സമൂഹ അടുക്കള, സർക്കുലർ ഇക്കോണമി: ചെറിയ വികസനത്തിന് വീണ്ടും ഒരു വോട്ട്
പൊന്നാനി സമൂഹ അടുക്കളയുടെ മാതൃകയിൽ മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്തു കാലടിയിൽ തുടങ്ങിയ സമൂഹ അടുക്കള പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസമായി. കേരളത്തിൽ അദൃശ്യമായ ദാരിദ്ര്യം പരക്കെ ഉണ്ട് എന്നതിന്റെ തെളിവായി വീട്ടിൽ ഭക്ഷണമുണ്ടാക്കി വിൽക്കുന്ന സംരംഭങ്ങൾ നാട്ടിലുടനീളം ആരംഭിച്ച കാലം കൂടിയാണിത്. കാലടിയിലെ സംരംഭവും വ്യത്യസ്തമല്ല. വീട്ടുജോലിക്കും മറ്റു ചെറിയ പുറം പണികൾക്കും പോകുന്ന സ്ത്രീകളാണ് ഈ സംരംഭത്തിലും ഉള്ളത്.
ഈ സംരംഭവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മുന്നിൽ വന്ന ചില കാര്യങ്ങൾ- അവ വിശാല കേരള സമൂഹത്തിന് അറിയേണ്ടവയും പ്രസക്തവുമാണ് എന്ന തോന്നലിൽ – കുറിക്കുകയാണ് ഇവിടെ.
അടുക്കള തുടങ്ങിയപ്പോൾ മനസ്സിലായി, ഈ പ്രദേശത്ത്, ഒരു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ തന്നെ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന ചെറു സംരംഭങ്ങൾ- മിക്കവാറും വീട്ടിൽ പാകം ചെയ്ത് അഞ്ചോ പത്തോ പേർക്ക് ഭക്ഷണം എത്തിച്ചു നൽകി ചെറിയ വരുമാനമുണ്ടാക്കുന്ന ഏർപ്പാടുകൾ- പത്തോളം ഉണ്ട് എന്ന്. എന്റെ വീടിരിക്കുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ, കാലടി അങ്ങാടിയുടെ സമീപത്തായി ഒരു വീട്ടമ്മ ഇങ്ങനെ ഉപജീവനം കഴിക്കുന്നുണ്ട്. അവരുടെ വീട്ടിൽ തൊട്ടടുത്ത കോളേജിലെ കുറച്ചു പെൺകുട്ടികളെ താമസിപ്പിക്കുന്നു, അവർക്ക് ഭക്ഷണവും നൽകുന്നു. അതാണ് അവരുടെ ഏക ഉപജീവനമാർഗ്ഗം. രണ്ടു കിലോമീറ്റർ വിപരീത ദിശയിൽ പോയാൽ പാറപ്പുറം അങ്ങാടിയായി. അടുത്ത കാലം വരെ തൊട്ടടുത്ത ബസ് റൂട്ട് അവിടെ വരെ മാത്രമായിരുന്നു. ആ പരിസരത്ത് ഒരു ചെറുപ്പക്കാരൻ സദ്യക്ക് ബിരിയാണി ഉണ്ടാക്കി വിൽപ്പന നടത്തി ജീവിക്കുന്നു. 200 മീറ്റർ കൂടി മാറിയാൽ കാടഞ്ചേരി സർക്കാർ സ്കൂൾ ഉണ്ട്. അതിനു മുൻപിൽ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന മറ്റൊരു അടുക്കള പ്രവർത്തിക്കുന്നു. ഇനി അൽപ്പം മാറി പൊന്നാനി താലൂക്ക് ഓഫീസിലേക്ക് ഭക്ഷണം നൽകുന്ന ഒരു കുടുംബം വേറെ ഉണ്ട്. ഇങ്ങനെ ഒട്ടനവധി മൈക്രോ കിച്ചൻ സംരംഭങ്ങൾ. തൊഴിൽ, വരുമാനം, ഉപജീവനം, ദാരിദ്ര്യം, തുടങ്ങിയ ചില കാതലായ പ്രശ്നങ്ങൾ കേരളത്തിൽ ഏറെക്കുറെ പരിഹരിച്ചു എന്ന് കരുതുന്നവരാണ് നമ്മളിൽ അധികവും. അത് അങ്ങനെ തന്നെയാണോ എന്ന ചോദ്യമാണ് ഈ ഭക്ഷണ കുടിൽ വ്യവസായ സംരംഭങ്ങൾ നമ്മോടു ചോദിക്കുന്നത്.
നാട്ടിൽ വിദ്യാഭ്യാസം കുറവായ, ആരോഗ്യമുള്ള പുരുഷന്മാരെല്ലാം കൺസ്ട്രക്ഷൻ വർക്കേഴ്സ് ആണ്. അല്ലെങ്കിൽ, മണ്ണിടിക്കൽ, മണൽ വാരൽ വ്യവസായങ്ങളുടെ ഭാഗമാണ്. (മറ്റു ലാഭകരമായ തൊഴിൽ മേഖലകൾ സർക്കാർ വികസിപ്പിക്കാത്തതിനാൽ ആണ്). കേരളത്തിൽ മഴക്കാലം മാസങ്ങളോളം നീണ്ടുപോകുന്ന ഈയടുത്ത വർഷങ്ങളിൽ, അത്രയും മാസക്കാലം അവസാനിക്കാത്ത ‘കർക്കിടകക്കെടുതി’ നേരിടുകയാണ് അവരുടെ കുടുംബങ്ങൾ. കോവിഡിന് ശേഷമുള്ള നാടിൻറെ സാമ്പത്തിക ചിത്രം അകത്തൊന്നും, പുറത്തു മറ്റൊന്നുമാണ്. സമ്പന്നതയുടെ പുറംകാഴ്ചകൾ ആളുകൾ എങ്ങനെയൊക്കെയോ നിലനിർത്തുന്നു എന്നുമാത്രം.
പൊന്നാനി സമൂഹ അടുക്കള കോവിഡ് കാലത്താണ് തുടങ്ങിയത്. രണ്ടോ മൂന്നോ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യുന്നു. പ്രഭാത ഭക്ഷണവും ഉച്ചയൂണിനുള്ള കറികളും രാവിലെ എട്ടു മണിക്ക് തന്നെ വീട്ടിൽ എത്തിച്ചു നൽകുന്നു. ഒരാൾക്ക് ഒരു ദിവസം ഈ ഭക്ഷണത്തിനു നൽകേണ്ട വില നൂറു രൂപയാണ്. അടുക്കളയുടെ മുഖ്യ സംഘാടകനായ രമേഷുമായി സംസാരിച്ചപ്പോൾ മനസ്സിലായത് അഞ്ചു വീട്ടിൽ ഭക്ഷണം സ്ഥിരമായി നൽകിയാൽ (ഒരു വീട്ടിൽ ശരാശരി മൂന്നു പേർ എന്ന് കണക്കാക്കുക) ഒരു മാസം രണ്ടു സ്ത്രീകൾക്ക് ഒരു പതിനായിരം രൂപയ്ക്കടുത്തു വരുമാനം ഉണ്ടാക്കാം. ഇതേ മാതൃകയാണ് കാലടി സമൂഹ അടുക്കള ആരംഭിച്ചപ്പോൾ ഞങ്ങളും സ്വീകരിച്ചത്.
സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കുക മാത്രമല്ല, അടുക്കളയിലെ കാണാപ്പണിയായി (വില കാണക്കാക്കാത്ത ജോലി) തുടരുന്ന പാചകത്തെ മൂല്യമുള്ള ഒരു ഉത്പാദനപ്രവർത്തനമായി ഇത്തരം അടുക്കളകൾ പരിവർത്തനം ചെയ്യുന്നു. അതിന് വില നിശ്ചയിക്കുന്നു. ഇത്ര കാലം ഞാൻ ചെയ്ത അടുക്കള ജോലിക്ക് നിങ്ങൾ എനിക്ക് പ്രതിദിനം നൂറു രൂപ തരേണ്ടതായിരുന്നു എന്ന് ഒരു സ്ത്രീക്ക് പറയാൻ സാധിക്കുന്ന വിധത്തിൽ സ്വന്തം അടുക്കള ജോലിയുടെ മൂല്യം തിരിച്ചറിയാൻ അത് വീട്ടമ്മമാരെ പ്രാപ്തരാക്കുന്നു. മറ്റു കുടുംബാംഗങ്ങളെയും ഇക്കാര്യം ഓർമ്മപ്പെടുത്തുന്നു. വീട്ടമ്മമാർ വീട്ടിലും അടുക്കളയിലും ചെയ്യുന്ന ജോലികളെ രാജ്യത്തിന്റെ ജി.ഡി.പി. യിലേക്ക് നൽകുന്ന സംഭാവനയായി, മൂല്യമുള്ള ഒരു തൊഴിലായി സർക്കാരുകൾ കാണണം എന്ന കൂടുതൽ വലിയ ഒരു ഓർമ്മപ്പെടുത്തൽ കൂടി ഈ സംരംഭത്തിലുണ്ട്.
സ്ത്രീകൾ വീട്ടിലും അടുക്കളയിലും ചെയ്യുന്ന പാചകം, വൃത്തിയാക്കൽ, കുട്ടികളെ നോക്കൽ തുടങ്ങിയ ജോലികൾക്കു വേതനം നൽകണം എന്ന ചിന്ത/ആവശ്യം പുതിയതല്ല. പല രാജ്യങ്ങളും അത് ചർച്ച ചെയ്തിട്ടുണ്ട്, ചില രാജ്യങ്ങൾ നടപ്പാക്കാനുള്ള ആലോചനകൾ തുടരുന്നുമുണ്ട്. സ്വീഡൻ, നോർവെ പോലുള്ള രാജ്യങ്ങൾ സ്ത്രീകൾക്ക് ഒരു വർഷത്തോളം പ്രസവാവധി നൽകുന്നത് ഇതേ പശ്ചാത്തലത്തിലാണ്. 2018 ൽ ഇറ്റലിയിൽ വീട്ടമ്മമാർക്ക് സർക്കാർ ശമ്പളം നൽകണം എന്നാവശ്യപ്പെട്ട് വിപുലമായ പ്രചാരണവും പ്രക്ഷോഭവും സ്ത്രീ സംഘടനകളും പൗരാവകാശ സംഘടനകളും നടത്തിയിരുന്നു. ശമ്പളം നൽകിയില്ലെങ്കിലും, ഏറ്റവും ചുരുങ്ങിയത് ഒരു രാജ്യത്തിന്റെ ജി.ഡി.പി. കണക്കാക്കുമ്പോൾ ഈ ജോലിയുടെ മൂല്യം അതിൽ കൂട്ടിച്ചേർക്കുകയെങ്കിലും വേണം എന്ന ആവശ്യം പരക്കെ നിലനിൽക്കുന്നുണ്ട്. വീട്ടമ്മമാർക്ക് വരുമാനം മാത്രമല്ല, അവർ ചെയ്യുന്ന ജോലിയുടെ മാന്യത ഉയർത്തുന്ന നടപടി കൂടിയാവും അത്. നിലവിൽ ഒരു വീട്ടമ്മ ചെയ്യുന്ന ജോലിയെ ആരും വകവെക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ജോലി ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മിക്കവാറും എല്ലാ വീട്ടമ്മമാരും നൽകുന്ന സ്ഥിരം മറുപടി, “ഇല്ല, ഹൌസ് വൈഫ് ആണ്,” എന്നാണല്ലോ. പുരുഷന്മാരോട് ഭാര്യ ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാലും സമാനമായ മറുപടി ലഭിക്കാറുണ്ട്.
സമൂഹ അടുക്കളയിലേക്ക് തിരികെ വരാം. പൊന്നാനി സമൂഹ അടുക്കള ഭക്ഷണ വിതരണത്തിലും സാമൂഹികവും സാമ്പത്തികവുമായ സ്ത്രീ ശാക്തീകരണത്തിലുമാണ് ഊന്നുന്നത്. കാലടിയിൽ ഇപ്പോൾ ആരംഭിച്ച സമൂഹ അടുക്കള ഒരു പടി കൂടി മുന്നോട്ടു പോകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ഇവിടെയാണ് സർക്കുലർ ഇക്കോണമി എന്ന സങ്കല്പം കടന്നുവരുന്നത്. അത് പാരിസ്ഥിതികമായ ഒരു മാനം സമൂഹ അടുക്കളക്ക് നൽകുന്നു. പ്രത്യേകിച്ചും കാലാവസ്ഥ മാറ്റവും പരിസ്ഥിതി നാശവും മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഇക്കാലത്ത്. ഇപ്പോൾ പൊന്നാനിയിലായാലും കാലടിയിലായാലും പച്ചക്കറി, വിപണിയിൽ നിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പകരം നാട്ടിലെ കർഷകരിൽ നിന്ന് പച്ചക്കറിയും പാലും വാങ്ങാൻ കൃഷിക്കാരുടെ ഒരു ശൃംഖല ഉണ്ടാകണം. അടുക്കളയിൽ ഉണ്ടാകുന്ന അവശിഷ്ടം കമ്പോസ്റ്റ് ആക്കി മാറ്റണം. കന്നുകാലികൾക്ക് തിന്നാവുന്ന അവശിഷ്ടങ്ങൾ തരം തിരിച്ച് അടുക്കളക്ക് പാൽ വിൽക്കുന്ന കർഷകർക്ക് തിരികെ നൽകണം. അവരുടെ കന്നുകാലികളുടെ ചാണകം പച്ചക്കറി കൃഷിക്ക് ഉപകരിക്കണം. ഒപ്പം ഈ ചാണകം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് സമൂഹ അടുക്കളയിലെ ഇന്ധനമാകണം. അങ്ങനെ സീറോ വേസ്റ്റ് അഥവാ പൂജ്യം മാലിന്യം എന്ന ആശയം നടപ്പാക്കണം. അടുക്കളയിലേക്ക് ആവശ്യമായ കുറച്ചു ഉത്പന്നങ്ങൾ ഈ പ്രദേശത്തെ തന്നെ സ്ത്രീകൾ ഉത്പാദിപ്പിക്കണം. ഉദാഹരണത്തിന് പുട്ടുപൊടി, ഗോതമ്പുപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ. അങ്ങനെ ഈ ഉത്പാദന ശൃംഖലയിലെ പണം മുഴുവൻ ഈ ഗ്രാമത്തിൽ തന്നെ ചാക്രികമായി ഒഴുകിക്കൊണ്ടിരിക്കണം. ഒപ്പം കൂടുതൽ ഹോം മേഡ് ഉത്പന്നങ്ങൾ- ആരോഗ്യകരവും മായം ചേർക്കാത്തതുമായവ, വൻകിട ബ്രാൻഡുകൾക്കു ബദൽ നിൽക്കുന്നവ – ഗ്രാമവാസികൾക്ക് ഈ സംരംഭങ്ങളിൽ നിന്ന് ലഭിക്കണം.
വിപണിയാണ് നമ്മെ ഭരിക്കുന്നത്. വിപണി തീരുമാനിക്കുന്നതനുസരിച്ചാണ് നമ്മുടെ ആവശ്യങ്ങൾ പോലും പാകപ്പെടുന്നത്. ആ വലിയ വിപണിയിൽ നിന്നുള്ള ഒരു കുതറൽ കൂടിയാണ് ഈ മൈക്രോ ഉത്പാദന-വിപണന സംവിധാനങ്ങൾ. വലിയ ഡെലിവറി ചാർജ് ഈടാക്കി ഉപഭോക്താക്കളെയും, വളരെ തുച്ഛമായ ശമ്പളം നൽകി ഡെലിവറി നടത്തുന്ന അസംഘടിത തൊഴിലാളികളെയും ചൂഷണം ചെയ്യുന്ന, നമുക്കെല്ലാം അറിയാവുന്ന ഫുഡ് ഡെലിവറി ആപ്പുകൾക്കു ബദൽ കൂടിയാണ് ഇത്തരം മൈക്രോ ഭക്ഷണ സംരംഭങ്ങൾ. ഡെലിവറി ചെയ്യുന്നത് നാട്ടിൽ ബൈക്ക് കൈവശമുള്ള കോളേജ് വിദ്യാർത്ഥികളും ചെറുപ്പക്കാരും മറ്റുമാണ്. അവർക്ക് രാവിലെ അര മണിക്കൂർ ഡെലിവറി ജോലി തീർത്ത ശേഷം കോളേജിൽ പോകാം, അല്ലെങ്കിൽ മറ്റു ജോലികൾക്കു പോകാം.
Small Is Beautiful: A Study of Economics As If People Mattered എന്ന പുസ്തകം 1973 ൽ ജർമ്മൻ-ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധൻ ഇ.എഫ്. ഷുമാക്കർ എഴുതിയതാണ്. ജർമ്മനിയിൽ നിന്ന് റോഡ്സ് സ്കോളർ എന്ന പരമോന്നത സ്കോളർഷിപ്പ് നേടി ഇംഗ്ലണ്ടിലെത്തി ഓക്സ്ഫോഡിൽ സാമ്പത്തിക ശാസ്ത്രം പഠിച്ചു. ന്യുയോർക്കിലെ കൊളംബിയ സർവകലാശാലയിൽ സാമ്പത്തികശാസ്ത്ര പ്രൊഫസറായി കുറേക്കാലം ജോലി ചെയ്ത ശേഷം ഷുമാക്കർ ബിസിനസ്സുകാരനും കൃഷിക്കാരനുമായി. മാധ്യമപ്രവർത്തകനായും ജോലി ചെയ്തു. സാമ്പത്തിക ശാസ്ത്രം അക്കാദമികമായി മാത്രമല്ല, പ്രായോഗികമായും മനസ്സിലാക്കിയാലേ ശരിയായ ഉൾക്കാഴ്ച ഈ വിഷയത്തിൽ ഉണ്ടാകൂ എന്ന വിശ്വാസമാണ് ഈ തൊഴിൽ മാറ്റങ്ങൾക്കു പിന്നിൽ ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഗ്രാമീണ വികസന രംഗത്ത് അനവധി രാജ്യങ്ങൾ ഷുമാക്കറെ ഉപദേശകനാക്കി. ഇന്നും അദ്ദേഹം മുന്നോട്ടു വെച്ച ഗ്രാമീണ വികസന മാതൃക ലോകം പിന്തുടരുന്നു. Small Is Beautiful എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ കേരളത്തിലെ പുരോഗമന പക്ഷം അന്ന് സംശയത്തോടെയാണ് കണ്ടത് എന്ന് ഓർമ്മിക്കുന്നു. വർഗ്ഗ സമരത്തിന് പുറത്തുനിൽക്കുന്ന സാമ്പത്തിക ശാക്തീകരണ ഇടപെടലുകളെ അന്നൊന്നും ഇടതുപക്ഷവും അംഗീകരിച്ചിരുന്നില്ല. എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പ്രസിദ്ധീകരിച്ച, ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പുസ്തകങ്ങളുടെ ടൈംസ് ലിറ്റററി സപ്ലിമെന്റ് പട്ടികയിൽ ഈ പുസ്തകം ഇടം നേടി.

ഓരോ രാജ്യവും, ഓരോ സമൂഹവും ഉയർത്തിക്കൊണ്ടേയിരിക്കുന്ന ആ ഉച്ചത്തിലുള്ള മുദ്രാവാക്യം, “വളർച്ച, വളർച്ച, വളർച്ച!!” അതിന്റെ അർത്ഥമെന്താണ്? എന്ന കാതലായ ചോദ്യം ഷുമാക്കർ ഉന്നയിച്ചു. ഓരോ സാധാരണക്കാരനും ഒരു രാജ്യത്തിന്റെ വളർച്ചയുമായുള്ള ബന്ധമെന്താണ്? ആ വളർച്ചയുടെ നേട്ടം അവർക്കെന്താണ്?
നേരത്തെ സ്ത്രീകളുടെ അധ്വാനം കണക്കിൽ പെടാതെ പോകുന്നു എന്ന് പറഞ്ഞതുപോലെ തന്നെ പരിസ്ഥിതിയുടെ മേൽ വരുന്ന ആഘാതം, ഭൂമി, വെള്ളം, തുടങ്ങിയ പൊതു വിഭവങ്ങളുടെ ശോഷണം, എന്നിവ ഉത്പാദന ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കിൽ പെടുന്നില്ല എന്ന വസ്തുത കൂടിയാണ് ഷുമാക്കറുടെ വാദങ്ങളിലൂടെ തെളിഞ്ഞുവന്നത്. ഒപ്പം ഓരോ സാധാരണക്കാരന്റെയും ജീവിതം മെച്ചപ്പെട്ടോ എന്ന പരിശോധനയും നമ്മുടെ സാമ്പത്തിക കണക്കെടുപ്പുകളുടെ ഭാഗമാവണം എന്നതും.
വലുപ്പത്തിനെ ആരാധിക്കുന്നവരാണ് നമ്മൾ എന്ന് ഷുമാക്കർ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടി. വലിയ ഫാക്ടറികൾ, കെട്ടിടങ്ങൾ, പാലങ്ങൾ, ഫാമുകൾ, യന്ത്രങ്ങൾ, എല്ലാം നമ്മുടെ വിസ്മയവും ആദരവും പിടിച്ചുപറ്റുന്നു. അദ്ദേഹം അതിനെ ജയന്റിസം എന്ന് വിളിച്ചു. “ജയന്റിസത്തിന്റെ വിഗ്രഹാരാധകരാണ് നമ്മൾ,” ഷുമാക്കർ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ ചെറുതിന്റെ മൂല്യം വീണ്ടും തിരിച്ചുകൊണ്ടുവരണം എന്നും. ഒരു തരത്തിൽ ഗാന്ധിയൻ ഗ്രാമ സ്വരാജിന്റെ പാശ്ചാത്യ പകർപ്പായിരുന്നു ഷുമാക്കറിന്റെ ചിന്ത. സുസ്ഥിര വികസനം എന്ന് ഇന്ന് നമ്മൾ വിളിക്കുന്ന സങ്കൽപ്പത്തിന്റെ വിത്ത് അതിലൊക്കെയാണ് മുള പൊട്ടിയത്. അങ്ങനെ ചിന്തിക്കുമ്പോൾ, ഒരു ചെറിയ സമൂഹ അടുക്കള സുസ്ഥിര വികസന മാതൃകയുടെ ഒരു ചെറിയ അലക് ആയിത്തീരുന്നു. കൃഷി അതിന്റെ അടുത്ത അലക്. സ്ത്രീകളുടെ കാണപ്പണിയുടെ മൂല്യവത്കരണം അടുത്തത്. അങ്ങനെ ചെറിയ അലകുകൾ ചേർത്തുവെച്ച് ഒരു സാമ്പത്തികചക്രം രൂപപ്പെടുന്നു. ഇത്തരം ചക്രങ്ങൾ ശരിയായി കൂട്ടിച്ചേർത്താൽ നാടിനെ മുഴുവൻ വഹിച്ചുകൊണ്ടുപോകുന്ന ഒരു വണ്ടി പോലെ അതിന് ഉരുളാൻ കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന, ആരെയും പിന്നിൽ ഉപേക്ഷിക്കാത്ത ഒരു വികസന സങ്കല്പം.

ഈ ചെറിയ കാര്യങ്ങൾ കൊണ്ട് നാട് മുന്നേറുമോ എന്ന് സംശയം തോന്നാം. രണ്ട് ഉദാഹരണങ്ങൾ പറയാം. അമേരിക്കയിൽ കാലാവസ്ഥാ മാറ്റത്തെ നേരിടാൻ അടുത്തകാലം വരെ നടപ്പാക്കിയതും, ഏറ്റവും പണം വകയിരുത്തിയതുമായ സർക്കാർ പദ്ധതികളിൽ ഒന്ന് ,കൃഷിയിടങ്ങളിൽ മണ്ണിനെ പൂർണ്ണമായി ആവരണം ചെയ്യുന്ന ആവരണ വിളകൾ (cover crops) കൃഷി ചെയ്യാൻ ആയിരുന്നു. കൃഷിക്കാർക്ക് ആവരണ വിള കൃഷി ചെയ്യാൻ ഈ പണം സർക്കാർ നൽകുകയാണ് ചെയ്യുന്നത്. മണ്ണിൽ ചെടികൾ നിക്ഷേപിക്കുന്ന കാർബൺ അന്തരീക്ഷവുമായി സമ്പർക്കത്തിൽ വന്നാൽ കാർബൺ ഡയോക്സൈഡായി മാറും. അന്തരീക്ഷത്തിലേക്ക് രക്ഷപ്പെടുകയും ചെയ്യും. അപ്പോൾ ആഗോള താപനം കൂടും. പകരം കാർബൺ മണ്ണിൽ തന്നെ തുടരാൻ മണ്ണിനെ ആവരണം ചെയ്തു സൂക്ഷിക്കുക എന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രം. ഈ ചെറിയ കാര്യത്തിനു വേണ്ടി വലിയ തുക ചെലവാക്കി അമേരിക്ക കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ശ്രമിക്കുന്നു. മറ്റു പല നടപടികളോടൊപ്പം.
രണ്ടാമത്തെ ഉദാഹരണം ഡെന്മാർക്കിന്റേതാണ്. കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ 2023 ൽ ഒന്നാമതെത്തിയ രാജ്യമാണ് ഡെന്മാർക്ക്. ജർമ്മനിക്ക് വടക്ക്, അറ്റ്ലാന്റിക് സമുദ്രം ആർക്ടിക് സമുദ്രത്തോടടുത്തു ചെല്ലുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന, ഗ്രീൻലാൻഡ് കൂടി ഉൾപ്പെടുന്ന ഈ രാജ്യത്ത് സ്വാഭാവികമായും വർഷത്തിന്റെ വലിയൊരു പങ്കും കൊടും തണുപ്പാണ്. അവിടെ കന്നുകാലികളുടെ ചാണകം, മരപ്പൊടി പോലുള്ള ജൈവ വസ്തുക്കൾ (biomass) ഉപയോഗിച്ചുണ്ടാക്കുന്ന ഊർജ്ജം ഉപയോഗിച്ചാണ് പൂർണ്ണമായും നഗരങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും ചൂട് നിലനിർത്തുന്നതും വലിയൊരു പങ്ക് മറ്റു ഇന്ധനാവശ്യങ്ങൾ നിറവേറ്റുന്നതും. ചെറിയ കാര്യത്തിലൂടെ നേടുന്ന പൂർണ്ണമായ അർബൻ ഹീറ്റിങ്.
ഇന്ത്യ ജി.ഡി.പി. യിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ തീവണ്ടിപ്പാലങ്ങൾ ലോകത്തെ അതിശയിപ്പിക്കുന്നത്ര വലിയവയാണ്. ഇന്ത്യയുടെ പാർലിമെന്റ് മന്ദിരം ലോകത്തെ നാലാമത്തെ ഏറ്റവും വലിയ പാർലിമെന്റ് മന്ദിരമാണ്. നമ്മുടെ സമ്പദ്വ്യവസ്ഥ ലോകത്തു യു.കെ. യെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയിരിക്കുന്നു. മാത്രമല്ല ജെർമനിയെയും ജപ്പാനെയും മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആകാൻ പോകുന്നു. എന്നിട്ടും എന്റെ ഗ്രാമത്തിൽ, കാലടിയിൽ, ഒരു പത്തു കുടുംബമെങ്കിലും വീട്ടിലോ, അല്ലെങ്കിൽ മൈക്രോ കിച്ചണുകളിലോ ഭക്ഷണം ഉണ്ടാക്കി വിറ്റു ജീവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?
ഭൂട്ടാൻ 2008ൽ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന്റെ വളർച്ച കണക്കാക്കുന്നതിനു പകരം ഗ്രോസ് നാഷണൽ ഹാപ്പിനെസ്സ് (ജി.എൻ.എസ്) എന്ന വളർച്ചാ തത്വം സ്വീകരിച്ചതും സമാനമായ ആലോചനകൾ അടിസ്ഥാനമാക്കിയാണ്. എല്ലാ രാജ്യങ്ങളും ഭൂട്ടാന്റെ മാതൃക സ്വീകരിക്കണം എന്ന് പിന്നീട് ഐക്യ രാഷ്ട്ര സഭ ആഹ്വാനം ചെയ്തു. പല രാജ്യങ്ങളും സംസ്ഥാനങ്ങളും പ്രവിശ്യകളും നഗരങ്ങളും ലോകത്തുടനീളം ഇന്ന് ജി.എൻ.എസ് സർവേകൾ നടത്താറുണ്ട്. സമത്വവും, പരിസ്ഥിതി സന്തുലനവുമുള്ള സാമ്പത്തിക വളർച്ച, നല്ല ഭരണം, സാംസ്കാരികമായ മുന്നേറ്റം, എല്ലാവർക്കും ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം, വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള സൗഹാർദ്ദം, സാമൂഹികമായ ഉണർവ്വ് എന്നിവയെല്ലാം കണക്കാക്കിയാണ് ഗ്രോസ് നാഷണൽ ഹാപ്പിനെസ്സ് കണക്കാക്കുന്നത്.
ലോകത്തെ രണ്ടു പ്രധാനപ്പെട്ട മുഖ്യധാരാ സാമ്പത്തിക ശാസ്ത്ര ധാരകളായ മുതലാളിത്തവും മാർക്സിയൻ സാമ്പത്തിക ചിന്തയും ഒരു പോലെ സ്വീകരിച്ചാരാധിച്ച ദൈവമാണ് ‘വലുത്’. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ചെറുതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരേയൊരു രാഷ്ട്രീയ നേതാവ് തോമസ് ഐസക് ആയിരിക്കാം. എം.എൽ.എ. എന്ന നിലയിലും ധനമന്ത്രി എന്ന നിലയിലും മാരാരിക്കുളത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന മാതൃക, ചെറുതുകളുടെ ഒരു ശൃംഖലയായിരുന്നു. പഞ്ചായത്ത് ഒരുക്കിക്കൊടുത്ത പൊതു ഉത്പാദന കേന്ദ്രത്തിൽ സ്ത്രീകളുടെ സംഘങ്ങൾക്ക് വന്നു അവർക്കു ഇഷ്ടമുള്ള ഗ്രാമീണ ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള സൗകര്യം, കൃഷിക്കാരുടെ ജൈവ കൃഷി സംരംഭത്തിൽ ഉപഭോക്താവ് മുതൽ മുടക്കുകയും, കൃഷിയിടത്തിൽ നേരിട്ട് ചെന്ന് പച്ചക്കറി സ്വയം പറിച്ചെടുത്തു മടങ്ങുകയും ചെയ്യാൻ കഴിയുന്ന ജൈവകൃഷി സംരംഭങ്ങൾ, വികേന്ദ്രീകൃതമായ മാലിന്യ സംസ്കരണ മാതൃകയായ തുമ്പൂർമൂഴി കമ്പോസ്റ്റിന് തോമസ് ഐസക് നൽകിയ പ്രോത്സാഹനം, അങ്ങനെ പല ഇടപെടലുകളും എടുത്തു പറയാനാകും. പക്ഷെ പിൽക്കാലത്തു കിഫ്ബിയിലൂടെയും, വായ്പ്പയെടുത്തു നടത്തുന്ന വൻകിട വികസന പദ്ധതികളിലൂടെയും ആഗോള വിപണിയിൽ ചൂതാട്ടം നടത്തിയും, കടമെടുത്തും മുന്നേറുന്ന ഒരു സാമ്പത്തിക മാതൃകക്കാണ് തോമസ് ഐസക്കും നേതൃത്വം കൊടുത്തത്.

എന്തുകൊണ്ട് കേരളത്തിൽ ചെറുത് പ്രസക്തമാണ് എന്നതിന് പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ട ഒരുതരം കൂടിയുണ്ട്. ജനസംഖ്യ കൂടുതലുള്ള, ഭൂമി കുറവുള്ള സംസ്ഥാനമാണ് നമ്മുടേത്. വലിയ വ്യവസായങ്ങൾ ഉണ്ടാക്കുന്ന സാമൂഹ്യ-പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മൾ മാവൂരിലും, പെരിയാർ കരയിലും ഒക്കെ അനുഭവിച്ചു. ലോകത്തുതന്നെ അപൂർവമായ അത്ര ജൈവവൈവിധ്യമുള്ള പശ്ചിമഘട്ട പ്രദേശമാണ് കേരളം. ഇവിടെ വളരുന്ന ഒരു ചെടി (ആരോഗ്യപ്പച്ച ഉദാഹരണം) ഒരു പക്ഷെ നാളെ ഏതെങ്കിലും മാറാരോഗത്തിനുള്ള മരുന്നാണെന്നു വന്നേക്കാം. ആ ജൈവവൈവിധ്യത്തെ ലോകത്തിനു വേണ്ടി തന്നെ സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. മാത്രമല്ല, ആരോഗ്യപ്പച്ച പോലുള്ള ചെടികൾ ഭാവിയിലെ സാമ്പത്തിക വളർച്ചയ്ക്കുള്ള ഉത്പന്നങ്ങളും, അവക്കുള്ള അസംസ്കൃത വസ്തുക്കളും കൂടിയായി മാറിയേക്കാം.
(നമ്മുടെ രാഷ്ട്രീയക്കാർ ആയുർവേദ ചികിത്സക്കു പോകുമ്പോൾ ഓർക്കണം, അവരെ ആസകലം ഉഴിയാൻ ഉപയോഗിക്കുന്ന ക്ഷീരബല തൈലത്തിലെ കുറുന്തോട്ടിയും, ധന്വന്തരം തൈലത്തിലെ ദശമൂലക്കൂട്ടിലെ കൂവളവും, പലകപ്പയ്യാനിയും, മുഞ്ഞയും, കുമ്പിളും, പാതിരിയും, കണ്ടകാരിയും, പുത്തിരിച്ചുണ്ടയും, ഓരിലയും, മൂവിലയും, ഞെരിഞ്ഞിലും ഒക്കെ ചേർന്നതാണ് കേരളത്തിന്റെ ജൈവവൈവിധ്യം. ഇവയിൽ പലതും വളരുന്ന ഇക്കോസിസ്റ്റം നമ്മുടെ നെൽപ്പാടങ്ങളാണ്. ഇതെല്ലാം കുറച്ചൊക്കെ ഇന്നും നിലനിൽക്കുന്നതുകൊണ്ടാണ് നിങ്ങളുടെയെല്ലാം ചികിത്സയും സുഖ ചികിത്സയും നടക്കുന്നത്.)
സ്വയം തോൽപ്പിക്കുന്ന വികസന മാതൃകകളിൽ വാശിയോടെ കാലുറപ്പിച്ചു നിൽക്കുക തന്നെയാണ് മനുഷ്യർ. കാലാവസ്ഥാ മാറ്റം പോലെ മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായ ഒരു വിപത്ത് വാതിൽക്കൽ എത്തിയിട്ടും അതിൽ ഒരു മാറ്റവുമില്ല. ഷുമാക്കർ ഉദ്ധരിച്ച 1966 ലെ കണക്കു നോക്കൂ- ലോകത്തെ ജനസംഖ്യയിൽ 31% വരുന്ന സമ്പന്നർ ആകെ ലോകത്തു ലഭ്യമായ ഇന്ധനത്തിന്റെ 87% ഉപയോഗിക്കുന്നു. ലോകജനസംഖ്യയുടെ 69% വരുന്ന ദരിദ്രർ ലോകത്തു ലഭ്യമായ ഇന്ധനത്തിന്റെ 13% ഉപയോഗിക്കുന്നു. രാജ്യങ്ങളുടെ ഫോസിൽ ഇന്ധന ഉപയോഗത്തെ കുറിച്ച് ചർച്ചകൾ നടക്കുന്ന ഇക്കാലത്തുപോലും സമ്പന്നർക്ക് ഒരു ഇന്ധന ടാക്സ് ഏർപ്പെടുത്തുന്ന കാര്യം ചർച്ചയായിട്ടില്ല. ബ്രിട്ടീഷ് സന്നദ്ധ സംഘടനയായ ഓക്സ്ഫാമിന്റെ പുതിയ പഠനപ്രകാരം ലോകജനസംഖ്യയുടെ പകുതിയായ ദരിദ്രരായ മനുഷ്യർ – അതായതു 3.5 ബില്യൺ ആളുകൾ- ആഗോളതാപനത്തിനു കാരണമാകുന്ന ഇന്ധനപ്പുകയുടെ 10% മാത്രമാണ് പുറത്തു വിടുന്നത്. വൻകിട വികസനത്തിന്റെ ഇത്തരം അനീതികൾക്കു ബദലായിട്ടാണ് വികേന്ദ്രീകൃതവും ചെറുതുമായ സംരംഭങ്ങൾ നിലകൊള്ളുന്നത്.
എന്താണ് ‘ചെറുതി’ലെ മെച്ചം? അത് പരിസ്ഥിതിക്ക് ചെറിയ ആഘാതമേ ഏൽപ്പിക്കുന്നുള്ളൂ. അത് അവിദഗ്ധ തൊഴിലാളികൾക്കു പോലും തൊഴിലവസരം നൽകും. അത് ആ ചെറിയ പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. സർവോപരി ദൂരേക്ക് യാത്ര ചെയ്തു ജോലി ചെയ്യാൻ സാഹചര്യമില്ലാത്ത, രോഗികളെയും വൃദ്ധരെയും കുട്ടികളെയും പരിചരിക്കുന്നവർ- അവർ മിക്കവാറും സ്ത്രീകളായിരിക്കും; അതുപോലെ ദൂരയാത്ര വിഷമമായ അംഗ വൈകല്യം ഉള്ളവർ; വൃദ്ധർ; തുടങ്ങിയവർക്കും ചെറിയ തൊഴിലും വരുമാനവും നൽകാൻ ഉതകും.
എല്ലായിടത്തും ചെറുത് കൊണ്ട് വലുതിനെ പകരം വെക്കാം എന്ന് സാമാന്യവത്കരിക്കുന്നില്ല. പക്ഷെ, വലുത് വേണം എന്ന് നമ്മൾ സാമാന്യ ബുദ്ധികൊണ്ട് ചിന്തിക്കുന്ന പല കാര്യങ്ങളിലും ചെറുത് മതിയാകും എന്നതാണ് സത്യം. ലോകത്ത് ചെറിയ സാമ്പത്തിക ഗതിമാറ്റങ്ങൾ പോലും കാതോർത്തു പിടിച്ചെടുക്കുന്ന, ലാഭം, ലാഭം എന്ന് മാത്രം ചിന്തിക്കുന്ന ഒരു വിഭാഗം കോർപ്പറേറ്റ് കമ്പനികൾ ആണല്ലോ. അവർ പോലും വികേന്ദ്രീകൃതമായ ഉത്പാദനം എന്ന ആശയം ഗൗരവമായി പരിഗണിക്കുന്ന കാലമാണിത്. വികേന്ദ്രീകൃതമായ പ്രവർത്തിക്കുന്ന കമ്പനികൾ, അവർ മത്സരിക്കുന്നതും, കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നതുമായ കമ്പനികളെക്കാൾ നന്നായി ലാഭം നേടുന്നു എന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. കോർപ്പറേറ്റ് രംഗത്ത് ലോകമാകെ ഈ ചർച്ച സജീവമാണ്.
വികേന്ദ്രീകൃതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്- ഒരൊറ്റ വിശാലമായ കമ്പനിക്കു കീഴിൽ ചെറിയ ചെറിയ കമ്പനികൾ വ്യത്യസ്ത ഉത്പന്നങ്ങൾ നിർമ്മിക്കുന്നു/സേവനങ്ങൾ ചെയ്യുന്നു, അല്ലെങ്കിൽ ഒരേ ഉത്പന്നത്തിനാവശ്യമായ ഭാഗങ്ങൾ നിർമ്മിക്കുന്നു. ഓരോ ചെറിയ കമ്പനിക്കും ഒരു പരിധി വരെ സ്വതന്ത്രമായ പ്രവർത്തനത്തിന് അനുമതി ഉണ്ടായിരിക്കും. വികേന്ദ്രീകൃത കേന്ദ്രീകൃതവുമായ കമ്പനികൾ തമ്മിൽ വളർച്ചയിൽ ഏതാണ്ട് 15% വ്യത്യാസമാണ് പഠനങ്ങൾ കണ്ടെത്തിയത്.
1912 ൽ സ്ഥാപിതമായ ഇല്ലിനോയിസ് ടൂൾ വർക്സ് (ITW) ലോകത്തു തന്നെ വികേന്ദ്രീകൃത ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, 51 രാജ്യങ്ങളിൽ ഉത്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനമാണ്. പ്രതിവർഷം 600 കോടി ഡോളറിന്റെ യന്ത്രങ്ങളും ഉപകരണങ്ങളും വിൽക്കുന്ന കമ്പനിക്കു 400 ഉത്പാദന യൂണിറ്റുകളുണ്ട്. ഓരോ യൂണിറ്റിന്റെയും വരുമാനം ഒന്നര കോടി ഡോളർ മാത്രമാണ്. വർഷങ്ങളായി തുടരുന്ന കമ്പനിയുടെ മികച്ച പെർഫോമൻസ് 2025 ന്റെ ആദ്യ ക്വാർട്ടറിലും തുടരുന്നു. ഇത്രയും വലിയ ഒരു കമ്പനി ഇത്രയും വികേന്ദ്രീകൃതമായ പ്രവർത്തിക്കുന്നത് ലോകത്തു തന്നെ അപൂർവമാണ്. ഉപഭോക്താക്കളുമായി സജീവമായി സംവദിക്കുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുകയുമാണ് കമ്പനിയുടെ നയം. എവിടെയാണോ ഒരു ഉത്പന്നം വിൽക്കുന്നത്, അവിടെ തന്നെ ഉത്പാദനം നടത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഒരു പുതിയ കമ്പനി വാങ്ങിയാൽ അതിനെ ഉടൻ ചെറിയ യൂണിറ്റുകളായി വിഭജിക്കും. ഒരു യൂണിറ്റ് വലിയ ലാഭം നേടുന്നു എന്നുകണ്ടാൽ അതിനെയും രണ്ടായി വിഭജിക്കും. 51 രാജ്യങ്ങളിലായി കമ്പനിക്കു 40,000 ജീവനക്കാരുണ്ട്. യൂണിലിവർ, സ്പോട്ടിഫൈ, പോലുള്ള പ്രശസ്തമായ കമ്പനികളും വികേന്ദ്രീകൃതമായ പ്രവർത്തനത്തിലേക്ക് ചുവടു മാറിയിട്ടുണ്ട്.

പരിസ്ഥിതി ലോലമായ ഇടങ്ങളിലെങ്കിലും, ദാരിദ്ര്യം ഇന്നും യാഥാർഥ്യമായി നിലനിൽക്കുന്ന പിന്നോക്ക ഗ്രാമങ്ങളിലെങ്കിലും, കേരളം ചെറുതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ, അത്തരം ഉൾക്കാഴ്ചകളുള്ളവർ നമ്മെ നയിച്ചിരുന്നെങ്കിൽ, താഴെ തട്ടിലുള്ള മനുഷ്യരെ കാർന്നു തിന്നുന്ന അദൃശ്യമായ ദാരിദ്ര്യവും, തകരുന്ന പരിസ്ഥിതിയും നമ്മെ വേട്ടയാടുകയില്ലായിരുന്നു; കോവിഡ് കാലത്ത് ആരംഭിച്ച് ഇന്നും വിജയകരമായി നടക്കുന്ന പൊന്നാനി മാതൃകയിലുള്ള സമൂഹ അടുക്കളകൾ, വികേന്ദ്രീകൃത കാർഷിക/ഇതര ഉത്പാദന യൂണിറ്റുകൾ, വികേന്ദ്രീകൃത ഉപഭോക്തൃ സേവന സംവിധാനങ്ങൾ, കേരളത്തിന്റെ നയപരിപാടികളിലും പദ്ധതി ആസൂത്രണത്തിലും ഇടം നേടുമായിരുന്നു.
എന്റെ സുഹൃത്തും അഭിഭാഷകയുമായ അഡ്വ.സി.പി. ബീനമോൾ കാലടിയിലെ സമൂഹ അടുക്കളയുടെ സംഘാടകരിൽ ഒരാളാണ്. ബീനയുമായി സംസാരിക്കുമ്പോൾ ഇത്തരം ഗ്രാസ്റൂട്ട് ഇടപെടലുകളുടെ നാനാ സാധ്യതകളെക്കുറിച്ചു ഞങ്ങൾ ഉറക്കെ ചിന്തിച്ചുകൊണ്ടേയിരുന്നു. പന്തിഭോജനത്തിന്റെ ഒരു തലം കൂടി ഇതിനില്ലേ എന്ന് ബീന ചോദിച്ചു. ശരിയാണ്, കാരണം നാട്ടിൽ ജാതി ഇന്നും ഒരു ശക്തമായ സാമൂഹ്യ അടിയൊഴുക്കാണ്. ഞങ്ങൾ സമൂഹ അടുക്കളയുടെ സംഘാടനവുമായി ബന്ധപ്പെട്ടു നാട്ടിലെ പല വീടുകളും സന്ദർശിച്ചിരുന്നു. ഭക്ഷണം സ്ഥിരമായി അടുക്കളയിൽ നിന്ന് വാങ്ങി കഴിക്കാൻ സാമ്പത്തിക പ്രാപ്തിയുള്ള ഹിന്ദു സമുദായത്തിൽ പെട്ടവർ ഇപ്പോഴും സവർണ ഹിന്ദുക്കൾ തന്നെയാണ്. അതുകൊണ്ട് സ്വാഭാവികമായും ഞങ്ങൾ, കസ്റ്റമർ ആവാൻ സാധ്യത ഉള്ളവർ എന്ന നിലയ്ക്ക് സംസാരിച്ചവരിലും സന്ദർശിച്ചവരിലും ഉണ്ടായിരുന്ന ഹിന്ദുക്കൾ അധികവും സവർണർ തന്നെ ആയിരുന്നു. അവർ ഭൂരിഭാഗവും ഞങ്ങളുടെ കസ്റ്റമേഴ്സ് ആയില്ല എന്നത് ഒരു പക്ഷെ യാദൃശ്ചികമാവാം. പക്ഷെ, അതിൽ ഒരു ‘ജാതി’ എലമെന്റ് കൂടിയില്ലേ എന്ന് ഞങ്ങൾ സംശയിക്കായ്ക ഇല്ല. ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ ആരും ജാതി നോക്കാറില്ല. പക്ഷെ, നമ്മുടെ വീടിന്റെ തൊട്ടടുത്ത്, നമുക്കറിയാവുന്നവർ ഭക്ഷണം ഉണ്ടാക്കുമ്പോൾ, അടുക്കളയിൽ പാകം ചെയ്യുന്നവരുടെ ജാതി ഒരു പരിഗണനാ വിഷയം ആവുന്നുണ്ട് എന്ന് ഞങ്ങൾ സംശയിക്കുന്നു. അടുക്കള തുടങ്ങുമ്പോൾ ഞങ്ങൾ പാചകം ചെയ്യാൻ ആദ്യം ഏൽപ്പിച്ചവരിൽ ഒരാളുടെ മകൾ (ഞങ്ങളുടെ സ്ത്രീ സൗഹൃദ കൂട്ടായ്മയിൽ പെട്ട പെൺകുട്ടി) അന്നുതന്നെ എന്നോട് ചോദിക്കുകയുണ്ടായി, “ചേച്ചി, എന്റെ അമ്മ പാചകം ചെയ്യുമ്പോൾ, അമ്മയുടെ ജാതി ഒരു പ്രശ്നമാവില്ലേ?” എന്ന്. കാരണം സമൂഹ അടുക്കളയുടെ മാതൃക തന്നെ ഒരു പത്തു കിലോമീറ്റർ ചുറ്റളവിൽ ഭക്ഷണം ഉണ്ടാക്കി ഡെലിവറി ചെയ്തു നൽകുക എന്നതാണ്. അപ്പോൾ ആരാണ് പാചകം ചെയ്യുന്നത് എന്ന് കസ്റ്റമർക്ക് അറിയാൻ പറ്റും. അവിടെയാണ് ജാതിയുടെ കുത്തിത്തിരുപ്പ് കടന്നുവരുന്നത്.
ഇതിനോട് ചേർത്തുവെക്കാവുന്ന ഒരനുഭവം എനിക്കുണ്ട്. കുടുംബശ്രീ എൻ.ആർ.ഒ. യുടെ (കുടുംബശ്രീയുടെ കേന്ദ്രസർക്കാർ അംഗീകാരമുള്ള അയൽക്കൂട്ടങ്ങൾ ഫലപ്രദമാക്കാൻ മറ്റു സംസ്ഥാനങ്ങളെ സഹായിക്കുന്ന വിഭാഗമാണ് കുടുംബശ്രീ എൻ.ആർ.ഒ.) വീഡിയോ ഡോകളുമെന്റേഷന്റെ ഭാഗമായി അസമിൽ പത്തു ദിവസം ചെലവിട്ടിരുന്നു, 2017-18 കാലത്ത്. അവിടെ പഞ്ചായത്തിൽ നിന്ന് ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കും വിധത്തിൽ അയൽക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനത്തിലാണ് കുടുംബശ്രീ എൻ.ആർ.ഒ., ആസാം സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചത്. ആ ഷൂട്ടിങ്ങിനിടയിൽ അസമിലെ ഏറ്റവും പിന്നോക്ക മുസ്ലിം വിഭാഗമായ മിയാ മുസ്ലീങ്ങളുൾപ്പെടുന്ന ഒരു അയൽക്കൂട്ടം സന്ദർശിക്കുകയുണ്ടായി. മറ്റു മുഖ്യധാരാ മുസ്ലീങ്ങൾ പോലും മിയാ മുസ്ലീങ്ങളെ അവിടെ അധഃകൃതരായാണ് കണക്കാക്കുന്നത്. അന്ന്, അയൽക്കൂട്ട അംഗങ്ങൾ പകർന്നുതന്ന ചായയും അരിപ്പലഹാരങ്ങളും രുചിയോടെ കഴിക്കുമ്പോൾ അസമിലെ ഈ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള, ടി.സി.എസ്സിൽ നിന്ന് അപ്പോൾ പഠിച്ചിറങ്ങി ആ ജോലിയിൽ പ്രവേശിച്ച മലയാളിയായ എലിസബത്ത് പറഞ്ഞു, “നോക്കു, മിയാ മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുമിച്ചിരുന്നു ചായ കുടിക്കുന്ന ഇത്തരമൊരു രംഗം ഈ അയൽക്കൂട്ടങ്ങളിൽ മാത്രമേ കാണാൻ പറ്റൂ.” കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ബഹുസ്വരതയും അതുവഴി സമൂഹത്തിൽ നാനാ ജാതിമത വിഭാഗങ്ങൾ തമ്മിൽ അടുക്കാനുള്ള സാധ്യതയും അന്നാണ് ശരിക്കും തിരിച്ചറിഞ്ഞത്.
ഗ്രാമീണ തലത്തിലുള്ള, മനുഷ്യരെ കോർത്തിണക്കുന്ന ഇടപെടലുകളുടെ ശക്തി നമ്മുടെ രാഷ്ട്രീയനേതൃത്വവും സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരും മറന്നുതുടങ്ങിയോ എന്ന് തോന്നിക്കുന്ന കാലമാണിത്. ചെറുതിൽ നിന്ന് വലുതിലേക്ക് ഊന്നൽ പാടെ മാറിയ കാലം. വിരമിച്ച ശേഷം ഏതെങ്കിലും നാട്ടിൻപുറത്ത് ഒരു പ്രാദേശിക ലേഖകനായി ജോലി ചെയ്യുകയും ‘സദ്യകൾ സാപ്പിട്ടു കൊടുക്കപ്പെടും’ എന്ന വിസിറ്റിങ് കാർഡ് ഉണ്ടാക്കി നാട്ടിലെ സദ്യകൾ പരക്കെ ആഹരിച്ചു വയറും മനസ്സും നിറയ്ക്കുകയുമാണ് തന്റെ ആഗ്രഹം എന്ന് ‘ദി ഐഡം’ മാനേജിങ് എഡിറ്റർ കൂടിയായ പ്രശസ്ത മാധ്യമപ്രവർത്തകൻ, എന്റെ സുഹൃത്ത്, വെങ്കിടേഷ് രാമകൃഷ്ണൻ പറയാറുണ്ട്. മനുഷ്യജീവിതസ്പർശിയായ പ്രാദേശിക വാർത്തകളാണ് യഥാർത്ഥ വാർത്തകളെന്നും, നാടിന്റെ ഭക്ഷണ വൈവിധ്യത്തിലും അത് ഒത്തുചേർന്നു കഴിക്കുന്നതിലുമാണ് ബഹുസ്വരതയുടെ തായ് വേരിറങ്ങിയിരിക്കുന്നതെന്നും ആ വാചകത്തിൽ ഞാൻ വായിച്ചെടുത്തു.
ജാതിയും മതവും നോക്കാതെ പരസ്പരം സദ്യകൾക്കു ക്ഷണിക്കുകയും പോയി സദ്യ ഉണ്ണുകയും ചെയ്യുന്ന കാലവും കേരളത്തിൽ അസ്തമിക്കുകയാണോ എന്ന് തോന്നിപ്പിക്കും വിധത്തിൽ ജാതി-മത ചേരിതിരിവുകൾ സമൂഹത്തിൽ വിടവുണ്ടാക്കുകയാണ്. ഓണത്തിന് എന്റെ വീട്ടിൽ വിരുന്നുണ്ണാൻ വന്നിരുന്ന മുസ്ലിം അയൽക്കാർ, പെരുന്നാളിന് അവരുടെ വീടുകളിൽ പോയി ഉണ്ടിരുന്ന ഞങ്ങൾ ഹിന്ദു കുട്ടികൾക്ക് പരിചയമില്ലാതിരുന്ന പുതുവിഭവങ്ങളുടെ സദ്യകൾ, അങ്ങനെ പലതുമായി തുടങ്ങിവെക്കുകയും പൂർത്തിയാവാതിരിക്കുകയും ചെയ്ത നമ്മുടെ നവോത്ഥാന ഭൂതകാലം. സമൂഹ അടുക്കള ഇതെല്ലാം ഓർമ്മിപ്പിച്ചു.





