ഫുട്ബാള്‍ – ദൈവങ്ങളും പിശാചുക്കളും
ഫുട്ബാള്‍ വെറുമൊരു കളി മാത്രമാണോ? കോടികള്‍ മാറിമറയുന്ന, പ്രൊഫഷണല്‍ ക്ലബ്ബുകളും പരസ്യവരുമാനവും ടെലിവിഷന്‍ ലൈവ് സംപ്രേക്ഷണങ്ങളും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്ബാള്‍ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്, പക്ഷെ ഇല്ല.
നൂറ്റമ്പതു കോടിയോളം ജനങ്ങളധിവസിക്കുന്ന ഇന്ത്യയിലെ ഫുട്ബാള്‍ ഇത്രയും നിലവാരം കുറഞ്ഞതായതെന്തുകൊണ്ട്? ലോകകപ്പിന്‍റെ ക്വാളിഫയിംഗ് റൗണ്ടില്‍ വെച്ചുതന്നെ അത് നിഷ്ക്കരുണം തള്ളപ്പെടുന്നതെന്തുകൊണ്ട്? ഈ കളിക്കുറവുകാരുടെ രാജ്യത്ത് പക്ഷെ ഫുട്ബാള്‍ വമ്പിച്ച ഹരമായി മനുഷ്യരുടെ മനസ്സിലും ശാരീരികാനന്ദത്തിലും ഉള്‍ച്ചേര്‍ന്നതെങ്ങനെ? മലയാളത്തനിമയുടെ ഘടകവിസ്താരങ്ങളില്‍ എന്നും മാറ്റി നിര്‍ത്തപ്പെടുന്ന മലപ്പുറത്തുകാര്‍ക്കുള്ളത്ര ഫുട്ബാള്‍ ഭ്രാന്ത് കൊല്‍ക്കത്തക്കാര്‍ക്കു കൂടിയുണ്ടാവുമോ എന്ന് സംശയമാണ്. ഫുട്ബാള്‍ രക്തത്തിലും ധമനികളിലും നിരന്തരസാന്നിദ്ധ്യമായ ലോകജനതയുടെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍, വികാരങ്ങള്‍, ഉത്ക്കണ്ഠകള്‍, ആഹ്ലാദങ്ങള്‍, നിരാശകള്‍ എല്ലാം പ്രതിഫലിക്കുന്ന ഒരര്‍ത്ഥത്തില്‍ ഏറ്റവും മാനുഷികമായ ഒരു കായികപ്രകടനം എന്ന നിലക്ക് ഫുട്ബാള്‍, ചരിത്രത്തില്‍ പരിഗണിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് നാം മുന്നോട്ട് കൊണ്ടു പോകേണ്ടത്. അത്തരമൊരന്വേഷണം ഏതൊരു ചരിത്ര/രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മനുഷ്യസ്നേഹിക്കും പ്രയോജനപ്രദമായിത്തീരുകയും ചെയ്യും.

നിഷ്കളങ്ക ബാല്യം മുതല്‍ പൗരുഷത്തിന്‍റെ പക്വത നേടിയതു വരെയുള്ള രണ്ട് പതിറ്റാണ്ടു കാലം അര്‍ജന്‍റീനയുടെ ശുഭാപ്തി വിശ്വാസത്തിന്‍റെ പ്രതീകമായിരുന്നു മറഡോണ. മറഡോണയുടെ നിരാശയായിരുന്നു അര്‍ജന്‍റീനയുടെ ദുരന്തം. മറഡോണയുടെ ആഘോഷമായിരുന്നു അര്‍ജന്‍റീനയുടെ പ്രതാപം. ദൈവസമാനമായ ഇതിഹാസമായി അര്‍ജന്‍റീനക്കാരും ലാറ്റിന്‍ അമേരിക്കക്കാരും ലോകരാകെയും കൊണ്ടാടുന്ന മറഡോണയെ ക്കുറിച്ചറിയുന്നതുപോലും വിസ്മയാവഹമായ അനൂഭൂതിയാണുണര്‍ത്തുക. കാരണം, മറഡോണയുടെ ഇതിഹാസ കഥ പറയുക എന്നതിനര്‍ത്ഥം; അര്‍ജന്‍റീനയുടെ ലാറ്റിനമേരിക്കയുടെ കഥ പറയുക എന്നര്‍ത്ഥം; ലാറ്റിനമേരിക്കയുടെ രാഷ്ട്രീയം, സംസ്കാരം, സാമൂഹികമാറ്റം എന്നിവയും ഫുട്ബാളും തമ്മിലുളള അഭേദ്യമായ ബന്ധം പഠനവിധേയമാക്കുക എന്നര്‍ത്ഥം; പട്ടാള ഭരണം, സ്വേച്ഛാധിപത്യം, അഴിമതി, യുദ്ധം, തൊഴിലില്ലായ്മ എന്നിവ അര്‍ബ്ബുദം പോലെ ബാധിച്ച അര്‍ജന്‍റീനയുടെ ചരിത്രം പരിശോധിക്കുക എന്നര്‍ത്ഥം; എന്നതു തന്നെയാണ്. ലാറ്റിനമേരിക്കയെ സംബന്ധിച്ച് ഫുട്ബാള്‍ കളി ഒരു കളിമാത്രമല്ല സ്വത്വബോധത്തിന്‍റെയും സംസ്കാരത്തിന്‍റെയും വര്‍ഗ്ഗപരവും ലിംഗാധിഷ്ഠിതവും ദേശിയവും പ്രാമാണികവുമായ ആശയങ്ങളെ കാക്കുകയും പ്രബലപ്പെടുത്തുകയുമാണ് അത് ചെയ്തുപോരുന്നത് എന്നതാണ് വാസ്തവം. വത്തിക്കാനില്‍ അമ്മയോടും ഭാര്യയോടുമൊപ്പം മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഡീഗോ മാറഡോണ മാര്‍പ്പാപ്പയോട് അപമാനകരമായി പെരുമാറിയതിനെക്കുറിച്ച് ഒരു ടെലിവിഷന്‍ ഇന്‍റര്‍വ്യൂവില്‍ സംസാരിക്കവേ, മാറഡോണ രണ്ടുതവണ പോപ്പിനെ അധിക്ഷേപിച്ചു സംസാരിക്കുകയുണ്ടായി. എനിക്കു തന്ന ജപമാലക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ചപ്പോള്‍ അയാള്‍ എന്നെ കൊല്ലാന്‍ വന്നു, എന്നിട്ടയാള്‍ പറഞ്ഞു, അത് ആശീര്‍വദിച്ച മാലയാണെന്ന്. അതെന്താ അങ്ങനെ, എനിക്ക് അറിയണമായിരുന്നു. എന്‍റെ അമ്മക്കും ഭാര്യക്കും ആശീര്‍വദിച്ച മാലകള്‍ പാടില്ലെന്നാണോ? (മാറഡോണ- ദൈവം, ചെകുത്താന്‍, രക്തസാക്ഷി – കെ വി അനൂപ്, പേജ് 25). ഇപ്രകാരം, കത്തോലിക്കാ മതത്തിന്‍റെ ആത്മീയനേതാവിനെ കടുപ്പത്തിലുള്ള തെറി ലോകം മുഴുവന്‍ കാണ്‍കെ വിളിച്ചുപറഞ്ഞ മാറഡോണ, ലാറ്റിനമേരിക്കക്കാരുടെ മാത്രമല്ല, സാമ്രാജ്യത്വ വിരുദ്ധ ലോകജനതയുടെ ആകെയും ആരാധ്യപുരുഷനായി പിന്നീട് വളരുകയുമുണ്ടായി. മാറഡോണ ദൈവവും മതവുമായി പരിണമിച്ചതായും വ്യാഖ്യാനങ്ങളുണ്ട്.
1985ല്‍ നടന്ന ഹെയ്സല്‍ ദുരന്തത്തിന്‍റെ ഓര്‍മകള്‍ പുനര്‍ജനിപ്പിച്ചുകൊണ്ട്, കളിഭ്രാന്തും രാജ്യസ്നേഹവും കൂടിക്കലരുന്ന രക്തചലനത്തിലൂടെ ഇംഗ്ലീഷ് ആരാധകര്‍ മനുഷ്യത്വത്തിനും ജൈവസ്വഭാവത്തിനും അപ്പുറത്തുള്ള അഥവാ പരോക്ഷമായ ചില ഗോത്രസ്വഭാവം ജ്വലിപ്പിക്കുന്ന തെമ്മാടിത്തത്തിലേക്ക് വഷളാകുന്നതെങ്ങനെ എന്നന്വേഷിക്കുന്നതില്‍ അതീവ പ്രസക്തിയാണുള്ളത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അതിരുകള്‍ വികസിപ്പിക്കാനും ശ്രമിച്ച ഭരണാധികാരികള്‍ നൂറ്റാണ്ടുകളായി യുദ്ധത്തിനയച്ച ഒരു ജനതയുടെ അനന്തരതലമുറയുടെ പരമ്പരാഗതമായ ആക്രമണോല്‍സുകസ്വഭാവമാണ് ഇംഗ്ലീഷ് ഫുട്ബാള്‍ ഹൂളിഗാനിസത്തിന്‍റെ കാരണമെന്ന് സാമൂഹികവും നരവംശശാസ്ത്രപരവുമായ വേരുകള്‍ അന്വേഷിച്ചിട്ടുള്ള ചില ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ലോക ഫുട്ബാള്‍ ഭൂപടത്തിന്‍റെ അതിര്‍ത്തിരേഖക്കുള്ളിലേക്ക് ഇന്ത്യയുടെ നൂറ്റമ്പതു കോടി മക്കളില്‍ നിന്ന് കേവലം പതിനൊന്ന് പേരെ കടത്തിവിടാന്‍ ഇന്ത്യാ മഹാരാജ്യത്തിന് സാധിക്കാതെ പോയതെന്തു കൊണ്ടെന്നത് വിദഗ്ദ്ധര്‍(?) കണ്ടുപിടിക്കട്ടെ. മലബാറില്‍ ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഈ കളിക്കുറവില്‍ ആശ്വാസം കൊള്ളുന്നു. കാരണം, ഇപ്പോഴത്തെ സ്ഥിതിക്കു പകരം ഇന്ത്യക്കും പാക്കിസ്ഥാനും രണ്ട് പ്രബല ടീമുകളെ ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നു കരുതുക. അപ്പോള്‍ ഓരോ തെരുവിലും അര്‍ജന്‍റീനയുടെയും ബ്രസീലിന്‍റെയും ഉറുഗ്വേയുടെയും കാമറൂണിന്‍റെയും സെനഗലിന്റെയും ജര്‍മനിയുടെയും ഇംഗ്ലണ്ടിന്‍റെയും ഫ്രാന്‍സിന്‍റെയും ഇറ്റലിയുടെയും പോര്‍ച്ചുഗലിന്‍റെയും ദക്ഷിണാഫ്രിക്കയുടെയും കൊടികളും ജഴ്സികളും ആരാധനയും വാഗ്വാദങ്ങളും വാതുവെപ്പുകളും തര്‍ക്കങ്ങളും അത്യാവശ്യം അടിപിടികളും നിറക്കാന്‍ ഈ നിഷ്കളങ്കരായ കളിഭ്രാന്തന്മാര്‍ക്ക് സാധിക്കില്ലല്ലോ! ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ നന്നായി കളിച്ചാലും അഭിനന്ദിച്ചാല്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പടുന്ന സാമുദായികസന്തുലനമാണല്ലോ ഇവിടെയുള്ളത്. യഥാര്‍ത്ഥത്തിലുള്ള സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളി കാണാനുള്ള പശ്ചാത്തലം നിലനില്‍ക്കാന്‍ ഇന്ത്യക്കാര്‍ ഇനിയും നിലവാരം കുറഞ്ഞ കളി തന്നെ കളിച്ചു തുടരട്ടെ.
2006ലെ ലോകകപ്പിന്‍റെ ഓര്‍മകളില്‍ സജീവമായി നില്‍ക്കുന്നത് പക്ഷെ ഫ്രഞ്ച് ഫുട്ബാള്‍ ടീമിന്‍റെ നായകനായിരുന്ന സിനദീന്‍ സിദാന്‍, ഫൈനലില്‍ പ്രകോപിതനായി ഇറ്റാലിയന്‍ കളിക്കാരനായ മറ്റെറാസിയുടെ നെഞ്ചത്ത് തല കൂര്‍പ്പിച്ച് കുത്തിയത് ഏതു തരം തെറി കേട്ടിട്ടാണെന്നതിന്‍റെ ഗവേഷണമാണ്. ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള ഫൈനല്‍ തൊണ്ണൂറു മിനുട്ടിന്‍റെ സാധാരണ സമയത്തില്‍ ഫലം കാണാഞ്ഞതുകൊണ്ട് അധികസമയത്തേക്ക് നീണ്ടു തുടരുകയായിരുന്നു. ഇരുപതു മിനുട്ട് അധികസമയകളിയും കഴിഞ്ഞു. 1-1 ഗോള്‍ നിലയില്‍ കളി അനിശ്ചിതത്വത്തില്‍ തന്നെ. വിജയസാധ്യത സമാസമം. ഫ്രഞ്ച് ടീമിന്‍റെ ക്യാപ്റ്റന്‍ സിനദീന്‍ സിദാന്‍ ദീര്‍ഘകാലത്തെ ഗംഭീരമായ കളിക്കാലത്തിനു ശേഷം വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളായിരുന്നു അവ. ടീം തോറ്റാലും ജയിച്ചാലും വീരോചിതമായ വിടവാങ്ങലിനു തൊട്ടുമുമ്പുള്ള ആ നിര്‍ണായകമുഹൂര്‍ത്തത്തില്‍ സ്വന്തം ടീമിന്‍റെ അമ്പതു ശതമാനം വിജയ സാധ്യത പോലും പാടെ ഇല്ലാതാക്കിക്കൊണ്ടും തന്‍റെ ഇത്രയും കാലത്തെ സല്‍പേരു കളഞ്ഞുകുളിച്ചു കൊണ്ടും ഉള്ള കടുത്ത കായികപ്രതികരണത്തിലേക്ക് സിദാനെ നയിച്ച എന്തു തരം തെറിയാണ് മറ്റെറാസി പറഞ്ഞിട്ടുണ്ടാവുക എന്ന കാര്യം വിസ്മയകരമായി തുടരുകയായിരുന്നു. എന്നാല്‍ ആ വിസ്മയത്തെ കൂടുതല്‍ പ്രശ്നസങ്കുലമാക്കുന്നത് അതിന്‍റെ രാഷ്ട്രീയ വിവക്ഷകളായിരുന്നുവെന്നതാണ് സത്യം.
സീസോ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സിനദീന്‍ സിദാന്‍ അള്‍ജീരിയന്‍ വംശജനായ മുസ്ലിമാണ്. അള്‍ജീരിയന്‍ അഭയാര്‍ത്ഥികളായ മാതാപിതാക്കളുടെ മകനാണ് സിദാന്‍. ഫ്രാന്‍സില്‍ തന്നെയാണ് ജനിച്ചു വളര്‍ന്നത്. ഞാന്‍ ഫ്രഞ്ചുകാരനായതില്‍ അഭിമാനിക്കുന്നു. അതേസമയം, അറബ് പാരമ്പര്യത്തിലും അഭിമാനിക്കുന്നു എന്നാണ് സിദാന്‍ പറയുന്നത്. തൊഴിലാളി വര്‍ഗത്തില്‍ പെട്ടയാളാണ് സിദാന്‍. സാമ്രാജ്യത്വം നിര്‍ണയിച്ച രണ്ടു വംശീയതകളുടെയും ഇടയില്‍ പിളര്‍ന്ന ബാല്യകാലവും യൗവനവും സിദാനെ വിടാതെ പിന്തുടര്‍ന്നു. റിയല്‍ മാദ്രിദിലും ഫ്രഞ്ച് ടീമിലുമാണ് പ്രധാനമായും കളിച്ചത്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആണ്.ഒട്ടും ഇടമില്ലാത്തിടത്ത് ഇടമുണ്ടാക്കുന്നവനാണ് സിദാന്‍ എന്നാണ് നിരീക്ഷിക്കപ്പെട്ടത്. അത് തന്റെ ജീവിതത്തിന്റെ രീതിയുമായിരുന്നു.
നാം സ്വപ്‌നത്തില്‍ കാണുന്ന കാര്യമാണ് സിദാന്‍ പ്രവൃത്തിയില്‍ കൊണ്ടുവരിക എന്നാണ് പറയാറ്.

നിരവധി പുരസ്‌കാരങ്ങളും നേട്ടങ്ങളും സ്വായത്തമാക്കിയ ഗംഭീര കളിക്കാരനാണ് സിദാന്‍. 1998ലാദ്യമായി ഫ്രാന്‍സ് ബ്രസീലിനെ തോല്‍പിച്ച് ലോകകപ്പ് നേടിയത് സിദാന്‍റെ ഹെഡ്ഡിംഗിലൂടെ ലഭിച്ച പ്രശസ്തമായ രണ്ടു ഗോളുകളിലൂടെയാണ്. 1998,2000,2003 എന്നീ വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ കിരീടം അദ്ദേഹത്തിന് ലഭിച്ചു. 2006ലെ ലോകകപ്പില്‍ സ്വര്‍ണ പാദുകത്തിനും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന അള്‍ജീരിയന്‍ വംശജരുടെ അരക്ഷിതാവസ്ഥക്കും അവരുടെ കലാപങ്ങള്‍ക്കുമിടയിലാണ് സിദാന്‍ രാജ്യത്തിന്‍റെ ഗാംഭീര്യം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് പ്രധാനം. അള്‍ജീരിയയുടെയും ഫ്രാന്‍സിന്‍റെയും ഇരട്ടപൗരത്വമുള്ള സിദാന്‍ ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് വളര്‍ന്നു വലുതായത്. ഇത്തരം ചുറ്റുപാടുകളില്‍ നിന്നു വന്നവര്‍ സാധാരണരീതിയില്‍ പെട്ടെന്ന് പ്രതികരിക്കുകയും കടുത്ത ഭാഷയില്‍ തെറി പറയുകയും ചെയ്യുന്നവരാണെന്ന് വരേണ്യമായി പരികല്‍പനയും രൂപകല്‍പനയും ചെയ്യപ്പെടുന്ന മനശ്ശാസ്ത്രതത്വങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. അതനുസരിച്ച് ഇത്തരം പ്രദേശങ്ങളിലെ കുട്ടികളെ മര്യാദ (ബിഹേവിയറല്‍ സയന്‍സ്) പഠിപ്പിക്കാനായി പാതിരിമാരും മറ്റുമടങ്ങിയ മനശ്ശാസ്ത്രജ്ഞ-സന്നദ്ധ സേവകര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്, സിദാന്‍ ഇപ്രകാരം പ്രകോപിതനായത് ചേരിപ്രദേശത്തെ കുട്ടികളില്‍ ദുസ്വാധീനം ഉണ്ടാക്കുമെന്നാണ്. പക്ഷെ, സിദാന്‍റെ ദീര്‍ഘകാലത്തെ പെരുമാറ്റ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം സാധാരണരീതിയില്‍ ഒരു പ്രകോപനത്തിനും വശംവദനാകാത്ത പക്കാ പ്രൊഫഷനല്‍ കളിക്കാരനായിരുന്നുവെന്ന് തെളിയും. എന്നിട്ടും സിദാനെ തന്‍റെയും രാഷ്ട്രത്തിന്‍റെയും വിജയസാധ്യതകളും ഇമേജും പാടെ നഷ്ടമാകുന്നതരം ആക്രമണത്തിനു പ്രേരിപ്പിച്ചത് ഏതു തരം തെറിയായിരിക്കും?
അധരചലനവിദഗ്ദ്ധയായ ജെസ്സീക്ക റീസ് ഈ ഏറ്റുമുട്ടലിന്‍റെ വീഡിയോദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വെളിപ്പെടുത്തിയതിന്‍ പ്രകാരം, ഇറ്റാലിയന്‍ ഭാഷയിലാണ് മറ്റെറാസി തെറി പറഞ്ഞിട്ടുള്ളത്. അത് സിദാന് നന്നായി മനസ്സിലാവും. കാരണം, യുവെന്‍റസ് ക്ലബില്‍ കളിച്ച കാലത്ത് ഇറ്റാലിയന്‍ ഭാഷ പഠിക്കാനും സംസാരിക്കാനുമുള്ള അവസരം അദ്ദേഹത്തിന് സിദ്ധിച്ചു. മറ്റെറാസി പറഞ്ഞതിപ്രകാരമായിരുന്നുവത്രെ: എടാ ഈ കളി നിന്നെപ്പോലത്തെ നീഗ്രോകള്‍ക്കുള്ളതല്ല. നീ ഭീകരവാദിയായ ഒരു വേശ്യയുടെ മകനാണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. മറ്റൊരു അധരചലനവിദഗ്ദ്ധന്‍ പറയുന്നത് സിദാന്‍റെ സഹോദരിയെ വേശ്യ എന്ന് ഒന്നിലധികം തവണ മറ്റെറാസി ആക്ഷേപിച്ചു എന്നാണ്. സിദാന്‍റെ പിതാവ് അള്‍ജീരിയയിലെ ഒരു ഫ്രഞ്ച് പക്ഷപാതിയായിരുന്നുവെന്ന ആക്ഷേപം മുമ്പുതന്നെ അദ്ദേഹം നിഷേധിച്ചിട്ടുള്ളതാണ്. സിദാനോടും ഫ്രഞ്ച് ടീമിനോട് മൊത്തത്തിലും ഇറ്റലിയിലെ പ്രബലമായ ഒരു വിഭാഗം തീവ്രമായ വംശീയവാശിയോടെയാണ് പെരുമാറിയിട്ടുള്ളത് എന്നതും വാസ്തവമാണ്.

നീഗ്രോകളുടെയും കമ്യൂണിസ്റ്റുകളുടെയും മുസ്ലീംങ്ങളുടെയും സംഘമായ ഫ്രഞ്ച് ടീമിനെ പരാജയപ്പെടുത്തി ഇറ്റലിയുടെ ഗാംഭീര്യം പ്രഘോഷിക്കുക എന്ന് ഫാസിസ്റ്റ് പാര്‍ടി നേതാവ് പ്രകോപനപരമാം വണ്ണം ആഹ്വാനം ചെയ്യുകയുണ്ടായി. ഫ്രഞ്ച് വംശജന്‍ ആയതില്‍ അഭിമാനിക്കുക എന്ന ആഹ്വാനത്തോടെ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് നാഷനല്‍ എന്ന വലതുപക്ഷ പാര്‍ടിയുടെ നേതാവ് ഴാങ് മേരി ലീ പെന്‍ ആയിടക്ക് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തുകയുണ്ടായി. സിദാനെപ്പോലെ അള്‍ജീരിയന്‍ വംശജനായ ഒരു മുസ്ലിം ഫ്രാന്‍സിന്‍റ പ്രതീകം ആയിത്തീരുന്നതില്‍ കടുത്ത അസഹിഷ്ണുതയാണ് ലീ പെന്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ലീ പെന്നിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് ഴാക് ഷിറാക് പൂച്ചെണ്ടുകളും ആലിംഗനങ്ങളും കൊണ്ടാണ് സിദാനെ സ്വീകരിച്ചത്. ഹൃദയവും ലക്ഷ്യബോധവുമുള്ള ഒരു മഹാനാണ് സിദാന്‍ എന്ന് ഷിറാക് പ്രശംസിക്കുകയുമുണ്ടായി. ലോകത്ത് ഇന്നു നിലനില്‍ക്കുന്ന അമേരിക്കന്‍/സിയോണിസ്റ്റ്/ഫാസിസ്റ്റ് അധിനിവേശ മനോഭാവത്തിന്‍റെ പീഡിതശരീരമായാണ് സിദാന്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നത്. സിദാനെ തെറി പറഞ്ഞതിലും ആ തെറിയുടെ ഭാഷാഘടനയിലും അശ്ലീലധ്വനികളിലും ആഹ്ലാദിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഈ അധീശത്വത്തിന്‍റെ സാമാന്യബോധം എന്നു സാരം. സിദാന്‍ അപമാനിതനായി പുറത്താക്കപ്പെട്ടപ്പോള്‍ മുസ്ലിമും നീഗ്രോയും കമ്യൂണിസ്റ്റുമൊക്കെ അത്തരത്തിലേ പ്രതികരിക്കൂ, അതാണവന്‍റെ ജന്മസിദ്ധമായ വിധി എന്നു വ്യാഖ്യാനിക്കുകയും ചെയ്തു.
ഏതാണ്ട് 75 കോടി ജനങ്ങള്‍ ലോകവ്യാപകമായി ഇതു കാണുകയായിരുന്നു. സിദാനെ റെഡ് കാര്‍ഡ് കാട്ടി റെഫറി പുറത്താക്കി. ഫ്രാന്‍സ് തോറ്റു. പാരീസില്‍ തിരിച്ചെത്തുന്ന സിദാനെ ഫ്രഞ്ച് ജനത കുറ്റപ്പെടുത്തുമെന്നാണ് ലോകമാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍ അവര്‍ അദ്ദേഹത്തെ സ്വീകരിക്കുകയാണുണ്ടായത്. ഫ്രഞ്ച് പ്രസിഡണ്ട് സിദാനൊപ്പം നിന്നു. ഫുട്‌ബോള്‍ മഹത്തരമാണ്. പക്ഷെ മനുഷ്യന്‍ അതിലും മഹത്തരമാണ് എന്ന സന്ദേശമാണ് ഈ സംഭവം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്.
വീഡിയോ ആർട്ടിസ്റ്റുകള്‍ കൂടിയായ ഡഗ്ലസ് ഗോർഡനും ഫിലിപ്പ് പരേനോയും ചേർന്ന് തയ്യാറാക്കിയ സിനദിന്‍ സിദാന ‘എ ട്വന്റിഫസ്റ്റ് സെഞ്ച്വറി പോര്‍ട്രെയിറ്റ്’ 2006 മെയ് മാസത്തിൽ നടന്ന കാൻ ചലച്ചിത്രമേളയിലാണ് പ്രീമിയര്‍ ചെയ്തത്. ഈ സിനിമ സിനിമയാണെന്നതിനു പുറമെ ഒരു പോസ്റ്റ് സിനിമ(സിനിമാനന്തര സിനിമ)യുമായിരുന്നു. റിയൽ മാഡ്രിഡിനായി കളിക്കുന്ന ഒരു മത്സരത്തിലുടനീളം പതിനേഴ് ക്യാമറകൾ സിദാനെ പിന്തുടരുന്നു, സിദാനെ മാത്രം, പന്തിന് ഒപ്പവും അല്ലാതെയും: സിദാന്‍ മൈതാനത്തുടനീളം ഓടുന്നത്, സിദാന്‍ വിഷമിക്കുന്നത്, സിദാന്‍ നില്ക്കുകയും ഓടുകയും ചെയ്യുന്നത്, എല്ലാമാണ് ക്യാമറയുടെ ലക്ഷ്യം, അതാണ് സിനിമയിലുമുള്ളത്.
വിഷാദവും ക്ഷീണവും നിറഞ്ഞ സംഗീതം മങ്ങുന്നു, ഓർമ്മ, കുട്ടിക്കാലം, ജീവിതം, കളി എന്നിവയെക്കുറിച്ചുള്ള സിദാന്റെ ചിന്തകൾ നമ്മൾക്ക് കാണാം, കേള്‍ക്കാം. ഗോർഡന് പിച്ചിന്റെ വിശാലമായ ഷോട്ടുകളും സ്പാനിഷ് ടെലിവിഷൻ കവറേജിന്റെ ക്ലിപ്പുകളും ഉണ്ട്, എപ്പോഴും സിദാനാണ് കേന്ദ്രബിന്ദു. കാതടപ്പിക്കുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍, മൈതാനത്ത് പതിനായിരക്കണക്കിന് കാണികളുടെയും ദശലക്ഷക്കണക്കിന് ടിവി കാഴ്ചക്കാരുടെയും കാഴ്ചയിൽ മുൻനിര കളിക്കാരൻ തുറന്നുകാട്ടപ്പെടുന്നു, വിഗ്രഹവത്ക്കരിക്കപ്പെടുന്നു, ഗ്ലോറിഫൈ ചെയ്യപ്പെടുന്നു, എന്നിട്ടും പൂർണ്ണമായും ഒറ്റയ്ക്കാണ്. ഒരു പ്രതിമ പോലെ അവന്റെ മുഖം വിളറിയതാണ്, ഒരിക്കൽ വിശാലമായി പുഞ്ചിരിക്കുമ്പോൾ, അത് അവിശ്വസനീയമാം വിധം നാടകീയമായിത്തീരുകയും ചെയ്യുന്നു. വാർത്തകളും ലോകത്തെ സംഘര്‍ഷങ്ങളും കാണിക്കുന്ന ഒരു ഇടവേളയുണ്ട്. മിഡിൽ ഈസ്റ്റിലെ യുദ്ധമേഖലയിൽ സിദാന്റെ ഷർട്ട് ധരിച്ച ഒരു കൊച്ചുകുട്ടിയെ കാണുന്നു – പിന്നീട് നമ്മൾ വീണ്ടും കളിയിലേയ്ക്ക് മടങ്ങുന്നു, അത് വിചിത്രമായ ഒരു അര്‍ത്ഥതലം കൈവരിക്കുന്നു. തിരശ്ശീലയിലെ സിനിമയും പല ഭാഗത്തായി ഇന്‍സ്റ്റലേഷനുകളും എല്ലാമായി സവിശേഷമായ രീതിയിലാണ് സിദാന്‍ എ ട്വന്റിഫസ്റ്റ് സെഞ്ച്വറി പോര്‍ട്രെയിറ്റ് പ്രദര്‍ശിപ്പിച്ചത്.
ഫുട്ബാള്‍ സിനിമ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ നിന്ന് തള്ളിക്കയറി വരുന്ന അതിഗംഭീരമായ സിനിമയാണ്, സൊല്‍ത്താന്‍ ഫാബ്രിയുടെ നരകത്തില്‍ രണ്ടു ഹാഫ്ടൈമുകള്‍ (/ഹങ്കറി/1962/കറുപ്പും വെളുപ്പും/140 മിനുറ്റ്). ഈ സിനിമയില്‍, ഫുട്ബാളും സ്വാതന്ത്ര്യ വാഞ്ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനമാണുള്ളത്. 1944 ലെ വസന്തകാലം. ജര്‍മന്‍ പട്ടാളത്തിന്‍റെ കീഴില്‍ നിര്‍ബന്ധിത ജോലിക്കായി ഹങ്കറിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ബാരക്കുകളില്‍ കുത്തിനിറക്കപ്പെട്ടിരിക്കുന്ന പട്ടിണിത്തടവുകാര്‍ക്ക് ബാക്കിയായത് അതിജീവനത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും സ്വസ്ഥമായ കൂടുംബജീവിതത്തെക്കുറിച്ചും ഒക്കെയുള്ള നിറം മങ്ങിയ സ്വപ്നങ്ങള്‍ മാത്രം.
ഒരു ദിവസം പൊടുന്നനെ, മുന്‍ ദേശീയ ഫുട്ബാള്‍ ടീമംഗമായിരുന്ന ഡിയോ എന്ന തടവുകാരനെ കമാണ്ടര്‍ പ്രത്യേകമായി വിളിപ്പിക്കുന്നു. ഡിയോവിന് പരോളോ അതല്ലെങ്കില്‍ വിടുതലോ തന്നെ ലഭിച്ചേക്കും എന്ന തോന്നലാണ് സഹതടവുകാര്‍ക്കിടയിലുണ്ടാവുന്നത്. തന്‍റെ കുടുംബാംഗങ്ങള്‍ക്ക് എത്തിക്കാനുള്ള സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ അവര്‍ പരക്കം പായുന്നു. എന്നാല്‍ പണി തടസ്സപ്പെടുത്തുന്ന അത്തരം അല്‍പാഹ്ലാദങ്ങള്‍ പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തപ്പെടുന്നു. എല്ലാവരും അവരവരുടെ ജോലികളില്‍ വ്യാപൃതരാവുക എന്ന് കഠിനമായ ഉത്തരവ് പ്രഖ്യാപിക്കപ്പെടുന്നു.
സൈനികാധിപനായ ഫര്‍ഹറിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി എന്തെങ്കിലും വിനോദവിരുന്ന് ഒരുക്കണമെന്നും അതിനായി പട്ടാളനാടക സംഘത്തിന് എത്താന്‍ സാധിക്കാത്തതുകൊണ്ട് ജര്‍മന്‍ പട്ടാളക്കാരുടെ സര്‍വീസസ് ടീമും തടവുകാരുടെ ഒരു ടീമും തമ്മിലുള്ള ഫുട്ബാള്‍ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം എന്നും ഡിയോവിനെ അറിയിക്കുന്നു. പ്രൊഫഷണല്‍ കളിക്കാരനായ ഡിയോ വേണം തടവുകാരുടെ ടീമിനെ ഉണ്ടാക്കിയെടുക്കാനും നയിക്കാനും. ഡിയോവിന് ഈ അവസരം തന്‍റെ സ്വാതന്ത്ര്യത്തിനായി തുറന്നുകിട്ടുന്ന ഒരു വാതിലായി ഒരിട അനുഭവപ്പെടുന്നു. പക്ഷെ, തരം താണതും അളവില്‍ വളരെ കുറഞ്ഞതുമായ ഭക്ഷണം മാത്രം അകത്താക്കുന്നതു കൊണ്ട് അസ്ഥികൂടങ്ങളായി പരിണമിച്ചുകഴിഞ്ഞ ജീവഛവങ്ങളെക്കൊണ്ട് ഫുട്ബോളൊന്നും കളിപ്പിക്കാനാവില്ലെന്ന് ഡിയോ മറുപടി പറയുന്നു. ഇത്തരം അനുസരണക്കേടുകള്‍ തടവറക്യാമ്പുകളില്‍ ഉയര്‍ത്താന്‍ പാടില്ലെന്നിരിക്കെ ഡിയോവിന്‍റെ ആവലാതികള്‍ ആദ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. എന്നാല്‍ കാര്യം നടക്കണമെങ്കില്‍ ഡിയോവിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചേ മതിയാകൂ എന്നാകുമ്പോള്‍ അയാളുന്നയിച്ച രണ്ടാവശ്യങ്ങളും അംഗീകരിക്കപ്പെടുന്നു. കളിക്കാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ദൈനംദിനജോലികള്‍ എടുക്കേണ്ട ആവശ്യമില്ല. അതിനു പുറമെ അവര്‍ക്കാവശ്യമുള്ള വിധത്തില്‍ ഭക്ഷണ റേഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇനിയെന്താണ് വേണ്ടത് എന്ന ചോദ്യത്തിന് ഡിയോ കൊടുക്കുന്ന മറുപടി ഒരു പന്ത് എന്നാണ്. അതനുസരിച്ച് അയാള്‍ക്ക് പന്ത് അനുവദിക്കപ്പെടുമ്പോള്‍ അയാളനുഭവിക്കുന്ന ഹര്‍ഷോന്മാദം അളവറ്റതാണ്. പന്തു ലഭിച്ച ഉടനെ എല്ലാം മറന്ന് അയാളത് മേലോട്ട് തട്ടിയും ഹെഡ് ചെയ്തും നിലത്തുവീഴ്ത്താതെ ഏറെ നേരം അന്തരീക്ഷത്തില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി കൈയടക്കം(കാലടക്കം) പ്രദര്‍ശിപ്പിക്കുന്നത് ആവേശകരമായ കാഴ്ചയാണ്. ഡിയോ ഓടിനടന്ന് ടീമിനെ തട്ടിക്കൂട്ടുന്നു. എല്ലാ ദുരിതങ്ങള്‍ക്കിടയിലും അയാള്‍ ഒരു യഥാര്‍ത്ഥ കളിക്കാരനായി പരിണമിക്കുന്നു. കഠിന പരിശ്രമങ്ങളിലൂടെ അസ്ഥികൂടങ്ങളില്‍ നിന്ന് നിലവാരമുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കുന്നു. ഈ പതിനൊന്നു തടവുകാര്‍ അനുഭവിക്കുന്ന ആനന്ദവും ആത്മാഭിമാനവും മറ്റു തടവുകാരിലതുണ്ടാക്കുന്ന അസൂയയും സ്വയം അവരനുഭവിക്കുന്ന അവമതിപ്പും തമ്മിലുള്ള സംഘര്‍ഷം വികാരതീവ്രമായി ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഡിയോവിന്‍റെ ടീമിന് ലഭിക്കുന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി അവര്‍ ഒളിച്ചോടുന്നു. എന്നാലാ സ്വാതന്ത്ര്യം അധികം നീണ്ടുനിന്നില്ല. അവര്‍ പെട്ടെന്നു തന്നെ പിടിക്കപ്പെടുന്നു. പട്ടാളക്കോടതിയുടെ നിയമസംഹിത അനുസരിച്ച് അവര്‍ക്കെല്ലാം വധശിക്ഷയാണ് ലഭിക്കേണ്ടത്. എന്നാലങ്ങനെ സംഭവിക്കുന്നില്ല. കാരണം, ഫുട്ബാള്‍ മാച്ച് നടക്കണമല്ലോ! പക്ഷേ, കളി കഴിയുന്നതു വരെ മാത്രം നീട്ടിക്കിട്ടുന്ന തരം ജീവന്‍ തങ്ങള്‍ക്ക് വേണ്ടെന്ന് അവരെല്ലാവരും ഏക സ്വരത്തില്‍ പറയുകയാണ്. ഇതിനെ തുടര്‍ന്ന് കമാണ്ടര്‍ക്ക് കളി നടക്കുന്നതിനു വേണ്ടിയെങ്കിലും അവര്‍ക്ക് ചെറിയ ശുഭാപ്തി വിശ്വാസം കൊടുക്കേണ്ടിവരുന്നു. കളി പൊരുതി ജയിക്കുക; നിങ്ങളുടെ ശിക്ഷയില്‍ എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കാം എന്നാണാ വാഗ്ദാനം.
കളി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവന്മരണപ്പോരാട്ടമായി മാറുന്നു. മത്സരത്തിന്‍റെ ഉദ്വേഗജനകമായ ചിത്രീകരണം ശ്വാസമടക്കിക്കൊണ്ടു മാത്രമേ കണ്ടിരിക്കാനാവൂ. പ്രൊഫഷണല്‍ മത്സരങ്ങളിലേതെന്നതു പോലെ ജഴ്സിയും ഷൂസുമണിഞ്ഞ ജര്‍മന്‍ ടീമും കീറിപ്പറിഞ്ഞ വേഷങ്ങളും തുള വീണ ബൂട്ടുമിട്ട് തടവുകാരുടെ ടീമും തമ്മിലുള്ള മത്സരം ആദ്യഘട്ടത്തില്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ജര്‍മന്‍ കേണല്‍ തന്‍റെ കാമുകിയോടൊത്ത് ഗാലറിയില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്സിലിരുന്നാണ് കളി കാണുന്നത്. അയാള്‍ക്കിത് വെറുമൊരു നേരമ്പോക്ക്; എന്നാല്‍ തടവുകാരുടെ ടീമിലോരോരുത്തരും അവരുടെ ജീവന്‍ കൊണ്ടു തന്നെയാണ് കളിക്കുന്നത്. കളിയില്‍ ആദ്യം മികവു പുലര്‍ത്തുന്നത് ജര്‍മന്‍ ടീമാണ്. തങ്ങളുടെ കളി എപ്രകാരമാക്കിയാലാണ് തങ്ങള്‍ക്ക് രക്ഷ കിട്ടുക എന്ന് നിര്‍ണയിക്കാനാവാതെ ഡിയോ കുഴങ്ങുകയാണ്. പൊരിഞ്ഞുകളിച്ച് ജര്‍മന്‍കാരെ തോല്‍പിച്ചാല്‍ ആ കുറ്റത്തിനു തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടാം. അതല്ല ജര്‍മന്‍കാര്‍ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ, തിന്ന ഭക്ഷണത്തിനും ലഭിച്ച പരിമിതമായ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെടാം. ഒത്തുകളിയിലെ സ്പോര്‍ട്സ് വിരുദ്ധത ബോധ്യപ്പെട്ട് കളിക്കാതിരുന്നാലോ അതും ശിക്ഷിക്കാവുന്ന കുറ്റകൃത്യം തന്നെ. ഇപ്രകാരം ഊരാക്കുടുക്കിലാവുന്ന അവര്‍ ആദ്യഘട്ടത്തിലെ ആലസ്യം കളഞ്ഞ് പിന്നീട് ഉഷാറായി കളിക്കുകയും ജര്‍മന്‍കാര്‍ക്ക് മേല്‍ മേല്‍ക്കൈ നേടുകയുമാണ്. ഈ മേല്‍ക്കൈ ജര്‍മന്‍ കേണലിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫാസിസ്റ്റായ അയാള്‍ റിവോള്‍വറെടുത്ത് തടവുകാരുടെ ടീമിലെ പതിനൊന്ന് കളിക്കാരെയും തുരുതുരാ വെടിവെച്ച് കൊല്ലുന്നു.
ഫാസിസത്തിന്‍റെ നീതിശാസ്ത്രം പരപീഡന സന്തോഷത്തിന്‍റേതു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ മഹത്തായ ചിത്രം കളി കണ്ടാനന്ദിക്കുന്ന എല്ലാവരുടെയും (നമ്മുടെയും) മാനസികാവസ്ഥയുടെ യുക്തിയെത്തന്നെയാണ് വിചാരണ ചെയ്യുന്നത്.
2005ല്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ വെച്ചു നടന്ന ഒരു ഫുട്ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറു യുവതികള്‍ പിടിക്കപ്പെടുന്നതാണ് ജാഫര്‍ പനാഹി സംവിധാനം ചെയ്ത ഓഫ്സൈഡ് (2006/പേര്‍സ്യന്‍) എന്ന സിനിമയുടെ പ്രമേയം. അത് വെറുമൊരു മത്സരമായിരുന്നില്ല. ലോകകപ്പിനുള്ള ക്വാളിഫൈയിംഗ് റൗണ്ടായിരുന്നു. ഇറാനും ബഹ്റിനും തമ്മിലായിരുന്നു മത്സരം. രാജ്യം ഉറ്റുനോക്കിയ കളി, ഹാന്‍റ് ഹെല്‍ഡ് ക്യാമറ ഉപയോഗിച്ചുകൊണ്ട് പനാഹി ചിത്രീകരിക്കുകയായിരുന്നു. എന്നാലീ സിനിമ ഒരു ഡോക്കുമെന്‍ററിയുമല്ല. അവിടെ സിനിമ ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍, ടെലിവിഷന്‍ മാധ്യമങ്ങളടക്കം ഒരു പാട് പേര്‍ തിങ്ങിനിറഞ്ഞതിനാല്‍ അദ്ദേഹം ഷൂട്ട് ചെയ്യുന്നത് ആരും ശ്രദ്ധിക്കുകയുണ്ടായില്ല എന്നതാണ് വാസ്തവം. ഇറാന്‍ ആ കളിയില്‍ ജയിച്ചു. കളി കാണാന്‍ ആഗ്രഹിച്ച യുവതികളോ?
പ്രൊഫഷണല്‍ നടീനടന്മാരെയല്ല മിക്കപ്പോഴും പനാഹി തന്‍റെ സിനിമകളില്‍ ഉള്‍പ്പെടുത്താറുള്ളത്. അതിനാല്‍, അഭിനയത്തില്‍ എല്ലായ്പോഴും ഒരു സത്യസന്ധത ദര്‍ശിക്കാം. നടീനടന്മാര്‍ നന്നായി അഭിനയിച്ചില്ലെങ്കില്‍ അത് അവരുടെ കുറ്റമല്ലെന്നും സംവിധായകന്‍റേതാണെന്നും അഭിപ്രായമുള്ള ആളാണ് ജാഫര്‍ പനാഹി. ഓഫ്സൈഡ് ഒട്ടും ദുര്‍ഗ്രഹത ഉള്ള സിനിമയല്ല. എന്നാലതേ സമയത്ത് അത് വിമത ശബ്ദം തന്നെയാണ് മുഴക്കുന്നത്. രാഷ്ട്രീയമായും സാമൂഹ്യമായും കലയെ എങ്ങിനെ പ്രതിഷേധത്തിനും വ്യത്യസ്ത സ്വരത്തിനായും ഉപയോഗിക്കാം എന്നതിന്‍റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഓഫ്സൈഡ്. അതേ സമയം ബൗദ്ധികത എടുത്തുകാട്ടാന്‍ വേണ്ടി മന്ദഗതിയിലെടുക്കപ്പെടുന്ന ഒരു ഹൈ ആര്‍ട് സിനിമയുമല്ല ഓഫ്സൈഡ്. ഹര്‍ഷോന്മാദത്തിന്‍റെ ധാരാളിത്തം കൊണ്ട് ചൈതന്യവത്തായ ഒരു സിനിമയാണിത്.

ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്‍റെ നിയമസംഹിത അനുസരിച്ച് സ്ത്രീകള്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനമില്ല. സ്ത്രീകള്‍ ഫുട്ബോള്‍ കാണാനായി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഓഫ്സൈഡ് അതുകൊണ്ടു തന്നെ രാജ്യത്ത് നിയമവിധേയമായി പ്രദര്‍ശിപ്പിച്ചതുമില്ല. പനാഹിയുടെ മിക്കവാറും സിനിമകള്‍ ഇറാനില്‍ നിരോധിക്കപ്പെട്ടിരുന്നതിനാല്‍ ഇതൊരത്ഭുതവുമല്ല. അദ്ദേഹം അടുത്ത കാലം വരെ തടവില്‍ തന്നെയായിരുന്നു. ഇങ്ങിനെയായിരിക്കെ തന്നെ വ്യാജ സിഡിയും ഡിവിഡിയുമായി ഓഫ്സൈഡ് ഇറാനിലെ ജനങ്ങളൊട്ടുമിക്കവാറും കണ്ടു കഴിഞ്ഞിട്ടുമുണ്ട്. മതവിശ്വാസികളെന്ന നിലക്കും അനുഷ്ഠാനങ്ങള്‍ അനുസരിക്കുന്നവരെന്ന നിലക്കും ഈ ചിത്രത്തില്‍ കാണുന്നതു പോലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ പര്‍ദയടക്കമുള്ള വേഷധാരണം നടത്താന്‍ സന്നദ്ധരാണ്. എന്നാലവര്‍ ഫുട്ബോള്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയായാലോ? പര്‍ദയോ സ്ത്രീകളാണെന്ന് വെളിപ്പെടുത്തുന്ന തരത്തിലുള്ള ഏതെങ്കിലും വസ്ത്രമോ ധരിച്ച് സ്റ്റേഡിയത്തിനകത്തേക്ക് കയറാനാകാത്തതിനാല്‍; ആണുങ്ങളെപ്പോലെ മുടി ബോബ് ചെയ്ത്, ജീന്‍സും ഷര്‍ട്ടും ധരിച്ച് സാഹസങ്ങളേറ്റെടുത്ത് നുഴഞ്ഞുകയറുകയേ നിവൃത്തിയുള്ളൂ. പോലീസോ പട്ടാളമോ പിടി കൂടിയാലുള്ള പ്രശ്നത്തിനു പുറമെ, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മതബോധവും അവരെ വേട്ടയാടുന്നു. ഇറാനിയന്‍ ജീവിതത്തെയാകെ ബാധിക്കുന്ന ഒരു ദുരന്തമാണ് ഈ ദ്വന്ദ്വാത്മകത എന്ന അഭിപ്രായമാണ് പനാഹിക്കുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം വരും കാലത്തും പുതുമയുള്ളതായിരിക്കും. ഇത്തരം അധമാവസ്ഥയില്‍ നിന്ന് സ്ത്രീകളും ജനങ്ങളാകെയും കര കയറിക്കഴിഞ്ഞാലും തങ്ങളും തങ്ങളുടെ പൂര്‍വികരും ജീവിച്ചു പോന്ന സാഹചര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാവുന്ന മ്യൂസിയം പീസുകളായും ഈ സിനിമകള്‍ പ്രവര്‍ത്തിക്കുമെന്നാണ് പനാഹി കരുതുന്നത്. നര്‍മം നിറഞ്ഞു നില്‍ക്കുന്ന തരത്തിലാണ് പനാഹി ഓഫ്സൈഡ് എടുത്തിരിക്കുന്നത്. ഇറാനിലെ നിയമങ്ങള്‍ മൂഢവും നിസ്സാരവുമാണെന്നാണദ്ദേഹം ഈ പരിഹാസ്യതയിലൂടെ തുറന്നു കാണിക്കുന്നത്.
ഈ ആറു പെണ്‍കുട്ടികളുടെയും പേരുകള്‍ നാം അറിയുന്നില്ല. എന്നാലവര്‍ക്കൊരു നേതാവുണ്ട്. പരുക്കനായി പെരുമാറുന്ന, പുകവലിക്കുന്ന ഒരുവള്‍. അവള്‍ ആണോ പെണ്ണോ എന്ന് ആരും സംശയിച്ചുപോകും. കോണ്‍സ്റ്റബിള്‍ ചോദിക്കുന്നുണ്ട്. നീ ആണോ അതോ പെണ്ണോ?. നിങ്ങളേതാണ് ഇഷ്ടപ്പെടുന്നത് എന്നാണവളുടെ മറുചോദ്യം. മറ്റൊരുവള്‍ മുഖത്ത് ദേശീയ പതാക വരച്ചുവെച്ചിരിക്കുന്നു. എന്നാലവള്‍ ഒരു ഗൗരവക്കാരിയുമാണ്. യുവതികളിലൊരാളെ ബാത്ത്റൂമിലേക്ക് കൊണ്ടു പോകുന്ന പോലീസുകാരന്‍റെ പങ്കപ്പാട് ചിത്രീകരിച്ചിരിക്കുന്നത് അതീവ കൗതുകകരമായാണ്. സ്റ്റേഡിയത്തിനകത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതുകൊണ്ട് അവിടെ അവര്‍ക്ക് പ്രത്യേകം ബാത്ത്റൂമില്ല. ഒരു ഫുട്ബോള്‍ കളിക്കാരന്‍റെ മുഖമുള്ള പോസ്റ്റര്‍ കൊണ്ട് മുഖം മറച്ചാണ് അവളെ അകത്തു കടത്തുന്നത്. അവളകത്തുള്ള സമയത്ത് അവിടെ മറ്റു പുരുഷډാരെ അനുവദിക്കാനുമാവില്ല. ആറോ ഏഴോ ആണുങ്ങളുമായി അയാള്‍ തര്‍ക്കത്തിലും മല്‍പിടുത്തത്തിലും ഏര്‍പ്പെടുന്നുണ്ട്. അയാളുടെ കുഴച്ചിലിനിടെ അവള്‍ രക്ഷപ്പെടുകയും ചെയ്യുന്നു.

ഇറാനിയന്‍ അവസ്ഥയെ പ്രതിനിധീകരിക്കാന്‍ ഫുട്ബോള്‍ ഏറ്റവും യോജിച്ച ഒരു രൂപകമാണ്. അതെല്ലായിടത്തുമുണ്ട്. ആഹ്ലാദത്തിന്‍റെയും ബഹളത്തിന്‍റെയുമിടയില്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതകളുണ്ട്; നിയമങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യും. ആ യുവതികള്‍ വിപ്ലവകാരികളോ രാഷ്ട്രീയ വിമതരോ ബൗദ്ധിക കുഴപ്പക്കാരോ അല്ല; അവര്‍ ഫുട്ബോള്‍ ഭ്രാന്തികള്‍ മാത്രമാണ്. പങ്കാളിത്തത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ആഘോഷത്തിന്‍റെയും ബഹളത്തിന്‍റെയും സിനിമയാണ് ഓഫ്സൈഡ്.
ഖത്തറില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ പങ്കെടുത്ത ഇറാന്‍ ടീം, അവരുടെ ദേശീയ ഗാനം പാടിയപ്പോള്‍ ചുണ്ടനക്കാതെ പ്രതിഷേധിച്ചു. കുര്‍ദ് യുവതിയായ മഹ്‌സാ (ജീനാ) അമീനിയെ മതസാന്മാര്‍ഗികപ്പൊലീസ് മര്‍ദ്ദിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് രാജ്യത്താകെ കലാപം നടക്കുന്ന വേളയില്‍ അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നു ഫുട്ബാള്‍ ടീം.

ഫുട്ബാള്‍ ലോകകപ്പ്, രാഷ്ട്രങ്ങള്‍ തമ്മിലുള്ള കളികളും ഏറ്റുമുട്ടലുകളുമാണെന്നത് വാസ്തവമാണ്. എന്നാല്‍ അത് രാഷ്ട്രങ്ങളെ അവയ്ക്കകത്തു നിന്നും പുറത്തു നിന്നും മാറ്റിയെഴുതുന്ന ശസ്ത്രക്രിയാഖ്യാനങ്ങള്‍ കൂടിയാണ്.






ഗംഭീരം.