്രമുഖൻ. പാലിയം ഇന്ത്യ എന്ന ബൃഹത്തായ സ്വാന്ത്വന പരിചരണ ശൃംഖലയുടെ നായകൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠനം. ശസ്ത്രക്രിയാ വേളയിൽ രോഗിയെ മയക്കിക്കിടത്താനും ഒപ്പം ജീവൻ നിലനിർത്താനുമുള്ള ചുമതല ഏറ്റെടുക്കുന്ന ചികിത്സാവിഭാഗമായ അനസ്തേഷ്യയിൽ സ്പെഷ്യലൈസേഷൻ.

അവിടെ നിന്ന് രോഗികളുടെ ദുഃഖ-ദുരിതങ്ങളുടെയെല്ലാം കാരണം വേദന എന്നതാണെന്ന് തിരിച്ചറിയുന്നതിലൂടെ സ്വാന്ത്വന പരിചരണത്തിലേയ്ക്കുള്ള ആഭിമുഖ്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർ സുരേഷ്, വേദനിയ്ക്കുന്നവരെ സഹായിക്കണം എന്ന മാനസികാവസ്ഥയിൽ അശോക് കുമാർ എന്ന ചെറുപ്പക്കാരൻ, മക്കളെ സ്‌കൂളിൽ അയച്ചു കഴിഞ്ഞാൽ, അവർ തിരികെ വരുന്നത് വരെ ശേഷിയ്ക്കുന്ന സമയം സ്വാന്ത്വന പരിചരണത്തിനായി ഉഴിഞ്ഞു വെച്ച മീന, ലിസ്സി എന്നീ ചെറുപ്പകാരികൾ, ഡോക്ടർ അജിത എന്നിവർ ഉൾപ്പെടുന്ന ഒരു സംഘവുമായി ചേർന്ന് വളരെ ചുരുങ്ങിയ നിലയിലുള്ള തുടക്കം. അത് ഇന്ത്യൻ സർക്കാരിന്റെ സ്വാന്ത്വന ചികിത്സാവിധികളുമായി ബന്ധപ്പെട്ട നയവ്യതിയാനം വരെ എത്തിച്ച, അത് സംസ്ഥാനങ്ങളിൽ പ്രവർത്തികമാക്കിയതിന് വേണ്ട പ്രവർത്തനങ്ങൾ ചെയ്തതിന്റെ നടുനായകസ്ഥാനം. ഡോക്ടർ രാജഗോപാലിനെക്കുറിച്ച് പറയുവാൻ ഏറെ.

ഡോ. രാജഗോപാൽ പാലിയം ഇന്ത്യ പരിപാടിക്കിടെ

‘സ്നേഹം സാന്ത്വനം’ എന്ന പേരിൽ അദ്ദേഹം എഴുതിയ ഓർമ്മക്കുറിപ്പുകൾ ഡി.സി ബുക്സിലൂടെ പുറത്തുവന്നത് ഈ വർഷം മെയ് മാസത്തിലായിരുന്നു. ഏതാനും സുഹൃത്തുക്കൾ ഇതേക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളിൽ എഴുതിയ കുറിപ്പുകൾ വായിച്ചപ്പോൾത്തന്നെ എനിയ്ക്കും അദ്ദേഹത്തെക്കുറിച്ചറിയണം എന്ന താത്പര്യം ഉണ്ടായി. എങ്കിലും ഉടനടി വാങ്ങി വായിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം നടത്തിയ തിരുവനന്തപുരം യാത്രയിൽ പുസ്തകം വാങ്ങി. വായിക്കാനെടുത്ത ശേഷം നിലത്തു വെയ്ക്കാതെ വായിച്ചു തീർത്തു. നമ്മൾ ഒരു പുസ്തകത്തെ തൊടുമ്പോൾ ഒരു മഹത്തായ ആത്മാവിനെയാണ് സ്പർശിയ്ക്കുന്നത് എന്ന് പറയാറുണ്ട്. ഈ പുസ്തകം ഒന്നല്ല അനേകം ആത്മാക്കളെയാണ് തൊടുന്നത്. അതിൽ ഒരാത്മാവാണ് ഈ പുസ്തകത്തിന്റെ ആഖ്യാതാവായ ഡോക്ടർ രാജഗോപാൽ. അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട്. മനുഷ്യൻ രോഗിയാകുമ്പോൾ അയാളെ രോഗാവസ്ഥയിൽ നിലനിർത്തുന്നത് രോഗകാരണങ്ങൾ മാത്രമല്ല, അതിൽ നിന്നുളവാകുന്ന വേദന കൂടിയാണ്. ആശുപത്രികൾ വേദനകളുടെ താവളങ്ങൾ കൂടിയാണ്. എന്നാൽ രോഗികൾ തങ്ങളുടെ അസ്തിത്വം പൂർണ്ണമായും മറന്ന് വേദന എന്ന ഒരു പുതിയ അസ്തിത്വത്തിലേയ്ക്ക് കടക്കുകയാണെങ്കിലോ? വേദന എന്ന പുതിയ അസ്തിത്വം, മനുഷ്യനെ, അവൻ ആരായിരുന്നാലും പുതിയ ഒരു വ്യക്തിയാക്കുന്നു. അയാൾ തനിയ്ക്ക് വേണ്ടപ്പെട്ടവരെപ്പോലും ചിലപ്പോൾ വെറുക്കാൻ തുടങ്ങുന്നു. അതിനേക്കാൾ ഭീകരമാണ് സ്വയം വെറുക്കുന്ന അവസ്ഥ. ഈ തിരിച്ചറിവുകളിൽ നിന്നാണ് സ്വാന്ത്വനപരിചരണം എന്ന ആശയത്തിലേക്ക് ഡോക്ടർ രാജഗോപാൽ വരുന്നത്.

‘സ്നേഹം സാന്ത്വനം’ പുസ്തകത്തിൻ്റെ പുറം ചട്ട

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഡോക്ടർ രാജഗോപാലിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് അനുബന്ധമായി ആരംഭിച്ച സ്വാന്ത്വന പരിചരണപ്രസ്ഥാനം ഇന്ന് തൊള്ളായിരത്തോളം ഇടങ്ങളിൽ കേരളത്തിൽ പ്രവർത്തിയ്ക്കുന്നുണ്ട്. പാലിയം ഇന്ത്യയുടെ അഫിലിയേറ്റുകളായോ ശാഖകളായോ ഫ്രാഞ്ചൈസികളായോ ഒന്നുമല്ല അവ പ്രവർത്തിക്കുന്നത്. പാലിയം ഇന്ത്യയുടെ ശ്രമം എന്നത് പുതിയ ശാഖകൾ ഉണ്ടാക്കി വലിയൊരു പ്രസ്ഥാനമാക്കി മാറ്റുക എന്നതല്ല, നേരെമറിച്ച് സ്വാന്ത്വനപരിചരണം ഒരു മനുഷ്യാവകാശമാണെന്നും മനുഷ്യാന്തസ്സിനു നിലനിൽക്കാൻ ആ പരിചരണത്തിന്റെ ആവശ്യമുണ്ടെന്നും തിരിച്ചറിയുന്ന മനുഷ്യരുടെ കൂട്ടായ്മകൾ അതിലേയ്ക്ക് വരണം എന്ന ഉദ്ദേശ്യമാണത്. ഇന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സിലബസിലേയ്ക്ക് അത് കടന്നു വന്നിരിക്കുന്നു. മിക്കവാറും എല്ലാ ആശുപത്രികളിലും അനുബന്ധമായി സ്വാന്ത്വനപരിചരണ വിഭാഗങ്ങൾ കൂടി ഉണ്ടായിരിക്കുന്നു. എല്ലാം ഡോക്ടർ രാജഗോപാലിന്റെയും കൂട്ടരുടെയും ദീപശിഖയുടെ വെളിച്ചത്തിൽ ആണ് എന്നത് ഈ പുസ്തകത്തിൽ നിന്ന് മനസ്സിലാകുന്നു. അത് ഒരു അവകാശവാദം എന്ന നിലയിൽ അല്ല അദ്ദേഹം അവതരിപ്പിക്കുന്നത്. മറിച്ച്, ഇതൊരു തുടക്കം ആണ്, അത് എത്രനാൾ കഴിഞ്ഞാകും സഫലമാകുന്നത് എന്ന അതിശയത്തിലാണ്.

പാലിയം ഇന്ത്യ പ്രവർത്തകരോടൊപ്പം ഡോ. രാജഗോപാൽ

സ്വാന്ത്വനപരിചരണം എന്നതിനെ ആദ്യകാലങ്ങളിൽ മനസ്സിലാക്കിയത് കാൻസർ ബാധിച്ചവർക്ക് സ്വച്ഛമായി മരിയ്ക്കാൻ വേണ്ട പരിചരണം എന്ന നിലയിലാണ്. പിന്നീട് ക്രമേണ അത് പലതരത്തിലുള്ള കിടപ്പു രോഗികളെക്കൂടി ഉൾപ്പെടുന്ന തരത്തിൽ വളർന്നു. ആദ്യമാദ്യം നയപരമായ നീക്കങ്ങളിൽ കാൻസർ രോഗികളെ മാത്രം പരിഗണിച്ചിരുന്നതിനാൽ, സ്വാന്ത്വനപരിചരണത്തിന്റെ പരിധിയ്ക്കുള്ളിലേയ്ക്ക് ഇതര വേദനകാരികളായ രോഗങ്ങളെയും കിടപ്പുരോഗികളെയും കൊണ്ടുവരാൻ ഡോക്ടർ രാജഗോപാലിന് നയപരമായ ഇടപെടലുകൾ ധാരാളമായി നടത്തേണ്ടി വന്നു. അതിൽ പ്രധാനമാണ്, മോർഫിൻ ഉപയോഗം. ചെറിയ അളവിൽ മോർഫിൻ നൽകുന്നത് വേദന കൊണ്ട് പുളയുന്ന രോഗികൾക്ക് വലിയൊരു ആശ്വസമാണ്. എന്നാൽ, ഇന്ത്യയിലെ മെഡിക്കൽ നിയമങ്ങൾ അനുസരിച്ച് മോർഫിൻ എന്നത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒരു അബ്യുസിവ് സബ്സ്റ്റൻസ് (Abusive Substances) എന്ന നിലയിലായിരുന്നു. ഇതിനെ സ്വാന്ത്വന ചികിത്സയുടെ ഭാഗമായി ഉപയോഗിക്കാൻ അദ്ദേഹം നടത്തുന്ന നിയമപോരാട്ടങ്ങൾ വളരെ പ്രധാനമാണ്. ആദ്യം കേരള സംസ്ഥാനത്തിൽ അതെക്കുറിച്ചുള്ള പോളിസി മാറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് കേന്ദ്ര സർക്കാരും ഇതിൽ മാറ്റങ്ങൾ വരുത്തി. എങ്കിലും ഇപ്പോഴും വേദന സംഹാരികളുടെ കാര്യത്തിൽ നമുക്ക് ആശയക്കുഴപ്പങ്ങൾ നിൽക്കുന്നുണ്ടെന്ന് ഡോക്ടർ രാജഗോപാൽ പറയുന്നു. അദ്ദേഹം പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. നമ്മൾ കറുപ്പ് കൃഷി ചെയ്യുകയാണ് അത് കയറ്റുമതി ചെയ്യുകയും, പാശ്ചാത്യ രാജ്യങ്ങളിൽ അത് സ്വാന്ത്വന ചികിത്സയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ഉത്പാദകരായ നമ്മളാകട്ടെ നമ്മുടെ സഹജീവികളെ വേദന തിന്ന് മരിയ്ക്കാൻ അനുവദിയ്ക്കുന്നു.

വേദന എന്നത് മനുഷ്യന്റെ അന്തസ്സ് കെടുത്തുന്ന ഒന്നായിട്ടാണ് ഡോക്ടർ രാജഗോപാൽ കാണുന്നത്. അതിനേക്കാൾ അന്തസ്സ് കെടുത്തുന്നതാണ് നമ്മുടെ മെഡിക്കൽ മേഖല. അദ്ദേഹം തന്നെ ഉദാഹരണം പറയുന്നുണ്ട്. കോഴിക്കോട് നിന്ന് പെൻഷൻ ആയ ശേഷം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സകനായി ജോലി തുടർന്ന അദ്ദേഹം അവിടെയും സ്വാന്ത്വന ചികിത്സ ആരംഭിച്ചു. അദ്ദേഹത്തിന് സർവ്വസ്വതന്ത്ര്യവും വാഗ്ദാനം ചെയ്ത ആശുപത്രി അധികൃതർ ക്രമേണ അദ്ദേഹം എന്തുകൊണ്ട് എം ആർ ഐ സ്കാനിങ് പോലുള്ള ചികിത്സകൾ എഴുതുന്നില്ല എന്ന ചോദ്യം ചോദിയ്ക്കാൻ തുടങ്ങി. കോടിക്കണക്കിനു രൂപ നൽകി വാങ്ങി വെച്ചിരിക്കുന്ന യന്ത്രങ്ങളിലേയ്ക്ക് രോഗികളെ കടത്തി വിട്ട് അവരെ വെറും ആന്തരാവയവങ്ങൾ മാത്രമാക്കി ചികില്സിക്കുന്ന രീതിയ്‌ക്കൊപ്പം നിൽക്കാൻ താൻ തയാറല്ലാത്തതിനാൽ താമസിയാതെ അദ്ദേഹം ആ ജോലി ഉപേക്ഷിയ്ക്കുകയും തിരുവന്തപുരത്തേയ്ക്ക് മാറുകയും ചെയ്തു. യഥാർത്ഥത്തിൽ, രോഗത്തെയല്ല രോഗിയെയാണ് ഭിഷഗ്വരൻ ചികിൽസിക്കേണ്ടത് എന്ന പാഠമാണ് ഡോക്ടർ രാജഗോപാൽ നൽകുന്നത്. അദ്ദേഹം ഒരിടത്ത് എഴുതുന്നുണ്ട്, മുട്ടിൽ വേദനയുമായി വരുന്ന ഒരാൾ നല്ലൊരു പാട്ടുകാരൻ ആയിരിക്കും. വേദനയാകും അയാളെ പാട്ടുകാരൻ എന്ന അവസ്ഥയിൽ നിന്ന് മാറ്റി രോഗിയായി പ്രത്യക്ഷപ്പെടുത്തുന്നത്. ഒരു നല്ല ഡോക്ടർക്ക് ആ വ്യക്തിയുടെ ഇതരഗുണങ്ങളെയും പ്രശ്നങ്ങളെയും കൂടി കണക്കാക്കിയാലേ അയാൾ കേവലം ഒരു കാൽമുട്ടല്ല, ആമാശയമോ വൃക്കയോ അല്ല എന്നു മനസ്സിലാക്കാൻ കഴിയൂ. ഒരു രോഗിയെ അംഗീകരിക്കുക, അയാളോട് സംസാരിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നദ്ദേഹം പറയുന്നു. രോഗിയിൽ നല്ലതും ചീത്തയും ഇല്ല എന്നും ഒരു രോഗി സൗമ്യനായിരിക്കുന്നതും മറ്റൊരു രോഗി പുലഭ്യം പറയുന്നതും അവരുടെ വ്യക്തിത്വത്തെ അളക്കാനുള്ള അളവുകോലല്ല എന്നും അദ്ദേഹം അടിവരയിടുന്നു.

ഡോ. രാജഗോപാൽ രോഗി പരിചരണത്തിനിടെ

ഈ പുസ്തകത്തിൽ ഉടനീളം അനേകം കേസ് സ്റ്റഡികളെക്കുറിച്ച് ഡോക്ടർ രാജഗോപാൽ പറയുന്നുണ്ട്. വേദനകൊണ്ട് പുളഞ്ഞു വരുന്ന ഓരോ രോഗിയും ഓരോ വിശാലമായ കഥയാണ്. ആ കഥയെ ഉത്പാദിപ്പിക്കുന്നത് അയാളോ അയാളുടെ രോഗമോ മാത്രമല്ല. അയാൾ ജീവിയ്ക്കുന്ന സമൂഹം, അയാളുടെ സാമ്പത്തിക സ്ഥിതി, കുടുംബം, കുടുംബ ബന്ധങ്ങൾ അങ്ങനെ ഒരു കൂട്ടം തുടരുകളാണ്. അതേക്കുറിച്ച് ഓർക്കാതെയോ അതേക്കുറിച്ച് അറിയാതെയോ അയാളുടെ രോഗത്തെ മാത്രം കാണുക എന്നാൽ അയാളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. യുത്തനേഷ്യ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും അനുവദനീയമല്ല. ദയാവധവും ആത്മഹത്യയും ഒരുപോലെ കുറ്റകൃത്യങ്ങളാണ് ഇന്ത്യയിൽ. പലപ്പോഴും വേദന കൊണ്ട് ഒരിഞ്ചു മുന്നോട്ട് നീങ്ങാൻ കഴിയാത്ത രോഗികൾ എന്നെ ഒന്ന് കൊന്നു തരുമോ എന്ന് ഡോക്ടറോട് ചോദിയ്ക്കുന്നത് സ്വാഭാവികം. കഴുത്തിൽ കയറു കുരുങ്ങിയ കറുത്ത പാടുകളും കൈത്തണ്ട മുറിച്ച അടയാളങ്ങളും ഒക്കെ ആയി വരുന്ന മനുഷ്യരെല്ലാം വേദന സഹിയ്ക്കാൻ വയ്യാതെ ആത്മഹത്യയ്ക്കു ശ്രമിച്ചവരാണ്. ജീവിതത്തിൽ വേദന മാത്രം നിറയുമ്പോൾ അവർക്ക് അന്തസ്സായി അവസാന നാളുകൾ ജീവിക്കാൻ അധികാരമുണ്ടെന്ന് ഡോക്ടർ രാജഗോപാൽ പറയുന്നു. അതിനാൽത്തന്നെ രോഗികളെ ഐ സി യു വിൽ കൊണ്ട് തള്ളുന്ന ഏർപ്പാടിനെ അദ്ദേഹം എതിർക്കുന്നു. ഒരു രോഗിയ്ക്ക് അവസാന നാളുകളിൽ വേണ്ടത് മനുഷ്യസാമീപ്യമാണ്. പലപ്പോഴും രോഗം പകരുമെന്നോ രോഗിയുടെ അവസ്ഥ മൂർച്ഛിയ്ക്കുമെന്നോ ഒക്കെയുള്ള കാരണങ്ങളാലാണ് രോഗികളെ ഐ സി യു വിൽ കൊണ്ടിടുന്നത്. ഇന്റെൻസീവ് കെയർ യൂണിറ്റ് എന്നാണ് പേരെങ്കിലും ഐസൊലേഷൻ വാർഡുകൾ ആണിവ. തണുത്ത ഇടത്ത്, പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാൻ വയ്യാത്ത വെളുത്ത വെളിച്ചത്തിൽ, ശരീരത്തിൽ കയറിയിറങ്ങിപ്പോകുന്ന ട്യൂബുകളെയും മോണിറ്ററുകളെയും നോക്കി സ്നേഹം പുരണ്ട ഒരു നോട്ടമോ സ്പർശമോ ഇല്ലാതെ മനുഷ്യരെ ഇടുന്നത് അവരെ അന്തസ്സില്ലാതെ കൊല്ലുന്നതിന് സമമായി നമ്മൾ മനസ്സിലാക്കുന്നു. ലോകത്തെ വികസിത രാജ്യങ്ങളിൽ നാല്പതിനാല് ശതമാനത്തോളം രാജ്യങ്ങളിൽ ഐ സി യു വിൽ ബന്ധുക്കളിൽ ഒരാൾക്ക് നിൽക്കാൻ അനുവാദവും സൗകര്യവും ഉണ്ടാക്കിയിട്ടുണ്ടെന്ന് രാജഗോപാൽ പറയുന്നു. ഇക്കാര്യത്തിൽ നമ്മൾ ഇന്നും ആദിമകാലത്താണ്.

ഡോ രാജഗോപാൽ കുട്ടികളോടൊപ്പം

രോഗികൾ എന്നത് രോഗത്തിന് മുൻപ് സ്വയം നിർണയാവകാശം ഉള്ള മനുഷ്യനാണെന്ന ബോധം ചികിത്സകർക്ക് ഉണ്ടാകണമെന്ന് രാജഗോപാൽ പറയുന്നു. അതില്ലാതെ വരുമ്പോൾ ഓരോ മനുഷ്യനും അനുഭവിയ്ക്കുന്ന വേദനയെ തിരിച്ചറിയാൻ കഴിഞ്ഞാലേ ചികിത്സകർക്ക് ഫലപ്രദമായി മുന്നോട്ട് പോകാൻ കഴിയൂ. എല്ലാവർക്കും ഒരുപോലെ ചേരുന്നതായ പരിഹാരങ്ങൾ ഒരിയ്ക്കലും ഉണ്ടാവുകയില്ല. ചിലർക്ക് ഒരു സ്പർശം ആയിരിക്കും ആവശ്യം. ചിലർക്ക് അവരുടെ കഥകൾ കേൾക്കാൻ ഒരു ചെവി. മരണത്തെക്കുറിച്ച് കുട്ടികളായ രോഗികൾക്ക് പോലും അറിയാമെന്നിരിയ്ക്കേ, അവരെ ഒന്നുമറിയാത്തവരായി പരിചരിക്കാൻ പാടില്ല. അവരുടെ കാര്യങ്ങൾ കേൾക്കാനും ആശങ്കകൾ ദൂരീകരിക്കാനും കഴിയണം. ചിലർക്ക് മതപരമായ പാഠങ്ങൾ ലഭിച്ചതിനാൽ പല കാര്യങ്ങളും തെറ്റാണെന്ന് തോന്നും. അത് തിരുത്താൻ ചിലപ്പോൾ മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം. ഡോക്ടർമാർ ആ സമയത്ത് കാര്യങ്ങൾ രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ള മതപണ്ഡിതരെക്കൊണ്ട് രോഗികളോട് സംസാരിപ്പിക്കണം. അതെ സമയം തന്നെ രോഗിയും ചികിത്സകനും തമ്മിലുള്ള മാനസിക ഐക്യം ഐഡന്റിഫിക്കേഷന്റെയോ പൊസഷന്റെയോ തലത്തിലേയ്ക്ക് പോകാതിരിക്കാനും ശ്രദ്ധിയ്ക്കണം. ചെറുപ്പക്കാരായ ദമ്പതികളിൽ ഒരാൾക്ക് വേദനാകരമായ രോഗം വന്നാൽ അവർ തമ്മിൽ വെറുപ്പുണ്ടാകാൻ ഉള്ള ഒരു കാരണം ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആയിരിക്കും. പരസ്പരം ചേർന്ന് നിൽക്കേണ്ട സമയത്ത് അവർ ശത്രുക്കളെപ്പോലെ പെരുമാറി ശാരീരികവും മാനസികവുമായ വേദനകൾ വർദ്ധിപ്പിക്കും. അപ്പോൾ അത്തരം കാര്യങ്ങൾ പോലും സംസാരിച്ചു നേരെയാക്കാൻ കഴിയുന്നതരത്തിലേയ്ക്ക് സ്വാന്ത്വനപരിചരണം വളരണം.

‘സ്നേഹം സാന്ത്വനം’ പുസ്തക പ്രകാശന ചടങ്ങ്

ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകൾ ആണെങ്കിലും സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രം പറയുകയാണ് ഡോക്ടർ രാജഗോപാൽ ചെയ്യുന്നത്. വൃദ്ധരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് രോഗാവസ്ഥയുടെ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരിയ്ക്കുന്നതെങ്കിലും എല്ലാവർക്കും സ്വാന്ത്വനം നൽകാൻ ശ്രമിയ്ക്കുന്ന തനിയ്ക്ക് തന്റെ പിതാവിനോട് തോന്നിയ, ബാല്യകാലത്തുണ്ടായ ഒരു അരിശം അദ്ദേഹം ഒരു കുമ്പസാരമെന്നോണം ഒടുവിൽ തുറന്ന് പറയുന്നുണ്ട്. വൃദ്ധരോട് പെരുമാറേണ്ടത്, അവർ ഒരു ഭാരം ആയി എന്ന രീതിയിലല്ല, മറിച്ച് അവരുടെ ജീവിതം എങ്ങനെ നമുക്ക് പ്രയോജനപ്രദമായിരുന്നു എന്നുള്ള നല്ല കാര്യങ്ങൾ ഓർത്ത് പറഞ്ഞു കൊണ്ട് വേണം എന്ന് അദ്ദേഹം വിശദമാക്കുന്നു. അമ്പത് വർഷങ്ങൾക്ക് ശേഷം നമ്മുടെ വൈദ്യരംഗത്തേയ്ക്ക് നോക്കുന്ന ഒരു വിദേശി നമ്മൾ ഇന്ന് ചെയ്യുന്ന വൈദ്യശാസ്ത്രപരമായ പല അസംബന്ധങ്ങളെയും എങ്ങനെയാകും കാണുക എന്ന ആശങ്കയോടെയാണ് അദ്ദേഹം പുസ്തകം അവസാനിപ്പിക്കുന്നത്. ഒപ്പം തന്റെ ജീവിതത്തിൽ അന്തസ്സോടെ മരണം വരിയ്ക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അതുവരെ സ്വാന്ത്വന പരിചരണ രംഗത്ത് തന്നോടൊപ്പം നിൽക്കുന്ന എല്ലാവരെയും ആഴ്ചയിലൊരിക്കലെങ്കിലും കണ്ട് അവരുടെ ജീവിതം ഇത്രയേറെ പ്രധാനമാണെന്ന് അവരോട് തുറന്ന് പറഞ്ഞുകൊണ്ട്, അവരുടെ കൈകൾ പിടിച്ചു കൊണ്ട് തനിയ്ക്ക് ജീവിക്കണം എന്നും അദ്ദേഹം എഴുതുന്നു. റാന്ഡി പാഷിന്റെ ‘ലാസ്റ്റ് ലെക്ചർ’, പോൾ കലാനിധിയുടെ ‘വെൻ ബ്രീത്തിങ് ബികെയിം എയർ’ എന്നീ പുസ്തകങ്ങളുടെ വായന നൽകിയ മനോവികാസം ഈ പുസ്തകം എനിയ്ക്ക് നൽകി. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം.


MedTalk പരമ്പരയുടെ ഭാഗമായി ദി ഐഡം ഡോ. എം. ആർ രാജഗോപാലുമായി നടത്തിയ അഭിമുഖം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

About Author

ജോണി എം എൽ

ഡൽഹിയിൽ കാൽ നൂറ്റാണ്ട് പത്രപ്രവർത്തകൻ, കലാവിമർശകൻ, കലാചരിത്രകാരൻ, ക്യൂറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു. ലോക സാഹിത്യത്തിലെ ശ്രദ്ധേയമായ ഇരുപത്തിയഞ്ചു കൃതികളുടെ മലയാളവിവർത്തനം നിർവഹിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് എഴുത്തും വായനയുമായി.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x