ജലം എന്ന രൂപകം
ഓർമ്മകൾ ഭൂതകാലത്തിന്റെ നിഷ്കളങ്കമായ രേഖപ്പെടുത്തലുകളല്ല, മറിച്ച് വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ലോകങ്ങളാൽ നിരന്തരം പുനർനിർമ്മിക്കപ്പെടുന്ന സങ്കീർണ്ണമായ ആഖ്യാനങ്ങളാണ്. ഓർമ്മക്കുറിപ്പ് (Memoir) എന്ന സാഹിത്യരൂപം സിനിമയിലേക്ക് പരാവർത്തനം ചെയ്യപ്പെടുമ്പോൾ സംഭവിക്കുന്ന വെല്ലുവിളികളും സാധ്യതകളും സമകാലിക ചലച്ചിത്ര പഠനത്തിലെ പ്രധാനപ്പെട്ട വിഷയമാണ്. ക്രിസ്റ്റൻ സ്റ്റുവർട്ട് സംവിധാനം ചെയ്ത് 2025-ൽ പുറത്തിറങ്ങിയ ‘ദി ക്രോണോളജി ഓഫ് വാട്ടർ’ എന്ന ചലച്ചിത്രം പ്രാധാന്യമർഹിക്കുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. Her Lens Her Voice എന്ന വിഭാഗത്തിലാണ് IFFK മുപ്പതാമത് എഡിഷനിൽ ഈ ചിത്രം പ്രദർശിപ്പിച്ചത്.
ലിഡിയ യുക്നാവിച്ചിന്റെ അതേ പേരിലുള്ള, നിരൂപക പ്രശംസ നേടിയ ഓർമ്മക്കുറിപ്പിനെ ആധാരമാക്കി നിർമ്മിച്ച ഈ ചിത്രം, ഒരു ജീവിതത്തിന്റെ ആഖ്യാനം എന്നതിലുപരി, ഓർമ്മ, ആഘാതം (Trauma), ശരീരം, അതിജീവനം എന്നിവയെക്കുറിച്ചുള്ള ദാർശനികമായ ഒരു ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കേവലം സംഭവങ്ങളുടെ പുനരാവിഷ്കാരത്തിനപ്പുറം, ലിഡിയയുടെ അസ്തിത്വത്തിന്റെ തീവ്രതയെയും അതിന്റെ വൈരുദ്ധ്യങ്ങളെയും ദൃശ്യവൽക്കരിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സ്റ്റുവർട്ട് വ്യക്തമാക്കുന്നുണ്ട്. ഒരു സംഭവം എങ്ങനെ ഓർമ്മിക്കപ്പെടുന്നു എന്നത്, ആ സംഭവം പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന തത്വമാണ് ഈ സിനിമയുടെ അടിത്തറ. ഇവിടെ ഇതിവൃത്തം (Plot) സിനിമയുടെ കഥാപരിസരം എന്നതിലുപരി അതിന്റെ ഘടനാപരമായ സമഗ്രതയുടെ (Structural Integrity) ആകെത്തുകയാണ്.
ഒരു ചലച്ചിത്രം എന്ന നിലയിൽ ‘ദി ക്രോണോളജി ഓഫ് വാട്ടർ’ അതിന്റെ ഏറ്റവും വിപ്ലവകരമായ നിലപാട് സ്വീകരിക്കുന്നത് അതിന്റെ ആഖ്യാന ഘടനയിലാണ്. പരമ്പരാഗതമായ രേഖീയ വിവരണരീതിയെ (Linear Narrative) പൂർണ്ണമായും നിരാകരിച്ചുകൊണ്ട്, സമയത്തെ ഒരു നേർരേഖയായി കാണുന്നതിന് പകരം, ജലം പോലെ കലങ്ങിയും മറിഞ്ഞും പരസ്പരം ലയിച്ചും കിടക്കുന്ന ഒരു പ്രതിഭാസമായാണ് ചിത്രം അവതരിപ്പിക്കുന്നത്. സമാനമായ ആഖ്യാന രീതി അകിര കുറോസോവ റാഷമോൺ തുടങ്ങിയ ചലച്ചിത്രങ്ങളിലും കാണാമെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് നോൺ ലീനിയർ നരേറ്റീവ് ഇവിടെ കാണാനാവുക. ഓർമ്മ ഒരു ദ്രാവകം (Fluidity of Memory) എന്നപോലെ അനുഭവപ്പെടുത്തുകയാണ് ചിത്രത്തിൽ.
സിനിമയുടെ ഘടന, മനുഷ്യ മനസ്സിന്റെ പ്രവർത്തനരീതിയെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഭൂതവും വർത്തമാനവും ഭാവിയും ഇവിടെ വ്യക്തതകളോടെ വേർതിരിക്കപ്പെട്ട അറകളല്ല, മറിച്ച് ഒരേ ജലസഞ്ചയത്തിന്റെ വ്യത്യസ്തമായ പ്രവാഹങ്ങളാണ്. പരമ്പരാഗതമായി പ്രയോജനപ്പെടുത്തിക്കാണാറുള്ള ഫ്ലാഷ്ബാക്കുകൾക്ക് പകരം, ചിന്തകളുടെയും ഓർമ്മകളുടെയും സ്വാഭാവികമായ ചാട്ടങ്ങളാണ് (Associative Leaps) സിനിമയുടെ ഗതിയെ നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന്, അടുക്കളയിലെ പൈപ്പിൽ നിന്ന് വെള്ളം വീഴുന്നതിന്റെ ശബ്ദം കേൾക്കുന്നത് , കഥാനായികയായ ലിഡിയയെ അവളുടെ കുട്ടിക്കാലത്ത് സംഭവിച്ച ഒരു ദുരന്തത്തിന്റെ വേദനാജനകമായ ഓർമ്മയിലേക്ക് തൽക്ഷണം കൊണ്ടുപോകുന്നു. ഈ രണ്ട് ദൃശ്യങ്ങൾക്കുമിടയിൽ പ്രത്യക്ഷമായ കാര്യകാരണബന്ധം സ്ഥാപിക്കാൻ സിനിമ ശ്രമിക്കുന്നില്ല. പകരം, ശബ്ദം, നിറം, ഭാവം എന്നിവയിലൂടെ ഓർമ്മകളെ കോർത്തിണക്കുന്ന ഒരു കാവ്യാത്മകവും അമൂർത്തവുമായ (Abstract) ആഖ്യാന ശൈലിയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങലൂടെയാണ് കഥ മുന്നേറുന്നത്. എഴുത്ത് എന്നത് ഭൂതകാലത്തെ രേഖപ്പെടുത്താനുള്ള ഒരു ഉപായമല്ല, മറിച്ച് അതിജീവിക്കാനുള്ള ഒരു ശാരീരികവും മാനസികവുമായ പ്രക്രിയയാണെന്ന് (A Method of Survival) ലിഡിയയിലൂടെ സമർത്ഥിക്കപ്പെടുന്നു. ഓർമ്മകളെ എഴുതുമ്പോൾ അവ പുനഃക്രമീകരിക്കപ്പെടുകയും, ആ പുനഃക്രമീകരണത്തിലൂടെ അവയുടെ മേലുള്ള നിയന്ത്രണം തിരിച്ചുപിടിക്കാൻ സാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഈ സിനിമയിലെ ആഖ്യാനത്തിന്റെ അരേഖീയത (non linearity) ഒരു ശൈലീപരമായ കൗതുകമല്ല മറിച്ച് സിനിമയുടെ രാഷ്ട്രീയമായമാണ്.
ശരീരം എന്ന രാഷ്ട്രീയ ഭൂമിക (The Body as Political Landscape)
ജീവചരിത്ര സിനിമകളും എഴുത്തുകളും പലപ്പോഴും കലാകാരന്മാരുടെയോ പ്രതിഭകളുടെയോ ചിന്തകളെയും ആദർശങ്ങളെയും മഹത്വവൽക്കരിക്കുമ്പോൾ, ‘ദി ക്രോണോളജി ഓഫ് വാട്ടർ’ അതിന്റെ ക്യാമറ തിരിക്കുന്നത് അതിന് വിപരീത ദിശയിലാണ്. ശരീരത്തിന് നേരെ പിടിച്ച ലെൻസിലൂടെയാണ് നാം അത് വായിച്ചെടുക്കുന്നത്. ശരീരത്തിന്റെ ഭൗതികതയും അതിലൂടെ ആർജ്ജിക്കുന്ന സ്വാധികാരവുമാണ് (Physicality and Agency) ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം. ലിഡിയയുടെ ശരീരം കഥ നടക്കുന്ന ഒരു ഇടം മാത്രമല്ല, അത് തന്നെയാണ് കഥ. ലൈംഗിക ദുരുപയോഗം, ഗാർഹിക പീഡനം, ലഹരി, ഗർഭച്ഛിദ്രം, പ്രസവം എന്നിങ്ങനെ നിരവധി അനുഭവങ്ങളുടെ ഒരു ചരിത്രപുസ്തകമായാണ് ലിഡിയയുടെ ശരീരം അനാവൃതമാകുന്നത്. ഒപ്പം അതേ ശരീരം, നീന്തൽ എന്ന കായിക വിനോദത്തിലൂടെയും, എഴുത്ത് എന്ന സർഗ്ഗാത്മക പ്രവർത്തനത്തിലൂടെയും, ലൈംഗികത എന്ന ആനന്ദത്തിലൂടെയും അതിജീവനത്തിന്റെ പുതിയ വഴികൾ കണ്ടെത്തുന്നു. ആഘാതം (Trauma) എന്നത് ഓർമ്മയിൽ മാത്രമല്ല, ശരീരത്തിന്റെ കോശങ്ങളിൽ വരെ ആഴത്തിൽ പതിഞ്ഞുനിൽക്കുന്ന ഒന്നാണെന്നും (Cellular Memory), അതിനാൽ അതിന്റെ പരിഹാരവും ശാരീരികമായ പ്രക്രിയകളിലൂടെ മാത്രമേ സാധ്യമാകൂ എന്നും ചിത്രം ശക്തമായി വാദിക്കുന്നു. ലിഡിയ ഒരു പ്രൊഫഷണൽ നീന്തൽക്കാരിയാകാൻ ശ്രമിക്കുന്നത് ഒളിമ്പിക്സ് മെഡലിനു വേണ്ടിയല്ല, മറിച്ച് ജലത്തിൽ തന്റെ ശരീരത്തിന് ലഭിക്കുന്ന ഭാരമില്ലായ്മയിലൂടെ മാനസികമായ ഭാരങ്ങളെ മറികടക്കാനാണ്. രക്തം, വിയർപ്പ്, കണ്ണുനീർ, മുലപ്പാൽ തുടങ്ങിയ മനുഷ്യശരീരത്തിന്റെ സ്വാഭാവികമായ ദ്രവങ്ങളെ യാതൊരുവിധ സൗന്ദര്യവൽക്കരണവുമില്ലാതെ, അതിന്റെ പച്ചയായ യാഥാർത്ഥ്യത്തിൽ അവതരിപ്പിക്കുന്നതിലൂടെ, ശരീരത്തെക്കുറിച്ചുള്ള അനാവശ്യമായ ലജ്ജാബോധത്തെ (Shame) സിനിമ തൂത്തെറിയുന്നു. ഫ്രഞ്ച് ഫെമിനിസ്റ്റ് ചിന്തകരായ ഹെലൻ സിക്സു (Hélène Cixous), ലൂസ് ഇറിഗരെ (Luce Irigaray) എന്നിവർ മുന്നോട്ടുവെച്ച ‘ശരീരത്തിന്റെ എഴുത്ത്’ (L’écriture féminine) എന്ന ആശയത്തിന്റെ ദൃശ്യാവിഷ്കാരം കൂടിയായി ഈ സിനിമ മാറുന്നു. സ്ത്രീ ശരീരം അടിച്ചമർത്തലിന്റെ ഇടമല്ല, വിമോചനത്തിന്റെ ഉറവിടമാണെന്ന രാഷ്ട്രീയ പ്രഖ്യാപനമാണിത്.

സാമ്പ്രദായിക സിനിമാറ്റിക് ധാർമ്മികതയുടെ നിയമങ്ങളെ ‘ദി ക്രോണോളജി ഓഫ് വാട്ടർ’ ചോദ്യം ചെയ്യുന്നു. ഒരു കഥാപാത്രം പ്രേക്ഷകരുടെ അനുകമ്പ അർഹിക്കാൻ എപ്പോഴും നല്ലവനോ, നിഷ്കളങ്കനോ, ഇരയോ ആയിരിക്കണമെന്നുണ്ടോ എന്ന അടിസ്ഥാനപരമായ ചോദ്യം ചിത്രം ഉയർത്തുന്നു. ലിഡിയ യുക്നാവിച്ച് ഒരു മാതൃകാ വനിതയല്ല. അവൾ പലപ്പോഴും സ്വയം നശിപ്പിക്കുന്ന (Self-destructive) പ്രവൃത്തികളിൽ ഏർപ്പെടുന്നു, തെറ്റായ തീരുമാനങ്ങൾ എടുക്കുന്നു, മറ്റുള്ളവരെ വേദനിപ്പിക്കുന്നു. എന്നാൽ ഈ കുറവുകളെ മറച്ചുവെക്കുന്നതിന് പകരം, അവയുടെ കാരണങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനാണ് സിനിമ ശ്രമിക്കുന്നത്. തനിക്ക് ചുറ്റുമുള്ള ലോകം തന്നിൽ നിന്ന് കവർന്നെടുത്ത നിയന്ത്രണം, തന്റെ ശരീരത്തെയും ജീവിതത്തെയും നശിപ്പിക്കുന്നതിലൂടെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ഒരുതരം വികലമായ ശ്രമമായി (A Perverse Form of Agency) ലിഡിയ തന്റെ ചെയ്തികളെ കാണുന്നു. തന്നിൽ നിന്ന് നിരന്തരം അപഹരിക്കപ്പെട്ട ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ഒരു മാർഗ്ഗമായി അവൾ തന്റെ അടങ്ങാത്ത രോഷത്തെയും വേദനയെയും മാറ്റുന്നു. സഹാനുഭൂതിക്ക് അപ്പുറം, ഒരു വ്യക്തിയുടെ സങ്കീർണ്ണതകളെ പൂർണ്ണമായി അംഗീകരിക്കുന്ന തീവ്രമായ അനുതാപം (Radical Empathy) എന്ന രാഷ്ട്രീയമാണ് സ്റ്റുവർട്ട് ഈ സിനിമയിലൂടെ മുന്നോട്ട് വെക്കുന്നത്. ലിഡിയയും അവളുടെ സഹോദരിയും തമ്മിലുള്ള ബന്ധം ഇതിന്റെ മികച്ച ഉദാഹരണമാണ്. ഒരേ കുടുംബത്തിൽ നിന്ന് സമാനമായ ആഘാതങ്ങൾ ഏറ്റുവാങ്ങിയിട്ടും, അത് രണ്ട് വ്യത്യസ്ത വ്യക്തികളുടെ ശരീരത്തിലും ജീവിതത്തിലും എങ്ങനെയാണ് വിഭിന്നമായ രീതികളിൽ പ്രതിഫലിക്കുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് അവരുടെ ബന്ധം നൽകുന്നത്. ഒരാൾ നിശ്ശബ്ദതയിലേക്ക് ഉൾവലിയുമ്പോൾ, മറ്റൊരാൾ കലഹത്തിലൂടെയും സ്വയം പ്രകാശനത്തിലൂടെയും അതിനെ മറികടക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ, ആഘാതത്തിന് സാർവത്രികമായ ഒരു പ്രതിവിധി ഇല്ലെന്നും ഓരോ വ്യക്തിയുടെയും അതിജീവനത്തിന്റെ പാത വ്യത്യസ്തമാണെന്നും സിനിമ അടിവരയിടുന്നു.
സാങ്കേതികതയുടെ വന്യസൗന്ദര്യം
ഒരു സിനിമയുടെ ആശയം എത്രത്തോളം ശക്തമാണോ, അത്രത്തോളം തന്നെ പ്രധാനമാണ് അത് അവതരിപ്പിക്കപ്പെടുന്ന രീതിയും. ‘ദി ക്രോണോളജി ഓഫ് വാട്ടർ’ അതിന്റെ സാങ്കേതിക വശങ്ങളിൽ പുലർത്തുന്ന സൂക്ഷ്മതയും ധീരതയുമാണ് അതിനെ ഒരു സാധാരണ ജീവചരിത്ര സിനിമയിൽ നിന്ന് വേറിട്ടു നിർത്തുന്നത്. ഛായാഗ്രാഹകനായ കോറി സി. വാട്ടേഴ്സിന്റെ ദൃശ്യങ്ങൾ സിനിമയുടെ ആത്മാവ് തന്നെയാണ്. ഈ ഡിജിറ്റൽ വിപ്ലവകാലത്തും പതിനാറ് എം.എം. ഫിലിം ഉപയോഗിക്കാൻ കാണിച്ച തീരുമാനം കേവലം ഒരു ഗൃഹാതുരത്വപരമായ തിരഞ്ഞെടുപ്പല്ല. ഫിലിമിന്റെ സ്വാഭാവികമായ ഗ്രെയ്ൻ (Film Grain), ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെയും ഓർമ്മകളിലെ വിള്ളലുകളെയും സ്വാഭാവികമായി പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ്. വെള്ളത്തിനടിയിൽ ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങൾ, ലിഡിയയുടെ മാനസികമായ വേർപെടലിനെയും (Dissociation) അതേസമയം ജലഗർഭത്തിൽ ലഭിക്കുന്ന സുരക്ഷിതത്വ ബോധത്തെയും ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്നു. എഡിറ്റർ ഒലിവിയ നീർഗാർഡ്-ഹോമിന്റെ പങ്ക് ഇവിടെ എടുത്തുപറയേണ്ടതാണ്. ‘വിക്ടോറിയ’ (2015) പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അവർ, ഈ സിനിമയുടെ സമയബോധത്തെ പൂർണ്ണമായും തകർത്ത്, വികാരങ്ങളുടെയും അനുഭൂതികളുടെയും അടിസ്ഥാനത്തിൽ ദൃശ്യങ്ങളെ കോർത്തിണക്കുന്നു. ഒരു സംഭവത്തിൽ നിന്ന് മറ്റൊന്നിലേക്കല്ല, മറിച്ച് ഒരു വികാരത്തിൽ നിന്ന് സമാനമായതോ വിരുദ്ധമായതോ ആയ മറ്റൊരു വികാരത്തിലേക്കാണ് സിനിമയുടെ എഡിറ്റിംഗ് നമ്മെ കൊണ്ടുപോകുന്നത്. ഇതൊരു സിനിമാ അനുഭവമെന്നതിലുപരി, ഒരു ഗാലറി ഇൻസ്റ്റാളേഷന് (Gallery Installation) സമാനമായി അനുഭവപ്പെടുന്നു. ചിത്രത്തിന്റെ സംഗീതവും ശബ്ദ രൂപകൽപ്പനയും നിർവ്വഹിച്ചിരിക്കുന്നത് പാരിസ് ഹർലിയാണ്. കേവലം പശ്ചാത്തല സംഗീതം എന്നതിനപ്പുറം, സിനിമയുടെ ഒരു കഥാപാത്രമായി തന്നെ സംഗീതം മാറുന്നു. മനുഷ്യന്റെ കണ്ഠനാളത്തിൽ നിന്നുള്ള സ്വാഭാവിക ശബ്ദങ്ങളും, വ്യാവസായികമായ ഇലക്ട്രോണിക് സംഗീതവും (Industrial Electronic Music) ഒരുമിച്ച് ചേർത്തുകൊണ്ട്, ലിഡിയയുടെ മനസ്സിനുള്ളിലെ അടക്കിപ്പിടിച്ച നിലവിളികളും, രക്തസമ്മർദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളും, ജലത്തിന്റെ പ്രവാഹവുമൊക്കെ അനുഭവപ്പെടുത്തുന്ന ഒരു സവിശേഷ ശബ്ദപ്രപഞ്ചം (Soundscape) സൃഷ്ടിക്കപ്പെടുന്നു. ഈ സാങ്കേതിക ഘടകങ്ങളെല്ലാം ചേർന്നാണ് സിനിമയുടെ കാവ്യാത്മകവും അതേസമയം അസ്വസ്ഥതയുളവാക്കുന്നതുമായ ലോകം നിർമ്മിക്കുന്നത്.
സിനിമയിൽ ലിഡിയയുടെ ശരീരവും ജലവും തമ്മിൽ അഭേദ്യമായ ഒരു ബന്ധം സ്ഥാപിക്കപ്പെടുന്നുണ്ട്. നദികളുടെയും കടലിന്റെയും മലിനീകരണം, ലിഡിയയുടെ ശരീരം അനുഭവിക്കുന്ന ആഘാതങ്ങളുടെ ഒരു ബാഹ്യ പ്രതിഫലനമായി മാറുന്നു. സിനിമയിൽ ആവർത്തിച്ചു വരുന്ന നക്ഷത്രമത്സ്യത്തിന്റെ (Starfish) രൂപകം ഇതിൽ പ്രധാനമാണ്. ഒരു നക്ഷത്രമത്സ്യത്തിന്റെ ശരീരം കഷണങ്ങളായി മുറിഞ്ഞുപോയാലും, ഓരോ കഷണത്തിനും പുതിയൊരു ജീവനായി വളരാൻ സാധിക്കും. അതുപോലെ, തകർന്നടിഞ്ഞ ജീവിതത്തിന്റെ കഷണങ്ങളിൽ നിന്ന് ലിഡിയ പുതിയൊരു സ്വത്വത്തെ (Identity) കെട്ടിപ്പടുക്കുന്നു. പ്രകൃതിയുടെ ഈ അതിജീവന ശേഷി, സ്ത്രീയുടെ അതിജീവന ശേഷിയുടെ പ്രതീകമായി സിനിമ അവതരിപ്പിക്കുന്നു. അമേരിക്കൻ പശ്ചാത്തലത്തിലുള്ള ഒരു കഥയാണെങ്കിലും, സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ലാത്വിയ, മാൾട്ട, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ്. കിഴക്കൻ യൂറോപ്പിലെ, പ്രത്യേകിച്ച് പഴയ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ കെട്ടിടങ്ങളുടെ പരുക്കൻ വാസ്തുവിദ്യയും (Brutalist Architecture) അവിടത്തെ ശൈത്യകാലത്തെ വെളിച്ചക്കുറവും സിനിമയ്ക്ക് ഒരുതരം സ്ഥാപനവൽകൃതമായ തണുപ്പ് (Institutional Coldness) നൽകുന്നു. ഈ പശ്ചാത്തലം, വ്യക്തിയുടെ ആന്തരിക സംഘർഷങ്ങളെ കൂടുതൽ തീവ്രവും വ്യക്തവുമാക്കാൻ സഹായിക്കുന്നു. ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ വ്യക്തിയുടെ മേൽ പ്രയോഗിക്കുന്ന അദൃശ്യമായ അധികാരത്തെ ഈ ലാൻഡ്സ്കേപ്പുകൾ ഓർമ്മിപ്പിക്കുന്നു. റിഡ്ലി സ്കോട്ടിനെപ്പോലുള്ള പ്രമുഖ നിർമ്മാതാക്കൾ ഭാഗമായിരുന്നിട്ടും, സിനിമയുടെ കലാപരമായ സ്വാതന്ത്ര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സ്റ്റുവർട്ട് തയ്യാറായില്ല എന്നത്, ഒരു സംവിധായിക എന്ന നിലയിലുള്ള അവരുടെ രാഷ്ട്രീയ നിലപാടിന്റെയും ദൃഢനിശ്ചയത്തിന്റെയും തെളിവാണ്.

ഏതൊരു ധീരമായ കലാസൃഷ്ടിയെയും പോലെ, ‘ദി ക്രോണോളജി ഓഫ് വാട്ടറും’ ലോകമെമ്പാടുമുള്ള നിരൂപകർക്കിടയിൽ വലിയ സംവാദങ്ങൾക്ക് വഴിവെച്ചു. അമേരിക്കൻ നിരൂപകരും യൂറോപ്യൻ, പ്രത്യേകിച്ച് ഫ്രഞ്ച് നിരൂപകരും തമ്മിലുള്ള അഭിപ്രായവ്യത്യാസം ശ്രദ്ധേയമായിരുന്നു. ഫ്രഞ്ച് നിരൂപകർ ഇതിനെ ‘ശരീരത്തിന്റെ എഴുത്ത്’ (Écriture Corporelle) എന്ന് വിശേഷിപ്പിച്ച് ആഘോഷിച്ചു. അവർ സിനിമയുടെ ദാർശനികമായ ആഴങ്ങളെയും, ശരീരത്തെ ഒരു രാഷ്ട്രീയ പ്രതലമായി ഉപയോഗിച്ചതിനെയും, അതിന്റെ അരേഖീയമായ ഘടനയെയും പ്രശംസിച്ചു. എന്നാൽ, പല പ്രമുഖ അമേരിക്കൻ നിരൂപകരും സിനിമയിലെ വേദനയുടെയും ആഘാതത്തിന്റെയും തീവ്രവും ആവർത്തിച്ചുള്ളതുമായ ചിത്രീകരണത്തെ ‘ട്രോമ പോൺ’ (Trauma Porn) എന്ന് വിളിച്ച് വിമർശിച്ചു. പ്രേക്ഷകരുടെ സഹതാപം പിടിച്ചുപറ്റാനായി ദുരന്തങ്ങളെ ചൂഷണം ചെയ്യുന്നു എന്നായിരുന്നു അവരുടെ പ്രധാന വാദം. കല എന്നത് വിപണിയിലെ ഒരു സുഖകരമായ ഉൽപ്പന്നമായി (Comforting Commodity) കാണേണ്ടതില്ല. അത് എല്ലായ്പ്പോഴും പ്രേക്ഷകനെ സന്തോഷിപ്പിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യേണ്ട ഒന്നല്ല. ചിലപ്പോൾ, മുറിവുകളെ അവയുടെ എല്ലാ തീവ്രതയോടും കൂടി കാണിക്കേണ്ടത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. വേദനയെ സൗന്ദര്യവൽക്കരിക്കുകയല്ല, മറിച്ച് അതിന്റെ അസ്തിത്വത്തെ അംഗീകരിക്കുകയാണ് സിനിമ ചെയ്യുന്നത്. സിനിമയിൽ പരീക്ഷണാത്മക ആഖ്യാനങ്ങൾക്കും ശക്തമായ രാഷ്ട്രീയ പ്രമേയങ്ങൾക്കും ലഭിക്കുന്ന സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ, ഈ സിനിമയെ സമകാലിക ക്വീർ സിനിമയുടെയും (Queer Cinema) പരീക്ഷണാത്മക ജീവചരിത്രത്തിന്റെയും ഉത്തമ മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.

ഇമോഗൻ പൂറ്റ്സ് എന്ന നടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും സമർപ്പിതവും ശക്തവുമായ പ്രകടനമാണ് ലിഡിയ എന്ന കഥാപാത്രം. ലിഡിയയെ കേവലം ഒരു ഇരയായി ചുരുക്കാതെ, അതിജീവനത്തിനായി പോരാടുന്ന, തെറ്റുകൾ വരുത്തുന്ന, സങ്കീർണ്ണതകളുള്ള ഒരു പോരാളിയായി അവർ അവതരിപ്പിച്ചു. ശരീരത്തിന്റെ ഓരോ ചലനത്തിലൂടെയും നോട്ടത്തിലൂടെയും അവർ ലിഡിയയുടെ ആന്തരിക ലോകം പ്രേക്ഷകരിലേക്ക് പകർന്നു. സിനിമയുടെ അവസാനത്തിൽ പ്രകടമാകുന്ന ലിഡിയയുടെ രോഷം, കേവലം വ്യക്തിപരമായ ഒരു വികാരപ്രകടനമല്ല. അത് നൂറ്റാണ്ടുകളായി സ്ത്രീത്വത്തെ നിർവചിക്കാനും നിയന്ത്രിക്കാനും ഉപയോഗിച്ച വാക്കുകളെയും ആശയങ്ങളെയും മുൻനിർത്തിയുള്ള ഒരു രാഷ്ട്രീയമായ കലഹമാണ് (A Political Riot).
കല എന്നത് അസ്വസ്ഥതയുണ്ടാക്കേണ്ട ഒന്നാണെന്നും, സുരക്ഷിതമായ ഒരു കാഴ്ചാനുഭവത്തിന് അപ്പുറത്തേക്ക് അത് പ്രേക്ഷകനെ കൊണ്ടുപോകണമെന്നും ‘ദി ക്രോണോളജി ഓഫ് വാട്ടർ’ നമ്മെ ഓർമ്മിപ്പിക്കുന്നു. ഓർമ്മക്കുറിപ്പ് എന്ന സാഹിത്യരൂപത്തിന് ദൃശ്യഭാഷയിലൂടെ നൽകാവുന്ന ഏറ്റവും സത്യസന്ധവും ധീരവുമായ വ്യാഖ്യാനങ്ങളിൽ ഒന്നായി ഈ ചിത്രം നിലനിൽക്കും. അതിന്റെ ഘടനാപരമായ സങ്കീർണ്ണതയും പ്രമേയപരമായ ആഴവും സാങ്കേതികമായ പൂർണ്ണതയും കൊണ്ട്, ആധുനിക സിനിമയിലെ ഒരു നിർണ്ണായകമായ വഴിത്തിരിവായി ‘ദി ക്രോണോളജി ഓഫ് വാട്ടർ’ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും എന്നതിൽ സംശയമില്ല.





