വാഗ്ദാന പെരുമഴയിൽ കേരളം
കേരളനിയമസഭയിൽ ഇന്ന് പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം കഴിഞ്ഞു. അതിനു ശേഷം ഉച്ച കഴിഞ്ഞ് മുഖ്യമന്ത്രി മാധ്യങ്ങളെ കാണുകയും ചെയ്തു. കാര്യങ്ങൾ പൊടിപൊടിക്കുമെന്നാണ് ഇതു രണ്ടും കേൾക്കുന്ന ഏതൊരു മലയാളിക്കും തോന്നുക. പ്രഖ്യാപന പെരുമഴ തുടരുകയാണ്.
കാശ് ചിലവ് ഇല്ലാതെ നടപ്പാക്കാൻ പറ്റുന്ന രണ്ട് പദ്ധതികൾ ഉടനെ നോട്ടിഫിക്കേഷനായി പുറത്തിറങ്ങും.
സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്നത് ആദ്യത്തേത്. ഐ.ടി ഡിപ്പാർട്ട്മെന്റിന്റെ പേര് ഫ്യൂച്ചർ ടെക്നോളജീസ് ഡിപ്പാർട്ട്മെന്റ് എന്ന് പുനർനാമകരണം ചെയ്യുമെന്നത് മറ്റൊന്ന്.
കായലുകളേയും പുഴകളേയും കൂട്ടി യോജിപ്പിച്ചു സംയോജിത ജലഗതാഗതം സംവിധാനം ഒരുക്കുമെന്നൊക്കെ പറയാനുള്ള ധൈര്യവും മുഖ്യമന്ത്രി കാണിച്ചു.യൂറോപ്പിൽ പോയി മാത്രം കപ്പലിൽ കയറുന്ന മലയാളിയെ കേരളത്തിൽ നിന്നു തന്നെ ഉടനടി കപ്പലിൽ കയറ്റുമെന്നും മുഖ്യമന്ത്രി ഉറപ്പു പറയുന്നു. പുതിയ മുഖ്യമന്ത്രി അല്ലേ വിശ്വസിച്ചേക്കാം എന്നു കരുതി അതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് ഒന്നു അന്വേഷിച്ചപ്പോഴാണ് ഞെട്ടിയത്. ശതകോടികൾ ആവശ്യമായ പദ്ധതികളാണ് ഇവ. ഈ മാസത്തെ ക്ഷേമപെൻഷൻ ഇതുവരെയും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. കേരളത്തിൽ മാത്രമുള്ള ഒരു രോഗമല്ല ഇത്. ഇന്ത്യയിലെ മിക്ക മുഖ്യമന്ത്രിമാർക്കും ഈ രോഗമുണ്ട്.അവർ പലപ്പോഴും സ്വപ്നം വിൽക്കുന്നവരായി മാറുന്നു.

ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കി കഴിഞ്ഞുള്ള നമ്മുടെ കെ.എസ്.ആർ.ടി.സിയുടെ കാര്യം അചിന്തനീയമാണ്. റിലയൻസിനും നയാരയ്ക്കും ലാഭത്തിൽ കുറവുണ്ടാകാതിരിക്കാൻ മോഡി സർക്കാർ എണ്ണവിലയിൽ ഓരോ ദിവസവും വർദ്ധന വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യം കൂടിയാണിത്. ഈ മന്ത്രിസഭയിലെ ഏക കമ്മ്യൂണിസ്റ്റായ സി.പി ജോൺ പിടിച്ചിരിക്കുന്നത് ചെറിയ പുലിവാലല്ല.
പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡു നടത്താൻ പോകുന്ന വിവരം കേരളത്തിന്റെ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആഭ്യന്തര സെക്രട്ടറിയോ സംസ്ഥാന ഡി.ജി.പിയോ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി സംശയത്തിനിട നൽകാത്ത വിധത്തിൽ പത്രസമ്മേളനത്തിൽ വിശദീകരിച്ചത്. ഇതു വിശ്വസിക്കുകയാണെങ്കിൽ ഇവരെല്ലാം ഈ കസേരകളിൽ തുടരണമോ എന്ന കാര്യം അവർ തന്നെ തീരുമാനിക്കണം.

ഒരു സംസ്ഥാനഭരണകൂടത്തെ വിശ്വാസത്തിലെടുക്കാതെ, അവരൊക്കെ വാർത്ത ചോർത്തുന്ന ചാരന്മാരാണെന്നാണ് ഇ.ഡിയെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടെങ്കിൽ അത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഭരണഘടനാ ലംഘനവുമാണ്, ജനാധിപത്യ വ്യവസ്ഥയെ കളിയാക്കലുമാണ്.
ഇന്ത്യയിലെ തന്നെ മികച്ച പോലീസ് സേനയെന്ന റേറ്റിംഗുള്ള കേരള പോലീസിനെ ഇരുട്ടിൽ നിറുത്തിയ ഇ.ഡി ഉദ്യോഗസ്ഥന്മാർ വെറും മണ്ടന്മാരാണെന്നത് പറയാതെ വയ്യ. ഇത്തരം ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത് കൊണ്ടാണ് ഇ.ഡി അന്വേഷിക്കുന്ന കേസുകൾ കോടതിയിൽ തോറ്റു പോകുന്നത്. കെജ്രിവാളിന്റെ കാര്യത്തിൽ ഇന്ത്യാക്കാർ മുഴുവൻ ഇത് കണ്ടതുമാണ്.തിരുവനന്തപുരത്തും കണ്ണൂരും വാസ്തവത്തിൽ കേരളപോലീസ് സി.പി.എം നേതാക്കളുമായി ചർച്ച നടത്തിയത് കൊണ്ടാണ് ഇ.ഡി ഉദ്യോഗസ്ഥന്മാർക്ക് കുടുംബത്തിൽ ചെന്ന് ചേരാനായത്. ആകെ മൂന്ന് കാറിന്റെ ചില്ലു തല്ലിപ്പൊട്ടിക്കുന്നതിൽ വിഷയം തീർന്നു. അത് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനു മേൽ ഇസ്രായേലി ബോംബുകൾ പതിക്കുന്നതു പോലെ റിപ്പോർട്ടു ചെയ്യുകയും അന്തിചർച്ചകളിൽ ഘോരംഘോരം പ്രസംഗിക്കുകയും ചെയ്യുന്നതും കണ്ടു. ചാനൽചർച്ചകളിൽ എന്തിനെ കുറിച്ചും അഭിപ്രായം പറയുന്ന ഈ മാധ്യമപണ്ഡിതർ ലോകത്തിന്റെ പല കോണുകളിലും നടക്കുന്ന പ്രതിരോധസമരങ്ങൾ കണ്ടിട്ടില്ലെന്നത് പറയാതെ വയ്യ. ഗുജറാത്ത് കലാപം, മണിപ്പൂരിലെ വംശീയ ലഹളകൾ, കന്നുകാലി കടത്തിയെന്ന് ആരോപിച്ച് ജനങ്ങളെ തല്ലിക്കൊല്ലുന്നവർ, ഇങ്ങനെയൊക്കെ നടക്കുന്ന ഒരു രാജ്യത്ത് എപ്പോഴും പ്രതിരോധസമരങ്ങൾ ഗാന്ധിമാർഗ്ഗത്തിൽ നടക്കുമെന്ന് വിശ്വസിക്കുന്ന മാധ്യമവിശാരദന്മാർ ലോകത്തിന്റെ പലകോണുകളിലും നടക്കുന്ന സമരങ്ങളുടെ വെരിഫൈഡ് വീഡിയോകൾ യൂടൂബിൽ കയറിയെങ്കിലും കാണണം.
ഈ കുറിപ്പ് എഴുതുന്നതിന് കുറച്ച് മുമ്പാണ് ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ മുഴുവൻ പൊളിച്ച് മാറ്റാൻ കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷാ ഉത്തരവിടുന്നത്, ഇന്ത്യാ-ബംഗ്ളാദേശ്, ഇന്ത്യ-മ്യാൻമർ അതിർത്തികളെയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഒരു തവണയെങ്കിലും യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാം ഈ ഉത്തരവ് നടപ്പിലാക്കിയാലുള്ള പ്രശ്നങ്ങൾ. ഗോത്രവിഭാഗക്കാർ അവരുടെ പാരമ്പര്യവും വിശ്വാസങ്ങളും അനുസരിച്ച് നിർമ്മിച്ചിട്ടുള്ള ലക്ഷക്കണക്കിന് വീടുകളാണ് ഈ പ്രദേശങ്ങളിൽ ഉള്ളത്. അതൊന്നും രമ്യഹർമ്മങ്ങളല്ല. ഗോത്രത്തലവന്മാരുടെ ഉത്തരവുകളാണ് ഓരോ പ്രദേശത്തേയും അവസാനവാക്ക്. പഞ്ചായത്തിന്റെ കെട്ടിടനമ്പർ എന്നൊരു സംവിധാനം ഉണ്ടെന്ന് തന്നെ അവർക്കറിയില്ല. ഭരണഘടനയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവർക്ക് ആ നമ്പരിന്റെ ആവശ്യമില്ലെന്നത് ഭരണഘടന ഒരുപ്രാവശ്യമെങ്കിലും മറിച്ചു നോക്കാത്ത അമിത്ഷായ്ക്ക് അറിയുമെന്നും തോന്നുന്നില്ല.

മണിപ്പൂരിൽ ഇന്നും ചോര വീണു കൊണ്ടിരിക്കുന്നത് ബി.ജെ.പി എന്ന ഒരൊറ്റ പാർട്ടിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് അവിടെയുളള ബി.ജെ.പി എം.എൽ.എമാർ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്, പലരും എം.എൽ.എ സ്ഥാനം ഒഴിഞ്ഞ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങളെ മനസ്സിലാക്കാതെയുള്ള ഓരോ നടപടിയും അവരെ ഡൽഹിയിൽ നിന്നും അകറ്റും. ലഡാക്കിലും ഇതേ കാര്യമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നാഗാലാൻഡിലേയും അരുണാചൽപ്രദേശിലേയും അനവധി ഗ്രാമങ്ങളിൽ മറ്റുള്ളവർക്ക് പ്രവേശനമില്ലാത്ത അവസ്ഥയുണ്ടാക്കിയത് ന്യൂഡൽഹിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് ആ പ്രദേശത്തെ കുറിച്ച് പഠിക്കുന്നവർ പറയുന്നു.

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോരുകയും പിന്നെയും പരീക്ഷ നടത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കാണുമ്പോൾ എങ്ങനെയാണ് ഇത്രയും ലാഘവത്തോടെ ഇതൊക്കെ നോക്കിക്കാണാൻ ബി.ജെ.പി നേതൃത്വത്തിന് കഴിയുന്നു എന്നു നമ്മൾ ആശ്ചര്യപ്പെട്ടു പോകും. ഒരു മൽസരപരീക്ഷ സംവിധാനത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥിയുടെ മാനസിക നിലയെ പറ്റിയുള്ള നിരവധി പഠനങ്ങൾ ഇന്ന് പബ്ളിക് ഡൊമയിനിൽ ലഭ്യമാണ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന ആത്മഹത്യകൾ എത്രയാളുകളെയാണ് ബാധിച്ചിരിക്കുക. എന്നിട്ടും സുപ്രീം കോടതിയിൽ ഈ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ അറ്റോർണി ജനറൽ തുഷാർ മേത്ത പറഞ്ഞത് എല്ലാം നരേന്ദ്രമോഡി നേരിട്ടു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ജസ്റ്റിസുമാരായ പി.എസ് നരസിംഹയും അലോക് അരാധേയും ഒറ്റ ശ്വാസത്തിൽ പറഞ്ഞത് ഇതിനെല്ലാം അക്കൗണ്ടബിലിറ്റി വേണമെന്നാണ്.
ഇന്ത്യയിലെ പരമോന്നത നീതിപീഠം ഇത്തരത്തിൽ പറയുമ്പോൾ ഇത്രനാളും നീറ്റ് പരീക്ഷയ്ക്ക് അക്കൗണ്ടബിലിറ്റി ഇല്ലെന്നല്ലേ? അങ്ങനെയെങ്കിൽ നീറ്റ് പരീക്ഷ ഉപേക്ഷിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം ന്യായമാണെന്ന് പറയേണ്ടി വരും.
തോന്നുംപടി നടത്തുന്ന ഒരു പരീക്ഷയെയാണോ വിദ്യാർത്ഥികൾ വിശ്വസിക്കേണ്ടത്? രക്ഷിതാക്കൾ വിശ്വസിക്കേണ്ടത്? തീർച്ചയായും ഇന്ത്യയിൽ വളർന്നു വരുന്ന തലമുറ പുതിയൊരു രാഷ്ട്രീയവും പുതിയ ഭരണരീതികളും അർഹിക്കുന്നുണ്ട്.






“A thoughtful piece on the thin line between welfare and political populism. Policies must protect vulnerable communities while also ensuring long-term economic responsibility