ഗാന്ധി എന്ന അക്ഷരദേഹം
അമ്പതിനായിരത്തിലധികം പേജുകളും നൂറോളം വാല്യങ്ങളിലുമായി പരന്നുകിടക്കുന്ന ഗാന്ധിയുടെ സമ്പൂർണ്ണ രചനകൾ (Collected Works of Mahatma Gandhi – CWMG) തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിമൻലാൽ നാരാൺദാസ് പട്ടേലിനെ തൊണ്ണൂറുകളുടെ അവസാനത്തിൽ അഹമ്മദാബാദിലെ വസതിയിൽ വെച്ച് കണ്ടുമുട്ടിയ അവസരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ അത്യധികം അത്ഭുതത്തോടെ മാത്രമേ ഉൾക്കൊള്ളാൻ സാധിച്ചിരുന്നുള്ളൂ.
ചി.നാ.പട്ടേൽ എന്നറിയപ്പെട്ടിരുന്ന ചിമൻലാൽ നാരാൺദാസ് പട്ടേൽ അന്ന് പറഞ്ഞ വാക്കുകൾ ഇവയായിരുന്നു. ‘സമ്പൂർണ്ണ ഗാന്ധി വാങ്മയത്തിനായി ഗാന്ധിയുടേതായ വിപുലമായ എഴുത്തുശേഖരങ്ങളിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. പതിനായിരക്കണക്കിന് പേജുകളിൽ ഒരിടത്തുപോലും വിദ്വേഷമോ തിരസ്കാരമോ നിറഞ്ഞ ഒരു വാക്കുപോലും കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല’. ചി.നാ.പട്ടേൽ ഒരു ഗാന്ധിയനോ, ഗാന്ധി ഭക്തനോ ആയിരുന്നില്ലെന്ന് കൂടി ഇവിടെ സൂചിപ്പിക്കേണ്ടത് പ്രധാനമാണ്.

ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകനും ഗാന്ധിയുടെ കൂടെ സേവാഗ്രാമിൽ രണ്ട് പതിറ്റാണ്ടുകാലം ജീവിക്കുകയും ചെയ്ത നാരായൺ ദേസായിയുടെ, നാല് വാല്യങ്ങളിലായി, മൂവായിരത്തോളം പേജുകളിൽ, പരന്നുകിടക്കുന്ന ഗാന്ധി ജീവചരിത്രം മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലേക്കായിരുന്നു ഈ അത്ഭുതം കൊണ്ടുചെന്നെത്തിച്ചത്.
ഗാന്ധി ഒരു അക്ഷരദേഹമായി എന്റെ മുന്നിൽ ശരിയായി വെളിപ്പെടുന്നത് നാരായൺ ദേസായിയുടെ ‘മാരു ജീവൻ ഏജ് മാരി വാണി’ (എന്റെ ജീവിതം തന്നെ എന്റെ സന്ദേശം) എന്ന അതിബൃഹത്തായ ഗ്രന്ഥത്തിലൂടെയാണ്. സ്ഥാപനവൽക്കരിക്കപ്പെട്ട ഗാന്ധിയിൽ നിന്നും ഗാന്ധിയെ വിമോചിപ്പിക്കാനുള്ള ശ്രമമായിരുന്നു നാരായൺ ദേസായി തന്റെ നാല് വാല്യം വരുന്ന ഗ്രന്ഥത്തിലൂടെ ശ്രമിച്ചത്. ആസക്തികൾക്കും അനാസക്തികൾക്കും ഇടയിൽ സംഘർഷമനുഭവിക്കുന്ന, സത്യാന്വേഷണങ്ങൾക്കിടയിൽ കാലിടറി വീഴുകയും പിച്ചവെക്കാൻ തുടങ്ങുന്ന പിഞ്ചുപൈതലിനെയെന്നപോലെ വീണ്ടും ഉറച്ച കാൽവെപ്പുകളുമായി മുന്നോട്ടുനടക്കുകയും ചെയ്യുന്ന, ‘എനിക്ക് സത്യത്തെ കാണാൻ കഴിയുന്നില്ലെന്ന്’ വിലപിക്കുന്ന ഗാന്ധിയെയായിരുന്നു ദേസായിയുടെ ഗ്രന്ഥത്തിൽ എനിക്ക് കാണാൻ കഴിഞ്ഞത്.
തന്റെ പരിമിതികൾ, കുറവുകൾ, ദൗർബല്യങ്ങൾ ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടിക്കാത്ത, ശരിയെന്ന് തനിക്ക് ഉറച്ച ബോധ്യമുള്ള വസ്തുതകൾ ഉറക്കെപ്പറയാൻ ഒട്ടും സങ്കോചമില്ലാത്ത ഒരു വ്യക്തി. ഗാന്ധിയുടെ ആശയങ്ങളെ, നിലപാടുകളെ കാലഹരണപ്പെട്ടതെന്നും യുക്തിരഹിതമെന്നും കണ്ട് നമുക്ക് ഒരുവേള തള്ളിക്കളയാൻ സാധിക്കും. പക്ഷേ, സത്യത്തോടുള്ള ഗാന്ധിയുടെ അചഞ്ചലമായ കൂറിനെ, മാനവികതയോടുള്ള സാമ്യമില്ലാത്ത സ്നേഹത്തെ തിരസ്കരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഗാന്ധിയെ വിസ്മൃതിയിലേക്ക് തള്ളിയിടാൻ എത്രയേറെ ശ്രമങ്ങൾ നടന്നാലും അവയൊക്കെ വൃഥാവിലാകുന്നതും ഗാന്ധിയെ ചിരസ്ഥായിയാക്കുന്നതും ഒരുവേള ഇക്കാരണം കൊണ്ടാകാം.

ഗ്രന്ഥകാരനായ നാരായൺ ദേസായി തന്നെ പലപ്പോഴായി സൂചിപ്പിക്കുന്ന ഒരു കാര്യം ഇവിടെ ഉദ്ധരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ‘ഗാന്ധിയിൽ തത്വങ്ങളും തന്ത്രങ്ങളും അടങ്ങിയിട്ടുണ്ട്. തന്ത്രങ്ങൾ അതത് കാലത്തിന് അനുരൂപമാകുന്ന രീതിയിൽ വികസിതമാകുകയും കാലഹരണപ്പെടുകയും ചെയ്യും, എന്നാൽ അടിസ്ഥാന തത്വം കാലാതിവർത്തിയായി നിലകൊള്ളുന്നു. അഹിംസ എന്നത് ഗാന്ധിയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായിരുന്നു. അഹിംസയുടെ അർത്ഥതലങ്ങൾ ഗഹനമായ അന്വേഷണങ്ങളിലൂടെ മാത്രം നമ്മുടെ മുന്നിലേക്ക് എത്തിപ്പെടുന്ന ഒന്നാണ്. ലക്ഷ്യം പോലെ മാർഗ്ഗവും അന്യൂനവും ശുദ്ധവുമായിരിക്കണമെന്നത് ഒരു ഗാന്ധിയൻ തത്വമാണ്’.
ബ്രിട്ടീഷ് കൊളോണിയൽ ഭരണം അതിന്റെ ഏറ്റവും ഹിംസാത്മകമായ രൂപം കൈക്കൊണ്ടിരുന്ന നാളുകളിലായിരുന്നു ഗാന്ധി സാമൂഹ്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ദക്ഷിണാഫ്രിക്കയിലായാലും ഇന്ത്യയിലായാലും അങ്ങേയറ്റം അടിച്ചമർത്തലിന്റെ വഴികളിലൂടെയായിരുന്നു അത് മുന്നേറിക്കൊണ്ടിരുന്നത്. അഹിംസാത്മക പ്രതിരോധം എന്ന ആശയത്തെ കൂട്ടുപിടിച്ചുകൊണ്ട് ഗാന്ധി ഒരു ജനതയെ കൂടെ നിർത്തുന്നതും ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാ സമരം നടത്തുന്നതും നാം കാണുന്നു.
***
1992 ഡിസംബർ 06. ഇന്ത്യൻ മതേതരത്വത്തിന്റെ നെറുംതലയ്ക്ക് വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ നടത്തിയ കടുത്ത പ്രഹരത്തിന്റെ ഒരിക്കലും മറക്കാനാകാത്ത ദിനം. വിദ്വേഷ രാഷ്ട്രീയം അതിന്റെ എല്ലാ മറകളും വിട്ട് പ്രത്യക്ഷ രൂപം കൈക്കൊള്ളുന്നത് നാം കണ്ടു.
ഡിസംബർ ആറിലെ ബാബറി മസ്ജിദ് തകർക്കലിനെതിരെ മസ്ജിദിന് ഒട്ടും ദൂരെയല്ലാതെ അഹിംസാത്മക സമര മാർഗ്ഗവുമായി ഒരു കൂട്ടം ഗാന്ധിയന്മാർ നിലയുറപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളിൽ നിന്ന് വെറുപ്പു നിറഞ്ഞ ശാപവാക്കുകൾക്കിടയിലും അവർ തങ്ങളുടെ സത്യഗ്രഹ സമരം തുടർന്നു. ”ഈശ്വർ അള്ളാ തേരോ നാം, സബ്കോ സന്മതി ദേ ഭഗവൻ” എന്ന പ്രാർത്ഥനയോടൊപ്പം അവർ ചർക്ക തിരിച്ചു.

90 വയസ്സിനോടടുത്ത, ഒഡീഷയിൽ നിന്നുള്ള, ഗാന്ധിമാർഗ്ഗ പ്രവർത്തകനായ ബാജി മുഹമ്മദും 70 വയസ്സായ നാരായൺ ദേസായിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽതന്നെ ബാജി മുഹമ്മദിനെ തിരിച്ചറിഞ്ഞ കർസേവകർ അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചു. തലയ്ക്ക് അടിയേറ്റ് ചോരവാർന്ന ബാജി മുഹമ്മദിനെ ചേർത്ത് പിടിച്ച നാരായണും കിട്ടി അടി. (ബാജി മുഹമ്മദിനെ നേരിൽ കാണുന്നത് 2007ലെ കന്ധമാൽ കലാപവേളയിലായിരുന്നു. വിശ്വഹിന്ദു പരിഷത്തുകാർ ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടത്തിയ ആക്രമണങ്ങൾ കന്ധമാലിലെ ഇതര ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാൻ ഒഡീഷയിലെ പീസ് ആക്ടിവിസ്റ്റുകൾ സംഘടിപ്പിച്ച അഹിംസാത്മക പ്രതിരോധ പരിപാടിയ്ക്ക് നേതൃത്വം നൽകിയത് നൂറ് വയസ്സ് തികഞ്ഞ ബാജി മുഹമ്മദ് ആയിരുന്നു. ഒരുവേള ഒഡീഷയിലെ ഇതര ജില്ലകളിലേക്ക് കൂടി പടരുമായിരുന്ന ആ കലാപം ശമിപ്പിക്കുന്നതിൽ ഗാന്ധിയൻ പ്രവർത്തകരുടെ ഇടപെടൽ കാരണമായെന്ന് പറയാം).
മനസ്സിനും ശരീരത്തിനും ‘അയോധ്യ’യിൽ നിന്നേറ്റ മുറിവുമായി തിരിച്ചെത്തിയ നാരായൺ ദേസായി, ഗാന്ധി ദർശനത്തിന്റെ അടിസ്ഥാന ശിലയായ അഹിംസ ബഹുജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാമെന്ന ആലോചനകളിൽ മുഴുകി. ആ ആലോചനകളുടെ പര്യവസാനങ്ങളിലൊന്നായിരുന്നു നാല് വാല്യങ്ങളിലായി പരന്നുകിടക്കുന്ന ഗാന്ധി ജീവചരിത്രം. മറ്റൊന്ന്, തന്റെ തന്നെ ബൃഹദ് ഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം നടത്തിയ ‘ഗാന്ധികഥ’ എന്ന ആഖ്യാനവും.
(തുടരും)





