A Unique Multilingual Media Platform

The AIDEM

Articles Literature Memoir

 S/Z എന്ന അക്കാദമിക് ട്രേഡ് മാർക്ക്

  • October 21, 2022
  • 1 min read
 S/Z എന്ന അക്കാദമിക് ട്രേഡ് മാർക്ക്

പ്രൊഫ. ഡോ. സ്കറിയാ സക്കറിയ വ്യക്തിപരമായി എന്നെ സംബന്ധിച്ച് അദ്ധ്യാപകനും ഗവേഷണ മാർഗദർശിയും പഠനവിഭാഗം അധ്യക്ഷനും സഹപ്രവർത്തകനും കുടുംബാംഗവുമാണ്. ഭാഷാപഠനം, സാഹിത്യപഠനം, ഫോക്‌ലോർ പഠനം, വിവര്‍ത്തനപഠനം, സംസ്‌കാരപഠനം തുടങ്ങിയ അക്കാദമിക മേഖലകളില്‍ അദ്ദേഹം വരുത്തിയ വഴിത്തിരിവുകൾ കേരളചരിത്രത്തിൽ പ്രധാനമാണ്. കാലടി സംസ്‌കൃതസര്‍വകലാശാല മലയാളവിഭാഗം അധ്യക്ഷനായിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ തുറന്ന ഒരു സംസ്‌കാരപഠനകേന്ദ്രം മലയാള/കേരള പഠനങ്ങളെ സമകാലികമാക്കി. ക്ലാസ്സ്മുറികളിലും സെമിനാർ സദസ്സുകളിലും ഡോ സ്കറിയ നടത്തിയ ഭാഷണങ്ങളും ലേഖനരൂപത്തിലും ഗ്രന്ഥരൂപത്തിലും പ്രസിദ്ധീകരിച്ച അറിവടയാളങ്ങളും കേരളത്തിലെ ഭാഷാസാഹിത്യ പഠനങ്ങൾക്കുള്ള ദിശാസൂചിയാണ്.

 

S/Z എന്ന അദ്ധ്യാപകൻ

മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ മലയാളം ബിരുദപഠനശേഷം ഞാൻ പി.ജി. പഠനത്തിനായി എത്തിച്ചേരുന്നത് ചങ്ങനാശ്ശേരി എസ്.ബി. കോളേജിലാണ്. പത്തിലധികം അധ്യാപകർ അവിടെ ഉണ്ടായിരുന്നെങ്കിലും എന്നെ ഏറെ വൈജ്ഞാനികമായി സ്വാധീനിച്ചത് രണ്ട് അദ്ധ്യാപകരുടെ ക്ലാസുകളും ക്ലാസ്മുറിക്കു പുറത്തുള്ള പറച്ചിലുകളും ആയിരുന്നു. പ്രൊഫ. ഐ. ഇസ്താക്ക്, ഡോ. സ്കറിയാ സക്കറിയ എന്നിവരായിരുന്നു ആ ഗുരുശ്രേഷ്ഠർ. ബിരുദപഠനകാലത്തുതന്നെ ലേഖനമെഴുത്തിലും പ്രസംഗമത്സരത്തിലും മറ്റുമായി നിരവധി സമാനങ്ങളും ബിഎക്ക് ഫസ്റ്റ് ക്ലാസ്സും നേടിയ ‘അഹന്ത’യുമായാണ് എസ്.ബി.യിലെ ക്ലാസ് മുറിയിൽ ഞാൻ എത്തുന്നത്.

മലയാളഭാഷാ സാഹിത്യമണ്ഡലത്തിൽ നല്ല അവഗാഹമുണ്ടെന്ന വിദ്യാർത്ഥിഗർവ്വ് അലിഞ്ഞുപോയത് സ്കറിയാ മാഷിന്റെ ആദ്യത്തെ ക്ലാസ്സ് ‘കൊണ്ടാ’യിരുന്നു. എസ്.ബി.യിൽ ചേർന്ന ആദ്യ ദിനങ്ങളിൽ ഒന്നുംതന്നെ മാഷ് കോളേജിൽ വരുന്നുണ്ടായിരുന്നില്ല. അദ്ദേഹം ജർമ്മനിയിൽ ആണെന്ന് ഒരു മിത്തുപോലെ പറഞ്ഞുകേട്ടിരുന്നു.

അങ്ങനെയിരിക്കയാണ് ഒരു ദിവസം അദ്ദേഹം അപ്രതീക്ഷിതമായി ക്ലാസിലേക്ക് വരുന്നത്. ടിപ്പിക്കൽ മലയാളം അധ്യാപകന്റെ രൂപഭാവാദികളെ അട്ടിമറിച്ചുകൊണ്ട് അദ്ദേഹം ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്ന’തിനെപ്പറ്റി പറഞ്ഞു തുടങ്ങി. അതുവരെ കേൾക്കാത്ത ഭാഷ, പുതുവഴികളിലൂടെയുള്ള ആലോചന, ക്ലാസ് മുറിയിലെ എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള പറച്ചിൽ – അതായിരുന്നു S/Z. തുടർന്ന് മാഷിന്റെ ക്ലാസ് വരാൻ കാത്തിരിക്കുകയായി. ക്രമേണ ആ ബന്ധം ക്ലാസ്മുറിക്ക് പുറത്തേക്കും നീണ്ട് അദ്ദേഹത്തിന്റെ വീടായ കരിക്കമ്പള്ളിയിൽ വരെ എത്തി. അങ്ങനെ, കുടുംബാംഗവുമായി.

രണ്ടാംവർഷ പി.ജി.ക്ക് പഠിക്കുമ്പോഴാണ് എംജി യൂണിവേഴ്സിറ്റിയിൽ ആദ്യമായി ഫോക്‌ലോർ പഠനം ഒരു പേപ്പറായി വരുന്നത്. അതു കൈകാര്യം ചെയ്തതാവട്ടെ സ്കറിയാ മാഷും. അപ്പർ കുട്ടനാടൻ ഗ്രാമമായ പള്ളിപ്പാട് എന്ന ദേശത്തുനിന്നുവരുന്ന ഒരാളെന്ന നിലയിൽ നാട്ടറിവുകളോട് പണ്ടേയുണ്ടായിരുന്ന താല്പര്യത്തെ കനംവയ്പ്പിക്കാനും സൈദ്ധാന്തികമാക്കാനും മാഷ് സഹായിച്ചു. കേരളത്തിലെ മറ്റ് ഫോക്‌ലോർ പണ്ഡിതരുടെ വഴിയായിരുന്നില്ല സ്കറിയാ സക്കറിയായുടേത്. അത് സ്കറിയാ സക്കറിയവഴി ആയിരുന്നു. സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രങ്ങൾ അനുസരിച്ചും അന്തർവൈജ്ഞാനിക പഠനസമ്പ്രദായം അവലംബിച്ചുമായിരുന്നു മാഷ് ഫോക്‌ലോറിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ ഈ പരിപ്രേക്ഷ്യം കേരളത്തിലെ മറ്റു പണ്ഡിതർക്ക് അലോസരങ്ങളുണ്ടാക്കി. എന്നാൽ കാലം സ്കറിയാ സക്കറിയ തെളിച്ച വഴിയിലൂടെയാണ് ഇന്നു സഞ്ചരിക്കുന്നതെന്ന് നാം തിരിച്ചറിയുന്നു. 

ജർമ്മനിയിലെ ട്യൂബിംഗൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ഗ്രന്ഥശേഖരം കണ്ടെത്തി അതിന്റെ പകർപ്പുകൾ മാഷ് നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അവയെ വർഗീകരിക്കാനും മറ്റുമായി ഞാനടക്കമുള്ള വിദ്യാർത്ഥികളെ അദ്ദേഹം കൂടെക്കൂട്ടി. പാഠവിമർശനത്തിന്റെ ആദ്യ പഠനസൂചകമായിരുന്നു അതെന്ന് ഇന്നു ഞാൻ തിരിച്ചറിയുന്നു. ‘തലശ്ശേരി രേഖകൾ’ എന്ന വലിയ ഗ്രന്ഥത്തിന്റെ പദസൂചി തയ്യാറാക്കാൻ മാഷ് എന്നെയാണ് ഏൽപ്പിച്ചത്. എം എ പഠനം കഴിയുമ്പോഴേക്കും ഇതെല്ലാം എന്നിൽ ഒരു ഗവേഷകനെ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാവണം യുജിസി /നെറ്റ് – ജെ ആർ എഫ് പരീക്ഷ എഴുതാൻ ഉൾപ്രേരണയുണ്ടായതും അതിൽ വിജയിക്കാൻ കഴിഞ്ഞതും. 

പ്രൊഫ. സ്കറിയ സക്കറിയയുടെ കൃതി: തലശ്ശേരി രേഖകൾ

S/Z എന്ന ഗവേഷണമാർഗദർശി 

ഗവേഷണം ചെയ്യാനുള്ള അനുമതി ലഭിച്ചു. ഇനി ഗവേഷണം തുടങ്ങണം. എന്റെ മനസ്സിൽ അന്നും ഇന്നും ഒരു ഐഡിയൽ റിസർച്ച് ഗൈഡേ ഉള്ളൂ. അത് സ്കറിയാ മാഷാണ്. ഗവേഷണതാല്പര്യം അറിയിച്ചെങ്കിലും മാഷിന് വേക്കൻസി ഇല്ലായിരുന്നു. ഈ വേളയിലാണ് റീഡറായി സംസ്കൃതസർവകലാശാലയിലേക്ക് മാഷ് മാറിപ്പോകുന്നത്. അങ്ങനെ, അവിടുത്തെ ആദ്യ പി എച്ച് ഡി ബാച്ചിലെ (ഫുൾ ടൈം) ആദ്യത്തെ ആളായി രജിസ്റ്റർ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഗവേഷണവിഷയം തെരഞ്ഞെടുക്കുന്നതിനായി നടന്ന ചർച്ച ഇന്നും മനസ്സിലുണ്ട്.

ഫോക്‌ലോറിൽ ഗവേഷണം ചെയ്യാനാണ് താല്പര്യം എന്നറിയിച്ചപ്പോൾ, എന്തു ഫോക്‌ലോർ- എന്തിന് ഫോക്‌ലോർ- എന്തുകൊണ്ട് ഫോക്‌ലോർ എന്നിങ്ങനെ മറുചോദ്യങ്ങൾ ചോദിക്കുകയാണ് മാഷ് ചെയ്തത്. ഞാൻ പറഞ്ഞ ഉത്തരങ്ങളൊന്നും മാഷിന് ബോധ്യപ്പെട്ടില്ല. ബോധ്യമുള്ള ഉത്തരം ലഭിക്കുന്നതുവരെ അദ്ദേഹം എന്നെ സ്വീകരിച്ചതുമില്ല. ഗവേഷണത്തെ സംബന്ധിച്ച നൈതികനീക്കമായായിരുന്നു അത്.

തിനിടയിലാണ് ഞാൻ എഴുതിയ ഒരു ചെറുലേഖനം മാഷിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കേരളത്തിലെ ബുദ്ധപ്രതിമകളെ സാമാന്യേന പരിചയപ്പെടുത്തുന്നതായിരുന്നു പ്രസ്തുത ആഖ്യാനം. ഇതു ശ്രദ്ധിച്ച മാഷ്, എന്തുകൊണ്ട് ബുദ്ധമതത്തെ സംബന്ധിച്ച് ഗവേഷണം ചെയ്തുകൂടാ എന്നു ചോദിക്കുകയുണ്ടായി. എന്നാൽ ഞാൻ അപ്പോഴും ഫോക്‌ലോറിനുവേണ്ടി വാദിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഒടുവിൽ, കേരളത്തിന്റെ ബുദ്ധമതപാരമ്പര്യത്തെ ഫോക്‌ലോറിക് മാതൃകയിലൂടെ പഠിക്കാമെന്ന സമന്വയമാർഗത്തിൽ ഗുരുശിഷ്യന്മാർ എത്തിച്ചേർന്നു. ഈ ചർച്ചയും എത്തിച്ചേരലും എന്റെ ഗവേഷണത്തിന് രീതിശാസ്ത്രപരമായ ഭദ്രതയും സൈദ്ധാന്തിക പിൻബലവും നൽകി.

പ്രൊഫ. സ്കറിയ സക്കറിയയുടെ കൃതി

അഞ്ചുവർഷക്കാലം നീണ്ട ഗവേഷണം. അതിൽത്തന്നെ മൂന്നുകൊല്ലക്കാലം അലഞ്ഞുതിരിഞ്ഞുള്ള മണ്ഡലവൃത്തി – Field Work. പിന്നീട് എഴുത്ത്. മാഷ് രൂപീകരിച്ച താരതമ്യ പഠനസംഘം (താപസം) എന്ന വൈജ്ഞാനിക കൂട്ടായ്മയിലെ തർക്കങ്ങളും സംവാദങ്ങളും ഗവേഷണപ്രബന്ധത്തെ കൂർപ്പിച്ചെടുക്കാൻ എന്നെ വളരെ സഹായിച്ചു. മാഷിന്റെ വീട്ടിൽ അന്തിയുറങ്ങിക്കൊണ്ടാണ് തീസിസിലെ പല ഭാഗങ്ങളും fine tune ചെയ്തത്. എന്നാൽ പ്രബന്ധത്തിന്റെ ഡ്രാഫ്റ്റ് വായിക്കുമ്പോൾ അത്തരം ഔദാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കർക്കശമായ നിലപാടുകൾ, സൂക്ഷ്മമായ വിമർശനങ്ങൾ. ഒരു റിസർച്ച് ഗൈഡ് എന്തായിരിക്കണമോ അതായിരുന്നു S/Z.

 

കാലടിയിലെ വകുപ്പധ്യക്ഷൻ 

2001ൽ പി എച്ച് ഡി ലഭിച്ചശേഷം കാലടി സംസ്കൃതസർവകലാശാലയിലെ മലയാളവിഭാഗത്തിൽ ഞാൻ ഗസ്റ്റ് ലക്ചററായി ചേർന്നു. സിലബസ് ചർച്ച, സിലബസ് രൂപീകരണം, എം.ഫിൽ അദ്ധ്യയനം തുടങ്ങിയ അക്കാദമിക കാര്യങ്ങളിൽ എല്ലാംതന്നെ ഞാനടക്കമുള്ള താൽക്കാലിക അദ്ധ്യാപകരെയും അദ്ദേഹം കൂടെക്കൂട്ടി. ജനാധിപത്യത്തിന്റെ അന്തസ്സുള്ള അക്കാദമികമുഖമായിരുന്നു ഞങ്ങളുടെ വകുപ്പധ്യക്ഷൻ. പി.ജി., എം.ഫിൽ. പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ മാഷ് ഒരു കാര്യം ആവർത്തിച്ച് സൂചിപ്പിച്ചിരുന്നു. “കുട്ടികൾക്ക് എന്തറിയാം എന്നാരായാനാവണം പരീക്ഷ, എന്തറിയില്ല എന്നറിയാനാവരുത്”. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ വേദവാക്യം പോലെ ഈ ഉപദേശം ഞാൻ ഇന്നും കൊണ്ടുനടക്കുന്നുണ്ട്. 

വകുപ്പധ്യക്ഷൻ എന്നത് അധികാരക്കസേര അല്ലെന്നും അത് വൈജ്ഞാനികമായി നയിക്കാനുള്ള ഒരു കർത്തൃസ്ഥാനമാണെന്നും അദ്ദേഹം കാട്ടിത്തന്നു. മാഷ് കാലടിയിൽ പഠിപ്പിച്ചിരുന്ന ഭാഷാശാസ്ത്രം, ഫോക്‌ലോർ തുടങ്ങിയ പേപ്പറുകൾ എന്നെക്കൊണ്ടുകൂടി പങ്കുവയ്പ്പിച്ചിരുന്നു. കാലടിയിലെ മറ്റ് അദ്ധ്യാപകസുഹൃത്തുക്കളുമായുള്ള സംവാദം, സംസ്കാരപഠനകേന്ദ്രം നടത്തിയ സെമിനാറുകൾ, താപസം ശില്പശാലകൾ തുടങ്ങിയവയെല്ലാം അറിവിന്റെ പുതിയ ചക്രവാളങ്ങൾ സമ്മാനിക്കുന്നതായി.

അങ്ങനെയിരിക്കയാണ് ആലുവ യു.സി. കോളേജിലെ മലയാളവിഭാഗത്തിൽ സ്ഥിരാദ്ധ്യാപകനായി എനിക്കു ജോലി ലഭിക്കുന്നത്. അവിടെയെത്തിയശേഷം ‘ഭൂമിമലയാളം’ എന്നൊരു ജേർണൽ തുടങ്ങുവാനും വാർഷികസെമിനാറുകൾ സംഘടിപ്പിക്കുവാനും ആലോചനയുണ്ടായി. 2007 മുതൽ 2015 വരെയുള്ള വാർഷിക പഠനസെമിനാറുകളിൽ സ്കറിയാ മാഷ് ഉദ്ഘാടകനായോ മുഖ്യപ്രഭാഷകനായോ എത്തി. ‘താക്കോൽ വാക്കുക’ളെപ്പറ്റി ഞാൻ സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം താക്കോൽ വാക്കുകളുടെ സാംസ്കാരികതയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള അത്യപൂർവ്വവും അനന്യവുമായ പഠനമാകുന്നു.

സ്കറിയാ മാഷ് എഡിറ്റ് ചെയ്ത ചങ്ങനാശ്ശേരി 99, 500 വർഷത്തെ കേരളം: ചില അറിവടയാളങ്ങൾ, കാർകുഴലി: ജൂതരുടെ മലയാളം പെൺപാട്ടുകൾ തുടങ്ങിയ ഗ്രന്ഥപ്പണികളിൽ എന്നെയും സഹകരിപ്പിച്ചിരുന്നു. താപസം ഇറക്കിയ പുസ്തകങ്ങളുടെ സ്ഥിരം കവർ ഡിസൈനറായി. താപസം ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായി. താപസം ബുള്ളറ്റിന്റെ എഡിറ്ററായി. സത്യത്തിൽ അക്കാദമികവൃത്തിയുടെ വേറിട്ട പഥങ്ങൾ എനിക്ക് മനസ്സിലാവുകയും പഥ്യമാവുകയുമായിരുന്നു. 

പ്രൊഫ. സ്കറിയ സക്കറിയയുടെ കൃതി: പഴശ്ശി രേഖകൾ

2010-11 കാലയളവിലാണ് കേരള സർക്കാർ മുസിരിസ് പൈതൃകപദ്ധതി സമാരംഭിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ സീനിയർ റിസർച്ച് കൺസൾട്ടന്റുമാരായി സ്കറിയാ മാഷും ഡോ. എം. ആർ. രാഘവവാര്യരും നിയമിക്കപ്പെട്ടു. എന്നാൽ ഇരുവരും ഒരേ സ്വരത്തിൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ടത് യുവഗവേഷകർ ഈ സംരംഭത്തിൽ ഉണ്ടാവണമെന്നാണ്. അങ്ങനെയാണ് ഞാനും ഡോ. സി. ആദർശും കൺസൾട്ടന്റുമാരായി നിയമിക്കപ്പെടുന്നത്.

കേരളചരിത്രം, പൈതൃകപഠനം, ജൂതസംസ്കാരം, നവോത്ഥാനം തുടങ്ങിയ വിവിധ വ്യവഹാരങ്ങളെ പുനഃസന്ദർശിക്കാനും പുനർവായന നടത്താനും അതു വഴിയൊരുക്കി. ‘കേരളത്തിലെ ജൂതർ: വേരുകൾ, വഴികൾ’ എന്ന എന്റെ പുസ്തകം കേരള സർക്കാർ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെല്ലാം ചൂണ്ടുപലകയായി നിന്നത് സ്കറിയാ സക്കറിയ മാഷ് തന്നെയായിരുന്നു.

ആലുവ യു.സി. കോളേജിൽ നിന്ന് മഹാത്മാഗാന്ധി സർവ്വകലാശാലാ സ്കൂൾ ഓഫ് ലെറ്റേഴ്സിലേക്ക് ഞാൻ എത്തിയപ്പോൾ S/Z എന്ന ഗുരുനാഥൻ ഇവിടെ വിസിറ്റിംഗ് ഫാക്കൽറ്റിയായി വരുന്നുണ്ടായിരുന്നു. പി ജി വിദ്യാർത്ഥികൾക്ക് വ്യാകരണം, ഭാഷാശാസ്ത്രം കോഴ്സുകൾ നൽകാനായിരുന്നു അദ്ദേഹം ആഴ്ചയിൽ രണ്ടുതവണ വന്നുപോയത്. സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ജ്ഞാനപാരമ്പര്യത്തെ കൂടുതൽ സമ്പന്നമാക്കാൻ S/Z ന്റെ വൈജ്ഞാനിക ഇടപെടലുകൾക്ക് സാധിച്ചു.

ഇനിയിപ്പോൾ ഇതെല്ലാം ഓർമ്മയാകുന്നു. ഓർമ്മയെ നമ്മൾ ഭൂതകാലവുമായി ബന്ധപ്പെടുത്തിയാണ് സാധാരണ പറയാറുള്ളത്. ഭാവിയുടെ ഓർമ്മയെക്കുറിച്ചാണ് S/Z കൂടുതലും സംസാരിച്ചത് – History of Future. മലയാളപഠനത്തിന്റെ ഭാവിയുടെ ഓർമ്മയായി S/Z നിലകൊള്ളുകതന്നെ ചെയ്യും. കാരണം, പരമ്പരാഗത മുൻഷിമലയാളപഠനത്തിൽ നിന്ന് മലയാള/കേരള പഠനത്തെ സമകാലികമായ തലത്തിലേക്ക് വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാകുന്നു ഡോ. സ്കറിയാ സക്കറിയ.


Subscribe to our channels on YouTube & WhatsApp

About Author

ഡോ. അജു കെ നാരായണൻ

എഴുത്തുകാരൻ, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിരൂപകൻ എന്നീനിലയിൽ പ്രശസ്തൻ. എംജി യൂണിവേഴ്സിറ്റിയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സിൽ അസോസിയേറ്റ് പ്രഫസറായി പ്രവർത്തിക്കുന്നു. ചലച്ചിത്ര നിരൂപണത്തിന് രണ്ട് തവണ സംസ്ഥാന സർക്കാർ അവാർഡിന് അർഹനായി.