A Unique Multilingual Media Platform

Articles

സിനിമാറ്റിക് കൈറോ (ഈജിപ്ത് യാത്രാകുറിപ്പുകള്‍ #16)

സിനിമാറ്റിക് കൈറോ (ഈജിപ്ത് യാത്രാകുറിപ്പുകള്‍ #16)

സിനിമയുമായി ബന്ധപ്പെട്ടതാണ് എന്റെ യാത്രകളധികവും. ചലച്ചിത്രമേളകളില്‍ പങ്കെടുക്കാനും സിനിമകള്‍ കാണാനും സിനിമ സംബന്ധമായി സംസാരിക്കാനുമാണ് പല യാത്രകളും നടത്തിയത്. സിനിമകള്‍ കാണുന്നതു തന്നെ അതിനകത്തു കൂടെ, അതിലുള്ള സ്ഥലങ്ങളിലൂടെയും സംസ്‌ക്കാരങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ഭാവനകളിലൂടെയും സഞ്ചരിക്കാനുമാണല്ലോ. അല്ലാതുള്ള യാത്രകളില്‍ സിനിമ സംബന്ധമായ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ എപ്പോഴും അവസരങ്ങള്‍ കണ്ടെത്തുന്നതും ഇതിന്റെ തുടര്‍ച്ചയാണ്‌. ഈജിപ്ഷ്യന്‍ സിനിമകളില്‍ പലതും മുമ്പേ കണ്ടിരുന്നെങ്കിലും സമഗ്രമായ വീക്ഷണം രൂപീകരിക്കാന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇന്‍ കൈറോ പ്രസിദ്ധീകരിച്ച സിനിമാറ്റിക് കൈറോ എന്ന ഗവേഷണഗ്രന്ഥമാണ് ആധാരമാക്കിയത്. എയുസി പ്രസ് വില്പനശാലയില്‍ നിന്നാണ് പുസ്തകം വാങ്ങിയത്. ഗംഭീരമായ ഈ പുസ്തകവില്പനശാലയുടെ കാര്യം അവിടത്തെ സ്ഥിരക്കാരനായ ലുഖ്മാന്‍ തന്നെയാണ് പറഞ്ഞത്. മറ്റനവധി പുസ്തകങ്ങളും വാങ്ങി. സിനിമാറ്റിക് കൈറോ എന്ന പുസ്തകത്തില്‍ നിരവധി ലേഖനങ്ങളുണ്ട്. എഡിറ്റ് ചെയ്തിരിക്കുന്നത് നെസര്‍ അല്‍ സയ്യദും ഹേബ സഫെ എല്‍ദീനുമാണ്. ഇതില്‍ പ്രതിപാദിച്ചതും അല്ലാത്തതുമായ പല സിനിമകളും ശേഖരിക്കാനുള്ള ശ്രമവും ഒപ്പം തുടങ്ങി. വായനയോടൊപ്പം ഇതിനകം കിട്ടിയ സിനിമകള്‍ കാണാനും ആരംഭിച്ചു.

സിനിമാറ്റിക് കൈറോ എന്ന ഗവേഷണഗ്രന്ഥം

നമ്മള്‍ പോകാത്തതും കാണാത്തതുമായ ഏതൊരു നഗരത്തെയും നാം അനുഭവിക്കുന്നത് പ്രധാനമായും സിനിമകളിലൂടെയാണ്‌. തീര്‍ച്ചയായും ടെലിവിഷനും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോകളും ഏതൊരു വിദൂര നഗരത്തെയും നമ്മുടെ കാഴ്ചകളിലും കേള്‍വികളിലുമെത്തിക്കുമെങ്കിലും, ആ നഗരത്തിന്റെ സംസ്‌ക്കാരവും ചരിത്രവും തൊട്ടറിയുന്നതിന് സിനിമ തന്നെയാണ് ഏറ്റവും അനുയോജ്യമായ മാധ്യമം. നഗരങ്ങളെ മാത്രമല്ല, രാജ്യങ്ങളെയും ലോകത്തെ തന്നെയും ഇമേജുകളിലൂടെയും ശബ്ദങ്ങളിലൂടെയും നാം സിനിമകളിലൂടെ പുനര്‍നിര്‍മ്മിക്കുന്നു. നഗരാധുനികതകളുടെ പരിണാമങ്ങള്‍ എവിടെ നിന്നാണ് അല്ലാതെ നമുക്ക് മനസ്സിലാക്കാനാവുക?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സിനിമാ വ്യവസായങ്ങളിലൊന്നാണ് ഈജിപ്തിലേത്‌. 1896 നവംബര്‍ 15 ന് അലെക്‌സാണ്ട്രിയയിലും 28ന് കൈറോവിലും ലൂമിയര്‍ സഹോദരന്മാര്‍ അവരുടെ സിനിമാട്ടോഗ്രാഫ് പ്രദര്‍ശനങ്ങള്‍ നടത്തി. പാരീസിലെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞിരുന്നില്ല. ബോംബെ വാട്‌സണ്‍ ഹോട്ടലില്‍ ലൂമിയര്‍ പ്രദര്‍ശനങ്ങള്‍ നടന്നത് 1896 ജൂലൈ 7നായിരുന്നു. നാലു മാസം കഴിഞ്ഞാണ് അവര്‍ ഈജിപ്തിലെത്തിയത്. ഇരുപതാം നൂറ്റാണ്ട് മുഴുവനും സജീവമായി നിലനിന്ന സിനിമയാണ് ഈജിപ്തിലുള്ളത്. ഒരു സമൂഹത്തിന്റെ മനോഭാവം പുറത്തു നിന്ന് പ്രകടിപ്പിക്കപ്പെടുന്നതിലൂടെയും ഉള്ളില്‍ നിന്ന് തുറന്നു കാട്ടപ്പെടുന്നതിലൂടെയുമാണ് സിനിമയുടെ പ്രാദേശികതയും ദേശീയതയും അടയാളപ്പെടുന്നത്. ലോകത്തിന്റെ ആകെ എന്നതു പോലെ ഈജിപ്തിന്റെയും സമൂലമായ മാറ്റത്തിന്റെ കാലഘട്ടത്തിലാണ് (കലാ)മാധ്യമമെന്ന നിലയിലും വ്യവസായമെന്ന നിലയിലും സിനിമ രൂപപ്പെട്ടത്. നൈലിന്റെ ഹോളിവുഡ് എന്നാണ്‌ ഈജിപ്ഷ്യന്‍ സിനിമയുടെ വിശേഷണം.

1930കളിലാണ് ഈജിപ്ഷ്യന്‍ സിനിമ ആദ്യമായി മികവാര്‍ജ്ജിക്കുന്നത്‌. രാജ്യം സാമ്രാജ്യത്വത്തിന്‍ കീഴിലായിരുന്നു; എന്നാല്‍ ദേശീയമായ ഒരു ഉയിര്‍ത്തെഴുന്നേല്പിന് രാഷ്ട്രവും ജനതയും തയ്യാറെടുക്കുകയായിരുന്നു എന്ന കാര്യം വ്യക്തമായിരുന്നു. ഫ്രഞ്ച് ഭരണത്തോടെ തന്നെ ഈജിപ്ത് യൂറോപ്യന്‍ ആധുനികത എന്തെന്ന് തിരിച്ചറിഞ്ഞിരുന്നു. മധ്യകാല നഗരവും ആധുനിക നഗരവുമായി കൈറോ വേര്‍പെടുന്നത്‌ ഇക്കാലത്താണ്. ആധുനിക കൈറോവില്‍ യൂറോപ്യന്മാരും മധ്യകാല കൈറോവില്‍ തദ്ദേശീയരുമായിരുന്നു താമസിച്ചിരുന്നത്. വിനോദോപാധിയായി ഇക്കാലത്ത് പ്രത്യക്ഷപ്പെട്ട ഈജിപ്ഷ്യന്‍ സിനിമ, മധ്യവര്‍ഗ ജീവിതത്തിന്റെ നിത്യവ്യവഹാരങ്ങളാണ് ആഖ്യാനം ചെയ്തത്.

പാരീസും ബാര്‍സലോണയും പോലെയുള്ള ഒരു യൂറോപ്യന്‍ നഗരത്തിന്റെ ഛായയാണ് മുപ്പതുകളിലെ കൈറോയ്ക്കുമുണ്ടായിരുന്നത്. കാര്യമായ വ്യവസായങ്ങളൊന്നും അക്കാലത്ത് ഈജിപ്തിലില്ലായിരുന്നു. രാജ്യം കാര്‍ഷികപ്രധാനമായി തുടരുകയായിരുന്നു. എന്നാല്‍, കൈറോ നഗരത്തിന്റെ രീതി യൂറോപ്യന്‍ വികസിത രാജ്യങ്ങളിലേതിനു സമാനമായിരുന്നു. കാര്‍ഷിക മുതലാളിമാരായിരുന്നു രാജ്യത്തെ സമ്പന്നവര്‍ഗം. കൈറോവില്‍ വൈദ്യുത ശൃംഖലകളും ട്രാമുകളും ബഹുനില അപ്പാര്‍ടുമെന്റുകളും സ്ഥാപിക്കപ്പെട്ടു. ഇരുപതുകളില്‍ തന്നെ മേല്‍ക്കുപ്പായങ്ങള്‍ക്കു പുറത്ത് ജാക്കറ്റും കഴുത്തില്‍ ടൈയും കെട്ടുക എന്ന യൂറോപ്യന്‍ ശൈലി ആധുനികര്‍ സ്വീകരിച്ചിരുന്നു.

1930കളില്‍ തല്‍ അത്ത് ഹര്‍ബ് എന്ന ധനികനാണ് ഈജിപ്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. ബാങ്ക് മിസ്രി എന്ന ഈജിപ്തിലെ പ്രധാന ബാങ്കിന്റെ സ്ഥാപകനും ഇദ്ദേഹമാണ്.

തല്‍ അത്ത് ഹര്‍ബിന്റെ ചിത്രം

പരമ്പരാഗത വാദികള്‍ സിനിമയോടുള്ള എതിര്‍പ്പ് തുടര്‍ന്നു. എന്നാല്‍, സൂഫിസത്തിന്റെ സ്വാധീനമുള്ളവരായതു കൊണ്ട് അവര്‍ വിധ്വംസകാത്മകമായ നിരോധനമൊന്നും സിനിമയുടെ നേര്‍ക്ക് സ്വീകരിച്ചില്ല. 1936ലും 1938ലും ഈജിപ്ഷ്യന്‍ സിനിമകളുടെ മേളകള്‍ കൈറോവില്‍ നടന്നു. 1976ല്‍ ആരംഭിച്ച കൈറോ അന്താരാഷ്ട്ര ചലച്ചിത്രമേള ഏറെ പ്രശസ്തമാണ്.

കൈറോ അന്താരാഷ്ട്ര ചലച്ചിത്രമേള

2017ലാരംഭിച്ച എല്‍ഗോന അന്താരാഷ്ട്ര ചലച്ചിത്രമേളയും ഇതിനകം പ്രസിദ്ധി കൈവരിച്ചു കഴിഞ്ഞു. ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രെസ്‌കിയുടെ അന്താരാഷ്ട്ര അദ്ധ്യക്ഷനായ അഹ്‌മദ് ശൗക്കിയാണ് എല്‍ ഗോന ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകന്‍. മറ്റു നഗരങ്ങളിലും ചലച്ചിത്രമേളകള്‍ നടക്കുന്നു.

എല്‍ഗോന അന്താരാഷ്ട്ര ചലച്ചിത്രമേള

അല്‍ വര്‍ദ അല്‍ ബയ്ദ(വെള്ളപ്പനിനീര്‍/1933), യാക്കുത്ത് (1934), അല്‍ അസിമ (പരിഹാരം/1939) എന്നീ ആദ്യകാല സിനിമകള്‍ ആധുനികരായി ജീവിക്കാനുള്ള വ്യക്തികളുടെ ഇഛകള്‍ ഇതിവൃത്തമാക്കി. അവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗതാല്പര്യങ്ങള്‍ പക്ഷെ, മാറ്റങ്ങളോട് നിഷേധാത്മകമായ സമീപനമാണെടുത്തിരുന്നത്. ധാര്‍മിക സദാചാരനിഷ്ഠകള്‍ പരിപാലിക്കണമെന്ന നിലപാടാണ് ഈ സിനിമകള്‍ സ്വീകരിച്ചത്. പാശ്ചാത്യ സമീപനങ്ങളില്‍ നിന്ന് മാറി നടക്കാനുള്ള ത്വര പ്രകടമായിരുന്നു. തങ്ങള്‍ക്ക് ചുറ്റുമുള്ളവരെ സഹായിക്കുന്നതിലൂടെ സന്തോഷം കണ്ടെത്താമെന്ന ചിന്താഗതിക്കാരായ ഇടത്തരക്കാരായിരുന്നു ഈ മൂന്നു സിനിമകളിലെയും നായകര്‍.

ബിരുദധാരിയായ മൊഹമ്മദ് ജലാല്‍ ആണ് അല്‍ വര്‍ദ അല്‍ ബയ്ദയിലെ നായകന്‍. സാമ്പത്തികമായി തകര്‍ച്ചയിലായ ഒരു കുടുംബമാണയാളുടേത്. ജീവിക്കാനായി അയാള്‍ക്ക് കുടുംബ സുഹൃത്തായ ഇസ്മയില്‍ പാഷയുടെ ജോലിക്കാരനാവേണ്ടി വരുന്നു.പാഷയുടെ കൊട്ടാരസദൃശമായ വീടിന്റെ താഴത്തെ നിലയില്‍ തന്നെയാണ് അയാളുടെ ജോലിസ്ഥലം. പാഷയുടെ മകളുമായി അയാള്‍ അടുക്കുന്നു. ഇതറിയുന്ന മുതലാളി അയാളെ പിരിച്ചുവിടുന്നു. സ്വതന്ത്രനായ അയാള്‍ പാട്ടുകാരനായി പ്രസിദ്ധനാവുന്നു. എന്നാല്‍ അപ്പോഴും അയാളെ അംഗീകരിക്കാന്‍ വരേണ്യര്‍ തയ്യാറാവുന്നില്ല. ഓപ്പെറ ഹൗസില്‍ പരിപാടി നടത്തണമെന്ന അയാളുടെ ആഗ്രഹം നിറവേറുന്നില്ല. മൊഹമ്മദ് അബ്ദെല്‍ വഹാബ് എന്ന പ്രസിദ്ധനായ ഗായകനാണ് ജലാലിന്റെ വേഷം അവതരിപ്പിച്ചത്. ഈജിപ്തിലും മിഡില്‍ ഈസ്റ്റിലാകെയും സിനിമ വന്‍ വാണിജ്യ വിജയമായി മാറി.

അല്‍ വര്‍ദ അല്‍ ബയ്ദ എന്ന ചിത്രത്തിന്റെ പോസ്റ്റർ

കൈറോവില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദേശ കമ്പനിയിലെ അക്കൗണ്ടന്റാണ് യാക്കുത്ത് എന്ന സിനിമയിലെ അതേ പേരുള്ള നായകകഥാപാത്രം. വാടക പിരിച്ചെടുക്കലാണ് അയാളുടെ ജോലി. ഒരു ദിവസം ജോലിയ്ക്ക് വൈകിയെത്തുന്ന അയാള്‍, ഈടാക്കാനുള്ള മുഴുവന്‍ വാടകകളും പിരിച്ചെടുത്ത് തന്റെ ആത്മാര്‍ത്ഥത തെളിയിക്കാനായി പരിശ്രമിക്കുന്നു. ഒന്നൊഴികെ എല്ലാ വാടകകളും പിരിച്ചെടുത്തെങ്കിലും ഒരെണ്ണം ബാക്കിയായതിന്റെ പേരില്‍ അയാള്‍ പിരിച്ചു വിടപ്പെടുന്നു. പിരിച്ചെടുക്കാനാകാത്ത ആ വാടക കൊടുക്കാനുള്ളത് റൗദി എന്ന ഫ്രഞ്ചുകാരിയായിരുന്നു. യാക്കുത്തിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ബോധ്യമാവുന്ന അവള്‍ അയാളോട് അടുക്കുന്നു. അവര്‍ വിവാഹിതരാവുന്നു. സംസ്‌ക്കാരത്തിലെ വൈജാത്യങ്ങള്‍ തങ്ങളുടെ ജീവിതം സുഗമമാക്കില്ല എന്ന് തിരിച്ചറിയുന്ന യാക്കുത്ത് ഭാര്യയെ ഫ്രാന്‍സിലെത്തിച്ച് തിരിച്ചുപോരാനൊരുങ്ങുന്നു. അപ്പോഴാണ് അവളുടെ പിതാവ് മരണമടയുന്നത്. അയാള്‍ക്ക്‌ അവിടെ തന്നെ തങ്ങേണ്ടി വരുന്നു.

യാക്കുത്ത് എന്ന ചിത്രത്തിന്റെ പോസ്റ്റർ

ഈജിപ്ഷ്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നൂറു സിനിമകളില്‍ രണ്ടാം സ്ഥാനം കൈവരിച്ച സിനിമയാണ് അല്‍ അസിമ. മധ്യകാല കൈറോവിലെ താമസക്കാരനായ ഹനഫി താഴ്ന്ന ഇടത്തരം വിഭാഗത്തില്‍ പെട്ടയാളാണ്. മികച്ച വിദ്യാഭ്യാസത്തിനായി സര്‍വകലാശാലയിലെത്തുന്ന അയാള്‍, ആധുനിക കൈറോവിലെ വരേണ്യവര്‍ഗത്തില്‍ പെട്ട സഹപാഠികളുമായി കൂടുതല്‍ ഇടപഴകുന്നു. പഠനാനന്തരം വാണിജ്യ സംരംഭമാരംഭിക്കുന്ന അയാള്‍ അതില്‍ വിജയം കൈവരിക്കുന്നു. കാമുകിയായ ഫത്ത്മയെ ഇറച്ചിവെട്ടുകാരനുമായുള്ള വിവാഹത്തില്‍ നിന്ന് രക്ഷിച്ച് അയാള്‍ വിവാഹം കഴിക്കുന്നു. ഫത്ത്മയായി അഭിനയിച്ച ഫത്ത്മ റഷ്ദി പ്രസിദ്ധയായ ഗായികയായിരുന്നു.

അല്‍ അസിമ എന്ന ചിത്രത്തിന്റെ പോസ്റ്റർ

മൂന്നു സിനിമകളിലും നായക കഥാപാത്രങ്ങളുടെ വര്‍ഗ പ്രതിനിധാനങ്ങളും അതിന്റെ സംഘര്‍ഷഘടനകളും വ്യക്തമാണ്. തൊഴില്‍, പ്രതിഭ, വിനോദ സഞ്ചാരം, സര്‍വകലാശാല വിദ്യാഭ്യാസം എന്നീ ഘടകങ്ങളാണ് ഇവരെ താഴ്ന്ന വര്‍ഗത്തില്‍ നിന്ന് മുകളിലേയ്‌ക്കെടുത്തുയര്‍ത്തുന്നത്. ജലാലിന്റെ കഴിവിനെ തൊഴിലാളി എന്ന നിലയ്ക്ക് അംഗീകരിക്കാമെങ്കിലും മകളുടെ ഭര്‍ത്താവ് എന്ന നിലയില്‍ കാണാനാവാത്ത മുതലാളി, പാശ്ചാത്യ മൂല്യങ്ങളോട് അപ്രീതിയുള്ളതിനാല്‍ ഭാര്യയെ പോലും വേണ്ടെന്നു വെക്കാന്‍ തുനിയുന്ന പരമ്പരാഗതവാദിയായ തദ്ദേശീയന്‍, പരമ്പരാഗത സമുദായത്തിനകത്തു തന്നെ വ്യക്തിത്വത്തിന്റെ പുതുവഴികള്‍ തെളിയിച്ചെടുക്കുന്ന വിദ്യാസമ്പന്നന്‍ എന്നിങ്ങനെ മൂന്നു സിനിമയും കാലത്തിന്റെ അടയാളകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അല്‍ വാര്‍ദയില്‍ ആധുനിക കൈറോവിന്റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ട്രാം ഓടുന്നത് കാണാമെങ്കിലും ജലാല്‍ അതില്‍ കയറുന്നില്ല. വീതിയേറിയ റോഡുകളും ഇരുവശങ്ങളിലെ കാല്‍നടക്കാര്‍ക്കുള്ള നടപ്പാതകളും കാണാന്‍ കഴിയും. വരുമാനം കൂടുന്നതനുസരിച്ച് അയാള്‍ മാറി മാറി താമസിക്കുന്ന അപ്പാര്‍ടുമെന്റുകളുടെ സൗകര്യങ്ങളും കൂടുന്നു. മധ്യകാല കൈറോവിന്റെ ദൃശ്യങ്ങളെവിടെയുമില്ല. യാക്കുത്തിലാകട്ടെ മധ്യകാല കൈറോവാണ് നഗരദൃശ്യങ്ങളിലെവിടെയുമുള്ളത്. ആളുകള്‍ തിങ്ങിത്താമസിക്കുന്ന കെട്ടിടങ്ങളുടെ അടിയിലെ നിലയില്‍ കച്ചവടസ്ഥാപനങ്ങളാണുള്ളത്. റോഡുകളെല്ലാം ഇടുങ്ങിയതാണ്. തെരുവുകച്ചവടക്കാരുടെ ശബ്ദങ്ങള്‍ കൊണ്ട് മുഖരിതമാണ് നഗരം. അല്‍ അസിമയില്‍ ആധുനിക കൈറോവിനാണ് പ്രാമുഖ്യം.

നൈല്‍ നദിയ്ക്കു കുറുകെയുള്ള പാലം രണ്ട് കൈറോകളെ സന്ധിപ്പിക്കുന്നു. ബുലാക്ക്, സമാലെക്ക് എന്നാണ് ഈ രണ്ടു ഡിസ്ട്രിക്റ്റുകളുടെ പേരുകള്‍. ഒന്ന് ദരിദ്രരുടേതും മറ്റൊന്ന് ധനികരുടേതുമാണ്. സാമൂഹ്യ ബന്ധങ്ങള്‍ സുദൃഢമാണെങ്കിലും വര്‍ഗവൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. പാലം കൂട്ടിയിണക്കുന്ന പാലവും, അടിയിലൊഴുകുന്ന പുഴ അതിര്‍ത്തിയുമായി, നഗരത്തിനുള്ളിലെ ആ രണ്ടു നഗരങ്ങളെ വേര്‍പെടുത്തുകയും ഒന്നിപ്പിക്കുകയും ചെയ്തുപോരുന്നു. സമാലെക്കില്‍ മാളികകളും സമ്പത്തും കുലീന വരേണ്യതയുമാണുള്ളത്. ബുലാക്കിലാകട്ടെ ചെറിയ വീടുകളും ദയാവായ്പുള്ള ഹൃദയങ്ങളും ഒതുങ്ങിയ പ്രകൃതവുമാണുള്ളത്. അല്‍ ഖ്വല്‍ബ് ലുഹ് അക്കാം (ഹൃദയത്തിന് അതിന്റേതായ നിയമങ്ങളുണ്ട്/1956) എന്ന സിനിമയുടെ ആരംഭത്തില്‍ ആഖ്യാതാവ് പറയുന്നതിന്റെ ഏകദേശ പരിഭാഷയാണിത്. സിനിമ എത്രമാത്രം സുപ്രധാനമായ ഡോക്കുമെന്റേഷനാണെന്നതിന് ഇതിലും വലിയ തെളിവെന്താണ് വേണ്ടത്?

1942ലിറങ്ങിയ ലോ കുന്ത് ഖനി (ഞാന്‍ ധനികനായിരുന്നെങ്കില്‍) എന്ന സിനിമയിലും ഈ പാലമുണ്ട്. സമാലെക്കിലെ ധനികര്‍ക്ക് ദാരിദ്ര്യം കാണാനായി മറുഭാഗത്തേയ്ക്ക് സഞ്ചരിക്കാനുള്ള ഒരു പാലം മാത്രമാണതിലുള്ളത്. 1952 ജൂലൈ 23നാണ് ഈജിപ്തില്‍ പട്ടാള അട്ടിമറി നടന്നത്. സാമൂഹ്യ ബന്ധങ്ങളിലും നിലപാടുകളിലും സംഭവിക്കുന്ന രൂപപരിണാമങ്ങളും ഭാവ വ്യത്യാസങ്ങളും അമ്പതുകള്‍ക്കു മുമ്പും പിമ്പുമുള്ള സിനിമകളില്‍ കാണാം.

രണ്ടാം ലോകമഹായുദ്ധത്തിനിടയിലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ബുലാക്കിലെ താമസക്കാരനായിരുന്ന മഹ്‌റൂസ് എന്ന ദരിദ്രനായ ക്ഷുരകവൃത്തിക്കാരന്‍ ധനികനാകാനുള്ള മോഹം സാഫല്യമായതോടെ സമാലെക്കിലെ ധനിക പരിസരത്തേയ്ക്ക് താമസം മാറ്റുന്നു. വേഷഭൂഷാദികളില്‍ മാറ്റമുണ്ടാകുന്നുണ്ടെങ്കിലും കുടുംബത്തിനകത്ത് സന്തോഷം ഉണ്ടാകുന്നില്ല. പണമെല്ലാം നഷ്ടപ്പെടുന്നതോടെ, പഴയ സ്ഥലത്തേയ്ക്ക് തിരിച്ചുവരുന്ന അയാള്‍ക്ക് ദാരിദ്ര്യം കൂട്ടിനുണ്ടെങ്കിലും മനസ്സമാധാനം തിരിച്ചുകിട്ടുന്നു. ഹരാത്ത് അല്‍ ഫക്‌റ് ഹെശ്മാ എന്നാണ് ബുലാക്കിലെ അയാളുടെ പ്രദേശത്തിന്റെ പേര്. ദാരിദ്യത്തിന്റെ ഔചിത്യം ഉള്ള സ്ഥലം എന്നാണ് ഈ പേരിന്റെ വാച്യാര്‍ത്ഥം. ദാരിദ്ര്യത്തെ മഹത്വവത്ക്കരിക്കുന്ന പഴയ മലയാളം, തമിഴ് സിനിമകളിലെ പ്രമേയത്തിന് സമാനമായ പ്രമേയമാണ് ഈ സിനിമയുടേതും.

അല്‍ ഖ്വല്‍ബ് ലുഹ് അക്കാമില്‍ അറബ് തിരശ്ശീലയിലെ ആദ്യവനിത എന്നു വിശേഷിപ്പിക്കപ്പെട്ട ഫാത്തെന്‍ ഹമാമ എന്ന സൂപ്പര്‍താരമാണ് നായികയെ അവതരിപ്പിച്ചത്. കൈറോ സര്‍വകലാശാലയിലെ രണ്ടു മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബുലാക്കില്‍ നിന്നുള്ള കരിമ എന്ന പെണ്‍കുട്ടിയ്ക്ക്, സമാലെക്കില്‍ നിന്നുള്ള കായികാഭ്യാസിയും മറ്റുള്ളവരാല്‍ ആരാധിക്കപ്പെടുന്നവനും സമ്പന്നനുമായ ഹംദിയോടാണ് പ്രണയമുള്ളത്. ദരിദ്രയായ കാമുകിയും ധനികനായ കാമുകനും എന്ന, നമുക്കും പരിചിതമായ പ്രമേയം തന്നെയാണിത്. രണ്ടു പേരുടെയും വീടുകളുടെയും അവ നിലനില്ക്കുന്ന സ്ഥലങ്ങളുടെയും വിശദാംശങ്ങളിലൂടെ അവരുടെ സമ്പദ് നിലയും മറ്റും അനാവരണം ചെയ്യപ്പെടുന്നു. എന്നാല്‍, കാമുകനില്‍ നിന്ന് ഇതെല്ലാം ഒളിപ്പിച്ചു വെക്കുന്നതിന് കാമുകി, അലക്കുകടയില്‍ നിന്നും മറ്റും ശേഖരിക്കുന്ന വില കൂടിയ ഉടുപ്പുകള്‍ അണിഞ്ഞാണ് അവനു മുന്നിലെത്തുന്നത്. പല പ്രതിസന്ധികളും ഉടലെടുക്കുന്നുണ്ടെങ്കിലും അവസാനം എല്ലാം കലങ്ങിത്തെളിയുന്നു. യഥാര്‍ത്ഥത്തില്‍, ഹംദിയുടെ പിതാവും ബുലാക്കുകാരനായിരുന്നു. സ്വപ്രയത്‌നത്തിലൂടെ ധനികനായി മാറിയ ആളായിരുന്നു അയാള്‍. ആധുനികതയെ അഭിമുഖീകരിക്കുന്ന ഒരു സമൂഹത്തിന്റെയും സമുദായത്തിന്റെയും അന്ത:സംഘര്‍ഷങ്ങളാണ് വാസ്തവത്തില്‍ ഇത്തരം പ്രമേയങ്ങളിലൂടെ സിനിമ രേഖപ്പെടുത്തുന്നത്.

ആദ്യകാലത്തു തന്നെ ഈജിപ്ഷ്യന്‍ സിനിമയില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ധനികരും ദരിദ്രരും തമ്മിലുള്ള തര്‍ക്കങ്ങളും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വിലക്കപ്പെട്ടിരുന്നു. ഈ വിലക്കുകളെ മറികടക്കുന്നതിന് സര്‍ഗാത്മകവും മാധ്യമപരവുമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ ചലച്ചിത്രകാരര്‍ക്കുണ്ടായ മികവിന്റെ കൂടി ചരിത്രമാണ് ഈജിപ്ഷ്യന്‍ സിനിമയുടേത്. സിനിമ വിനിമയം ചെയ്യുന്ന ദേശീയ പ്രത്യയശാസ്ത്രം, യാഥാര്‍ത്ഥ്യത്തിന്റെ വ്യാഖ്യാനം ജനങ്ങള്‍ക്കായി പകര്‍ന്നു നല്‍കി. പരമ്പരാഗതമായി നിലനിന്ന അനുസരണയുടെ ശീലങ്ങളില്‍ നിന്ന് മാറി ക്രിയാത്മകതയുള്ള പൗരരായി ആത്മാഭിമാനം കൈവരിക്കുക എന്നതായിരുന്നു ആ സിനിമകളുടെ സന്ദേശം. ബഹുജനങ്ങള്‍ക്കിടയില്‍ ഐക്യവും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കുക എന്ന സദുദ്ദേശ്യവും അതിനുണ്ടായിരുന്നു.

ലോ കുന്ത് ഖനിയില്‍, ഹാര എന്ന പേരിലറിയപ്പെടുന്ന കൈറോവിലെ നഗരവാസകേന്ദ്രങ്ങളിലെ കോഫി ഷോപ്പുകള്‍ കാണാം. ഇവിടെ ധാരാളം ആളുകള്‍ ഒന്നിച്ചിരിക്കുകയും പല തരം വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. മഹ്‌റൂസിന്റെ ബാര്‍ബര്‍ ഷോപ്പിലെത്തുന്ന തൊഴിലാളികള്‍ അവരുടെ ആവലാതികല്‍ മഹ്‌റൂസുമായി പങ്കു വെക്കുകയും അയാളില്‍ നിന്ന് പരിഹാരനിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്യുന്നു. സമാലെക്കിലെ ധനിക കേന്ദ്രങ്ങളിലാകട്ടെ, കാസിനോകളും നിശാനൃത്തശാലകളുമാണുള്ളത്. യൂറോപ്യന്‍ വസ്ത്രങ്ങളണിഞ്ഞ് പ്രൗഢിയോടെ കടന്നു വരുന്നവര്‍ ബീറും വിസ്‌ക്കിയും നുണഞ്ഞ് വൈദേശിക ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും നൃത്തച്ചുവടുകള്‍ വെക്കുകയും ചെയ്യുന്നു.

കോഫി ഷോപ്പുകള്‍ പോലെ തന്നെ ശിഷാ ഷോപ്പുകളും കൈറോവില്‍ നിറയെ ഉണ്ട്. പുകവലിക്കാര്‍ ഹുക്ക വലിക്കുന്നത് ഇവിടെ നിന്നാണ്. ബുലാക്കിലെ ദരിദ്രവര്‍ഗക്കാര്‍ നാടന്‍ പാട്ടുകളും ബെല്ലിഡാന്‍സും ആണ് വിനോദോപാധിയാക്കുന്നതെങ്കില്‍, അപ്പുറത്തുള്ള ധനികര്‍ പാശ്ചാത്യ നൃത്തങ്ങളിലും യൂറോപ്യന്‍ സംഗീതത്തിലും ആണ് മുഴുകുന്നത്. സാധാരണക്കാരായ കൈറോ നിവാസികള്‍ പൊതുവെ മാപ്പു കൊടുക്കുന്നവരും സകലതിനെയും ഉള്‍ക്കൊള്ളുന്നവരുമാണ് എന്ന കാര്യവും സിനിമകളില്‍ നിന്ന് കണ്ടെടുക്കാം. ഏതാനും മാസങ്ങളായി അവിടെ ഉള്ള ലുഖ്മാന്റെ അനുഭവവും ഇതു തന്നെയാണ്.

(അടുത്ത ലക്കത്തില: സിനിമാറ്റിക് കൈറോ രണ്ടാം ഭാഗം)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.