A Unique Multilingual Media Platform

Articles FIFA World Cup 2026 Sports

ഫുട്ബോളിന്റെ അസ്വസ്ഥ സുന്ദരൻ, അഥവാ ടച്ച്‌ലൈനിലെ തത്ത്വചിന്തകൻ

  • July 1, 2026
  • 1 min read
ഫുട്ബോളിന്റെ അസ്വസ്ഥ സുന്ദരൻ, അഥവാ ടച്ച്‌ലൈനിലെ തത്ത്വചിന്തകൻ

ചില ടീമുകൾ ലോകകപ്പിൽ നിന്ന് പുറത്താകുമ്പോൾ അനുഭവപ്പെടുന്ന ശൂന്യത പോലെ, ചില പരിശീലകർ അരങ്ങുവിടുമ്പോഴും ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ വിചിത്രമായ ഒരു വിഷാദം ബാക്കിയാവും. വിജയങ്ങളുടെ കണക്കുകൾ കൊണ്ടല്ല, കളിയോടുള്ള അവരുടെ പ്രണയവും വ്യക്തിത്വത്തിന്റെ തീവ്രതയും കൊണ്ടാണ് ആ വിഷാദം മുളപ്പൊട്ടുന്നത്. അത്തരത്തിൽ ഒരാളാണ്, ഇക്വഡോർ പരിശീലകൻ സെബാസ്റ്റ്യൻ ബെക്കാസെസെ.

അദ്ദേഹത്തെ ആദ്യമായി കാണുന്നവർക്ക് ഒരു ഫുട്ബോൾ പരിശീലകനേക്കാൾ ഒരു കലാകാരനെയോ, നിരന്തരം ചിന്തകളിൽ മുഴുകിയിരിക്കുന്ന ഒരു എഴുത്തുകാരനെയോയാണ് മനസിലേക്ക് വരിക. അലക്ഷ്യമായി വീണുകിടക്കുന്ന സ്വർണനിറമുള്ള മുടിയിഴകൾ, താടിയുടെ നേർത്ത വര, ബോയിങ് 747 വിമാനത്തെ ഓർമ്മിപ്പിക്കുന്ന നീണ്ട മൂക്ക്, എപ്പോഴും എന്തൊക്കെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന കണ്ണുകൾ—ബെക്കാസെസെയുടെ മുഖഭാവത്തിൽ തന്നെ ഒരു അസ്വസ്ഥമായ ഊർജമുണ്ട്.

ടച്ച്‌ലൈനിൽ നിൽക്കുമ്പോൾ അദ്ദേഹം ഒരു പരിശീലകനേക്കാൾ ഒരു നാടകസംവിധായകനെപ്പോലെയാണ്. കൈകൾ നിരന്തരം ചലിക്കുന്നു. ശരീരം മുഴുവൻ മത്സരത്തിന്റെ താളത്തിനൊപ്പം സഞ്ചരിക്കുന്നു. ഓരോ പാസിനോടും നീക്കത്തിനോടും വൈകാരികമായി പ്രതികരിക്കുന്നു. അതുകൊണ്ടാവാം, ഇക്വഡോർ ദേശീയ ടീമിന്റെ സൈഡ്‌ലൈനിൽ നിൽക്കുന്ന ആ മെലിഞ്ഞ മനുഷ്യൻ പലപ്പോഴും മത്സരത്തേക്കാൾ കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത്. അദ്ദേഹത്തിന്റെ മുഖത്തും ശരീരഭാഷയിലും വേഷത്തിലും എല്ലായ്പ്പോഴും ഒരു സന്ദേശമുണ്ട്—ഫുട്ബോൾ വെറും കളിയല്ല, അതൊരു അഭിനിവേശമാണ്.

അർജന്റീനയിലെ റൊസാരിയോ നഗരത്തിൽ നിന്നാണ് ബെക്കാസെസെ വരുന്നത്. അതൊരു നഗരം മാത്രമല്ല, അർജന്റീനൻ ഫുട്ബോളിന്റെ ഹൃദയമിടിപ്പാണ്. അവിടത്തെ ഓരോ തെരുവിലും ഒരു പന്തിന്റെ ചലനമുണ്ട്. ഓരോ വീട്ടിലും ഒരു ആഗ്രഹമുണ്ട്. ഒരുനാൾ മകൻ ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെയോ റൊസാരിയോ  സെൻട്രലിന്റെയോ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങട്ടെയെന്ന ഉള്ളുചുട്ട പ്രാർത്ഥന. ഈ നഗരത്തിൽ നിന്നാണ് ലയണൽ മെസ്സി, എയിഞ്ചൽ ഡി മരിയ, മാക്സിമിലിയാനോ റോഡ്രിഗസ്, ഇസീക്വൽ ലാവേസി, മൗറോ ഇക്കാർഡി, ജിയോവണി ലൊ സെൽസോ  തുടങ്ങിയവർ ലോകഫുട്ബോളിലേക്ക് നടന്നുകയറിയത്. അതേ കാലഘട്ടത്തിൽ, അതേ മണ്ണിൽ, മറ്റൊരു കുട്ടിയും വളർന്നുവരുന്നുണ്ടായിരുന്നു. പേര് സെബാസ്റ്റ്യൻ ബെക്കാസെസെ.

അവന്റെയും സ്വപ്നം ഫുട്ബോൾ തന്നെയായിരുന്നു. ഒരുനാൾ പ്രൊഫഷണൽ കളിക്കാരനാകുക. പക്ഷേ വിധി ആ മോഹത്തിന് വഴങ്ങിയില്ല. ഒരു സാധാരണ പ്രൊഫഷണൽ കരിയർ പോലും കൈവന്നില്ല. പലർക്കും അത് കഥയുടെ അവസാനമായേനെ. ബെക്കാസെസെ അത് തുടക്കമായെടുത്തു.

സെബാസ്റ്റ്യൻ ബെക്കാസെസെ

കളിക്കാരനാകാൻ കഴിയാതെ വന്നപ്പോൾ കളിയെ പഠിക്കാനാണ് അവൻ തീരുമാനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ പരിശീലന മൈതാനങ്ങളിലേക്ക് യാത്രകൾ തുടങ്ങി. ബസുകളിലും ട്രാമുകളിലും മാറിക്കയറി കിലോമീറ്ററുകൾ സഞ്ചരിച്ചു. പരിശീലകരെ അവരറിയാതെ നിരീക്ഷിച്ചു. കുറിപ്പുപുസ്തകങ്ങളിൽ ആശയങ്ങൾ രേഖപ്പെടുത്തി. മറ്റുള്ളവർ മത്സരം കാണുമ്പോൾ അവൻ കളിയുടെ ഘടന വായിച്ചു.

ഒരു ആക്രമണം എങ്ങനെ രൂപപ്പെടുന്നു? ഒരു ഗോൾ ജനിക്കുന്നത് ഏത് നിമിഷത്തിലാണ്? പതിനൊന്ന് വ്യക്തികളെ ഒരേ ചിന്തയിലേക്ക് എങ്ങനെ ബന്ധിപ്പിക്കാം?

ആ ചോദ്യങ്ങളായിരുന്നു അവന്റെ സർവകലാശാല.

ചെറിയ ലീഗുകളിലെ പരിശീലന ജോലികളിലൂടെ തുടങ്ങിയ യാത്രയ്ക്ക് വഴിത്തിരിവായത്  സാമ്പോളിക്കൊപ്പം ചേർന്നപ്പോൾ. സഹപരിശീലകനെന്ന നിലയിൽ ലോകഫുട്ബോളിന്റെ വലിയ വേദികൾ അടുത്തറിഞ്ഞു. ചിലിയുടെ കോപ്പ അമേരിക്ക വിജയവും അന്താരാഷ്ട്ര ടൂർണമെന്റുകളുടെ സമ്മർദവും ഉയർന്ന നിലവാരത്തിലുള്ള ഫുട്ബോളിന്റെ സങ്കീർണതകളും അനുഭവത്തിന്റെ ഭാഗമായിത്തീർന്നു.

ബെക്കാസെസെ നിഴലിൽ നിന്നുകൊണ്ട് പഠിച്ചു, കാത്തിരുന്നു, വളർന്നു. അർജന്റീന അണ്ടർ 20 ടീമിനെയും എൽച്ചെ എഫ്സി ഉൾപ്പെടെ പല ടീമുകളെയും പരിശീലിപ്പിക്കാൻ അവസരമൊത്തു.

2024 ൽ, 44-ാം വയസ്സിൽ, ഇക്വഡോർ ദേശീയ ടീമിന്റെ ചുമതല അപ്രതീക്ഷിതമായി  കൈകളിലെത്തി. ഉടൻ സംശയങ്ങളും ഉയർന്നു. കളിക്കാരനെന്ന നിലയിൽ ഒന്നുമല്ലാത്ത ഒരാൾക്ക് ദേശീയ ടീമിനെ പരിശീലിപ്പിക്കാനാവുമോ എന്ന ചോദ്യം പലരും ഉന്നയിച്ചു.

മറുപടി വാക്കുകളിലായിരുന്നില്ല. പരിശീലന മൈതാനത്തിലായിരുന്നു.

ബെക്കാസെസെയെ വേറിട്ടുനിർത്തുന്നത് തന്ത്രപരമായ മിടുക്ക് മാത്രം അല്ല. കളിക്കാരെ കാണുന്ന കാഴ്ചപ്പാടാണ്. ഓരോരുത്തരെയും ഒരു നമ്പറായോ പൊസിഷനായോ കാണുന്നില്ല, നിറവേറാനുള്ള സാധ്യതയായാണ് കാണുന്നത്. ഒരുകാലത്ത് സ്വപ്നം മാത്രം കൈവശമുണ്ടായിരുന്ന തന്റെ പ്രതിബിംബം പോലെ.

അതുകൊണ്ടാണ് യുവതാരങ്ങൾ അദ്ദേഹത്തിനൊപ്പം വളരുന്നത്. അവർക്ക് അദ്ദേഹം പരിശീലകൻ മാത്രമല്ല, വിശ്വസിക്കാൻ പഠിപ്പിക്കുന്ന ആളുമാണ്. 

ഇക്വഡോറിൽ അദ്ദേഹം രൂപപ്പെടുത്തിയത് പ്രതിഭകൾ നിറഞ്ഞ ഒരു സംഘത്തെ മാത്രമായിരുന്നില്ല, വ്യക്തിത്വമുള്ള ഒരു ടീമിനെ കൂടിയാണ്. യുവത്വത്തിന്റെ ആവേശത്തെ അച്ചടക്കത്തോടും സംഘടിത പ്രതിരോധത്തോടും ചേർത്ത് മത്സരക്ഷമമായ ഒരു യൂണിറ്റാക്കി മാറ്റി.

പന്തില്ലാത്തപ്പോൾ അവർ കൃത്യമായ അകലങ്ങൾ പാലിച്ച് പ്രതിരോധിക്കുന്നു, പന്ത് ലഭിച്ചാൽ യുവത്വത്തിന്റെ വേഗത്തിൽ മുന്നോട്ടു കുതിക്കുന്നു.

അദ്ദേഹത്തിന്റെ ടീമുകൾ ഓർമ്മിപ്പിക്കുന്ന ഒരു സത്യമുണ്ട് — വിജയത്തിന് എല്ലായ്പ്പോഴും വലിയ ശബ്ദമുണ്ടാകണമെന്നില്ല. ചിലപ്പോൾ അത് ക്ഷമയുടെയും കഠിനാധ്വാനത്തിന്റെയും നിശ്ശബ്ദ ഫലങ്ങളാണ്. ശക്തരായ എതിരാളികൾക്കെതിരെ പോലും ഇക്വഡോർ കാണിച്ച ധൈര്യവും അച്ചടക്കവും അതിന്റെ തെളിവാണ്. ജർമനിയെ തോൽപ്പിച്ച് മെക്സിക്കൊയോട് തോറ്റ് ഇക്വഡോറും ബെക്കാസെസെയും മടങ്ങുകയാണ്.

വർഷങ്ങൾക്കുശേഷം ഈ ലോകകപ്പിലെ മനോഹര ഗോളുകൾ മറന്നുപോയേക്കാം. എന്നാൽ ടച്ച്‌ലൈനിലൂടെ കാറ്റിൽ പറക്കുന്ന മുടിയിഴകളുമായി, കളിയുടെ ഓരോ സ്പന്ദനവും സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് നടന്ന ആ മെലിഞ്ഞ അർജന്റീനക്കാരൻ ഓർമ്മയുടെ മൂലയിൽ തുടർന്നും ജീവിക്കും.

 

About Author

എം. എം. ജാഫർ ഖാൻ

സംസ്ഥാന സർക്കാരിൻ്റെ മികച്ച സ്പോർട്സ് ജേർണലിസ്റ്റിനുള്ള ജി. വി. രാജ അവാർഡിനർഹനായ എം.എം.ജാഫർ ഖാൻ മലപ്പുറം അരീക്കോട് സ്വദേശിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x