A Unique Multilingual Media Platform

Articles International

കടലിൽ അലിയും പ്ളാസ്റ്റിക് ;  ‘മൈക്രോ വില്ലനെ’ മെരുക്കാൻ  ജപ്പാൻ്റെ പുതിയ കണ്ടുപിടിത്തം

  • February 11, 2026
  • 1 min read
കടലിൽ അലിയും പ്ളാസ്റ്റിക് ;  ‘മൈക്രോ വില്ലനെ’ മെരുക്കാൻ   ജപ്പാൻ്റെ പുതിയ കണ്ടുപിടിത്തം

വലിപ്പത്തിൽ ഇത്തിരിക്കുഞ്ഞനെങ്കിലും ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മൈക്രോ പ്ളാസ്റ്റിക്കുകളാണ്. 1 നാനോ മീറ്റർ മുതൽ 5 മില്ലിമീറ്റർ വരെ മാത്രം വലിപ്പമുള്ള ഈ പ്ളാസ്റ്റിക് തരികൾ പാരിസ്ഥിതിക, സാമൂഹിക, ആരോഗ്യമേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. എന്താണിതിനൊരു ശാശ്വത പരിഹാരമെന്നത് ശാസ്ത്രലോകത്തിന് മുന്നിൽ ഉത്തരം കിട്ടാ പ്രഹേളികയായി മാറിയിരിക്കുമ്പോഴാണ് ജപ്പാനിൽ നിന്ന് ഈയൊരു ആശ്വാസ വാർത്ത എത്തുന്നത്. 

ജാപ്പനീസ് ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയതരം സസ്യജന്യമായ (plant-based) പ്ലാസ്റ്റിക് സമുദ്രജലത്തിൽ അലിഞ്ഞുചേരും, അത്രമേൽ സ്വഭാവികമായി. ഇതിന് സാധാരണ പ്ളാസ്റ്റിക്കിൻ്റെ ഘനവും  ഉറപ്പും ഉണ്ടാകുമോ എന്നുള്ള സംശയത്തിനും ഗവേഷകരുടെ പക്കൽ ഉത്തരമുണ്ട്. ഈ സസ്യജന്യ പ്ളാസ്റ്റിക്ക് നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാവശ്യമായ ഘനവും ബലവും ഉറപ്പും ഉള്ളതാണെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇതോടെ അനുദിനം വർദ്ധിച്ചുവരുന്ന മൈക്രോ പ്ളാസ്റ്റിക്ക് പ്രതിസന്ധിക്ക് വലിയൊരളവിൽ ആശ്വാസമായിരിക്കെയാണ്. 

 

മൈക്രോപ്ലാസ്റ്റിക് എന്ന വില്ലൻ

അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് ശാസ്ത്രലോകം വിളിക്കുന്നത്. വലിയ പ്ളാസ്റ്റിക്ക് കഷ്ണങ്ങൾ അൾട്രാവയലറ്റ് കിരണങ്ങളേറ്റും മറ്റ് ജൈവിക പ്രവർത്തനങ്ങൾ വഴിയുമൊക്കെചെറിയ തരികളായി മാറുന്നത്.  ഇത് പ്രകൃതിക്കും മണ്ണിനും മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്കും വലിയ പ്ളാസ്റ്റിക് കഷ്ണങ്ങളേക്കാൾ കൂടുതൽ ദോഷകരമാണ്. 

 ഐക്യരാഷ്ട്രസഭയുടെ പാരിസ്ഥിതിക പരിപാടിയിൽ അവതരിപ്പിച്ച (UNEP) കണക്കനുസരിച്ച്, 2020ൽ മാത്രം പ്രകൃതിയിലേക്ക് പുറന്തള്ളപ്പെട്ടത് ഏകദേശം 27 ലക്ഷം ടൺ മൈക്രോപ്ലാസ്റ്റിക് ആണ്. 2040 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകും.  

പതിനഞ്ചും ഇരുപതും രൂപയ്ക്ക് നമ്മൾ വാങ്ങിക്കുടിച്ച് വലിച്ചെറിയുന്ന കുടിവെള്ളക്കുപ്പികൾ മുതൽ പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ വരെ പ്ളാസ്റ്റിക് കൊണ്ടുണ്ടാക്കിയതാണ്. ഇവ പ്രകൃതിക്കുണ്ടാക്കുന്ന നാശം നാം കരുതുന്നതിലുമേറെയാണ്. സമുദ്രങ്ങളിലെത്തിച്ചേർന്ന പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടി ഒഴുകി നടക്കുന്ന ദ്വീപുകളായി മാറിയിരിക്കുന്നവെന്ന റിപ്പോർട്ടുകൾ 2017 മുതൽ പുറത്തുവരുന്നുണ്ട്.  നാം കഴിക്കുന്ന ഓരോ നേരത്തെ ഭക്ഷണത്തിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്നും, ഇത് മനുഷ്യന്റെ തലച്ചോറിൽ വരെ എത്തിയെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ ഘട്ടത്തിലാണ് പൂർണ്ണമായും ജൈവപരമായി വിഘടിക്കുന്ന പുതിയ പ്ലാസ്റ്റിക്കിന്റെ വരവ് പ്രതീക്ഷ നൽകുന്നത്.

 

സാധാരണ പ്ളാസ്റ്റിക്; ജനപ്രീതിയിൽ മുന്നിൽ, നശിക്കുന്നതിൽ പിന്നിൽ

സാധാരണപ്ളാസ്റ്റിക് ഇത്രയധികം സ്വീകാര്യത ജനങ്ങൾക്കിടയിൽ ലഭിച്ചതിന് പിന്നിൽ രണ്ടു കാര്യങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് അതിൻ്റെ കുറഞ്ഞ ഉത്പാദന ചെലവ്. രണ്ട് ഈടുനിൽക്കുമെന്നത്. പലവിധകാര്യങ്ങൾക്ക് ഉപയോഗപ്രദമാണെന്നതും പ്ളാസ്റ്റിക്കിൻ്റെ ജനപ്രീതിയും ഉപയോഗവും വർദ്ധിക്കാൻ കാരണമായി.  എന്നാൽ ശാസ്ത്രജ്ഞർ പറയുന്നത് ഇപ്രകാരം കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന ഒരു പ്ലാസ്റ്റിക് വസ്തു നശിക്കാൻ 20 മുതൽ 500 വർഷം വരെ എടുക്കുമെന്നാണ്. കാരണം അത് പൂർണ്ണമായും പ്രകൃതിദത്തമല്ല. അതുകൊണ്ട് തന്നെ പ്രകൃതിക്ക് ഇതിനെ വിഘടിപ്പിക്കാൻ പ്രയാസമാണ്. അതേ സമയം പ്ളാസ്റ്റിക് ജൈവികമായി നിർമ്മിച്ചാൽ ഇത്തരമൊരു പ്രശ്നമുണ്ടാകില്ല. 

പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകമെമ്പാടും അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു.

കാറ്റും ഈർപ്പവും ഉപയോഗിച്ച് പ്ലാസ്റ്റിക് വിഘടിപ്പിക്കുന്നതിനെക്കുറിച്ച് ഗവേഷകർ നേരത്തെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഫലപ്രദമായില്ല. എന്നാലിപ്പോൾ ജാപ്പനീസ് ശാസ്ത്രജ്ഞർ നിർമ്മാണഘട്ടം മുതൽക്കേ ജൈവപരമായി വിഘടിക്കുന്ന (biodegradable) പ്ലാസ്റ്റിക് നിർമ്മിച്ചത്, പ്ളാസ്റ്റിക് വിഘടന ഗവേഷണ മേഖലയിൽ പ്രധാനപ്പെട്ട നാഴികകല്ലായി മാറിയിരിക്കയാണ്. 

പുതിയ തരം പ്ലാസ്റ്റിക്കുകൾ വികസിപ്പിക്കാനുള്ള ആദ്യ ശ്രമമല്ലിത്. 2024ൽ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെ മാലിന്യങ്ങൾക്കൊപ്പം നിക്ഷേപിക്കാവുന്ന, സാവധാനം സ്വയം വിഘടിക്കാൻ ശേഷിയുള്ള  (eating itself) കഴിവുള്ള ഒരു പ്ലാസ്റ്റിക് ഗവേഷകർ കണ്ടെത്തിയിരുന്നു. 

 

കടൽവെള്ളത്തിൽ അലിഞ്ഞു ചേരും പ്ലാസ്റ്റിക്

എന്തിനെയുമേതിനെയും വ്യത്യസ്തമായി സമീപിക്കുക എന്ന ജാപ്പനീസ് രീതി ഇക്കാര്യത്തിലും തുണച്ചുവെന്നു വേണം വിലയിരുത്താൻ. കാരണം ലോകം മുഴുവൻ ബാക്ടീരിയകളെ ഉപയോഗിച്ച് പ്ലാസ്റ്റിക് നശിപ്പിക്കുന്ന രീതിയിൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയപ്പോൾ ജാപ്പനീസ് ഗവേഷകർ നേരെ കാടുകളിലേക്ക് നടന്നു. ഷിൻറിൻയോകു എന്ന വനധ്യാനം (Shinrin-yoku: The Japanese Way of Forest Bathing for Health and Relaxation)

 അവരുടെ രീതിയാണല്ലോ. അവിടെ മരങ്ങൾ അവർക്ക് വഴികാട്ടിയായി. മരത്തടിയിൽ ഉപ്പ് കലർത്തിയാണ് ജാപ്പനീസ് ഗവേഷകർ പരീക്ഷണം ആരംഭിച്ചത്. സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സെല്ലുലോസിൽ ഉപ്പ് കുത്തിവെച്ചാണ് കടൽവെള്ളത്തിൽ എത്തുമ്പോൾ അതിവേഗം നശിക്കുന്ന സസ്യജന്യ പ്ലാസ്റ്റിക് (plant-based plastic) അവർ വികസിപ്പിച്ചെടുത്തത്. 

 RIKEN സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെയും ടോക്കിയോ സർവ്വകലാശാലയിലെയും ഗവേഷകർ സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്. ദൈനംദിന ഉപയോഗങ്ങൾക്ക് ആവശ്യമായ ബലമുള്ള, കരുത്തുള്ള പ്ളാസ്റ്റിക് ആണിത്. ഒപ്പം കടൽവെള്ളത്തിൽ കുറച്ച് നേരം ഇട്ടുവച്ചാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അലിഞ്ഞില്ലാതാകുകയും ചെയ്യും. 

സസ്യാധിഷ്ഠിത വസ്തു സമുദ്രജലത്തിൽ ക്രമേണ അലിഞ്ഞുചേരുന്നു.

ലബോറട്ടറിയിൽ നടത്തിയ പരീക്ഷണങ്ങളിൽ, കടൽവെള്ളത്തിലിട്ട് ഒരു മണിക്കൂർ ഇളക്കിയപ്പോൾ തന്നെ ഈ പ്ലാസ്റ്റിക്കിന്റെ ചെറിയൊരു കഷ്ണം പൂർണ്ണമായും അപ്രത്യക്ഷമായി.

 തക്കുസോ ഐഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗവേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഈ സംഘം തങ്ങളുടെ കണ്ടെത്തലുകൾ ‘ജേണൽ ഓഫ് ദി അമേരിക്കൻ കെമിക്കൽ സൊസൈറ്റി’യിൽ പ്രസിദ്ധീകരിച്ചു. 

സെല്ലുലോസ് അധിഷ്ഠിത പ്ലാസ്റ്റിക്കുകൾ കുറെക്കാലമായി നിലവിലുണ്ട്. എന്നാൽ അവ പലപ്പോഴും മറ്റ് പദാർത്ഥങ്ങളുമായി (additives) സംയോജിപ്പിച്ചാണ് നിർമ്മിക്കുന്നത്.  ഇത്തരം പ്ലാസ്റ്റിക്കുകൾ വിഘടിക്കണമെങ്കിൽ ഉയർന്ന ചൂട് അല്ലെങ്കിൽ കമ്പോസ്റ്റിംഗ് സംവിധാനങ്ങൾ പോലുള്ള പ്രത്യേക വ്യവസായ സാഹചര്യങ്ങൾ ആവശ്യമാണ്. പക്ഷേ ഇവിടെ ജാപ്പനീസ് ഗവേഷണസംഘം ഉപയോഗിച്ച സെല്ലുലോസ് മരത്തിന്റെ പൾപ്പിൽ (wood pulp) നിന്നാണ് വേർതിരിച്ചെടുത്തത്. അതിനാൽ തന്നെ ‘ബയോഡീഗ്രേഡബിൾ’ പ്ലാസ്റ്റിക്കുകളിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്.

 

മൈക്രോ പ്ളാസ്റ്റികിന് വിട

പുതിയ സസ്യജന്യ പ്ളാസ്റ്റിക് കൂടുതൽ വികസന സാധ്യതയുള്ളതും സുരക്ഷിതവുമാണ്. ഇവ മൈക്രോപ്ളാസ്റ്റിക് തരികളായി മാറി പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. മരത്തിന്റെ പൾപ്പിൽ നിന്നുള്ള സെല്ലുലോസും എഫ്.ഡി.എ (FDA) അംഗീകരിച്ച, ബയോഡീഗ്രേഡബിളായ ഒരു ഘടകവും ചേർത്താണ് പുതിയ പ്ളാസ്റ്റിക്ക് നിർമ്മിച്ചത്.  സെല്ലുലോസിനെ ‘polyethylene-imine guanidinium ions’-ൽ നിന്ന് വേർതിരിച്ചെടുത്ത ഒരു ഏജന്റുമായി സംയോജിപ്പിച്ചു. ഇത് വെള്ളവുമായി സംയോജിപ്പിച്ചപ്പോൾ വിപരീത ചാർജുള്ള അയോണുകൾ പരസ്പരം ആകർഷിക്കുകയും ശക്തമായ ‘ക്രോസ്-ലിങ്ക്ഡ് ബോണ്ടുകളുടെ’ (cross-linked bonds) ഒരു ശൃംഖല രൂപപ്പെടുകയും ചെയ്യുന്നു.

സമുദ്ര-സുരക്ഷിത വസ്തുക്കൾക്ക് സമുദ്രജീവികൾക്കുണ്ടാകുന്ന ദോഷം കുറയ്ക്കാൻ കഴിയും.

ഇത് പ്ലാസ്റ്റിക്കിന് ഘടനാപരമായ കരുത്ത് നൽകിയെങ്കിലും, തുടക്കത്തിൽ ഈ വസ്തു ചില്ല് പോലെ പെട്ടെന്ന് പൊട്ടിപ്പോകുന്ന (brittle) സ്വഭാവമുള്ളതായിരുന്നു. മൃഗഭക്ഷണങ്ങളിലും മനുഷ്യർക്കുള്ള സപ്ലിമെന്റുകളിലും വീക്കം തടയാൻ (anti-inflammatory) ഉപയോഗിക്കുന്ന സുരക്ഷിതമായ പദാർത്ഥമായ ‘കോളിൻ ക്ലോറൈഡ്’ (choline chloride) ചേർത്തുകൊണ്ട് ഗവേഷകർ ഇതിന്റെ വഴക്കവും ഈടുനിൽപ്പും വർദ്ധിപ്പിച്ചു. ഇനി ഇത് ഉപയോഗിക്കും മുമ്പെങ്ങാനും അബദ്ധത്തിൽ കടൽവെള്ളവുമായി സമ്പർക്കത്തിൽ വന്നാൽ പെട്ടെന്ന് പൊട്ടിപ്പോകാതിരിക്കാനായി ഒരു സംരക്ഷണ കവചമെന്ന നിലയിൽ ഒരു കോട്ടിംഗ് (protective coating) കൂടി നൽകിയിട്ടുണ്ട്. 

ഈ പ്ളാസ്റ്റിക്കിൻ്റെ പ്രധാന ചേരുവയായ സെല്ലുലോസ് നമ്മുടെ പ്രകൃതിയിൽ ധാരാളമായി ലഭിക്കും.  പ്രതിവർഷം ഏകദേശം 100 ശതകോടി ടൺ സെല്ലുലോസ് പ്രകൃതി ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. അതിനാൽ വൻതോതിലുള്ള ഉത്പാദനത്തിന് തടസമില്ല. ഈ പ്ളാസ്റ്റിക്കിൻ്റെ വഴക്കം (adaptability) അതിന് വൻതോതിലുള്ള വ്യാവസായിക പ്രാധാന്യം ഉറപ്പാക്കുന്നുണ്ട്. കോളിൻ ക്ലോറൈഡിന്റെ അളവിൽ വ്യത്യാസം വരുത്തിക്കൊണ്ട് വിവിധ തരത്തിലുള്ള സസ്യജന്യ പ്ലാസ്റ്റിക്കുകൾ നിർമ്മിക്കാൻ ഗവേഷകർക്ക് സാധിക്കുമെന്നതും ഇതിൻ്റെ നേട്ടമാണ്.

നിർമ്മാണ വേളയിൽ സാധാരണ പ്ലാസ്റ്റിക് ഘടകങ്ങളെ ആശ്രയിക്കാത്തതിനാൽ, ഇത് നശിച്ചുകഴിഞ്ഞാൽ മൈക്രോപ്ലാസ്റ്റിക്കുകൾ അവശേഷിക്കില്ലെന്നതാണ് പ്രധാന നേട്ടം.  കൂടാതെ, സെല്ലുലോസിന്റെയും ഇതിനാവശ്യമായ മറ്റ് ഘടകങ്ങളുടെയും വൻതോതിലുള്ള ലഭ്യത കണക്കിലെടുക്കുമ്പോൾ, ഈ പ്ലാസ്റ്റിക് വലിയ തോതിൽ ഉൽപ്പാദിപ്പിക്കാൻ (mass production) കഴിയുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.

‘കടലിൽ സുരക്ഷിതമായി വിഘടിക്കുന്നതും എന്നാൽ വഴക്കവും കരുത്തുമുള്ളതുമായ ഒരു പ്ലാസ്റ്റിക് പദാർത്ഥമാണ് ഞങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യ ഭൂമിയെ പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും’ എന്ന് തക്കുസോ ഐഡ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

തക്കുസോ ഐഡ

‘സമുദ്രത്തിലെ ജീവജാലങ്ങൾക്ക് യാതൊരു തരത്തിലുള്ള ദോഷവും ഇത് മൂലം ഉണ്ടാകില്ലെന്നും ഐഡ കൂട്ടിച്ചേർത്തു. ആവശ്യമായ രീതിയിൽ ഇതിന്റെ ഘടന മാറ്റാൻ സാധിക്കുമെന്നതിനാൽ വൻതോതിലുള്ള ഉൽപ്പാദനവും എളുപ്പമാണ്. 

സംഗതി ഇത്ര മികച്ചതാണെങ്കിലും ഒരു മാറ്റവും ഒറ്റരാത്രികൊണ്ട് ഉണ്ടാകില്ലല്ലോ. നമ്മുടെ ജീവിതശൈലിയിൽ വലിയ വിട്ടുവീഴ്ചകൾ ചെയ്യാതെ പ്രകൃതിയെ സംരക്ഷിക്കാനുള്ള വലിയൊരു ചുവടുവയ്പാണ് ഈ കണ്ടുപിടിത്തം. 

ഒന്നിച്ച് മുന്നേറാം. ഭൂമിക്കായി കൈകോർക്കാം !

 

ഇംഗ്ലീഷ് വേർഷൻ വായിക്കാം ഇവിടെ

About Author

ആസാദ് മിർസ

ദേശീയ-അന്തർദേശീയ വിഷയങ്ങൾ, പ്രതിരോധം - , പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയിൽ ഗവേഷണം ചെയ്യുന്ന മുതിർന്ന നിരീക്ഷകനാണ് ലേഖകൻ. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നു. മാധ്യമ ഉപദേഷ്ടാവുമാണ്. മുമ്പ് ബിബിസി ഉറുദു സർവീസുമായും ദുബായിലെ ഖലീജ് ടൈംസുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.