ഇന്ത്യയിലെ ആരോഗ്യ പരിചരണ സംവിധാനങ്ങളിൽ നിന്നും നിരവധി സവിശേഷമായ നേട്ടങ്ങളുമായി വേറിട്ടു നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന കേരള ആരോഗ്യ രംഗത്തെ സമഗ്രമായി പഠിക്കുന്ന ലേഖനങ്ങളിൽ ഒന്നാണ് ‘മാതൃഭൂമി’ ആഴ്ച്ചപതിപ്പിൽ (12-10-2025) ഈ രംഗത്ത് വിദഗ്ധരായ ശ്രീ മാത്യു ജോർജും ശ്രീ ഗോപികൃഷ്ണനും ചേർന്ന് എഴുതിയ ‘ഐ.സി.യു മരണങ്ങളും ആരോഗ്യ മേഖലയും’ എന്ന പഠന പ്രബന്ധം.
പൊതുജനാരോഗ്യ രംഗത്ത് നടത്തുന്ന ഇടപെടലുകളെ പ്രധാനമായും അഞ്ചായി തിരിക്കാവുന്നതാണ്
1. രോഗമുക്തി ചികിത്സ (Curative Care)
2. പ്രചരണാത്മക പ്രവർത്തനങ്ങൾ (Promotive Care)
3. രോഗപ്രതിരോധ പ്രവർത്തനങ്ങൾ (Preventive Care)
4. പുനരധിവാസ പരിചരണം (Rehabilitative Care)
5. സാന്ത്വന ചികിത്സ (Palliative Care)
ഈ അഞ്ചു മേഖലകളിൽ പ്രധാനമായും ആദ്യ മേഖലയായ രോഗമുക്തി ചികിത്സാ രംഗം നേരിടുന്ന അതിസങ്കീർണ്ണങ്ങളായ പ്രതിസന്ധികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ പഠനം പ്രധാനമായും മുന്നോട്ടുപോകുന്നത്. വിവിധ കാരണങ്ങളാൽ മാറിക്കൊണ്ടിരിക്കുന്ന രോഗാതുരതാ ക്രമവും (Morbidity pattern) ആശുപത്രി ചികിത്സാ ആശ്രിതത്വവും അത് സൃഷ്ടിക്കുന്ന വർദ്ധിച്ചുവരുന്ന ആവശ്യകതയും അതേ വേഗതയിൽ വളരാത്ത പൊതുജനാരോഗ്യ സംവിധാനങ്ങളും ഈ സാധ്യത ഉപയോഗിച്ച് അതിവേഗത്തിൽ വളരുന്ന സ്വകാര്യ ആരോഗ്യ സംവിധാനങ്ങളും ചേർന്ന് വിവിധ തലങ്ങളിൽ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആവശ്യകത (Demand) ലഭ്യത (Supply/Availability) പ്രതിസന്ധിയേയും കേരളത്തിൻ്റെ ആരോഗ്യ സൂചകങ്ങൾ എല്ലാം തന്നെ അഭിമാനിക്കാം വിധം ഉയർന്നതാണെങ്കിൽക്കൂടെ ആ സൂചകങ്ങളിൽ ഊന്നിക്കൊണ്ടുള്ള മേനി പറച്ചിലുകൾക്കപ്പുറം കേരളം യഥാർത്ഥത്തിൽ നേരിടുന്ന പൊതുജനാരോഗ്യ പ്രതിസന്ധികളേയും അതിൻ്റെ കാര്യകാരണസഹിതം ഈ പ്രബന്ധം വിശകലനം ചെയ്യുന്നുണ്ട്. രോഗ മുക്തി ചികിത്സ എന്ന ഘടകത്തെ അതിൽ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അടക്കമുള്ള അടിസ്ഥാന സംവിധാനങ്ങളെക്കാൾ തൃതീയ തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങളിലുള്ള അപര്യാപ്തതകളെ കേന്ദ്രീകരിച്ചാണ് ഈ പഠനം പ്രധാനമായും മുന്നോട്ടുപോകുന്നത് .ഈ മേഖലയിലുള്ള പ്രതിസന്ധികൾ പ്രധാനമായും നാല് തരത്തിലുള്ളതാണെന്ന് പഠനം വിലയിരുത്തുന്നു.

1. പ്രാഥമിക തലത്തിലും രണ്ടാംതലത്തിലും പരിഹരിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട് മൂന്നാം തലങ്ങളിൽ എത്തുന്നു. ഇത് അനാവശ്യമായ സമ്മർദ്ദം മൂന്നാം തലത്തിൽ ചെലുത്തുന്നു. ‘ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളാകട്ടെ ഈ സമ്മർദ്ദത്തെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു.
2. ജനസംഖ്യാ ഘടനയിൽ വന്ന മാറ്റം (Demographic transition), രോഗാതുരതാ കാരണങ്ങളിൽ വന്ന മാറ്റം (Epidemiological transition), ഇവ കാരണം പകർച്ചേതരവ്യാധികളിൽ ഉണ്ടായ വൻവർധനവ്, തുടർച്ചയായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പഴയകാല പകർച്ചവ്യാധികൾ, പുതുതായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവ ചേർന്ന് സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ആരോഗ്യ രംഗം.
3. അനുദിനം വർദ്ധിച്ചുവരുന്ന തൃതീയ തലത്തിൽ തന്നെ പരിഹരിക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആകും വിധം തൃതീയ മേഖലയിൽ കൂടുതൽ കൂടുതൽ നിക്ഷേപം നടത്താൻ സർക്കാറുകൾക്ക് കഴിയാതെ പോകുന്നതിനാൽ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളെ പരിഹരിക്കാനാവും വിധമുള്ള വളർച്ച ഈ മേഖലയിൽ നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് (NHA) കണക്കുപ്രകാരം ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ആരോഗ്യത്തിന് മാറ്റിവയ്ക്കുന്ന സംസ്ഥാനമായിട്ടുകൂടെ ഉണ്ടാവുന്നില്ല.
4. ഈ സാധ്യതകളെ മുഴുവൻ ഉപയോഗിച്ചുകൊണ്ടാണ് കേരളത്തിൽ സ്വകാര്യ മേഖല വളർന്നു വന്നിട്ടുള്ളത്. പെട്ടെന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ഏതൊരു സാധാരണക്കാരനും സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ കൃത്യമായ റെഗുലേറ്ററി സംവിധാനങ്ങൾ ഒന്നുമില്ലാത്ത (പ്രവർത്തനക്ഷമമല്ലാത്ത/മാക്കാത്ത Clinical Establishment Act നെ കാണാതെ പോകുന്നില്ല) സ്വകാര്യ മേഖല കടുത്ത ചൂഷണമാണ് ഈ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അത് വ്യക്തിഗത ആരോഗ്യ ചിലവിനെ (Out of pocket expenditure) അപകടകരമാംവിധം വർധിപ്പിക്കുന്നു.
കേരളത്തിൽ നഗരകേന്ദ്രീകൃതമായി വൻകിട ആശുപത്രികൾ മുളച്ചു പൊന്തുകയും ചെറുകിട നഗരങ്ങളിലും ഗ്രാമങ്ങളിലുമുണ്ടായിരുന്ന കിടത്തി ചികിത്സ സാധ്യമാകുന്ന ഡിസ്പെൻസറികളും ചെറുകിട ആശുപത്രികളും ഒന്നൊന്നായി അപ്രത്യക്ഷമാവുകയും ചെയ്തത് ആരോഗ്യ രംഗത്ത് സൃഷ്ടിച്ച പ്രശ്നങ്ങളെ ഈ പഠനം വിഷയമാക്കിയിട്ടില്ല. അതോടൊപ്പം സമീപകാലത്ത് കേരളത്തിലെ വൻകിട ആശുപത്രികളിൽ ഭൂരിഭാഗവും കേരളീയരുടെ ഉടമസ്ഥതയിൽ നിന്നും മാറി വിദേശ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് മാനേജ്മെൻ്റ് കമ്പനികളുടെ നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുന്നത് വരും കാലങ്ങളിൽ ഈ മേഖല കൂടുതൽ ചൂഷണാത്മകമായി മാറുവാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും ഈ പഠനത്തിൽ സൂചിപ്പിക്കപെട്ടിട്ടില്ല. എന്നാൽ അതോടൊപ്പം നമ്മുടെ പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ സർക്കാർ നടത്തിയിട്ടുള്ള ഉയർന്ന നിക്ഷേപം, ഡിമാന്റിന് അനുസൃതമായ തോതിൽ ആയിട്ടില്ലെങ്കിൽ കൂടെ ഗണനീയമായ മാറ്റങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലായാലും മനുഷ്യവിഭശേഷിയുടെ കാര്യത്തിൽ ആയാലും മറ്റു അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിന്റെ കാര്യത്തിലായാലും വരുത്തിയിട്ടുണ്ട്. അത് പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ സ്വീകാര്യതയെ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുമുണ്ട്.
കേരളത്തിൻ്റെ പൊതുജനാരോഗ്യം ചർച്ച ചെയ്യുമ്പോൾ ഏറ്റവും പ്രാധാന്യം നൽകേണ്ട മേഖലകളാണ് രോഗപ്രതിരോധം, പ്രചരണാത്മക ആരോഗ്യ പ്രവർത്തനം എന്നിവ. എന്നാൽ ഈ മേഖലകളെ ഈ പഠനം കാര്യമായി സ്പർശിക്കുന്നതായി തോന്നിയില്ല. കേരളത്തിൻ്റെ പരമ്പരാഗതമായ ആരോഗ്യ സൂചകങ്ങളെ ഇന്നത്തെ വികസിതാവസ്ഥയിലേക്ക് എത്തിച്ചതിൽ ഗണ്യമായ പങ്ക് വഹിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഭാഗങ്ങളാണിത്. എന്നാൽ മാറിയ സാഹചര്യങ്ങളിൽ നേരത്തെ സൂചിപ്പിച്ച പകർച്ചവ്യാധികളേയും പകർച്ചേതരവ്യാധികളേയും നിയന്ത്രിക്കുന്നതിൽ നിലവിൽ ഈ സംവിധാനങ്ങൾ ഫലപ്രദമായി തീരുന്നില്ല എന്ന് ഈ പഠനം സമർത്ഥിക്കുന്നുണ്ട്.

ഓരോ പ്രദേശത്തും ഹെൽത്ത് ഇൻസ്പെക്ടറും പബ്ലിക് ഹെൽത്ത് നഴ്സും തൊട്ട് താഴെ ആശ, അംഗനവാടി പ്രവർത്തകർ വരെ ഉൾപ്പെടുന്ന ഈ ശൃംഖല ശക്തമെങ്കിലും കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങൾ മുഴുവനും ഫലവത്തായി അഭിസംബോധന ചെയ്യുവാൻ ഇവർക്ക് ആകുന്നില്ല എന്ന് ഉദാഹരണസഹിതം ഈ പഠനം പറയുന്നുണ്ടെങ്കിലും ഈ പ്രതിസന്ധിയെ മുറിച്ചുകടക്കാനുള്ള എന്തെങ്കിലും നിർദ്ദേശങ്ങൾ ലേഖകർ നൽകുന്നില്ല. അമിതമായ ജോലിഭാരം, ഒന്നിലും ഫോക്കസ് ചെയ്യാനാകാത്ത വിധമുള്ള അമിത ജോലി വൈവിധ്യം, ഡാറ്റാ എൻട്രി കേന്ദ്രീകൃതമായ പ്രവർത്തന ലക്ഷ്യങ്ങൾ, ആവശ്യത്തിനു മനുഷ്യ വിഭവ ശേഷി ഇല്ലാത്തത് തുടങ്ങിയവ ഈ മേഖലയുടെ പ്രവർത്തന മികവിനെ തളർത്തുന്നു എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരോട് സംവദിച്ചപ്പോൾ എനിക്ക് മനസ്സിലായത്.
പ്രാഥമികാരോഗ്യതലങ്ങളിൽ ‘ആർദ്രം മിഷൻ’ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കപ്പുറം സാധ്യമാക്കിയ ഘടനാപരവും പ്രവർത്തനപരവുമായ മാറ്റങ്ങൾ ഈ മേഖലയിൽ കാര്യമായി പ്രതിഫലിക്കയുണ്ടായില്ല. രോഗമുക്തി ചികിത്സ മേഖലയ്ക്ക് നൽകുന്ന ബജറ്ററി സപ്പോർട്ടിന് ആനുപാതികമായി രോഗപ്രതിരോധം അതിനോട് പൂരകമായി പ്രവർത്തിക്കേണ്ട പ്രചരണാത്മക പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് സർക്കാർ നൽകുന്നുമില്ല. എന്നാൽ അതോടൊപ്പം മാലിന്യ പരിപാലനമടക്കമുള്ള ആരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക ഘടകങ്ങളിൽ വിവിധ തട്ടുകളിലുള്ള സർക്കാരുകളുടെ ഇടപെടലുകൾ കാണാതിരിക്കുകയും ചെയ്തുകൂടാ. അതുപോലെത്തന്നെ ആരോഗ്യസേവനങ്ങളുടെ ഏറ്റവും അടിത്തട്ടിലുള്ള ഡെലിവറി പോയിൻറ് ആയ ‘ആയുഷ്മാൻ ആരോഗ്യമന്ദിരങ്ങൾ’ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർ, ആശ, അംഗനവാടി പ്രവർത്തകർ എന്നിവരെയൊക്കെ കൃത്യമായ പ്രവർത്തന ലക്ഷ്യങ്ങളോടെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കേണ്ടതിൻ്റെ ആവശ്യകത വർദ്ധിച്ചുവരികയാണ്.
പ്രധാനമായും രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണ്ണയം, രോഗ സങ്കീർണ്ണതാ ലഘൂകരണം, ചികിത്സ ഉറപ്പുവരുത്തൽ, ഡാറ്റാ ശേഖരണവും വിശകലനവും, ആരോഗ്യത്തെ നിർണയിക്കുന്ന മറ്റു സാമൂഹിക ഘടകങ്ങളിലുള്ള ഇടപെടൽ എന്നീ മേഖലകളിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഏറ്റവും അടിത്തട്ടിൽ തന്നെ ശക്തിപ്പെടുത്തണം. ഈ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി നടപ്പിലായാൽ മാത്രമേ അതിൻ്റെ ഗുണഫലം ഉയർന്ന തലങ്ങളിലുള്ള രോഗ മുക്തി ചികിത്സാലയങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിഫലിക്കയുള്ളൂ എന്ന് ‘മാതൃഭൂമി’ ലേഖനം അസന്ദിഗ്ധമായി പറയുന്നുണ്ട്. നൂതന ആശയങ്ങൾ പലതും ഈ അടിസ്ഥാന മേഖലയിൽ മുളച്ചു പൊന്തുന്നുണ്ടെങ്കിലും അവക്ക് തുടർച്ചയില്ലാതെ പോകുന്നത് എന്തുകൊണ്ടാണ് എന്ന് പഠിക്കപ്പെടുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും വേണം.

‘മാതൃഭൂമി’ പഠനം ചർച്ച ചെയ്യുന്ന മറ്റൊരു മേഖല ആശുപത്രി മരണങ്ങളാണ്. ഞാൻ അടുത്തിടെ വായിച്ച രണ്ടു പുസ്തകങ്ങൾ (1, Being Mortal: Medicine and What Matters in the End by Atul Gawande, 2, Debating Bioethics by Sreekumar Nellikkappilly) ഈ വിഷയത്തെ ധാർമികമായ (Ethical) രീതിയിൽ ഇഴകീറി പരിശോധിക്കുന്നുണ്ട്. പ്രായവും മരണാസന്നമായ രോഗസാഹചര്യങ്ങളും നിലനിൽക്കുമ്പോഴും രോഗി കുടുംബാഗംങ്ങളോടൊത്ത് അവസാന നിമിഷങ്ങൾ ചിലവഴിച്ച് മരണത്തിലേക്ക് പ്രവേശിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ട് ചിലവേറിയതും സങ്കീർണവുമായ ചികിത്സാ സംവിധാനങ്ങൾക്കിടയിൽ ഏകാകിയായി മരണത്തെ പുൽകാൻ നിർബന്ധിതനാകുന്നു. ഈ സാഹചര്യം പലപ്പോഴും ഒരു ധാർമിക പ്രശ്നമെന്നതിലുപരി മരണാസന്നനായ വ്യക്തിക്കും അദ്ദേഹത്തിൻ്റെ ബന്ധുക്കൾക്കും കടുത്ത വൈകാരികാഘാതം സൃഷ്ടിക്കുന്നതും അതോടൊപ്പം ചികിത്സാ ചെലവിനെ ഗണ്യമായി വർദ്ധിപ്പിക്കുന്നതുമായ ഒരു ഘടകമായി തീരുന്നുണ്ട്. ജനസംഖ്യാനുപാതത്തിൽ പ്രായമായവരുടെ എണ്ണവും വൻകിട ചികിത്സാ സൗകര്യങ്ങളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചുവരുന്ന കേരളീയ സാഹചര്യത്തിൽ തികച്ചും പ്രസക്തമായ ഒരു വിഷയമാണിത്.

കേരളത്തിൻ്റെ പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള ഏതൊരു പഠനത്തിനും ഈ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകളെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാനാകില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമല്ല മനുഷ്യ വിഭവശേഷി ലഭ്യമാക്കുന്നതിലും സാമൂഹത്തിൻ്റെ ആരോഗ്യാവശ്യങ്ങൾ കൃത്യമായി നിർണയിക്കുന്നതിലും നൂതനമായ പ്രവർത്തനങ്ങളിലൂടെ കാലികമായ ആരോഗ്യ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിലും വലിയ സംഭാവനകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയിട്ടുള്ളത്. എന്നാൽ ‘മാതൃഭൂമി’ പഠനം ഈ മേഖലയെ കാണുകയുണ്ടായിട്ടില്ല.
കൃത്യമായ സാമൂഹിക ഇടപെടലുകളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം വൻ വിജയം നേടിയ ആരോഗ്യ പരിപാടിയായ സാന്ത്വന പരിചരണത്തെ ‘മാതൃഭൂമി’ പഠനം പരിഗണിച്ചു കാണുന്നില്ല. പകർച്ചേതരവ്യാധികളുടെ ആധിക്യം, അപകടങ്ങൾ, പ്രായമായവരുടെ വലിയ വർദ്ധനവ് തുടങ്ങിയവ സാന്ത്വനപരിചരണത്തെ കേരളത്തിൽ ഒരു വലിയ സാമൂഹിക ആവശ്യമായി മാറ്റിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ സമൂഹവും സർക്കാറും ഈ മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ വിധത്തിൽ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്.

കേരളത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും അവരുടെ വാർഷിക പദ്ധതിയുടെ ഭാഗമായി സാന്ത്വന പരിചരണ പരിപാടി ആ പ്രദേശത്തെ പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. അതേസമയം സന്നദ്ധ സംഘടനകൾ ഫലപ്രദമായി നടത്തുന്ന സാന്ത്വന പരിചരണ പരിപാടികളും പല തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും ഉണ്ട്. അതുകൊണ്ടുതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോൾ അവ പരസ്പരം സമാന്തരമായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വിഭവങ്ങളുടെയും മറ്റു പ്രവർത്തനങ്ങളുടെയും അശാസ്ത്രീയവും അനാവശ്യവുമായ വിനിയോഗമാണ് ഈ ഏകോപനമില്ലായ്മ കൊണ്ട് സംഭവിക്കുന്നുണ്ട്.
കേരളത്തിൽ പൊതുജനാരോഗ്യ മേഖലയിൽ നടക്കുന്ന ഏതൊരു പ്രവർത്തനത്തെയും അവയിൽ NHM ൻ്റെ പങ്കാളിത്തം കൃത്യമായി മനസ്സിലാക്കാതെ പൂർത്തിയാക്കാനാകില്ല. NHM ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സ്വതസിദ്ധമായ പ്രവർത്തനങ്ങളേയും മറ്റു പദ്ധതികൾക്ക് നൽകുന്ന വ്യത്യസ്ത തലങ്ങളിലുള്ള പിന്തുണ പ്രവർത്തനങ്ങളേയും ഈ പഠനം വിശകലനം ചെയ്യുകയോ ഭാവി കേരളത്തിൻ്റെ ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് NHM ൻ്റെ നിലവിലുഉള്ള പ്രവർത്തനങ്ങളിൽ ഏതൊക്കെ, എങ്ങിനെയൊക്കെയുള്ള മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് നിർദ്ദേശിക്കയോ ചെയ്യുന്നില്ല.
അതുപോലെതന്നെ പരിഗണിക്കപ്പെടാതെ പോയ മറ്റൊരു വിഷയം ആരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക ഘടകങ്ങളിൽ നടന്നുവരുന്ന ഇടപെടലുകളാണ്. ഒരു പ്രദേശത്തെ ആരോഗ്യനിലവാരത്തെ നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ആ പ്രദേശത്ത് ആരോഗ്യ രംഗത്ത് നേരിട്ട് നടത്തുന്ന ഇടപെടലുകൾ അല്ല പകരം ആരോഗ്യത്തെ നിർണയിക്കുന്ന സാമൂഹ്യ ഘടകങ്ങളിലുള്ള ഇടപെടലുകളാണെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ പറയാറുള്ളത്. കേരളം എത്തിനിൽക്കുന്ന ആരോഗ്യ നിലവാരം ഇത്തരം ഇടപെടലുകളുടെ പ്രത്യക്ഷ ഉദാഹരണവുമാണ്. അതിൽ കുടിവെള്ളം, മാലിന്യ പരിപാലനം, പുനരധിവാസം, സാമൂഹിക ക്ഷേമം തുടങ്ങിയ ആരോഗ്യപരിപാലന നിലവാരത്തെ നേരിട്ട് നിർണയിക്കുന്ന ഘടകങ്ങളും ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം, കൃഷി, മൃഗപരിപാലനം, ഗതാഗത സൗകര്യങ്ങൾ, മറ്റു പാശ്ചത്തല വികസന പ്രവർത്തനങ്ങൾ തുടങ്ങിയ പരോക്ഷമായി നിർണയിക്കുന്ന ഘടകങ്ങളും ഉൾപ്പെടുന്നു.
സമകാലീന കേരളം കടന്നു പോകുന്ന കടുത്ത സാമ്പത്തിക ഞെരുക്കം ഗൗരവതരമായ വിധം ആരോഗ്യ മേഖലക്കുളള ബജറ്റ് വിഹിതത്തേയും യഥാർത്ഥത്തിലുള്ള വിനിയോഗത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണെന്നിരിക്കെ ഈ പ്രതിസന്ധി വേണ്ട വിധം പഠിക്കപ്പെട്ടിട്ടില്ല.
മരുന്നുകളുടെ ദുരുപയോഗവും അമിത ഉപയോഗവും കേരളം നേരിടുന്ന ഗൗരവമുള്ള മറ്റൊരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഇതിൽ പ്രത്യേകിച്ച് ആൻറിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ ഗൈഡ്ലൈൻ ഉണ്ടാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ പ്രവർത്തനങ്ങൾക്കൊന്നും കൃത്യമായ തുടർച്ചയുണ്ടാകാത്തതുകാരണം എല്ലാം പഴയപടി തന്നെ ആയിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. കുറിപ്പടി ഇല്ലാതെയും പഴയ കുറിപ്പടികൾ ഉപയോഗിച്ചും മരുന്നു വാങ്ങിക്കഴിക്കുകയും തുടർന്ന് രോഗസങ്കീർണതയിലേക്ക് പോവുകയും ചെയ്യുന്ന രോഗികളുടെ എണ്ണത്തിലും കേരളത്തിൽ അനുദിനം വർദ്ധനവ് സംഭവിക്കുന്നുണ്ട്. പകർച്ചേതര രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവർ പലപ്പോഴും കൃത്യമായി മരുന്നു കഴിക്കാത്തത് കൊണ്ടും (Drug compliance) കൃത്യമായ ഇടവേളകളിൽ രോഗാവസ്ഥ തിട്ടപ്പെടുത്താത്തതുകൊണ്ടും രോഗ സങ്കീർണതയിലേക്ക് പതിക്കുന്നതും സാധാരണമാണ്.

പരമ്പരാഗത സൂചകങ്ങൾ ആധാരമാക്കി നമ്മൾ ഒന്നാമതാണെന്നുള്ള സ്ഥിരം അവകാശവാദങ്ങൾക്കപ്പുറത്ത് കേരളം ഇന്ന് നേരിടുന്ന പുതിയ തലമുറ ആരോഗ്യ പ്രശ്നങ്ങൾ അതിസങ്കീർണമാണ്. ഈ സങ്കീർണ്ണതകളെ ശാസ്ത്രീയമായി വിലയിരുത്തുകയും തിരിച്ചറിയുകയും അതിൻ്റെ വെളിച്ചത്തിൽ നമ്മുടെ നയങ്ങളും മുൻഗണനകളും പ്രവർത്തന പദ്ധതികളും പുനരാവിഷ്കരിക്കുകയും വേണം. അല്പം കുതിച്ചും കൂടുതൽ കിതച്ചും മുന്നോട്ടു നീങ്ങുന്ന ആരോഗ്യ മേഖലയിലെ ഡിജിറ്റൈസേഷൻ പദ്ധതി (eHealth) വിജയകരമായി പൂർത്തിയായാൽ ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആവേഗം കൈവരും. എങ്കിൽ മാത്രമേ ആരോഗ്യമുള്ള ഒരു ഭാവി കേരളത്തെ സ്വപ്നം കാണാനെങ്കിലും ഇന്ന് നമുക്ക് കഴിയൂ.





