A Unique Multilingual Media Platform

Articles Education Kerala National

പി.എം. ശ്രീക്ക് എന്താണ് കുഴപ്പം?

  • June 28, 2026
  • 1 min read
പി.എം. ശ്രീക്ക് എന്താണ് കുഴപ്പം?

സി. ബി. എസ്. സി , നീറ്റ് പരീക്ഷ ഉൾപ്പെടെ കേന്ദ്രീകൃത വിദ്യാഭ്യാസത്തിൻ്റെ പൊറുക്കാനാവാത്ത വീഴ്ചകൾ ഒന്നിനു പുറകെ ഒന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയും രോഷാകുലരായ യുവജനങ്ങൾ തെരുവിലിറങ്ങേണ്ടിവരികയും ചെയ്യുന്ന അവസരത്തിൽ തന്നെയാണ് തൽക്കാലത്തേങ്കിലും അട്ടത്തു വെച്ച പി. എം. ശ്രീ. പദ്ധതിയുമായി കഷ്ടിച്ച് ഒന്നര മാസം മാത്രം പ്രായമായ കേരളത്തിലെ യു ഡി എഫ് സർക്കാർ പൊതുമദ്ധ്യത്തിൽ പ്രതൃക്ഷപ്പെടുന്നത്. സാമാനൃജനം പി. എം. ശ്രീയെപ്പറ്റി, അല്ലെങ്കിൽ നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 നെപ്പറ്റി എത്ര മാത്രം ധാരണയുള്ളവരാണ് എന്നത് സംശയാസ്പദമാണെങ്കിലും ജനവിരുദ്ധമായ ഒന്നിനെയാണ് ആഘോഷപൂർവം കെട്ടുകാഴ്ചയായി പി. എം. ശ്രീ എന്ന പേരിൽ അവതരിപ്പിക്കുന്നത് എന്നും ഇടതുപക്ഷത്തിൻ്റെ വിശ്വാസൃത തകർത്ത പ്രധാനപ്പെട്ട ഒന്നായിരുന്നു അത് എന്നും അവർ സാമാന്യമായി മനസ്സിലാക്കിയിട്ടുണ്ടായിരിക്കണം.


ഉന്നതവിദ്യാഭ്യാസരംഗത്ത് കോവിഡ് കാലത്ത് ആരുമറിയാതെ എൻ . ഇ .പി കരിക്കുലം നടപ്പിലാക്കപ്പെട്ടതിനെപ്പറ്റിയും അത് ഏതു രീതിയിലൊക്കെയാണ് വിദ്യാർത്ഥികളെ ജ്ഞാനപരമായും സാംസ്കാരികമായും സാമൂഹ്യപരമായും ചിതറിപ്പിച്ചുകളയാനിരിക്കുന്നത് എന്നും ഉയർന്ന ബൗദ്ധികമണ്ഡലത്തിലുളളവർ പോലും ചിന്തിച്ചുതുടങ്ങിയിട്ടേ ഉള്ളു. കാരണം, അത്ര രഹസ്യമായാണ്, കേന്ദ്ര പദ്ധതിയെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ്, ആ മേഖലയിലേയ്ക്ക് അതിഴഞ്ഞെത്തിയത്.


പലതരം ഡിഗ്രി -സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഓൺലൈൻ ബിരുദങ്ങളും സ്വായത്തമാക്കേണ്ടി വരുന്ന, അതിജീവനമാത്സര്യം നിലനിൽക്കുന്ന കാലത്തെ യുവതയെ ആകർഷിക്കും വിധമാണ് അതിൻ്റെ പുറംമോടിയും, കെട്ടുംമട്ടും. സയൻസ് പഠിക്കുന്ന ആൾക്ക് സാഹിത്യവും സമാന്തരമായി അക്കാദമികമായി ത്തന്നെ കൂടെ കൂട്ടാം എന്ന കൗതുകം ഈ എഴുതുന്ന ആളെപ്പോലും ആകർഷിച്ചിരുന്നു എന്ന് ഇപ്പോൾ ലജ്ജയോടെ ഓർക്കുന്നു.

ഞങ്ങൾക്കറിയേണ്ടത് പി. എം. ശ്രീയെപ്പറ്റിയാണ്. എങ്ങനെയാണത് ജനവിരുദ്ധമായിരിക്കുന്നത്? എണ്ണമിട്ടു പറയാമോ? ലളിതമായി? പ്രത്യയശാസ്ത്ര ആലഭാരങ്ങളില്ലാതെ?

ഈ ചോദ്യത്തിൽത്തന്നെയുണ്ട് എതിർക്കുന്നതിൽ മുൻവിധികളുണ്ടോ എന്ന ആശങ്ക.

  • തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ അടിസ്ഥാനസൗകര്യവികസനം, നല്ല ക്ലാസ് റൂമുകൾ, ലാബുകൾ, കംപ്യൂട്ടർ റൂമുകൾ, ഉദ്യാനം, കുടിവെള്ള സൗകര്യം, ഉച്ചഭക്ഷണം തുടങ്ങിയവയാണ് പി. എം. ശ്രീ വാഗ്ദാനങ്ങൾ. ഇവയെല്ലാം വേണ്ടെന്നു വെയ്ക്കുന്നതെന്തിന് എന്നാണ് ചോദ്യം. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികാസമാണത് ലക്ഷ്യം വെയ്ക്കുന്നത് എന്നും പറയുന്നു. അതൊക്കെ എന്തിനുവേണ്ടെന്നുവെയ്ക്കണം ? പ്രധാനമന്ത്രിയുടെ ചിത്രം സ്കൂളിനു മുന്നിലുണ്ടാവണം, ആജീവനാന്തം പി. എം. ശ്രീ സ്കൂൾ എന്ന പേരു നിലനിർത്തണം. അതുകൊണ്ടെന്താണ് കുഴപ്പമെന്നേ? അതിനകത്തു പെട്ട വിദ്യാർത്ഥികൾ പിന്നീട് മറെറാരു സ്കൂളിലേക്ക് മാറാൻ പാടില്ല.എന്തിനു മാറണം? ഇങ്ങനെയൊക്കെയാണ് സംശയങ്ങളുടെ പോക്ക്.
  • നിയമപരമായി അടിച്ചേൽപ്പിക്കാനാവില്ലെന്നു കണ്ട NEP 2020 തന്നെയാണ് വേഷം മാറി PM SHRI എന്ന പേരിൽ ഇപ്പോൾ നമ്മുടെ മുമ്പിലെത്തിയിരിക്കുന്നത് എന്നാദ്യമറിയണം. NEP കരിക്കുലം തന്നെയായിരിക്കും പി. എം. ശ്രീ സ്കൂളുകളിൽ. ( കരിക്കുലം ഞങ്ങൾ തീരുമാനിക്കും എന്ന് സംസ്ഥാനസർക്കാർ പറയുന്നെങ്കിൽ അതു കണ്ണിൽ പൊടിയിടൽ മാത്രം. യഥാർത്ഥ ഉദ്ദേശ്യം ബലി കഴിച്ച് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റിനു മാത്രം കേന്ദ്രം പണം തരുമെന്നാണെങ്കിൽ എന്തിനീ കടുംപിടുത്തങ്ങൾ ?) മറ്റു സ്കൂളുകളെയും പുതിയ എൻ ഇ പി പാഠ്യപദ്ധതിയ്ക്കു പ്രേരിപ്പിക്കും വിധം ഷോകേസുകൾ ആയിരിക്കും പി. എം. ശ്രീ സ്കൂളുകൾ എന്ന് എം. എ. യു വിൽ ത്തന്നെ പറയുന്നുമുണ്ടല്ലോ. മറ്റൊന്നു കൂടി പറയുന്നുണ്ട് .പി. എം. ശ്രീ പദ്ധതി കാലാവധി കഴിഞ്ഞാൽ (2027 മാർച്ചുവരെ മാത്രമാണ് പ്രഖ്യാപിത കാലാവധി ) പിന്നീട് ഈ സ്കൂളുകളുടെ ‘ഫൈവ്സ്റ്റാർ’ നടത്തിപ്പിനുവേണ്ടി വരുന്ന ഫണ്ട് കോർപ്പറേറ്റ് സി.എസ്.ആർ ഫണ്ടിലൂടെയോ സന്നദ്ധസംഘടനകൾ വഴിയോ SSK ഫണ്ട് കുട്ടിച്ചേർത്തോ ഉണ്ടാക്കേണ്ടിവരും. പദ്ധതിനടത്തിപ്പുകാലത്തും 40% നടത്തിപ്പു ഫണ്ട് സ്റേറ് ഗവണ്മെൻ്റിൻ്റേതുതന്നെ. കേന്ദ്രത്തിൽ നിന്നുള്ള 60% ലഭ്യമാകുന്നത് പി. എം. ശ്രീ സ്കൂളുകൾ ക്കുവേണ്ടിയല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാനുമാവില്ല. അതും കണ്ടീഷണൽ ആണ്. നടത്തിപ്പ് കേന്ദ്രം നിർദേശിച്ച നിലവാരത്തിലല്ലെങ്കിൽ ഫണ്ടു പിടിച്ചു വെക്കാം. അങ്ങനെയെങ്കിൽ ഇതൊരു കുരുക്കാണ്. സംസ്ഥാന സർക്കാരിന് പി.എ ശ്രീയിലൂടെ സാമ്പത്തികമായും ഒന്നും പ്രതീക്ഷിക്കാനില്ല. അതിനപ്പുറം ഈ സ്കൂളുകളിലെ അധ്യയന സമ്പ്രദായം വികലപ്പെടുത്തുകയും സമീപസ്‌കൂളുകളിലേക്കു കൂടി ഇത് വ്യാപിപ്പിക്കാനുളള പൊതുമനസ്സ് രൂപീകൃതമാക്കുകയും ചെയ്യും.
  • NTA (National Testing Agency) നടത്തുന്ന എൻട്രൻസ് ടെസ്ററുകളിലൂടെയേ ഉപരിവിദ്യാഭ്യാസം സാധ്യമാകൂ എന്നുവരുന്നതോടെ തങ്ങളുടെ കുട്ടികൾക്കും അതിനനുഗുണമായ സിസ്റ്റം മതി എന്ന് രക്ഷിതാക്കൾ തീരുമാനിക്കുമെന്നതിൽ അത്ഭുതമില്ലല്ലോ. NEP 2020 സ്കൂളുകളിൽ വരും മുമ്പുതന്നെ കേരള സിലബസ് സ്കൂളുകളിൽ നിന്ന് സി. ബി .എസ് സിയിലേക്കുള്ള ഒഴുക്ക് കൂടിയിട്ടുണ്ടെന്ന് അധ്യാപകർ. കാരണം, NEET ഉൾപ്പെടെ പ്രൊഫഷണൽ എൻട്രൻസ് പരീക്ഷകൾക്കനുഗുണമായ പാഠ്യപദ്ധതി പുതിയ വിദ്യാഭ്യാസ രീതിയിലേക്കു മാറിയ കേന്ദ്രീയവിദ്യാലയങ്ങളിലാണുള്ളത് എന്നവർ കണ്ടെത്തിയിരിക്കുന്നു!

ഇത് നഗരകേന്ദ്രിത മിഡിൽക്ലാസ്, അപ്പർ ക്ലാസുകാരുടെയും മിഡിൽ ക്ലാസ് സ്വപ്നം തങ്ങളുടെ മക്കൾക്കുവേണ്ടി മെനയുന്നവരുടെയും സ്വയം നിർണയാവകാശമായി മാറ്റി വെച്ചാൽത്തന്നെ 50-60 ശതമാനം വരുന്ന ഗ്രാമീണ ദളിത് ആദിവാസി ദരിദ്രമനുഷ്യരുടെ മക്കളുടെ വിദ്യാഭ്യാസ കാര്യമോ ?ഓർക്കുക, ഈ വലിയ വിഭാഗത്തിൽ നിന്നു തന്നെയാണ് രാജ്യത്തെ വലിയ വിഭാഗം ജീനിയസുകൾ, സാമൂഹൃബോധമുള്ള അഭ്യസ്തവിദ്യർ, എഴുത്തുകാർ, ജെ എൻ യു പോലെയുള്ള വിശ്രുത സർവകലാശാലകളിലേക്ക് പ്രവേശനം ലഭിച്ചവർ ഒക്കെ ഇക്കാലം വരെ ഉണ്ടായിട്ടുള്ളത്. അവരാണ് സമൂഹത്തെ ചലനാത്മകമാക്കേണ്ടവർ. അത്തരക്കാരുടെ അടിസ്ഥാനവിദ്യാഭ്യാസത്തെ നുഴഞ്ഞു കയറിയെത്തുന്ന പുതിയ വിദ്യാഭ്യാസ പദ്ധതി ഭാവിയിൽ പ്രതികൂലമായി ബാധിക്കുമോ എന്നതിനെയാണ് ജനാധിപത്യസമൂഹം സസൂക്ഷ്മം നിരീക്ഷിക്കേണ്ടത്. കാരണം അവരിലാണ് മാനവികതയുടെ ഭാവി . രാജ്യത്തിൻ്റെ ഭാവി !

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആകർഷകമായ ലേബലിൽ ആണ് പുതിയ പാഠ്യപദ്ധതി എത്തുന്നതെങ്കിലും , രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് തൊഴിൽ പഠിക്കുക എന്നത് ഓപ്ഷണൽ അല്ല. അത് പാഠ്യപദ്ധതിയുടെ പ്രധാന ഇനമാണ്. നൈപുണി ട്രാക്കിംഗ്, പരിശീലനത്തിനുവേണ്ട സംവിധാനങ്ങൾ എന്നിവകണക്കിലെടുത്താവുമ്പോൾ പി. എം. ശ്രീ വിദ്യാലയങ്ങളിലും മററു കേന്ദ്രീയവിദ്യാലയങ്ങളിലും അത് ഐ ടി പഠനം പോലുള്ള വരേണ്യ അഭ്യാസമാണെങ്കിൽ സാധാരണ ഗ്രാമീണവിദ്യാലയങ്ങളിൽ (സർക്കാർ, എയ്ഡഡ്) വിദ്യാലയങ്ങളിൽ അവ തോട്ടപ്പണിയോ, കൃഷിയോ, കൈവേലകളോ, സെക്യുരിറ്റി ജോലിയോ വരെയാവാം. ജാതിക്കോളനികളിൽ നിന്നു വരുന്നവരോ , ആദിവാസികളോ ആണെങ്കിൽ നൈപുണി ട്രാക്കിംഗിൽ അവർ കുല, ഗോത്രത്തൊഴിലുകളിൽത്തന്നെ ചെന്നെത്തും. വിദ്യാഭ്യാസത്തിനൊപ്പം ജീവിക്കാൻ വേണ്ട വഴിയും കണ്ടെത്താൻ കഴിയുന്നത് നല്ലതല്ലേ എന്നു ചിന്തിക്കുന്നവരോട് പറയാനുള്ളത്, ഭാഷാപഠനമോ സാമൂഹൃശാസ്ത്ര പഠനമോ നടത്തേണ്ട സമയം അപഹരിച്ചു കൊണ്ടല്ല അതു നടത്തേണ്ടത് എന്നാണ്. ആറാം ക്ലാസു മുതൽ നിർബന്ധ പീരിയഡുകളായി ഈ അഭ്യാസം നടക്കുന്നു എന്നുള്ളത് അറിയാതെ പോവരുത് എന്നും.

5 + 3 + 3+ 4 എന്ന രീതിയിൽ അംഗൻവാടിക്കാലമായ രണ്ടു വർഷത്തെ പ്രീപ്രൈമറി കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഘടനയിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ അപകടമെന്താണ്? പരിശീലനം കഴിഞ്ഞ പ്രൈമറി അധ്യാപകസമൂഹത്തെ അപ്രസക്തമാക്കും വിധം ആദ്യത്തെ 5 വർഷം അൻഗൻവാടി ടീച്ചർമാർക്ക് ചെറിയ ട്രെനിനിംഗ് ഒക്കെ കൊടുത്ത് പുസ്തകമില്ലാ വിനോദകാലത്തെ നടത്തിപ്പുകാരായി പരിണമിപ്പിക്കുകയാണ്. കളികളിലൂടെ മാത്രം പഠനം. ആശയം കൊള്ളാം. പക്ഷേ, യഥാർത്ഥ യോഗ്യതയുള്ള എക്സ്പെർട്ട് അധ്യാപകരല്ലെങ്കിൽ പാളിപ്പോകാവുന്ന ഒന്ന് ! DPEP കാലത്ത് നമ്മളത് കണ്ടതാണ്. അപ്പോഴാണ് ചുരുങ്ങിയ വിദ്യാഭ്യാസയോഗ്യതയും വേതനവും പരിശീലനവുമുള്ള അംഗനവാടി ടീച്ചർമാർ ആദ്യ 5 വർഷം കുഞ്ഞുങ്ങളെ മേയ്ക്കേണ്ടത്. 5 കൊല്ലം അങ്ങനെ പ്രീ പ്രൈമറി ആയി കഴിഞ്ഞു പോയശേഷം , പഴയ സ്കീമിലെ മൂന്നാം ക്ലാസ് പ്രായം മുതൽ അഞ്ചാം ക്ലാസ് വരെ വീണ്ടും പുസ്തകം നിർബന്ധമില്ലാക്കാലം. തൊഴിൽ പരിശീലനവും ഇത്തിരി പുസ്തകപഠനവും. അതു മാനേജ് ചെയ്യാൻ പ്രാദേശികമായ യോഗ്യരുടെ സഹായം തേടാം .ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് ബോഡികൾക്കു (പഞ്ചായത്തിന്) അത്തരം യോഗ്യരെ നിർദ്ദേശിക്കാം. വേണമെങ്കിൽ ഏകാധ്യാപക പഠനമാക്കാം . ഇതിനെപ്രിപ്പാറട്ടറി സ്റ്റേജ് എന്നാണ് വിളിക്കുക. പഠിക്കാൻ വേണ്ട പ്രിപ്പറേഷൻ മാത്രമാണ് അവിടെയും നടക്കുന്നത് എന്നർത്ഥം. ആർ എസ് ബോഡികൾ കോച്ചിംഗ് കൊടുത്തിറക്കുന്ന അനൗപചാരിക അധ്യാപകർ വൈകാതെ ആ ഉത്തരവാദിത്തo ഏറ്റെടുത്തെന്നുവരും. (ലഘുലേഖ – പി എം ശ്രീ& എൻ . ഇ പി വിരുദ്ധ സമിതി) ഭാഷാജ്ഞാനം? ഓ, അത്രയൊക്കെ മതിയെന്നേ ! പ്രാദേശിക ഭാഷ ഉപയോഗിക്കാനറിയണം , അത്രയല്ലേ തൊഴിലാളികളാവാൻ ആവശ്യമുള്ളു? പിന്നെ ചുരുക്കിയ , വക്രീകരിക്കപ്പെട്ട ചരിത്രവുമുണ്ടാവും. ഇനി ആറാം ക്ലാസു മുതൽ പഴയ 8 -ാം ക്ലാസ് ഉൾപ്പെടെയുള്ള മൂന്നാംഘട്ടത്തിൽ (മിഡിൽ സ്റ്റേജ് ) പുസ്തകങ്ങൾ കാണും. വർഷത്തിൽ 10 ദിവസമെങ്കിലും പുസ്തകമില്ലാ ചിട്ടയാർന്ന പരിശീലനകാലം തുടരുകയും ചെയ്യും.


ആശാരിപ്പണി, മൺപാത്രനിർമ്മാണം, ഇലക്ടിക്കൽ പണികൾ തോട്ടപ്പണി കൊട്ടനെയ്ത്ത് തുടങ്ങിയവയായിരിക്കും അത്തരം ഗ്രാമീണ സ്കൂളുകൾക്ക് സ്വീകരിക്കാനാവുക. പിന്നെയുള്ള 4 വർഷത്തിലും തൊഴിൽ പരിശീലനം തുടരും. ഭാഷാപരിശീലനം, വിഷയപഠനം, ഒക്കെ ചുരുങ്ങും. ഭാഷയുറക്കാത്ത, വികലചരിത്രം മാത്രം ശീലിച്ച , ചിന്തിക്കാത്ത, അനുസരിക്കാൻ മാത്രമറിയാവുന്ന, തൊഴിലാളികളെ അങ്ങനെ സൃഷ്ടിച്ചെടുക്കാം. ഇവരിൽ എത്ര പേർ എൻ. ടി .എ യുടെ ദേശീയതല എൻട്രൻസ് പരീക്ഷയിൽ (CUET) വിജയിച്ച് ഉന്നതവിദ്യാഭ്യാസത്തിന് അർഹതപ്പെട്ടവരാവും എന്ന് ഊഹിച്ചാൽ മതിയല്ലോ.


കുലത്തൊഴിൽ ശീലിച്ചവരും അല്ലാത്തവരും എന്ന നിലയിൽ ജാതിവിഭജനവും ഉന്നത വിദ്യാഭ്യാസം നേടാനാകുന്നവരും അല്ലാത്തവരും എന്ന നിലയിൽ വർഗവിഭജനവും സാധിതമാവും. സംഘ്പരിവാറിൻ്റെ സനാതന ധർമ്മപരിപാലനം അങ്ങനെ വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കിയെടുക്കും.

സ്‌കൂളുകളുടെ ലയനവും അടുത്തടുത്തുള്ളവ കൂട്ടിച്ചേർത്ത് ക്ലസ്റ്റർ സ്കൂളുകൾ അല്ലെങ്കിൽ ,സ്കൂൾ കോംപ്ലക്സുകൾ ഉണ്ടാക്കിയെടുക്കുക വഴി അധ്യാപകരുടെ എണ്ണവും പരിശീലന പരിപാടികളും കുറച്ചു കൊണ്ടുവരാനുള്ള നിർദ്ദേശവും എൻ. ഇ.പി. 2020 യിൽ ഉണ്ട്. 5-10 കിലോമീറ്റർ ചുറ്റളവിലെ ഒട്ടനവധി സ്‌കൂളുകൾ അങ്ങനെ പൂട്ടിപ്പോവും. യു പിപോലുള്ള സംസ്ഥാനങ്ങളിൽ ഇത് വ്യാപകമായിരിക്കുന്നു. കുഞ്ഞുങ്ങളുടെ പൊഴിഞ്ഞു പോക്കും സാധാരണ സംഭവമാകും.

സ്‌കൂൾ നടത്തിപ്പിനായി സന്നദ്ധസംഘടനകളുടെ സഹായം (PPP_Public Private Partnership) തേടാം. സ്വാഭാവികമായും പാർട്ണർഷിപ് വിദ്യാലയങ്ങൾക്ക് സംവരണം നൽകാനുള്ള ബാധ്യതയൊന്നുമുണ്ടാവില്ല. സാർവത്രിക സൗജന്യ അടിസ്ഥാനവിദ്യാഭ്യാസമെന്ന ആശയം തന്നെ അങ്ങനെ തകർക്കപ്പെടും. സ്കൂൾ നടത്തിപ്പിൽ സ്വകാര്യ മേഖലയ്ക്ക് മേൽക്കൈ വരും. സർക്കാരിൻ്റെ ഉത്തരവാദിത്തം കുറച്ചു കുറച്ചു കൊണ്ടുവരണം എന്ന കാര്യത്തിൽ നിർബന്ധം ചെലുത്താൻ മുകളിലിരുന്ന് ചരടുവലിക്കുന്ന വേൾഡ് ബാങ്ക് പോലുള്ള ശക്തികളുണ്ട്. SSK ഫണ്ടും STARS (Stregthening Teaching,Learning and Results for States) ഫണ്ടും പി. എം. ശ്രീക്കുള്ള താങ്ങും വെറുതെ കിട്ടുന്നതല്ലല്ലോ. നവലിബറൽ ലോകത്തിനു വേണ്ട എല്ലാത്തരം തൊഴിലാളികളെയും ഉണ്ടാക്കിക്കൊടുക്കുക എന്നതു തന്നെയാണ് സാമ്പത്തിക സഹായം കൈക്കൊള്ളുന്ന മൂന്നാം ലോക രാജ്യങ്ങൾക്ക് ഇനി ചെയ്യാനുള്ളത്.

പ്രൊഫഷണൽ കോഴ്സുകൾക്കുമാത്രമല്ല, കോളേജ് വിദ്യാഭ്യാസത്തിനുള്ള അർഹതയ്ക്കു പോലും എൻട്രൻസ് കോച്ചിംഗ് അത്യാവശ്യമാക്കുന്നതിലൂടെ അത്തരം സ്വകാര്യസ്ഥാപനങ്ങളുടെ തഴച്ചു വളരൽ കൂടി പ്രോത്സാഹിപ്പിക്കപ്പെടും.


ഉന്നതവിദ്യാഭ്യാസ മേഖലയിലാവട്ടെ, ആഴത്തിലുള്ള വിഷയപഠനമോ സർഗാത്മകമായ വിദ്യാർത്ഥി കൂട്ടുചേരലുകളോ സ്വതന്ത്രചർച്ചകളോ സംവാദങ്ങളോ സാധ്യമാകാത്ത വിധം ക്രെഡിറ്റ് സിസ്റ്റം ഏർപ്പെടുത്തപ്പെടുകയും ഡിഗ്രിപഠനം 4 വർഷമാക്കുകയും ക്രെഡിറ്റ് നേടാൻ (Academic Bank of Credit_ABC) കോളേജ് ബാഹൃ ഓൺലൈൻ കോഴ്സുകളിൽ സമാനമായി പഠിക്കാനും മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് രീതിയിലൂടെ ഒരു വർഷം മുതൽ വിവിധ ഗ്രേഡിലുള്ള സർട്ടിഫിക്കററുകളോടെ പുറത്തു പോകാനും വീണ്ടും സൗകര്യമുള്ളപ്പോൾ വന്നു ചേരാനും സാധിക്കും വിധം വിദ്യാഭ്യാസത്തെയും അനുബന്ധങ്ങളെയും ചിതറിച്ചുകളഞ്ഞ് വെറും ഉദ്യോഗാർത്ഥികൾ മാത്രമായി അവരെ പരിണമിപ്പിക്കുകയാണ്.


യൂണിവേഴ്സിററികൾക്കു പകരം സ്വയംഭരണ കോളേജുകൾ, കോർപ്പറേറ്റ് ബാന്ധവത്തിനായി NAAC Accreditation, അഞ്ചു ശതമാനമെങ്കിലും ക്രെഡിറ്റ് ഇന്ത്യൻ ജ്ഞാന വ്യവസ്ഥാ കോഴ്സുകളിൽ (Indian Knowledge System-IKS) നിന്ന്. ഇങ്ങനെയിങ്ങനെ പാരമ്പര്യജീർണതയും കോർപ്പറേറ് താൽപ്പര്യങ്ങളും കുത്തി നിറച്ച ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശനം ലഭിക്കാൻ, ഇതിനിടെ കെടുകാര്യസ്ഥതയും അഴിമതിയും തെളിയിച്ച നാഷണൽ എൻട്രൻസ്ടെസ്ററുകളിലൂടെ, അതിൻ്റെ അനാവശ്യ സമ്മർദ്ദങ്ങളിലൂടെയാവുകയും വേണം.

നന്ദിത നരേൻ

അക്കാദമീഷ്യനും ആക്ടിവിസ്ററുമായ നന്ദിത നരേൻ (സെൻ്റ് സ്റ്റീഫൻസ് കോളജ്, ന്യൂഡൽഹി) ‘ദ വയർ’ ന് കൊടുത്ത ഇൻ്റർവ്യൂവിൽ പറയുന്ന കാര്യങ്ങൾ ചിന്തനീയങ്ങളാണ്. NTA എന്നത് ഒരു ഗവണ്മെൻറുബോഡിയല്ല. എന്നു മാത്രമല്ല, അതിൻ്റെ അക്കാദമിക് ചുമതലകളെല്ലാം ഓട്ട്സോഴ്സ് ചെയ്യപ്പെടുകയാണ് ! നീറ്റ് പരീക്ഷാ ഫലത്തിലെ അപാകതകൾക്ക് കാരണം ചുഴിഞ്ഞ വിദ്യാർത്ഥി കണ്ടെത്തിയ ഇപ്രാവശ്യത്തെ ആ റിസോഴ്‌സ് ഗ്രൂപ്പ് എത്ര വിവാദത്തിൽ പെട്ടതും വിശ്വസിക്കാൻ കൊള്ളാത്തതുമായിരുന്നു എന്നു നമ്മൾ കേട്ടു. വിദ്യാഭ്യാസമന്ത്രിയെയും വകുപ്പിനെയും ഇന്ന് മുള്ളിൽ നിർത്തിയിരിക്കുന്നതും ഇതു തന്നെയാണ്. അഴിമതി, കെടുകാര്യസ്ഥത ഇവയൊക്കെ ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ ഭാവിതന്നെ അപകടത്തിലാക്കിയിരിക്കുന്നു. അപ്പോൾപ്പിന്നെ ഇപ്പോൾ സെൻട്രൽ യൂണിവേഴ്സിററികളിലെ അഡ്മിഷനുവേണ്ടി എഴുതേണ്ട CUET ടെസ്ററ്‌ പോലെയൊന്ന് രാജ്യത്തെ എല്ലാ കോളേജുകളിലെ അഡ്മിഷനും ബാധകമാക്കുകയാണെങ്കിൽ ഉണ്ടാകാവുന്ന കുഴമറികൾ ഊഹിക്കാമല്ലോ.

ജെ.എൻ യു ഉൾപ്പെടെയുള്ള സെൻട്രൽ യൂണിവേഴ്സികളിൽ ഈയടുത്ത കാലം വരെ ബ്രില്യൻ്റായ കേരളം,തമിഴ്നാട്, ബംഗാൾ വിദ്യാർത്ഥികളാണ് CUET പാസ്സായി വന്നിരുന്നവരിൽ ഭൂരിപക്ഷവും എന്നായിരുന്നുവെങ്കിൽ, ഇന്നത് ബീഹാർ, ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലെ നിലവാരം കുറഞ്ഞ കുട്ടികളാണ് എന്ന് നന്ദിതാ നരേൻ തന്നെ പറയുമ്പോൾ കാരണങ്ങൾ ഊഹിക്കാവുന്നതേ ഉള്ളല്ലോ.

കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളജുകളിൽ ഇപ്പോൾ ഡിഗ്രി അഡ്മിഷൻ നടക്കുന്നത് സെൻട്രൽ എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനമാക്കിയല്ലല്ലോ . അങ്ങനെ ആക്കണമെങ്കിൽ അത് യൂണിവേഴ്സിറ്റി വിസിമാരുടെ തീരുമാനത്തിന് വിധേയമാണ്. അതുകൊണ്ടൊക്കെത്തന്നെയാണ് വിസി ഉൾപ്പെടെ, യൂണിവേഴ്സിറ്റി കരിക്കുലവും നടത്തിപ്പും കൈകാര്യം ചെയ്യുന്ന സെനററ് സിൻഡിക്കേറ്റ് അംഗങ്ങളുടെ അപ്പോയിൻ്റ്മെൻ്റ് വരെ, ഗവർണറെ ഉപയോഗിച്ച് വരുതിയിലാക്കാൻ കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നതും.


എൻ ഇപി 2020 നിർദ്ദേശമനുസരിച്ച് അക്കാദമിക് കൗൺസിലിലും സിൻഡിക്കേറ്റിലും വ്യവസായ പ്രതിനിധികളെ അംഗങ്ങളാക്കാനുള്ള നിർദ്ദേശവുമുണ്ട് .ക്ലസ്റ്റർ കോളേജുകൾ , അധ്യാപക നിയമനങ്ങൾ താൽക്കാലികമാക്കൽ വ്യവസായികളുമായി ചേർന്ന് റിസർച്ച് പ്രോജക്ററുകൾ ,തുടങ്ങി അതിശയങ്ങൾ ഏറെയുണ്ടിനിയും.


പറയൂ, പ്രബുദ്ധകേരളമെങ്കിലും പ്രതിരോധമുയർത്തണ്ടേ? സർക്കാരുകൾ പല തരം സ്വാധീനങ്ങൾക്കും ഭീഷണികൾക്കും വിധേയരാവാം. ജനങ്ങളാണ് പറയണ്ടത് ,ഞങ്ങളുടെ ഇളം തലമുറയെ നശിപ്പിക്കാൻ ഞങ്ങൾ അനുവാദം തരില്ല എന്ന്. ജനങ്ങളുടെ തീരുമാനങ്ങളാണ് ജനാധിപത്യത്തിൽ സർവപ്രധാനമെന്ന്.


Ref:

  • സ്വേച്ഛാധിപത്യത്തിൻ്റെ ബോധനശാസ്ത്രം – കെ. വി.മനോജ് / ഡോ സ്മിത പി.കുമാർ
  • NEP-2020 ജനങ്ങളെ കോർപ്പറേറ്റ് അടിമകളാക്കാനുള്ള ഫാസിസ്റ്റ് അജണ്ട.

About Author

ഡോ. ഖദീജാമുംതാസ്

ഡോ .ഖദീജാമുംതാസ് - നോവലിസ്റ്റും ലേഖികയുമായ മെഡിക്കൽ ഡോക്ടർ . പി.എസ്., ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റും പ്രൊഫസറുമായിരുന്നു. നാല് നോവലുകളും 3 ചെറുകഥാ സമാഹാരങ്ങളും സാഹിത്യത്തെയും സാമൂഹിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളുടെ പുസ്തകങ്ങളുടെയും രചയിതാവ്. ബർസ എന്ന നോവൽ 2010-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2016 മുതൽ 6 വർഷം കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയർ പേഴ്‌സൺ സ്ഥാനം വഹിച്ചിട്ടുണ്ട്, ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗമാണ്. പ്രൊഫ. സച്ചിദാനന്ദൻ നയിക്കുന്ന മാനവിക പ്രസ്ഥാനമായ ദേശീയ മാനവിക വേദിയുടെ വൈസ് ചെയർപേഴ്സണും ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x