ആനന്ദ് എന്ന എഴുത്തുകാരൻ വ്യത്യസ്തനാവുന്നത്……
എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോക്ടർ ഖദീജാമുംതാസ് എഴുതുന്ന പംക്തിയിലെ ആറാമത്തെ ലേഖനം.

(2026 ഫെബ്രുവരി 24 ന് ആനന്ദിന് ദേശാഭിമാനി സമഗ്രസംഭാവനാ പുരസ്കാരം സമർപ്പിച്ച വേദിയിൽ ചെയ്ത ആശംസാപ്രഭാഷണം.)
ജീവിത സമസൃകളാണ് , അവ മനുഷ്യമനസ്സുകളിൽ ഉണ്ടാക്കുന്ന സങ്കീർണതകളാണ് എഴുത്തുകാരനെ രചനയിലേക്ക് നയിക്കുന്നത് എന്നു പൊതുവായി പറയാറുണ്ട്. തത്വചിന്തകനെ അതാക്കുന്നതും ! അതിസങ്കീർണമായ ലോകാവസ്ഥയിൽ ഇനി തത്വചിന്തയേ നിലനിൽക്കൂ, സർഗരചനകൾക്ക് സ്ഥാനമുണ്ടാവില്ല എന്ന് അഡോർണൊയെപ്പോലുള്ള തത്വചിന്തകർ പറയുമ്പോഴും ഓരോ സർഗ രചനയിലും ദാർശനികതയുടെ വെള്ളി രേഖകൾ കണ്ടെത്താനാവും എന്നതല്ലേ സത്യം ? മലയാളത്തിലെ ദാർശനികനായ എഴുത്തുകാരൻ എന്ന് ആനന്ദിനെ വിശേഷിപ്പിക്കുമ്പോൾ അദ്ദേഹത്തിൻ്റെ നോവലുകളും ചെറുകഥകൾ പോലും ഗൃഹാതുരതകളിൽ നിന്ന് പിടഞ്ഞു മാറി തത്വചിന്തയാൽ ഉടലും ആത്മാവും അണിഞ്ഞവയായി മാറുന്നുണ്ട് എന്ന് വായനക്കാരൻ അനുഭവിച്ചറിയുന്നു. ജീവിതത്തിൻ്റെ മുക്കാലും വർഷങ്ങൾ വടക്കേയിന്ത്യൻ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും കഴിച്ചു കൂട്ടിയ ആളായതിനാൽ സ്വാഭാവികമായി വരുന്ന പശ്ചാത്തല – കഥാപാത്ര അന്തരങ്ങളല്ല, മലയാളിക്ക് എളുപ്പം താതാത്മ്യം പ്രാപിക്കാനാവുന്ന കേരളീയാനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടുമാത്രവുമല്ല, ആനന്ദിൻ്റെ കൃതികൾ വ്യത്യസ്തമായി നമുക്കനുഭവപ്പെടുന്നത്. അന്യദേശ സംസ്കാരങ്ങളും അവയെ അധികരിച്ചെഴുതിയ കൃതികളും കാലങ്ങൾക്കുമുമ്പേ ആവേശത്തോടെ സ്വീകരിച്ചവരാണല്ലോ മലയാളികൾ!

സ്വതന്ത്ര ഇന്ത്യയിൽ പാലങ്ങളും ഡാമുകളും പണിയാൻ, ഇന്ത്യയെ ആധുനീകരിക്കാൻ തൊഴിൽപരമായി നിയോഗിക്കപ്പെട്ട എൻജിനീയറായിരുന്നുവല്ലോ ആനന്ദ് . സാധാരണ അത്തരമൊരാൾ അവഗണിക്കാവുന്ന നിഷ്കാസിതമനുഷ്യർ, സമൂഹങ്ങൾ, എഴുത്തുകാരനായ ആ വ്യക്തിയിൽ ഉണ്ടാക്കുന്ന സംഘർഷങ്ങളാണ് അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ മൂലധനം എന്ന പറഞ്ഞാൽ തെറ്റാവില്ല എന്നു തോന്നുന്നു. അശാന്തിയുടെ ഉറവിടം അവിടെയാണ്. ദാർശനികതയുടെയും!
നെഹ്റൂവിയൻ വികസനോൻമുഖകാലം മുതൽ ഹിന്ദുത്വയുടെ വർത്തമാന ആസുര പിന്തിരിപ്പൻ കാലം വരെയുള്ള ഇന്ത്യൻ മനസ്സിൻ്റെ പരിണാമഗതികളാണ്, കണ്ടെത്തിയ ജീവിതങ്ങളെ വ്യക്തിതലത്തിൽ ഗൃഹാതുരതയോടെ അവതരിപ്പിച്ചു കൊണ്ടല്ലാതെ, തികച്ചും വ്യത്യസ്തവും മൗലികവുമായ രീതിയിൽ അദ്ദേഹം വിശകലനവിധേയമാക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ സംബോധന ചെയ്യാതെ, ഇന്ത്യൻ മനസ്സിന് സമഗ്രമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ അമൂർത്തതലത്തിൽ മനസ്സിലാക്കാതെ ആനന്ദിൻ്റെ നോവലുകളെ വായിക്കാനാവില്ല എന്ന് പ്രിയ നിരൂപകൻ പി പവിത്രൻ എഴുതുന്നത് കൃത്യം. ചരിത്രവും സമൂഹവും വികാരഘടനയുടെ ഭാഗമായവർക്കേ അദ്ദേഹത്തെ മനസ്സിലാക്കാനാവൂ എന്നതും.
1970 ൽ പുറത്തു വന്ന ‘ആൾക്കൂട്ടം’ മുതലുള്ള നോവലുകൾ , ‘മരണസർട്ടിഫിക്കറ്റ് ‘(1974 ) , അടിയന്തിരാവസ്ഥ പശ്ചാത്തലമാക്കുന്ന ‘ഉത്തരായനം'(1982), കുംഭമേളയുടെയും രാംലീലയുടെയും മുഖമില്ലാത്ത ആൾക്കൂട്ടത്തെ അവതരിക്കുന്ന ‘അഭയാർത്ഥികൾ’ (1984 ) 1989 ൽ ഇറങ്ങിയ, നിഗൂഢ ഭരണകൂട ആസുരത പ്രമേയമാവുന്ന ‘മരുഭൂമികൾ ഉണ്ടാവുന്നത്’ തുടങ്ങി 2015 ൽ ഇറങ്ങിയ ‘സംഹാരത്തിൻ്റെ പുസ്തകം’വരെ പരിശോധിച്ചാൽ ഇന്ത്യയുടെ, ഇന്ത്യൻ മനസ്സിൻ്റെ മാത്രമല്ല, രാഷ്ട്രീയത്തിൻ്റെയും ഈ രൂപപരിണാമങ്ങൾ ശ്വസിച്ചറിയാം. നിഷ്കാസിതമനുഷ്യരെ ഉണ്ടാക്കുന്ന വികസനപ്രക്രിയ മുതൽ മത- ദേശീയ ഹിസ്റ്റീരിയ ബാധിച്ച ആൾക്കൂട്ടത്തിൽ ബുദ്ധിജീവികൾ വരെ അണിചേർന്നുനിൽക്കുന്ന, ഒരു പരിചയവുമില്ലാത്ത, ഒരു തരത്തിലും തനിക്ക് അനഭിമതരല്ലാത്ത വൃക്തികളെയും ക്രൂരമായി ജീവിതത്തിൽ നിന്ന് നിഷ്കാസനം ചെയ്യാൻ വേണ്ട സാഡിസ്റ്റിക് മനോഭാവം ആർജ്ജിച്ചെടുത്ത ഇന്ത്യൻ മനസ്സിൻ്റെ പരിണാമങ്ങൾ ഈ നോവലുകൾ നമ്മോടു പറയുന്നു. വികസനത്തോടൊപ്പം വളർന്നു വരുന്നതാണ് അപരവൽക്കരണം എന്നദ്ദേഹം തിരിച്ചറിയുന്നുണ്ട്. അത്യന്തം വിഷാദവാനായ ഒരു ദാർശനികഹൃദയം, സാഹിത്യരംഗത്തെ ഒരു കോക്കസിലും പെട്ടുപോകാത്ത, അവനവനെത്തന്നെ അപ്രസക്തനാക്കുന്നതിൽ മടി കാണിക്കാത്ത, വേറിട്ട സർഗപ്രതിഭ, അതാണ് ആനന്ദ്!

നോവലുകളെ മാറ്റി വെച്ച് ചെറുകഥകളിലേക്ക് ശ്രദ്ധപതിപ്പിച്ചാൽ ‘കാട്ടുതീ’ എന്ന ചെറുകഥയിൽ അവഗണിതർക്കിടയിൽ പ്രവർത്തിക്കുന്നതു കൊണ്ടു മാത്രം നോട്ടപ്പുള്ളിയായി മാറിയ ഹരി പറയുന്നത് കേൾക്കാം. ‘വികാരങ്ങളാണ് സമയത്തെ സൃഷ്ടിക്കുന്നത്. പക്ഷേ, ഞാൻ വന്നുപെട്ടത് വികാരങ്ങളെയും വൃക്തിബന്ധങ്ങളെയുമൊക്കെ അപ്രസക്തമാക്കുന്ന ഒരു സമൂഹത്തിലാണ്. നിലനിൽപ്പിൻ്റെ പ്രശ്നങ്ങൾ സമയത്തെ ബഹിഷ്കരിച്ച ഒരിടത്ത്.’ ‘കീടകോശ’ത്തിലെ ഫാ. അലോഷ്യസ് പറയുന്നതാവട്ടെ, കരുണ, സേവനം എന്നൊക്കെ പറയുന്നത് തന്നിൽ ജാളൃമാണ് ഉണ്ടാക്കുന്നത് എന്നാണ്. വികസനം പുറത്താക്കിക്കൊണ്ടിരുന്ന ഇത്തരം മനുഷ്യർക്കിടയിലാണ് കഥാകാരനും ചെന്നെത്തിപ്പെട്ടത് എന്നത് അദ്ദേഹത്തിലെ സാഹിത്യകാരനെ രൂപപ്പെടുത്തിയതിൽ തീർച്ചയായും വലിയ പങ്കു വഹിച്ചിട്ടുണ്ടാവണം. സ്വാതന്ത്ര്യത്തിനു വേണ്ടി , യാതനയുടെ പാരമൃത്തിലെങ്കിലും, കലാപമുണ്ടാക്കാൻ ശേഷിയില്ലാത്തവർ. അഥവാ, അത്തരം പൊട്ടിത്തെറിയുടെ ഫ്ളാഷ് പോയിൻ്റിലെത്തുമ്പോഴേക്കും സേവനവും കരുണയും ഔദാര്യവുമൊക്കെ ഗവണ്മെൻ്റുകളിൽ നിന്നുൾപ്പെടെ അവരിലേക്ക് നീട്ടപ്പെടുകയാണ്. അതോടെ അവർ വീണ്ടും വിധേയർ മാത്രം . അല്ലെങ്കിൽ ഉൾവലിഞ്ഞ് തങ്ങളിലേക്ക് ഒതുങ്ങുന്നവർ. ഭീതിയിൽ മാത്രം ജീവിക്കുന്നവർ. യാതന മർദ്ദകൻ്റെ ആയുധമാകുന്നതിങ്ങനെയാണ്. ഈ നിസ്വരായ മനുഷ്യരിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തെയും ദേശീയതയെയും പാരമ്പര്യങ്ങളിലേക്കുള്ള പിൻനടത്തത്തെയും ഒക്കെ സമഗ്രമായി നോക്കിക്കാണാനുള്ള അന്വേഷണങ്ങൾ തുടങ്ങുകയാണ് ഈ എഴുത്തുകാരൻ.
സ്വാതന്ത്ര്യം എന്നത് അപരനിലേക്കു വളരാനുള്ള സ്വാതന്ത്ര്യമാണെന്ന് ആൾക്കൂട്ടത്തിലെ രാധയെക്കൊണ്ടു പറയിപ്പിക്കുന്ന കഥാകാരൻ മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കുന്ന എല്ലാ ബന്ധങ്ങളെയും അവയുടെ രൂപപരിണാമങ്ങളെയും കാലത്തിലൂടെ വിശകലന വിധേയമാക്കുകയാണ്. അടിസ്ഥാന ഏകകമായ കുടുംബം മുതൽ സമൂഹം, വർഗം, ദേശീയത, മതം തുടങ്ങിയവയൊക്കെ കാലങ്ങളിലൂടെ വ്യക്തികളെ, അതിലൂടെ രാഷ്ട്ര മനസ്സിനെ, ബാധിക്കുന്നതെങ്ങനെ എന്ന് ആനന്ദിൻ്റെ കൃതികൾ പരിശോധിക്കുന്നു എന്നു കാണാം. . ഇവയ്ക്കെല്ലാമുണ്ട് ദ്വന്ദ്വങ്ങൾ ! പ്രസാദാത്മകമായ, ജീവിക്കാൻ പ്രേരിപ്പിക്കുന്ന, താങ്ങാവുന്ന, ഒന്ന്. അതേ പോലെ തികച്ചും നിഷേധാത്മകവും സ്വാതന്ത്രൃനിഷേധപരവും മനുഷ്യവിരുദ്ധവുമായ മറ്റൊന്ന് ! ആദ്യനോവലിലെ ആൾക്കൂട്ടം എന്നതിനും രണ്ടർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. സംഘടിച്ച്, ശക്തരായി അവകാശങ്ങൾ നേടിയെടുക്കാവുന്ന പരസ്പരം ബന്ധപ്പെടുന്ന മനുഷ്യരുടെ കൂട്ടം പിന്നീട് അധികാരത്തോട് സമരസപ്പെടുമ്പോൾ നേരെ വിപരീതഫലമുളവാക്കുന്ന ഒന്നായി മാറുന്നു. വ്യക്തികളെ ചിന്താശക്തിയില്ലാത്ത ‘കുതിരകൾ’ മാത്രമാക്കുന്ന ആൾക്കൂട്ടമാണത് . കുതിരകൾക്ക് വേഗവും ശക്തിയുമുണ്ട്. യുദ്ധോത്സുകരാണവ. പക്ഷേ, ആജ്ഞക്കനുസരിച്ച്, കടിഞ്ഞാണിൻ്റെ നീട്ടലും കുറുക്കലുമനുസരിച്ചു മാത്രം മുന്നോട്ടു കുതിക്കാനാവുന്നവ.ശത്രു പുറത്തല്ല, തൻ്റെ മുതുകത്താണ് എന്നറിയാത്തവ! സമാനമായ രൂപകങ്ങൾ വേറെയുമുണ്ട് കൃതികളിൽ. സ്വതന്ത്രമായി ചിന്തിക്കാൻ അനുവാദമില്ലാത്ത, അങ്ങനെ ചിന്തിക്കുന്നത് തനിക്കു മാത്രമല്ല, മൊത്തം സൈനൃനിരയ്ക്കും അപകടമാകും എന്നറിയുന്ന പട്ടാളക്കാരൻ, അനുസരിക്കാൻ മാത്രം നിയോഗിക്കപ്പെട്ട ജയിൽപ്പുള്ളികൾ, ഇങ്ങനെ. ഇതേ മുഖമില്ലാത്ത ആൾക്കൂട്ടം തന്നെയാണ് ‘അഭയാർത്ഥികളി’ൽ ഗംഗാതീരത്തെ കുംഭമേളയിലും രാംലീല ആഘോഷത്തിലും തടിച്ചു കൂടുന്ന ജനലക്ഷങ്ങൾ. അതിൽപ്പെട്ടു പോവുന്ന ഒരാൾക്ക് ആൾക്കൂട്ടത്തോടൊപ്പം മുന്നോട്ടു പോവുകയല്ലാതെ വേറെ വഴിയില്ല. തിരിച്ചു നടക്കാനോ മാറി നടക്കാനോ ശ്രമിച്ചാൽ ചവിട്ടേറ്റു ചാവുക എന്ന ഗതിമാത്രം. 1984 ൽ എഴുതിയ ഈ കൃതിയിൽ ഇന്ത്യയുടെ ഈ പിന്നോട്ടുള്ള പ്രയാണത്തിനു തടയിടാൻ ഗൗതമൻ എന്ന കഥാപാത്രത്തിലൂടെ ബുദ്ധ സങ്കൽപ്പത്തെത്തന്നെയാണ് എഴുത്തുകാരൻ ഉയർത്തിപ്പിടിക്കുന്നത് എന്നു കാണാം. അത് ഇന്ത്യയെ സംബന്ധിച്ച് അന്നും ഇന്നും പ്രസക്തമെന്ന് നാമറിയുന്നു. അല്ലെങ്കിൽ ഇന്ത്യയിലെ ഏതു പ്രതിരോധ സമരങ്ങളിലും നമ്മിലുണരുന്നത് ബുദ്ധനാണ്. ഈ ബുദ്ധനെ കൈവിട്ടു കഴിഞ്ഞവരാണ് കേരളത്തിലെ തിരുനാവായയിലും കുംഭമേളയെത്തുമ്പോൾ അതിൻ്റെ ഗൗരവമറിയാതെ അലസരാവുന്നത്. ഭക്തി ലഹരിയിൽ കൈകൂപ്പി നിൽക്കുന്നത്. സന്യാസിമാർ വെറുപ്പിൻ്റെ രാഷ്ട്രീയം തുപ്പുമ്പോൾ തലയാട്ടി മുന്നിലിരിക്കുന്നത്. രാഷ്ട്രത്തിനു സംഭവിക്കുന്ന ഈ ഭാവ-രൂപപരിണാമത്തെ അതായിത്തന്നെ മനസ്സിലാക്കാൻ ഫാസിസത്തെ എതിർക്കുന്നു എന്നു നാം വിശ്വസിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കോ പ്രവർത്തകർക്കോ പോലും കഴിയാതിരിക്കുന്നതിനു കാരണവും ഇതു തന്നെ . മാറുന്ന പ്രതീകങ്ങൾ, വില്ലേന്തിയ രാമനും, അശോകസ്തംഭത്തിൽ കുടിയേറിയ നവ ശൗരൃ സിംഹവും , പുതിയ രൂപഭാവങ്ങളോടെ വരുന്ന ഗണേശോത്സവങ്ങളും ഹനുമാൻ ചാലീസകളും വളരെ സ്വാഭാവികമായി സ്വീകരിക്കാൻ നമുക്കിന്നാവുന്നതും ഇതുകൊണ്ടു തന്നെ.
സമൂഹം, കുടുംബം എന്നിവയ്ക്കും നേരത്തേ പറഞ്ഞ പോലെ രണ്ടു മുഖങ്ങളുണ്ട്. സമൂഹത്തെ അപ്രസക്തമാക്കി അവനവനിലേക്ക് ഉൾവലിയുന്നവർ കാലം കഴിയവെ കൂടിക്കൂടി വരുന്നു. ഉൾവലിയുന്നവർ രണ്ടു തരക്കാരുണ്ട് എന്ന് ആനന്ദ് ‘അംഗഭംഗം’ എന്ന കഥയിലൂടെ. ചിലർ ഉൾവലിയുന്നത് ഭയം കൊണ്ട്. തങ്ങളെത്തന്നെ രക്ഷിക്കാനുള്ള ശ്രമം കൊണ്ട്. മറ്റു ചിലർ സ്വയം അവരവരാൽമാത്രം നിറയുന്നതുകൊണ്ടും. രണ്ടാമത്തവർ അധികാര കാംക്ഷികളാണ്. രണ്ടും നിരാസമാണ്. സമൂഹമെന്ന ആശയത്തിൻെറ നിരാസം ! ഇതൊരു ദുരവസ്ഥയാണെന്നു സൂചിപ്പിക്കുന്ന ആനന്ദ് ഹരിയിലൂടെ ഇങ്ങനെയും പറയുന്നത് കേൾക്കാം. ‘സമൂഹത്തിനു പിന്നിലെ തത്വം വ്യക്തിയെ ഒറ്റപ്പെടുത്തുകയും നിസ്സഹായനാക്കുകയുമാണെന്നാണ് എനിക്കുതോന്നുന്നത്’. സമൂഹവും വൃക്തിയും തമ്മിൽ വൈരുധ്യാത്മകബന്ധമാണുള്ളതെന്ന് അംബേദ്ക്കർ എഴുതിയതും ഓർക്കാം.

പുഴയിൽ ഒടുങ്ങിപ്പോയ യുവതികളുടെ മരണത്തോട് രണ്ടുതരം സമൂഹങ്ങൾ ഇടപെടുന്ന വിധം മലയാളത്തിലെ രണ്ടു വലിയ എഴുത്തുകാരുടെ കഥകളിലൂടെ ഒന്ന് ആവർത്തിച്ചു കാണാം. ഒന്ന് എം.ടിയുടെ ‘ശിലാലിഖിതം’ മറ്റൊന്ന് ആനന്ദിൻ്റെ ‘അംഗഭംഗം’ എന്ന കഥ. രണ്ടു സ്ത്രീകളും പുഴവക്കത്തെ അവഗണിക്കപ്പെട്ട ജഡങ്ങളാണ്. പക്ഷേ ഒരു പോലെയുള്ള കാരണങ്ങളാലല്ല അവർ സമൂഹത്താൽ അവഗണിക്കപ്പെടുന്നത്. വിഷം കഴിച്ച് മൃതപ്രായയായി പുഴവക്കിൽ കിടന്നിരുന്നത് എംടി കഥയിൽ അപഥസഞ്ചാരിണിയെന്നു മുദ്രകുത്തപ്പെട്ട ഉയർന്ന സമുദായക്കാരിയായിരുന്നു. അവളെ മരിക്കും വരെ അവഗണിക്കുന്ന തറവാടികൾ സമുദായഗർവ്വിൽ നിറഞ്ഞ് മനുഷ്യവിരുദ്ധത പ്രകടിപ്പിക്കുന്നവരാണെങ്കിൽ, ആനന്ദിൻ്റെ കഥയിൽ, രണ്ടു കുറ്റികൾക്കിടയിൽ തടഞ്ഞു കിടന്ന യുവതിയുടെ ജഡത്തെ, ആരുടേതെന്നു പോലും ഉഴലാതെ നിർവികാരമായി കുറ്റികൾ പിഴുതുകളഞ്ഞ് ഒഴുക്കിവിടുന്ന ഗ്രാമീണർ മുമ്പു സൂചിപ്പിച്ച, ഭയത്താൽ ഉൾവലിഞ്ഞ് മാനുഷികവികാരങ്ങൾ നഷ്ടപ്പെട്ടു പോയവരും! അത്തരം മരണങ്ങൾ അവർക്കു പുതുമയല്ലല്ലോ ! അവരുടെ നിർമ്മമത, ഉൾവലിയൽ നിസ്സഹായത കൊണ്ടു മാത്രം! മറ്റേത് അവനവൻ ഗർവ്വു കൊണ്ടും!
ദേശവും ഭാഷയും വീടും നഷ്ടപ്പെട്ട ആനന്ദിൻ്റെ ചില കഥാപാത്രങ്ങൾക്കെങ്കിലും ജീവിക്കാനുള്ള ഏക പ്രേരണയാണ് കുടുംബം. കുടുംബത്തിലേയ്ക്കൊതുങ്ങുന്നവനെ പൊതുവേ സ്വാർത്ഥൻ എന്നു മുദ്രകുത്തുമ്പോൾ, ആ മനുഷ്യൻ നിസ്വാർത്ഥമായി നിലനിർത്താൻ കിണയുന്ന കുടുംബാംഗങ്ങളുടേതായ ഒരു വലിയ കൂട്ടം മനുഷ്യർ ഉണ്ടാവാമെന്ന് പലപ്പോഴും നാമോർക്കാറില്ല. ഒരു യൂണിയൻ നേതാവായ കഥാപാത്രത്തിലൂടെ ആ സത്യം കാതിലെത്തുമ്പോൾ കഥാകാരനും വലിയ സംഘർഷത്തിലാവുന്നു . ഈ സംഘർഷങ്ങൾ എഴുത്തുകാർക്ക് മാത്രമേ ഉണ്ടാവുന്നുമുള്ളു. കുടുംബത്തെ തീരാദുരിതത്തിലും ദാരിദ്ര്യത്തിലുമാഴ്ത്തിയ രാഷ്ട്രീയ പ്രവർത്തകർ പ്രകീർത്തിക്കപ്പെടുന്നതാണ് പൊതുവെ നാം കാണുക.
പോകെപ്പോകെ കുടുംബത്തിൻ്റെ ജീർണത ഈ മനുഷ്യരെയും നിസ്സഹായരാക്കുന്നതും കാണാം. പൊതു സമൂഹത്തിലെ ജീർണത, മാത്സര്യം കുടുംബത്തിലേക്കുകൂടി കിനിഞ്ഞിറങ്ങുമ്പോൾ കുടുംബാംഗങ്ങൾ പരസ്പരം ശത്രുക്കളോ മത്സരിക്കേണ്ടവരോ ആയിത്തീരുന്നു. ജീവിതകാലം മുഴുവൻ കുടുംബത്തിനു വേണ്ടി പണിഞ്ഞിട്ടും അവസാനം അനൃരാകുന്നവർ.സഹകരണത്തിനു പകരം മത്സരം സ്വഭാവമാക്കിയവർ ഉണ്ടാവുമ്പോൾ ചിലർക്ക് സ്വന്തം പിതാവോ സഹോദരങ്ങളോ തന്നെ ചവിട്ടുപടികൾ മാത്രമാവുന്നു. കുത്തബ്മിനാറും അതിൻ്റെ പടികളിൽ വെച്ചുണ്ടായ ദുരന്തവും, പ്രതീകാത്മക പശ്ചാത്തലമാക്കി എഴുതിയ ‘വിജയസ്തംഭം’ എന്ന കഥ ഈ ദർശനം നമ്മിലേക്കെത്തിക്കുന്നു. സ്തംഭത്തിന് ചവിട്ടുപടികൾ ഇല്ല എന്നും സഹജീവികൾ തന്നെയാണ് ഓരോ ജീവിയുടെയും ചവിട്ടുപടി എന്നും ഉള്ള അസ്വസ്ഥതയുണ്ടാക്കുന്ന തിരിച്ചറിവ് നമ്മിലേക്ക് കൊണ്ടുവരികയാണ് ആ കഥ.

മതവും ദേശീയതയും കുറേക്കൂടി അക്രാമകമായി മനുഷ്യരെ ഒറ്റപ്പെടുത്തുന്നു എന്ന് ഇന്ന് നാം കാണുന്നു. ഭക്തിഹിസ്റ്റീരിയയും സങ്കുചിത ദേശീയതാവാദവും അലങ്കാരമാക്കിയ നാടിന് അതിൻ്റെ മതേതരസങ്കൽങ്ങളും ചരിത്രവും തന്നെ നഷ്ടപ്പെടുകയാണ് . അറ്റമില്ലാത്ത യാതനകളിൽ വലയുന്നവന് മതം ആശ്വാസവും അത്താണിയുമാണ്. മതാചാരവെെവിധ്യങ്ങളാവട്ടെ, വിവിധമതസ്ഥരുടെ സംസ്കാരവും നാടിൻ്റെ ബഹുസ്വരതയും കാത്തു സൂക്ഷിക്കുന്നു.
സ്വാതന്ത്ര്യ സമരക്കാലത്തെ ദേശീയത എത്ര മേൽ ജനമനസ്സുളെ ഒന്നിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും പ്രതിരോധമാവുകയും ചെയ്തിരുന്നു എന്നതും ചരിത്രമാണ്. അത്തരമൊരു നാടിൻ്റെ ഭാവപരിണാമങ്ങളുടെ, അവയിലെ വൈരുധ്യങ്ങളുടെ സസൂക്ഷ്മ നിരീക്ഷണം തന്നെയാണ് ഈ എഴുത്തുകാരനെ ദാർശനികനാക്കുന്നതും.
ചരിത്രം എത്ര പ്രധാനമാണ് എന്ന്, ചരിത്രബോധമുണ്ടാവുക എന്നതു തന്നെയാണ് വർത്തമാന സമസ്യകളെ മനസ്സിലാക്കാനും ഭാവിയെ കരുതാനും ഏറ്റവുമാവശ്യം എന്ന് , ആനന്ദിനറിയാം. അതുകൊണ്ടു തന്നെ മാനവചരിത്രവും ഇന്ത്യാ ചരിത്രവും ആ കൃതികളിൽ ആവർത്തിച്ചു വരുന്നതു കാണാം. ‘കബാഡി’ (മാലിന്യം ശേഖരിക്കുന്ന ആൾ) എന്ന കഥ നോക്കൂ.ചരിത്രവും വർത്തമാനവും, ഭൗതികതയും ആത്മീയതയും, മരണവും തത്വചിന്തയും കഥാപാത്രങ്ങളേക്കാൾ പ്രസക്തമായ കഥാപാത്രങ്ങൾ ആവുന്ന കഥയാണത്. ദുഃഖത്തിൻ്റെയും ചിന്തയുടെയും ആഴങ്ങളിലേക്ക് നമ്മെ വലിച്ചു കൊണ്ടുപോവുന്നു അത്. 1990 ൽ ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്തു നടന്ന ഒരു വർഗീയ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ, അതിൽപ്പെട്ട് പോലീസിൻെറ വെടിയുണ്ട തുളച്ചുകയറിയും കലാപകാരികൾ ഇട്ട തീയിൽ കരിഞ്ഞും പൂർണമായും ഇല്ലാതായ, ദേശവും ഭാഷയും വീടും ബന്ധുക്കളുമില്ലാത്ത നൂർ മുഹമ്മദിലൂടെയാണ് ഈ ചരിത്രം നമ്മിലേക്ക് എത്തുന്നത് എന്നതാണ് പ്രധാനം. ഖവാലിയിൽ ലയിക്കാൻ നിസാമുദ്ദീൻ ദർഗയിലെത്തുന്നവർ ഇന്ന് ഒരു പക്ഷേ കാണാതെയും മനസ്സിലാക്കാതെയും പോകാവുന്ന സ്ഥലപുരാണവുമുണ്ട് കഥയിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്നും ജീവിക്കുന്ന പുണ്യ ഖബറുകൾ, അവയുടെ സംരക്ഷകരായ പീറുകൾ വസിക്കുന്ന ചുറ്റുമുള്ള നിസാമുദ്ദീൻ ബസ്തി, അവർ പുലർത്തുന്ന ആത്മീയതയുടെ സാമ്പത്തിക ശാസ്ത്രം, ചുററും വികസിച്ചു കൊണ്ടിരിക്കുന്ന പാവങ്ങളുടെ ഖബറിസ്ഥാൻ, അതിനു പ്രതിരോധമായി ഉണ്ടാക്കിയ ഹിന്ദു ശ്മശാനം, അനാവശ്യമെങ്കിലും, ഹിന്ദുശ്മശാനത്തിൻ്റെ വികസനത്തിനായി കയ്യേറാൻ ശ്രമിക്കുന്ന കബാഡികൾ വസിക്കുന്ന പുറമ്പോക്ക്, ആവാസസ്ഥലവും ജീവനോപാധികളും നഷ്ടമാകുന്ന പുറമ്പോക്കുകാരുടെ പ്രതിരോധത്തോടൊപ്പം സാമുദായികസ്വത്വബോധത്തോടെ പീറുകൾ കൂടി ചേരുമ്പോൾ പൊട്ടിപ്പുറപ്പെടുന്ന വർഗീയ ലഹള, ഇവയൊക്കെ ഇന്നു ചരിത്രമാണ്. ഡൽഹി മറക്കാനാഗ്രഹിക്കുന്ന 1990 ലെ ചരിത്രം. പക്ഷേ, ഭാവിയിൽ സംഭവിക്കാനിരിക്കുന്ന മഹായുദ്ധത്തിൻ്റെ നാന്ദിയായിരിക്കുമോ ഇത് എന്ന കഥാകാരൻ്റെ ആശങ്ക ഈ കഥയെ പ്രവചനസ്വഭാവമുള്ളതാക്കുന്നു. ശേഷം അരങ്ങേറിയ ഗുജറാത്ത് കലാപം ഉൾപ്പെടെ ഇനിയും വരാനിരിക്കുന്നവയെ കൂടി ഗർഭത്തിൽ വഹിക്കുന്നുണ്ടായിരുന്നു ആ കഥയവസാനത്തിലെ ചോദ്യം . അതിനുത്തരം ചരിത്രം തന്നെ പറയട്ടെ എന്നവസാനിപ്പിക്കുകയാണ് കഥാകാരൻ.
തൻ്റെ വീട്ടിൽ ഇടയ്ക്കിടെ അനാവശ്യവസ്തുക്കൾ ശേഖരിക്കാനെത്തുന്ന നൂർ മുഹമ്മദിനെ അവിചാരിതമായി വഴിതെറ്റി എത്തിപ്പെട്ട കബാഡി ബസ്തിയിൽ വെച്ച് കാണുമ്പോൾ അന്തംവിട്ടുനിന്നു പോവുകയാണ്, കഥാനായകനും കഥ പറയുന്ന ആളുമായ മധ്യവർഗി. ദരിദ്രരും നാടോടികളും മൃഗങ്ങളും പാമ്പുകളും പാചകവും വിസർജ്യങ്ങളും ഇടകലരുന്ന അവിശ്വസനീയ നഗര പ്രാന്തം. ‘പക്ഷേ സാബ്,ഇവിടെയുള്ളവർ സംതൃപ്തരാണ്, രണ്ടു നേരം ഭക്ഷണം കഴിക്കാനാവുന്നവർ’, എന്നു പിന്നീടൊരിക്കൽ സംസാരത്തിനിടെ നൂർ മുഹമ്മദ് പറയുന്നുണ്ട് . മാലിന്യങ്ങളെപ്പറ്റി, അതുണ്ടാക്കാവുന്ന അന്വസ്ഥതയെപ്പറ്റി ആരായുന്ന കഥാകാരനോട് അയാൾ ചോദിക്കുന്ന ദാർശനികമായ ചോദ്യം ഇങ്ങനെ – ‘നമ്മുടെയൊക്കെ അസലിയത് പിന്നെ എന്താണ് സാബ് ?… ജീവിതത്തിൽ നല്ലതൊന്നും ഉണ്ടാക്കാനാവാത്തവരും നിരന്തരം മാലിന്യങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കയല്ലേ! നാമെല്ലാം നാളെ നമ്മുടെ മക്കൾക്ക് തലവേദനയുണ്ടാക്കുവാൻ പോകുന്ന ശവങ്ങൾ തന്നെയല്ലേ ?’ മാലിന്യത്തെപ്പറ്റിയും , ക്ലീനിംഗ് അഥവാ, സഫായിയെപ്പറ്റിയും, മരണത്തെപ്പറ്റിയും ഏറെ ദാർശനികമായ ചിന്തകളിലേക്ക് നായകനെ നയിക്കുന്നുണ്ട് ആ വാക്കുകൾ.
ആനന്ദിൻ്റെ നോവലുകളും ചെറുകഥകളും വിശദമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടത് പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഏറെ പ്രധാനം തന്നെയാണ്. ഇരിങ്ങാലക്കുടക്കാരൻ തന്നെയായ കഥാകാരനെ ആഴത്തിലറിയാനും പരിചയപ്പെടുത്താനുമുള്ള അത്തരം സംരംഭങ്ങൾക്ക് എൻ്റെ കൂടിയായ നാട്ടുകാർ മുൻ കൈ എടുക്കട്ടെ എന്നാഗ്രഹിക്കുകയാണ്.

വൃക്തിപരമായ ഒരനുഭവം കൂടി പങ്കുവെച്ചു കൊണ്ടു നിർത്താം . ബർസ എന്ന നോവൽ ഇറങ്ങുന്നത് 2007ൽ ആണ്. സാഹിത്യ അക്കാദമി അതിനെ പുരസ്കാരം തന്ന് അംഗീകരിച്ചത് 2010ലും. ഇതിനിടയിലെപ്പോഴോ എന്നെ അമ്പരപ്പിച്ചു കൊണ്ട് ആനന്ദ് ഡൽഹിയിൽ നിന്നെന്നെ വിളിച്ച് സംസാരിക്കുന്നുണ്ട്. നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. തൃശൂരിൽ വെച്ച് ആദ്യമായി കാണുമ്പോൾ തൻ്റെ ഇനിയും ഇറങ്ങാനിരിക്കുന്ന ‘ദ്വീപുകളും തീരങ്ങളും’ എന്ന മിത്തിക്കൽ സ്വഭാവമുള്ള കൃതിയെപ്പറ്റി അദ്ദേഹം പറഞ്ഞു. ബർസയുടെ വായനയും അതിനു പ്രേരകമായിട്ടുണ്ട് എന്നും. ഇതിവിടെ എടുത്തു പറയുമ്പോൾ അഹങ്കാരമല്ല ഉള്ളിലെന്നു തീർച്ച. ആദ്യനോവലായ ആൾക്കൂട്ടം പ്രസാധകനെ ഏൽപ്പിക്കുമ്പോൾ ’പ്രസിദ്ധീകരിച്ചോളൂ,എഴുത്തുകാരൻ്റെ പേരൊന്നും വെക്കണമെന്നില്ല’ എന്നു പറയാൻ മാത്രം അവനവൻ നിരാസം സ്വായത്തമാക്കിയ മഹാ കഥാകാരൻ്റെ സാന്നിധ്യത്തിൽ അത്തരമൊരു ഞാൻഭാവത്തിന് പ്രസക്തിയുമില്ല.. വൈക്കം മുഹമ്മദ് ബഷീർ തൻ്റെ ആത്മീയാനുഭവത്തെപ്പറ്റി എഴുതിയ പോലെ -‘ദൈവമേ, എനിക്കിതൊന്നും ഉൾകൊള്ളാനാവുന്നില്ലല്ലോ’ എന്ന പോലെ, എന്തോ ഒന്ന് ഉള്ളിൽ തുളുമ്പുന്നുണ്ട് എന്നു മാത്രമറിയാം…
ചരിത്രവും നൈതികതയും നഷ്ടപ്പെട്ട ലോകത്ത്, എഴുത്തിലൂടെ അമരനാകാം എന്ന എഴുത്തുകാരൻ്റെ മോഹവും മരിക്കുന്നു എന്ന് ആനന്ദും ഏതോ കഥയിൽ എഴുതിയിട്ടുണ്ടല്ലോ!