‘ഡിജിറ്റൽ നിലാവിലെ അനലോഗ് രാത്രികൾ’
‘ഡിജിറ്റൽ നിലാവിലെ അനലോഗ് രാത്രികൾ’, അബുൽ കലാം ആസാദിന്റെ ആത്മകഥയുടെ ഒന്നാം ഭാഗം എന്ന് പറയാവുന്ന പുസ്തകം, പുസ്തകപ്രസാധക സംഘം വഴി പുറത്തുവന്നത്, ആസാദിന്റെ അർത്ഥമുൾക്കൊള്ളുന്ന സ്വാതന്ത്ര്യദിനത്തിൽ വായിച്ചു തീർത്തു. മലയാള പുസ്തക പ്രസാധന രംഗത്ത് അപൂർവമായി മാത്രം സംഭവിയ്ക്കുന്ന ഒന്നാണ്, അതാത് വിഷയങ്ങൾക്ക് അനുയോജ്യമായ ചിത്രങ്ങളോടെ പുസ്തകങ്ങൾ ഇറങ്ങുക എന്നത്. ഒരു ഫോട്ടോഗ്രാഫി കലാകാരനായ ആസാദിന്റെ പുസ്തകത്തിന് ചിത്രങ്ങളുടെ അകമ്പടി ഇല്ലെങ്കിൽ എന്ത് ഭംഗിയാണ് ഉണ്ടാവുക. എന്തായാലും ഈ പുസ്തകം പാഠത്തോളം തന്നെ ചിത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയിരിക്കുന്നു.
പല പുസ്തകങ്ങളിലും (എന്റേതുൾപ്പെടെ), പ്രത്യേകിച്ചും നോൺ-ഫിക്ഷൻ ജാനറിൽ ഉള്ളവയിൽ, ചിത്രങ്ങൾ ചില പൂരണങ്ങൾ എന്ന രീതിയിൽ കൊടുക്കാറുണ്ട്. എന്നാൽ ഇവിടെ ചിത്രങ്ങൾ എന്ന് പറയുന്നത് ആസാദിന്റെ ‘കൃതികൾ’ തന്നെയാണ്. അതായത്, ഈ പുസ്തകം വാങ്ങുമ്പോൾ നിങ്ങൾ ആസാദിന്റെ ആത്മകഥയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകളുടെ പകർപ്പുകൾ കൂടി വാങ്ങുന്നു എന്നാണർത്ഥം. കേവലമായ ഒരു പുസ്തകമല്ല ഇത്. മട്ടാഞ്ചേരിയിൽ ആരംഭിയ്ക്കുന്ന കഥ ഫോർട്ട് കൊച്ചിയിലൂടെയും എറണാകുളത്തൂടെയും ഒക്കെ കടന്ന്, ദ്രാവിഡ നാട്ടിന്റെ സംഘകാലപരമ്പര്യത്തിലേയ്ക്കും പാണ്ഡ്യ-ചേര-ചോള സാമ്രാജ്യങ്ങളുടെ ചരിത്രത്തിലേക്കും അറബികളുടെ വരവ് മുതലുള്ള വാണിജ്യ ബന്ധങ്ങളുടെയും ഒപ്പം കൊളോണിയലിസത്തിന്റെ എടുപ്പുകളെയും ഒക്കെ സ്പർശിയ്ക്കുന്നതിലൂടെ ഒരു ദേശ ചരിത്രം കൂടിയായി മാറുന്നു.
ആസാദിനെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നത് അദ്ദേഹം ഒരു ഫോട്ടോഗ്രാഫി കലാകാരൻ എന്ന നിലയ്ക്കാണ്. മായാലോകം, ഏകലോകം, മതിലകം തുടങ്ങി ഏതാനും പ്രസ്ഥാനങ്ങളിലൂടെ കൊച്ചി കേന്ദ്രീകരിച്ച് കേരളത്തിന്റെയും തമിഴകത്തിന്റെയും ദൃശ്യചരിത്രത്തിന്റെയും സബാൾട്ടൺ ചരിത്രത്തിന്റെയും ജെണ്ടർ ഇൻക്ലൂസിവിറ്റിയുടെയും ഒക്കെ വമ്പിച്ച ദൃശ്യചരിത്രം സൃഷ്ടിച്ച ഒരു കലാകാരനാണ് ആസാദ്. ഒരുപക്ഷെ, അദ്ദേഹത്തിന്റെ കൃതികളും ആർക്കൈവ്‌സും ഇനിയും അവ അർഹിയ്ക്കുന്ന നിലയ്ക്ക് പഠിക്കപ്പെടുകയോ വിലയിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. എൻ എസ് മാധവൻ, ഇ പി ഉണ്ണി, ആർ നന്ദകുമാർ, അർജുൻ, തുളസി സുവർണ്ണ ലക്ഷ്മി തുടങ്ങി ഞാനുൾപ്പെടെയുള്ളവർ ആസാദിനെക്കുറിച്ച് പലപ്പോഴായി പല പഠനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും അവയൊന്നും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
ഒരു ഫോട്ടോഗ്രാഫി ആർട്ടിസ്റ്റ് എന്ന നിലയിൽ ആസാദിന്റെ ജീവിതം കൊച്ചി, ബോംബെ, ഡൽഹി, തിരുവണ്ണാമലൈ, പാരീസ്, ഇംഗ്ലണ്ട്, ഇസ്രായേൽ തുടങ്ങി അനവധി ഇടങ്ങളിലായി വ്യാപിച്ച് ഇപ്പോൾ വയനാട്ടിൽ ചെന്നെത്തി നിൽക്കുന്നു. നാടക-സാഹിത്യസാംസ്‌കാരിക പ്രവർത്തകനായ ഒരു പിതാവിന്റെ തണലിൽ, തമിഴകത്ത് നിന്ന് കുടിയേറിയ റാവുത്തർമാരുടെ പാരമ്പര്യത്തിന്റെ കഥകൾ കേട്ടുവളർന്ന ആസാദ് ആരംഭത്തിലേ തന്നെ തന്റെ സ്വത്വം ഒരു ഭാഷയിലോ ഒരു ദേശത്തിന്റെ ഊന്നാൻ ശ്രമിച്ചില്ല. വിട്ടുപോകുന്തോറും മടങ്ങി വരിക എന്നത് ആധുനിക കലാകാരന്മാരുടെ ഒരു സമാനാവസ്ഥ ആയതിനാൽ പേർത്തും പേർത്തും ആസാദ് കേരളത്തിലേയ്ക്ക് മടങ്ങി വരികയും, അലച്ചിലിന്റെ അക്ഷമ പെരുക്കുന്ന കാലുകളിൽ കയറി വീണ്ടും മറ്റൊരിടത്തേക്ക് പോവുകയും ചെയ്തിട്ടുണ്ട്.

ഒരു വിവാഹ ഫോട്ടോഗ്രാഫർ എന്ന നിലയിലാണ് തുടക്കം. പിന്നെ കൊച്ചിയിലും ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും ഒക്കെയുള്ള പൊതുപരിപാടികളുടെ ഛായാഗ്രാഹകനായി. അപ്പോഴും ന ഇതി ന ഇതി എന്ന ഒരു തോന്നൽ, ഇതല്ല ഇതല്ല എന്നൊരു പ്രേരണ ആസാദിനെ വേട്ടയാടിയിരുന്നു. എറണാകുളത്തെ കലാപീഠവും, എഴുപതുകളുടെ ഒടുക്കത്തെയും എൺപതുകളിലെയും കേരളത്തിലെ പൊതു സാംസ്കാരിക ഓളങ്ങളിൽ കയറിയുള്ള യാത്രയും ഒക്കെ ചേർന്ന് ആസാദിലെ കലാകാരനെ വാർത്തെടുത്തു. മാധ്യമത്തിന്റെ എഡിറ്ററായി വന്ന ജമാൽ കൊച്ചങ്ങാടി ആസാദിനെ ഒരു ഫോട്ടോ ജേണലിസ്റ്റ് ആകുന്നതിൽ സഹായിച്ചു. അപ്പോഴേയ്ക്കും ആസാദ് എം ജി ആറും മമ്മൂട്ടിയും ഒക്കെ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളൊക്കെ എടുത്തു കഴിഞ്ഞിരുന്നു. പക്ഷെ സിനിമയോ ഗ്ലാമറോ ഒന്നും തന്നെ ആസാദിനെ ആകർഷിച്ചില്ല.
1988 -ൽ ബോംബെയിൽ നടന്ന ടൈംലൈസ് ആർട്ട് പ്രദർശനവും തെരുവിൽ റാഡിക്കൽ ഗ്രൂപ്പ് നടത്തിയ പ്രതിഷേധ പ്രദർശനവും എല്ലാം പകർത്താൻ ഇടവന്നതോടെ കലാകാരന്മാരുടെ ബൊഹീമിയൻ ജീവിതത്തിലേക്കും ആസാദ് കടന്നു ചെന്നു. ഡൽഹിയിൽ, പി ടി ഐ യിൽ പ്രസ് ഫോട്ടോഗ്രാഫർ. ഹസ്രത് ബാൽ പള്ളി ആക്രമണത്തിൽ, അതിന്റെ ഉള്ളിൽ കടന്നു ചെന്ന് പടമെടുത്ത ഒരേ ഒരു ഫോട്ടോഗ്രാഫർ എന്ന പ്രശസ്തി. മണ്ഡൽ കമ്മീഷൻ പ്രയോഗത്തിലെത്തിയ്ക്കാൻ വി പി സിങ് എടുത്ത തീരുമാനത്തെ തുടർന്നുള്ള സവർണ്ണ പ്രതിരോധവും ആത്മാഹൂതിയും തുടർന്ന് എൺപതുകളുടെ ഒടുക്കം നടന്ന ഹിന്ദുത്വ കൺസോളിഡേഷനും ഒക്കെ ആസാദിന്റെ ക്യാമറയിലൂടെ ചരിത്രത്തിന്റെ ഭാഗമായി. പിന്നെ ആസാദ് ഒരു പ്രസ് ഫോട്ടോഗ്രാഫർ എന്ന ജോലി ഉപേക്ഷിയ്ക്കുകയും മുഴുവൻ സമയ ഫോട്ടോഗ്രാഫി ആർട്ടിസ്റ്റ് ആവുകയും ചെയ്തു.

തൊണ്ണൂറുകളുടെ തുടക്കം മുതലുള്ള ആസാദിനെ എനിയ്ക്കറിയാം. ആരും ജോലി ഉപേക്ഷിക്കാത്ത സാഹചര്യത്തിൽ ആസാദ് ജോലി ഉപേക്ഷിയ്ക്കുന്ന. ഒരു സ്‌കോളർഷിപ്പിന് സഹായത്തോടെ പാരീസിലേയ്ക്ക്. എം മുകുന്ദനുമായുള്ള പരിചയം തുറന്ന വഴികൾ പാരീസിലെ പഠനത്തെ ഒന്ന് കൂടി ഫലപ്രദമാക്കി. തുടർന്ന് ബ്രിട്ടീഷ് കൗൺസിൽ ചാൾസ് വാലസ് ട്രസ്റ്റ് നൽകുന്ന സ്കോളര്ഷിപ്പോടെ സറേ ഇന്സ്ടിട്യൂട്ടിൽ തുടർപഠനം. ഔപചാരിക വിദ്യാഭ്യാസം കൗമാരകാലത്തേ ഉപേക്ഷിച്ച ആസാദിന് ലണ്ടനിൽ ബിരുദാനന്തരബിരുദ പഠനം നടത്താൻ കഴിഞ്ഞു. നമ്മൾ സർട്ടിഫിക്കറ്റുകൾക്ക് വിലകൊടുക്കുമ്പോൾ, ലോകം കഴിവിന് അംഗീകാരം കൊടുക്കുന്നു.
ആസാദിന്റെ കല എന്താണ്? ഫോട്ടോഗ്രാഫിന് മുകളിലെ കോറി വരകളും, സ്ത്രീകളുടെയും സ്വവർഗ്ഗഅനുരാഗികളുടെയും ഭിന്നലിംഗക്കാരുടെയും പശുക്കളുടെയും ആനകളുടെയും താമരകളുടെയും കത്തികളുടെയും പുരാതന മുഗൾ- കൊളോണിയൽ എടുപ്പുകളുടെയും, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെയും, മനുഷ്യരുടെ പരിസരങ്ങളിലുള്ള തുച്ഛ വസ്തുക്കളുടെയും ഒക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ലാർജ് ഫോര്മാറ്റിലും മീഡിയം ഫോര്മാറ്റിലും എടുത്ത ചിത്രങ്ങൾ ഫോട്ടോഗ്രാഫര്മാരെയും ഫോട്ടോ ജേണലിസ്റ്റുകളെയും അലോസരപ്പെടുത്തി. പക്ഷെ ആസാദ് ചരിത്രത്തെ പുനർവായിയ്ക്കുകയും ഒപ്പം കൊളോണിയൽ ചരിത്ര നിർമ്മിതിയുടെ അടിസ്ഥാനങ്ങളെ അപനിർമ്മിയ്ക്കുകയും ഇന്ത്യയുടെ മാറുന്ന രാഷ്ട്രീയഭൂമികയെ, അതിന്റെ സവർണ്ണ പുരുഷാധികാര ആക്രാമകതയെ വിശകലനം ചെയ്യുകയുമായിരുന്നു. അത് മനസ്സിലാക്കപ്പെടാൻ ഇനിയും സമയം എടുക്കും.
ബിനാലെയുടെ നഗരമായി വാഴ്ത്തപ്പെടുന്ന കൊച്ചിയിൽ, ഒരുകാലത്ത് പണ്ടകശാലകളും കൊളോണിയൽ കെട്ടിടങ്ങളും ചില്ലറ രൂപയ്ക്ക് വാടകയ്ക്ക് കിട്ടുമായിരുന്നു. അക്കാലത്ത് അനൂപ് സ്കറിയയും, ആനന്ദ് സ്കറിയയും ആസാദും ഒക്കെ അടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം കൊച്ചി സാംസ്‌കാരിക ഉത്സവവും ഫിലിം ഫെസ്റ്റിവലും ആർട്ട് ഫെസ്റ്റിവലും നടത്തി. വൃക്ഷാരാധനയും റെഗ്ഗെയും ഈ ചെറുപ്പക്കാർ കൊച്ചിയ്ക്ക് പരിചയപ്പെടുത്തി. തുടർന്ന് കാശി ഗ്യാലറിയും ദ്രവീഡിയ ഗ്യാലറിയും വന്നു. കലാകാരുടെ കൂട്ടായ്മ എന്ന ആശയത്തിലൂന്നി അനേകം കലാകാരന്മാർ മട്ടാഞ്ചേരിയിലേയ്ക്ക് കുടിയേറി. ബിനാലെ പിൽക്കാലത്ത് അവരെയെല്ലാം കുടിയിറക്കി. ബിനാലെ യഥാർത്ഥത്തിൽ പുതിയൊരു കോളനിവൽക്കരണമാണ്.

ആസാദിന്റെ ‘ഡിജിറ്റൽ നിലാവിലെ അനലോഗ് രാത്രികൾ’ എന്ന പുസ്തകത്തിലൂടെ നമുക്ക് സംഭവങ്ങളെ മാത്രമല്ല, വ്യക്തികളെയും പരിചയപ്പെടാനാകും. ശശികുമാർ, ഓ വി വിജയൻ, എൻ എസ് മാധവൻ, ഇ പി ഉണ്ണി, റാം റഹ്മാൻ, വിവാൻ സുന്ദരം, ഗീതാ കപൂർ തുടങ്ങി അജി വി എൻ വരെയുള്ളവർ ഇതിൽ പ്രത്യക്ഷരാകുന്നു. ഞാനും മൃണാലും ഉണ്ടെന്നുള്ളത് വലിയ സന്തോഷം.
മലയാളത്തിൽ ഇറങ്ങുന്ന ഉപരിതലസ്പർശിയായ പുസ്തകങ്ങൾ വായിച്ച് സമയവും പണവും പാഴാക്കുന്നവർ അതൊക്കെ നിർത്തി ഇത്തരം പുസ്തകങ്ങൾ വായിക്കണം. കേരളത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന വലതുപക്ഷ ജീർണ്ണ സംസ്കാരത്തെ ചെറുക്കാൻ സമാന്തര പ്രസാധകരുടെ പുസ്തകങ്ങൾ വായിക്കുക എന്ന രാഷ്ട്രീയത്തിൽ ഏർപ്പെടേണ്ടതുണ്ട്.
ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ ഫോട്ടോഗ്രാഫുകളും ആദ്യം ‘http://www.abul kalam azad.in‘ ൽ പ്രസിദ്ധീകരിച്ചവയാണ്.











