A Unique Multilingual Media Platform

Articles Kerala Politics Society

എസ്എൻഡിപി – എൻഎസ്എസ് കൊടുക്കൽ – വാങ്ങലുകൾ പരിശോധിക്കുമ്പോൾ

  • January 28, 2026
  • 1 min read
എസ്എൻഡിപി – എൻഎസ്എസ് കൊടുക്കൽ – വാങ്ങലുകൾ പരിശോധിക്കുമ്പോൾ

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ദിവസം, രാവിലെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു നിന്നും മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിനായി വന്ന ഡയറക്ടർ ബോർഡ് തീരുമാനം, ആലസ്യത്തിലാണ്ടിരുന്ന പത്രമാപ്പീസുകളെ ഒട്ടും തന്നെ അത്ഭുതപ്പെടുത്തുകയോ, അമ്പരിപ്പിക്കുകയോ ചെയ്തില്ല. എസ് എൻ ഡി പി യുമായുള്ള ഐക്യപ്പെടൽ ശ്രമവുമായി മുന്നോട്ട് പോകേണ്ട എന്ന എൻഎസ്എസിന്റെ തീരുമാനം ഇത്ര വേഗമല്ലെങ്കിൽ കൂടി, എല്ലാവരും പ്രതീക്ഷിച്ചതാണ്. പല തവണ ശ്രമിച്ചതാണ് എന്ന് സുകുമാരൻ നായരുടെ ഈ പ്രെസ്സ് റിലീസിൽ പറയുന്നുണ്ടെങ്കിലും, ഇത്തവണ 9 ദിവസത്തേക്കുള്ള ഈ ഈ ഐക്യശ്രമത്തിൻ്റെ ആയുസ്സ് യോഗം സെക്രട്ടറി വെള്ളാപ്പള്ളിക്ക് മാത്രമല്ല തിരിച്ചടിയായിട്ടുള്ളത്. സുകുമാരൻ നായരുടെ വാക്കുകൾ സൂക്ഷ്മമായി വായിച്ചാൽ, കേരള രാഷ്ട്രീയം അടുത്ത് നിന്ന് കാണുന്ന ആർക്കും ഇത് തിരിച്ചറിയാവുന്നതാണ്.

എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പ്

ഐക്യ ശ്രമം വേണ്ടെന്നു വച്ച് കൊണ്ടുള്ള ഈ അറിയിപ്പിനെ അടുത്തറിയുന്നതിനു മുൻപ്, ഈ ശ്രമത്തിൻ്റെ ചേർച്ചക്കുറവിനെ കുറിച്ച് കൂടി നാം മനസ്സിലാക്കണം. ഈ ഐക്യ പദ്ധതി മുന്നോട്ട് വച്ചത് വെള്ളാപ്പള്ളി നടേശനാണ് എന്നതിൽ തുടങ്ങുന്നു ഇതിന്റെ അസംഭവ്യത. കഴിഞ്ഞ കുറെ നാളുകളായി (വർഷങ്ങളായി എന്നോ, തിരഞ്ഞെടുപ്പുകളുമായി എന്നോ വായിക്കാവുന്നതാണ്!) വെള്ളാപ്പള്ളി പരസ്യമായി നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങളും, പ്രസ്താവനകളും ഒരിക്കലും എൻഎസ്എസിന്റെ താല്പര്യങ്ങൾക്കും, അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും, സംസ്കാരത്തിനും നിരക്കാത്തതാണ് എന്നതാണ് കാര്യം. വിലകുറഞ്ഞതും, സാമൂഹ്യ ബോധത്തിന് ചേരാത്തതുമായ നടപടികളുമായി മുന്നോട്ട് പോകുന്ന ഇത്തരം ഒരു നേതാവ് ഉള്ളപ്പോൾ എസ് എൻ ഡി പി യുമായി ഒരു ഐക്യം എൻഎസ്എസ് അംഗങ്ങൾ ഒരു നിലക്കും സമ്മതിച്ചു കൊടുക്കാൻ വഴിയില്ല എന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു.

വെള്ളാപ്പള്ളി നടേശൻ, ജി സുകുമാരൻ നായർ

ഈഴവ നായർ സമുദായങ്ങൾ തമ്മിലുള്ള ജാതീയമായ എതിർപ്പുകൾ, അവ്യാഹൃതമായ, അന്തർലീനമായ ഒരു ആജന്മ പ്രശ്നമാണ് എന്നതിലും അപ്പുറം, ഇവർ തമ്മിലുള്ള, സർക്കാർ തലത്തിലുള്ള ഭരണപരമായ തർക്കങ്ങളാണ് ഇവരുടെ ഐക്യത്തിന് തടസ്സമായി പൊതുസഞ്ചയത്തിനു മുന്നിൽ ഒരു കീറാമുട്ടിയായി ഉയർത്തി കൊണ്ടുവരാറുള്ളത്. ആദ്യം പറഞ്ഞ പ്രശ്നം ഉന്നയിക്കാതെ തന്നെ രണ്ടാമത്തെ പോയിന്റിൽ തട്ടിയാണ് ഇവരുടെ ഐക്യവും ചർച്ചകളും ഇതിനു മുന്നെല്ലാം തകർന്നിട്ടുള്ളത്. പക്ഷെ ഇത്തവണ അത്തരം ഒരു ചർച്ചയിലേക്ക് പോലും കടക്കുന്നതിനു മുൻപ് തന്നെ എൻഎസ്എസ് ഈ പരിപാടി വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്.

അതിനുള്ള കാരണങ്ങൾ ഒന്നിൽ കൂടുതൽ ഉണ്ടെന്നു എൻഎസ്എസ് സെക്രട്ടറിയുടെ കുറിപ്പിൽ പറയാതെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്നാമതായി എൻഎസ്എസ് പറഞ്ഞിട്ടുള്ളത്, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ ഈ ഐക്യശ്രമം പരാജയമാകും എന്ന് വ്യക്തമാണ് എന്നതാണ്. എന്താണ് ഈ പറയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ? അതായത്, കഴിഞ്ഞ മാസം നടന്ന ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തിലിരിക്കുന്ന മുന്നണിക്ക് ജനങ്ങളിൽ നിന്ന് ഏറ്റ തിരിച്ചടിയും, അതിൻ്റെ തുടർച്ചയെന്നോണം, മാർച്ചിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന, യുഡിഎഫ് 10 വർഷത്തിന് ശേഷം കേരളത്തിൽ ഭരണത്തിലേക്ക് തിരിച്ചു വരുമെന്നുമുള്ള കണക്കുകളാണ്. എൻഎസ്എസ്, എസ്എൻഡിപി അംഗങ്ങൾ കൂടി വോട്ട് ചെയ്തതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടായത് എന്നു സുകുമാരൻ നായരും കൂട്ടരും മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ എൽഡിഎഫിന് ഒപ്പം നിന്ന എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഈ തിരിച്ചടിക്ക് ശേഷവും പിണറായിക്ക് ഒപ്പം ഉറച്ചു നിൽക്കും എന്ന തുറന്ന പ്രഖ്യാപനം, പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളായ എൻഎസ്എസ് ബോർഡിന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. മാത്രവുമല്ല, എൽഡിഎഫിന് പിന്തുണയുണ്ടാക്കാനായി ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിപ്പോന്ന വിദ്വേഷ പരാമർശങ്ങൾ, അവരുടെ അടിസ്ഥാനമൂല്യങ്ങൾക്ക് ചേർന്നതുമല്ല. ഈ സാഹചര്യത്തിൽ, ഭൂരിപക്ഷാഭിപ്രായത്തിന് എതിരെ പോകേണ്ട എന്ന സാമാന്യബുദ്ധിക്ക് നിരക്കുന്ന തീരുമാനം എടുക്കാൻ സുകുമാരൻനായർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം

അടുത്തതായി എൻഎസ്എസ് പറഞ്ഞിരിക്കുന്നത്, അവർക്ക് എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും സമദൂരമുള്ളതിനാൽ ഈ രണ്ട് സംഘടനകൾ തമ്മിലുള്ള ഐക്യം സാധ്യമല്ല എന്നതാണ്. ഇവിടെ നമ്മൾ വരികൾക്കിടിയിൽ വായിക്കേണ്ടിയിരിക്കുന്നു. ഈ ചർച്ചക്ക് എസ്എൻഡിപി അവരുടെ ഭാഗത്തു നിന്നും മുന്നോട്ടു വച്ച പേര്, തുഷാർ വെള്ളാപ്പള്ളിയുടേതാണ്. കാര്യം വെള്ളാപ്പള്ളി നടേശന്റെ മകനാണ്, എസ്എൻഡിപി വൈസ് പ്രെസിഡന്റാണ് എന്നൊക്കെ പറയാമെങ്കിലും, അയാളിപ്പോൾ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിൻ്റെ പ്രെസിഡന്റാണ്. ഈ നിമിഷം വരെ, എൻഡിഎയുടെ കേരളത്തിലെ ഏറ്റവും വലിയ ഘടകകഷിയാണ് തുഷാറിന്റെ പാർട്ടി. ഒട്ടുമിക്ക എല്ലാ ലോക്‌സഭാ – നിയമസഭാ ഇലക്ഷനിലും എൻഡിഎ സ്ഥാനാര്ഥിയാകാറുണ്ട്, തോൽക്കാറുമുണ്ട്. അങ്ങനെയുള്ള ഒരു രാഷ്ട്രീയ നേതാവുമായിട്ട് ഒരു സമുദായ സംഘടന എന്ന നിലക്ക് പ്രവർത്തിച്ചു വരുന്ന എൻഎസ്എസ് ചർച്ചക്കിരിക്കുന്നത്, അവരുടെ സമദൂര നിലപാടിന് എതിരാണ് എന്നതാണ് കാര്യം.

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു സംഘടന എന്ന നിലക്ക് രാഷ്ട്രീയ കക്ഷികളുമായി ഇതിനു മുൻപ് ചർച്ചകൾ നടത്താത്ത ആളുകളൊന്നുമല്ല എൻഎസ്എസ്. പക്ഷെ ഐക്യ ചർച്ചക്ക് വെള്ളാപ്പള്ളി, തൻ്റെ മകനെ അയക്കാൻ തീരുമാനിച്ചത് അത്ര സദുദ്ദേശത്തോടെയൊന്നുമല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇന്ന് കേരളത്തിലെ ആരെക്കാളും സുകുമാരൻനായർക്കുണ്ട്. വെള്ളാപ്പള്ളി ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പമാണ് നിൽക്കുന്നതെങ്കിലും, എപ്പോഴാണ് എൻഡിഎയിൽ എത്തുക എന്ന് പറയാൻ പറ്റില്ല. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിൻ്റെ സ്ഥാപക നേതാവാണ് വെള്ളാപ്പള്ളി എന്ന് നമ്മൾ ഓർക്കണം. കൂടാതെ ഇപ്പോൾ എൻഡിഎയിൽ വലിയ സ്ഥാനമൊന്നും ഇല്ലാത്ത ബിഡിജെഎസ് നേതാവായ തുഷാറിന് ഒരു മെച്ചപ്പെട്ട അടിത്തറ ഉണ്ടാകുവാനും ഈ ഐക്യം ഉപകാരപ്പെടും എന്ന ഒരു ചിന്ത കൂടി എസ്എൻഡിപി സെക്രട്ടറിക്കു ഉണ്ടെന്ന് കൂട്ടിക്കോ. അങ്ങനെ വരുമ്പോൾ, ഈ ചർച്ചയിലൂടെ എൻഎസ്എസ് ബിജെപിയുടെ സഹചാരിയായി മറിയാലുള്ള അപകടം അവരുടെ നേതൃത്വം മുൻകൂട്ടി കണ്ടു എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ രണ്ടാമത്തെ കാരണം. അവരുമായി ചേർന്ന് നടന്നിട്ടുള്ള എല്ലാ സംഘടനകളും ഒന്നുകിൽ ഇല്ലാതാകുകയോ, അല്ലെങ്കിൽ അവരുടെ ചൊൽപ്പടിക്ക് നിൽക്കാൻ നിർബന്ധിതമായിട്ടുള്ള കഥകൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ.

അവസാനമായി എൻഎസ്എസ് പറയുന്ന കാരണം, എല്ലാ സമുദായങ്ങളുമായും, എസ് എൻ ഡി പി യുമായും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ്. ഇവിടെയും അവർ പറയുന്നത് വെള്ളാപ്പള്ളി നടേശന്റെ നയങ്ങളെ അംഗീകരിക്കാൻ തങ്ങൾക്ക് സാധിക്കില്ല എന്നതാണ്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. പക്ഷെ എസ്എൻഡിപിയുമായി സഹകരിച്ചു പോകാൻ തയ്യാറാണ് എന്നും എടുത്തു പറയുന്നുണ്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ എസ്എൻഡിപി യുമായിട്ടുള്ള ഐക്യശ്രമം ഉപേക്ഷിക്കാൻ കാരണം, ആ സംഘടനയുടെ നേതൃത്വത്തിലുള്ള എൻഎസ്എസിന്റെ വിശ്വാസക്കുറവാണ്. ഇത്തരം ഒരു അവിശ്വാസം എൻഎസ്എസിന് മാത്രമല്ല ഉള്ളത് എന്ന് എസ്എൻഡിപി അംഗങ്ങൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പണ്ട് പുച്ഛിച്ചു തള്ളിയ (അന്ന് പറഞ്ഞ വാക്കുകളിൽ പുച്ഛം മാത്രമല്ല ഉണ്ടായിരുന്നത്) പത്മ അവാർഡ്, ഇന്ന് യാതൊരു സങ്കോചവും കൂടാതെ ഇരുകയ്യും നീട്ടി സ്വീകരിച്ച വെള്ളാപ്പള്ളി, താൻ അടുത്തെങ്ങും മാറാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് സമൂഹത്തോട് പറയുന്നത്. കേരളത്തിലെ ബിജെപി അംഗങ്ങൾ പോലും, വോട്ട് പ്രതീക്ഷിച്ചിട്ടാണെങ്കിൽ പോലും സംയമനം പാലിച്ചിരുന്ന സമയത്ത്, ഒരു മറയുമില്ലാതെ സമൂഹത്തിലെ സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ഉദ്ദേശിച്ചു പ്രസ്താവനകൾ ഇറക്കിയതിനു പ്രതിഫലമായിട്ടാണ് ഈ പത്മപുരസ്കാരം എന്ന് മനസ്സിലാക്കാൻ ഡൽഹി വരെയൊന്നും പോകണ്ട. വെള്ളാപ്പള്ളി നടേശനുമായി ഒരു ഐക്യശ്രമം പിന്നീട് ബാധ്യതയാകും എന്ന് എൻഎസ്എസിന് മനസ്സിലാക്കാൻ, എൽഡിഎഫിന്റെ ഇപ്പോഴത്തെ വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം മൂലമുള്ള പിരിമുറുക്കം കൂടി കാരണമായി എന്നും നമുക്ക് ഉറപ്പിക്കാം. ഗുരുദേവൻ തുടങ്ങിവച്ച എസ്എൻഡിപി എന്ന, കേരളം അഭിമാനം കൊണ്ടിരുന്ന, അമൂല്യമായ സംഘടനക്ക് ഇന്ന് വന്നിട്ടുള്ള വ്യതിയാനവും മൂല്യച്യുതിയും, തിരുത്തപ്പെടും എന്ന് നമുക്ക് കരുതാം.

About Author

ഷബീർ അഹമ്മദ്

സോഷ്യൽ എഞ്ചിനീയറിങ്ങിൽ താല്പര്യം ഉള്ള കൊച്ചി സ്വദേശിയായ എഞ്ചിനീയർ. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉന്നത മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിച്ച ഷബീറിന്റെ എഴുത്ത് താല്പര്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയാണ്. കായിക രംഗത്തെ കുറിച്ചും ലേഖനങ്ങൾ എഴുതാറുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.