നാരായണ ഭട്ടതിരി കലയും ജീവിതവും പറയുമ്പോൾ
‘നാരായണ ഭട്ടതിരിയുടെ കലയും ജീവിതവും’ എന്ന പുസ്തകം ഈ അടുത്തിടെയാണ് ഹാംലെറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ചത്. ആത്മകഥാപരമായ നീണ്ട ഒരെഴുത്തും, ഏതാനും കലിഗ്രഫി മാസ്റ്റേഴ്സ് ഭട്ടതിരിയെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും, അനൂപ് നാരായണൻ എടുത്ത ഒരു ഡോക്യൂമെന്ററിയുടെ തിരക്കഥയും പ്രശാന്ത് നാരായണൻ നടത്തിയ ഒരഭിമുഖവും കഥാകൃത്തായ സി അനൂപ് എഴുതിയ ഒരു കുറിപ്പും ചേരുന്നതാണ് ഈ പുസ്തകം. ചെറുതെങ്കിലും പ്രസക്തം എന്ന് പറയണം, പ്രത്യേകിച്ചും കലിഗ്രഫിയെക്കുറിച്ചോ കലിഗ്രഫി കലാകാരന്മാരെക്കുറിച്ചോ അധികമൊന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല മലയാളത്തിൽ എന്ന കാര്യം നമുക്കറിയുമ്പോൾ.
ഭട്ടതിരി എന്ന പേര് കലാരംഗത്തുള്ളവർക്കറിയാം. ഭട്ടതിരിയുടെ സൃഷ്ടികൾ കണ്ടിട്ടുള്ളവർ സാമാന്യമലയാളികൾക്കിടയിലും ഉണ്ട്. സിനിമയിൽ ഈ ഭട്ടതിരിയുടെ പേരു കണ്ടിട്ടുള്ളവർ ഉണ്ടാകാം. മുഖ്യധാരാ സിനിമാ പോസ്റ്റർ ഡിസൈനിൽ എൺപതുകളിൽ ഗായത്രി അശോകൻ വരുത്തിയ മാറ്റങ്ങളോടെയാണ് ആളുകൾ അതൊക്കെ ഏതാണ്ട് ശ്രദ്ധിച്ചു തുടങ്ങിയത്. അതിനു മുൻപും പി എൻ മേനോൻ, ഭരതൻ, ഷാജിയെം, കിത്തോ തുടങ്ങിയ പേരുകളൊക്കെ ആളുകൾ ശ്രദ്ധിച്ചിരുന്നിരിക്കും. എന്നാൽ ആർട്ട് ഹൌസ്, സമാന്തര സിനിമകളുടെ കാലത്ത് ടൈറ്റിൽ കാർഡുകളിൽ ‘ഭട്ടതിരി’ എന്ന പേര് കണ്ടിട്ടുള്ളവരും ശ്രദ്ധിച്ചവരും ഉണ്ടായിരിക്കും.

കലിഗ്രഫി എന്നാൽ ചിത്രാക്ഷരങ്ങൾ എന്ന് മലയാളത്തിൽ പറയാം. ഭംഗിയുള്ള കൈപ്പട എന്നാണ് നിഘണ്ടുവിൽ അർത്ഥം. എന്നാൽ നിർവചനങ്ങളെ മറികടന്നു കൊണ്ട് അതിനൊരു നിലനിൽപ്പ് ആധുനിക കാലത്ത് ഉണ്ടായി വന്നു. ഒരുപക്ഷെ, കൊട്ടാരങ്ങളിൽ നിന്ന് വിപ്ലവം കത്തുന്ന തെരുവുവുകളിലേയ്ക്കായിരുന്നു ചിത്രാക്ഷരങ്ങൾ പരിണമിച്ചത്. രാജാക്കന്മാർ അവരുടെ കാർഖാനകളിൽ കലാകാരന്മാരെ നിയോഗിച്ചിരുന്നു. എന്നാൽ കാലം മാറിയതോടെ കലാകാരന്മാർ തെരുവിലേക്കിറങ്ങി; അങ്ങനെ ജനകീയമായ ഒരു കലകൂടിയാണ് കലിഗ്രഫി.
മാവേലിക്കര ബിഷപ്പമൂർ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ, അവിടെയുള്ള ഒരു വലിയ മാവ് മരത്തിൽ കാവ്യ-വിപ്ലവ-പ്രണയ സന്ദേശങ്ങൾ മനോഹരമായ കൈപ്പടയിൽ എഴുതിയായിരുന്നു ഭട്ടതിരിയുടെ തുടക്കം. ഒരു വൃക്ഷം ക്രമേണ ഗ്യാലറിയാകുന്നത് മറ്റുവിദ്യാർത്ഥികൾക്കൊപ്പം ഭട്ടതിരിയും കണ്ടു. അച്ഛന് ലെറ്റർ പ്രെസ്സായിരുന്നു. അക്ഷരങ്ങളുടെ വളവും തിരിവും നോക്കിയിരിക്കുന്നത് കുട്ടിക്കാലത്തെ ഉള്ള ശീലമായി. പിന്നീട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പെയിന്റിങ് വിദ്യാർത്ഥിയായി ചേർന്നു. മുതിർന്ന വിദ്യാർത്ഥിയായ എസ് രാജേന്ദ്രൻ അന്ന് പുതുതായി തുടങ്ങിയ കലാകൗമുദിയിൽ ലെ ഔട്ട് ആർട്ടിസ്റ്റ് കൂടിയാണ്. രാജേന്ദ്രൻ ഭട്ടതിരിയേയും ഒപ്പം കൂട്ടി.

ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളായിരുന്നു പൊതുവെ ഫൈൻ ആർട്സ് കോളേജിൽ അന്ന് പഠിച്ചിരുന്നത്. പകൽ പോൾ ക്ളീ, പിക്കാസോ എന്നും, രാത്രി ‘പുത്തരിക്കണ്ടത്ത് സി പി എം മഹാസമ്മേളനം’ എന്നൊക്കെയുള്ള ചുവരെഴുത്തും പോസ്റ്ററെഴുത്തും ആയിരുന്നു അക്കാലത്ത് കുട്ടികളുടെ അസ്തിത്വം. ഭട്ടതിരിയും അവർക്കൊപ്പമായിരുന്നു. കലാകൗമുദിയിലെ പത്രാധിപരായ എസ് ജയചന്ദ്രൻ നായർ, ഭട്ടതിരിയിലെ കാലിഗ്രാഫറെ തിരിച്ചറിഞ്ഞു. വാരികകളുടെ ചരിത്രത്തിൽ ആദ്യമായി കലിഗ്രഫി എന്ന ഒരു തസ്തികയും ക്രെഡിറ്റ് ലൈനിൽ പേരും വന്നു. കലാകൗമുദിയുടെ തലക്കെട്ടുകൾ ആളുകൾ, നമ്പൂതിരിയുടെ ചിത്രങ്ങൾക്കൊപ്പം ഓർത്ത് വെച്ചു. ഭട്ടതിരി എന്ന ചിത്രാക്ഷരമെഴുത്തുകാരന്റെ ആദ്യഘട്ടം അങ്ങനെ.
ഒരിയ്ക്കൽ പൂനെയിൽ വെച്ച് നടന്ന ഒരു കലിഗ്രഫി ക്യാമ്പിൽ വെച്ച് പ്രശസ്ത ചിത്രാക്ഷര കലാകാരനായ അച്യുത് പാലവ്, കേരളത്തിലെ കലിഗ്രഫിയെക്കുറിച്ച് ഭട്ടതിരിയോട് ആരാഞ്ഞപ്പോളാണ്, എടുത്തുപറയാൻ ഒരുത്തരം തന്റെ പക്കൽ ഇല്ലെന്ന കാര്യം അദ്ദേഹം തിരിച്ചറിഞ്ഞത്. സമ്പൂർണ്ണ സാക്ഷരമായ കേരളത്തിൽ ചിത്രാക്ഷര കലയ്ക്ക് ദൃശ്യതയോ രേഖപ്പെടുത്തപ്പെട്ട ചരിത്രമോ ഇല്ലെന്ന കാര്യം തിരിച്ചറിഞ്ഞതോടെയാണ് കലിഗ്രഫിയുടെ പ്രചരണാർത്ഥം ഭട്ടതിരി ഇറങ്ങിത്തിരിച്ചത്. ഇന്നത് ‘ക ച ട ത പ’ എന്ന അന്താരാഷ്ട്ര ചിത്രാക്ഷര ഉത്സവത്തിൽ ചെന്ന് നിൽക്കുന്നു. കൊറിയയിലും ജപ്പാനിലും ചൈനയിലുമൊക്കെ ഭട്ടതിരി ക്ഷണിക്കപ്പെടുകയും അവിടെയുള്ള മ്യൂസിങ്ങളിലും മറ്റും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
![]()
നാരായണ ഭട്ടതിരിയെക്കുറിച്ച് വായനക്കാർക്ക് ഏകദേശം ഒരു ചിത്രം ഈ പുസ്തകത്തിലൂടെ ലഭിയ്ക്കും. ഭട്ടതിരിയുടെ ചിത്രാക്ഷരങ്ങളും അനേകം ഇതിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ഗ്രാഫിക്സ് വരുന്നതിന് മുൻപ് വെട്ടി ഒട്ടിച്ച് ലെ ഔട്ട് ചെയ്യുന്ന കാലത്ത് നിന്ന് ഡിജിറ്റൽ കാലത്ത് എത്തിയിട്ടും വരയിലൂടെയുള്ള കൈവഴക്കവും അക്ഷരങ്ങളോടുള്ള സ്നേഹവുമാണ് ഒരു കലിഗ്രഫറുടെ കലയുടെ അടിസ്ഥാനം എന്ന് ഭട്ടതിരി പറയുന്നു. അക്ഷരങ്ങളുടെ അർത്ഥമല്ല, അക്ഷരം എന്ന പ്രതീകത്തിന്റെ ശബ്ദത്തോടെയുള്ള ഭാവമാണ് കലിഗ്രഫി ആകുന്നതെന്നും, അതിന് സ്വതന്ത്രമായ ഒരു നിലനിൽപ്പ് ഉണ്ടെന്നും ഭട്ടതിരി പറയുന്നു. വിഷാദമൂകമായ ഒരു വരിയ്ക്ക് കലിഗ്രഫിയുടെ രൂപം നൽകുമ്പോൾ അതിന്റെ ദ്രഷ്ടാവിന് ആഹ്ളാദത്തിന്റേതായ അനുഭൂതി ഉണ്ടായിക്കൂടെന്നില്ല എന്നർത്ഥം.
ദീർഘവീക്ഷണവും കലാബോധവും ഉണ്ടായിരുന്ന പത്രാധിപന്മാരുടെ ഒരു തലമുറ മാഞ്ഞതോടെ വാരികകൾക്കും മാസികകൾക്കും വേണ്ടി ചിത്രാക്ഷരങ്ങൾ രചിയ്ക്കുക എന്നത് പ്രയാസമായിരുന്നു എന്ന് ഭട്ടതിരി പറയുന്നു. ഒരു പ്രസ്താവന എനിയ്ക്ക് ഏറെ പ്രസക്തമായി തോന്നി: “ഒരു പ്രസിദ്ധീകരണത്തിന്റെ അമരക്കാരനാണ് അതിന്റെ എഡിറ്റർ. അതിന്റെ അവസാന വാക്ക്. ലെ ഔട്ട് ചെയ്ത പേജുകൾ പ്രസിദ്ധീകരണത്തിന് മുൻപ് എഴുത്തുകാർക്ക് അയച്ചു കൊടുത്ത്, അവരുടെ വിവരംകെട്ട അഭിപ്രായങ്ങൾ ക്ഷണിച്ചു വരുത്തുന്ന നിലപാടില്ലാത്ത പത്രാധിപന്മാരുടെ കാലംകൂടിയാണിത്.”

തിരുവനന്തപുരത്ത് വഴുതക്കാട് ടാഗോർ തിയേറ്ററിന് എതിർവശത്ത്, ഫോറെസ്റ്റ് ഓഫിസിന് വശത്തുകൂടി താഴേയ്ക്കുപോകുമ്പോൾ വലതു വശത്ത് കാണുന്ന ഒരു വീടിന്റെ രണ്ടാം നിലയിലാണ് ഭട്ടതിരിയുടെ സ്റ്റുഡിയോയും ഗ്യാലറിയും. പ്രശസ്തരായ അനേകം കാലിഗ്രാഫർമാരുടെ വർക്കുകൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആർക്കും അവിടെ ചെന്ന് ചിത്രാക്ഷരങ്ങൾ ആസ്വദിയ്ക്കുകയും ഭട്ടതിരിയുമായി ആശയവിനിമയം നടത്തുകയും ചെയ്യാം.





