ജമ്മു സർവകലാശാലയിലെ എം.എ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് മുഹമ്മദ് അലി ജിന്ന, സർ സയ്യിദ് അഹമ്മദ് ഖാൻ, മുഹമ്മദ് ഇഖ്ബാൽ എന്നിവരെ നീക്കം ചെയ്യാനുള്ള സർവകലാശാലാ ഉന്നതാധികാര സമിതിയുടെ ശുപാർശ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ ആശങ്കകൾക്ക് വഴിതുറന്നിരിക്കുകയാണ്. അക്കാദമിക് ലോകത്തെ ബാഹ്യശക്തികൾ നിയന്ത്രിക്കുന്നതിന്റെയും, സർവകലാശാലകൾ കേവലം ഭരണകൂട താല്പര്യങ്ങളുടെയോ ചില സംഘടനകളുടെയോ ആജ്ഞാനുവർത്തികളായി മാറുന്നതിന്റെയും ദൗർഭാഗ്യകരമായ കാഴ്ചയാണിത്. വിവാദങ്ങളെ ഭയന്നുള്ള ഈ പിന്മാറ്റം ഒരു സർവകലാശാലയുടെ അടിസ്ഥാന ലക്ഷ്യത്തെയും സ്വതന്ത്രമായ ബൗദ്ധികാന്വേഷണങ്ങളെയും ഒരേപോലെ ചോദ്യം ചെയ്യുന്നു.

സംഘപരിവാർ സംഘടനയായ എ.ബി.വി.പി ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് ജമ്മു സർവകലാശാല ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്. ബിരുദാനന്തര ബിരുദ കോഴ്സിലെ ‘ന്യൂനപക്ഷങ്ങളും രാഷ്ട്രങ്ങളും’ എന്ന പാഠഭാഗത്ത് ജിന്നയെ ഉൾപ്പെടുത്തിയത് അദ്ദേഹത്തെ ഒരു ന്യൂനപക്ഷ നേതാവായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. നേരത്തെ ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ എന്ന തലക്കെട്ടിന് കീഴിലായിരുന്നു ജിന്നയെ പഠിപ്പിച്ചിരുന്നത്. പുതിയ മാറ്റം ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് ആരോപിച്ച് ക്യാമ്പസിൽ അക്രമാസക്തമായ പ്രക്ഷോഭങ്ങൾ നടന്നു. ഈ സമ്മർദ്ദത്തിന് വഴങ്ങിയാണ് വൈസ് ചാൻസലർ, പ്രൊഫസർ നരേഷ് പധയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിച്ചതും, ജിന്നയ്‌ക്കൊപ്പം സർ സയ്യിദ് അഹമ്മദ് ഖാൻ, മുഹമ്മദ് ഇഖ്ബാൽ എന്നിവരെയും സിലബസിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതും.

വിദ്യാഭ്യാസം എന്നത് ചില കാര്യങ്ങൾ മാത്രം പഠിപ്പിക്കലല്ല, മറിച്ച് ലോകത്തെയും ചരിത്രത്തെയും സ്വതന്ത്രമായി വിശകലനം ചെയ്യാനുള്ള പരിശീലനമാണ്. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ ഒരിക്കൽ പറഞ്ഞു: “ഒരു ആശയത്തെ അംഗീകരിക്കാതെ തന്നെ അതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുക എന്നതാണ് വിവേകമുള്ള മനസ്സിന്റെ ലക്ഷണം.” എന്നാൽ ചരിത്രത്തിലെ പ്രധാനപ്പെട്ട, എന്നാൽ വിവാദപരമായ വ്യക്തിത്വങ്ങളെ സിലബസിൽ നിന്ന് വെട്ടിമാറ്റുന്നതിലൂടെ സർവകലാശാല പരോക്ഷമായി പ്രഖ്യാപിക്കുന്നത് തങ്ങളുടെ വിദ്യാർത്ഥികൾക്ക് സ്വന്തമായി കാര്യങ്ങൾ വിലയിരുത്താനുള്ള ബൗദ്ധിക പക്വതയില്ലെന്നാണ്. ഇത് വിദ്യാർത്ഥികളെ വെറും വിവരങ്ങൾ ശേഖരിക്കുന്ന യന്ത്രങ്ങളായി കാണുന്നതിന് തുല്യമാണ്.
ഒരു രാഷ്ട്ര മീമാംസ വിദ്യാർത്ഥിക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രവും വിഭജനത്തിന്റെ രാഷ്ട്രീയവും മനസ്സിലാക്കണമെങ്കിൽ അതിന്റെ പ്രധാന ചാലകശക്തികളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ പഠിക്കുമ്പോൾ അതിന്റെ പ്രയോക്താക്കളെ ഒഴിവാക്കുന്നത്, ഫ്രഞ്ച് വിപ്ലവം പഠിക്കുമ്പോൾ ജാക്കോബിനുകളെ ഒഴിവാക്കുന്നത് പോലെയോ മാർക്സിനെ വായിക്കാതെ ശീതയുദ്ധത്തെക്കുറിച്ച് പഠിക്കുന്നത് പോലെയോ നിരർത്ഥകമാണ്. സിലബസുകൾ ‘സുരക്ഷിതമായ’ ആശയങ്ങളിൽ മാത്രം ഒതുങ്ങുമ്പോൾ, വിദ്യാഭ്യാസം എന്നത് വെറും ‘പ്രത്യയശാസ്ത്ര പ്രബോധനമായി’ (Indoctrination) മാറുന്നു. വൈരുദ്ധ്യങ്ങളും വിയോജിപ്പുകളും ചർച്ച ചെയ്യപ്പെടാത്ത ക്ലാസ് മുറികൾ വായുസഞ്ചാരമില്ലാത്ത മുറികൾ പോലെയാണ്; അവ വൈകാതെ വെറും ‘എക്കോ ചേംബറുകൾ’ മാത്രമായി മാറും.
സങ്കീർണ്ണമായ ‘മുസ്ലീം മനസ്സ്’
ഈ വ്യക്തികളെ വെറും ‘വിഭജനത്തിന്റെ വില്ലന്മാർ’ എന്ന ഒറ്റവാക്കിൽ ഒതുക്കുന്നതിലൂടെയാണ് പലപ്പോഴും വിവാദങ്ങൾ രൂപപ്പെടുന്നത്. എന്നാൽ ചരിത്രം അത്ര ലളിതമല്ല. അജീത് ജാവേദിന്റെ ‘Secular and Nationalist Jinnah’ (1998) എന്ന പുസ്തകം ജിന്നയുടെ ആദ്യകാല രാഷ്ട്രീയത്തിലെ മതനിരപേക്ഷ വശങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. മുസ്ലീം ലീഗിൽ എത്തുന്നതിന് മുൻപ് കോൺഗ്രസിന്റെ പ്രധാന നേതാവായും ‘ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ അംബാസഡർ’ ആയും അറിയപ്പെട്ട ജിന്ന, ഖിലാഫത്ത് പ്രസ്ഥാനം പോലുള്ള മതപരമായ വിഷയങ്ങളെ രാഷ്ട്രീയവുമായി കലർത്തുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഒരു നിയമ പണ്ഡിതനും വിവേകശാലിയായ രാഷ്ട്ര തന്ത്രജ്ഞനും എന്ന നിലയിൽ നിന്ന് അദ്ദേഹം എങ്ങനെയാണ് വർഗീയ രാഷ്ട്രീയത്തിന്റെ വക്താവായി മാറിയത് എന്ന പരിണാമം പഠിക്കുന്നത് ഇന്ത്യൻ ജനാധിപത്യം നേരിട്ട പരാജയങ്ങളെ മനസ്സിലാക്കാൻ അത്യാവശ്യമാണ്. വിദ്യാർത്ഥികൾക്ക് ഈ പരിവർത്തനത്തെക്കുറിച്ച് പഠിക്കാനുള്ള അവകാശമുണ്ട്.

രാജ്‌മോഹൻ ഗാന്ധി തന്റെ ‘Understanding the Muslim Mind’ (2000) എന്ന കൃതിയിൽ സർ സയ്യിദ് അഹമ്മദ് ഖാനെയും മുഹമ്മദ് ഇഖ്ബാലിനെയും കുറിച്ച് നൽകുന്ന കാഴ്ചപ്പാടുകൾ ശ്രദ്ധേയമാണ്. മുസ്ലീം സമുദായം മതപരമായ യാഥാസ്ഥിതികതയിൽ കുടുങ്ങിക്കിടക്കാതെ ആധുനിക വിദ്യാഭ്യാസത്തിലൂടെയും ശാസ്ത്രീയാഭിമുഖ്യത്തിലൂടെയും മുന്നേറണമെന്നായിരുന്നു സർ സയ്യിദിന്റെ ആഗ്രഹം. വിഭജനം എന്ന ആശയത്തിന് എത്രയോ മുൻപേ, മാറ്റം ആഗ്രഹിച്ച ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അദ്ദേഹത്തെ കാണാൻ സാധിക്കും. അതുപോലെ മുഹമ്മദ് ഇഖ്ബാലിനെ കേവലം പാകിസ്ഥാന്റെ ദേശീയ കവിയായി മാത്രം കാണുന്നത് അദ്ദേഹത്തിന്റെ ദാർശനികമായ വലിപ്പത്തെ ചെറുതാക്കിക്കാണിക്കലാണ്. മുഹമ്മദ് ഇഖ്ബാൽ രചിച്ച ‘തരാന-ഇ-ഹിന്ദി’ ഇന്ത്യയുടെ ദേശീയ മഹിമയെയും സാംസ്കാരിക വൈവിധ്യത്തെയും വാഴ്ത്തുന്ന അനശ്വരമായ ഒരു ഗീതമാണ്. ഭാരതത്തെ ലോകത്തിലെ ഏറ്റവും മികച്ച നാടായും ഇവിടത്തെ ജനങ്ങളെ ഒരു തോട്ടത്തിലെ പൂക്കളായും ഈ കവിതയിൽ അദ്ദേഹം ഉപമിക്കുന്നു. മതസൗഹാർദ്ദത്തിന്റെ വലിയ സന്ദേശം നൽകുന്ന ഈ വരികൾ ഇന്നും ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ദേശസ്നേഹം നിറയ്ക്കുന്ന ഒന്നാണ്.
ഇഖ്ബാലും ‘ഇമാം-ഇ-ഹിന്ദും’
മുഹമ്മദ് ഇഖ്ബാൽ ഒരു വിഭജനവാദി മാത്രമായിരുന്നില്ല, മറിച്ച് ഭാരതത്തിന്റെ ആത്മീയ പൈതൃകത്തെ സ്നേഹിച്ച ദാർശനികനായിരുന്നു. തന്റെ പ്രശസ്തമായ ‘രാം’ എന്ന കവിതയിൽ ശ്രീരാമനെ ‘ഇമാം-ഇ-ഹിന്ദ്’ (ഇന്ത്യയുടെ ആത്മീയ നേതാവ്) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
“ഹൈ രാം കേ വജൂദ് പേ ഹിന്ദുസ്ഥാൻ കോ നാസ് / അഹ്‌ലെ നസർ സമജ്‌തേ ഹേ ഉസ്‌കോ ഇമാം-ഇ-ഹിന്ദ്”- എന്ന് അദ്ദേഹം എഴുതി.

ഭാരതം രാമന്റെ അസ്തിത്വത്തിൽ അഭിമാനിക്കുന്നുവെന്നും വിവേകമുള്ളവർ അദ്ദേഹത്തെ ഇന്ത്യയുടെ ആത്മീയ നേതാവായി കാണുന്നുവെന്നും പാടിയ ഇഖ്ബാലിനെ സിലബസിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ ഇല്ലാതാകുന്നത് ഇത്തരത്തിലുള്ള നമ്മുടെ സമന്വയ പൈതൃകമാണ്. റഫീഖ് സക്കറിയ തന്റെ ‘Iqbal: The Poet and the Politician’ (1993) എന്ന പുസ്തകത്തിൽ ഇഖ്ബാലിന്റെ ഈ വൈരുദ്ധ്യാത്മക വ്യക്തിത്വത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഒരു വശത്ത് ദേശീയതയെക്കുറിച്ച് വാചാലനാകുകയും മറുവശത്ത് മതപരമായ സ്വത്വം തേടുകയും ചെയ്ത ഇഖ്ബാലിനെ പഠിക്കുന്നത് ദക്ഷിണേഷ്യൻ രാഷ്ട്രീയ ചിന്തയുടെ വേരുകൾ തിരയുന്ന ഏതൊരു വിദ്യാർത്ഥിക്കും അത്യാവശ്യമാണ്.
സർ സയ്യിദ് അഹമ്മദ് ഖാനെ അവഗണിക്കുന്നത് ഇന്ത്യൻ മുസ്ലീം സമൂഹത്തിലെ നവോത്ഥാന ശ്രമങ്ങളെ തമസ്‌കരിക്കലാണ്. “ദൈവത്തിന്റെ വചനവും (വേദഗ്രന്ഥം) ദൈവത്തിന്റെ പ്രവൃത്തിയും (പ്രകൃതി) തമ്മിൽ ഒരിക്കലും വൈരുദ്ധ്യമുണ്ടാകില്ല” എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. ശാസ്ത്രീയമായ തെളിവുകൾക്ക് നിരക്കാത്ത വ്യാഖ്യാനങ്ങളെ അദ്ദേഹം തന്റെ ‘തഫ്സീർ-ഉൽ-ഖുർആനിൽ’ ശക്തമായി ചോദ്യം ചെയ്തു. ഖുർആനെ ആധുനിക യുക്തിയുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ച അദ്ദേഹത്തെ മതയാഥാസ്ഥിതികർ ‘നേച്ചറി’ (Naturalist) എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. അലിഗഡ് പ്രസ്ഥാനത്തിലൂടെ അദ്ദേഹം വിഭാവനം ചെയ്തത് പാരമ്പര്യത്തെ ആധുനികതയുമായി സമന്വയിപ്പിക്കാനായിരുന്നു. ഈ യുക്തിചിന്താ പ്രസ്ഥാനം പഠിപ്പിക്കാതിരിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണ്.
സർവകലാശാലകളുടെ ഭാവി?
ജമ്മു സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ബൽജിത് സിംഗ് മാൻ സൂചിപ്പിച്ചതുപോലെ, ഈ ചിന്തകരെ സിലബസിൽ ഉൾപ്പെടുത്തുന്നത് യുജിസി മാനദണ്ഡങ്ങൾക്ക് പൂർണ്ണമായും അനുസൃതമാണ്. വിവിധ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും അവയെ വിമർശനാത്മകമായി വിശകലനം ചെയ്യാനുമുള്ള വേദിയായിരിക്കണം സർവകലാശാല. വിവാദങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് സിലബസുകൾ മാറ്റിയാൽ, അത് വിജ്ഞാനത്തിന്റെ ചക്രവാളങ്ങളെ ഇടുക്കുന്നതിന് തുല്യമാകും.

ജവഹർലാൽ നെഹ്‌റു 1947-ൽ അലഹബാദ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്: “മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും യുക്തിക്കും ആശയങ്ങളുടെ സാഹസികതയ്ക്കും (Adventure of Ideas) സത്യസന്ധമായ അന്വേഷണത്തിനും വേണ്ടിയാണ് ഒരു സർവകലാശാല നിലകൊള്ളുന്നത്. അത് മനുഷ്യരാശിയുടെ പുരോഗതിയെ ലക്ഷ്യം വെക്കുന്നു. സർവകലാശാലകൾ അവയുടെ ചുമതല ശരിയായി നിർവഹിച്ചാൽ രാജ്യത്തിന് അത് ഗുണകരമാകും.”
ചരിത്രത്തിലെ കലുഷിതമായ ഭാഗങ്ങളെയും വിയോജിപ്പുകളെയും പഠനവിഷയമാക്കുമ്പോഴാണ് യഥാർത്ഥ വിദ്യാഭ്യാസം നടക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ആശയങ്ങൾ മാത്രം പഠിപ്പിക്കുന്നത് ബൗദ്ധികമായ ഭീരുത്വമാണ്. അത് ‘ആശയങ്ങളുടെ സാഹസികത’യല്ല, മറിച്ച് സ്വയം തീർത്ത ഒരു ചെറിയ വൃത്തത്തിൽ നിശ്ചലമായി, നിർജീവമായി നിൽക്കലാണ്. ജമ്മു സർവകലാശാലയുടെ ഈ തീരുമാനം ഇന്ത്യൻ അക്കാദമിക് ലോകത്തിന് ഏല്പിച്ച മുറിവ് വലുതാണ്. ഇത് മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചാൽ, നാളത്തെ ഇന്ത്യ ചിന്തിക്കാൻ ശേഷിയില്ലാത്ത, ചോദ്യങ്ങൾ ചോദിക്കാത്ത ഒരു തലമുറയെയാകും സൃഷ്ടിക്കുക. അക്കാദമിക് സ്വാതന്ത്ര്യവും യുക്തിചിന്തയും സംരക്ഷിക്കാൻ സമൂഹം ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.





