A Unique Multilingual Media Platform

Articles Cinema Culture History

യൂസുഫ് ശാഹീന്റെ സലാദീൻ – ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേയ്ക്ക് (ഈജിപ്ത് യാത്ര കുറിപ്പുകള്‍ #19)

യൂസുഫ് ശാഹീന്റെ സലാദീൻ – ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേയ്ക്ക് (ഈജിപ്ത് യാത്ര കുറിപ്പുകള്‍ #19)

ചരിത്രവും ഇതിഹാസങ്ങളും സിനിമയാക്കുമ്പോള്‍ താന്‍ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടിയിലൂടെ അവയെ പുനരാവിഷ്‌ക്കരിക്കുന്ന രീതിയാണ് യൂസുഫ് ശാഹീന്‍ പുലര്‍ത്തിവന്നത്. കേവലം വാഴ്ത്തു പാട്ടുകളായി അധ:പതിക്കുന്നതിനു പകരം അവ അറബ് ദേശീയതയുടെ സാംസ്‌കാരിക അപരങ്ങളായി വികസിക്കുകയാണ് ചെയ്യുന്നത്. 1963ലെടുത്ത അന്നാസ്വിർ സലാഹുദ്ദീൻ അഥവാ പൂര്‍ണ വിജയിയായ സലാദിന്‍ എന്ന സിനിമ തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. സാധാരണ ശാഹീന്റെ സിനിമകളെല്ലാം ഒന്നര മണിക്കൂറോ രണ്ടു മണിക്കൂറോ ആണ് ദൈര്‍ഘ്യമെങ്കില്‍ ഈ സിനിമ മൂന്നു മണിക്കൂറും ആറു മിനുറ്റും നീണ്ടതാണ്. ഹോളിവുഡ് അറബ് ചരിത്രത്തെ സിനിമയിലേയ്ക്ക് കൊണ്ടുവന്നപ്പോഴൊക്കെയും അത് വിഭാഗീയവും ചരിത്രവിരുദ്ധവുമായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ സലാദിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു.

സിയോണിസ്റ്റ് സാമ്രാജ്യത്വവും അതിനുള്ള അടിസ്ഥാനപരവും വിശാലവുമായ പ്രതിരോധമായ അറബ് ദേശീയതയും തമ്മിലുള്ള വൈരുദ്ധ്യമാണ് വാസ്തവത്തില്‍ സലാദിന്‍ എന്ന സിനിമയുടെ രാഷ്ട്രീയ മൂല്യം നിശ്ചയിക്കുന്നത്. ഈ സമകാലിക യാഥാര്‍ത്ഥ്യത്തെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഈജിപ്തിന്റെയും സിറിയയുടെയും സുല്‍ത്താന്‍ ആയി വാണ കുര്‍ദ് രാജാവും അയൂബി രാജപരമ്പരയുടെ സ്ഥാപകനുമായ സലാഹുദ്ദീന്‍ അയൂബിയുടെ ജീവിതവുമായി കൂട്ടിഘടിപ്പിക്കുകയാണ് യൂസുഫ് ശാഹീന്‍ ചെയ്യുന്നത്. റിപ്പബ്ലിക്ക് സ്ഥാപിച്ചതിനു ശേഷം സ്വതന്ത്ര ഈജിപ്തിനെ ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ വികസിപ്പിച്ച ജമാല്‍ അബ്ദുള്‍ നാസറിനോടുള്ള തന്റെ ആഭിമുഖ്യം ദൃഢീകരിക്കുന്നതിനു വേണ്ടിയാണ് യൂസുഫ് ശാഹീന്‍ സിനിമയുടെ ശീര്‍ഷകത്തീല്‍ അന്നാസ്വിർ എന്ന് പ്രത്യേകം ഉള്‍പ്പെടുത്തുന്നത്.

അറബ് കാഴ്ചപ്പാടിലൂടെ കുരിശുയുദ്ധത്തെ നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ് സലാദിന്‍. അറബ് സാഹിത്യ ലോകത്തു നിന്നുള്ള ഏക നോബല്‍ സമ്മാനജേതാവായ നജീബ് മഹ്ഫൂസ് ഈ സിനിമയുടെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. കുരിശു യുദ്ധത്തിന്റെ പാശ്ചാത്യ ചലച്ചിത്ര വ്യാഖ്യാനങ്ങള്‍ക്കുള്ള സമര്‍ത്ഥമായ ഒരു പ്രതികരണമായിട്ടാണ് യൂസുഫ് ശാഹീന്റെ സലാദിന്‍ പ്രാഥമികമായി നമുക്ക് അനുഭവപ്പെടുക. എന്നാല്‍, സംസ്‌ക്കാര/മത ചരിത്രങ്ങളിലുള്ള സംവാദാത്മകമായ ഇടപെടല്‍ ആണ് യൂസുഫ് ശാഹീന്റെ ഉദ്ദേശ്യം എന്നതാണ് വാസ്തവം.

ലിംഗപരവും വംശീയവും ദേശീയവുമായ സ്വത്വങ്ങളെ നിര്‍ണയിക്കുകയും പുനര്‍ നിര്‍ണയിക്കുകയും ചെയ്യുന്നതില്‍; ചരിത്രം എങ്ങനെയാണ് രേഖപ്പെടുത്തിയത്, വ്യാഖ്യാനിക്കുന്നത്, വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്തുന്നത് എന്നീ കാര്യങ്ങളെല്ലാം സ്വാധീനിക്കുന്നുണ്ടെന്നത് ഇന്നെല്ലാവര്‍ക്കും അറിയാം. ആ നിലയില്‍, നൂറ്റാണ്ടുകള്‍ നിലനിന്നതും അതിനു മുമ്പുണ്ടായിരുന്ന ലോകക്രമത്തെ ആകെ മാറ്റി മറിച്ചതുമായ കുരിശുയുദ്ധത്തെ അതിന്റെ മര്‍മ്മം എന്നു തന്നെ പറയാവുന്ന ഒരു സംഭവത്തെ ആസ്പദമാക്കിക്കൊണ്ട് യൂസുഫ് ശാഹീന്‍ പരിശോധിക്കുന്നു എന്നതാണ് പ്രധാനം. ജൂതമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും വ്യാപനം നടന്നതിനു ശേഷമാണ് ഇസ്ലാം കടന്നു വരുന്നത്. പാശ്ചാത്യരല്ലാത്തവരെല്ലാം മറ്റുള്ളവര്‍ എന്ന കാഴ്ചപ്പാടിനെ; കിഴക്കാണ് ഭാവിയുടെ ആശയലോകത്തെയും മൂല്യബോധത്തെയും നിര്‍ണയിക്കാന്‍ പോകുന്നത് എന്ന മറുപടി കൊണ്ട് ശാഹീന്‍ പ്രതിരോധിക്കുന്നു.

കൈറോ സ്റ്റേഷൻ സിനിമയിലെ രംഗം

 

1935ല്‍ തന്നെ സെസില്‍ ബി ഡെ മില്ലെ, ദ് ക്രൂസേഡ്‌സ് (കുരിശുയുദ്ധങ്ങള്‍) എന്ന സിനിമ പുറത്തിറക്കിയിരുന്നു. ഹോളിവുഡിലെ പ്രശസ്ത സംവിധായകനായിരുന്ന സെസില്‍ ബി ഡെ മില്ലെ എഴുപതിലധികം ഫീച്ചറുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇവയില്‍ ദ് ടെന്‍ കമാണ്ട്‌മെന്റ്‌സ് എന്ന ബൈബിളിനെ ആസ്പദമാക്കിയെടുത്ത പ്രസിദ്ധ സിനിമയും ഉള്‍പ്പെടും. വാള്‍ടര്‍ സ്‌കോട്ടിന്റെ നോവലുകളെ അടിസ്ഥാനപ്പെടുത്തിയെടുത്ത ഐവാനോ, കിംഗ് റിച്ചാര്‍ഡ് ആന്റ് ദ് ക്രൂസേഡേഴസ്(ടാലിസ് മാന്‍) പോലെ അനവധി സിനിമകളും ഹോളിവുഡില്‍ നിന്നും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും പുറത്തു വന്നു. കുരിശുയുദ്ധം പരാമര്‍ശിച്ചില്ലെങ്കിലും അറബ് വംശജരും പാശ്ചാത്യരും തമ്മിലുള്ള സംഘര്‍ഷം വിഷയമാക്കിയ ലോറന്‍സ് ഓഫ് അറേബ്യ(ഡേവിഡ് ലീന്‍/1962) എല്‍ സിദ്(ആന്റണി മന്‍/1961) പോലുള്ള സിനിമകളും അറേബ്യയെയും അറേബ്യന്‍ വംശജരെയും ലോകം കാണേണ്ടത് എങ്ങനെയെന്ന് നിശ്ചയിച്ചു. മധ്യകാലത്തെ രാജാക്കന്മാരെ വീരനായകപരിവേഷത്തോടെയുള്ള സ്വേഛാധിപതികളായും വരേണ്യരായും ആണ് പൊതുവെ അവതരിപ്പിക്കാറുള്ളത്.

യൂസുഫ് ശാഹീന്‍ സലാദിനിലൂടെ ഈ പ്രത്യയശാസ്ത്രത്തെ കീഴ്‌മേല്‍ മറിച്ചിട്ടു. ആധുനികവും സമകാലികവുമായ ഒരു ചട്ടക്കൂടിനെ പ്രത്യക്ഷത്തില്‍ പരാമര്‍ശിക്കാതെ തന്നെ സലാദിനില്‍ കാണിയ്ക്ക് കണ്ടെടുക്കാം. ഈ ചട്ടക്കൂട് വിശാല അറബ് ദേശീയതയുടേതാണ്. സ്വതന്ത്ര റിപ്പബ്ലിക്ക് ആവുന്നതിനു മുമ്പ് ബ്രിട്ടീഷ് കോളനിയായിരുന്നു ഈജിപ്ത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടേതിന് തുല്യമായ അവസ്ഥയാണിത്. മധ്യകാലത്തെ ‘അവികസിത’വും ‘അപരിഷ്‌കൃത’വും ആയ സാംസ്‌ക്കാരിക, ജീവിതാവസ്ഥകളില്‍ നിന്നുള്ള ഒരു വിമോചനം എന്ന രക്ഷാപ്രവര്‍ത്തനമായിട്ടാണ് കൊളോണിയലിസ്റ്റുകള്‍ ഈ അധീശത്വത്തെ സാധൂകരിച്ചിരുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ചും സംസ്‌ക്കാരം, ഭാഷ എന്നിവയെക്കുറിച്ചുമൊക്കെ ഉള്ള ബ്രിട്ടീഷ് വ്യാഖ്യാനങ്ങള്‍ നമുക്ക് പരിചിതമാണല്ലോ. ആ (ദുര്‍)വ്യാഖ്യാനത്തെ യൂസുഫ് ശാഹീന്‍ അഭിമുഖീകരിക്കുന്നത്, മധ്യകാലത്ത് പൗരസ്ത്യ ലോകം എല്ലാ നിലയ്ക്കും പാശ്ചാത്യ ലോകത്തേക്കാളും ആധുനികമായിരുന്നു എന്ന യാഥാര്‍ത്ഥ്യം വിശദീകരിച്ചുകൊണ്ടാണ്. അന്ന് അറേബ്യയിലും മിഡില്‍ ഈസ്റ്റിലും നിലനിന്നിരുന്ന സാര്‍വ്വജനീനമായ ഒരു മാനുഷികതയാണ് പുതിയ കാലത്തെ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരം എന്ന മഹത്തായ സത്യം ശാഹീന്‍ ആവിഷ്‌ക്കരിക്കുന്നു.

ക്രിസ്ത്യാനികളായ കുരിശുയുദ്ധക്കാര്‍ അറബ് വംശജരെ ആക്രമിക്കുന്ന ദൃശ്യത്തോടെയാണ് സലാദിന്‍ തുടങ്ങുന്നത്. യരൂശലേമിനെ കുരിശുയുദ്ധക്കാരില്‍ നിന്ന് വിമോചിപ്പിക്കണമെന്നും അതിന് സലാഹൂദ്ദിനു മാത്രമേ സാധിക്കൂ എന്നും പലയിടത്തു നിന്നുമായി എത്തിയവര്‍ അദ്ദേഹത്തെ അറിയിക്കുന്നു. നാടുകടത്തലിന്റെയും രാജ്യഭ്രഷ്ടിന്റെയും ദൃശ്യങ്ങള്‍, പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തെ നിശ്ചയമായും ഓര്‍മ്മിപ്പിക്കും. സലാഹുദ്ദീന്റെ പ്രധാന കമാണ്ടര്‍മാരിലൊരാള്‍ ഇസ്സ എന്ന ക്രിസ്ത്യാനിയാണ്. അറബ് വംശജരാകുക എന്നതാണ് പ്രധാനം, അല്ലാതെ മുസ്ലിമാണോ ക്രിസ്ത്യാനിയാണോ ജൂതനാണോ എന്നതല്ല തന്റെ സൈന്യത്തിലൊരാളെ ചേര്‍ക്കുന്നതിന് അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന നിബന്ധന. തന്റെ മകന്‍ ഇസ്മയിലിനെ, ഇസ്സയ്ക്കു കീഴില്‍ ഒരു യോദ്ധാവായി സലാഹൂദ്ദീന്‍ അയക്കുന്നു.

കുരിശുയുദ്ധത്തിന് നേതൃത്വം കൊടുക്കുന്നവരില്‍ പ്രമുഖനായ റെയ്‌നോഡ്, ജുമഅ് നടക്കുന്ന സമയത്ത് മുസ്ലിം പള്ളി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നു. യരൂശലേമിനെ അപ്പോഴത്തേതു പോലെ ക്രിസ്ത്യന്‍ അധീനതയില്‍ തന്നെ നിലനിര്‍ത്താനാവശ്യമായ പണം സ്വരൂപിക്കാനാണ് ഈ ആക്രമണം സ്വരുക്കൂട്ടുന്നത്‌. അവരുടെ പക്ഷക്കാരന്‍ തന്നെയായ യരൂശലേം രാജാവ് ഈ നീക്കത്തെ ചെറുക്കുന്നുണ്ട്. ക്രിസ്ത്യന്‍ പള്ളികള്‍ സംരക്ഷിക്കുന്ന രീതി, നിശ്ചയദാര്‍ഢ്യത്തോടെ തുടരുന്ന സലാഹുദ്ദീനുമായുള്ള ധാരണയ്‌ക്കെതിരാണ് ഇത് എന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും ആ എതിര്‍ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നു. മരുഭൂമിയില്‍ വെള്ള വസ്ത്രങ്ങളണിഞ്ഞ് കൂട്ടമായി നിസ്‌കരിക്കുന്ന മുസ്ലിം തീര്‍ത്ഥാടകരെ കുരിശുയുദ്ധക്കാര്‍ ആക്രമിക്കുന്ന ദൃശ്യം ഹൃദയഭേദകമാണ്.

തിരിച്ചടിക്കാനുള്ള സമ്മര്‍ദ്ദത്തെ സലാഹൂദ്ദീന്‍ നേരിടുന്നത് സവിശേഷമായ രീതിയിലാണ്. നേരിട്ടുള്ള സൈനികാക്രമണത്തിനു പകരം, തന്ത്രവും മനശ്ശാസ്ത്രവും അതോടൊപ്പം സൈനിക സങ്കേതവും പ്രയോജനപ്പെടുത്തുന്ന സമര്‍ത്ഥമായ നീക്കമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ കമാണ്ടറും ക്രിസ്ത്യാനിയുമായ ഇസ്സയെന്ന മികച്ച നീന്തല്‍ക്കാരനെ തടാകം നീന്തി രഹസ്യമായി കുരിശുയുദ്ധക്കാരുടെ ക്യാമ്പിലേയ്ക്ക് സലാഹൂദ്ദീന്‍ പറഞ്ഞു വിടുന്നു. ആ തടാകത്തില്‍ കുളിച്ചു കൊണ്ടിരുന്ന ലൂയിസ് എന്ന നഴ്‌സുമായി ഇസ്സ പ്രണയത്തിലാവുന്നതൊക്കെ, നമ്മുടെ വടക്കന്‍ പാട്ടു സിനിമകളിലേതിനു സമാനമാണ്. കുരിശുയുദ്ധക്കാരുടെ ക്യാമ്പിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം മനസ്സിലാക്കിയ സലാഹൂദ്ദീന്‍ അവര്‍ക്കുള്ള കുടിവെള്ള വിതരണം തടയുന്നു. മരുഭൂമിയില്‍ ദാഹം കൊണ്ട് പൊറുതികെട്ട കുരിശുയുദ്ധക്കാര്‍ തങ്ങളേക്കാള്‍ എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും സലാഹൂദ്ദീന് പരാജയപ്പെടുത്താന്‍ കഴിയുന്നു. ഇതിനിടയില്‍ കുരിശുയുദ്ധത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്കിടയില്‍ പല തരത്തിലുള്ള ചതികള്‍ രൂപപ്പെടുന്നുണ്ട്. ഇതും സലാഹൂദ്ദീന് സഹായമാകുന്നു.

യരൂശലേം പിടിച്ചടക്കുന്ന സലാഹൂദ്ദീന്‍, റെയ്‌നോഡുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെടുന്നത് ഒരേ സമയം വടക്കന്‍ പാട്ടു സിനിമയെയും ഹോളിവുഡിനെയും ഓര്‍മ്മിപ്പിച്ചു. യുദ്ധദൃശ്യങ്ങളും കോടതി നാടകങ്ങളും ഇടകലര്‍ത്തിയ ഉദ്വേഗപൂര്‍ണമായ രംഗങ്ങളാണിതിനു പുറകെ. റിച്ചാര്‍ഡ് എന്ന കുരിശുയുദ്ധം നയിക്കുന്ന ഒരു രാജാവിനെ ഇതിനിടയില്‍ അവര്‍ക്കിടയില്‍ നിന്നു തന്നെ ഉള്ള ഒരു ചതിയന്‍ അമ്പെയ്യുന്നു. സലാഹൂദ്ദീനാണത് ചെയ്തത് എന്നാണെല്ലാവരും കരുതുന്നത്. എന്നാല്‍, ലൂയിസിന്റെ സഹായത്തോടെ രഹസ്യമായി റിച്ചാര്‍ഡിന്റെ കട്ടിലിനടുത്തെത്തി അയാളെ സമാശ്വസിപ്പിക്കുകയും ഔഷധങ്ങളടക്കം വേണ്ട സാമഗ്രികള്‍ എത്തിക്കുകയും ചെയ്യുകയാണ് സലാഹൂദ്ദീന്‍. മധ്യകാലത്ത് ഇസ്ലാമിക പ്രാഭവം പ്രബലമായിരുന്ന മിഡില്‍ ഈസ്റ്റില്‍ ഏറ്റവും നൂതനമായ വൈദ്യശാസ്ത്ര പുരോഗതി നിലവില്‍ വന്നിരുന്നു. ഇത് സൂചിപ്പിക്കാന്‍ കൂടിയായിരിക്കണം സലാഹൂദ്ദീന്‍ റിച്ചാര്‍ഡിന് വൈദ്യ ശുശ്രൂഷ ഏര്‍പ്പാടാക്കുന്നതുള്‍പ്പെടുത്തിയതിന്റെ സാംഗത്യം.

മാത്രമല്ല, യരൂശലേമിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അവര്‍ക്ക് എവിടെ നിന്നുള്ളവരായാലും നിര്‍ബാധം പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യങ്ങള്‍ തടസ്സങ്ങളൊന്നുമില്ലാതെ ഏര്‍പ്പെടുത്തിക്കൊടുക്കണം എന്ന കാര്യത്തിലും സലാഹൂദ്ദീന്‍ ഉപേക്ഷ കാണിക്കുന്നില്ല. സിനിമയുടെ അവസാനം, കുരിശുയുദ്ധക്കാരെ എല്ലാവരെയും കൊന്നുതള്ളുകയല്ല സലാഹൂദ്ദീന്‍ ചെയ്യുന്നത്. റിച്ചാര്‍ഡിനെ യരൂശലേമിലേയ്ക്ക് തീര്‍ത്ഥാടനത്തിനായി ക്ഷണിക്കുകയാണ്.

സലാദിന്‍ എന്ന യൂസുഫ് ശാഹീന്റെ സിനിമ പല നിലയ്ക്കും വിമര്‍ശിക്കപ്പെട്ടു. ഈജിപ്തില്‍ പോലും, ചരിത്രപരമായ പിശകുകളെ ചൂണ്ടിക്കാട്ടി പലരും സിനിമയ്‌ക്കെതിരു നിന്നു. എന്നാല്‍, ആ പിശകുകള്‍ യൂസുഫ് ശാഹീന്‍ ബോധപൂര്‍വ്വം വരുത്തിയതായിരുന്നു എന്നതാണ് ശരി. ജോണ്‍ എം ഗാനിം തന്റെ പ്രസിദ്ധമായ റിവേഴ്‌സിംഗ് ദ് ക്രൂസേഡ്‌സ്-ഹെഗമണി, ഓറിയെന്റലിസം ആന്റ് ഫിലിം ലാംഗ്വേജ് ഇന്‍ യൂസുഫ് ശാഹീന്‍സ് സലാദിന്‍ എന്ന പ്രബന്ധത്തില്‍ പറയുന്നതു പോലെ, സലാഹൂദ്ദീന്‍ എന്ന വ്യക്തിത്വം സിനിമകളില്‍ പതിവുള്ള നായകനെന്നതിനേക്കാള്‍ സംവാദവും സംഘര്‍ഷവും പ്രയോഗിക്കുന്ന ഒരു കഥാപാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.

പാശ്ചാത്യരുടെ വ്യാഖ്യാനങ്ങളില്‍ തന്നെ നല്ലവനായി വാഴ്ത്തപ്പെട്ടവനാണ് സലാഹൂദ്ദീന്‍. മറ്റു മധ്യകാല രാജാക്കന്മാരെ പോലെ ക്രൂരനായിരുന്നില്ലെന്നും ബുദ്ധിയും പക്വതയും എല്ലാമുള്ള രാജാവാണെന്നും വിവരിക്കപ്പെട്ടിരുന്നു. മതഭ്രാന്തരായ കുരിശുയുദ്ധക്കാരോട് എതിരിടുന്ന, പരിജ്ഞാനവും പാണ്ഡിത്യവും ഉള്ള സലാഹൂദ്ദീന്‍ ഇസ്ലാമിന്റെ ഐതിഹാസികമാനമുള്ള സൈനിക പോരാളിയും നേതാവുമായി യൂസുഫ് ശാഹീന്‍ അവതരിപ്പിച്ചു. ഷെക്‌സ്പിയറുടെ സ്വാധീനവും വ്യക്തമാണ്. മിഡില്‍ ഈസ്റ്റിലെ നേതൃ സവിശേഷതകളായ മഹ്ദി (ദൈവദൂതന്‍), യോഗി, ഷെയ്ക്ക്, സുല്‍ത്താന്‍ എന്നിവയെല്ലാം സമ്മേളിക്കുന്ന വ്യക്തിത്വമാണ് സലാഹൂദ്ദീന്റേത്. സൂയസ് കനാല്‍ ദേശസാല്‍ക്കരണത്തിലൂടെ ജമാല്‍ അബ്ദുല്‍ നാസറിന് കൈവന്ന ജനപ്രീതിയും പരിവേഷവും ഇതിനു സമാനമായിരുന്നു എന്നതും യൂസുഫ് ശാഹീന്‍ പറയാതെ പറയുന്നു.

ജമാല്‍ അബ്ദുല്‍ നാസർ

1958ല്‍ ഇറങ്ങിയ യൂസുഫ് ശാഹീന്റെ കൈറോ സ്‌റ്റേഷന്‍ എന്ന സിനിമയ്ക്ക് ഇരുമ്പു കവാടം (ബാബുൽ ഹദീദ്) എന്ന ഒരു പേരു കൂടിയുണ്ട്. സിനിമയുടെ മുഴുവന്‍ സമയവും കൈറോ റെയില്‍വേ സ്‌റ്റേഷനിലാണ് കഥ നടക്കുന്നത്. ഓരോ മിനിറ്റിലും ഒരു തീവണ്ടി വരുകയും മറ്റൊന്ന് പുറപ്പെടുകയും ചെയ്യുന്ന, പതിനായിരങ്ങള്‍ നിമിഷം തോറും എത്തിച്ചേരുന്ന ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ സ്‌റ്റേഷനുകളിലൊന്നാണ് കൈറോ. കിനാവി എന്നു പേരുള്ള അല്പം ബുദ്ധിസ്ഥിരതയില്ലെന്നു തോന്നിപ്പിക്കുന്നവനും ശാരീരിക വൈകല്യം ഉള്ളവനുമായ ചെറുപ്പക്കാരന്‍ എവിടെ നിന്നോ സ്‌റ്റേഷനിലെത്തുന്നു. പ്ലാറ്റ് ഫോമില്‍ കട നടത്തുന്ന മുതിര്‍ന്നയാള്‍ക്ക് ദയ തോന്നി, അവനെ വൃത്താന്തപത്രം വില്ക്കുന്ന ജോലി ഏല്പിക്കുന്നു. യൂസുഫ് ശാഹീന്‍ തന്നെയാണ് കിനാവിയുടെ വേഷം ചെയ്യുന്നത്. സ്റ്റേഷനില്‍ നിയമവിരുദ്ധമായി ശീതള പാനീയം വില്ക്കുന്ന ഹനുമ എന്ന സുന്ദരിയുടെ പുറകെ നടക്കുകയാണ് കിനാവി. അവള്‍ക്കാകട്ടെ അബു സിരി എന്ന പോര്‍ട്ടറോടാണ് പ്രണയം. തൊഴിലാളികളെ സംഘടിപ്പിക്കുകയും അവര്‍ക്ക് യൂണിയനുണ്ടാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നയാളാണ് അബു സിരി. രാജഭരണത്തെയും സാമ്രാജ്യത്വത്തെയും തോല്പിച്ച് റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെട്ട സാഹചര്യത്തിലാണ് യൂസുഫ് ശാഹീന്‍ കൈറോ സ്‌റ്റേഷന്‍ എന്ന സിനിമ വിഭാവനം ചെയ്യുന്നത്. തൊഴിലാളി വര്‍ഗം, സ്ത്രീകള്‍ക്കെതിരായ അക്രമം, ലൈംഗിക നിരാശ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഈജിപ്ഷ്യന്‍ സിനിമ ആദ്യമായിട്ടായിരിക്കും ഒരു പക്ഷെ ഇത്ര വ്യക്തതയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്തിട്ടുണ്ടാവുക. വിപ്ലവാനന്തര സമൂഹത്തിന്റെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ സിനിമയ്ക്കുള്ള പങ്ക് നിര്‍ണായകമാണെന്ന വാസ്തവം കൈറോ സ്‌റ്റേഷന്‍ കണ്ടാല്‍ മനസ്സിലാവും.

ആംഗ്ലോ സാക്‌സണ്‍ ലോകത്തിന് പരിചയമില്ലെങ്കില്‍ ഒരു ചലച്ചിത്രകാരന്റെ സിനിമകള്‍ക്ക് സാര്‍വദേശീയ മാനം ഇല്ല എന്നു കരുതുന്ന അധീശത്വ സാംസ്‌ക്കാരിക ബോധത്തെ വകവെയ്ക്കാത്ത പ്രതിഭാശാലിയായിരുന്നു യൂസുഫ് ശാഹീന്‍. അറബ് വംശജര്‍ക്ക് മഹത്തായ ഒരു നാഗരികതയുടെ ചരിത്രമുണ്ടെന്ന് ആംഗ്ലോ സാക്‌സണ്‍സിന് അറിയില്ലെങ്കില്‍ അതവരുടെ പ്രശ്‌നമാണ്. വിശേഷമോ സൂക്ഷ്മമോ ആയ കൗതുകത്തോടെ അറബ് സംസ്‌ക്കാരത്തെ ഫോക്ക് ലോര്‍ എന്ന വിധത്തില്‍ പരിചരിക്കുന്നതും അബദ്ധമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരാള്‍ക്ക് രാഷ്ട്രീയ ധാരണ ഉണ്ടെന്നു പറയുന്നതിന്റെ അര്‍ത്ഥം തന്നെ, അയാള്‍ക്ക് അപരലോകത്തിന്റെ ആവശ്യങ്ങളും ഉദ്ദേശ്യങ്ങളും പ്രതീക്ഷകളും ഉത്ക്കണ്ഠകളും അറിയാനുള്ള ബാധ്യതയും ഉണ്ടെന്നാണ്.

രാഷ്ട്രീയം എന്നത് കലയ്ക്ക് അനിവാര്യമാണെന്നാണ് താന്‍ കരുതുന്നത് എന്ന് യൂസുഫ് ശാഹീന്‍ പറയുന്നുണ്ട്. ലോക സമ്പദ് വ്യവസ്ഥ നമ്മുടെ പ്രാദേശിക വിപണിയെ സ്വാധീനിക്കുന്നതു പോലെ, നമ്മുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യജീവിതത്തെയും രാഷ്ട്രീയം നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍, ഒരു മുദ്രാവാക്യം പോലെ സിനിമയില്‍ രാഷ്ട്രീയം കൊണ്ടുവരാനാവില്ല. നാടകീയതയാണ് സിനിമയില്‍ കാണാനാവുക. രാഷ്ട്രീയ സന്ദര്‍ഭത്താല്‍ സ്വാധീനിക്കപ്പെട്ട ജനങ്ങളുടെ നാടകമാണ് സിനിമ. അറബ് ലോകത്ത് ഏകാധിപതികളെയും മതഭ്രാന്തരെയും നിര്‍മ്മിച്ചെടുത്ത് വാഴിക്കുന്നതും പിന്നീട് അവരെ ചെകുത്താന്മാരായി ചിത്രീകരിച്ച് തുരത്തുന്നതും അമേരിക്കയാണ്. എന്നിട്ടവര്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു.

സിനിമ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്, സിനിമാവിദ്യാഭ്യാസം അതിപ്രധാനവുമാണ് എന്ന് യൂസുഫ് ശാഹീന്‍ കരുതി. കുട്ടികള്‍ക്കുള്ള ചലച്ചിത്രാസ്വാദന പരിശീലനം യുനെസ്‌കോ തന്നെ ഏറ്റെടുത്ത് നടത്തേണ്ടതാണെന്നാണദ്ദേഹത്തിന്റെ അഭിപ്രായം. ബുനുവലിനെ അറിയാത്ത ഒരു തലമുറ വളര്‍ന്നാല്‍ അവര്‍ വയലന്‍സും പൈങ്കിളിത്തരവും കാണിക്കുന്ന സിനിമയാണ് കൊണ്ടാടുക. (1998ൽ യൂസുഫ് ശാഹീന്‍ ന്യൂയോർക്കിലെത്തിയപ്പോൾ, പ്രസിദ്ധ പലസ്തീൻ ചിന്തകനും അധ്യാപകനുമായ ജോസഫ് മസാദ് നടത്തിയ അഭിമുഖം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പലസ്തീൻ സ്റ്റഡീസിനു വേണ്ടി കലിഫോർണിയ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ പ്രസിദ്ധീകരിച്ചതില്‍ നിന്നെടുത്തത്)

 

(അടുത്ത ലക്കത്തില്‍: നജീബ് മഹ്ഫൂസ്- രണ്ടു നാഗരികതകളുടെ മനുഷ്യനവോത്ഥാനം)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.