ഹൃദയപക്ഷം പംക്തി തുടരുന്നു…

കെഇഎന്നിനെപ്പോലെ അധികം പേർ നമുക്കില്ല. മാർക്സിസ്റ്റ് ദാർശനികൻ, പ്രമുഖ രാഷ്ട്രീയ പ്രഭാഷകൻ എഴുത്തുകാരൻ ഒക്കെയാണ് മലയാളിക്ക് കെ ഇഎൻ. സ്വത്വവാദത്തെ മാർക്സിയൻ ചിന്തകളിലേയ്ക്കു വിളക്കിച്ചേർക്കാൻ ശ്രമിച്ചവൻ എന്ന ദുഷ്പേരും ചാർത്തിക്കിട്ടിയിട്ടുണ്ട് . അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത് മനസ്സിലാക്കാൻ മാത്രം മലയാളി വളർന്നു കൊണ്ടിരിക്കുന്നതേ ഉള്ളു എന്നതാവാം ഒരു പക്ഷേ, ശരി.
ജനാധിപത്യത്തിൻ്റെ സുഗന്ധമാണ് എൻ്റെ ആത്മീയത എന്ന് എഴുതുകയും പറയുകയും ചെയ്യുന്ന ആളാണ് കെ.ഇ.എൻ. അത്തരം ദാർശനികത പിന്നെ കാണാവുന്നത് പി.കെ. പോക്കർ മാഷിലാണ്. രണ്ടു പേരെയും അത്തരത്തിൽ വാർത്തെടുക്കുന്നതിൽ ഇന്ത്യൻ ജനാധിപതൃത്തിനു സംഭവിച്ച ഭീതിതമായ വിള്ളലുകൾ, അതിലവർക്കുണ്ടായ അഗാധമായ നിരാശ, കാരണമായിട്ടുമുണ്ട്. ‘നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക’ എന്നാണല്ലോ 2020 ൽ ഇറങ്ങിയ കെ . ഇ .എൻ പുസ്തകത്തിൻെറ പേരും!

‘മതം – മതവിമർശനം-മതേതരത്വം’ എന്നായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇക്കഴിഞ്ഞ ഫെബ്രുവരി 3 നും 4നുമായി സംഘടിപ്പിച്ച കെഇഎൻ പാoശാലയുടെയും (സാംസ്കാരികോത്സവം) ഞാൻ പങ്കെടുത്ത സെമിനാറിൻ്റെയും പേരും. കൗതുകമുണ്ട്. കെ ഇ എൻ ൻ്റെ ജീവിതഘട്ടങ്ങളുമായി ഇതിന് നേർരേഖാബന്ധമുണ്ടല്ലോ.
കെഇഎൻ ജീവിതത്തിൻ്റെ ആദൃഘട്ടം മതവിശ്വാസത്തിൻ്റെ അല്ലെങ്കിൽ മതസഹിതജീവിതത്തിൻറേറതായിരുന്നു. പിന്നെ ഒരു യുക്തിവാദിജീവിതം. അവസാനം എത്തിച്ചേർന്നതോ മതേതരത്വത്തിൻ്റെ സ്വാതന്ത്ര്യം തിളങ്ങുന്ന ആത്മീയതയിൽ. അദ്ദേഹം പറയുന്നു_ ‘മതവിശ്വാസിയായിരുന്ന കാലത്ത് എനിയ്ക്ക് (മതത്തിൻ്റെ) നൈതികതയുടെ സൂക്ഷ്മലോകം അപരിചിതമായിരുന്നു. അത് ആചാരങ്ങളുടെ ലോകമാണ്. പരുക്കൻ ഭൗതികവാദത്തിൻ്റെ കാലത്ത് മതവുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും എതിർപക്ഷത്തു നിർത്തുക എന്ന രീതിയും. മൂന്നാം ഘട്ടത്തിൽ, എതിർക്കുന്നതിനും അനുകൂലിക്കുന്നതിനുമപ്പുറം ഒരോരുത്തർക്കും തൻ്റേതായ നൈതികലോകം നിർമ്മിച്ചെടുക്കുന്നതിൽ സ്വയം തീരുമാനമെടുക്കാൻ കഴിയും എന്ന തിരിച്ചറിച്ചറിവുണ്ടായി ‘. ആഴത്തിൽ മതരഹിതരായവർക്കും ആഴത്തിൽ മതവിശ്വാസികളായവർക്കും തങ്ങളുടെതായ നൈതിക ചിന്തകൾ, ജനാധിപത്യമൂലൃങ്ങൾ ഉണ്ടായി വരും. അവർക്ക് പരസ്പരം അടുത്ത ബന്ധം സ്ഥാപിക്കാനുമാവും എന്നദ്ദേഹം.

എൻ്റെ മതവിചാരങ്ങൾ!
എൻ്റെ ജീവിതത്തിലും ഇത്തരം ഘട്ടങ്ങൾ ഉണ്ടായിട്ടില്ലേ?ഉണ്ട്. പക്ഷേ, അവ പലയിടത്തും കലർന്നു കിടക്കുന്നു. മതാത്മക ജീവിതത്തിൻ്റെ ആദ്യഘട്ടത്തിൽത്തന്നെ ചോദ്യങ്ങൾ, നിഷേധങ്ങൾ ഉയരുമായിരുന്നു. വലിയ ആചാരബദ്ധമായ കുടുംബാന്തരീക്ഷമല്ലായിരുന്നു എൻ്റേത്. സാമാന്യേന പരിഷ്കൃതാശയങ്ങളുള്ള, മുസ്ലിം നവോത്ഥാന പിൻതുടർച്ചയവകാശപ്പെടാവുന്ന കുടുംബം. ഇന്നത്തെ കാർക്കശ്യശുദ്ധിവാദ വക്താക്കളായ മുജാഹിദുകളുടെ തുടക്കം തന്നെ ഈ നവോത്ഥാന സംരംഭങ്ങളിലൂടെയായിരുന്നു എന്നത് വൈരുധ്യം. അന്ധവിശ്വാസ നിർമ്മാർജ്ജനം, ആധുനിക വിദ്യാഭ്യാസത്തോടുള്ള സമുദായത്തിൻ്റെ അയിത്തം നീക്കൽ, സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ആശയങ്ങൾ ഉയർത്തിപ്പിടിച്ചതിനാലാണ് അന്നവർ നവോത്ഥാനത്തിൻ്റെ ചൂട്ടുനീട്ടുകാർ ആയതെങ്കിൽ പിന്നീട് ശുദ്ധിവാദകാർക്കശ്യം പുരോഗമന മുസ്ലിങ്ങളെ അവരിൽ നിന്നകറ്റുകയായിരുന്നു. കുട്ടിക്കാലത്ത്, 5 നേരം നമസ്കാരം നിർബന്ധമായിരുന്നു. ആ നിർബന്ധത്തെ ഖണ്ഡിക്കുക എന്നതായിരുന്നു എൻ്റെ ആദ്യത്തെ നിഷേധം. ഖുർആൻ കാണാപ്പാഠമാക്കുന്നതിലെ നിർബന്ധമായിരുന്നു മറ്റൊരസ്വസ്ഥത. ‘മരിച്ചു ചെല്ലുമ്പോൾ നമ്മുടെ മുസ്ല്യാര് പറയുന്നതു പോലല്ലെങ്കിലോ? കൃസ്ത്യാനികളുടെ അല്ലെങ്കിൽ മറ്റേതെങ്കിലും മതക്കാരുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്നു വന്നാലോ ? എന്താ, അങ്ങനെ ആയിക്കൂടേ? നമ്മൾ വിശ്വസിക്കുന്നതു പോലെ, അവരുടേതാണ് ശരി എന്ന് അവരും വിശ്വസിക്കുന്നുണ്ടല്ലോ!’എട്ടൊമ്പതുവയസ്സിൽ സഹോദരിമാർ ഉൾപ്പെട്ട കുട്ടിക്കൂട്ടത്തോട് ചോദിച്ച ചോദ്യങ്ങൾ അവരെയും സന്നിഗ്ധതയിലാക്കി എന്ന് വളർന്നപ്പോൾ തമാശപൂർവം അവരെന്നോടു പറഞ്ഞിട്ടുണ്ട്. എന്നേക്കാൾ ഇളയ എൻ്റെ അനുജത്തി അന്നു പറഞ്ഞ മറുപടി അതിനേക്കാൾ രസകരം! ‘അങ്ങനെയെങ്കിൽ ആ പടച്ചോനെ ഞാങ്കൊല്ലും!’ നമ്മളെ പറഞ്ഞു പറ്റിച്ച പടച്ചോനെ!
ഇത്തിരി വളർന്ന് മെഡിക്കൽ കോളേജ് ഹോസ്റ്റലിലൊക്കെയായപ്പോൾ ഞാൻ പല കാര്യത്തിലും മനസ്സുകൊണ്ട് സ്വാതന്ത്രൃ പ്രഖ്യാപനം നടത്തി. അപ്പോഴും, മലബാറിലെ കോളേജിലും, പല ആചാരങ്ങളും എന്നെ പിൻതുടരുകയും ചെയ്തു. ഹോസ്റ്റലിൽ നോമ്പുതുറ ഭക്ഷണമുള്ളതിനാൽ നോമ്പെടുക്കേണ്ടി വന്നു. കുറച്ചു നാളത്തേക്കെങ്കിലും റിലീജിയസ് ക്ലാസ് എന്ന റാഗിംഗ്കാല ഞായറാഴ്ച ക്ലാസുകൾക്ക് വഴങ്ങേണ്ടി വന്നു. ആ 3 മാസ പീരിയഡ് കഴിഞ്ഞതോടെ സ്വമേധയാ അതും നിർത്തി. കെ.ഇ.എൻ. പറയും പോലെ ആചാരങ്ങളാണ് നമ്മളിൽ നിന്ന് അവസാനം വിട്ടുപോവുക. വിശ്വാസം പോയാലും ഒരു സംസ്കാരം എന്നരീതിയിൽ ആചാരങ്ങളിൽ നാം പങ്കുകൊളളുകയോ കീഴടങ്ങേണ്ടി വരികയോ ഉണ്ടാവാം.
വിവാഹം കഴിഞ്ഞെത്തിയത് മലബാർ ഗ്രാമപ്രദേശത്തെങ്കിലും ഡോക്ടർ ജോലിയും ‘പരദേശിത്വവും’ (തൃശൂരാണേ!) മതകാര്യങ്ങളിൽ സ്വയം നിർണയാവകാശം നൽകി.
7 വർഷത്തെ സൗദി അറേബ്യൻ ജീവിതം, കൃത്യമായി പറഞ്ഞാൽ പുണ്യനഗരിജീവിതം മതചരിത്രവും മതഗ്രന്ഥങ്ങളും പഠിക്കാനും മനസ്സിലാക്കാനും, സാധിക്കുമെങ്കിൽ വിശ്വാസി ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനും ഉള്ള ശ്രമങ്ങളുണ്ടായ കാലഘട്ടമാണ്. മക്കയേക്കാൾ മദീനാസന്ദർശനമാണ് ആ ആത്മീയ പ്രവേശത്വരയുണ്ടാക്കിയ പ്രദേശം .ഖബറുകൾ, കമ്പിവേലി കെട്ടിത്തിരിച്ച മുഹമ്മദ് നബിയുടെതെന്നതിനേക്കാൾ, തീരെ ആഡംബരമില്ലാതെ പച്ച മണ്ണിൽ കണ്ട പ്രവാചക പത്നിമാരുടെയും മകൾ ഫാത്തിമയുടേതും, ആ കാലത്തിലേക്കും ആത്മീയതയിലേക്കുമുള്ള തിരിച്ചു പോക്കിൻ്റെ അനുഭൂതിയുണ്ടാക്കി. ചരിത്രമറിഞ്ഞ് ആത്മീയാനുഭൂതി സിദ്ധിക്കാനനുവദിക്കാത്ത വഹാബിസത്തിൻ്റെ വക്താക്കളാണ് ഇന്ന് പുണ്യനഗരികളുടെ കാവൽക്കാർ .അവർ ചരിത്രത്തിൻ്റെ മുദ്രകളെല്ലാം മായ്ച്ചുകളയാൻ വൃഗ്രതപ്പെടുന്നു. ആചാര ബദ്ധമായ ഇന്നിൻ്റെ മതമാണവർക്ക് പ്രിയം. പെട്രോൾ പോലെ തീർത്ഥാടനവും അവർക്ക് രാഷ്ട്ര സമ്പത്ത് നിലനിർത്താനുള്ള ഉപാധി.
ഏതായാലും മതത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമം വിജയിച്ചില്ല. പക്ഷേ, തിരിച്ചു വന്ന് ബർസയിലൂടെ നടത്തിയ മതവിമർശഘട്ടവും കഴിഞ്ഞ് മതാതീത ആത്മീയതയുടെ ഇന്നത്തെ ഘട്ടത്തിലേക്കെത്താൻ അന്നത്തെ പഠനങ്ങൾ, വായനകൾ, ജീവിതാനുഭവങ്ങൾ ഒക്കെ വാതിലുകൾ തുറന്നു തന്നു എന്നതുറപ്പാണ്. നാട്ടിൽ വന്നു പോയ ഒരു വട്ടം ലഗേജിൽ ബൈബിൾ കോപ്പിയും ഉണ്ടായിരുന്നതോർക്കുന്നു. കുട്ടിക്കാലം മുതൽ വളർന്ന മതേതര വിദ്യാലയ – കലാലയാന്തരീക്ഷവും ആത്മബന്ധങ്ങളും അങ്ങനെയല്ലാത്ത ഒരുവളെ ഉണ്ടാക്കിയെടുക്കുകയുമില്ലായിരുന്നു.
എൻ്റെ മതാതീത ആത്മീയത
എൻ്റെ മതാതീത ആത്മീയത കെ ഇ എൻ എത്തിച്ചേർന്ന ശ്രേഷഠമായ ആത്മീയത തന്നെയാണോ എന്നുറപ്പില്ല. ‘ചിത്രമിതപൂർണം’ എന്നാണ് കുറച്ചു വർഷങ്ങൾക്കു മുമ്പ് ‘എൻ്റെ ആത്മീയത’ എന്ന വിഷയത്തിൽ ലേഖനമാവശ്യപ്പെട്ടപ്പോൾ തലക്കെട്ടു കൊടുത്തത്. അജ്ഞേ യതയുടെ അമൂർത്ത ദൈവസാന്നിധ്യത്തെ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നവളായിരിക്കാം ഞാൻ . അത് തീർച്ചയായും മതാതീതമാണ്. ആചാരബദ്ധ പുരുഷമതത്തെ തള്ളിക്കളയുന്ന ഒന്നാണത്. സ്വർഗത്തിലോക്കൊരു തീക്കൊള്ളി വലിച്ചെറിഞ്ഞേക്കൂ എന്നു പാടിയ സൂഫി വനിത റാബിഅ അൽ അദവിയുമായും കൃഷ്ണ ഭക്തയായ മീരയുമായും അക്ക മഹാദേവിയുമായുംആത്മൈക്യം സ്ഥാപിക്കുന്നതാണത്. റോസി തമ്പിയുടെ യേശു സങ്കൽപം പോലെ, സ്ത്രൈണതയുടെ ഒരു ദൈവസങ്കൽപ്പം. ഷാമിയത്ത് എന്ന എഴുത്തുകാരിയുടെ ‘പടച്ചോത്തി’ പ്രയോഗമില്ലേ? ഭ്രാന്തിയെന്നു പൊതു സമൂഹം മുദ്രകുത്തിയ തത്വജ്ഞാനിയായ ഗ്രാമീണസ്ത്രീ ഇടയ്ക്കിടെ പറയും , ഞാൻ പടച്ചോത്തിയാണ്. പടച്ചോൻ അല്ല, സ്ത്രൈണതയുടെ പടച്ചോത്തി ! ദൈവത്തെ സുഹൃത്താക്കുന്ന, അസമത്വങ്ങളെ, അനീതികളെ ചെറുക്കുന്ന, പുരുഷൻറെ അടിമ ഉടമ ഭക്തിയെ തള്ളിക്കളയുന്ന സ്ത്രൈണാത്മീയതയാണത്.
ബഷീറിലെ ആത്മീയത, കമല സുരയ്യയുടേതും
മൻസൂർ അൽഫല്ലാജ് എന്ന ഭ്രാന്തൻ സൂഫിയുടെ ജീവിതം അനൽഹഖ് (ഞാൻ ദൈവമാണ്) എന്ന പേരിൽത്തന്നെയെഴുതി വിമർശനമേററുവാങ്ങിയ വൈക്കം മുഹമ്മദ് ബഷീർ, ദൈവവും പ്രപഞ്ചവും താനും പരസ്പരബന്ധിതമെന്നറിഞ്ഞിരുന്നു.

പ്രപഞ്ചത്തിലെ അത്ഭുതക്കാഴ്ചകളിലൂടെ ദൈവമഹത്വമറിഞ്ഞിരുന്നു ബഷീർ. ദൈവമഹത്വത്തിൻ്റെ ഒരു പരമാണു മാത്രമാണു താൻ. വിജന രാത്രിയിൽ, പൂർണ ചന്ദ്രികയിൽ, മരുഭൂമിയിലെ വെൺമണൽപ്പരപ്പിൽ തനിച്ചു നിന്നപ്പോൾ ആ നിശ്ശബ്ദതയിൽ മുഴങ്ങുന്ന ആത്മീയ ശബ്ദത്തിന് ചെവി കൊടുക്കേണ്ടി വന്നപ്പോൾ, തനിക്കിതൊന്നും ഉൾക്കൊള്ളാനാവുന്നില്ലല്ലോ എന്നു കേഴുന്ന ബഷീറിനെ എനിക്കു മനസ്സിലാവും. ഞാനെൻ്റെ കൃഷ്ണനെ കൂടെക്കൂട്ടുന്നു എന്നു പറഞ്ഞ കമല സുരയ്യയെയും. സുരയ്യ ഇങ്ങനെയും പാടിയിട്ടുണ്ട് –
‘യാ അല്ലാഹ്, മതമെന്ന ചട്ടക്കൂട്ടിൽ
ഒതുങ്ങാത്തവനേ, അപാരമായ സ്വാതന്ത്ര്യമേ,
നഗരാതിർത്തികൾ നീ തകർക്കുന്നു
ഗ്രഹാതിർത്തികളും
എന്നിട്ടും എൻ്റെ ഹൃദയാന്തർഭാഗത്ത്
നിന്നെ ഞാൻ ഒതുക്കുന്നു.
സീമയില്ലാത്തൊരു ലോകം
മനുഷ്യ ഹൃദയം മാത്രമോ? ‘
അജ്ഞേയതയെപ്പറ്റിയുള്ള ഇത്തരം അത്ഭുതവും സന്ദേഹങ്ങളും അന്വേഷണവുമായിരിക്കാം എൻ്റെ ആത്മീയത.
ആത്മീയതയുടെ ഭിന്ന ഭാവങ്ങൾ
ആത്മീയതയ്ക്ക് ലംബവും തിരശ്ചിനവുമായ തലങ്ങൾ ഉണ്ട് എന്നല്ലേ. തിരശ്ചിനമായ ഭാവമത്രെ ഒരുവൻ്റെ സാമൂഹൃപരത. തികഞ്ഞ നിരീശ്വരവാദിയിലും പ്രവർത്തിക്കാവുന്ന ആത്മീയത. സൗഹൃദങ്ങളെയും കെ.ഇ.എൻ. ഇക്കൂട്ടത്തിൽ ചേർക്കുന്നുണ്ട്. ഭൂമിയുടെ അവകാശികൾ എഴുതിയ ബഷീറിൽ അതുണ്ടു്. ജനാധിപത്യത്തിൻ സുഗന്ധമാണ് എൻ്റെ ആത്മീയത എന്നെഴുതിയ കെ . ഇ എന്നിലും! ഈ അളവു കോലിൽ ഞാനെന്ന വൃക്തിയെ എവിടെ വരെ സ്ഥാപിക്കും എന്നറിഞ്ഞുകൂടാ.
വിമോചന ദൈവശാസ്ത്രത്തിൻ്റെ വക്താവായ ഗീവർഗീസ് മാർ കുർലോസ് ആത്മീയതയെപ്പറ്റി ഈശ്വരീയത, മാനവികത, പ്രകൃതിപരത എന്നിവയുടെ സമ്മേളനമായി നിർവചിക്കുന്നുണ്ട്. വിമോചന ദൈവശാസ്ത്രമെന്നാൽ സ്ഥാപനവൽക്കരിപ്പെട്ട മതത്തിൽ പീഡിതരാവുന്നവരുടെ പക്ഷത്തു നിൽക്കുന്ന ഒന്ന്. സ്ത്രീകളും ട്രാൻസ്ജെൻ്റർ മനുഷ്യരും ദരിദ്രരും വംശീയമായി അകറ്റിനിർത്തപ്പെടുന്നവരും മാത്രമല്ല, പ്രകൃതിയും ഉൾപ്പെട്ട പീഡിതപക്ഷത്ത്. യഥാർത്ഥത്തിൽ അത് സ്ത്രൈണാത്മീയത തന്നെ. അസ്ഗർ അലി എൻജിനീയർ ഇസ്ലാമിലെ വിമോചന ദൈവശാസ്ത്ര വക്താവെന്ന് കെ.ഇ.എൻ. പറയുന്നുണ്ടു്. അല്ലാഹുവിനും വേദനിക്കുന്ന മനുഷ്യനുമിടയിൽ ഒരു ഇടനിലക്കാരനെ ആവശ്യമില്ലെന്നു പറയുന്ന മുഹമ്മദ് പ്രവാചകൻറെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നു ഈ മതത്തിലെ വിമോചന ദൈവശാസ്ത്രജ്ഞർ എന്നദ്ദേഹം. അപരനെപ്പറ്റിയുള്ള ഉത്ക്കണ്ഠയ്ക്കപ്പുറമുള്ള ഒരാത്മീയതയും ലോകത്ത് നിലനിൽക്കുന്നില്ല എന്ന ബുദ്ധവചനം കെ.ഇ.എന്നും എടുത്തു പറയുന്നുണ്ട്. കാഫിർ എന്നതിന് അവിശ്വാസി എന്നല്ല, സമൂഹത്തോടുള്ള കടമ നിർവഹിക്കുന്നതിൽ വിമുഖത കാണിക്കുന്നവൻ എന്നാണർത്ഥമെന്നും അസ്ഗർ അലി എൻജിനീയറെ ഉദ്ധരിച്ചദ്ദേഹം.
ശാസ്ത്രത്തിലുമുണ്ടോ ആത്മീയത?
കുർലോസ് അച്ചൻ്റെ നിർവചനത്തോടൊപ്പം ഒ.വി.വിജയൻ്റെ ‘യന്ത്രിമ’യെ കൂടി ഞാൻ ചേർത്തു വെയ്ക്കുന്നു. മാനവികമായ ശാസ്ത്രം എന്ന അർത്ഥത്തിലാണ് കഥാകാരൻ്റെ ആ പ്രയോഗം. ദൈവമഹത്വത്തിൻ്റെ പ്രതിരൂപമായ മനുഷ്യൻ നേടിയ അമ്പരപ്പിക്കുന്ന ശാസ്ത്രാവിഷ്കാരങ്ങൾ ചിലപ്പോഴൊക്കെ പ്രപഞ്ച വിസ്മയങ്ങളോളമെത്തുന്നവ തന്നെ. മാങ്കൊസ്റ്റിൻ മരത്തണലിലിരുന്ന് എന്നോ മരിച്ചു പോയ പ്രിയഗായികയുടെ ഗാനം ആസ്വദിച്ച് വിസ്മയം കൊള്ളുന്ന ബഷീർ ശാസ്ത്ര നേട്ടത്തിൻ്റെ കാരുണ്യമായിരിക്കാം ഓർത്തിരിക്കുക. തൻ്റെ ജീവിതകാലത്ത് പൂർത്തീകരിക്കപ്പെടില്ലെന്ന് ഉറപ്പുള്ള ശാസ്ത്രഗവേഷണങ്ങളിലും ആവിഷ്കാര പ്രയത്‌നങ്ങളിലും ഏർപ്പെടുന്ന മനുഷ്യനിൽ ദൈവിക സ്പർശമാണുളളതെന്ന് ആഴത്തിൽ വിശ്വാസിയായ ഒരാൾക്ക് കരുതാനാവും . ദൈവത്തിൻ്റെ കഴിവുകൾ ആർജ്ജിച്ച് സ്വയം ശ്രേഷ്ഠരാവുക എന്ന് പ്രവാചകൻ പറഞ്ഞു വെച്ചത് ഇതാണ് എന്നവരറിയുന്നു. പക്ഷേ ആചാരബദ്ധമായ വ്യവസ്ഥാപിത മതം സ്വർഗലബ്ധിക്കുവേണ്ടിയുള്ള അനുഷ്ഠാനങ്ങളാലും ആചാരബന്ധനത്താലും ഭക്തരുടെ ജീവിതം വെറും തനിയാവർത്തനങ്ങളാക്കി ചുരുക്കുന്നു. വ്യത്യസ്ത കഴിവുകളുള്ള തനതുവൃക്തികളാവാൻ വിടാതെ ജീവിതം, പ്രത്യേകിച്ച് സ്ത്രീകളുടേത്, ദുഃസ്സഹമാക്കുന്നു.
സുനിത വില്യംസ് കോഴിക്കോട് വന്നപ്പോൾ നടന്ന ഒരു ഇൻ്റർവ്യൂവിൽ, ശൂന്യാകാശജീവിതം അവിചാരിതമായി നീണ്ടുപോയപ്പോൾ ഭയം തോന്നിയില്ലേ എന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെയായിരുന്നു – ഇല്ല, താഴെ എന്നെ തിരികെക്കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞരുണ്ടെന്ന് എനിക്കറിയാമല്ലോ. ഇനി അവ പരാജയപ്പെട്ടാൽ തന്നെ, സ്പേസ് സയൻസിൻ്റെ വികാസം എത്ര മഹത്തും ഭാവിയിലേക്കു നീളുന്നതുമാണ്! അതു കണക്കിലെടുക്കുമ്പോൾ എൻ്റെ ജീവിതം എത്ര ഹ്രസ്വം! യഥാർത്ഥ ശാസ്ത്ര ആത്മീയതയായി ആ നിലപാട് അനുഭവപ്പെടുന്നില്ലേ? അവർ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ മുസ്ലിപള്ളി സന്ദർശിച്ചപ്പോൾ മതപുരോഹിതർ അവരെ സഹർഷം സ്വീകരിച്ചു. തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിൽ (മുസ്ലിം സ്ത്രീയും സ്പേസിൽ പോയി വരേണ്ടി വരുമോ ഇനിയാ പള്ളിക്കകത്ത് കയറാൻ ?) മതപുരോഹിതൻ രസകരമായ ഒരു പ്രസ്താവന നടത്തി – ‘അവർ കൃസ്ത്യാനിയല്ലേ. ഭർത്താവിൻറെ സംരക്ഷണയില്ലാതെയും അവർക്കു ശൂന്യാകാശത്തു പോകാം.’ മുസ്ലിംസ്ത്രീ ഇനി ഇതു കണ്ടൊന്നും ഇളകേണ്ട എന്നർത്ഥം. വിശ്വാസിനികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് കെട്ടപ്പെടുന്നത്. വ്യവസ്ഥാപിതമതം ശാസ്ത്രവിരുദ്ധമാകുന്നതും ഇങ്ങനെ.
ആചാരാനുഷ്ഠാനങ്ങൾ പ്രതിലോമപരങ്ങൾ മാത്രമോ?
ആചാരാനുഷ്ഠാനങ്ങൾ എപ്പോഴും ജീവിത വിരുദ്ധങ്ങൾ അല്ല. മനുഷ്യർ തമ്മിൽ ഊഷ്മള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ആചാരബദ്ധമായ ഉത്സവാഘോഷങ്ങൾ എത്രയെത്ര ! മാനസികമായും ഭൗതിക – സാമ്പത്തിക തലത്തിലും കൊടുക്കൽ വാങ്ങലുകളും പരസ്പരാശ്രിതത്വങ്ങളുമുണ്ടാക്കുന്നു അവ. ഞങ്ങളുടെ നാട് എന്ന നിലയ്ക്ക് ജാതിമതാതീതമായ ഗൃഹാതുരതയുണ്ടാക്കുന്നു . കീഴാള മനുഷ്യർ കെട്ടിയാടുന്ന തെയ്യങ്ങളും, തിറകളും ഒരു നാടിൻ്റെ ജാതിമതാതീതമായ സംസ്കാരമാവുന്നതോടൊപ്പം സൂക്ഷ്മാർത്ഥത്തിൽ ജാതിവിരുദ്ധങ്ങളും ചരിത്രഗന്ധികളുമാണ്.
സെമറ്റിക് മതങ്ങളിലെ വൈവാഹിക , മരണാനന്തര , ചരമവാർഷിക പ്രാർത്ഥനകൾ പൗരോഹിത്യസാന്നിധ്യത്തിൽ നടത്തപ്പെടുന്നവയെങ്കിലും അന്യമതസ്ഥരെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാവുമ്പോൾ അവ സാംസ്കാരിക വയ്വിധൃത്തിന് നിദർശനമാവുകയും സാമൂഹൃപരത ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. മരണവീട്ടിൽ, ഓർമ്മദിനങ്ങളിൽ, ആചാരങ്ങൾ സാന്ത്വനമാവുന്നുണ്ട്, ജീവിച്ചിരിക്കുന്നവർക്ക് മുന്നോട്ടു പോവാൻ പ്രതീക്ഷകൾ നൽകുന്നുണ്ട്. നേപ്പാൾ ഭൂകമ്പത്തിൽ മരിച്ചു പോയ പ്രതിഭാധനനായിരുന്ന പ്രിയവിദ്യാർത്ഥി ഡോ.ദീപകിനെറ ഓർമ്മ ദിനത്തിലെ പള്ളി ശുശ്രൂഷാ ചടങ്ങുകളിൽ സംബന്ധിച്ചപ്പോൾ കൃത്യമായി ഞാനതനുഭവിച്ചു. ആകെ തകർന്നു പോയ ഒരച്ഛനും അമ്മയും ശാന്തിയോടെ തിരിച്ചു പോകുന്നതിന് സാക്ഷ്യം വഹിച്ചപ്പോൾ. ആർത്തന് അത്താണിയാവുന്ന, പരസ്പരസ്നേഹത്തെ, മതേതരത്വത്തെ, ശക്തിപ്പെടുത്തുന്ന, അവഗണിതൻ്റെ ഭാഗം നിൽക്കുന്ന ആചാരങ്ങൾ സ്വാഗതാർഹങ്ങളാവണം. ഇസ്ലാമിലെ സക്കാത്ത് എന്ന ആശയം, സ്വത്തിൻ്റെ നിശ്ചിതശതമാനം തന്നിൽ താണവർക്ക് ദാനമായി കൊടുക്കുന്ന സമ്പ്രദായം ദാനം സ്വീകരിക്കുന്നവന് അഭിമാനക്ഷതമുണ്ടാക്കാത്ത രീതിയിൽ നടപ്പാക്കപ്പെടുമ്പോൾ ഏറ്റവും ശ്ലാഘിക്കപ്പെടേണ്ട ഒന്നാവുന്നു. അവയെ അംഗീകരിക്കാൻ മതവിശ്വാസമില്ലാത്ത യഥാർത്ഥ മതേതരവാദിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല. വരട്ടുയുക്തിവാദിയാവട്ടെ, അങ്ങനെ സ്വീകരിക്കാവുന്നവയെപ്പോലും അധിക്ഷേപ വിധേയമാക്കുകയും ചെയ്യാം. മതമുപേക്ഷിച്ചാൽ സ്കാൻഡിനേവിയക്കാരെപ്പോലെ സമത്വസുന്ദര ശാന്തജീവിതമെന്ന് അവർ വാദിക്കും. ജാതിയുപേക്ഷിക്കാൻ അവരൊട്ടു പറയുകയുമില്ല!
മതവിമർശവും നവനാസ്തികരും
സ്ത്രീവിരുദ്ധത , സ്വമതാഹങ്കാരം,മനുഷ്യരെ ഞെരുക്കും വിധമുള്ള ആചാരങ്ങൾ, മതത്തെ ചരിത്രവൽക്കരിച്ച് മനസ്സിലാക്കാൻ അനുവദിക്കാതിരിക്കൽ, വേദവാകൃങ്ങൾ വ്യാഖ്യാനം ചെയ്യുന്നതിലെ പുരുഷയുക്തികൾ, വൃക്തിനിയമപരിഷ്കാരത്തെ എതിർക്കുന്ന പുരുഷ – പൗരോഹിത്യ താൽപ്പര്യങ്ങൾ എന്നിങ്ങനെ ജനിച്ച മതത്തിൽ ഒത്തിരിയുണ്ട് വിമർശനവിധേയമാക്കാൻ. കാലങ്ങളായി അത് നടന്നു കൊണ്ടിരിക്കുന്നുമുണ്ട്. എഴുപതുകളിലും എൺപതുകളിലും തുടങ്ങി വെച്ച ശരീഅത്ത് വിവാദങ്ങൾ, ഇസ്ലാം ഏൻ്റ് മോഡേൺ സൊസൈറ്റി എന്ന എൻ.പി. മുഹമ്മദ്ൻ്റെ നേതൃത്വത്തിൽ തുടങ്ങി വെച്ച സംഘടനാപ്രവർത്തനങ്ങൾ, സർഗാത്മക സാഹിത്യരചനകൾ , കെ.ടിയുടെയും ടി.കെ.അയമുവിൻ്റെയും നാടകങ്ങൾ, ,സിനിമകൾ ഇങ്ങനെ എത്രയെത്ര സർഗാത്മകപ്രതിരോധങ്ങൾ ! ‘ശരീഅത്ത് ചിലവർത്തമാനങ്ങൾ’ എന്ന പേരിൽ വൃക്തിനിയമ അനീതികളെപ്പറ്റി പുസ്തകമെഴുതിയിട്ടുണ്ട് ഹമീദ് ചേന്നമംഗലൂരിനൊപ്പം കെ.ഇ.എൻ. ആ ആശയഗതികളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും മതത്തെപ്പറ്റിയുള്ള വിചാരങ്ങളിൽ ഏറെ മുന്നോട്ടു പോയി കെ. ഇ.എൻ. ഹമീദ് ചേന്നമംഗലൂരാവട്ടെ, വാശിയോടെയെന്നപോലെ ആ രണ്ടാംഘട്ടത്തിൽത്തന്നെനിൽക്കുന്നു. മുസ്ലിം വ്യക്തിനിയമ പരിഷ്കരണത്തിനായി നിലകൊള്ളുന്ന ഫോർജെം (Forum for Gender Equality Among Muslims) എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന ഞങ്ങളോട് രണ്ടുപേരും അനുകൂല സമീപനമാണ്. പക്ഷേ, രണ്ടു വ്യത്യസ്ത കാഴ്ചപ്പാടോടെ.

കെ ഇ എന്നിൻ്റെ മതവിചാരം ഇങ്ങനെ _ ‘ഫാസിസക്കാലത്തെ മതത്തെപ്പറ്റിയുള്ള ആലോചന, ഫാസിസപൂർവകാലത്തെ ആലോചനകളുടെ ഫോട്ടോകോപ്പി മാത്രമായാൽ ചരിത്രത്തിൽ നാം കുറ്റവാളികളാവും!’ ഞാനത് ഏതൊക്കെയോ പുസ്തകങ്ങളുടെ മുൻ പേജിൽ കുറിച്ചു വെച്ചിട്ടുമുണ്ട്.
ഫോർജെo ഗ്രൂപ്പിൽ ഒപ്പം നിൽക്കുന്നവരിൽ കെ. ഇ. എൻ.സൂചിപ്പിച്ച പരുക്കൻ ഭൗതികവാദികൾ അല്ലെങ്കിൽ നവനാസ്തികർ, കുറേയധികം പേരുണ്ട്. കെ. ഇ. എൻ. എത്തിച്ചേർന്ന സർഗാത്മക മതേതര ആത്മീയതയിലേക്ക് എത്തിച്ചേരാനാവാത്തവർ. അന്ധമായ മതവിമർശമാണ് അവരുടെ പാത.ഗ്രൂപ്പിനു പുറത്ത് അവർ കൈ കോർക്കുന്നവരുടെ രാഷ്ട്രീയാഭിമുഖ്യങ്ങളും ആശയ പ്രചാണ രീതികളും ഇന്നു നിലനിൽക്കുന്ന, സംഘ്പരിവാർ തന്ത്രമായ ഇസ്ലാമോഫോബിയയെ ഊതിപ്പെരുപ്പിക്കും വിധമാണ് താനും. അങ്ങനെയുള്ളവരെ മതാത്മക _ മതാതീത കൈകോർക്കലിൻ്റെ ആത്മീയതയെപ്പറ്റി പറഞ്ഞു മനസ്സിലാക്കിക്കൽ കഠിനമാണ്. ഒരു പക്ഷേ, കാലം കഴിയുമ്പോൾ അവർ അവിടേയ്ക്കെത്തുമായിരിക്കും. അപകടമറിഞ്ഞു കൊണ്ടുതന്നെയുള്ള നവനാസ്തിക തീവ്രവാദമെങ്കിൽ കരകയറുകയുമില്ല. മാനുഷികമായ നിലപാടു പരിഷ്കരണത്തിന് മുതിരുന്നവരെ, യഥാർത്ഥ മതേതര ആത്മീയത സ്വായത്തമാക്കിയവരെ, മതമൗലികവാദികൾക്കൊപ്പം നിൽക്കുന്നവരായോ മതമൗലികവാദികൾ തന്നെയായോ മുദ്രകുത്താനാണ് അവർക്ക് താൽപ്പര്യം. കെ.എ. എൻ ഉം അനുഭവിച്ചുണ്ടാവണം അത്തരം മുദ്രകുത്തലുകൾ. തികഞ്ഞ മതവിശ്വാസികളും സന്ദേഹികളും മതേതര ആത്മീയതയുടെ വക്താക്കളും അന്യമതസ്ഥരായ കുറച്ചു സുഹൃത്തുക്കളും ഉൾപ്പെട്ട ഫോർജെം ഗ്രൂപ്പിൻ്റെ അമരത്തുള്ളവർ കൃത്യമായ രാഷ്ട്രീ
യബോധ്യമുള്ളവരായിരിക്കണം എന്നു ഞങ്ങൾക്കു നിർബന്ധമാണ്. അതു കൊണ്ടു തന്നെ മുസ്ലിം സ്ത്രീയുടെ കഷ്ടാവസ്ഥയ്ക്കു പരിഹാരമായി ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തെ ഞങ്ങൾ തള്ളിക്കളയുന്നു.
ജനാധിപത്യാശയം രാഷ്ട്രതലത്തിൽ
ജനാധിപത്യത്തിൻ്റെ അനുഭൂതിയാണ് തൻ്റെ ആത്മീയത എന്ന ആശയം വ്യക്തിതലത്തിൽ ഏറ്റവും ഗംഭീരമായി പ്രാവർത്തികമാക്കുന്ന ആളാണ് കെ ഇ എൻ എന്നറിയാം. പക്ഷേ, ജനാധിപത്യരാഷ്ട്രങ്ങൾ എന്നവകാശപ്പെടുന്നവയിൽ എത്രയെണ്ണം യഥാർത്ഥരൂപത്തിൽ അതു പ്രാവർത്തിമാക്കുന്നുണ്ട്? അമേരിക്ക ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്നു. ഇസ്രായേലും ഒരു ജനാധിപത്യ രാഷ്ട്രമത്രെ! ഇന്ത്യയും!
പ്രമുഖ ചിന്തകനും അക്കാദമീഷ്യനുമായ എ.കെ. രാമൃഷ്ണൻ്റെ അഭിപ്രായത്തിൽ ദേശരാഷ്ട്രനിർമ്മിതിയിൽത്തന്നെ മനുഷ്യവിരുദ്ധതയുണ്ട്. പൗരത്വം, അതിർത്തി, നുഴഞ്ഞുകയറ്റക്കാരൻ, വിസ, എല്ലാം ഒരർത്ഥത്തിൽ മനുഷ്യവിരുദ്ധമായ ആശയങ്ങൾ !
ജനാധിപത്യ രാഷ്ട്രങ്ങൾ എന്നു പ്രഖ്യാപിക്കുമ്പോഴും അതിലും ഒരു കൂട്ടം മനുഷ്യർക്ക്, ഭരണരംഗത്തുള്ളവർക്ക്, സമഗ്രാധിപത്യത്തിനുള്ള പഴുതുകളുണ്ട്. അവിടെ സൈന്യമുണ്ട്, പോലീസ് ഉണ്ട്, നിയമങ്ങൾ നിർമ്മിക്കാനും പിൻവലിക്കാനും, പല കാരണങ്ങൾ ഉയർത്തി പ്രത്യേക പ്രദേശങ്ങളിൽ ജനാധിപത്യനിഷേധം സാധ്യമാകും വിധം നിയമങ്ങളുണ്ടാക്കാനുമുള്ള പഴുതുകളുണ്ട് (മണിപ്പൂരിലെ അഫ്സ്പ നിയമം ഉദാഹരണം). ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്ന പൗരരെ ജയിലിലടക്കാൻ ദുരുപയോഗം ചെയ്യാവുന്ന നിയമങ്ങളുണ്ടാക്കാനാവും ഭരണകർത്താക്കൾക്ക്. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കും വിധം ജനങ്ങളെ നിരന്തര നിരീക്ഷണത്തിലാക്കി ഭയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിച്ച് നിശ്ശബ്ദരാക്കാം. പ്രതിപക്ഷ ശബ്ദങ്ങളെ അവഗണിക്കാം. ജനാധിപത്യ സാധ്യതകളുപയോഗിച്ചു തന്നെ ഫാസിസം പ്രയോഗത്തിൽ വരുന്നത് ഇന്ത്യയിലുൾപ്പെടെ നാം കാണുന്നു. വംശീയ വിദ്വേഷം (അപര മതവിദ്വേഷം) സാംസ്കാരിക തലത്തിൽ വളർത്തിയെടുത്ത് അണികളെക്കൊണ്ട് അക്രമവും ജനാധിപത്യവിരുദ്ധതകളും, വംശീയ ഉന്മൂലനങ്ങളും നടത്തിക്കുകയും നിയമപാലന സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അക്രമികളെ സംരക്ഷിക്കുകയും കൂടുതൽ അക്രമങ്ങൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്നു ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിൽ. ഇത്തരമൊരു രാഷ്ട്രീയ കാലാവസ്ഥയിൽ പൊതുജനങ്ങളുടെ മനസ്സിൽ, ഉയർന്ന ജനാധിപത്യ ബോധമുണ്ടാക്കി പ്രതിരോധിക്കുക എന്നതു മാത്രമാണ് ഏക വഴി. കെഇഎൻ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചെയ്യുന്നതും അതാണ്. പീഡിപ്പിക്കപ്പെടുന്ന സമൂഹങ്ങളെ ചേർത്തു പിടിക്കുക, മതവിശ്വാസിയായിരിക്കാനുള്ള അവരുടെ അവകാശങ്ങളെ മാനിക്കുക, അവർക്കു വേണ്ടി ശബ്ദമുയർത്തുക. അവർക്കിടയിലെ പാർശ്വവൽകൃതരുടെയും അവകാശങ്ങൾക്കൊപ്പം നിൽക്കുക.
ഗുരു മാതൃകകൾ
ഫാസിസക്കാലത്തെ മതേതരവാദിയുടെ ഉത്തരവാദിത്തങ്ങൾ വലുതാണ്. ഇക്കാര്യത്തിൽ മലയാളിക്കൊരു ഗുരുമാതൃകയുണ്ടായിരുന്നു. നവോത്ഥാനകാലത്തിൻ്റെ ഒരു ചെറുകളളിയിൽ ഒതുക്കിയിട്ട് പിന്നീടാരൊക്കെയോ സ്വന്തമാക്കി വികലമാക്കിയപ്പോഴും നാമവഗണിച്ച ദാർശനികനും കവിയുമായ ശ്രീ നാരായണനെന്ന നാണുഗുരു. 1916 ൽ താൻ ഒരു മതത്തിൻ്റെയും ഭാഗമല്ല, മതത്തെ വിട്ടിട്ട് എത്രയോ കാലമായി എന്നു പറഞ്ഞ ആൾ 1924 ൽ മഹത്തായ ഒരു സർവമത സമ്മേളനം നടത്തുകയാണ്. വർക്കല അദ്വൈത വിദ്യാലയത്തിൽ എല്ലാ മതഗ്രന്ഥങ്ങളും പാഠൃപദ്ധതിയിലുൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുകയാണ്. ജ്ഞാനേയ ബഹുസ്വരത എന്ന് പി.കെ. പോക്കർ അതിനെ വിളിക്കുന്നുണ്ട്.
മതങ്ങളെ ചരിത്രവൽക്കരിച്ചു മനസ്സിലാക്കുക, അടിസ്ഥാന ആശയങ്ങളിലെ സമാനതകൾ അറിയുക, എല്ലാ മതഗ്രന്ഥങ്ങളെയും ത്യാജ്യഗ്രാഹൃ വിവേചനബുദ്ധിയോടെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ തെളിഞ്ഞു വരുന്ന മനുഷ്യമതത്തെ ഉൾക്കൊള്ളുക എന്ന് ഗുരു. സഹോദരനയ്യപ്പൻ്റെ ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്നതും തൻ്റെ തന്നെ, ‘ഒരു ജാതി, ഒരു മതം ‘ഒരു ദൈവം മനുഷ്യന്’ എന്നതും രണ്ടല്ല എന്നറിയുന്നു ഗുരു. ധർമ്മമുണ്ടെങ്കിൽ രണ്ടും ഒന്നു തന്നെ. അതിനാൽ 1921 ൽ ആലുവ അദ്വൈതാശ്രമത്തിൽ യുക്തിവാദ സമ്മേളനം നടത്താനും ധീരത കാണിച്ചു ഗുരു.

ഇതുവരെ നഷ്ടപ്പെടുത്തിയതെന്തെന്ന്, തിരിച്ചു പിടിക്കേണ്ടതെന്തെന്ന് മലയാളി തിരിച്ചറിഞ്ഞു വരുമ്പോഴേയ്ക്കും ഏറെ വൈകിപ്പോകില്ലേ എന്ന സങ്കടമാണിപ്പോൾ. തിരിച്ചുവരവിനാവാത്ത വിധം?






മതനിഷേധമല്ല, മറിച്ച് ജനാധിപത്യധാർമ്മികതയുടെ സാന്നിധ്യമായി മതേതരത്വത്തെ ഉൾക്കൊള്ളുകയെന്നതാണ് ശരിയായ രാഷ്ട്രീയ- ധാർമിക- നൈതിക- ആത്മീയ നിലപാടെന്ന കെ.ഇ.എൻ കുഞ്ഞഹമ്മദിന്റെ ധൈഷണിക ഉൾക്കാഴ്ചയെ ഡോ. ഖദീജാ മുംതാസ് തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യുന്നു. സ്ത്രീപക്ഷവും മതാതീതവുമായ ആത്മീയതയിലേക്കുള്ള തന്റെ സ്വന്തം യാത്രയും സമാനമാണെന്ന് അവർ ഇവിടെ കുറിക്കുന്നു. മതയാഥാസ്ഥിതികതയ്ക്കും തീവ്രനാസ്തികതയ്ക്കും ഇടയിലെ ലളിതവൽക്കരിക്കപ്പെട്ട ദ്വന്ദ്വങ്ങളെ അവർ തള്ളിക്കളയുന്നു. പീഡിതരോടൊപ്പം നിൽക്കുകയും അവരുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്ന, സങ്കീർണ്ണവും കരുണാർദ്രവും രാഷ്ട്രീയബോധ്യമുള്ളതുമായ ആത്മീയതയെ സാക്ഷാത്കരിക്കാൻ ഈ തിരിച്ചറിവ് നമ്മെ പ്രേരിപ്പിക്കുന്നു. ഉൾക്കാഴ്ച സമ്മാനിക്കുന്ന വായനാനുഭവം