A Unique Multilingual Media Platform

The AIDEM

Articles Economy Politics

അദാനി: ക്രോണിയിസത്തിന്റെ ഉയർച്ച താഴ്ച്കൾ 

  • February 20, 2023
  • 1 min read
അദാനി: ക്രോണിയിസത്തിന്റെ ഉയർച്ച താഴ്ച്കൾ 

അദാനി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ‘വലിയ തകർച്ച’യും അതിൻറെ സാമ്പത്തിക രാഷ്ട്രീയ വീഴ്ച്ചയും സംബന്ധിച്ച് ദി ഐഡത്തിന്റെ കവർ സ്റ്റോറി തുടരുന്നു. ഈ ലേഖനത്തിൽ ചങ്ങാത്ത മുതലാളിത്തം എങ്ങനെ അദാനിയുടെ വളർച്ചയ്ക്ക് സഹായിച്ചുവെന്ന്  വിശദീകരിക്കുകയാണ് അഡ്വക്കേറ്റ് വി കെ പ്രസാദ്.


ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന്റെ മൂന്നാം ദിവസം മൗനത്തിന്റെ തോട് പൊട്ടിച്ചു പുറത്തുവന്ന അദാനി ഗ്രൂപ്പ്, 413 പേജിൽ പ്രസിദ്ധീകരിച്ച മറുപടിയിൽ മുന്നോട്ടു വച്ച മുഖ്യവാദം പ്രസ്തുത റിപ്പോർട്ട് രാഷ്ട്രത്തിനെതിരായ ആക്രമണമാണ് എന്നാണ്. 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയിൽ മോദിയുടെ പങ്കിനെക്കുറിച്ച് ബി.ബി.സി നിർമ്മിച്ച ഡോക്യുമെന്ററി പുറത്തുവന്നപ്പോൾ സംഘപരിവാർ ഉന്നയിച്ച വാദവും ഇതു തന്നെയായിരുന്നു. എന്നുവച്ചാൽ മോദിയും അദാനിയും തങ്ങളെ കാണുന്നത് രാഷ്ട്രത്തിന്റെ പ്രതീകങ്ങളോ രാഷ്ട്രം തന്നെയോ ആയിട്ടാണ് എന്നർത്ഥം. മോദി അധികാരത്തിൽ തുടരേണ്ടതും അദാനി സമ്പദ്ഘടനയിലെ അധീശത്വം നിലനിർത്തേണ്ടതും രാഷ്ട്രത്തിന്റെ ഭാവിഭാഗധേയത്തിന് അനിവാര്യമാണെന്നാണ് മേൽപ്പറഞ്ഞ വാദത്തിന്റെ വ്യംഗ്യം. 

മോദിയും അദാനിയും ആക്രമിക്കപ്പെട്ടാൽ രാഷ്ട്രം ഇടിഞ്ഞു വീഴുമെന്ന തരത്തിലുള്ള ഈ ചിത്രീകരണം തീർത്തും അയുക്തികവും അസംബന്ധവുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമാന്യബുദ്ധിക്ക് നിരക്കാത്ത ഇത്തരമൊരു വ്യാഖ്യാനം  പ്രചരിപ്പിക്കുന്നതിൽ പക്ഷെ സംഘപരിവാറിന് മടിയേതുമില്ല. അദാനി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഒരു ബാധ്യതയാണെന്ന് തിരിച്ചറിയുന്നതുവരേയും അവർ  അയാളെ രാഷ്ട്രത്തിന്റെ അഭിമാനത്തിന്റെയും അന്തസ്സിന്റെയും കൊടിയടയാളമായി വാഴ്ത്തിക്കൊണ്ടിരിക്കാനാണ് സാദ്ധ്യത.

അതുകൊണ്ടാണല്ലോ ഓഹരിക്കമ്പോളത്തിൽ അടിപതറി വീണ അദാനിയെ സംരക്ഷിക്കാൻ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളെ രംഗത്തിറക്കി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വൻതോതിൽ വാങ്ങിപ്പിച്ചത്. ​ഹിൻഡൻബ‍ർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമാണ് അദാനിയുടെ ഫോളോ ഓൺ പബ്ലിക്ക് ഓഫറിൽ എൽ ഐ സി 300 കോടി രൂപ നിക്ഷേപിച്ചതെന്നത് അർത്ഥ​ഗർഭമാണ്. റിസർവ്വ് ബാങ്കും സെബിയും അടക്കമുള്ള റെഗുലേറ്റർമാർ നെടുമൗനം തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഓഹരികമ്പോളം തലകുത്തി താഴെവീണിട്ടും വായ് തുറക്കാതിരുന്ന സെബി, സുപ്രീംകോടതി നിലപാട് തേടിയപ്പോൾ മാത്രമാണ് അന്വേഷണത്തിന് നടപടിയെടുത്തുവെന്ന് പറഞ്ഞത്. രാജ്യത്തെ റെഗുലേറ്ററി സംവിധാനത്തിന്റെ വിശ്വാസ്യത അന്തർദേശിയതലത്തിൽ ചോദ്യം ചെയ്യപ്പെട്ടിട്ടും പ്രധാനമന്ത്രിയോ ധനമന്ത്രിയോ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ വേണ്ടി യാതൊന്നും ചെയ്തില്ല. രാജ്യത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം മറന്നുകൊണ്ടാണ് റെഗുലേറ്റർമാർ മണലിൽ തലപൂഴ്ത്തുന്നതെന്ന കാര്യം ജനങ്ങൾ കാണാതെ പോകുന്നില്ല. കോർപറേറ്റുകളുടെ വരുതിയിലായിക്കഴിഞ്ഞ മാദ്ധ്യമങ്ങളും ഹിൻഡൻബർഗിനെ ഒരു ഓഹരികച്ചവടക്കാരനാക്കി ചിത്രീകരിച്ച് പ്രശ്നത്തെ നിസ്സാരവൽക്കരിക്കാനാണ് വെമ്പുന്നത്.

‘ക്രോണിയിസം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രതിഭാസത്തിന്റെ ഉൽപന്നമാണ് അദാനി. ഈ പ്രതിഭാസമാകട്ടെ നവ ഉദാരവൽക്കരണ നയങ്ങളുടെ സൃഷ്ടിയും. തങ്ങൾക്ക് പ്രിയപ്പെട്ട ഏതാനും കുത്തകകളെ നിയമവിരുദ്ധവും കുത്സിതവുമായ മാർഗ്ഗങ്ങളിലൂടെ വളർത്തിയെടുക്കുന്ന ഭരണകൂടശൈലിയുടെ പേരാണ് ക്രോണിയിസം. മോദിയാകട്ടെ അതിനെ ഒരു സാമ്പത്തിക തന്ത്രം തന്നെയാക്കി രൂപാന്തരപ്പെടുത്തുകയും അതിന് ദേശീയ താൽപര്യത്തിന്റെ പരിവേഷം നൽകുകയും ചെയ്തിരിക്കുന്നു.

നവ ഉദാരവൽക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ക്രോണിയിസം എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അദാനിയെ ദൃഷ്ടാന്തപ്പെടുത്തികൊണ്ട് ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാം.

ഉദാരവൽക്കരണകാലത്തിന് മുമ്പ് ഇന്ത്യയിലെ പശ്ചാത്തല സൗകര്യമേഖലയിലെ മുതൽ മുടക്ക് ഏതാണ്ട് മുഴുവനായിത്തന്നെ നടത്തിയിരുന്നത് സർക്കാരാണ്. വൈദ്യുതനിലയങ്ങളും തുറമുഖങ്ങളും വിമാനത്താവളങ്ങളും റോഡുകളും ഖനനവും ഉൾപ്പടെയുള്ള ഈ മേഖലയിൽ വലിയ മുതൽ മുടക്ക് ആവശ്യമായതു കൊണ്ടും ലാഭസാദ്ധ്യത താരതമ്യേന കുറവായതുകൊണ്ടും സ്വകാര്യകുത്തകകൾ വലിയ താല്പര്യം  പ്രകടിപ്പിച്ചിരുന്നുമില്ല. എന്നാൽ, ഉദാരവൽക്കരണനയങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്ന ഒരു ഏജൻസി (facilitator) മാത്രമായി സർക്കാർ പിൻവാങ്ങിയതോടെ പശ്ചാത്തല മേഖലയിലേക്ക് കുത്തകകൾക്ക് പ്രവേശനമൊരുങ്ങി. അവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കികൊടുക്കുവാനും പ്രോത്സാഹനമരുളാനും മാറി മാറി വന്ന ഭരണകൂടങ്ങളൊക്കെ ബദ്ധശ്രദ്ധരായിരുന്നു. അങ്ങനെ അവർക്കുവേണ്ടി വിലനിർണ്ണയ നയങ്ങൾ തിരുത്തിയെഴുതപ്പെട്ടു, വിപണി നിയന്ത്രണങ്ങൾ ഒഴിവാക്കപ്പെട്ടു. കൂടാതെ ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പകളും ബജറ്റുകൾ വഴി പൊതുഖജനാവിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും എല്ലാം ലഭ്യമായി. ഇതിനൊക്കെപ്പുറമെ പൊതുമേഖലയിലുള്ള സ്ഥാപനങ്ങളെ സ്വകാര്യകുത്തകകൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. നികുതിയിളവുകളും മറ്റും വേറെ. ഈ നവ ഉദാരവൽക്കരണ നടപടികളുടെ ചിറകിലേറിയാണ് ഇന്ത്യയിലെ കുത്തകകൾ പശ്ചാത്തല സൗകര്യമേഖലയിൽ കടന്നു കയറിയത്. അവരിൽ നിന്ന് “തെരെഞ്ഞെടുക്കപ്പെട്ട” കുത്തകയാണ് അദാനി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ കനിഞ്ഞു നൽകിയ സ്നേഹവാൽസല്യങ്ങളാണ് എതിരാളികൾക്ക് മേലെ പറക്കാനും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ എന്ന പദവിയിലേക്ക് കുതിക്കാനും അദാനിയെ സഹായിച്ചത്.

ഇന്ന് ഇന്ത്യയിലെ പശ്ചാത്തല മേഖലയിൽ അദാനി കടന്നുചെല്ലാത്ത മേഖലകൾ ഇല്ലെന്നു തന്നെ പറയാം. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജം, റോഡുകൾ, സിമൻറ്, ഖനികൾ തുടങ്ങി സകല മേഖലകളിലും അവർ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ആസ്ട്രേലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പദ്ധതികൾ അദാനിക്കു ലഭിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നടത്തിയ ഇടപെടലുകൾ ആഗോള തലത്തിൽത്തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം ആൾ എന്ന പ്രതിഛായ അദാനിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യം നിസ്തർക്കമാണ്. അങ്ങനെ, “ക്രോണിയിസം” എന്ന മുതലാളിത്ത പ്രതിഭാസത്തിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തവും ഗുണഭോക്താവുമായി അദാനി മാറി 

ഇന്ത്യൻ കോർപ്പറേറ്റുകൾ ആഗോള വിപണിയിൽ കരുത്തരായി വളരുന്നതിനെക്കുറിച്ച് ഭരണകർത്താക്കൾ വാചാലരാകുന്നത് നമ്മൾ  കാണുന്നുണ്ടായിരുന്നല്ലോ. ആ അവകാശവാദത്തിന്റെ ബലൂണിലാണ് ഹിൻഡൻബർഗ് കുത്തിയത്. സൂചികൊള്ളേണ്ട താമസം ബലൂൺ പൊട്ടിച്ചുരുങ്ങുകയും ചെയ്തു. അതിന് തടയിടാനാണ് “രാഷ്ട്രത്തിന്റെ നേർക്കുള്ള ആക്രമണം” എന്ന പ്രതിരോധവുമായി അദാനിയും സംഘപരിവാറും രംഗത്തിറങ്ങിയത്. പക്ഷെ അതുകൊണ്ട് തീരുന്നതല്ല പ്രശ്നങ്ങൾ. അന്തർദ്ദേശീയ വിപണിയിലെ കഴുത്തറപ്പൻ മത്സരത്തിലെ എതിരാളികളാണ് അദാനിയുടെ വളർച്ചയുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോളമൂലധനവുമായി കണ്ണിചേർത്തതിന് ശേഷം പാലത്തിനടിയിലൂടെ വെള്ളം ഒരുപാട് ഒഴുകിക്കഴിഞ്ഞു. ഇക്കാലംകൊണ്ട് നമ്മുടെ സമ്പദ്ഘടനയുടെ സകലമേഖലകളിലും കയറി നിരങ്ങാൻ ആഗോളമൂലധനത്തിന് വാതിൽ തുറന്നിട്ടവർ ഇപ്പോൾ ഓർക്കണം ഈ മൂലധനനാഥൻമാർ ഇവിടെ മേധാവിത്തം നേടിക്കഴിഞ്ഞുവെന്ന്. അവർക്ക് ഹിതമല്ലാത്ത നയങ്ങൾ വന്നാൽ, അവരുടെ തിട്ടൂരങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചാൽ, അവരുടെ മൂലധനപ്രവാഹത്തിന് തടസ്സം സൃഷ്ടിച്ചാൽ, അവർ പിണങ്ങും. അവർ പിണങ്ങിയാൽ മുലധനത്തിന്റെ ഒഴുക്ക് നിലയ്ക്കും, തിരിച്ചുള്ള ഒഴുക്കിന്റെ ആക്കം കൂടുകയും ചെയ്യും. മൂലധനത്തിന് അദാനിയോടോ മോദിയോടോ പ്രത്യേക മമതയൊന്നുമില്ലല്ലോ. അതിന്റെ താൽപര്യം സംരക്ഷിക്കുന്നിടത്തോളം മമതയുണ്ടാകും. അതിന്റെ താൽപര്യങ്ങൾക്ക് വിഘാതമായാൽ മൂലധനം അതിന്റെ വിശ്വരൂപം പ്രദർശിപ്പിക്കും. മൂലധനത്തെ സംബന്ധിച്ചിടത്തോളം വിപണിയുടെ രാജാവും നിയമനിർമാതാവും വിധികർത്താവും എല്ലാം അതുതന്നെയാണ്. വിപണിയുടെ കളിനിയമങ്ങൾ ലംഘിച്ചാൽ ലംഘിക്കുന്നവർ പുറത്താണ്. അതാണ് കഴുത്തറപ്പൻ മത്സരത്തിൽ ഏർപ്പെടുന്നവരുടെ ശാസനം. അതിനെതിരെ നിന്ന് സ്വന്തം മാനസപുത്രനെ സംരക്ഷിക്കാൻ മോദി തുനിയുമോ എന്നതാണ് ചോദ്യം. മൂലധനവും അതിൻന്റെ സഖ്യകക്ഷിയും തമ്മിലുള്ള ഈ താൽപര്യ സംഘർഷത്തിൽ അന്തിമവിജയം ആർക്കായാലും പിഴ മൂളേണ്ടിവരുന്നത് ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയാണെന്ന കാര്യത്തിൽ സംശയമില്ല.


To read and view more from the Adani Crash Cover Story package, Click here.


Subscribe to our channels on YouTube & WhatsApp

About Author

അഡ്വ. വി. കെ. പ്രസാദ്

ഫെഡറൽ ബാങ്കിൽ നിന്ന് സീനിയർ മാനേജറായി വിരമിച്ച വി. കെ. പ്രസാദ് ഇപ്പോൾ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു വരുന്നു.