A Unique Multilingual Media Platform

Articles National Obituary Society

എച്ച് കെ ദുവ – മാധ്യമ സത്യനിഷ്ഠയുടെ പ്രതീകം

  • March 6, 2026
  • 1 min read
എച്ച് കെ ദുവ – മാധ്യമ സത്യനിഷ്ഠയുടെ പ്രതീകം

മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ. ഹരി കൃഷ്ണ ദുവ (88, എച്ച്.കെ. ദുവ ) ചെന്നൈയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. അദ്ദേഹത്തിൻ്റെ വേർപാട് ഇന്ത്യൻ മാധ്യമരംഗത്തിന് തീരാ നഷ്ടമാണ്. ശക്തനായ ഒരു എഡിറ്ററെ നഷ്ടമാകുന്നു എന്നതിനപ്പുറം സ്വാതന്ത്ര്യാനന്തര ഇന്ത്യൻ മാധ്യമരംഗത്തെയും പൊതുജീവിതത്തിലെയും സുപ്രധാന അധ്യായങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന ഒരു വ്യക്തിയുടെ അഭാവമാണ് ബാക്കിയാകുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ 8-ന് ഞാൻ ദുവ സാറിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ട കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹം അതിശയത്തോടെ ചോദിച്ചു, “ഈ വർഷത്തെ ക്രിസ്മസ് കേക്ക് ഇത്ര നേരത്തെ തയ്യാറായോ?”. എല്ലാ ഡിസംബറിലും ഒരു കേക്കുമായി ദുവ സാറിനെ സന്ദർശിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നു.

ഹരി കൃഷ്ണ ദുവ

ആദ്യം വീട്ടിൽ ഉണ്ടാക്കിയ കേക്കുമായാണ് സന്ദർശനം തുടങ്ങിയതെങ്കിലും പിന്നീടത് പള്ളിയിൽ നിന്ന് വാങ്ങുന്ന കേക്കുകളിലേക്ക് മാറി. എന്നാൽ ക്രിസ്മസ് കാലത്തെ ഭവനസന്ദർശനം വർഷങ്ങളായി തുടർന്നുപോന്നു. കാലക്രമേണ, ആ സന്ദർശനം കേക്കിനേക്കാൾ കൂടുതൽ മധുരിക്കുന്ന സൗഹൃദക്കൂട്ടായ്മയായി മാറി. വർഷങ്ങൾ കടന്നുപോയിട്ടും മങ്ങാത്ത ആദരവിന്റെയും സ്നേഹത്തിന്റെയും അടയാളമായിരുന്നു അത്. എച്ച്.ഡി. ദേവഗൗഡ, അടൽ ബിഹാരി വാജ്പേയി എന്നീ പ്രധാനമന്ത്രിമാരുടെ മാധ്യമ ഉപദേശകനായി പ്രവർത്തിച്ചിരുന്ന കാലയളവിൽ അദ്ദേഹം ദൂരെയായിരുന്ന സമയത്തൊഴിക വാർഷിക ഭവന സന്ദർശനം ഞാൻ മുടക്കിയിരുന്നില്ല.

രാഷ്ട്രീയപരമായി ഏറെ പ്രത്യേകതകളുണ്ടായിരുന്ന ആ കാലഘട്ടത്തിൽ പോലും എന്റെ ഭവന സന്ദർശനം എന്തെങ്കിലും താത്പര്യങ്ങളോ ആനുകൂല്യങ്ങളോ ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ഉൾപ്പെടെ ആരും തെറ്റിദ്ധരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അത്തരം വിചാരഗതികൾക്കൊക്കെ അതീതമായിരുന്നു ഞങ്ങളുടെ സൗഹൃദം.

ഒരുകാലത്ത് ഡ്രോയിംഗ് റൂമുകളിലും എഡിറ്റോറിയൽ മീറ്റിംഗുകളിലും മുഴങ്ങിക്കേട്ടിരുന്ന ആ ചിരി ഇനിയില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. എങ്കിലും, അദ്ദേഹത്തെ ഓർക്കുമ്പോൾ ഗൗരവമുള്ളതും നർമ്മം നിറഞ്ഞതുമായ ഒട്ടനവധി കഥകൾ മനസ്സിലേക്ക് വരുന്നു. അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവത്തിൻ്റെ നേർകാഴ്ചകളുള്ള ഓർമ്മകളാണിവയൊക്കെ.

2003 ൽ എനിക്കൊരു ഫോൺകോൾ വന്നു. അങ്ങേതലയ്ക്കൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ നിയന്ത്രിച്ചിരുന്ന (പിന്നീട് ജമ്മു കശ്മീർ ഗവർണറായ) എൻ.എൻ. വോറ ആയിരുന്നു. ആഭ്യന്തര സെക്രട്ടറി എന്ന നിലയിലും, ഇന്ത്യയിലെ ക്രിമിനൽ-രാഷ്ട്രീയ ബന്ധങ്ങളെ തുറന്നുകാട്ടിയ പ്രശസ്തമായ ‘വോറ കമ്മിറ്റി’യുടെ തലവൻ എന്ന നിലയിലും എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. ദി ഇന്ത്യൻ എക്സ്പ്രസിനായി അദ്ദേഹം എഴുതിയ ആദ്യത്തെയും അവസാനത്തെയും കോളം എഡിറ്റ് ചെയ്തതും ഞാനായിരുന്നു.

മിസ്റ്റർ വോറ ഫോണിലൂടെ പറഞ്ഞ കാര്യം ഇതായിരുന്നു: ‘ മുൻ ചീഫ് ജസ്റ്റിസും അന്നത്തെ ട്രിബ്യൂൺ ട്രസ്റ്റ് ചെയർമാനുമായിരുന്ന ജസ്റ്റിസ് ആർ.എസ്. പഥക്ക് എന്നെ നേരിൽ കാണാൻ താത്പര്യപ്പെടുന്നു. സർദാർ പട്ടേൽ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിലാണ് കൂടിക്കാഴ്ച.”

എന്തിനെക്കുറിച്ചാണ് കൂടിക്കാഴ്ച എന്ന് ചോദിച്ചപ്പോൾ, “ഒരു ജോലി വാഗ്ദാനത്തെക്കുറിച്ചാണ്” എന്ന് മാത്രം അദ്ദേഹം മറുപടി നൽകി.
മിസ്റ്റർ വോറയുടെ വാക്കുകൾ എന്നെ ആശയക്കുഴപ്പത്തിലാക്കി. ജസ്റ്റിസ് പഥകിന് എന്നെക്കുറിച്ച് എങ്ങനെ അറിയാം. എന്തുതരം ജോലിക്കുള്ള വാഗ്ദാനമായിരിക്കുമത്? തുടങ്ങി പലതരം ചിന്തകൾ രാത്രി മുഴുവനും എന്റെ തലയിലൂടെ പാഞ്ഞു.

എച്ച്.കെ. ദുവ; അരുൺ ഷൂറി, പ്രണോയ് റോയ്,എസ് നിഹാൽ സിംഗ് എന്നിവരോടൊപ്പം (ഫയൽ ചിത്രം)

അർദ്ധരാത്രിയിൽ മുഴങ്ങിയ മറ്റൊരു ഫോൺകോളാണ് ഈ ചിന്തകൾക്ക് ഒരു വിരാമമിട്ടത്. ഫോൺവിളിച്ചത് മറ്റാരുമായിരുന്നില്ല, ഡെന്മാർക്കിലെ ഇന്ത്യൻ അംബാസഡറായിരുന്ന മിസ്റ്റർ ദുവ ആയിരുന്നു. കോപ്പൻഹേഗനിൽ നിന്നാണ് അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഒരു മലയാളി സുഹൃത്ത് ഏറെ കഷ്ടപ്പെട്ടാണ് എന്റെ നമ്പർ കണ്ടുപിടിച്ചത്.

വർത്തമാനം പറയുന്നതിനിടയിൽ പെട്ടെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, “ജസ്റ്റിസ് പഥക്കിനോട് എന്റെ പേര് പറഞ്ഞത് നിങ്ങളാണോ?”

സ്വത സിദ്ധമായ ശൈലിയിൽ പതുക്കെ ചിരിച്ചുകൊണ്ട് അദ്ദേഹം അത് സമ്മതിച്ചു. അംബാസഡർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാറായിരുന്നു. തന്റെ മടങ്ങിവരവിന് മുൻപ് ഏതാനും മാസത്തേക്ക് ദി ട്രിബ്യൂണിന്റെ എഡിറ്ററായി ഒരാൾ ചുമതലയേൽക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതായിരുന്നു ആ ഫോൺകോളിന് പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തിൻ്റെ രീതി ഇങ്ങനെയായിരുന്നു. ലളിതമെങ്കിലും ഉറച്ച തീരുമാനങ്ങളെടുക്കുന്ന, സഹജവാസനയാൽ മനുഷ്യരെ വിശ്വാസത്തിലെടുക്കുന്ന സ്വാഭാവശൈലി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം, ജസ്റ്റിസ് പഥക് എന്നെ ചണ്ഡീഗഡിലെ ജീവനക്കാർക്ക് പരിചയപ്പെടുത്തി. അങ്ങനെ എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു പുതിയ അധ്യായം അവിടെ ആരംഭിച്ചു. പിന്നീട് 2009-ൽ സ്വന്തം താല്പര്യപ്രകാരം ഞാൻ ആ പടിയിറങ്ങി. അദ്ദേഹത്തിനൊപ്പം ജോലി ചെയ്തു തുടങ്ങുന്നതിനും എത്രയോ കാലം മുമ്പേ എനിക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നു.

കോളേജ് കാലഘട്ടത്തിൽ ദി ഹിന്ദു ദിനപ്പത്രമാണ് ഞാൻ വായിച്ചിരുന്നതെങ്കിലും 1973-ൽ ഡൽഹിയിലേക്ക് മാറിയതോടെ പത്രവായന ദി ഇന്ത്യൻ എക്സ്പ്രസ്സിലേക്ക് വഴിമാറി. അക്കാലത്താണ് “എച്ച്. കെ. ദുവ ” എന്ന പേര് പരിചിതമായിത്തുടങ്ങുന്നത്. അന്ന് അദ്ദേഹം പത്രത്തിൻ്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നുവെന്നാണ് എന്റെ ഓർമ്മ. വാർത്തകളെ തിരിച്ചറിയാൻ അസാമാന്യ കഴിവും വസ്തുതകളുടെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ ധാരണയുമുള്ള ഒരു റിപ്പോർട്ടറായിരുന്നു അദ്ദേഹം.

പത്രപ്രവർത്തനവുമായി അത്ര പരിചയമില്ലാത്തവരുടെ ശ്രദ്ധയിലേക്കായി ഒരു കാര്യം പറയട്ടെസ മറ്റൊരാൾക്കും ലഭിക്കാത്ത, പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്ന, മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുന്ന വാർത്തകളെയാണ് പത്രഭാഷയിൽ “സ്കൂപ്പ്” (scoop) എന്ന് വിളിക്കുന്നത്. ഇത്തരം സ്കൂപ്പുകളുടെ തമ്പുരാനായിരുന്നു മിസ്റ്റർ ദുവ . ഒരു നല്ല പത്രപ്രവർത്തകന് അത്യാവശ്യമായതും വളരെ അപൂർവമായി മാത്രം ലഭിക്കുന്നതുമായൊരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു: വാർത്തകൾ മണത്തറിയാനുള്ള സിദ്ധി!.

എവിടൊക്കെ ഞാൻ പോയിട്ടുണ്ടോ അവിടെല്ലാം അദ്ദേഹത്തിൻ്റെ വാർത്തകൾ എന്നെ പിന്തുടർന്നു. ആദ്യം ഭോപ്പാലിലും, പിന്നീട് ഞാൻ പത്ത് വർഷം താമസിച്ച പാട്നയിലും. പാട്നയിൽ ദി ഹിന്ദുസ്ഥാൻ ടൈംസിന്റെ ഡെപ്യൂട്ടി റസിഡന്റ് എഡിറ്ററായപ്പോഴേക്കും മിസ്റ്റർ ദുവ യുടെ ഖ്യാതി വളരെയധികം വർദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ, പ്രേം ശങ്കർ ഝാ എഡിറ്ററായും മിസ്റ്റർ ദുവ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയും ചുമതലയേറ്റു എന്ന വാർത്ത എന്നെ ഏറെ ആകർഷിച്ചു. അധികം വൈകാതെ പ്രേം ശങ്കർ ഝാ സ്ഥാനമൊഴിയുകയും മിസ്റ്റർ ദുവ എഡിറ്ററായി ചുമതലയേൽക്കുകയും ചെയ്തു.

ആ സമയത്താണ് മിസ്റ്റർ ശുഭബ്രത ഭട്ടാചാര്യയെ ഡൽഹിയിൽ നിന്ന് പാട്നയിലേക്കും എനിക്ക് ഡൽഹിയിലേക്കും സ്ഥലം മാറ്റം ലഭിച്ചത്. കമ്പനി എനിക്ക് ഡൽഹിയിലെ പൂസാ റോഡിൽ ഒരു വീട് നൽകി. ഞാനും ഭാര്യയും ഞാൻ അവിടെ സന്തോഷത്തോടെ താമസം തുടങ്ങി.

അന്ന് പഞ്ചാബ് തീവ്രവാദത്തിന്റെ പിടിയിലായിരുന്നു. എൻ്റെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ച മിസ്റ്റർ ദുവ , ആ സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ എഡിറ്റോറിയലുകളും കൈകാര്യം ചെയ്യാൻ നിർദ്ദേശിച്ചു. അദ്ദേഹം മറ്റൊരു പുതിയ പംക്തി കൂടി ആരംഭിച്ചു. രാഷ്ട്രീയത്തിന് പുറത്തുള്ള പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള അരപ്പേജ് പ്രൊഫൈലുകളായിരുന്നു അവ. സുധീർ തൈലങ്ങിന്റെ കാരിക്കേച്ചറുകൾ സഹിതം ഓരോ തിങ്കളാഴ്ചയും പ്രസിദ്ധീകരിച്ചിരുന്ന ഈ വിഭാഗം വായനക്കാർക്കിടയിൽ വൻ പ്രചാരം നേടി.

എച്ച്.കെ. ദുവ, ഡോ. മൻമോഹൻ സിംഗിനോടൊപ്പം ‘ദ ട്രിബ്യൂൺ’ സംഘടിപ്പിച്ച ഒരു പരിപാടിയിൽ മറ്റുള്ളവർക്കൊപ്പം

കെ.ജെ. യേശുദാസ്, ഒ.വി. വിജയൻ, വർഗീസ് കുര്യൻ, കെ.ആർ. നാരായണൻ തുടങ്ങിയവരെക്കുറിച്ച് ഞാൻ തന്നെ പ്രൊഫൈലുകൾ എഴുതി. ചില രാഷ്ട്രീയ നേതാക്കളും തങ്ങളെക്കുറിച്ച് ഇത്തരത്തിൽ എഴുതണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മിസ്റ്റർ ദുവ യുടെ നിലപാട് രാഷ്ട്രീയക്കാർ വേണ്ട എന്നതായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി അധ്യാപികയായിരുന്നും ദുവ യുടെ ഭാര്യ വീണ. ഇരുവരും വലിയ സ്നേഹത്തിലായിരുന്നു. വളരെ അഭിമാനത്തോടെയാണ് അദ്ദേഹം ഭാര്യയെപ്പറ്റി പറയാറുള്ളത്.

സിദ്ധാർത്ഥ മുഖർജി തന്റെ പുസ്തകത്തിൽ പറയുന്നത് പോലെ ‘രോഗങ്ങളുടെ ചക്രവർത്തി’യായ ക്യാൻസറിന് വീണ കീഴടങ്ങി. ലോധി റോഡിലെ ശ്മശാനത്തിൽ അവരുടെ സംസ്കാര ചടങ്ങിൽ ഞാൻ പങ്കെടുത്തു.

വേർപാടിൻ്റെ വേദനയിലും മിസ്റ്റർ ദുവ തന്റെ സ്വതസിദ്ധമായ ശാന്തതയും ഫലിതബോധവും കൈവിട്ടില്ല. പിന്നീട് എസ്‌കോർട്ട്‌സ് ആശുപത്രിയിൽ അദ്ദേഹം ഒരു ബൈപാസ് സർജറിക്ക് വിധേയനായപ്പോൾ ഞാൻ കാണാൻ പോയിരുന്നു. അവിടെ അദ്ദേഹം നഴ്‌സുമാരോട് കുശലം പറയുന്നതും ഡോക്ടർമാരോട് തമാശകൾ പൊട്ടിക്കുന്നതും കണ്ടു. സർജറിക്കും ചികിത്സയ്ക്കുമിടയിലും അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്മോൾ തിങ്സ്’ വായിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

കുറച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹം വീണ്ടും വിവാഹിതനായപ്പോൾ പലരും അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ പുതിയ പങ്കാളി അതിഥി ദുവ യെ അവർ ഐ.ടി.സി-യിലെ (ITC) പി.ആർ. വിഭാഗത്തിൻ്റെ മേധാവി ആയിരുന്ന കാലം മുതലേ എനിക്ക് പരിചയമുണ്ടായിരുന്നു. പാട്നയിൽ വെച്ച് ഐ.ടി.സി സംഘടിപ്പിച്ച പല സാംസ്കാരിക പരിപാടികൾക്കും എന്റെ മുൻ റസിഡന്റ് എഡിറ്റർ പ്രദീപ്ത സെൻ ആതിഥേയത്വം വഹിച്ചിരുന്നു.

ഏറ്റവുമൊടുവിൽ മിസ്റ്റർ ദുവ യെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ വായനമുറിയിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. പണ്ട് പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന അലമാരകളിൽ ഇപ്പോൾ ഫ്രെയിം ചെയ്ത ചിത്രങ്ങളാണ് തിളങ്ങുന്നത്—മാർഗരറ്റ് താച്ചർ, ബിൽ ക്ലിന്റൺ, കൂടാതെ ഇസ്രായേൽ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ. അവരെയെല്ലാം അദ്ദേഹം അഭിമുഖം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അതിഥിയുടെ മിടുക്കാണ് ലൈബ്രറിയെ ഒരു ഫോട്ടോ ഗാലറിയാക്കി മാറ്റിയത്.

എച്ച്.കെ. ദുവ, ഒരു phayal

മാർഗരറ്റ് താച്ചറുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന അഭിമുഖം. ആ സംഭാഷണത്തിന്റെ ലിഖിതരൂപം ഞാൻ ഒരിക്കൽ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചോദ്യം തന്നെ ധീരവും അല്പം കുസൃതി നിറഞ്ഞതുമായിരുന്നു: “മാഡം പ്രൈം മിനിസ്റ്റർ, നിങ്ങൾ രാജിവെക്കുകയാണോ?” അതുകേട്ട് അവർ ഞെട്ടിപ്പോയി.

“നിങ്ങൾ എന്നോട് രാജിവെക്കാൻ ആവശ്യപ്പെടുകയാണോ?” അവർ തിരിച്ചടിച്ചു. തനിക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്നും ഒരു പത്രപ്രവർത്തകന്റെ സ്വാഭാവികമായ ആകാംക്ഷ മാത്രമാണെന്നും പുഞ്ചിരിച്ചുകൊണ്ട് മിസ്റ്റർ ദുവ വ്യക്തമാക്കി. സംഭാഷണം പുരോഗമിക്കവെ, അദ്ദേഹം വീണ്ടും നയപരമായി അതേ ചോദ്യത്തിലേക്ക് തന്നെ തിരിച്ചെത്തി.

യഥാർത്ഥത്തിൽ ആ ചോദ്യം ഒരു പ്രവചനം പോലെയായിരുന്നു. അഭിമുഖം നടന്ന് മാസങ്ങൾക്കുള്ളിൽ തന്നെ, 11 വർഷത്തെ ഭരണത്തിന് ശേഷം സ്വന്തം പാർട്ടിയിലെ എതിർപ്പിനെത്തുടർന്ന് അവർക്ക് സ്ഥാനമൊഴിയേണ്ടി വന്നു.

ദുവ യുടെ അഭിമുഖത്തിൻ്റെ തുടക്കം ഇത്രത്തോളം ധീരമായിരുന്നു എന്നു പറയുമ്പോൾ തന്നെ അക്കാലത്ത് നടന്ന മറ്റൊരു അഭിമുഖം കൂടി ഓർത്തുപോകുകയാണ്. അന്ന് ഇന്ദിരാഗാന്ധിയുടെ അഭിമുഖം നടത്താൻ അവസരം ലഭിച്ച ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ്റെ ആദ്യ ചോദ്യം “മാഡം പ്രൈം മിനിസ്റ്റർ, എനിക്ക് എന്റെ ബാഗ് നിങ്ങളുടെ മേശപ്പുറത്ത് വെക്കാമോ?” എന്നാണ്. ആ ബാഗ് അവിടെ വെച്ചതുകൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് ഇപ്പോഴും അത്ഭുതമാണ്. ഒരു അഭിമുഖത്തിന് സാധാരണയായി ഒരു നോട്ടുബുക്കും പേനയും മാത്രം മതിയല്ലോ. ഇവിടെയാണ് ദുവ യുടെ ശൈലിയും ധീരതയും ശ്രദ്ധേയമാകുന്നത്.

എന്നാൽ അദ്ദേഹത്തിന്റെ എഡിറ്റർ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ നിമിഷം ഒരു അഭിമുഖമായിരുന്നില്ല, മറിച്ച് അദ്ദേഹം എഴുതിയ ഒരു എഡിറ്റോറിയൽ (മുഖപ്രസംഗം) ആയിരുന്നു. 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസം, അദ്ദേഹം പത്രത്തിന്റെ ഒന്നാം പേജിൽ സ്വന്തം ബൈലൈൻ വച്ച് ഒരു മുഖപ്രസംഗം എഴുതി; അതിന്റെ തലക്കെട്ട് “ദേശീയ നാണക്കേട്” (National Shame) എന്നായിരുന്നു.

ചരിത്രപ്രസിദ്ധമായ “നാഷണൽ ഷെയിം” എഡിറ്റോറിയൽ

വലിയ അക്ഷരങ്ങളിൽ നൽകിയ ആ തലക്കെട്ട് തന്നെ പറയേണ്ടതെല്ലാം കൃത്യമായി വിളിച്ചോതുന്നതായിരുന്നു. ആ രണ്ട് വാക്കുകൾ രാജ്യത്തിന്റെ ധാർമ്മിക രോഷത്തെ മുഴുവൻ ഉൾക്കൊള്ളുന്നതായിരുന്നു. ഭയമില്ലാത്തതും മൂല്യാധിഷ്ഠിതവും അധികാരം കൈയാളുന്നവരുടെ മുഖത്ത് നോക്കി സത്യം വിളിച്ചുപറയാൻ മടിക്കാത്തതുമായ ശുദ്ധമായ പത്രപ്രവർത്തനത്തിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു ഇത്.

അധികം വൈകാതെ അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റു. എന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സീനിയർ എഡിറ്ററായുള്ള നിയമന ഉത്തരവ് കൈമാറി. വലിയൊരു ശമ്പള വർദ്ധനവും ആ പദവിക്കൊപ്പമുണ്ടായിരുന്നു. ഈയിടെ എഡിറ്ററായ എന്റെ ഇളയ മകൻ ഒരിക്കൽ എന്നോട് ചോദിച്ചു, “പപ്പാ, ഇതിൽ ആരാണ് മുകളിൽ—സീനിയർ എഡിറ്ററോ അതോ എഡിറ്ററോ?” എനിക്ക് ചിരിക്കാനേ കഴിഞ്ഞുള്ളൂ. യഥാർത്ഥത്തിൽ സ്ഥാനപ്പേരുകളേക്കാൾ ഒരാൾ ആ പദവിയിൽ പുലർത്തുന്ന സത്യസന്ധതയ്ക്കാണ് പ്രാധാന്യം.

ഇന്ത്യൻ എക്സ്പ്രസിലെ എന്റെ കാലഘട്ടം വളരെ സംതൃപ്തി നൽകുന്നതായിരുന്നു, എങ്കിലും ദുവ സാറിന്റെ അവിടുത്തെ കാലാവധി പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിച്ചു. എന്നാൽ മുൻകൂട്ടി തയ്യാറെടുക്കാതെ പിടിക്കപ്പെടാൻ പാകത്തിലുള്ള ആളായിരുന്നില്ല അദ്ദേഹം. കാലാവധിക്ക് മുൻപ് നീക്കം ചെയ്യപ്പെട്ടാൽ അഞ്ച് വർഷത്തെ മുഴുവൻ ശമ്പളവും ഉറപ്പുനൽകുന്ന ഒരു വ്യവസ്ഥ അദ്ദേഹത്തിന്റെ കരാറിലുണ്ടായിരുന്നു. നികുതി ബാധ്യത കുറയ്ക്കാനായി തുകയുടെ പകുതി നേരിട്ട് പണമായി നൽകാമെന്ന് കമ്പനി വാഗ്ദാനം ചെയ്തപ്പോൾ അദ്ദേഹം അത് നിരസിച്ചു. “ഞാൻ മുഴുവൻ നികുതിയും അടച്ചോളാം, എനിക്ക് തുക ഒരു ചെക്കായി തന്നെ നൽകിയാൽ മതി,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതായിരുന്നു മിസ്റ്റർ ദുവ —നേരായ വഴിയിൽ മാത്രം സഞ്ചരിക്കുന്ന, കുറുക്കുവഴികൾ തേടാത്ത വ്യക്തി.

എക്സ്പ്രസ് വിട്ടതിനുശേഷം അദ്ദേഹം കുറച്ചുകാലം ടൈംസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചെങ്കിലും, തന്നെ ഒരു എഡിറ്റർ എന്നതിലുപരി ഒരു ഇടനിലക്കാരൻ ആയിട്ടാണ് അവർ കാണുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം അവിടെനിന്നും പടിയിറങ്ങി. അദ്ദേഹം അതിനൊന്നും തയ്യാറല്ലായിരുന്നു. താമസിയാതെ അദ്ദേഹം വീണ്ടും സർക്കാർ സംവിധാനത്തിന്റെ ഭാഗമായി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായും പിന്നീട് അംബാസഡറായും സേവനമനുഷ്ഠിച്ചു.

സാധാരണമായ ചുറ്റുപാടുകളിൽ നിന്ന് ഉയരങ്ങളിലേക്കുള്ള മിസ്റ്റർ ദുവ യുടെ വളർച്ച, വിഭജനാനന്തര ഇന്ത്യയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്. പഞ്ചാബ് വിഭജനത്തിന് ശേഷം എല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടി വന്ന ഒരു ഇടത്തര കുടുംബത്തിൽ ജനിച്ച്, സ്വന്തം പ്രയത്നത്തിലൂടെയാണ് അദ്ദേഹം ഈ നിലയിലെത്തിയത്. വിഭജനത്തിന് ശേഷം പഞ്ചാബ് സർവകലാശാല ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയപ്പോൾ ജേണലിസം ഉൾപ്പെടെയുള്ള പല വകുപ്പുകളും ഡൽഹിയിലാണ് പ്രവർത്തിച്ചിരുന്നത്. വൈകിട്ടത്തെ ജേണലിസം കോഴ്സിലാണ് അദ്ദേഹം ചേർന്നത്. പകൽ ജോലി, വൈകിട്ട് പഠനം അതായിരുന്നു അവസ്ഥ.

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയിൽ (UNI) ജോലി ചെയ്യുമ്പോൾ ജവഹർലാൽ നെഹ്‌റുവിന്റെ ചിതാഭസ്മം അലഹബാദിലെ സംഗമത്തിൽ നിമജ്ജനം ചെയ്യുന്നത് റിപ്പോർട്ട് ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന പത്രപ്രവർത്തന ദൗത്യം. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്റെ വായനമുറിയിലെ ചിത്രങ്ങളിൽ ഒന്ന് രാഷ്ട്രപതി കെ.ആർ. നാരായണനിൽ നിന്ന് പത്മഭൂഷൺ സ്വീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ പത്രപ്രവർത്തന മികവിനൊപ്പം തന്നെ വ്യക്തിപരമായ ഗുണങ്ങളെയും ആ പ്രശംസാപത്രത്തിൽ എടുത്തുപറഞ്ഞിരുന്നു.

പത്രപ്രവർത്തനത്തിന് ശേഷം അദ്ദേഹം രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായി. മാധ്യമരംഗത്തെ തന്റെ പരിചയസമ്പത്ത് അദ്ദേഹം പൊതുസേവനത്തിനായി ഉപയോഗിച്ചു. ഒരിക്കൽ കേരളത്തിലെ ഒരു പദ്ധതിക്കായി ഫണ്ട് ആവശ്യപ്പെട്ട സി.പി.ഐ(എം) എം.പി സുരേഷ് കുറുപ്പിനെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമെന്ന നിലയിൽ ഇന്ത്യയിൽ എവിടെയും ഫണ്ട് അനുവദിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. താമസിയാതെ അദ്ദേഹം സുരേഷ് കുറുപ്പ് നൽകിയ ആവശ്യം അംഗീകരിച്ചു. പിന്നീട് ഹരിയാനയിലെ ഗുസ്ബേതിയിൽ ദീപാലയ സ്കൂൾ നിർമ്മാണത്തിന് സഹായം ചോദിച്ചപ്പോഴും അദ്ദേഹം ഉദാരമായി പ്രതികരിച്ചു. കെട്ടിടം പൂർത്തിയായപ്പോൾ അത് ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം എന്നോടൊപ്പം വന്നു.

പിന്നീട് പക്ഷാഘാതം ബാധിച്ച് അദ്ദേഹത്തെ ചെന്നൈയിലെ എസ്‌കോർട്ട്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഞാൻ വീണ്ടും കാണാൻ പോയി. സംസാരിക്കുമ്പോൾ വ്യക്തതത കുറവുണ്ടായിരുന്നു. ശരീരം വേണ്ടപോലെ വഴങ്ങുന്നുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം എന്നെ ചിരിപ്പിച്ചു. ഫിസിയോതെറാപ്പിയിലൂടെയും മനോബലത്തിലൂടെയും അദ്ദേഹം അത്ഭുതകരമായി സുഖം പ്രാപിച്ചു. അദ്ദേഹത്തിന്റെ ഓർമ്മശക്തിക്ക് അപ്പോഴും തെളിഞ്ഞതായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് വിടുമ്പോൾ ഞങ്ങൾ നൽകിയ സുധീർ തൈലങ്ങിന്റെ കാരിക്കേച്ചറിൽ ആദ്യം ഒപ്പിട്ടത് ഞാനാണെന്ന കാര്യം പോലും അദ്ദേഹം ഓർത്തെടുത്തു.

അദ്ദേഹം തന്റെ അവസാന കാലത്ത് അധികവും ചിലവഴിച്ചത് ഇന്ത്യ ഇന്റർനാഷണൽ സെന്ററിലാണ് (IIC). അദ്ദേഹത്തിന് സഞ്ചരിക്കാനായി അവിടെ പ്രത്യേകം റാമ്പുകൾ നിർമ്മിച്ചിരുന്നു. അവിടുത്തെ ഡൈനിംഗ് ഹാളിലെ ചായയുടെ രുചിയിലും, ജീവനക്കാരുടെ സ്നേഹപ്രകടനങ്ങളിലും അദ്ദേഹം സന്തോഷം കണ്ടെത്തി. തന്റെ പുസ്തകങ്ങൾ ഐ.ഐ.സി ലൈബ്രറിയിൽ ഇടംപിടിച്ചതിൽ അദ്ദേഹം അഭിമാനിച്ചു. തന്റെ കൊച്ചുമകൾ താന്യ പാരിസിൽ പഠനം കഴിഞ്ഞ് ആദ്യ ജോലിയിൽ പ്രവേശിച്ച കാര്യം പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖം വിടർന്നു. അഭയാർത്ഥിയായി ജീവിതം തുടങ്ങിയ ഒരാളെ സംബന്ധിച്ചിടത്തോളം, ജീവിതചക്രം പൂർണ്ണമായതിന്റെ ആശ്വാസമായിരുന്നു ആ മുഖത്ത് തെളിഞ്ഞത്.

ശ്രീ ദുവ, രചയിതാവിന്റെ പൗത്രൻ നെഹമിയയോടൊപ്പം. (ചിത്രം: രചയിതാവ് നൽകിയത്)

അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന ഈ വേളയിൽ, ഡിസംബർ മാസങ്ങളിലെ സൌഹൃദ സന്ദർശനങ്ങളും അദ്ദേഹത്തിൻ്റെ ഊഷ്മളമായ സ്വീകരണങ്ങളുമാണ് മനസ്സിൽ നിറയെ. കാലമെത്ര കഴിഞ്ഞാലും ആ മനോഹര നിമിഷങ്ങൾ മായുകില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം വീൽചെയറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ശബ്ദം ഏറെ ദുർബലമായി. പക്ഷേ, ആ കണ്ണുകളിലെ തിളക്കം അപ്പോഴും മങ്ങിയിരുന്നില്ല,

ദൈവം അനുവദിക്കുന്നിടത്തോളം കാലം, കേക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ കാണാൻ വരുമെന്ന് പാതി തമാശയായും കാര്യമായും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ ആ പതിവ് നിലയ്ക്കുകയാണ്. പക്ഷേ ഓർമ്മകൾ ഒരിക്കലും നിലയ്ക്കില്ല.
റിപ്പോർട്ടർ, എഡിറ്റർ, അംബാസഡർ, പാർലമെന്റേറിയൻ എന്നിങ്ങനെ മിസ്റ്റർ ഹരി കൃഷ്ണ ദുവ യെപ്പോലെ ഇത്രത്തോളം വൈവിധ്യമാർന്നതും പൂർണ്ണവുമായ ജീവിതം നയിച്ച മാധ്യമപ്രവർത്തകർ നമ്മുടെ തലമുറയിൽ കുറവാണ്. എങ്കിലും ഈ സ്ഥാനപ്പേരുകൾക്കെല്ലാം അപ്പുറം സൗഹൃദത്തെയും സത്യസന്ധതയെയും ചിരിയെയും വിലമതിച്ചിരുന്ന ലളിതനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം.

പദവികൾക്കപ്പുറം അദ്ദേഹത്തിൻ്റെ ആ വലിയ വ്യക്തിത്വമാണ് സമൂഹത്തിനായി കരുതിവച്ച വിലമതിക്കാനാവാത്ത പൈതൃകം.

About Author

എ.ജെ ഫിലിപ്പ്

മുതിർന്ന പത്രപ്രവർത്തകൻ. 1939ൽ സ്ഥാപിതമായ ന്യൂഡൽഹിയിലെ കേരള ക്ലബ്ബിന്റെ പ്രസിഡന്റ്

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
SUBHASH AYYAPPA KURUP

ജീവിതത്തിന്റെ നൈമിഷികതയോ പ്രവാചനാതീയതയോ കരളിനെ കൊത്തിപ്പറിക്കുന്ന അനുഭവം ആയി അങ്ങയുടെ ഈ അനുസ്മരണ കുറിപ്പ്. വിശിഷ്യ, നാളെ ഉച്ചയ്ക്ക് 12 മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ ആ പതിവ് നിലയ്ക്കുകയാണ്, എന്നെ വരികൾ.🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x