ആശയവിനിമയത്തിനുള്ള കേവല ഉപാധി എന്ന നിലവിട്ട് ഭാഷ ഒരു സാമൂഹിക യാഥാർത്ഥ്യത്തെ നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുന്ന പ്രക്രിയയെ അപഗ്രഥിക്കുമ്പോൾ അതിലെ അധികാര ഘടനകൾ അനാവൃതമാകുന്നുണ്ട്. ഭാഷ നമ്മുടെ ചിന്തയെ രൂപപ്പെടുത്തുന്നു എന്ന ഭാഷാപരമായ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനയുക്തിയിൽ നിന്നുകൊണ്ട് ഭാഷയിലെ പുരുഷാധിപത്യ പ്രവണതകളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ സങ്കീർണ്ണമായ തലങ്ങളിലേക്ക് വികസിക്കുന്നുണ്ട്. ഇത് കേവലം വാക്കുകളുടെ തിരഞ്ഞെടുപ്പിൽ ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഭാഷയുടെ ഘടനയിലും പ്രയോഗത്തിലും ആഖ്യാനങ്ങളിലും (Discourse) ആഴത്തിൽ വേരോടിയ ഒരു പ്രത്യയശാസ്ത്ര പദ്ധതിയാണ്. പിയറി ബോർദ്യു വിവക്ഷിക്കുന്ന പ്രതീകാത്മക അതിക്രമം (Symbolic Violence) ഭാഷയിലൂടെ ലിംഗപദവി അസമത്വങ്ങളെ സാധാരണവൽക്കരിക്കുകയും സ്വാഭാവികവൽക്കരിക്കുകയും ചെയ്യുന്നു. മലയാളമുൾപ്പെടെ മിക്ക ഭാഷകളും സ്ത്രീയെ ഒരു രണ്ടാം ലിംഗമായി (The Second Sex) മാത്രം നിർമ്മിക്കുന്നതായി കാണാൻ സാധിക്കും.

ഭാഷയിലെ പുരുഷാധിപത്യത്തിന്റെ ഏറ്റവും സ്ഥൂലമായ തലം അതിന്റെ പദസഞ്ചയത്തിലാണ് (Lexicon) കാണാനാവുക. സ്ത്രീയെ ലൈംഗികമായി വസ്തുവൽക്കരിക്കുന്ന (Objectification) ‘ചരക്ക്’, ‘ഐറ്റം’ തുടങ്ങിയ പ്രയോഗങ്ങൾ കേവലം അധിക്ഷേപ വാക്കുകളല്ല, മറിച്ച് മുതലാളിത്ത ഉപഭോഗ സംസ്കാരത്തിൽ സ്ത്രീ ശരീരം ഒരു വിപണന വസ്തുവായി മാറുന്നതിന്റെ ഭാഷാപരമായ പ്രതിഫലനമാണ്. പുരുഷന്റെ അഭിമാനം സ്ത്രീയുടെ ലൈംഗികതയുമായി ബന്ധിപ്പിക്കുന്ന ശകാരവാക്കുകൾ, സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ നിന്ന് ഒരു കുടുംബത്തിന്റെയോ പുരുഷന്റെയോ കീർത്തിയുടെ സൂക്ഷിപ്പുകാരി എന്ന നിലയിലേക്ക് ചുരുക്കുന്നു. ഇതിനെ സെമാന്റിക് ഡെറോഗേഷൻ (Semantic Derogation) എന്ന പ്രതിഭാസവുമായി ചേർത്തുവായിക്കാം. ചരിത്രപരമായി, സ്ത്രീകളെ കുറിക്കുന്ന പല നിഷ്പക്ഷ പദങ്ങളും കാലക്രമേണ നിന്ദാർത്ഥത്തിലേക്ക് വഴുതിവീഴുന്ന പ്രവണതയാണിത്. ഉദാഹരണത്തിന്, ‘തന്റേടി’ എന്ന വാക്കിന് സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിവുള്ളവൾ എന്ന നല്ല അർത്ഥമുണ്ടായിരുന്നെങ്കിൽ പോലും, ഇന്നത് പുരുഷാധികാരത്തെ ചോദ്യം ചെയ്യുന്ന സ്ത്രീയെ കുറിക്കാനുള്ള ഒരു നിഷേധാത്മക പദമായിട്ടാണ് ഉപയോഗിക്കുന്നത്. ‘പെൺബുദ്ധി’ എന്ന പ്രയോഗം സ്ത്രീയുടെ വൈജ്ഞാനിക ശേഷിയെയാകെ താഴ്ത്തിക്കെട്ടുന്നതിലൂടെ യുക്തിയും ബൗദ്ധികതയും പുരുഷന്റെ സ്വാഭാവിക ഗുണങ്ങളാണെന്ന മിഥ്യാധാരണയെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീയുടെ അനുഭവങ്ങളെയും, വൈകാരിക ലോകത്തെയും, ശാരീരികാവസ്ഥകളെയും കൃത്യമായി അടയാളപ്പെടുത്തുന്ന വാക്കുകളുടെ അഭാവം (Lexical Gap) ഭാഷയിലുള്ളപ്പോൾ തന്നെ, അവളെ സാമൂഹികമായി തരംതാഴ്ത്തുന്ന പദങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല എന്നത് ഭാഷയുടെ രാഷ്ട്രീയ പക്ഷപാതിത്വത്തെയാണ് വെളിപ്പെടുത്തുന്നത്.

പദസഞ്ചയത്തിനപ്പുറം, ഭാഷയുടെ വ്യാകരണ ഘടനയിലും (Grammar and Syntax) ഈ പുരുഷ കേന്ദ്രീകൃത ലോകബോധം പ്രവർത്തിക്കുന്നുണ്ട്. പൊതുവായ മനുഷ്യ സമൂഹത്തെ കുറിക്കാൻ പുരുഷലിംഗ രൂപങ്ങൾ (Generic Masculine) ഉപയോഗിക്കുന്നത് ഇതിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണ്. ‘ശാസ്ത്രജ്ഞൻ’, ‘തൊഴിലാളി’, ‘എഴുത്തുകാരൻ’ തുടങ്ങിയ പദങ്ങൾ ഒരു വിഭാഗത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുമ്പോൾ, ‘ശാസ്ത്രജ്ഞ’, ‘തൊഴിലാളിനി’, ‘എഴുത്തുകാരി’ തുടങ്ങിയ സ്ത്രീലിംഗ രൂപങ്ങൾ ഒരു വ്യതിയാനമായി (Deviation) മാത്രം പരിഗണിക്കപ്പെടുന്നു. ഇവിടെ പുരുഷൻ മാനദണ്ഡവും (The Norm) സ്ത്രീ അതിൽ നിന്നുള്ള വ്യതിചലനവുമാകുന്നു. ഇത് സിമോൻ ദ ബൊവയുടെ ‘പുരുഷൻ സ്വാഭാവികവും (The Absolute) സ്ത്രീ അപരവുമാണ് (The Other)’ എന്ന നിരീക്ഷണത്തിന്റെ ഭാഷാപരമായ ആവിഷ്കാരമാണ്. കേരളത്തിലെ തൊഴിൽ, രാഷ്ട്രീയ മേഖലകളിൽ ഉയർന്ന പദവികളിലിരിക്കുന്ന സ്ത്രീകളെ വിശേഷിപ്പിക്കുമ്പോൾ പോലും ‘വനിതാ കമ്മീഷൻ അധ്യക്ഷ’, ‘വനിതാ ഡയറക്ടർ’ എന്നിങ്ങനെ ‘വനിത’ എന്ന് പ്രത്യേകം ചേർക്കേണ്ടി വരുന്നത് ഈ അദൃശ്യവൽക്കരണത്തിന്റെ ഭാഗമാണ്. ആ പദവികളുടെ സ്വാഭാവിക അവകാശി പുരുഷനാണെന്ന ധാരണ ഇതിൽ അന്തർലീനമാണ്. ലിംഗനിരപേക്ഷമായ പദങ്ങളുടെ (Gender-neutral Language) അഭാവം സ്ത്രീയുടെ കർത്തൃത്വത്തെ ഭാഷാപരമായി പരിമിതപ്പെടുത്തുന്നു. ഭാര്യ (ഭരിക്കപ്പെടേണ്ടവൾ), ഭർത്താവ് (ഭരിക്കുന്നവൻ) തുടങ്ങിയ വാക്കുകൾ ഒരു ബന്ധത്തിലെ അധികാര സമവാക്യങ്ങളെ അബോധപൂർവ്വം ഉറപ്പിക്കുന്നു. ഇതിനെ മറികടക്കാനാണ് ജീവിത പങ്കാളി എന്ന സംജ്ഞ ഉയർന്നു വരുന്നത്.

ഭാഷയുടെ പ്രായോഗിക തലത്തിലാണ് (Pragmatics) ഈ അധികാര പ്രയോഗം ഏറ്റവും ശക്തമായി കാണാൻ കഴിയുന്നത്. മിഷേൽ ഫൂക്കോ പറയുന്നതുപോലെ, ആഖ്യാനങ്ങൾ (Discourse) അധികാരത്തിന്റെ ഉപകരണങ്ങളാണ്. അവ ചില കാര്യങ്ങളെ ‘സാധാരണം’ ആയും മറ്റു ചിലതിനെ ‘അസ്വാഭാവികം’ ആയും നിർവചിച്ചുകൊണ്ട് സാമൂഹിക നിയന്ത്രണം സാധ്യമാക്കുന്നു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ ഭാഷ ഉപയോഗിച്ച് സമൂഹം എങ്ങനെ വിലയിരുത്തുന്നു എന്നത് ഇതിനുദാഹരണമാണ്. പുരുഷന്റെ ആത്മവിശ്വാസം നേതൃഗുണം ആകുമ്പോൾ സ്ത്രീയുടെ അതേ ഗുണം അഹങ്കാരം ആയി വ്യാഖ്യാനിക്കപ്പെടുന്നു. ശക്തയായ സ്ത്രീകളെ അംഗീകരിക്കുന്നതിലുള്ള വൈമുഖ്യമാണ് ഇതിലൊക്കെ പ്രകടമാവുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്നവർക്കെതിരെ പ്രയോഗിക്കപ്പെടുന്ന ‘ഫെമിനിച്ചി’ എന്ന സംബോധന, സ്ത്രീയുടെ ബൗദ്ധികമായ അഭിപ്രായങ്ങളെ റദ്ദ് ചെയ്യാനും അവളെ ഒരു അധിക്ഷേപ ചട്ടക്കൂടിലേക്ക് ഒതുക്കാനുമുള്ള ശ്രമമാണ്. ഇത് കേവലം ഒരു തെറിവിളിയല്ല, മറിച്ച് ഒരു രാഷ്ട്രീയ നിലപാടിനെ ദുർബലപ്പെടുത്താനുള്ള ആഖ്യാനപരമായ തന്ത്രമാണ്. ജൂഡിത്ത് ബട്‌ലർ (Judith Butler) മുന്നോട്ടുവെക്കുന്ന ലിംഗപദവി ഒരു പ്രകടനം (Gender as Performance) ആണെന്ന ആശയവുമായി ഇതിനെ ബന്ധിപ്പിക്കാം. സമൂഹം പ്രതീക്ഷിക്കുന്ന ‘സ്ത്രൈണത’യുടെ പ്രകടനത്തിൽ നിന്ന് വ്യതിചലിക്കുന്നവരെ ഭാഷ ഉപയോഗിച്ച് ശിക്ഷിക്കുകയും അരികുവൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന, രാത്രിയിൽ സഞ്ചരിക്കുന്ന, അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ ‘പോക്കുകേസ്’ എന്നൊക്കെ മുദ്രകുത്തുന്നതിലൂടെ സമൂഹം നിർമ്മിച്ചുവെച്ച ലിംഗപരമായ പ്രകടനത്തിന്റെ അതിർവരമ്പുകൾ ലംഘിക്കരുത് എന്ന താക്കീതാണ് നൽകുന്നത്.

എന്നാൽ ഭാഷ ഒരു അടഞ്ഞ വ്യവസ്ഥയല്ല. അതൊരു സമരമുഖം കൂടിയാണ്. പുരുഷാധിപത്യ ഭാഷയെ അട്ടിമറിക്കാനും പുതിയൊരു ഭാഷാക്രമം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഭാഷയെ തിരിച്ചുപിടിക്കുക (Reclaiming Language) എന്നത് ഇതിലെ ഒരു പ്രധാന തന്ത്രമാണ്. ‘ഫെമിനിച്ചി’ എന്ന വാക്കിനെ ഒരു അഭിമാന സംബോധനയായി സ്വീകരിച്ചുകൊണ്ട് അതിലെ അധിക്ഷേപത്തിന്റെ മുനയൊടിക്കുന്ന ഫെമിനിസ്റ്റുകൾ ഈ രാഷ്ട്രീയമാണ് പ്രയോഗിക്കുന്നത്. സാറാ ജോസഫ്, കെ.ആർ. മീര തുടങ്ങിയ എഴുത്തുകാർ തങ്ങളുടെ രചനകളിലൂടെ സ്ത്രീയുടെ ആന്തരിക ലോകത്തെയും അനുഭവങ്ങളെയും ആവിഷ്കരിക്കാൻ പുതിയൊരു ഭാഷാ ശൈലി തന്നെ രൂപപ്പെടുത്തുന്നു. ‘ആരാച്ചാർ’ എന്ന നോവലിലെ ചേതന എന്ന കഥാപാത്രം പുരുഷകേന്ദ്രീകൃതമായ ഒരു ലോകത്ത് സ്വന്തം ഇടം സ്ഥാപിക്കാൻ നടത്തുന്ന പോരാട്ടങ്ങൾ ഭാഷയുടെ തലത്തിൽ കൂടി നടക്കുന്നുണ്ട്. ‘കന്യക’യ്ക്ക് ഒരു പുല്ലിംഗപദമില്ലാതെ പോയതെങ്ങനെ എന്ന് സാറാജോസഫ് ഒരു കഥയിൽ ചോദിക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ രചനകൾ മലയാള ഭാഷയിലെ സദാചാര സങ്കൽപ്പങ്ങളെയും വ്യാകരണ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് സ്ത്രീയുടെ ലൈംഗികതയ്ക്കും ആഗ്രഹങ്ങൾക്കും ഭാഷയിൽ ഇടം നൽകിയതും നാം കണ്ടു.

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘ഹൗ ഓൾഡ് ആർ യു’ തുടങ്ങി അടുത്തകാലത്ത് ഇറങ്ങിയ പല സിനിമകളും പുരുഷാധിപത്യം നിർമ്മിച്ചുവെച്ച അടുക്കളയുടെയും പൊതുഇടത്തിൻ്റെയും പ്രായത്തിന്റെയും ഭാഷാപരമായ അതിരുകളെ ചോദ്യം ചെയ്യുന്നു. ഇത് ഭാഷാപരമായ പുനർനിർമ്മാണത്തിന്റെ (Linguistic Reformation) ഭാഗമാണ്.

ഭാഷയിലെ ലിംഗവിവേചനം കേവലം വാക്കുകളിൽ ഒതുങ്ങുന്ന ഒരു പ്രവണതയല്ല, മറിച്ച് പദസഞ്ചയം, വ്യാകരണം, പ്രയോഗം, ആഖ്യാനം എന്നിങ്ങനെ ഭാഷയുടെ എല്ലാ തലങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒരു അധികാര വ്യവസ്ഥയാണ്. ഭാഷയെ ഒരു സാമൂഹിക നിർമ്മിതിയായി കാണുകയും, അതിലെ ഓരോ വാക്കിനും പ്രയോഗത്തിനും പിന്നിലെ പ്രത്യയശാസ്ത്രപരമായ താൽപര്യങ്ങളെ തിരിച്ചറിയുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഭാഷാപരമായ നവീകരണത്തിനായുള്ള പോരാട്ടം കേവലം രാഷ്ട്രീയ ശരിയുടെ (Political Correctness) പേരിലുള്ള ഒരു ഉപരിപ്ലവമായ മാറ്റമല്ല, മറിച്ച് ചിന്തയെയും സാമൂഹിക ഘടനയെയും പുനർനിർമ്മിക്കാനുള്ള അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവർത്തനമാണ്. വാക്കുകൾക്ക് യാഥാർത്ഥ്യത്തെ നിർമ്മിക്കാൻ ശക്തിയുണ്ടെങ്കിൽ, പുതിയ വാക്കുകൾക്കും പുതിയ പ്രയോഗങ്ങൾക്കും പുതിയൊരു യാഥാർത്ഥ്യത്തെ സൃഷ്ടിക്കാനും സാധിക്കും. ആ തിരിച്ചറിവിലാണ് ഭാഷാപരമായ ലിംഗനീതിയുടെ ഭാവി നിലനിൽക്കുന്നത്.






വായിച്ച പുസ്തകങ്ങളിലൊക്കെ There is a strong argument for mutual respect between men and women..I feel that society always gives it to the man as his right and to the woman as a Magnanimity(big – hearted).I want to say to the women who are constantly fighting for it through language.. you have won the battle. Some men have accepted it. Some got desturbed..
C. Radhakrishnan ‘മാതൃപർവം’ എന്ന കൃതിയിൽ പറയുന്നത് ” മാറ്റങ്ങളുടെയോ മാറ്റമില്ലായ്മകളുടെയോ വേദനകൾ കഠിനമായി സഹിക്കേണ്ടി വരുന്നത് എക്കാലത്തും സ്ത്രീകളാണ്.. ” കാലത്തെയും കാലങ്ങൾക്കപ്പുറത്തെയും പറഞ്ഞു വെച്ച വാക്കുകൾ..
ആരാച്ചാർ എന്ന കൃതിയിൽ കെ. ആർ. മീര സ്ത്രീയുടെ വികാര വിചാരങ്ങളെ പലതലത്തിലും പരാമർശിക്കുന്നു. ചേതനയിലൂടെയും ഥാക്കു മായിലൂടെയും ഗ്രിദ്ഹമല്ലിക്ക്ലൂടെയും ഒക്കെ വാക്കുകൾ കൊണ്ട് വായനക്കാരന്റെ മനസ്സിലേക്ക് അസ്ത്രമെറിയുകയാണെന് തോന്നിപോവും..
In the book ” lies our mothers told us: The indian womens burden” takes a close look at the gender inequality that forms the bedrock of india s middle class.Journalist Nilanjana bhowmick in our patriarchal society, who forces women to try and be “superwomen” while ignoring the deleterious effects, their choices have on their mental and physical health. At last she comes in an assertion that “women can have it all” comes at too high a price.
On the other hand some writers intensively blaming men through their writings. may be they are seeing men in their life as symbol of men in world.
Well written
സമൂഹം അറിയാതെ തന്നെ അതിൻ്റെ ഘടനയ്ക്കുള്ളിലേക്ക് കടന്നു കയറുന്ന ലിംഗ വിവേചനത്തെ വളരെ വ്യക്തമായി വിശകലനം ചെയ്യുന്ന ലേഖനം. ദേവി സന്തോഷ് കുമാറിന് അഭിനന്ദനങ്ങൾ.