സ്വാതന്ത്ര്യസമര കാലം മുതൽക്കേ നിരവധി രാഷ്ട്രീയ വിവാദങ്ങൾക്കും വിയോജിപ്പുകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ചരിത്രമാണ് ‘വന്ദേമാതര’മെന്ന ഗീതത്തിനുള്ളത്. എന്നാൽ ഇന്ന് കേരള രാഷ്ട്രീയത്തിൽ അത് സവിശേഷ മാനങ്ങളുള്ള ചില സംഭവങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു . ഒരേസമയം ഭരണ-പ്രതിപക്ഷ പോരാട്ടത്തിന്റെയും യോജിപ്പിന്റെയും ഹിന്ദുത്വ അജണ്ടകളുമായുള്ള ആശയപരമായ ചേരിതിരിവിന്റെയും ബഹുമുഖ തലങ്ങളുള്ള രാഷ്ട്രീയ സംഭവങ്ങളാണ് ഇവിടെ കാണാനായത്…

വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങ് മുതൽ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ വരെ കനലായി പടർന്നു ഈ ‘വന്ദേമാതര വിവാദം’ . സ്വാതന്ത്രസമരകാലം മുതൽ വന്ദേമാതര വിവാദങ്ങൾ ഉയർന്നു വന്നപ്പോഴൊക്കെ അവ രാഷ്ട്രീയ അജണ്ടകളുടെയും പ്രത്യയശാസ്ത്ര സംവാദങ്ങളുടെയും ഭാഗമായി തന്നെയാണ് വളർന്നുവന്നത്.
വിവാദത്തിന്റെ തുടക്കം: സത്യപ്രതിജ്ഞാ ചടങ്ങിലെ ‘പൂർണ്ണരൂപം’
വിവാദത്തിന്റെ വിത്തുകൾ പാകപ്പെടുന്നത് പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേറ്റ ചടങ്ങിലാണ്. അന്ന് ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം അതിന്റെ പൂർണ്ണരൂപത്തിൽ ആലപിക്കപ്പെട്ടു. ഇതോടെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വ കടുത്ത വിമർശനവുമായി രംഗത്തെത്തി.
കോൺഗ്രസും ബി.ജെ.പിയും തമ്മിൽ തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ ഉണ്ടാക്കിയ രഹസ്യ ബാന്ധവത്തിന്റെ ( ഡീൽ) തെളിവാണ് ഇതെന്നായിരുന്നു അവരുടെ പ്രധാന ആരോപണം. ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് വന്ദേമാതരം പൂർണ്ണമായി പാടിയതെന്ന് അവർ വാദിച്ചു.

എന്നാൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അപ്പോൾത്തന്നെ ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. ചടങ്ങിന്റെ സംഘാടനത്തെക്കുറിച്ചോ ഗാനം പൂർണ്ണരൂപത്തിൽ ആലപിക്കുന്നതിനെക്കുറിച്ചോ തനിക്ക് മുൻകൂട്ടി യാതൊരു അറിവുമില്ലായിരുന്നുവെന്നും, സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമായാണ് അത് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഈ ന്യായീകരണം എത്രമാത്രം വിശ്വാസമാണ് എന്ന ചോദ്യം നിരവധി രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും മാധ്യമ പ്രവർത്തകരിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. പ്രത്യേകിച്ചും സത്യപ്രതിജ്ഞ ചടങ്ങിലെ പരിപാടികൾ സർക്കാരും ഗവർണറുടെ ഓഫീസും തമ്മിലുള്ള ദീർഘവും വിശദാംശങ്ങളിൽ ഊന്നിയുമുള്ള ചർച്ചകൾക്ക് ശേഷമാണ് തീരുമാനിക്കപ്പെടുക എന്നുള്ളതിനാൽ. അതെന്തായാലും പുതിയ സർക്കാരിൻറെ നിയമസഭാ പ്രവേശനത്തിന് നാന്ദി കുറിച്ച് നയപ്രഖ്യാപനം പ്രസംഗ ദിവസത്തിൽ സർക്കാർ നിലപാട് പ്രകടമായി തന്നെ മാറി.
നിയമസഭയിലെ മാറ്റവും ഗവർണറുടെ കടുത്ത അതൃപ്തിയും
അങ്ങനെ കഥ പൂർണ്ണമായും മാറിയത് പുതിയ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ നാല് വരികൾ (രണ്ട് സ്റ്റാൻസകൾ) മാത്രം ആലപിച്ചപ്പോഴാണ്.

ദേശീയഗാനം മുഴുവനായി ആലപിക്കാതെ വരികൾ വെട്ടിച്ചുരുക്കിയത് സഭയിലുണ്ടായിരുന്ന കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ചൊടിപ്പിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച ഭരണകൂട നടപടിയാണ് ഇത് എന്ന് ചൂണ്ടിക്കാട്ടി കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവർണർ, തന്റെ ശക്തമായ പ്രതിഷേധവും വിയോജിപ്പും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ നേരിട്ടറിയിക്കുകയും ചെയ്തു. ഇതോടെ സംഭവം വീണ്ടും ഒരു വലിയ ഭരണഘടനാ-രാഷ്ട്രീയ വിവാദമായി മാറി.
അപ്രതീക്ഷിത ട്വിസ്റ്റ്: സർക്കാരിന് കവചമായി പ്രതിപക്ഷ നേതാവ്
ഈ രാഷ്ട്രീയ സംഭവവികാസങ്ങളിലെ ഏറ്റവും സവിശേഷമായ ഒരു മുഹൂർത്തം രൂപപ്പെട്ടത് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻറെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണത്തിലൂടെയാണ്. സാധാരണയായി ഭരണപക്ഷത്തെ എല്ലാ കാര്യത്തിലും പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം ഇവിടെ സർക്കാരിന് പിന്തുണയുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനത്തെ പരസ്യമായി ശരിവെച്ചുകൊണ്ട് പ്രസ്താവന നടത്തി:
“വന്ദേമാതരം മുഴുവൻ ചൊല്ലുന്ന ആർഎസ്എസ് അജണ്ട നടപ്പാക്കേണ്ട ബാധ്യതയില്ല. സർക്കാരിന്റേത് ശരിയായ നിലപാട്.”

വന്ദേമാതരത്തിന്റെ പേരിൽ സംഘപരിവാർ ഉയർത്തുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ മതേതര കേരളം എല്ലാകാലത്തും പ്രതിരോധിച്ചിട്ടുണ്ട് എന്നും ആ പ്രതിരോധം തുടരേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അതുകൊണ്ട് തന്നെ സർക്കാരിന്റെ നിലപാട് പൂർണ്ണമായും ശരിയാണെന്നുമാണ് പ്രതിപക്ഷ നേതാവ് അടിവരയിട്ടത്. സത്യപ്രതിജ്ഞാ ചടങ്ങിൽ സർക്കാരിനെ ബി.ജെ.പി ബന്ധം ആരോപിച്ച് കുറ്റപ്പെടുത്തിയ അതേ പ്രതിപക്ഷം, ഗവർണറുടെ ഇടപെടലുണ്ടായപ്പോൾ സർക്കാരിനൊപ്പം നിൽക്കുന്ന വിചിത്രവും എന്നാൽ തന്ത്രപരവുമായ രാഷ്ട്രീയ സമവാക്യമാണ് ഇവിടെ കണ്ടത്.






“A timely and thought-provoking article that examines how ceremonial traditions, constitutional values, and cultural identities intersect in contemporary India. The discussion around the oath-taking ceremony and the Vande Mataram controversy highlights the importance of balancing national symbols with regional sentiments in a diverse democracy.” �