അശാന്തിയുടെ കടവാവലുകളും കാലം തെറ്റിയ ഘടികാരങ്ങളും: ‘ഭൂതക്കണ്ണാടി’യിലേക്കുള്ള തിരിച്ചുപോക്കുകൾ
ഹോളിവുഡ് റിപ്പോര്‍ട്ടര്‍ രണ്ടു ദിവസം മുമ്പ് യൂട്യൂബിലിട്ട അഭിമുഖം കാണുകയായിരുന്നു.
പത്തില്‍ പത്ത് റേറ്റിംഗ് കൊടുക്കാവുന്ന അഞ്ച് സിനിമകളുടെ പേരു പറയാന്‍ എഡിറ്റര്‍ അനുപമ ചോപ്ര പൃഥ്വിരാജിനോട് പറയുന്നു. നാല് അന്യഭാഷാസിനിമകള്‍ക്കൊപ്പം പൃഥ്വിരാജ് തെരഞ്ഞെടുത്ത മലയാള ചിത്രം ‘ഭൂതക്കണ്ണാടി’യാണ്.

തുടര്‍ന്ന് പൃഥ്വിരാജ് ഇത്രയും കൂട്ടിച്ചേര്‍ത്തു: “ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഒരു നായകനടന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ് മമ്മൂട്ടിയുടേത്. അതൊരു ടെക്സ്റ്റ് ബുക്കാണ്.”
ഒരു മനുഷ്യന്റെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങുന്ന incredible film ആണ് അത്.
മൂന്നു വര്‍ഷം മുമ്പ് 2023 ജനുവരിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി മനീഷ് നാരായണനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു:
”ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഭൂതക്കണ്ണാടിയില്‍ മമ്മൂട്ടി കാഴ്ചവെച്ചത്. മമ്മൂട്ടിയോട് നന്‍പകല്‍ നേരത്തിന്റെ കഥ പറയുമ്പോള്‍ ഭൂതക്കണ്ണാടി പോലൊരു സിനിമയാണ് എനിക്കുവേണ്ടത് എന്ന് ഞാന്‍ പറഞ്ഞു”. (ഏത് നല്ല സംവിധായകനും കൊതിക്കും അതുപോലൊരു സിനിമ)
2009ല്‍ 54ാം വയസ്സില്‍ ലോഹിതദാസ് നിലച്ചുപോയപ്പോള്‍ കല്‍പ്പറ്റ നാരായണന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതി:
”ഏതു കിറസ്താമിയും കൊതിക്കും ഭൂതക്കണ്ണാടി. മലയാളത്തിലെ അനുകമ്പയുടെ ക്‌ളാസിക് ആണ് ഈ സിനിമ”.

2016 ഒക്ടോബര്‍ 15ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ”കഴിഞ്ഞ ദിവസം ഒമ്പതാം തവണ ‘ഭൂതക്കണ്ണാടി’ കണ്ടു. What a wonderfully flawless performance from Mammootty sir! Timeless. Hats off !
2023ലെ ഐ.എഫ്.എഫ്.കെയില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പ് റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചു. ടി.വി ചന്ദ്രനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
മൂന്നു പതിറ്റാണ്ട് മുമ്പ് 1997ല്‍ പുറത്തിറങ്ങി പ്രദര്‍ശനവിജയം നേടാതെ പോയ ഒരു ചിത്രത്തെ ചരിത്രത്തില്‍നിന്ന് വീണ്ടെടുത്ത് പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ മതിയാകും. എന്നാല്‍ ഉള്ളുലയ്ക്കുന്ന ആ അഭിനയപ്രകടനം മാത്രമാണോ ‘ഭൂതക്കണ്ണാടി’? അര്‍ഹിക്കുന്ന വിധം ചലച്ചിത്രചരിത്രത്തില്‍ ഈ ചിത്രം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ? ഇല്ലെന്ന് പറയുന്നതാവും ശരി. എന്നും തോന്നിയിട്ടുള്ളത് ഒരു Underrated gem ആണ് ഈ സിനിമ എന്നാണ്.
ശരിയാണ്, ഔദ്യോഗികമായ അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്.
1997ലെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം. 1999ലെ ബെര്‍ലിന്‍ ചലച്ചിത്രമേളയിലും വാന്‍കുവര്‍ ചലച്ചിത്രമേളയിലും 1998ല്‍ ഹരാരെയില്‍ നടന്ന സിംബാബ്‌വെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മല്‍സരവിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചു.
എന്നാല്‍,
കേരളം നേരിടുന്ന ഒരു സാമൂഹിക ദുരന്തത്തെ തീക്ഷ്ണമായി ആവിഷ്‌കരിച്ച ചിത്രമെന്ന നിലയില്‍ ഈ സിനിമ നമ്മുടെ ചലച്ചിത്രസാഹിത്യത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കൗമാരം കടന്നിട്ടില്ലാത്ത പെണ്‍കുട്ടികള്‍ മാസങ്ങളോളം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. സൂര്യനെല്ലി, വിതുര അങ്ങനെ പത്രങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ ലൈംഗികപീഡനവാര്‍ത്തകള്‍ നിറഞ്ഞു നിന്ന കാലം. അഞ്ചുമണി കഴിഞ്ഞിട്ടും മടങ്ങിയത്തൊത്ത പെണ്‍കുട്ടികളെ അങ്കലാപ്പോടെ അന്വേഷിച്ചിറങ്ങുന്ന ഏതൊരു അച്ഛന്റെയും മാനസികവ്യഥകളെ മാഗ്നിഫൈ ചെയ്ത് അവതരിപ്പിക്കുകയായിരുന്നു “ഭൂതക്കണ്ണാടി”.
സമകാലിക സംഭവങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന മുദ്രാവാക്യസിനിമകള്‍ക്കിടയില്‍, എങ്ങനെ ഒരു സംഭവത്തെ fictionalise ചെയ്ത് സര്‍ഗാത്മകമായി ആ ദുരന്തത്തിന്റെ തീവ്രത അനുഭവിപ്പിക്കാം എന്ന് തെളിയിച്ച മാതൃകാപരമായ ചലച്ചിത്രസമീപനം എന്ന നിലയില്‍ ഈ ചിത്രം പഠിക്കപ്പെട്ടിട്ടില്ല. (സമകാലിക സംഭവങ്ങള്‍ സിനിമയാക്കുന്നവര്‍ ഒന്നു വീതം മൂന്നുനേരം ഈ സിനിമ കണ്ടുനോക്കേണ്ടതാണ്.)
നാഴികമണിയുടെ മുഴക്കങ്ങള്‍, നാഗക്കളത്തില്‍ മുടിയഴിച്ചാടുന്ന പെണ്‍കുട്ടികള്‍, കടവാവലുകള്‍ ചിറകൊടിഞ്ഞുവീഴുന്ന പുലരികള്‍, വെടിയൊച്ചകള്‍, വേട്ടക്കാരന്റെ അലറിച്ചിരികള്‍, ഇണപ്പാമ്പുകള്‍ പകയുമായി പതിയിരിക്കുന്ന ഇടവഴി, പേടികള്‍ കുറുകിയ മനസ്സിനെ പുതപ്പിച്ചുനിര്‍ത്തുന്ന പുള്ളോര്‍ക്കുടത്തിന്റെ ഈണം, ഐലെന്‍സിലൂടെ കൈവെള്ളയില്‍ തെളിയുന്ന ഭീമാകാരമായ വിധിരേഖകള്‍, ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ കുന്നിനെ വലംവെച്ചുകയറുന്ന തീനാളങ്ങളുടെ മരണവൃത്തത്തിനകത്ത് പെട്ടുപോയ മകളെയോര്‍ത്ത് തലതല്ലിക്കരയുന്ന അന്ധദമ്പതികള്‍….മനസ്സിന്റെ വഴുക്കുന്ന സഞ്ചാരപഥങ്ങളില്‍ ഇടറിനീങ്ങുന്ന ഒരാള്‍…ഒരു മെഴുകുതിരിവെട്ടത്തില്‍ ഇരുട്ടിലേക്കിറങ്ങിയ പെണ്‍കുട്ടിയുടെ ദൃശ്യത്തിനൊപ്പം ഒരു വന്‍മരത്തിലേക്ക് ഉന്നംപിടിച്ച വേട്ടത്തോക്കും നെഞ്ചുലയ്ക്കുന്ന വെടിയലര്‍ച്ചയും പറന്നകലുന്ന കിളികളും വവ്വാലുകളും നിറഞ്ഞ ഒരു ഫ്രെയിമില്‍ ‘അശാന്തിയുടെ കടവാവലുകള്‍ പറക്കുമ്പോള്‍ ഒരിടവേള’ എന്ന് എഴുതിക്കാട്ടിയ ആദ്യപകുതി. ഇരുട്ടിനെ മുറിച്ച് വടക്കേയറ്റത്തേക്ക് പോകുന്ന തീവണ്ടിയുടെ ദൃശ്യത്തിനൊപ്പം ‘ഇണപ്പാമ്പുകള്‍ പതിയിരിക്കുന്ന ഇടവഴിയിലേക്ക് ഒരു മടക്കയാത്ര’ എന്ന് വിരാമമിട്ട അവസാനഫ്രെയിം.
പെണ്‍കുട്ടികളെ പിളര്‍ന്നെറിയുന്ന കാലത്തിനു മുന്നില്‍ ഭൂതക്കണ്ണാടി വെച്ച് ലോഹിതദാസ് വലുതാക്കിത്തന്ന കാഴ്ചകള്‍ എന്നില്‍ നിറച്ച വേദനകള്‍ കുറച്ചൊന്നുമായിരുന്നില്ല.
‘തനിയാവര്‍ത്തനം’ കണ്ട് കരയുകയും തനിച്ചുകിടന്ന രാവുകളില്‍ ഉറക്കുത്തിപ്പൊടിവീഴുന്ന മച്ചില്‍നിന്ന് ശ്രീധരമ്മാമയുടെ ഉന്മാദമുറയുന്ന ഉടുക്കിന്റെ തുടികേട്ട് ഞെട്ടിയുണരുകയും ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്ന് ഞാന്‍ അധികമൊന്നും മുതിര്‍ന്നിട്ടില്ലായിരുന്നു. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ആ ബിരുദവിദ്യാര്‍ഥി തിയറ്ററില്‍ തിടംവെച്ച മൂകതയിലിരുന്ന് ആരുമറിയാതെ കരഞ്ഞു. വേദനകള്‍ വിങ്ങിയ തൊണ്ടയില്‍ അവന് കുറേ നേരത്തേക്ക് വാക്കുകള്‍ നഷ്ടമായി. ഒരാഴ്ചയുടെ ഇടവേളയില്‍ രണ്ടു തവണയാണ് കൈരളി തിയേറ്ററില്‍ നിന്ന് ഈ പടം കണ്ടത്. രണ്ടാമത്തെ കാഴ്ചയില്‍ പ്രിയ സുഹൃത്ത് സനലും ഒപ്പമുണ്ടായിരുന്നു എന്നോര്‍ക്കുന്നു.
മനസ്സില്‍ തറഞ്ഞ ഒരു ദൃശ്യത്തില്‍നിന്ന് എങ്ങനെയാണ് ‘ഭൂതക്കണ്ണാടി’ ഉണ്ടായതെന്ന് ലോഹിതദാസ് ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്:
”തൃശൂര്‍ രാമനിലയത്തില്‍ പുതിയ ഒരു സിനിമ എഴുതാന്‍ വേണ്ടി താമസിക്കുകയായിരുന്നു ഞാന്‍. ‘മൃഗയ’യും ‘അമര’വും ‘കിരീട’വുമൊക്കെ എഴുതിയത് രാമനിലയത്തിലിരുന്നാണ്. മനസ്സ് എഴുത്തിന്റെ ഒരു വിളിക്ക് കാത്തുനില്‍ക്കുന്ന കാലം. ഒരു ദിവസം എന്തോ സാധനം പൊതിഞ്ഞു കൊണ്ടുവന്ന പത്രക്കടലാസ് വെറുതെ മറിച്ചുനോക്കിയപ്പോള്‍ ഒരു വാര്‍ത്ത കണ്ണില്‍പ്പെട്ടു. അച്ചടിച്ച്, അച്ചടിച്ച് പ്രാധാന്യം നഷ്ടപ്പെട്ട പീഡന വാര്‍ത്തകളില്‍ ഒന്ന്. പ്രതികളുടെ എണ്ണം കുറവായതുകൊണ്ടായിരിക്കണം താരതമ്യേന ചെറിയ വാര്‍ത്തയാണ്. കൊല്ലപ്പെട്ട കുട്ടിയുടെ ഫോട്ടോ കൊടുത്തിട്ടുണ്ട്. പക്ഷേ, ഭീകരമായി തോന്നിയത് പിടിവലി നടന്ന സ്ഥലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങളുടെയും ചോറ്റുപാത്രത്തില്‍നിന്ന് ചിതറിത്തെറിച്ച ചോറിന്റെയും ചിത്രമാണ്. ആ ഫോട്ടോ എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്തുടര്‍ന്നു. പിന്നീട് ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നീണ്ടുകിടക്കുന്ന നഗ്‌നമായ രണ്ടുകാലുകള്‍ ഞാന്‍ കണ്ടു. അവയിലെ ചോരപ്പാടുകള്‍ കണ്ടു. അല്‌ളെങ്കില്‍ അങ്ങനെയൊരു ദൃശ്യത്തിലൂടെ ‘ഭൂതക്കണ്ണാടി’ എന്നിലേക്ക് സന്നിവേശിച്ചു. ആ ദൃശ്യം മനസ്സിലത്തെുമ്പോഴൊക്കെ പശ്ചാത്തലത്തില്‍ പട്ടികളുടെ മുരള്‍ച്ചയും മുറുമുറുപ്പും കേട്ടു. ആ ദൃശ്യം അതുപോലത്തെന്നെ, ‘ഭൂതക്കണ്ണാടി’യില്‍ ഉപയോഗിച്ചിട്ടുണ്ട്.” (കഥയുടെ കാണാപ്പുറങ്ങള്‍)
മലയാള സിനിമ വാക്കുകളില്‍ സമ്പന്നവും ദൃശ്യങ്ങളില്‍ ദരിദ്രവുമായിരുന്ന കാലത്താണ് ലോഹിതദാസ് ഭൂതക്കണ്ണാടിയുമായി വരുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്രയേറെ ദൃശ്യബിംബങ്ങള്‍ വിളക്കിച്ചേര്‍ത്തുകൊണ്ട് ലളിതമായി ആഖ്യാനം നടത്തിയ സിനിമകള്‍ അപൂര്‍വം.
ശുദ്ധകലാസിനിമ മുന്നോട്ടുവെച്ച സങ്കീര്‍ണമായ ബിംബകല്‍പനയായിരുന്നില്ല ലോഹിതദാസ് പിന്‍പറ്റിയിരുന്നത്. കഥയുടെ അന്തരീക്ഷവുമായി ചേര്‍ന്നുപോകുന്ന ദൃശ്യബിംബങ്ങള്‍ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്.
ആയിരം വാക്കുകളേക്കാള്‍ വാചാലമായിരുന്നു ‘ഭൂതക്കണ്ണാടി’യിലെ ദൃശ്യങ്ങള്‍ ഓരോന്നും. കാഴ്ചയുടെ കലയാണ് സിനിമ എന്ന് ആദ്യസംവിധാനസംരംഭത്തില്‍ ലോഹിതദാസ് അടിവരയിട്ടു.
ഐലെന്‍സ് അഥവാ മാഗ്‌നിഫൈയിംഗ് ഗ്‌ളാസ് തന്നെയാണ് ചിത്രത്തിലെ പ്രധാനദൃശ്യരൂപകം.
ഐലെന്‍സ് ധരിച്ച ഒരു വാച്ച് റിപ്പയററുടെ സൂക്ഷ്മതയോടെ അയാള്‍ സമൂഹത്തിലെ അപകടസൂചനകളെയെല്ലാം വലുതായി കാണുന്നു. സ്വന്തം കൈരേഖകള്‍ അയാള്‍ ലെന്‍സിലൂടെ മാഗ്‌നിഫൈ ചെയ്യുമ്പോള്‍ സമകാലികജീവിതത്തിന്റെ ദുര്‍വിധിരേഖകളെയാണ് അയാള്‍ വലുതാക്കി കാണിക്കുന്നത്. ഒപ്പംതന്നെ ചെറിയ ആശങ്കകളെ വലുതായി കണ്ട് പേടിക്കേണ്ടതിന്റെ അനിവാര്യത ഓര്‍മിപ്പിക്കുന്ന ബിംബമായും ആ ഐലെന്‍സ് മാറുന്നു. കാഴ്ചകളെല്ലാം അയാള്‍ കുറച്ചു വലുതായി കാണുന്നു. കാപ്പിയിലെ കാപ്പിപ്പൊടി ഉറുമ്പാണെന്ന് തെറ്റിദ്ധരിക്കുന്നു. മകളുടെ കാതുകുത്തുമ്പോള്‍ ‘അയ്യോ ചോര’ എന്ന് ആശങ്കപ്പെടുന്നു. പൊടിഞ്ഞ ഇത്തിരിച്ചോര അയാള്‍ക്ക് രക്തപ്രവാഹം തന്നെയാണ്. ”മനുഷ്യന്റെ കാതല്ലേ കുത്തണത്, ഇത്തിരി ചോരയൊക്കെ പൊടിയും. എല്ലാം ഭൂതക്കണ്ണാടി വെച്ചുനോക്കിയാല്‍ വലിയ കഷ്ടമാണേയ്” എന്ന് കാതുകുത്തുന്ന നാണുത്തട്ടാന്‍ പറയുന്നുണ്ട്. നാണുത്തട്ടാന് അത് തികച്ചും സ്വാഭാവികമായ ഒരുകാര്യമാണ്. പക്ഷേ പെണ്‍കുട്ടികളുടെ ശരീരത്തിലെ ചോര വിദ്യാധരനില്‍ ആശങ്ക വിതയ്ക്കുന്നു. മതിലിനപ്പുറത്തെ ഭ്രമഭാവനയിലെ പെണ്‍കുട്ടി ഋതുമതിയായി എന്നറിയുമ്പോള്‍ അയാളില്‍ ഭീതി വളരുന്നത് അതുകൊണ്ടാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുള്ള ഒറ്റപ്പെട്ട കുന്നിന്‍ചരുവിലെ വീടും ചിതല്‍പ്പുറ്റുകള്‍പോലെ മണ്‍ചുവരുള്ള സരോജിനിയുടെ വീടും അരക്ഷിതമായ ഒരേ അനുഭവലോകത്തിന്റെ പകര്‍പ്പുകളാവുന്നു. സ്വന്തം മകള്‍, പ്രണയിനിയായ പുള്ളുവത്തിയുടെ മകള്‍, ഭ്രമഭാവനയിലെ പെണ്‍കുട്ടി എന്നിവരെയെല്ലാം അയാള്‍ ഐലെന്‍സിലൂടെ കണ്ട് സ്വന്തം ആശങ്കകള്‍ പെരുപ്പിക്കുന്നു.

ചിത്രത്തിന്റെ ശബ്ദവിന്യാസവും ((Soundscape)) ദൃശ്യങ്ങളും സമകാലത്തെ ക്രൂരമായ ഒരു യാഥാര്‍ത്ഥ്യമായി നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. മൂഴങ്ങുന്ന നാഴികമണികള്‍, നിലച്ചുപോയ ഘടികാരങ്ങള്‍, പൊട്ടിത്തകര്‍ന്ന വാച്ച് എന്നിവ ചിത്രത്തില്‍ ചിതറിക്കിടക്കുന്ന ദൃശ്യബിംബങ്ങളാണ്. നാഴികമണിയുടെ മുഴക്കങ്ങളും നിമിഷസൂചിയുടെ ചലനശബ്ദങ്ങളും വിദ്യാധരന്റെ ഉള്ളിലെ ഉത്കണ്ഠയുടെ ഹൃദയമിടിപ്പുകളാണ്. തന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന ഭീതിയുടെ ദുരന്തധ്വനികളാണ് അവ. വര്‍ത്തമാനകാലം അയാളെ അത്രമേല്‍ വേട്ടയാടുന്നുവെന്ന് ഈ വിറയൊച്ചകള്‍ നമ്മെ കേള്‍പ്പിക്കുന്നു. നരിമടക്കുന്നിലെ ഗുഹയില്‍ 15 പേരടങ്ങുന്ന സംഘത്തിന്റെ കൂട്ടബലാല്‍സംഗത്തിനിരയായ മിനിക്കുട്ടിയുടെ വാച്ച് തകര്‍ന്ന നിലയിലാണ് വിദ്യാധരന് കിട്ടുന്നത്. ”എല്ലാം ചത്തിരിക്കുകയാണല്ലോ” എന്ന് വിദ്യാധരന്റെ വാച്ചുകടയിലെ ക്‌ളോക്കുകള്‍ നോക്കി ഒരു കഥാപാത്രം പറയുന്നുണ്ട്. നന്മയും കാരുണ്യവും നിലച്ചുപോയ ഒരു കാലത്തെക്കുറിച്ചുള്ള ക്രൂരമായഒരു ഓര്‍മപ്പെടുത്തലാണത്. പ്രതികരണശേഷി നഷ്ടപ്പെട്ട (ചത്തുപോയ) ഒരു കാലഘട്ടത്തെയാണ് ആ നിശ്ചലമായ ഘടികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. കാലഹരണപ്പെട്ട കാരുണ്യവുമായി ജീവിക്കുന്ന വിദ്യാധരന്‍ എത്ര നന്നാക്കിയിട്ടും അവയൊന്നും നന്നാവുന്നുമില്ല. നിലച്ചുപോയ ഘടികാരസൂചിപോലെ അയാളുടെ മനസ്സിന്റെ സഞ്ചാരഗതിയും തെറ്റിപ്പോയിരിക്കുന്നു.

കുട്ടിക്കാലത്ത് കല്ലെറിഞ്ഞുകൊന്ന ഇണപ്പാമ്പുകളിലൊന്ന് പകയുമായി കാത്തിരിക്കുന്ന ഇടവഴിയും കിടിലം കൊള്ളിക്കുന്ന മുഴക്കവുമായി ചിറകടിച്ച് പറക്കുന്ന കടവാവലുകളും ചിതല്‍പ്പുറ്റുപോലെ മണ്‍ചുവരുള്ള അടച്ചുറപ്പില്ലാത്ത വീടുമെല്ലാം നിറഞ്ഞ അരക്ഷിതാന്തരീക്ഷമാണ് കഥാപരിസരം. അടിച്ചമര്‍ത്തപ്പെട്ട കാമമാണ് ഇണപ്പാമ്പുകളുടെ പകയായി ആഖ്യാനത്തില്‍ ഇടം നേടുന്നത്. ദുഷിച്ച ജാതിവ്യവസ്ഥ കാരണം നായര്‍ സമുദായത്തില്‍പ്പെട്ട വിദ്യാധരന് പുള്ളുവത്തിയായ സരോജിനിയെ വിവാഹം കഴിക്കാനായില്ല. ഒരു രാത്രിയില്‍ ഇടവഴിയില്‍ നിന്ന് തൊട്ടാവാടിയുടെ മുള്ളു തറച്ച് പാമ്പുകടിച്ചുവെന്ന ഭീതിയില്‍ വന്ന അയാളുടെ കണങ്കാലില്‍ അവളൊന്ന് തൊടുമ്പോള്‍ അയാളുടെ കൈ പ്രണയപൂര്‍വം അവളുടെ കവിളിലേക്കു നീളുന്നു. മുറ്റത്തിനപ്പുറം ഇടവഴിയോരത്ത് നാട്ടിയ സര്‍പ്പശില്‍പങ്ങള്‍ അത് നോക്കി നില്‍ക്കുന്ന ദൃശ്യത്തിലാണ് ആ സീന്‍ അവസാനിക്കുന്നത്. സര്‍പ്പപ്രീതിക്കായി നടത്തുന്ന കളംപാട്ടിലാണ് ചിത്രത്തിന്റെ ശീര്‍ഷകങ്ങള്‍ തെളിയുന്നത്. അവിടെ മുടിയഴിച്ചാടുന്നത് പെണ്‍കുട്ടികളാണ്. ഭയം, കാമം എന്നിവയെ ഒന്നിലധികം അര്‍ഥങ്ങള്‍ സന്നിവേശിപ്പിക്കാവുന്ന വിധം ബിംബവത്കരിക്കുന്നുണ്ട് സംവിധായകന്‍. ഒരു സമൂഹത്തിന്റെ അടിച്ചമര്‍ത്തപ്പെട്ട ശരീരദാഹങ്ങള്‍ മൃഗീയരൂപം കൈക്കൊള്ളുന്നതിന്റെ സൂചനകളാണ് മിനിക്കുട്ടിയുടെ ദുരന്തത്തിലുള്ളത്.
1998ലെ ഐ.എഫ്.എഫ്.കെയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ തിരുവനന്തപുരം കൈരളി തിയറ്ററിന്റെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന് ഒരു ചിത്രകാരന്‍ ‘ഭൂതക്കണ്ണാടിയിലെ ബിംബങ്ങള്‍’ എന്ന ചിത്രപരമ്പര വരച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. ഇടവഴി പോലെ നീണ്ടുകിടക്കുന്ന പാമ്പിന്റെ ഉടലിനു മുകളിലൂടെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഭയവിഹ്വലനായി നടന്നു നീങ്ങുന്ന വിദ്യാധരനായിരുന്നു ഒരു പെയിന്റിംഗിലെന്ന് ഓര്‍മ്മ.
വിദ്യാധരന്‍ മതിലിനപ്പുറത്ത് കാണുന്ന ലോകം ഒരു സ്‌കിസോഫ്രെനിയ രോഗിയുടെ ഭ്രമകല്‍പന മാത്രമാണെന്ന് പ്രേക്ഷകനു മനസ്സിലാവുന്നത് ആ ദ്വാരത്തിന്റെ ക്‌ളോസ് അപ് ഷോട്ടിലൂടെയാണ്.
ഒരു കുഞ്ഞുചെടിവളര്‍ന്ന് കുമ്മായമടര്‍ന്നുണ്ടായ ഒരു പാടുമാത്രമായിരുന്നു അത്. സംവിധായകന്‍ എന്ന നിലയില്‍ ലോഹിതദാസ് അസാമാന്യമായ മാധ്യമബോധം പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളാണ് ജയില്‍ മതിലിനപ്പുറത്തെ ഫാന്റസി സീക്വന്‍സ്. കുന്നിനെ വലംവെച്ചുകയറുന്ന തീവലയത്തിന്റെ മരണവൃത്തത്തിനകത്ത് പെട്ടുപോയ മകളെയോര്‍ത്ത് തലതല്ലിക്കരയുന്ന അന്ധദമ്പതികളുടെ ദൃശ്യം മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഹൃദയഭേദകമായ രംഗമാണ്. വിദ്യാധരന്റെ വിചിത്രഭാവനയില്‍ ആ പെണ്‍കുട്ടി പോലീസുകാരനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ അയാളില്‍നിന്നുയരുന്ന നെഞ്ചുപിളര്‍ക്കുന്ന ആ നിലവിളി മമ്മൂട്ടിയുടെ നാളിതുവരെയുള്ള ഏറ്റവും മികച്ച ഭാവാവിഷ്‌കാരമാണ്.
ചിത്രത്തിലെ രണ്ടു പെണ്‍കുട്ടികളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആധികള്‍ ചില സംഭാഷണങ്ങളില്‍ സ്വാഭാവികമായി വന്നുപോവുന്നുണ്ട്. ‘ഇപ്പോ എന്തൊക്കെ വാര്‍ത്തകളാന്നറിയോ” എന്ന് സരോജിനി. ‘കാലം നന്നല്ല ”എന്ന് അവളോട് മുതിര്‍ന്ന ഒരു സ്ത്രീ. ”മോള് രാക്ഷസന്മാരെപ്പറ്റി കേട്ടിട്ടില്ലേ, മനുഷ്യന്മാരുടെ ഇടേലും ഉണ്ട് രാക്ഷസന്മാര്” എന്ന് വിദ്യാധരന്‍ പറയുന്നുണ്ട്. പട്ടി കുരച്ചപ്പോള്‍ പേടിക്കുന്ന അന്ധഗായകനോട് ‘നിങ്ങളെന്തിനാ പേടിക്കുന്നത്’ എന്ന് ഭാര്യ ചോദിക്കുമ്പോള്‍ ഉറച്ച ശബ്ദത്തില്‍ അയാള്‍ പറയുന്നത് ”പേടിക്കണം” എന്നാണ്. ഇത്തരം സംഭാഷണശകലങ്ങള്‍ കഥാഗതിയുടെ സ്വാഭാവികമായ ഒഴുക്കില്‍ വന്നുപോകുന്നതുകൊണ്ട് ഒരു വിഷയം പറയാന്‍ വേണ്ടി പറയുന്നതുപോലെ അനുഭവപ്പെടുന്നില്ല.
വിഷയത്തിലുള്ള ഊന്നല്‍ ദൃശ്യങ്ങളിലൂടെ നല്‍കുന്നിടത്താണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ലോഹിതദാസിന് ഈ മാധ്യമത്തിനു മേലുള്ള അസാമാന്യമായ കൈയൊതുക്കവും ശില്‍പഭദ്രതയും പ്രകടമാവുന്നത്.
ജനപ്രിയസിനിമയുടെ അനേകം ആകര്‍ഷണീയഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടുതന്നെ അച്ചടക്കമുള്ള ചലച്ചിത്രസൃഷ്ടി സാധ്യമാവുമോ എന്ന ലോഹിതദാസിന്റെ അന്വേഷണം ഈ സിനിമയില്‍ സാര്‍ഥകമാവുന്നുവെന്ന് ഒ.കെ.ജോണി (മാതൃഭൂമി വാരാന്തപ്പതിപ്പ്,1997 ആഗസ്റ്റ്) എഴുതി. മണ്ണില്‍ വേരുകളുള്ള പച്ചമനുഷ്യരുടെ അനാവിഷ്‌കൃതമായിപ്പോവുന്ന ആകുലതകളെ സൂക്ഷ്മമായി ആവിഷ്‌കരിക്കാനുള്ള ലോഹിതദാസിന്റെ ശ്രമം ആഹ്‌ളാദകരമായ അനുഭവമായി എന്നും അദ്ദേഹം എഴുതി. ഗീത, ഡോ.കെ. ഗോപിനാഥന്‍ തുടങ്ങിയ നിരൂപകരും ഈ ചിത്രത്തിന്റെ ആഴവും ഉള്‍ക്കനവും അറിഞ്ഞ് അടയാളപ്പെടുത്തിവെച്ചു. പിന്നീട് തിരക്കഥ പുസ്തകമായപ്പോള്‍ സാറാ ജോസഫ് അവതാരിക എഴുതി. I always had to make little compromises for survival എന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ലോഹിതദാസ് എച്ച്.ഷാജിയോട് പറഞ്ഞിട്ടുണ്ട്.
മുഖ്യധാരാ സിനിമയിലെ അതിജീവനത്തിനായി ഒത്തുതീര്‍പ്പുകള്‍ നടത്തിപ്പോന്ന ഒരു ചലച്ചിത്രകാരന്‍ വിപണിമൂല്യങ്ങളോട് രാജിയാവാതെ എടുത്ത ആദ്യചിത്രമായിരുന്നു ഇത്.
മരിക്കുമ്പോഴേ മലയാളികള്‍ എന്നെക്കുറിച്ച് നല്ലത് പറയൂ എന്ന് ഒരഭിമുഖത്തില്‍ ലോഹിതദാസ് വേദനയോടെ പറഞ്ഞിട്ടുണ്ട്.
അദ്ദേഹം മരിച്ചു കഴിഞ്ഞല്ലോ. ഇനിയെങ്കിലും നമുക്ക് നല്ലത് പറയാമല്ലോ.
(ഒരു പാട്ട് ഉള്‍പ്പെടെ 10 മിനിറ്റിലധികം കട്ട് ചെയ്ത ചിത്രത്തിന്റെ പതിപ്പുകളാണ് ഇപ്പോള്‍ ഹോട്ട് സ്റ്റാറിലും യൂ ട്യൂബിലും ലഭ്യമായിട്ടുള്ളത്.)





