A Unique Multilingual Media Platform

Articles Kerala Politics Society

വെള്ളാപ്പള്ളിയും മുജീബ് റഹ്മാനും: വർഗീയ സമീകരണത്തിന്റെ ഒളിവും തെളിവും കൊടുക്കലുകളും വാങ്ങലുകളും

  • July 20, 2026
  • 1 min read
വെള്ളാപ്പള്ളിയും മുജീബ് റഹ്മാനും: വർഗീയ സമീകരണത്തിന്റെ ഒളിവും തെളിവും കൊടുക്കലുകളും വാങ്ങലുകളും

കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ സാമുദായിക സംഘടനകൾക്കുള്ള പങ്ക് ദശാബ്ദങ്ങളായി ചർച്ച ചെയ്യപ്പെട്ടു വന്നിട്ടുണ്ട്. ഈ സമുദായിക സംഘടനകളിൽ പ്രധാനമായവയാണ് ശ്രീനാരായണ ധർമ്മപരിപാലന സംഘം എന്ന എസ്എൻഡിപി യും നായർ സർവീസ് സൊസൈറ്റി എന്ന് എൻ എസ് എസും. പരമ്പരാഗതമായി തന്നെ വലിയ സ്വാധീനം ചെലുത്തിയ ഈ ഹിന്ദു സമൂഹ സംഘടനകൾക്ക് ഒപ്പം മുസ്ലിം പക്ഷത്തുനിന്ന് കഴിഞ്ഞ രണ്ടര ദശാബ്ദമായി ശക്തമായി ഉയർന്നുവന്ന സംഘടനയാണ് ജമാഅത്ത് ഇസ്ലാമി. സമകാലിക കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ പരമ്പരയിലെ മൂന്നാം ഭാഗത്തിൽ എസ്എൻഡിപി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും, ജമാഅത്ത് ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാനുമാണ് ഫോക്കസിൽ.

വൈയക്തിക രാഷ്ട്രീയത്തിന്റെ തലത്തിലുള്ള താരതമ്യ പഠനമല്ല, മറിച്ച് തിരഞ്ഞെടുപ്പ് വിജയപരാജയങ്ങലൂടെ തലത്തിൽ ഈ വ്യക്തിത്വങ്ങളുടെ പറച്ചിലുകളും പ്രവർത്തനവും പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

 

നിയമസഭാ തിരഞ്ഞെടുപ്പും പുതിയ ഭരണവും ചില രാഷ്ട്രീയ – വ്യക്തിഗത വിജയ പരാജയങ്ങളുടെ കണക്കെടുപ്പും – III

 

വെള്ളാപ്പള്ളി നടേശൻ

ഈ തിരഞ്ഞെടുപ്പ് കാലത്ത് പത്ര കോളങ്ങളിൽ ഏറ്റവും നിറഞ്ഞു നിന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി എന്ന സമുദായ സംഘടനയുടെ നേതാവ് എന്ന നിലക്ക് കേരള പൗര ബോധത്തിൽ വർഷങ്ങളായി ഉയർന്നിരുന്ന ശബ്ദമാണ് വെള്ളാപ്പള്ളിയുടേത്. പക്ഷെ, ഉയർന്നു കേൾക്കുന്ന ശബ്ദങ്ങൾ പലപ്പോഴും കോലാഹലമായി തീരുന്നു എന്നതാണ് മുതലാളി എന്ന വിശേഷണത്തോടെ പലരും പരാമർശിക്കാനുള്ള വെള്ളാപ്പള്ളിയുടെ കാര്യത്തിൽ ഇത്തവണയും സംഭവിച്ചത്. പിണറായിയോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ, യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ സതീശനെ കടന്നാക്രമിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. തന്നെ എത്ര വിമർശിച്ചാലും, താൻ വഴങ്ങാനോ അനുസരിക്കാനോ പോകുന്നില്ല എന്ന സതീശന്റെ ഉറച്ച നിലപാട് വെള്ളാപ്പള്ളിയെ കൂടുതൽ ചൊടിപ്പിക്കുകയാണ് ചെയ്തത്. ന്യൂനപക്ഷങ്ങളെ തള്ളിപ്പറഞ്ഞു, മലപ്പുറം ജില്ലയയിലെ ജനങ്ങളെ അടച്ചാക്ഷേപിച്ച്, ലീഗിനെ മോശക്കാരാക്കി ചിത്രീകരിച്ചു കൊണ്ടുള്ള എസ്എൻഡിപി നേതാവിൻ്റെ പറച്ചിലുകൾ പക്ഷെ കേരള സമൂഹം തള്ളിക്കളഞ്ഞു എന്നാണ് നാം കണ്ടത്. തന്ത്രങ്ങൾ തിരിച്ചടിക്കുന്നു എന്ന് കണ്ടപ്പോൾ, മുസ്ലിം സമൂഹത്തെയല്ല, ലീഗിന്റെ നയങ്ങളെയാണ് താൻ എതിർക്കുന്നത് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാൻ നോക്കിയതും ആ ന്യായീകരണത്തിന് പിണറായി വിജയൻറെ ഏതാണ്ട് പ്രത്യക്ഷ തന്നെയായ പിന്തുണ സംഘടിപ്പിച്ചതും വിലപ്പോയില്ല.

ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ സ്ഥിരം പുറപ്പെടുവിക്കുന്ന സംഘപരിവാറും ബിജെപിയും, കേരള നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മൗനം പാലിച്ചപ്പോഴും, വെള്ളാപ്പള്ളി നടേശൻ യുഡിഎഫിനെയും, ലീഗിനെയും, മലപ്പുറം ജില്ലയേയും കടന്നാക്രമിച്ചു കൊണ്ടേയിരുന്നു. ഭൂരിപക്ഷ സമുദായത്തിന് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും മുസ്ലിം സമുദായം നേടിയെടുക്കുന്നു എന്ന് വെള്ളാപ്പള്ളി കിട്ടുന്ന അവസരങ്ങളിൽ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. തങ്ങൾക്ക് പകരം എസ്എൻഡിപി നേതാവ് എന്ന നിലക്ക് നടേശൻ പറയുന്നെങ്കിൽ പറയട്ടെ, സമൂഹത്തിൽ അത് ചർച്ചയായി നിൽക്കട്ടെ എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.

വെള്ളാപ്പള്ളിയുടെ സതീശനോടുള്ള എതിർപ്പിൽ, തങ്ങൾക്ക് എന്തേലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ എന്ന് കരുതി കൂടെക്കൂട്ടിയ പിണറായി ഗ്രൂപ്പിനും അവസാന നിമിഷത്തിലാണ് അപകടം മനസ്സിലായത്. പക്ഷെ തിരികെപ്പോക്കിനുള്ള സമയം കഴിഞ്ഞത് കൊണ്ട് സിപിഎം വെള്ളാപ്പള്ളിയെ ഒന്ന് മയപ്പെടുത്താൻ ശ്രമിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്ത് കാര്യമായി വെള്ളാപ്പള്ളിയെ പൊക്കിപ്പിടിച്ചു കൊണ്ട് നടന്ന ഇടതുപക്ഷം, നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ആളെ നിശ്ശബ്ദനാക്കി അകറ്റി നിറുത്തിയ കാഴ്ചയാണ് നമ്മൾ കണ്ടത്.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് എൻഎസ്എസുമായി കുറുക്കുവഴിയിലൂടെ ഉണ്ടാക്കാൻ ശ്രമിച്ച ഐക്യശ്രമവും തുടക്കത്തിൽ തന്നെ അവസാനിച്ചതും വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി. എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് തൻ്റെ മകനും, ബിജെപിയുടെ സഖ്യകക്ഷിയുമായ BDJS പാർട്ടിയുടെ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ ചുമതല ഏൽപ്പിച്ചപ്പോഴാണ് പിണറായിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. പക്ഷെ എൻഎസ്എസിൻ്റെ സുകുമാരൻ നായർ മിണ്ടാതിരുന്നില്ല. ഞങ്ങളില്ല ഈ കള്ളക്കളിക്ക് എന്ന് തറപ്പിച്ചു പറഞ്ഞത്, വെള്ളാപ്പള്ളി നടേശന് വ്യക്തിപരമായി വലിയ പരാജയമായി. തൻ്റെ പ്രകോപനപരമായ വർത്തമാനങ്ങൾക്ക്, ലീഗിന്റെ ഭാഗത്തു നിന്ന്, കാര്യമായ പ്രതികരണം ഉണ്ടാകാതിരുന്നതും വെള്ളാപ്പള്ളിയെ സംബന്ധിച്ചു ഒരു ബുദ്ധിമുട്ടായി. ഈ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി പോലും പറയാത്തത്ര വർഗ്ഗീയത പറഞ്ഞ മുതലാളി, ആനയെക്കാൾ വലിയ ആനപ്പിണ്ഡമായി മാത്രം ഒതുങ്ങി എന്നതാണ് സത്യം.

വെള്ളാപ്പള്ളി നടേശൻ

തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞു കോൺഗ്രസ്സിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ ചർച്ചകളിൽ ഇടപെട്ടാണ് വെള്ളാപ്പള്ളി തൻ്റെ ജാള്യത മറച്ചത്. യുഡിഎഫിന്റെ 102 സീറ്റ് വിജയം എൽഡിഎഫിന്റെ സ്ഥാനാർഥി നിർണ്ണയത്തിൽ ചാർത്തിയാണ് ഈ സമുദായ നേതാവ് തടിതപ്പിയത്. സതീശനെതിരെ, മറ്റ് നേതാക്കളെ നിർദ്ദേശിച്ചും, പിന്തുണച്ചും, പ്രകീർത്തിച്ചും വെള്ളാപ്പള്ളി നടേശൻ വാർത്തകളിൽ നിറയാൻ ശ്രമിച്ചു. മുഖ്യമന്ത്രി നിർണ്ണയം ലീഗിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാകും എന്ന് വരെ പറഞ്ഞു, വീണ്ടും ലീഗിനെ കടന്നാക്രമിച്ചു. എന്നാൽ ഇതിനൊന്നും ചെവികൊടുക്കാൻ ലീഗും കോൺഗ്രസ്സും തയ്യാറായില്ല എന്നതാണ്.

വെള്ളാപ്പള്ളിയുടെ ജല്പനങ്ങൾ തങ്ങൾക്കുണ്ടാക്കിയ തിരിച്ചടികൾ തിരിച്ചറിഞ്ഞു, എൽഡിഎഫ് നേതാക്കൾ ഓരോരുത്തരായി മുതലാളിക്കെതിരെ തിരിഞ്ഞതും വലിയ ക്ഷീണമായി. സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളും വരെ ഇടതുപക്ഷത്ത് നിന്ന് വെള്ളാപ്പള്ളിക്കെതിരെ സംസാരിച്ചത് എസ്എൻഡിപി സംഘടനയ്ക്കും ക്ഷീണമായി. ആർക്കും വേണ്ടാത്ത ഒരു വ്യക്തിത്വമായി തങ്ങളുടെ പ്രസിഡന്റ് മാറിയത് അവർക്ക് കണ്ടു നിൽക്കാനേ സാധിച്ചുള്ളൂ. ഇതിനു ഉത്തരവാദി വേറെയാരുമല്ല എന്നും അവരും സമൂഹവും മനസ്സിലാക്കുകയും ചെയ്തു.

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വസതി സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം (ജൂൺ 2026)

ഇതിനിടയിലാണ് അച്ഛനെയും മകനെയും എസ്എൻഡിപി നേതൃത്വത്തിൽ നിന്ന് മാറ്റിക്കൊണ്ടുള്ള കോടതി വിധി വന്നത്. ആഴ്ചകൾക്കുള്ളിൽ അതിനു സ്റ്റേ വാങ്ങിയെങ്കിലും, ഹൈക്കോടതിയിൽ നിന്നും കിട്ടിയ ഈ പ്രഹരം ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലക തന്നെയാണ്. NDA മുന്നണിയിൽ ഇപ്പോൾ വലിയ സ്ഥാനം ഒന്നുമില്ലാത്ത പാർട്ടിയുടെ നേതാവാണ് തുഷാർ വെള്ളാപ്പള്ളി. അതിൻ്റെ കൂടെ സമുദായ സംഘടനയിലെ സ്ഥാനം കൂടി പോയാൽ പിന്നെ സമൂഹത്തിൽ വെള്ളാപ്പള്ളിക്ക് വട്ടപ്പൂജ്യമാകും വില. മറ്റ് രണ്ടു മുന്നണികളും ഇനി ഉടനെയൊന്നും ഇവരെ പുനരധിവസിപ്പിക്കാനൊന്നും പോകുന്നില്ല. കോൺഗ്രസ്സിലെ ചുരുക്കം ചില നേതാക്കളുമായെങ്കിലും ബന്ധം തുടരുന്ന വെള്ളാപ്പള്ളിക്ക്, പക്ഷെ അതൊന്നുമൊരു കച്ചിത്തുരുമ്പിന്റെ ഉറപ്പു പോലും നൽകില്ല. മുഖ്യമന്ത്രിയെയും, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിനെയും വെറുപ്പിച്ചു നിറുത്തിയ ഒരാളെ അത്രപെട്ടെന്നൊന്നും യുഡിഎഫ് നേതൃത്വം സ്വീകരിക്കില്ല. എൽഡിഎഫിൽ വെള്ളാപ്പള്ളിയുടെ സുഹൃത്തായ പിണറായി വിജയന് ഇപ്പോൾ ക്ഷീണമായ സ്ഥിതിക്ക് അവിടന്നും കാര്യമായ സഹായമൊന്നും കിട്ടാൻ പോകുന്നില്ല. മകൻ തങ്ങൾക്കൊപ്പവും, അച്ഛൻ ഇടതിനൊപ്പവും എന്ന പ്രവർത്തനത്തിൽ ബിജെപിക്കും മുതലാളിയെ മനസ്സാ ഇപ്പോ വലിയ ഇഷ്ടമൊന്നുമില്ല. SNDP നേതൃത്വത്തിന്റെ കാര്യമാണെങ്കിൽ കോടതിയിലായത് കൊണ്ട്, മുന്നോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാകും എന്ന കാര്യത്തിൽ സംശയം വേണ്ട!

 

പി മുജീബ് റഹ്മാൻ

ഇത്തവണത്തെ തിരഞ്ഞെടുപ്പ് രംഗം പരിശോധിക്കുമ്പോൾ മാറ്റി നിറുത്താൻ കഴിയാത്ത പേരാണ് ജമാഅത്തെ ഇസ്ലാമിയുടേത്. കേരള സമൂഹത്തിൽ തള്ളാനും കൊള്ളാനും കഴിയാത്ത ഒരു സ്ഥാനമാണ് ജനമനസ്സുകളിൽ അവർക്കുള്ളത്. ഒരു മത സംഘടന എന്ന നിലക്ക് അത്തരത്തിലുള്ള മറ്റ് സംഘടനകൾക്ക് കൈവരിക്കാൻ കഴിയാത്ത നേട്ടങ്ങളാണ് അവരെ കൊണ്ട് സാധിച്ചത് എന്ന് എല്ലാവരും സമ്മതിക്കും. സ്വന്തമായി പത്രം, ടിവി ചാനൽ, ദേശത്തും വിദേശത്തും ചിട്ടയായി പ്രവർത്തിക്കാൻ സാധിക്കുന്ന അച്ചടക്കമുള്ള ഒരു സംഘടനാ സംവിധാനം എന്നിവ മറ്റുള്ളവർക്ക് സ്വപ്നം കാണാൻ മാത്രമേ സാധിക്കൂ. ഇതെല്ലാം സാധ്യമാക്കാനും, വീഴ്ച സംഭവിക്കാതെ കൊണ്ട് നടക്കാനും സാധിക്കുന്ന ശക്തമായ ഒരു നേതൃത്വനിരയെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നതാണ് അവരുടെ ശക്തി. സാമൂഹിക പ്രശ്നങ്ങളിലും, പരിസ്ഥിതി പ്രശ്നങ്ങളിലും ഇടപെട്ടു കൊണ്ടാണ് ജമാഅത്തെ ഇസ്ലാമി കേരളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. ജമാഅത്തെ ഇസ്ലാമിയും അവരുടെ പോഷക സംഘടനകളും ഈ രാജ്യത്ത് നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധിയാണ്. പ്രാദേശികമായ മൈക്രോ പ്രോജെക്ടുകൾ ഏറ്റെടുത്ത് നടത്തിയാണ് അവർ സമൂഹത്തിന്റെ ശ്രദ്ധ ആദ്യം നേടിയെടുത്തത്. ഇത്തരം പ്രവർത്തനങ്ങൾ തങ്ങളുടെ മതാചാരങ്ങളുടെ ഒരു ഭാഗമാണ് എന്നത് പോലെ തന്നെ, പ്രസ്ഥാനത്തിന്റെ വിപുലീകരണത്തിന് കൂടി അത്യാവശ്യമാണ് എന്ന നിലപാടായിരുന്നു അവർ എന്നും കൈക്കൊണ്ടു പോന്നിരുന്നത്.

പി മുജീബ് റഹ്മാൻ

ഇത്തരം ഇടപെടലുകളെ സാംസ്കാരിക നായകന്മാരെ അവരിലേക്ക്‌ അടുപ്പിക്കാൻ അവർക്കു സാധിച്ചു. ഇത് അവർക്ക് പൊതുബോധത്തിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യത ചെറുതൊന്നുമല്ല. അവരുടെ മാധ്യമ പ്രസ്ഥാനങ്ങൾക്കും ഇത് വഴി ഗുണമുണ്ടായി. ഇതെല്ലാമായിട്ടും, അവർ ഒരു ശക്തിയായ രാഷ്ട്രീയ പ്രസ്ഥാനമൊന്നുമല്ല. ജമാഅത്തെ ഇസ്‌ലാമി അടിസ്ഥാനപരമായി ഒരു മത പ്രസ്ഥാനമാണ്. അവർക്ക് പത്രസ്ഥാപനവും ചാനലും ഉണ്ട്. പക്ഷേ, അവർക്ക് പറയത്തക്ക ജനപിന്തുണ കേരളത്തിലില്ല. അവരുടെ തന്നെ വെൽഫെയർ പാർട്ടിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കുറെയേറെ വാർഡുകൾ പിടിക്കാൻ കഴിഞ്ഞു എന്നതിനപ്പുറം, കേരള രാഷ്ട്രീയത്തിൽ നിലനിൽപ്പിന് അത്യാവശ്യമായ കക്ഷി രാഷ്ട്രീയത്തിലേക്ക് കടന്നു ചെല്ലാൻ ഒരിക്കലും അവർക്ക് സാധിച്ചിരുന്നില്ല എന്നത് വലിയ പോരായ്മയായി നിന്ന് പോന്നു. കൂടാതെ ഇവരുടെ ഉത്ഭവത്തെ കുറിച്ചും, ആദ്യകാലങ്ങളിൽ ഭരണഘടനയോട് ഇവർക്കുണ്ടായിരുന്നു സമീപനങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾ ഒരു പരിധി വിട്ട് ജമാഅത്തിനെ വിശ്വസിക്കാൻ ജനങ്ങൾക്ക് തടസ്സമായി.

ഏതെങ്കിലും ഒരു മുന്നണിയിൽ കടന്നു കയറാത്ത ഒരു പാർട്ടിയെയും കേരള ജനത ഗൗരവമായി കണക്കാക്കാറില്ല എന്നതാണ് സത്യം. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതിന് ഒപ്പം ചേർന്നും (എൽഡിഎഫും പിണറായിയും അതിപ്പോൾ സമ്മതിക്കുന്നില്ലെങ്കിൽ പോലും), പിന്നീട് ദേശവ്യാപകമായി ഫാസിസിറ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ രാഹുലിനൊപ്പം നിന്നപ്പോഴും, അവരുടെ പിന്തുണ തുറന്നു സമ്മതിക്കാൻ ഇരുകൂട്ടരും മടിച്ചിരിന്നു. ഇത്തവണ അതിൽ നിന്നെല്ലാം മാറി, ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഘടക കക്ഷിക്ക്‌ തുല്യമായ ഒരു ഘടകമായി മാറി. അവരെ വിഘടന വാദികളെന്നും, ദേശവിരുദ്ധരെന്നും ഇടതു പക്ഷവും, ബിജെപിയും ഒരു പോലെ മുദ്രകുത്തി. വെള്ളാപ്പള്ളിയുടെ യുഡിഎഫ് നിലപാടിൽ, ലീഗിനൊപ്പം തന്നെയുള്ള സ്ഥാനം അവർക്കും ലഭിച്ചു. ജമാഅത്തിന്റെ കേരള അമീർ, മുജീബ് റഹ്മാൻ ഉള്ളിൽ നന്നായി ചിരിക്കുന്നുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പ് പോലും ജമാഅത്തിന് ഒപ്പമുള്ളവരും, എതിർ ചേരിയിലുള്ളവരും എന്ന നിലയിലേക്ക് എത്തിച്ചതിനു അമീറിനെ സമ്മതിക്കണം. സ്വാഭാവികമായും എന്നും എതിർക്കുന്ന ഫാസിസ്റ്റുകളുടെ നിലപാടിനേക്കാൾ, മതപരമായ നയങ്ങൾ ചൂണ്ടിക്കാട്ടി എന്നും അവരെ അകറ്റി നിറുത്തിയിരുന്ന മറ്റ് മുസ്ലിം സംഘടനകൾക്കിടയിലുണ്ടായ സ്വീകാര്യതയാണ് ഈ തിരഞ്ഞെടുപ്പ് അവർക്കു പുതുതായി നേടിക്കൊടുത്തത്. വർഷങ്ങളായി അവരുടെ പാർട്ടിയെ കൊണ്ട് സാധിക്കാത്തതാണ് ഈ പ്രസ്ഥാനം ഈ തിരഞ്ഞെടുപ്പിൽ നേടിയെടുത്തത്. പക്ഷെ, ഇതിനായി വെൽഫെയർ പാർട്ടിയെ കുരുതി കൊടുക്കേണ്ടി വന്നു എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്ന ഒരു പ്രശ്നം.

എല്ലാ വിമർശനങ്ങളും മറുപടി അർഹിക്കുന്നില്ല എന്നൊരു സംയമന നിലപാടാണ് അവർ എടുത്തത്. പണ്ടെല്ലാം വിമർശകർക്ക് നേരെ ആഞ്ഞടിക്കുന്ന മുജീബ് റഹ്മാനെയല്ല ഈ തിരഞ്ഞെടുപ്പ്കാലത്ത് മാധ്യമ പ്രവർത്തകർ കണ്ടത്. കർക്കശമായി എതിരാളികളെ നേരിടുന്ന മുജീബ് റഹ്മാന്റെ സ്ഥാനത്തു, പുഞ്ചിരി നിറഞ്ഞ ഒരു മുഖമാണ് ജമാഅത്തെ ഇസ്ലാമി കാഴ്ചാവച്ചതു. സൗബിൻ ഷഹിറിന്റെ ഒരു സിനിമ ഡയലോഗ് കടമെടുത്ത്, “ഇത്ര സിമ്പിളായിരിന്നോ മുജീബ് റഹ്‌മാൻ..?” എന്നാണു ഒരു മാധ്യമ സുഹൃത്ത് അന്ന് ചോദിച്ചത്!

തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും കൂടുതൽ കടന്നാക്രമിച്ചതു സിപിഎം നേതാക്കളാണ്. ആ സംഘടനയ്ക്ക് ഒരു ബന്ധവുമില്ലാത്ത മാറാട് കലാപമൊക്കെ അവർക്കുമേൽ മുതിർന്ന ഇടതുപക്ഷ നേതാക്കൾ ചാർത്തിക്കൊടുത്തപ്പോൾ, മുജീബ് റഹ്‌മാന്‌ കാര്യങ്ങൾ എളുപ്പമായി. വസ്തുതകൾ വച്ച് സംസാരിച്ചു അത്തരം അപവാദങ്ങളെ എതിർത്ത്, തങ്ങൾക്ക് എതിരേയുള്ളതെല്ലാം തെറ്റായ പ്രചാരണങ്ങളാണ് എന്ന് പറഞ്ഞു വയ്ക്കാൻ കേരള അമീറിന് സാധിച്ചു.

ജമാഅത്തെ ഇസ്‌ലാമിയെ പാർട്ടി വിമർശിക്കുന്നതിൽ ആവശ്യത്തിൽ കൂടുതൽ അനുപാതരഹിതമായ ഒരു വിമർശനം പാടില്ല എന്നത് തന്നെയാണ് എം എ ബേബി പറഞ്ഞത്. സജി ചെറിയന്റെയും, ബാലൻ സഖാവിന്റെയും വാക്കുകൾ അതിരുകടക്കുന്നു എന്ന് ജനം മനസ്സിലാക്കിയതിനെ തുടർന്നാണ് സിപിഎം നേതൃത്വത്തിന് ഇത് പറയേണ്ടി വന്നത്. ജമാഅത്തെ ഇസ്‌ലാമിക്കുമേൽ വർഗീയത, ഭീകരത തുടങ്ങിയ മുദ്രകൾ ചാർത്തിക്കൊടുത്തതും ഇത് കൊണ്ട് തന്നെ ജനം തിരസ്കരിച്ചു. ഈ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമി ലെഫ്റ്റിന്റേയോ മതേതരവാദികളുടേയോ ജനാധിപത്യവാദികളുടേയോ ഒരു മുഖ്യശത്രു അല്ല എന്ന് ഇടത് സഹയാത്രികൾക്കും പറയേണ്ടി വന്നു. എന്നിരുന്നാലും, ഇപ്പഴും ഇടതുപക്ഷത്തുള്ളവർ കരുതുന്നത്, അവർക്ക് എന്തെങ്കിലും ഒരു ബാർഗെയ്‌നിങ് പവർ കേരള രാഷ്ട്രീയത്തിലോ ഇന്ത്യൻ രാഷ്ട്രീയത്തിലോ ഇല്ല എന്ന് തന്നെയാണ്.

ഇവിടെയാണ് മുജീബ് റഹ്മാന്റെ വിജയം. തങ്ങൾക്ക് കിട്ടുന്ന പിന്തുണയിലൂടെ ഉണ്ടായിക്കിയെടുക്കുന്ന ന്യൂനപക്ഷ സൗഹൃദ പ്രതിച്ഛായ അവർ യുഡിഎഫിന് വാഗ്ദാനം ചെയ്തു. സതീശൻ ഇതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും, യുഡിഎഫ് മാത്രമാണ് യഥാർത്ഥ ഫാസിസ്റ്റ് വിരുദ്ധ മുന്നണി എന്ന് ജനസമക്ഷം സമർത്ഥിച്ചു. സതീശന്റേത് ഒരു സാഹസം തന്നെയായിരുന്നു എന്നു പറയാതെ വയ്യ.

മുൻപോട്ടുള്ള യാത്രയിൽ യുഡിഎഫിന് ഒപ്പം തന്നെ ഇനിയുള്ള കുറെ കാലമെങ്കിലും മുജീബ് റഹ്മാനും കൂട്ടരും ഉണ്ടാകും. ഉത്തരേന്ത്യയിലും ഡൽഹിയിലും നടപ്പാക്കി കൊണ്ടിരിക്കുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾ, മറ്റൊരു ആലോചനക്ക് ഇപ്പോൾ സമയം നൽകുന്നില്ല. എന്നിരുന്നാലും സമുദായത്തിന്റെ പിന്തുണ പൂർണ്ണമായും നേടിയെടുക്കാൻ ഇപ്പഴും ജമാഅത്തിന് സാധിച്ചിട്ടില്ല. കേരള മുസ്ലിം സമൂഹത്തിലെ ഭൂരിപക്ഷമായ സുന്നികൾ ഇപ്പഴും ജമാഅത്തിനെ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. സമസ്ത അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത്തരം ഒരു പിന്തുണ കിട്ടാത്തിടത്തോളം കാലം ഒരു രാഷ്ട്രീയ ശക്തിയായി മാറാൻ ജമാഅത്തിന് സാധിക്കില്ല. യുവജനതയെയും സ്ത്രീകളെയും കൂടുതലായി തങ്ങളിലേക്ക് അടുപ്പിക്കാൻ ഉതകുന്ന ആശയവിനിമയ പ്രക്രിയയാണ് ജമാഅത്തെ പിന്തുടരുന്നത്. പക്ഷെ പൂർണ്ണമായും ഇപ്പഴും അതൊരു പാർലമെന്ററി പൊളിറ്റിക്സിന് ഉപയുക്തമാക്കാൻ സാധിക്കുന്ന നിലയിലേക്ക് എത്തിയിട്ടില്ല. ഈ തിരഞ്ഞെടുപ്പിലെ അവരുടെ നയപരമായ വിജയം ഇനി അത്തരം ഒരു യുക്തിസഹമായ പര്യവസാനത്തിലേക്കു എത്തിക്കുന്നതിലാകും മുജീബ് റഹ്മാന്റെ മിടുക്ക്.


പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ഭാഗം നാളെ വായിക്കാം. മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ഷബീർ അഹമ്മദ്

സോഷ്യൽ എഞ്ചിനീയറിങ്ങിൽ താല്പര്യം ഉള്ള കൊച്ചി സ്വദേശിയായ എഞ്ചിനീയർ. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉന്നത മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിച്ച ഷബീറിന്റെ എഴുത്ത് താല്പര്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയാണ്. കായിക രംഗത്തെ കുറിച്ചും ലേഖനങ്ങൾ എഴുതാറുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Raj Veer Singh

A thoughtful conclusion to a timely series. It goes beyond personalities to examine the deeper questions of political leadership, accountability, and the future of Kerala’s democratic culture. Insightful and worth reading

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

1
0
Would love your thoughts, please comment.x
()
x