കഴിഞ്ഞ കുറെ ദിവസങ്ങളായി ഫെയ്സ്ബുക്കിൽ ഏതാനുംപേരുടെ പരിദേവനം കാണുന്നു. പത്രങ്ങളിൽ ജാക്കറ്റ് പരസ്യം, രണ്ടും മൂന്നും പേജൊക്കെ കഴിഞ്ഞേ ശരിയായ പേജെത്തുന്നുള്ളുവെന്ന ആക്ഷേപം. പത്രം നിർത്താനൊരുങ്ങുകയാണ്, അത് അതിരാവിലെ എത്തിച്ചുതരുന്ന വിതരണക്കാരുടെ മുഖത്തുനോക്കി പറയാനാവാത്തതിനാലാണ് എന്നൊക്കെയാണ് ആവലാതി. ഇത് പത്രങ്ങളിൽ ആദ്യപേജുകൾ പരസ്യം കുത്തിനിറക്കുന്ന എല്ലാഘട്ടത്തിലും ഉയരാറുള്ള പരാതിയാണ്. അഞ്ചുവർഷത്തിലേറെക്കാലം മാതൃഭൂമിയുടെ കണ്ണൂർ ബ്യൂറോചീഫായി പ്രവർത്തിക്കുമ്പോൾ രാവിലെ വരുന്ന ഫോൺകോളുകളിൽ ഏറെയും പരസ്യവിരുദ്ധക്ഷോഭം നിറഞ്ഞതാണ്. ചിലർ അതിരുകടന്ന് സംസാരിക്കും. എട്ടോ എട്ടരയോ രൂപകൊണ്ട് പതിനാറോ ഇരുപതോ ബ്രോഡ്ഷീറ്റ് പത്രം നിങ്ങളുടെ വീട്ടിലെത്തിക്കാനാവുമോ, പരസ്യവരുമാനവും ചേർത്താണ് അത് സാധിക്കുന്നതെന്ന് അങ്ങേയറ്റം ക്ഷമയോടെ അവരൊടെല്ലാം വിശദീകരിക്കാറുണ്ട്. പത്രത്തോട് രാഷ്ട്രീയമായ വിരോധംവെച്ചുപുലർത്തുന്നവർ ആ മറുപടിയിലൊന്നും തൃപ്തരാകാതെ പത്രത്തിന്റെ ഉടമസ്ഥരെ അധിക്ഷേപിച്ചേ ഫോൺ വെക്കുക പതിവുള്ളൂ.

ഈ ലേഖകനൊക്കെ പത്രപ്രവർത്തനത്തൊഴിലിലേർപ്പെട്ടു തുടങ്ങുന്ന കാലത്ത് ഒന്നാം പേജിൽ രണ്ട് ഇയർപാനൽ പരസ്യങ്ങളാണ് സ്ഥിരംകുറ്റികൾ. മാതൃഭൂമിയിലെ ചിങ്ങവനം സിസ്റ്റേഴ്‌സ് ഒക്കെ ഓർക്കുക. ദേശാഭിമാനിയിൽ ദിനേശ്ബീഡിയുടെയു സി.എ. മൂത്താൻ ബനിയൻ കച്ചവടം പാലക്കാട് എന്ന പരസ്യം ഇടയ്ക്ക് ഇയർപാനലായി വരാറുണ്ടെന്നാണോർമ. സാധുബീഡി, ഖാജാ ബീഡി തുടങ്ങിയവയൊക്കെ… പിന്നെ ഭാഗ്യമുണ്ടെങ്കിൽ ഒന്നാം പേജിൽ ഒരു ക്വാർടർ പേജ് പരസ്യം. ആ പരസ്യം സന്ധ്യക്കുമുമ്പേ, അതായത് ഡസ്‌ക് യോഗത്തിന് മുമ്പേ കിട്ടിയില്ലെങ്കിൽ ന്യൂസ് എഡിറ്ററും അഥവാ പ്രൊഡക്ഷൻ ചുമതലക്കാരനായ ചീഫ് സബ് എഡിറ്ററും പരസ്യവിഭാഗക്കാരും തമ്മിൽ സംഘർഷാന്തരീക്ഷം സംജാതമാകും!. പത്രത്തിൽ വാർത്തകൾക്കാണ് പരമപ്രാധാന്യം, എഡിറ്റോറിയൽ വിഭാഗത്തിന് സ്വാഭാവികമായും മേൽക്കൈയുണ്ടാകും. എന്നാൽ പുതിയ കാലഘട്ടം പുതിയ മാധ്യമങ്ങളെയും പുതിയതരം മാധ്യമശൈലികളെയും സംസ്‌കാരത്തെയും സൃഷ്ടിച്ചു. ഒന്നാം പേജിൽ അരപ്പേജോ മുക്കാൽ പേജോ പരസ്യമായാലും തരക്കേടില്ല, ഒന്നാം പേജ് ജാക്കറ്റായാലുംആദ്യത്തെ നാല് പേജുവരെ പരസ്യമായാലും തരക്കേടില്ല എന്ന് വന്നു. ദി ഹിന്ദുവും ടൈംസ് ാേഫ് ഇന്ത്യയുമെല്ലാം ചിലപ്പോൾ ആദ്യത്തെ നാലോ അതിലധികമോ പേജ് പരസ്യത്തിനായി വിടാറുണ്ട്. പക്ഷേ മലയാളപത്രങ്ങളുടെ വായനക്കാരെപ്പോലെ ആ പത്രങ്ങളുടെ വരിക്കാർ ഓഫീസിൽവിളിച്ച് ആക്ഷേപമുന്നയിക്കാറില്ലെന്ന് തോന്നുന്നു.
ഏതായാലും ജാക്കറ്റ് പരസ്യംകൊടുത്താലേ തുണിയും ഇലക്ട്രോണിക് സാധനങ്ങളും വിറ്റുപോകുള്ളുവെന്നും എൻട്രൻസ് കോച്ചിങ്ങിന് ചേരുള്ളുവെന്നും അതിന്റെയെല്ലാം ഉടമകൾ വിശ്വസിക്കുന്ന സ്ഥിതിയായി. പരസ്യ ഏജൻസികൾ അവരെ അങ്ങനെ വിശ്വസിപ്പിക്കുന്നു. പരസ്യം വാർത്താരൂപത്തിൽ നൽകുന്ന രീതിയുംവന്നു. പരസ്യവാർത്തയുടെ അടിയിൽ പരസ്യം എന്ന് ചെറിയ അക്ഷരത്തിൽ കൊടുക്കും. എന്നാൽ അങ്ങനെയും ചെയ്യാതെ പരസ്യം വാർത്തയായി കൊടുക്കാനും ആരംഭിച്ചു. ജെയിൻ സർവകലാശാല ഒരു മലയാളപത്രത്തിന്റെ ഒന്നാം പേജ് സ്വന്തംനിലയ്ക്ക് വാർത്താരൂപത്തിലാക്കിയത്- ജാക്കറ്റ് പരസ്യം വലിയ എതിർപ്പുകൾ നേരിടുകയുണ്ടായി. എന്നാൽ മലയാളത്തിലെ എല്ലാ പത്രങ്ങളും ആ രീതിയും സന്തോഷത്തോടെ അംഗീകരിച്ചുകൊടുക്കാൻ തുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണത്തിന്റെ ഭാഗമായി എൽ.ഡി.എഫ്. നൽകിയ ഒരു ജാക്കറ്റ് പരസ്യം എതിരാളികളിൽനിന്ന് വലിയ വിമർശമുണ്ടാക്കിയല്ലോ. പരസ്യമാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകാത്ത തരത്തിൽ വാർത്താരൂപത്തിൽ വളരെ സമർഥമായി ഒരുക്കിയ പരസ്യമായിരുന്നു അത്. പത്രങ്ങളിൽ അങ്ങനെ പാടുണ്ടോ എന്ന വിമർശമാണുയർന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ ആധിപത്യം ജെ.സി.ജെയിനിന്റെ കയ്യിലെത്തിയപ്പോൾ പത്രാധിപരല്ല, മാനേജരോ ഉടമയോ ആണ് പത്രത്തിന്റെ അധിപൻ എന്ന നിലവന്നതായി പരക്കേ വിമർശമുയർന്നിരുന്നു. ജെയിൻ മാറിയ ശേഷവും ആ പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തേക്കാൾ മേധാവിത്വം മാനേജേമെന്റ്ിന് ലഭിച്ചെന്നും സാധാരണ പത്രലോകത്ത് സംസാരമുണ്ട്. എന്നാൽ ആ പറച്ചിൽ രാജ്യത്തെ എല്ലാ പത്രങ്ങൾക്കും ബാധകമായിക്കഴിഞ്ഞിരിക്കുകയാണെന്ന് വരുന്നു.
ഗത്യന്തരമില്ലാതെയാണ് എന്ന് വാദിക്കാം. കാരണം ഒന്നരലക്ഷം കോടിയിലും അല്പമധികമാണ് ഇന്ത്യയിൽ സമീപവർഷത്തെ പരസ്യവിപണിയിൽ ഇരങ്ങുന്നതെങ്കിൽ അതിന്റെ 18 ശതമാനം മാത്രമാണ് അച്ചടിപ്പത്രങ്ങളുടെ ഓഹരി. ഡിജിറ്റൽമേഖലയാണ് സിംഹഭാഗവും നേടുന്നത്. പത്രങ്ങളുടെ സർക്കുലേഷൻ വരുമാനമാണെങ്കിൽ വൻതോതിൽ ഇടിഞ്ഞു. പത്രം അതിവേഗം ഒരു അവശ്യവസ്തുവല്ലെന്ന നിലയിലെത്തുകയാണോ? ഒരു പത്രം പത്തുപേർ വായിക്കുമെന്നൊക്കെ പണ്ട് മേനിനടിക്കാറുണ്ടെങ്കിലും ഇപ്പോൾ അത് ശരാശരി ഒന്നിലേക്കു താഴുകയാണ്…
പത്രങ്ങളോടുള്ള വിപ്രതിപത്തിക്ക് കാരണം പുതിയ കാലത്തെ ഇതരസാധ്യതകളാണെന്ന് പറയുമ്പോഴും മത്സരത്തിന്റെ ഭാഗമായി പത്രങ്ങളിൽ വന്ന മൂല്യച്യുതിയെയും കാണാതിരുന്നുകൂട. പരസ്യം വാർത്തയാവുക, വാർത്ത പരസ്യമാവുക, പരസ്യം നൽകുന്നവർക്കെതിരായ കാര്യങ്ങൾ തമസ്‌കരിക്കുക തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ. മൂലധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ. ഇതെല്ലാം കാരണം ധാർമികമായി നിവർന്നുനിൽക്കാൻ മിക്ക പത്രങ്ങൾക്കും സാധിക്കാത്ത സ്ഥിതിവരുന്നു.

പത്രസ്ഥാപനങ്ങളിൽ ഒരുതരം ഗ്രഹണം സംഭവിക്കുന്നു. വാർത്തകളെ വിഴുങ്ങുന്ന പരസ്യങ്ങൾ. ഈ പരസ്യങ്ങൾ പലതും ഉല്പന്നങ്ങൾ വിൽക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാകണമെന്നില്ല, ആ പരസ്യംചെയ്യുന്ന വ്യക്തികളുടെയോ കമ്പനികളുടെയോ പ്രസ്ഥാനങ്ങളുടെയോ വേറെ സ്ഥാപിത താല്പര്യവുമായി ബന്ധപ്പെട്ടാവാം. ഉദാഹരണത്തിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ തൊലങ്കാനാ സർക്കാരിന്റെ മുഴുപ്പേജ് ജാക്കറ്റ് പരസ്യങ്ങൾ മലയാളത്തിലെ പ്രധാന മുഖ്യധാരാ പത്രങ്ങൾക്ക് തുടർച്ചയായി കിട്ടി. ചില ചാനലുകൾക്കും. തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയായിരുന്നു കേരളത്തിൽ യു.ഡി.എഫിന്റെ പ്രധാന പ്രചാരകരിൽ ഒരാൾ. തെലങ്കാനയിലെ പദ്ധതികളെക്കുറിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിൽ പരസ്യംചെയ്യുക, മറ്റു സംസ്ഥാനങ്ങളിലെ പത്രങ്ങളിൽക്കൂടി പരസ്യംചെയ്യുകയായിരുന്നെങ്കിൽ മനസ്സിലാക്കാം- പക്ഷേ കോടിക്കണക്കിന് രൂപ മലയാളത്തിലെ ചില പത്രങ്ങൾക്കും ചാനലുകൾക്കും മാത്രം ലഭിക്കുന്നു. കേരളത്തിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇറങ്ങിയ പണത്തിൽ ഏറെയും വന്നത് തെലങ്കാനയിൽനിന്നാണെന്ന ആരോപണത്തെ അതുമായി ചേർത്ത് വായിക്കണം. ഇതേപോലെതന്നെയാണ് മുമ്പത്തെ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ സർക്കാരിന്റെ പേരിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പടവും വെച്ച് മലയാളപത്രങ്ങളിൽ മലയാളത്തിൽ വന്ന തുടരൻ മുഴുനീള പരസ്യങ്ങൾ. കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടിന് നിശ്ചിത ശതമാനം പൈസ ഗൾഫിൽവെച്ച് നൽകുന്നതുപോലൊരേർപ്പാടാണ് തിരഞ്ഞെടുപ്പുകാലത്തെ മറുനാടൻ സംസ്ഥാനസർക്കാരുകളുടെ ജാക്കറ്റ് പരസ്യങ്ങൾ. കൂലി പണമായിട്ടായാലും നെല്ലായിട്ടായാലും തരക്കേടില്ലല്ലോ. പത്രങ്ങളിൽ ഉടമസ്ഥവികാരവിചാരങ്ങൾക്കാണ് പ്രാധാന്യം. എഡിറ്റോറിയൽ സർവതന്ത്രസ്വതന്തം എന്നത് മണ്ണടിഞ്ഞുപോയ ഒന്നാകുന്നു- ഏത് പത്രത്തെ സംബന്ധിച്ചും.
എന്നാൽ പണ്ട് ഇങ്ങനെയായിരുന്നോ. പത്രസ്വാതന്ത്ര്യം നാമമാത്രമായിരുന്ന കൊളോണിയൽകാലത്തുപോലും പത്രങ്ങൾ ധാർമികമായി തലയുയർത്തിപ്പിടിച്ചുനിന്നിരുന്നു. അന്തസ്സോടെ തലയുയർത്തിപ്പിടിച്ച് പൊരുതിനിന്ന പത്രാധിപന്മാർ, ന്യൂസ് ഡസ്‌കുകൾ. അത്തരമൊരു സംഭവത്തെക്കുറിച്ച് പ്രമുഖ പത്രപ്രവർത്തകനായ ടി.ജെ.എസ്.ജോർജ് ഘോഷയാത്ര എന്ന ഓർമക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. പത്രപ്രവർത്തനത്തിലെ മൂല്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പത്രപ്രവർത്തനത്തിലെ മൂല്യസംരക്ഷണത്തിനായി പ്രശസ്തരായ പത്രപ്രവർത്തകർ നടത്തിയ ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ നഖചിത്രം- ഇന്ത്യൻ പത്രപ്രവർത്തനചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കേണ്ട സംഭവം.. താൻ ദീർഘകാലം പ്രവർത്തിച്ച ബോംബെയിലെ ഫ്രീപ്രസ് ജേണലിൽനിന്ന് പ്രധാനികളായ ഏഴ് പത്രപ്രവർത്തകർ ഒറ്റയടിക്ക് രാജിവെച്ച് നടത്തിയ പ്രതിഷേധത്തിന്റെ കഥ.
ഘോഷയാത്രയിലെ ആടുപർവം എന്ന അധ്യായത്തിലെ പ്രസക്തഭാഗം അതേപടി ചുവടെ’ പത്രപ്രവർത്തനത്തിന്റെ ധീരമായ പ്രതീകമായിരുന്നു ഫ്രീ പ്രസ് ജേണൽ. പത്രധർമത്തിൽനിന്ന് വ്യതിചലിക്കാൻ വിസമ്മതിച്ചതുമൂലം എല്ലാം നഷ്ടപ്പെട്ട സദാനന്ദിന്റെ പത്രം ഒരുനാൾ വായനക്കാരെ ഞെട്ടിച്ച വെണ്ടക്കാ തലക്കെട്ടുമായി പുറത്തുവന്നു. wonder washing produce comes to town (അദ്ഭുതകരമായ സോപ്പുപൊടി നഗരത്തിൽ വന്നിരിക്കുന്നു)

സർഫ് എന്ന അലക്കുസോപ്പിന്റെ പരസ്യമാണ് പത്രം ആഘോഷിച്ചത്. ഹിന്ദുസ്ഥാൻ ലിവർ കമ്പനിക്കുവേണ്ടി ലിന്റാസ് പരസ്യക്കതമ്പനി ഇറക്കിയ പ്രത്യേക പതിപ്പായിരുന്നു സോപ്പുപത്രം. കമ്പനി കൊടുത്ത കാശുകണ്ടപ്പോൾ എ.ബി.നായർ സമ്മതംമൂളി. ഫ്രീപ്രസ്സിന്റെ പേരും മട്ടും അതേപടി ഉപയോഗിച്ചെങ്കിലും എഡിറ്റോറിയൽ വിഭാഗത്തിലുള്ള ആരും അറിയാതെയാണ് കാര്യം നടന്നത്. ….. ആദരണീയനായ വ്യവസായപ്രമുഖൻ എസ്.പി.ഗോദ്‌റേജ് എഡിറ്റോറിയലിന്റെ തലവനായ ഹരിഹരനെ ഫോണിൽ വിളിച്ച് പറഞ്ഞു’ ഫ്രീപ്രസ് വ്യഭിചരിക്കാൻ തീരുമാനിച്ചെങ്കിൽ ഇന്ത്യൻ പറ്റുവരവുകാരെ സ്വീകരിച്ചുകൂടായിരുന്നോ?’…
ആധുനികവൽക്കരണത്തിന്റെപേരിൽ പത്രങ്ങളുടെ ഇടയിൽ വ്യഭിചാരം മാന്യമായിരിക്കുന്ന അവസ്ഥയാണ് ഇന്ന്. 1959-ൽ അങ്ങനെയൊരു തകിടംമറച്ചിൽ ചിന്തിക്കാൻപോലും അസാധ്യമായിരുന്നു. …രോഷംകൊണ്ട പത്രപ്രവർത്തകർ എ.ബി.നായർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ആലോചിച്ചു. പ്രസിദ്ധ അഭിഭാഷകനായ എ.എസ്.ആർ.ചാരി അതുവേണ്ടെന്നുപദേശിച്ചു. പിന്നെ ഒരു പോംവഴിയേ ഉണ്ടായിരുന്നുള്ളൂ. ഹരിഹരനും വേറെ ആറുപേരും രാജിവെച്ചു. ജനങ്ങളുടെ ഉടമസ്ഥതയിൽ ന്യൂസ് ഡേ എന്ന പേരിൽ പുതിയൊരു പത്രമിറക്കാൻ അവർ പദ്ധതിയിട്ടു. പ്രധാന സംഘാടകർ എഡിറ്റർ ഹരിഹരനും ന്യൂസ് എഡിറ്റർ ശിവറാമും കാർടൂണിസ്റ്റുമാരായ ബാൽ താക്കറെയും പി.രവീന്ദ്രനും ഇംഗ്‌ളീഷ് എഡിറ്റിങ്ങ് വിദഗ്ധനായ എം.കെ.ബി.നായരും ക്രൈം റിപ്പോർട്ടർ എം.പി.അയ്യരുമായിരുന്നു. സംഗീതസംവിധായകൻ അനിൽ ബിശ്വാസിന്റെ ഇളയസഹോദരൻ സുനിൽ ബിസ്വാസും അവർക്കൊപ്പംകൂടി’ ഓഹരി പിരിക്കുന്നതിലെ കാര്യക്ഷമതക്കുറവുകാരണം ന്യൂസ് ഡേ വിജയിപ്പിക്കാനായില്ല എങ്കിലും ബോംബെ നഗരത്തിലെ ഏറ്റവും പ്രസിദ്ധ പത്രത്തിലെ ഏറ്റവും പ്രസിദ്ധരായ പത്രാധിപന്മാരും ലേഖകരും കാർടൂണിസ്റ്റുകളും ധാർമികത ഉയർത്തി രാജിവെച്ചുവെന്നത് ശ്രദ്ധേയമായ സംഗതിയായിരുന്നു.

സ്വാതന്ത്ര്യസമരനേതാവും സാമൂഹ്യനവോത്ഥാനത്തിനായുള്ള സമരത്തിലെ പോരാളിയുമായ സദാനന്ദ് നടത്തിയ പത്രം അദ്ദേഹത്തിന്റെ മരണാനന്തരം ഹുണ്ടികക്കാരുടെ കയ്യിലെത്തിയപ്പോഴത്തെ അവസ്ഥയിലേക്കാണ് ടി.ജെ.എസ്. ജോർജ് ശ്രദ്ധ ക്ഷണിച്ചത്. അനീതിക്കെതിരെ ധീരധീരം പ്രവർത്തിച്ചതിനാൽ സദാനന്ദിന്റെ പത്രത്തെ അധികൃതരും വ്യവസായ ലോബിയും വരിഞ്ഞുമുറുക്കി. കടക്കെണിയിലായ പത്രം വ്യാപാരിപ്രമുഖനായ എ.ബി.നായരുടെ കൈപ്പിടിയിലായി. അപ്പോൾ സംഭവിച്ച കാര്യമാണ് പരസ്യം വാർത്തയായി വന്ന മായാജാലം… വരിക്കാർക്കുള്ളതല്ല പ്രത്യേക സപ്ലിമെന്റാണ് എന്ന പറഞ്ഞുനിൽക്കാനുള്ള മാനേജ്‌മെന്റ് ശ്രമത്തെ പത്രാധിപന്മാർ അംഗീകരിച്ചില്ല.. മലയാളി പത്രപ്രവർത്തകരാണ് ഫ്രീപ്രസ് ജേണലിൽ അക്കാലത്ത് മേധാവിത്വം പുലർത്തിയത്.. ഇതിൽ സൂചിപ്പിച്ച ശിവറാം എം. ശിവറാം അല്ല. കെ.ശിവാറാം ആണ്. കൊച്ചിയിലെ ആദ്യത്തെ മന്ത്രിയും മദിരാശിയിലെ അഭിഭാഷകപ്രമുഖനുമായിരുന്ന അമ്പാട്ട് ശിവരാമമേന്റെ മകനാണ് കെ.ശിവറാം. അദ്ദേഹത്തെക്കുറിച്ച് വിശദീകരിക്കണമെങ്കിൽ വലിയൊരു ലേഖനം തന്നെ വേണ്ടിവരുമെന്നതിനാൽ ഇവിടെ നിർത്തുന്നു.





