ചൈനയുടെ 100 മില്യൺ ഡോളർ ഗാസ കരുനീക്കം: പാശ്ചാത്യ മേധാവിത്വത്തിനെതിരായ ബീജിംഗിന്റെ ആസൂത്രിത പ്രഹരം
2025 ഡിസംബർ 4-ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പലസ്തീന് വേണ്ടി പ്രഖ്യാപിച്ച 100 മില്യൺ ഡോളറിന്റെ മാനുഷിക സഹായം വെറുമൊരു ജീവകാരുണ്യ പ്രവർത്തനം മാത്രമല്ല. പ്രാദേശിക ക്രമം മാറ്റിമറിക്കാനും വാഷിംഗ്ടണിന്റെയും ന്യൂഡൽഹിയുടെയും തന്ത്രപരമായ ദുർബലതകൾ തുറന്നുകാട്ടാനും രൂപകൽപ്പന ചെയ്ത കൃത്യമായ ഒരു ആഗോളരാഷ്ട്രീയ നീക്കം കൂടിയാണ്. അറബ് ലോകത്തിലെ ഏറ്റവും അസ്ഥിരമായ വേദികളിലൊന്നിൽ, ഒരു സാമ്പത്തിക പങ്കാളിയെന്ന നിലയിൽ നിന്നും രാഷ്ട്രീയ മധ്യസ്ഥനെന്ന നിലയിലേക്കുള്ള ബീജിംഗിന്റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രഖ്യാപിച്ച ഈ സഹായം.
ഒരു ഇരട്ട പാത (dual-track ) തന്ത്രം
വിഭിന്നമാർഗങ്ങൾ ഒന്നായി വിന്യസിച്ച് സ്വാധീനമുറപ്പിക്കുന്നതിനുള്ള ബീജിംഗിനുള്ള സാമർത്ഥ്യത്തിന് അടിവരയിടുന്നുണ്ട് ഈ മാനുഷിക സഹായപദ്ധതിയുടെ ഘടന. പാശ്ചാത്യ ദാതാക്കളെ പലപ്പോഴും തടസ്സപ്പെടുത്താറുള്ള രാഷ്ട്രീയ പരിമിതികളുണ്ട്. അവ ഒഴിവാക്കി, ഐക്യരാഷ്ട്രസഭയുടെ സ്ഥാപിത ചാനലുകൾ, ഈജിപ്ഷ്യൻ ഇടനാഴികൾ, ജോർദാനിയൻ പ്രവർത്തന ശൃംഖലകൾ എന്നിവയിലൂടെ ഫണ്ടെത്തിച്ച് ഉത്തരവാദിത്തമുള്ള ഒരു പങ്കാളിയായി സ്വയം അവതരിപ്പിക്കുകയാണ് ചൈന. ഈ സമീപനം അടിയന്തിര മാനുഷിക സഹായം ലഭ്യമാക്കുന്നതിനോടൊപ്പം ഗാസയുടെ ഭാവി പുനർനിർമ്മാണത്തിൽ ചൈനീസ് സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന നേടിക്കൊടുക്കുകയും ചെയ്യുന്നു. ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതികളിലൂടെ മെച്ചപ്പെടുത്തിയെടുത്തിട്ടുള്ള, അടിയന്തരമായെത്തിക്കുന്ന സഹായം പലപ്പോഴും ദീർഘകാല പ്രസക്തിയുള്ള സാമ്പത്തിക അടിത്തറയായി പരിണമിക്കുന്ന പ്രക്രിയയാണിത്.

പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിൽ നിന്നും ഉടനെയെത്തിയ നന്ദി സന്ദേശം, ബീജിംഗിന് ഈ നീക്കം നേടി കൊടുക്കുന്ന രാഷ്ട്രീയ നേട്ടമെന്തെന്ന് കാട്ടി തരുന്നുണ്ട്. പൊതുവെ ഭരണപരമായ നിബന്ധനകളും, ഇസ്രായേലി സുരക്ഷാ ഏകോപനവുമായും ഒക്കെ കൂട്ടിപിണഞ്ഞു കിടക്കുന്ന പാശ്ചാത്യ സഹായ വാഗ്‌ദാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ചൈനയുടെ പിന്തുണയെത്തുന്നത് വളരെ കുറഞ്ഞ രാഷ്ട്രീയ നിബന്ധനകളോടെയാണ്. ഗാസയോടുള്ള പാശ്ചാത്യ നിലപാടുകളിൽ കാണുന്ന കാപട്യത്തിൽ നിരാശരായിരിക്കുന്ന അറബ് ജനത ഈ നടപടിയിൽ വലിയ പ്രതീകാത്മക മൂല്യം കാണുന്നുണ്ട്.
അമേരിക്കയുടെ തന്ത്രപരമായ വിശ്വാസ്യതയുടെ തകർച്ച
അമേരിക്കയുടെ മധ്യേഷ്യ നയത്തിലെ കാതലായ ഒരു ദീർഘകാല വൈരുദ്ധ്യത്തെയാണ് ചൈനയുടെ ഗാസ നീക്കം ചൂഷണം ചെയ്യുന്നത്. ആസൂത്രിതമായി ഈ വൈരുദ്ധ്യത്തെ ഒരു ആയുധമാക്കാൻ ബീജിംഗിനായി. ഈ മേഖലയിലുടനീളം അമേരിക്ക സൈന്യത്തിന് വേണ്ടിയുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നത് അമേരിക്കൻ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നുണ്ട്. അറബ് സുരക്ഷയെക്കാൾ ഇസ്രായേലി താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന വിശ്വസനീയരല്ലാത്ത പങ്കാളികളായി വാഷിംഗ്ടണിനെ ചിത്രീകരിക്കുന്ന മാധ്യമ തന്ത്രത്തിലൂടെ ചൈന അതിനെ നയതന്ത്ര മൂലധനമാക്കി മാറ്റുന്നു.

വോട്ടെടുപ്പ് പ്രവണതകൾ ഈ മാറ്റത്തെ വ്യക്തമാക്കുന്നുണ്ട്: തുണീഷ്യയിൽ, 2023 ഒക്ടോബറിന് ശേഷം ചൈനയോടുള്ള അനുകൂല മനോഭാവം 70 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർന്നപ്പോൾ യുഎസിനുള്ള അംഗീകാരം 40 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് പൊതുവികാരത്തിൽ വന്ന നാടകീയമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ജനങ്ങളുടെ ധാരണകളിൽ ഉണ്ടായിട്ടുള്ള ഈ വ്യത്യാസം വ്യക്തമായി കാണാവുന്ന തന്ത്രപരമായ തകർച്ചയായി മാറിയിട്ടുണ്ട്. 2025-ലെ ഏഷ്യ പവർ ഇൻഡക്‌സ്, ചൈനയുടെ നയതന്ത്ര സ്വാധീനം ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന നിലയിലാണെന്ന് രേഖപ്പെടുത്തിയപ്പോൾ യുഎസിന്റേത് ചരിത്രപരമായ താഴ്ചയിലേക്ക് കൂപ്പുകുത്തി. സാമ്പത്തിക പങ്കാളിത്തവും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുകയില്ലെന്ന വാചാടോപവും ഒരുമിച്ച് ഉപയോഗിച്ചുകൊണ്ടുള്ള ബീജിംഗിന്റെ ക്ഷമാപൂർവ്വമായ തന്ത്രജ്ഞതയുടെ തെളിവാണിത്.

സാമ്പത്തിക സ്ഥിതിയിലെ ഗൗരവാവസ്ഥ ഈ ചലനാത്മകതയെ ശക്തിപ്പെടുത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുമായുള്ള ചൈനയുടെ വ്യാപാരം 163 ബില്യൺ ഡോളറിലെത്തിയിരിക്കുന്നു. ഊർജ്ജ നിക്ഷേപം 72 ബില്യൺ ഡോളറിലധികമായി. ഇത് പ്രാദേശിക സർക്കാരുകൾക്ക് യുഎസ് നേതൃത്വം നൽകുന്ന സംവിധാനങ്ങളുമായി യോജിച്ച് പ്രവർത്തിക്കാൻ വിമുഖതയുണ്ടാക്കുന്ന, നയതന്ത്രപ്രാധാന്യമുള്ള ആശ്രിതത്വമുണ്ടാക്കുന്നു.
2023-ൽ സൗദി-ഇറാൻ അനുരഞ്ജനത്തിന് വിജയകരമായി മധ്യസ്ഥം വഹിച്ചതിലൂടെ, അമേരിക്കൻ സ്വാധീനം ക്ഷയിച്ച ഇടങ്ങളിൽ നയതന്ത്രപരമായ ഇടപെടലുകൾക്കുള്ള തങ്ങളുടെ ശേഷി ബീജിംഗ് കൂടുതൽ പ്രകടമാക്കി. ഓരോ വിജയകരമായ ഇടപെടലും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന പാശ്ചാത്യ സമീപനത്തിന് ബദലായ പ്രായോഗിക സമീപനമാണ് ചൈനയുടേതെന്ന ആഖ്യാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് യുഎസിന്റെ പ്രാദേശിക ആധിപത്യം നിലനിർത്താൻ സഹായിച്ച 1945-ന് ശേഷമുള്ള സെക്യൂരിറ്റി ആർക്കിടെക്ച്ചറിനെ ക്രമേണ ദുർബലമാക്കുന്നു.
ഇന്ത്യയുടെ തന്ത്രപരമായ ആശയക്കുഴപ്പം
ഗാസ പ്രതിസന്ധിയിലുള്ള ഇന്ത്യയുടെ അറച്ചുനില്‍ക്കുന്ന, പൊരുത്തക്കേടുകളുള്ള പ്രതികരണം, ധാർമികവ്യക്തത ആവശ്യമുള്ള സംഘർഷങ്ങളെ അഭിമുഖീകരിക്കുന്നതിൽ അതിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട “മൾട്ടി-അലൈൻമെന്റ്” പ്രമാണത്തിന്റെ പരിമിതികൾ തുറന്നുകാട്ടുന്നു. പലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ഇസ്രായേലുമായുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനുള്ള ന്യൂഡൽഹിയുടെ ശ്രമം ഇരുപക്ഷത്തെയും അസംതൃപ്തരാക്കുന്നു. അറബ് ജനത ഇന്ത്യയെ ഗാസയുടെ നാശത്തിൽ പങ്കാളിയായി കാണുമ്പോൾ ഇസ്രായേലി നയരൂപകർത്താക്കൾ ഇന്ത്യൻ പിന്തുണയെ തത്വാധിഷിഠിതമായ ഒന്നായല്ല വ്യവഹാരപരമായ ഒന്നായാണ് കാണുന്നത്.

ബീജിംഗുമായുള്ള വ്യത്യാസം ഇവിടെ വ്യക്തമാണ്. ചൈന രാഷ്ട്രീയ സൽപ്പേര് നേടിയെടുക്കുന്നത് താരതമ്യേന ചെറിയ മാനുഷിക ഇടപെടലുകളിലൂടെയാണ്. ഉഭയകക്ഷി ബന്ധങ്ങളുണ്ടാക്കുന്നതിൽ ഇന്ത്യ നൽകുന്ന വിലയുടെ ഒരു ചെറിയ അംശം മാത്രമേ ഇത് വരൂ. പക്ഷെ ന്യൂഡൽഹിക്ക് തന്ത്രപരമായ സ്വാധീനമോ നയതന്ത്രകാര്യങ്ങളിലുള്ള ഗതിവേഗമോ നേടാനാകുന്നില്ല. അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 54 ശതമാനം മധ്യേഷ്യയിൽ നിന്നായിട്ടും, ഈ ആശ്രിതത്വത്തെ രാഷ്ട്രീയ മൂലധനമാക്കി മാറ്റുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. വ്യാപാരബന്ധങ്ങളെ തന്ത്രപരമായ സ്വാധീനമാക്കി മാറ്റാനുള്ള ബീജിംഗിന്റെ കഴിവിന് നേരെ എതിര് നിൽക്കുന്നു ഈ പരാജയം.

പാക്കിസ്ഥാന്റെ ഇടപെടൽ കാരണം ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനിൽ (OIC) നിന്ന് ഇന്ത്യ മാറ്റിനിർത്തപ്പെട്ടത് അതിന്റെ നയതന്ത്ര സാധ്യതകളെ പിന്നെയും പരിമിതപ്പെടുത്തുന്നു. ഇതുമൂലം ന്യൂഡൽഹിക്ക് നഷ്ടമാകുന്നത് പലസ്തീനിനെക്കുറിച്ചുള്ള ആഖ്യാനങ്ങൾ രൂപപ്പെടുത്താനൊക്കുന്ന മൾട്ടിലാറ്ററൽ പ്ലാറ്റ്ഫോമാണ്. ചൈനയുടെ പാൻ-അറബ് സന്ദേശങ്ങളിൽ ദൃശ്യമാകുന്ന പ്രതീകാത്മക അനുരണനമില്ലാത്ത ഉഭയകക്ഷി ഇടപെടലുകളായി ഇന്ത്യൻ ശ്രമങ്ങൾ ചുരുങ്ങുന്നു.
മധ്യസ്ഥ ശ്രമങ്ങൾക്ക് മുൻകൈയെടുക്കുന്നതിൽ ഇന്ത്യക്കുള്ള വ്യവസ്ഥാപിതമായ ബലഹീനതയാണ് ഈ വെല്ലുവിളിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. ചൈന അനുരഞ്ജനങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയും ഗാസയുടെ പുനർനിർമ്മാണത്തിനായി നിലകൊള്ളുകയും ചെയ്യുമ്പോൾ, മേഖലയിൽ ഇപ്പോൾ രൂപപ്പെട്ടുവരുന്ന ശാക്തിക യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത യുദ്ധപൂർവ്വ അനുമാനങ്ങളിൽ കുരുങ്ങി കിടക്കുകയാണ് ഇന്ത്യ. ബീജിംഗിന്റെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഇന്ത്യയുടെ അന്താരാഷ്ട്ര വടക്കു-തെക്ക് ഗതാഗത ഇടനാഴിയേയും (International North-South Transport Corridor), ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെയും (India-Middle East-Europe Economic Corridor) വെല്ലുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. നേടാൻ ആഗ്രഹിക്കുന്ന കണക്റ്റിവിറ്റിക്ക് പകരം യഥാർത്ഥമായ അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്.
മാറുന്ന പ്രാദേശിക ഗുരുത്വകേന്ദ്രം
കാര്യങ്ങളുടെ ഗതി വ്യക്തമാണ്: അമേരിക്കൻ സൈനികാധിപത്യത്തിനായാലും, ഇന്ത്യ അഭിലഷിക്കുന്ന നയകുശലതയ്ക്കായാലും മധ്യേഷ്യയിൽ പ്രസക്തി നഷ്ടമായികൊണ്ടിരിക്കുന്നു. അവിടെ സാമ്പത്തിക രാജ്യതന്ത്രജ്ഞതയെ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത മനുഷ്യമുഖമുള്ള നയതന്ത്രവുമായി ചേർത്തുവെച്ചുകൊണ്ട് തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയാണ് ചൈന. പ്രായോഗികത, മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടാതിരിക്കൽ, ഇടപാടുകളിലുള്ള സ്ഥിരത എന്നിവയാൽ നിർണ്ണയിക്കപ്പെടുന്ന ഒരു ബീജിംഗ് കേന്ദ്രീകൃത മാതൃകയിലേക്ക് നീങ്ങുകയാണ് ആ മേഖല – പതിയെയെങ്കിലും നിശ്ചയമായും.





