A Unique Multilingual Media Platform

Articles

ലങ്കാപുരിയിലെ ചില നഖചിത്രങ്ങൾ

  • January 14, 2026
  • 1 min read
ലങ്കാപുരിയിലെ ചില നഖചിത്രങ്ങൾ

നയിത യാത്രകൾ എന്ന് ശുദ്ധഭാഷാ വാദികൾ വിവർത്തനം ചെയ്യുന്ന, പാക്കേജ് ടൂർ എന്നും  കണ്ടക്ടഡ് ടൂർ   എന്നും സാധാരണ വ്യവഹാരത്തിൽ അടയാളപ്പെടുത്തുന്ന  സഞ്ചാരങ്ങൾ മികച്ച യാത്രാവിവരണങ്ങള്‍ക്ക് വലിയ സാധ്യത നല്‍കാറില്ല എന്നാണ് പൊതുവേ പറയുക. കണ്ടക്ടഡ് ടൂർ എന്ന പദത്തിൽ തന്നെ അനുഭവത്തിന്റെ ആഴം മുറിച്ചുകളയുന്ന ഒരു ആസൂത്രണത്തിൻ്റെ ധ്വനി ഉണ്ടെന്നും ഇതിൻ്റെ തുടർച്ചയായി പറയാറുണ്ട് . ടൂർ ഓപ്പറേറ്റര്‍മാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ  സമയക്രമങ്ങളിൽ ,” അത്യാവശ്യം കാണിക്കേണ്ട സ്ഥലങ്ങൾ മാത്രം കാണിച്ചാല്‍ മതി” എന്ന സമീപനം നിറഞ്ഞാടുന്ന ഒരു പരിപാടിയാണ് ഇതെന്നും പറയാറുണ്ട് . കണ്ടക്ടഡ് ടൂർ കഴിഞ്ഞു വന്ന പല യാത്രക്കുറിപ്പുകളും സ്ഥലങ്ങളുടെ പട്ടികയും ഫോട്ടോ ആല്‍ബത്തിനുള്ള ക്യാപ്ഷനുകളും മാത്രമായി ചുരുങ്ങാറുമുണ്ട്.

എന്നാല്‍ സമീപകാലത്ത്    ശ്രീലങ്കയിലേക്കുള്ള ഒരു  യാത്ര വിശാലമായ അർത്ഥത്തിൽ കണ്ടക്ടഡ് ടൂറിന്റെ  ചിട്ടവട്ടങ്ങൾ ഉള്ളതായിരുന്നുവെങ്കിലും അതിൻ്റെ വ്യവസ്ഥാപിത പരിമിതികളെ മറികടക്കുന്നവയായിരുന്നു. ആകസ്മികതകളും അനിശ്ചിതത്വങ്ങളും, പുരാണവും രാഷ്ട്രീയവും ചരിത്രവും മനുഷ്യരും ചേര്‍ന്ന്, ഈ യാത്രയെ ഒരു “ടൂര്‍” എന്ന പരിധിയില്‍ നിന്ന് ഏറെ മുകളിലേക്ക് ഉയര്‍ത്തി. രണ്ട് പേരടങ്ങുന്ന ഒരു സംഘത്തിന്റെ സ്വാതന്ത്ര്യവും, ഇടയ്ക്കിടെ വഴിതെറ്റാനും വഴിമാറാനും ലഭിച്ച അവസരവുമാണ് ഈ യാത്രയെ എഴുതാന്‍ പ്രേരിപ്പിച്ച അനുഭവമാക്കി മാറ്റിയത്.

പുരാണത്തിൽ തുടങ്ങി സമകാലിക സാമൂഹിക രാഷ്ട്രീയ സമീപനങ്ങളിലേക്ക് കടന്നു ചെന്ന ഒരു മനോ വ്യാപാരത്തിന്റെ അകമ്പടിയോടെ ആയിരുന്നു ഈ യാത്ര. 

ശ്രീലങ്കക്ക് ഉള്ള സ്വര്‍ണലങ്ക എന്ന  പേരാണ് യാത്രക്കിടയിൽ ഇടയ്ക്കിടെ തലയിൽ കയറി വന്നത്. പുരാണങ്ങളില്‍ നിന്ന് ലഭിച്ച പേരാണ് ഇത്. ത്രേതായുഗത്തില്‍ രാമായണത്തിലെ പ്രതിനായകനായ രാവണന്‍ ഭരിച്ചിരുന്ന, സ്വര്‍ണ കൊട്ടാരങ്ങളാല്‍ സമ്പന്നമായ ഒരു പുരാണ നഗരമത്രേ ഇന്നത്തെ ശ്രീലങ്ക. സാക്ഷാല്‍ പരമശിവനുവേണ്ടി വിശ്വകര്‍മ്മാവ് നിര്‍മ്മിക്കുകയും പിന്നീട് രാവണന്‍ കൈവശപ്പെടുത്തുകയും, തുടര്‍ന്ന് ഹനുമാന്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത രാമായണത്തിലെ അതേ ദിവ്യ നഗരം . 

രാമായണത്തിലെ ഏറ്റവും പ്രിയങ്കരനായ കഥാപാത്രം — ഈയുള്ളവനെ സംബന്ധിച്ചിടത്തോളം — ലങ്കാധിപതിയായ രാവണന്‍ തന്നെ. ശ്രീരാമന്‍ പലപ്പോഴും ഒരു ഫ്രോഡ് ആണെന്നു പോലും തോന്നിയിട്ടുണ്ട്. എന്തായാലും, ഇത്തരം അനവധി പുരാണകഥകളുടെയും കെട്ടുകഥകളുടെയും കെട്ടുകേള്‍വികളുടെയും പരിവേഷമുള്ള ശ്രീലങ്ക, നമ്മുടെ രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടി മുനമ്പില്‍ നിന്ന് കണ്ണെത്തും ദൂരത്തായിട്ടും — വെറും പതിനേഴു കിലോമീറ്റർ –  ഒരു യാത്രാലക്ഷ്യമെന്ന നിലയിൽ ഞങ്ങളിൽ പലരും അതിനെ കണ്ടില്ല .ധനുഷ്കോടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള ഈ ദ്രാവിഡ രാജകുമാരന്റെ രാജ്യത്തെത്താന്‍ ഞാൻതന്നെ ഇത്ര വൈകിയതെന്തെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. 

ഒരു പക്ഷേ ഈ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് നിരന്തരമായി നമ്മളിലേക്ക് എത്തിക്കൊണ്ടിരുന്ന സ്ഫോടനാത്മക വാർത്തകൾ ആയിരിക്കാം . തമിഴ് പുലികൾ എന്ന് വിളിക്കപ്പെട്ടിരുന്ന എൽ ടി ടി ഇയും ( LTTE) ശ്രീലങ്കൻ സൈന്യവും ഇരു ചേരികളിൽ ഉറപ്പിച്ച വംശീയ കലാപം, വർഗീയതയുടെ അനുരണനങ്ങൾ അടങ്ങിയ   ഈസ്റ്റര്‍ ബോംബാക്രമണം, കോവിഡിന്റെ ആഘാതം, പ്രചണ്ഡമായ അഴിമതി ഭരണകൂടം, അതിനെതിരായ തീവ്രമായ ജനകീയ പ്രക്ഷോഭം, ഇതിനെയെല്ലാം അകമ്പടി സേവിച്ച  കടുത്ത സാമ്പത്തിക പ്രതിസന്ധി — ഇതെല്ലാം നേരിട്ടുകൊണ്ടാണ് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക കഴിഞ്ഞ കുറെ വർഷങ്ങൾ അടയാളപ്പെടുത്തിയത്. 

2022ലെ ജനകീയ പ്രക്ഷോഭത്തില്‍ അന്നത്തെ പ്രസിഡന്റ് രാജപക്സക്ക് രാജ്യം വിട്ട് മാലിദ്വീപിലേക്ക് കടക്കേണ്ടിവന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച ഭരണകൂടമായിരുന്നു രാജപക്സയുടേത്. 2024ലെ തിരഞ്ഞെടുപ്പില്‍ ശ്രീലങ്കയെ ചുവപ്പിച്ചുകൊണ്ട് അരുണ്‍ കുമാര ദിശനായക — ജനങ്ങൾ സ്നേഹപൂര്‍വ്വം എ കെ ഡി (‘AKD’) എന്നു വിളിക്കുന്ന  — അധികാരത്തിലെത്തി. ദിശനായകയുടെ പാര്‍ട്ടി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയെന്നറിയപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹം പ്രായോഗികബുദ്ധിയുള്ള നേതാവാണെന്ന് അടിവരയിടുന്ന നിരവധി സൂചനകള്‍ ഉണ്ട്. ചൈനയോടും ഇന്ത്യയോടും സമദൂര നിലപാടാണ് അദ്ദേഹത്തിന്റേത്. എന്തായാലും, ശ്രീലങ്കന്‍ ജനത വലിയ പ്രതീക്ഷയിലാണ്. അഴിമതിയും സ്വജനപക്ഷപാതവും ഗണ്യമായി കുറഞ്ഞുവെന്ന്, തമിഴും സിംഹളയും ഒരുപോലെ സംസാരിക്കുന്ന, രാഷ്ട്രീയമായി നല്ല പിടിയുള്ള ഞങ്ങളുടെ ഗൈഡ് ലക്ഷനാഥ് ഉറപ്പിച്ചു പറയുന്നു.

പക്ഷേ ഈ രാഷ്ട്രീയ വ്യാഖ്യാനങ്ങളുടെ കൊടുക്കൽ വാങ്ങലിനു മുൻപ് യാത്രയെ ചൂഴ്ന്നു നിന്നത് അനിശ്ചിതത്വമായിരുന്നു. 2025 ഡിസംബര്‍ ആദ്യവാരത്തില്‍ ശ്രീലങ്കയില്‍ പെയ്ത ശക്തമായ മഴയും സൈക്ലോണുമാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. ഡിസംബര്‍ 22ന് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു; വിസയും കൈവശമുണ്ടായിരുന്നു. അനേകം പേര്‍ മരിക്കുകയും, നിരവധി പേരെ കാണാതാവുകയും ചെയ്ത ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ ഗ്രൂപ്പിലെ മിക്കവരും ടൂര്‍ പാക്കേജില്‍ നിന്ന് പിന്മാറി. ഇരുപത് പേരടങ്ങിയ സംഘത്തില്‍ അവസാനം ബാക്കിയുണ്ടായത് മലേഷ്യയില്‍ നിന്നുള്ള ജയരാമനും ഇന്ത്യയില്‍ നിന്നുള്ള ഈയുള്ളവനും മാത്രം.  

പിന്മാറിയാല്‍ ഉണ്ടാകുമായിരുന്ന വലിയ സാമ്പത്തിക നഷ്ടമാണ് — തുറന്നുപറഞ്ഞാല്‍ — യാത്ര തുടരാനുള്ള എന്റെ പ്രധാന പ്രേരണ. 

എന്തായാലും അപ്പോഴേക്കും ഭാഗ്യവശാല്‍  സൈക്ലോണും, മഴയുമെല്ലാം അവസാനിച്ചിരുന്നു.

കൊളമ്പോ പോര്‍ട്ട്‌ സിറ്റി

കൊളമ്പോ ഇന്‍റെര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍,  ഗൈഡ് ലക്ഷനാഥ്  കാത്തു നിന്നിരുന്നു. വൈകുന്നേരത്തോടെ മലേഷ്യയില്‍ നിന്നുള്ള ജയറാമും എത്തിച്ചേര്‍ന്നു.  സാധാരണ ഇത്തരം പാക്കേജ് ടൂറുകളില്‍, നാം എവിടെമെല്ലാമാണ് സന്ദര്‍ശിക്കെണ്ടെതെന്നും, എത്ര സമയമാണ് ഓരോ സ്ഥലത്തും ചിലവഴിക്കെണ്ടതെന്നും തീരുമാനിക്കുക ടൂര്‍ ഓപെറെറ്റെര്‍സ് ആയിരിക്കും .  പാക്കേജ് ടൂറുകള്‍ക്കുള്ള പരിമിതിയാണത്.   ഞങ്ങളുടെ ഗ്രൂപ്പില്‍ രണ്ടു പേര്‍ മാത്രമായതിനാല്‍ ഈ പരിമിതി കുറെയൊക്കെ മറി കടക്കാന്‍ കഴിഞ്ഞു. കൊളമ്പോ പോര്‍ട്ട്‌ സിറ്റി ടൂര്‍ ആയിരുന്നു ആദ്യ ദിവസം.  കൊളംബോ സമുദ്ര തീരത്ത് 269 ഹെക്ടര്‍ ഭൂമി നികത്തിയെടുത്തതത്രേ  അതി മനോഹര മായ ഈ പോര്‍ട്ട്‌ സിറ്റി. ശ്രീലങ്കന്‍ ഗവര്‍ന്മെന്റും ചൈനാ ഗവണ്മെണ്ടും സംയുക്തമായി ആരംഭിച്ച ഈ കൂറ്റന്‍ പ്രൊജക്റ്റ്‌ കൊളമ്പോ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. അംബര ചുംബികളായ കെട്ടിടങ്ങളും, പഞ്ച നക്ഷത്ര ഹോടലുകളും, IT പാര്‍ക്കുകളും, കൂറ്റന്‍ ഓഫീസ് കെട്ടിട സമുച്ചയങ്ങളുമെല്ലാം ചേര്‍ന്ന് ലോകത്തിലെ തന്നെ മികച്ച തുറമുഖ പട്ടണങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് .  2024 ല്‍ ആരംഭിച്ച കൊളമ്പോ പോര്‍ട്ട്‌ സിറ്റി പ്രൊജക്റ്റ്‌ ഘട്ടം ഘട്ടമായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 2040 ല്‍ മാത്രമേ ഈ പ്രോജക്റ്റ് പൂര്‍ണമാവുകയുള്ളൂ എന്ന് പറയപ്പെടുന്നു.  ക്രിസ് മസ് പ്രമാണിച്ച് വൈദ്യുതി ദീപങ്ങളാല്‍ അണിയിച്ചൊരുക്കപ്പെട്ട കൊളമ്പോ പോര്‍ട്ട്‌ സിറ്റി സന്ദര്‍ശിക്കാന്‍ വിദേശ ടൂറിസ്റ്റ്കളടക്കം വന്‍ തിരക്കാണ് വൈകുന്നേരം അനുഭവപ്പെട്ടത്.  വന്‍ വികസന കുതിപ്പിനുള്ള ഒരുക്കത്തിലാണ് ശ്രീലങ്കയെന്ന് കൊളമ്പോ സിറ്റി വിളിച്ചു പറയുന്നുണ്ട്. 

കൊളമ്പോ പോര്‍ട്ട്‌ സിറ്റി (ഫയൽ ചിത്രം)

 

സിഗിരിയയിലെ രാവണന്‍ കോട്ട (LION ROCK)

മിത്തും, ചരിത്രവും വേര്‍തിരിക്കാനാവാത്ത വിധത്തില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ് ശ്രീലങ്കയിലെ മിക്കയിടങ്ങളിലും.  സിഗിരിയയിലെ കൂറ്റന്‍ പാറക്കെട്ടിന് മുകളിലുള്ള കോട്ട തന്നെ ഒരു പ്രധാന ഉദാഹരണം.  പഴയ തലമുറക്കാര്‍ ഇത് രാവണന്റെ രാജധാനിയായിരുന്നുവന്നു അവകാശപ്പെടുമ്പോള്‍,  അത്തരം വാദങ്ങള്‍ക്ക് യാതൊരു പിന്‍ബലവുമില്ലെന്നു ചരിത്രകാരന്മാര്‍ പറയുകയും എഴുതുകയും ചെയ്യുന്നു.  അഞ്ചാം നൂറ്റാണ്ടില്‍ രാജ്യം ഭരിച്ചിരുന്ന കിംഗ്‌ കാശ്യപ 1 ആണ് ഈ കോട്ടയുടെ നിര്‍മാതാവ് എന്നാണു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  എന്നാല്‍ ഇതറിയപ്പെട്ടിരുന്നത് സ്വര്‍ണ ലങ്ക എന്നായിരുന്നുവെന്നും, ഇതിനു ചുറ്റുമുള്ള പൂന്തോട്ടവും, കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങുകളുമെല്ലാം ദ്രാവിഡ രാജാവായിരുന്ന രാവണന് വേണ്ടി സാക്ഷാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ച്‌ നല്‍കിയതാണെന്നും പഴയ തലമുറയില്‍ പെട്ട ചിലരെങ്കിലും അവകാശപ്പെടുന്നു. ഞങ്ങളുടെ ചെറുപ്പക്കാരന്‍  ഗൈഡ് വളരെ ഡിപ്ലോമാറ്റിക് ആയി ഈ രണ്ടു വേര്‍ഷനുകളും ശരിവെക്കുന്നു.  അതായത് ത്രേതായുഗത്തില്‍ ഇത് രാവണന്റെ രാജധാനിയായിരുന്നെങ്കില്‍,  അഞ്ചാം നൂറ്റാണ്ടിലെത്തുമ്പോള്‍ കാശ്യപന്‍ ഒന്നാമന്റെ രാജ കൊട്ടാരം! എന്തായാലും ഈ കോട്ട അമ്പരപ്പിക്കുന്നതും, ഒരേ സമയം പ്രകൃതി ദത്തവും, മനുഷ്യനിര്‍മ്മിതവുമാണ് എന്ന് പറയാം.  അതായത് പ്രകൃതിദത്തമായ പടു കൂറ്റന്‍ പാറക്കു മുകളില്‍ അതിമനോഹരമായ കൊട്ടാരം പണിതിരിക്കുന്നു.  നിരവധി പടികള്‍ കയറിവേണം ഈ കൂറ്റന്‍  പാറമുകളിലുള്ള കൊട്ടാരത്തിലെത്തുവാന്‍. 

രാവണന്‍ കോട്ട (ഫയൽ ചിത്രം)

 

എല്ലയിലെ രാവണ വെള്ളച്ചാട്ടം (Ravana Water Falls, Ella)

മുപ്പതു മീറ്ററിലധികം ഉയരത്തിലുള്ള അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ്, ശ്രീലങ്കയില്‍ എല്ലയിലുള്ള രാവണ ഫാള്‍സ്.   ഇതിനെ ചുറ്റിപ്പറ്റിയും, ഞങ്ങളുടെ ഗൈഡിന് ഒരു പുരാണ കഥ പറയാനുണ്ടായിരുന്നു.  ഈ വെള്ളച്ചാട്ടത്തിനു പിറകിലുള്ള പാറയില്‍ ഒരു ഗുഹയുണ്ട്. ഈ ഗുഹയിലത്രേ രാവണന്‍ സീതയെ അപഹരിച്ചു കൊണ്ടുവന്നു ആദ്യം ഒളിവില്‍ പാര്‍പ്പിച്ചത്‌.  രാവണന്റെ പ്രിയ സഹോദരി ശൂര്‍പ്പണെഖയുടെ മൂക്കും മുലയും, ശ്രീരാമനും ലക്ഷ്മണനും ചേര്‍ന്ന്  ഛെദിച്ചതിനുള്ള പ്രതികാരം മാത്രമായിരുന്നു സീതയെ അപഹരിച്ചതിനു പിന്നിലെന്ന് ഞങ്ങളുടെ ഗൈഡ് ഉറപ്പിച്ചു പറയുന്നു.  ഈ വെള്ളച്ചാട്ടത്തില്‍ സീത കുളിച്ചിരുന്നതായും അയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതൊന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്താത്തതിലുള്ള ദുഖവും അയാള്‍ മറച്ചു വെക്കുന്നില്ല !  നിരവധി വെള്ളച്ചാട്ടങ്ങളുള്ള ശ്രീലങ്കയിലെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടമാണ് എല്ലയിലെ രാവണ ഫാള്‍സ്.  

 

അശോക വാടികയും സീത അമ്മന്‍ തിരുക്കോവിലും

ലേഖകനും സുഹൃത്തും അശോക വാടിക – സീത അമ്മന്‍ തിരുക്കോവിലിൽ 

രാമായണത്തിലെ സുന്ദര കാണ്ഡത്തില്‍,  രാവണന്‍ സീതയെ അപഹരിച്ചു കൊണ്ട് വന്നു താമസിപ്പിക്കുന്ന അശോക വനത്തെ കുറിച്ചും, അതിന്റെ പ്രകൃതി സൌന്ദര്യത്തെ കുറിച്ചും  വര്‍ണിക്കുന്നുണ്ട്.   ആ പ്രദേശമത്രേ, മദ്ധ്യ ലങ്കയിലെ അശോക വാടിക എന്ന ഈ  വനപ്രദേശം.  നല്ല തിരക്കുള്ള വളരെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ് അശോക വാടികയും, സീത അമ്മന്‍ തിരുക്കോവില്‍ എന്ന ക്ഷേത്രവും.  ക്ഷേത്രത്തിന്റെ പിറക് വശത്തു അശോക വാടിക എന്ന അശോക വനം.  ക്ഷേത്രത്തെയും, വനത്തെയും വേര്‍ തിരിച്ചുകൊണ്ടു മനോഹരിയായ ഒരു കാട്ടരുവി ആര്‍ത്തൊലിച്ചൊഴുകുന്നു.  അശോക വൃക്ഷത്തണലില്‍ സ്ഥാപിച്ച,ഹനുമാന്‍ സീതാ ദേവിയെ കണ്ട് ശ്രീരാമാംഗുലീയം  കൈമാറുന്ന ഒരു ശില്‍പം, സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.  രാവണരാജന്റെ  രാജധാനിയിലെ ഈ ക്ഷേത്രത്തിലോ, ഇതിന്‍റെ പരിസരത്തോ രാവണന്റെ ഒരു ചെറിയ അടയാളം പോലും കാണാനില്ലെന്ന് മാത്രമല്ല ക്ഷേത്ര കവാടത്തില്‍ “ശ്രീ രാമാ ചന്ദ്ര ജയ “ എന്ന വലിയ ബോര്‍ഡ് സ്ഥാപിച്ചത് കാണാം . ക്ഷേത്രത്തിലെ പൂണൂല്‍ ധാരികളായ തമിഴ് ബ്രാഹ്മണരെ  കണ്ടപ്പോള്‍   വയലാറിന്റെ  ” താടക എന്ന  ദ്രാവിഡ രാജകുമാരി” യി ലെ  ‘ആര്യ വംശത്തിന്നടിയറ വെക്കുമോ, സൂര്യവംശത്തിന്റെ സ്വര്‍ണ സിംഹാസനം’ എന്ന വരികള്‍ വെറുതെ ഓര്‍ത്തുപോയി.  ഇവിടെ  ദ്രാവിഡ രാജന്റെ സുവര്‍ണ ലങ്ക അടിയറവു  വെച്ചതല്ല, മറിച്ച്  ചതിയിലൂടെയും, തന്ത്രങ്ങളിലൂടെയും പിടിച്ചു വാങ്ങുകയായിരുന്നല്ലോ.

 

ശ്രീലങ്കയിലെ ബുദ്ധ വിഹാരങ്ങള്‍

മൂന്നാം നൂറ്റാണ്ടിലാണ്  ഇന്ത്യയില്‍ നിന്ന്  ശ്രിലങ്കയിലേക്ക് ബുദ്ധമതം എത്തിച്ചേരുന്നത്.  അശോക ചക്രവര്‍ത്തിയുടെ മകന്‍ മഹിന്ദ ബുദ്ധിസം പ്രചരിപ്പിക്കുന്നതിനായി ശ്രിലങ്ക സന്ദര്‍ശിക്കുകയും, അക്കാലത്തെ ശ്രിലങ്കന്‍ രാജാവായിരുന്ന ദേവനാമ്പിയ മഹിന്ദയുടെ പ്രേരണയാല്‍ ബുദ്ധമതം സ്വീകരിക്കുകയും ചെയ്തതായി ഒരു ബുദ്ധവിഹാരത്തിലെ ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  പില്‍ക്കാലത്ത് ശ്രിലങ്കയിലെ ഏറ്റവും പ്രചാരമുള്ള  മതം ബുദ്ധമതമായിത്തീര്‍ന്നു.  ഇന്ന്  ശ്രീലങ്കയിലെ ജനസംഖ്യയില്‍ 70 ശതമാനത്തോളം ബുദ്ധമതക്കാരത്രേ.  ഹിന്ദുക്കളും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളുമടങ്ങുന്നതാണ് ബാക്കി 30 %.  അതുകൊണ്ട് തന്നെ  സ്വാഭാവികമായും  ബുദ്ധവിഹാരങ്ങള്‍   ധാരളമുണ്ട് ശ്രീലങ്കയില്‍.  ചിലതെല്ലാം വളരെ പഴക്കമുള്ളതും, മനോഹരമായ ശില്പങ്ങളെക്കൊണ്ടും, ചുവര്‍ ചിത്രങ്ങളെക്കൊണ്ടും ഏറെ സമ്പന്നമാണ്.  ദമ്പുള്ള സുവര്‍ണ ഗുഹാ ക്ഷേത്രം (DAMBULLA GOLDEN CAVE TEMPLE) അവയിലൊന്നാണ്.  UNESCO വിന്റെ വേള്‍ഡ്  ഹെറിറ്റെജ് സൈറ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട ക്ഷേത്രം കൂടിയാണിത്.   അഞ്ചു ഗുഹകളിലായി നൂറ്റി അന്‍പതോളം ബുദ്ധ പ്രതിമകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  നിരവധി ചുമര്‍ ചിത്രങ്ങളും മറ്റു ശില്പങ്ങളും വേറെയും.  കാന്റി(Kandy)യിലുള്ള ‘ബുദ്ധ ടൂത്ത് ടെമ്പ്ള്‍’ മറ്റൊരു പ്രധാനപ്പെട്ട ബുദ്ധവിഹാരമാണ്.  ബുദ്ധന്റെ ഇടതു വശത്തെ പല്ല് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.  വിവിധ രാജ്യങ്ങളിലെ ബുദ്ധമത വിശ്വാസികള്‍ തീര്‍ത്താടകരായി ഇവിടെയെത്തി ബുദ്ധന്റെ പല്ല് ദര്‍ശിച്ച് മടങ്ങുന്നു.  വേറെയും ചെറുതും വലുതുമായ നിരവധി ബുദ്ധ വിഹാരങ്ങള്‍ ശ്രീലങ്കയിലുണ്ട് .

ദമ്പുള്ള സുവര്‍ണ ഗുഹാ ക്ഷേത്രം (ഫയൽ ചിത്രം)

 

മാതു നദിയിലൂടെയൊരു ബോട്ട് സഫാരി

സഹയാത്രികർക്കൊപ്പം… മാതു നദിയിൽ കണ്ടാൽക്കാടുകൾക്കുടയിലൂയിടെ ബോട്ട് സഫാരി.

പശ്ചിമ ബംഗാളിലെ സുന്ദര്‍ ബന്‍ ബോട്ട് സഫാരിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്,  കണ്ടല്‍(മഴക്കാടുകള്‍) കാടുകളള്‍ക്കിടയിലൂടെയുള്ള, മാതു നദിയിലെ ബോട്ട് സഫാരി.   ഭാഗ്യമുണ്ടെങ്കില്‍ ഇരു വശവുമുള്ള  കാടുകളില്‍ കടുവ, പുലി, സിംഹം തുടങ്ങിയ വന്യ മൃഗങ്ങളെയെല്ലാം കാണാമെന്നു ഗൈഡ് ഞങ്ങളെ പറഞ്ഞു മോഹിപ്പിച്ചെങ്കിലും, കുറച്ച് മുതലകളെയും, വിവിധയിനം പക്ഷികളെയുമൊഴിച്ചു മറ്റൊന്നിനെയും കാണാന്‍ കഴിഞ്ഞില്ല.  നല്ല നീളവും വീതിയുമുള്ള മാതു നദിയില്‍, നമ്മുടെ ബ്രഹ്മപുത്രയെപോലെ ജനവാസം ഉള്ളതും ഇല്ലാത്തതുമായ  നിരവധി ചെറിയ തുരുത്തുകള്‍ ഉണ്ട് . 

മാതു നദി ബോട്ട് സഫാരി കാഴ്ചകൾ 

 

സ്പൈസ് ഗാര്‍ഡന്‍

ബുദ്ധമതത്തോടൊപ്പമത്രേ ആയുര്‍വേദവും ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് വന്നു ചേര്‍ന്നത്‌.  ബുദ്ധമത സന്യാസികളായിരുന്നു ശ്രിലങ്കയില്‍ ആയുര്‍വേദം പ്രചരിപ്പിച്ചതും പരിപോഷിപ്പിച്ചതും.  അതിന്റെ ഭാഗമായിട്ടായിരിക്കണം കാന്റിയിലെ സ്പൈസ്/ഹെര്‍ബല്‍ ഗാര്‍ഡന്‍ വളര്‍ത്തിയെടുത്തത്.  ഇളം, കുരുമുളക്, പട്ട, ഏലക്കാ, കൊക്കോ   എന്ന് തുടങ്ങി നിരവധിയിനം ചെടികള്‍ ഇവിടെ  വളര്‍ത്തിയെടുക്കുകയും അതില്‍ നിന്ന് മരുന്നുകള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.  നിരവധി വിദേശി സന്ദര്‍ശകര്‍ ഇവിടെനിന്നും ഗുണനിലവാരമുള്ള,  മായം ചേര്‍ക്കാത്ത മരുന്നുകള്‍ വാങ്ങിക്കുന്നത് കാണാമായിരുന്നു.  കാന്റിയില്‍ നിരവധി ആയുര്‍വേദ മസ്സാജ് പാര്‍ലറുകള്‍ ഉണ്ട്.  

 

ആകാശത്തെ പാലം (NINE ARCH BRIDGE)

എല്ലയിലെ ഒന്‍പതു കമാനങ്ങളോട് കൂടിയ റെയില്‍വേ പാലം ശ്രിലങ്കയിലെ ഒരു പ്രധാന ആകര്‍ഷണമാണ്.  കൊളോണിയല്‍ കാലത്തെ, ഇന്നും നമ്മെ വിസ്മയിപ്പിക്കുന്ന  ബ്രിട്ടിഷ് നിര്‍മ്മിതി. 

ആകാശത്തെ പാലം (NINE ARCH BRIDGE)

സ്റ്റീല്‍ ഉപയോഗിക്കാതെ നിര്‍മ്മിച്ച നൂറു മീറ്ററോളം നീളവും 80 മീറ്ററോളം ഉയരവുമുള്ള   ഈ പാലം എല്ലാ, ഡമോദര എന്നീ രണ്ടു റെയില്‍വേ സ്റ്റേഷനുകല്‍ക്കിടയിലാണ് . ചായത്തോട്ടങ്ങള്‍ക്കും, കൊച്ചു കാടുകള്‍ക്കും ഇടയിലൂടെ പാലത്തിന്‍ മുകളിലൂടെ ട്രെയിന്‍ പോകുന്നത് കാണാന്‍ ധാരാളം ടൂറിസ്റ്റ്കള്‍ എത്തുന്നു. 1921 ല്‍ നിര്‍മ്മിച്ച ഈ പാലം ശ്രീലങ്കയിലെ തൊഴിലാളികളെ മാത്രം ഉപയോഗിച്ചത്രേ നിര്‍മ്മിച്ചത്. കല്ലും സിമെന്റും മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച ഈ പാലം  നൂറു വര്‍ഷം പിന്നിടുമ്പോഴും ഒരു പോറലുമേല്‍ക്കാതെ നില്‍ക്കുന്നു. 

 

വില്ലേജ് ടൂര്‍

ഞങ്ങളുടെ ടൂര്‍ പാക്കേജിന്റെ ഐറ്റിനറിയില്‍ ഏറ്റവും അവസാനത്തെ ഇനമാണ്  വില്ലേജ് ടൂര്‍.  സിഗിരിയക്കടുത്തുള്ള ഒരുള്‍നാടന്‍ ഗ്രാമത്തിലൂടെയുള്ള ഒരു യാത്ര.  ശ്രീലങ്കന്‍ ഗ്രാമങ്ങളെ തൊട്ടറിഞ്ഞു വേണം തിരിച്ചു പോകാനെന്നു അവിടെയുള്ള ടൂര്‍ ഓപ്പറെറ്റെര്‍സ് കരുതുന്നുണ്ടാകാം. ഗ്രാമ വീഥികളിലൂടെ കാളവണ്ടിയില്‍ ഒരു യാത്ര . ഗ്രാമാതിര്‍ത്തിയില്‍ നിന്നാരംഭിക്കുന്ന തടാകത്തിലൂടെ ചെറുവഞ്ചിയില്‍ (മോട്ടോര്‍ ബോട്ടല്ല, തുഴയുപയോഗിച്ചുള്ളത്) ഒരു കറക്കം. കുന്നുകളാല്‍ ച്ചുട്ടപ്പെട്ടതും പ്രക്രുതിരമാണീയവുമാണീ ശ്രീലങ്കന്‍ ഗ്രാമം. പിന്നീട് ഗ്രാമത്തിലെ ട്രഡിഷനല്‍ ലഞ്ച്.  വൃത്തിയുള്ളതും രുചികരമായ വിഭവങ്ങള്‍ കൊണ്ട് സമൃദ്ധവുമായിരുന്നു ഉച്ച ഭക്ഷണം. 

 

എഡ്‌മുണ്ട് സില്‍വിയ

സില്‍വിയയെ കുറിച്ച് പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല.  അത്രമാത്രം എന്നെ ആകര്‍ഷിച്ച ഒരു ശ്രീലങ്കക്കാരനാണിയാള്‍.  രാവണാ ഫാളിന് അടുത്ത് റോഡരികിലാണ് സില്‍വിയയെ കണ്ടത്.   സന്ദര്‍ശകരുടെ ചിത്രം വരച്ചു കൊടുത്ത് ജീവിക്കുന്നു.  ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . തൊട്ടടുത്ത് സിംഹളയില്‍ കൈകൊണ്ടു എഴുതിയ ഒരു ചെറിയ ബോര്‍ഡ്‌. എനിക്ക് വേണ്ടി ഗൈഡ് അത് പരിഭാഷപ്പെടുത്തി.  ഏകദേശം ഇങ്ങിനെ അര്‍ഥം വരും,  ‘നിങ്ങളുടെ ആന്തരികവും, ബാഹ്യവുമായ  ചിത്രം വരച്ചു നല്‍കപ്പെടും’ . എന്താണയാള്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നതാവോ? അയാള്‍ തിരക്കിലാണ്.  സന്ദര്‍ശകര്‍ തങ്ങളുടെ ഊഴത്തിനായി കാത്തു നില്‍ക്കുന്നു.  ഗൈഡ്ന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും നിന്ന് കൊടുത്തു. പത്ത് മിനിറ്റ് പോലുമെടുക്കാതെ എന്‍റെ ചിത്രം പൂര്‍ത്തിയാക്കി കയ്യില്‍ തന്നു.  ആശാന്‍ നല്ല പോലെ മദ്യപിച്ചിട്ടുണ്ട്.   എന്നെ ഞെട്ടിപ്പിച്ചത് അതൊന്നുമല്ല.  ഒരു മദാമ്മ ചിത്രത്തിന് പോസ് ചെയ്തു.  അനായാസമായി പതിവുപോലെ പത്ത് മിനിറ്റിനകം മദാമ്മയുടെ ചിത്രം റെഡി.   മദാമ്മക്ക്‌ എന്തോ ത്രുപ്തിക്കുറവ് . ചിത്രം തിരിച്ചുകൊടുത്ത് ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശം . പെട്ടെന്നാണ് സില്‍വിയയുടെ ഭാവം മാറിയത്.  അടുത്തുള്ള ഡസ്റ്റ്ബിന്നിലേക്ക് ചിത്രം കീറി, ചുരുട്ടിയെറിഞ്ഞുകൊണ്ട് ആ ചെറിയ മനുഷ്യന്‍ അലറി , ‘ഗെറ്റ് ലോസ്റ്റ്‌ ‘.

ഇങ്ങനെ, പുരാണവും രാഷ്ട്രീയവും ചരിത്രവും മനുഷ്യരുടെ മുഖങ്ങളും തമ്മില്‍ മാറിമറിഞ്ഞ് കടന്നുപോയ ഈ യാത്ര ഇവിടെ താല്‍ക്കാലികമായി മാത്രമാണ് അവസാനിപ്പിക്കുന്നത്. ലങ്ക എന്ന ദ്വീപ്, ഒരിക്കല്‍ കണ്ടുതീര്‍ക്കാവുന്ന ഒരു ദേശമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ തന്നെ, ഈ യാത്ര മനസ്സില്‍ മറ്റൊരു യാത്രയുടെ വിത്ത് വിതച്ചിരുന്നു. കാണാത്തതു പലതുമുണ്ട്; കേള്‍ക്കാത്ത ശബ്ദങ്ങള്‍ ഇനിയും ബാക്കിയുണ്ട്; പറയപ്പെടാതെ പോയ കഥകള്‍ ദ്വീപിന്റെ പല കോണുകളിലും കാത്തിരിപ്പുണ്ട്.

പ്രത്യേകിച്ച് വടക്കന്‍ മുനമ്പിലെ ജാഫ്ന — ചരിത്രത്തിന്റെ മുറിവുകളും പ്രതിരോധത്തിന്റെ ഓര്‍മ്മകളും ഇന്നും മണ്ണിനടിയില്‍ തപിക്കുന്ന ഒരു പ്രദേശം — ഈ യാത്രയുടെ അപൂര്‍ണമായൊരു വാചകമായി മനസ്സില്‍ നിലകൊള്ളുന്നു. ഒരിക്കല്‍ വാക്കുകളേക്കാള്‍ വേദന സംസാരിച്ച ആ ഭൂമിയെ, ഇന്നു ശാന്തമായി കേള്‍ക്കണമെന്നൊരു ആഗ്രഹം അവശേഷിക്കുന്നു. ജാഫ്നയിലെ തെരുവുകളും ക്ഷേത്രങ്ങളും കടലോരങ്ങളും മനുഷ്യരും — അവയെല്ലാം തന്നെ, മറ്റൊരു യാത്രയുടെ ക്ഷണം പോലെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ലങ്കാപുരി, അകലെ നിന്നു കാണുന്ന ഒരു പുരാണനഗരമല്ല ഇനി. അത് അടുത്തറിയേണ്ട, വീണ്ടും നടന്നു തീരേണ്ട, വീണ്ടും എഴുതേണ്ട ഒരു അനുഭവമാണ്. വീണ്ടും വരാം — കൂടുതല്‍ സമയം കൊണ്ടും, കുറച്ച് മുന്‍വിധികള്‍ കളഞ്ഞിട്ടും. ലങ്ക വീണ്ടും വിളിക്കുമ്പോള്‍, ആ വിളിക്ക് ചെവി കൊടുക്കാതെ ഇരിക്കാന്‍ ഈയുള്ളവനാവില്ല.

 

About Author

ഹരിദാസ്‌ കൊളത്തൂര്‍

എഴുത്തുകാരൻ, സഞ്ചാരി

Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
jayaraman

yes its very nice place to travel ,good experience with nice travel buddy , a lot of historical places ,dont mis to catch up it

Rajani Vellora

Nice write-up sir👌
A good travelogue that is inspiring to explore Srilanka, the golden country.

Ravi Paloor Kolkata

നന്നായി എഴുതി. യാത്ര പ്രിയനല്ലാത്ത എന്നെ ഒരുപക്ഷേ, അങ്ങനെയാകാൻ എഴുത്ത് പ്രേരിപ്പിച്ചേക്കാം.

3
0
Would love your thoughts, please comment.x
()
x