മലയാള സിനിമയുടെ ഭാവുകത്വ ചരിത്രത്തിൽ ജിയോ ബേബി എന്ന ചലച്ചിത്രകാരൻ ഒരു സവിശേഷ ഇടം അടയാളപ്പെടുത്തുന്നത് ക്യാമറ -യെ ഒരു മൈക്രോസ്കോപ്പായി മാറ്റിക്കൊണ്ടാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ സാമൂഹികമായ അടിച്ചമർത്തലുകളെയും, ലിംഗസ്വത്വങ്ങളെയും പ്രമേയമാക്കി ഒട്ടനവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ജിയോ ബേബിയുടെ ചലച്ചിത്രങ്ങൾ അവയിൽ നിന്ന് വേറിട്ടുനിൽക്കുന്നത് പലപ്പോഴും അതിൻ്റെ ആഴത്തിലുള്ള ദാർശനിക തലങ്ങൾ കൊണ്ടാണ്. ‘കാതൽ- ദി കോർ’, ‘എബ്ബ്’ (Ebb) എന്നീ ചിത്രങ്ങളിലൂടെ ജിയോ പ്രേക്ഷകരെ നയിക്കുന്നത് മനുഷ്യ ശരീരങ്ങളെയും അവൻ്റെ ഉണ്മയെയും നിയന്ത്രിക്കുന്ന ആധുനിക സാമൂഹിക വ്യവസ്ഥിതിയുടെ ഇരുണ്ട ഇടനാഴികളിലേക്കാണ്.
വിവാഹം, കുടുംബം, മതം, ഭരണകൂടം തുടങ്ങിയ അധികാര രൂപങ്ങൾ എങ്ങനെയാണ് ഒരു വ്യക്തിയുടെ സഹജമായ ആഗ്രഹങ്ങളെയും ചോദനകളെയും നിഷേധിക്കുന്നതെന്നും, അത്തരമൊരു ലോകത്ത് സ്വന്തം സ്വത്വം വെളിപ്പെടുത്തുക എന്നത് ഒരു വിപ്ലവകരമായ രാഷ്ട്രീയ പ്രവർത്തനമായി മാറുന്നത് എങ്ങനെയെന്നും ബയോ പൊളിറ്റിക്സ് , ഷി സോ അനാലിസിസ് , ലിംഗ്വിസ്റ്റിക് പെർഫോമിറ്റിവിറ്റി എന്നിവയെ അടിസ്ഥാനമാക്കി ഈ രണ്ട് സിനിമകളെ പരിശോധിക്കുന്നതിനുമുള്ള ശ്രമമാണീ ലേഖനം. കാതലിലെ മാത്യു ദേവസിയുടെ നിശബ്ദത വെറുമൊരു മൗനമല്ല, മറിച്ച് അത് അധികാരത്തിന് മുന്നിലെ ഒരു പ്രതിരോധമാണെന്ന കണ്ടെത്തലിൽ നിന്നാണ് ഈ ലേഖനം രൂപപ്പെടുന്നത്.

കാതൽ സിനിമയിലെ മഴ നനഞ്ഞ, ദൃശ്യവിസ്മയങ്ങൾ നിറഞ്ഞ ഫ്രെയിമുകളിലും, ‘എബ്ബ്’ (Ebb) എന്ന അദ്ദേഹത്തിന്റെ സമകാലിക സൃഷ്ടിയിലെ നഗരജീർണ്ണതയുടെ ആഴത്തിലുള്ള ആവിഷ്കാരങ്ങളിലും, സിനിമയുടെ വെള്ളിത്തിര ഒരു ഹൈ-റെസല്യൂഷൻ മൈക്രോസ്കോപ്പായി മാറുന്നു. ഈ സിനിമകൾ കേവലം സ്വവർഗാനുരാഗത്തെയോ വിമത ലൈംഗികതയുടെ സങ്കീർണ്ണതകളെക്കുറിച്ചോ പ്രതിപാദിക്കുന്ന, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ആവിഷ്ക്കാരങ്ങൾ മാത്രമല്ല. മറിച്ച്, അതിനേക്കാൾ ആഴമുള്ളതും വിപ്ലവാത്മകവുമായ ദൃശ്യ ബിംബങ്ങളാണ് .
ശരീരത്തെയും സ്വത്വത്തെയും നിയന്ത്രിക്കുന്നതിലും മെരുക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയ ആധുനിക നാഗരികതയുടെ സമ്മർദ്ദങ്ങൾക്കുള്ളിൽ, മനുഷ്യ മനസ്സ് തകർന്നടിയുന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ ഫോറൻസിക് പരിശോധനകളാണ് ഈ ചിത്രങ്ങൾ. അഥവാ, “വിഭജിക്കപ്പെട്ട സ്വത്വത്തിന്റെ” (Fractured self) ഒരു പഠനമാണ്. ഈ ആഖ്യാനങ്ങളിലൂടെ, നാം വാസ്തവത്തിൽ അഭിമുഖീകരിക്കുന്നത് അടിസ്ഥാനപരമായ ഒരു ദാർശനിക പ്രതിസന്ധിയാണ്. മനുഷ്യസഹജമായ ജൈവപ്രേരണകളും (Innate human instinct), മതം, രാഷ്ട്രം, കുടുംബം എന്നീ അധികാരസ്ഥാപനങ്ങൾ അടിച്ചേൽപ്പിക്കുന്ന കർക്കശമായ നിയമങ്ങളും തമ്മിലുള്ള സംഘർങ്ങളും അതിൻ്റെ ഫലമായി വ്യക്തിയ്ക്ക് സംഭവിക്കുന്ന ‘ഷിസോഫ്രേനിക്’ (Schizophrenic) പിളർപ്പുകളിലൂടെയുമാണ് ഈ രണ്ട് സിമനിമകളും കടന്ന് പോകുന്നത്. ഈ അഖ്യനങ്ങളിൽ, ‘ഷിസോഫ്രേനിയ’ എന്നത് കേവലം ഒരു വൈദ്യശാസ്ത്രപരമായ രോഗനിർണ്ണയമല്ല, മറിച്ച് അതൊരു സാമൂഹികാവസ്ഥയാണ്, വ്യക്തിയുടെ സഹജമായ , തനത് സ്വത്വം നിശബ്ദമായ ഉൾത്തളങ്ങളിലേക്ക് നാടുകടത്തപ്പെടുകയും, പൊള്ളയായ ഒരു ‘പ്രകടന സ്വത്വം’ (masked and performative self) ലോകത്തിന് മുന്നിൽ, സമൂഹത്തിന് മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മകത.
‘കാതലി‘ൽ, മാത്യുവിന് മറ്റൊരു പുരുഷനോടുള്ള പ്രണയമാണ് അയാളുടെ യഥാർത്ഥ സ്വത്വം. അത് അയാളുടെ സഹജവും സത്യസന്ധവുമായ ആന്തരിക സത്യമാണ്. ‘എബ്ബി’ൽ (Ebb), ഇത് പരമ്പരാഗതമല്ലാത്ത തുറന്ന ലൈംഗിക ബന്ധങ്ങളോടുള്ള (Non-traditional poly amorous sexual relationships) ഒരു പുരുഷന്റെ സങ്കീർണ്ണമായ താല്പര്യമാണ്. രണ്ട് സിനിമകളിലും തനത് സ്വത്വത്തിൽ നിന്ന് ഭിന്നമായ പ്രകടന സ്വത്വം (Performative self) സമൂഹം അടിച്ചേൽപ്പിച്ചതാണ്; അതിന്റെ വേരുകൾ കിടക്കുന്നത് പുരുഷ-സ്ത്രീ കേന്ദ്രീകൃതമായ ഏകഭാര്യാ/ഭർതൃ (Heteronormative & monogamous) കുടുംബ വ്യവസ്ഥിതിയിലാണ്.
ജൈവരാഷ്ട്രീയ തടവറയും “സാധാരണ” ശരീരങ്ങളുടെ ഭരണനിയന്ത്രണവും
‘കാതലി’ലെ മാത്യു ദേവസിയുടെ സങ്കീർണമായ ജീവിതം വിശകലനം ചെയ്യാൻ, അയാൾ അകപ്പെട്ടിരിക്കുന്ന ജൈവരാഷ്ട്രീയ തടവറയുടെ നിർമ്മിതി നാം മനസ്സിലാക്കേണ്ടതുണ്ട്. ‘ബയോപവർ’ (Biopower) എന്ന പരികൽപ്പന ഫൂക്കോവിൻ്റെതാണ്. മാത്യു ഇവിടെ അകപ്പെട്ടിരിക്കുന്നത് ഇരുമ്പഴി കൊണ്ടുള്ള ഗോചരമായ ഒരു തടവറയിലല്ല . മറിച്ച് നല്ല ഭർത്താവ് , ഉത്തരവാദിത്ത മുള്ള കുടുംബ നാഥൻ , മാന്യനായ അയൽക്കാരൻ , വിശ്വാസിയായ ക്രിസ്ത്യാനി , ഹെറ്ററോ നോർമേറ്റീവ് ആയിരിക്കുന്ന പുരുഷൻ എന്നിങ്ങനെയുള്ള സാമൂഹിക പദവികളുടെ , കർതൃത്വങ്ങളുടെ തടവറയിലാണ് . ഈ “നോർമൽ ” എന്ന് സമൂഹം വിലയിരുത്തുന്ന പദവികൾ നിലനിർത്താൻ അയാൾ നിർബന്ധിതനാണ് .
ആധുനികപൂർവ്വ കാലഘട്ടത്തിൽ (Pre-modern era), അധികാരം എന്നത് (Sovereign power) ജീവൻ എടുക്കാനോ അല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കാനോ ഉള്ള അധികാരമായിരുന്നു. ഇതായിരുന്നു രാജാവിൻ്റെ അഥവാ ഭരണകൂടത്തിൻ്റെ പരമാധികാരം .
എന്നാൽ ആധുനിക കാലഘട്ടത്തിൽ പരമാധികാരം ജീവിതത്തെ നിഗ്രഹിക്കാനുള്ള അധികാരത്തിൽ നിന്ന് ഭിന്നമായി ‘ബയോപവർ’ അഥവാ ജൈവാധികാരത്തിലേക്ക് അതിൻ്റെ ശ്രദ്ധയെ തിരിക്കുന്നു. ജൈവാധികാരം എന്നത് ജീവിതത്തെ പരിപോഷിപ്പിക്കുകയോ അല്ലെങ്കിൽ മരണം വരെ അതിനെ നിഷേധിക്കുകയോ ചെയ്യുന്ന ഒരു തരം അധികാര രൂപമാണ്. ജനതയുടെ ജൈവിക പ്രക്രിയകളെ നിയന്ത്രിക്കുക, മെച്ചപ്പെടുത്തുക, പരിപാലിക്കുക എന്നിവയിലൂടെയാണ് ജൈവാധികാരം പ്രവർത്തിക്കുന്നത്.

കുടുംബമെന്ന ബയോപൊളിറ്റിക്കൽ യന്ത്രവും സർവ വ്യാപിയായ സോഷ്യൽ പനോപ്റ്റിക്കണും.
കാതലി’ൽ, ബയോപൊളിറ്റിക്കൽ സംവിധാനം എന്നത് പുരുഷ-സ്ത്രീ കേന്ദ്രീകൃതമായ (Heteronormative) കുടുംബ വ്യവസ്ഥിതിയാണ്. ഭരണകൂടത്തിന്റെ പ്രാഥമിക പരീക്ഷണശാലയാണ് കുടുംബം. ‘ശരിയായ’ ജനനനിരക്ക്, ‘ശരിയായ’ സ്വത്തു കൈമാറ്റം, ലിംഗപരമായ ധർമ്മങ്ങളുടെ (Gender roles) ‘ശരിയായ’ പ്രകടനം എന്നിവ കുടുംബം ഉറപ്പുവരുത്തുന്നു. മമ്മൂട്ടി അനശ്വരമാക്കിയ മാത്യു എന്ന കഥാപാത്രം, യഥാർത്ഥത്തിൽ സാമൂഹികമായ ‘ മെരുക്കലിന്’ വിധേയമായ ഒരു ശരീരമാണ്. ഓമനയുമായുള്ള (ജ്യോതിക) അയാളുടെ വിവാഹം വെറുമൊരു വ്യക്തിബന്ധമല്ല; അതൊരു സാമൂഹിക സംവിധാനമാണ്. അയാളെ ഉൽപ്പാദനക്ഷമതയുള്ള, പ്രത്യുൽപ്പാദനം നടത്തുന്ന, പ്രവചിക്കാവുന്ന ഒരു പൗരനായി നിലനിർത്താൻ വേണ്ടിയാണ് അത് നിലകൊള്ളുന്നത്. മാത്യുവിന് മറ്റൊരു പുരുഷനോടുള്ള പ്രണയം എന്നത് പുരുഷാധിപത്യത്തിന് കേവലം ഒരു പാപം മാത്രമല്ല, മറിച്ച് അതിന്റെ പ്രത്യുൽപ്പാദന യുക്തിക്ക് നേരെയുള്ള അക്രമാസക്തമായ ഒരു വ്യതിയാനമാണ്.
സെക്ഷൻ 377 നിയമപരമായി റദ്ദാക്കിയിട്ടും, സ്വവർഗാനുരാഗത്തെക്കുറിച്ച് ഇന്ത്യയിൽ പുരോഗമനപരമായ വിധികൾ വന്നിട്ടും, ”സാമൂഹിക നോട്ടം”- ഗ്രാമക്കൂട്ടായ്മകൾ, പള്ളി, ഡിജിറ്റൽ ഗോസിപ്പ് ശൃംഖലകൾ – എല്ലാം തന്നെ പോലീസുകാരൻ്റെ ലാത്തിയുടെ ഭിന്നരൂപങ്ങളായി മാറുന്നു . എല്ലായ്പ്പോഴും നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥ. ലാത്തിയുമായി പോലീസുകാരൻ പുറത്ത് വേണ്ട, സമൂഹം എന്ത് ചിന്തിക്കുമെന്ന ഭയം ഒരോ വ്യക്തിയുടെയുള്ളിലും ഒരു സായുധനായ പോലീസുകാരനെ സൃഷ്ട്ടിക്കുന്നു . Everyone becomes his own jailer. ഒരു ഗാർഡിന് എല്ലാ തടവുകാരെയും നിരീക്ഷിക്കാൻ കഴിയുന്നതും എന്നാൽ തങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ടോ എന്ന് തടവുകാർക്ക് അറിയാൻ കഴിയാത്തതുമായ ഒരു വൃത്താകൃതിയിലുള്ള ജയിലിനെയാണ് പനോപ്റ്റിക്കൺ എന്ന് ഫൂക്കോ വിശേഷിപ്പിക്കുന്നത്. ആധുനിക സമൂഹം നിരീക്ഷണത്തെ എങ്ങനെ തങ്ങളുടെ ഉള്ളിലേക്ക് തന്നെ ആവാഹിക്കുന്നു (Internalize) എന്ന് വിശദീകരിക്കാനാണ് അദ്ദേഹം ഈ ഉദാഹരണം നൽകിയത്.

സമൂഹത്തിന്റെ ‘കൂട്ടുത്തരവാദിത്തപരമായ ധാർമ്മികബോധം’ (Collective moral conscience) ആണ് ഇവിടെ കാവൽക്കാരൻ. ആർക്കും സമൂഹത്തിന്റെ ഈ “ഇടയ നോട്ടത്തിൽ ” (Pastoral gaze ) , മറ്റൊരു തരത്തിൽ പറഞ്ഞാൽ കങ്കാണി നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. സദാസമയവും തങ്ങൾ നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നലിൽ പെരുമാറുന്ന കഥാപാത്രങ്ങൾ, സാമൂഹിക നിയമങ്ങൾ സ്വന്തം ഉള്ളിലേക്ക് സന്നിവേശിപ്പിക്കുകയും ഒടുവിൽ തങ്ങളുടെ തന്നെ തടവുകാരായി മാറുകയും ചെയ്യുന്നു. ഇടയനിൽ നിന്നാരംഭിച്ച ആ നോട്ടം ഇപ്പോൾ ഓരോ വ്യക്തിയുടെയും ശരീരത്തിൽ കുടിയിരിക്കുന്നു. ഉറവിടം വിട്ട നോട്ടം ലക്ഷ്യങ്ങളിൽ കുടിപ്പാർക്കുന്നു (The gaze that has left the pastoral source finds its dwelling in each individual’s body).
സ്വീകാര്യതയും അസ്വീകാര്യതയും , നോർമലും അബ്നോർമലും നിശ്ചയിക്കപ്പെടുന്നത് സമൂഹത്തിലെ അധീശവ്യവഹാര യുക്തിയ്ക്കകത്താണ് . ഇവിടെ അധീശയുക്തിക്ക് സ്വീകാര്യമായ വ്യവസ്ഥ monogamous and heteronormative family ആണ് . മാത്യുവിൻ്റെ സ്വവർഗ പ്രണയം ആ യുക്തിക്ക് പുറത്താണ് . മാത്യുവിൻ്റെ നിശബ്ദത ഹിംസാത്മകമായ അധീശവ്യവഹാരത്തോടുള്ള പ്രതിരോധമാണ് . അതിജീവിക്കാനുള്ള അയാളുടെ തന്ത്രമാണ് . എല്ലാ അധികാര വ്യവസ്ഥയും നമ്മളെ സ്വയം വെളിപ്പെടാനും സുതാര്യനാകാനും നിർബന്ധിക്കുന്നുണ്ട് . പള്ളിയിലെ കുമ്പസാരക്കൂട് മുതൽ ആധുനിക സൈക്കോളജിസ്റ്റു വരെ ഈ വെളിപ്പെടൽ പ്രകിയ നീളുന്നു . അധീശ വ്യവഹാരം നിർമ്മിക്കുന്ന പാപ ബോധവും കുറ്റബോധവും വ്യക്തികളെ “സമതത്തോടെയുള്ള വെളിപ്പെടലിന് ” നിർബന്ധിക്കുന്നു . അയൽ പക്കത്തെ ഒരോ വാതിലിന് പിന്നിലും ഒരു കാവൽക്കാരനുണ്ടെന്ന തോന്നൽ മാത്യുവിൻ്റെ യതാർത്ഥ സ്വത്വത്തെ നിശബ്ദതയിലേക്ക് നാടുകടത്തുന്നു.
ഭാഷയിൽ നിന്നുള്ള നാട് കടത്തൽ : ജൂഡിത് ബട്ലറും അയോഗ്യമായ ജീവിതവും
ബയോപൊളിറ്റിയ്ക്കൽ നിയന്ത്രണങ്ങളുടെ ഏറ്റവും വേദനാജനകമായ തലം , ഭാഷയിൽ നിന്ന് ഒരു വ്യക്തിയെ, സ്വത്വത്തെ പുറം തള്ളലാണ് . കാതലിലെ ഏറ്റവും നിർണായകമായ രംഗം നടക്കുന്നത് കോടതിയുടെ നിശബ്ദവും വന്ധ്യവുമായ അന്തരീക്ഷത്തിലാണ് . വർഷങ്ങളായുള്ള തൻ്റെ ഒറ്റപ്പെടലിനെയും തങ്ങൾക്കിടയിലെ മൗനങ്ങളെയും പറ്റി ഓമന പറയുന്നുണ്ട് . അതിന് മാത്യു നൽകുന്ന മറുപടി “ഞാൻ അധികം ആരോടും സംസാരിക്കില്ല” എന്നാണ് . ഇത് വാസ്തവത്തിൽ മാത്യുവിൻ്റെ വ്യക്തിപരമായ സവിശേഷതയല്ല . മാത്യുവിൻ്റെ നിശബ്ദത അടിച്ചേൽപ്പിക്കപ്പെട്ടതാണ് . ഒരു വ്യക്തിയ്ക്ക് തൻ്റെ വികാരത്തെ, ആഗ്രഹത്തെ വെളിപ്പെടുത്താൻ കഴിയുന്നില്ലായെങ്കിൽ , ആ വികാരം അധീശ വ്യവഹാരത്തിന് പുറത്താണെങ്കിൽ , അയാൾക്ക് നിശബ്ദതയെ ഒരു കവചമായി സ്വീകരിക്കാനേ കഴിയൂ . തൻ്റെ ക്വിയർ പ്രണയത്തെ ഭാഷയിലൂടെ വെളിപ്പെടുത്താൽ കഴിയാത്ത മാത്യു വാസ്തവത്തിൽ സമൂഹത്തിന് മുന്നിൽ അദൃശ്യ രൂപിയാണ് . ഭാഷയാണ് ഒരു കാര്യത്തെ മനസിലാക്കാവുന്നതും അത് കൊണ്ട് തന്നെ ജീവിക്കാൻ യോഗ്യമാക്കുന്നതെന്നും ബട്ലർ പറയുന്നുണ്ട്. മാത്യുവിന് തൻ്റെ സ്വവർഗാനുരാഗ സ്വത്വത്തെ സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ കഴിയില്ല . ഈ വെളിപ്പെടുത്തൽ അയാൾക്ക് ആഗ്രഹ പൂരണമോ “പാപ മോചനമോ ” എകില്ലാ യെന്ന് മാത്രമല്ല അത് അയാളുടെ സാമൂഹിക ഉന്മൂലനത്തിലേക്ക് നയിക്കും . മാത്യുവിൻ്റെ മൗനം ഒരു പ്രതിരോധവും ഷിസോ ഫ്രേനിക് ലക്ഷണവുമാണ് . വികാരങ്ങളെ, അനുഭവങ്ങളെ അവിഷ്കരിക്കാനുള്ള ഭാഷ നിഷേധിക്കപ്പെടുമ്പോൾ സംഭാഷണത്തിന് പകരം വരുന്നത് മൗനമോ പൊള്ളയായ പ്രകടനങ്ങളോ ആണ് . കാതലിൽ ഷിസോ ഫ്രേനിയ മാത്യുവിൻ്റെ മൗനമായും എബ്ബിൽ അത് പരമ്പരാഗത ബന്ധങ്ങൾ ലംഘിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തിൻ്റെ വിഭ്രാന്ത്രിയായും തെളിയുന്നു .
എബ്ബ് : ലൈംഗിക ശേഷിയും പുരുഷത്വത്തിൻ്റെ രാഷ്ട്രീയവും
ഒരു പാട്രിയാർക്കൽ സമൂഹം പുരുഷത്വത്തെ വായിക്കുക ലൈംഗിക ശേഷിയുമായും കീഴടക്കലുമായി ചേർത്ത് വെച്ചാണ് . ദെല്യൂസിയൻ ഭാഷയിൽ coded desire എന്ന് പറയാം . അതിരുകളും ചട്ടങ്ങളും ഇല്ലാത്ത മനുഷ്യൻ്റെ ആഗ്രഹങ്ങളെ (libido) സമൂഹം ചാല് കീറി നിയന്ത്രിക്കുന്നു . ആഗ്രഹങ്ങളെ സാമൂഹിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് coding. ലൈംഗികാഗ്രഹങ്ങളെ പാപ സങ്കൽപ്പത്തിൽ കൂടി മതവുമായും , വിവാഹത്തിൽ കൂടി കുടുംബവുമായും , ലിംഗപദവിയിലൂടെ പാട്രിയാർക്കിയുമായും ബന്ധിപ്പിക്കുന്നു.
എബ്ബിലെ നായകൻ തൻ്റെ ലിബിഡോ വിനെ പരമ്പരാഗത രീതിയിൽ നിന്ന് മാറ്റി ഒഴുക്കാനാണ്(decoding) ശ്രമിക്കുന്നത് . ബഹു ലൈംഗികതയിലൂടെയും ഭാര്യയെ കാമുകന് മൊത്തുള്ള ത്രീസം സെക്സിന് പ്രേരിപ്പിക്കുന്നതിലൂടെയും അയാൾ അതിന് ശ്രമിക്കുന്നുണ്ട് . എന്നാൽ മറുവശത്ത് അയാളുടെ ആന്തരിക ബോധം ഇപ്പോഴും പുരുഷാധിപത്യപരമായ സാമൂഹിക നിയമങ്ങളിൽ (molar structure) കുടുങ്ങി കിടക്കുകയാണ് . ത്രീസം സെക്സിന് ശേഷമുള്ള നായകൻ്റെ ലൈംഗിക തകർച്ച കാണിക്കുന്നത് അയാളുടെ ശരീരം ആഗ്രഹങ്ങളെ ഡീകോഡ് ചെയ്ത് കൊണ്ട് പുതിയൊരു പരീക്ഷണത്തിന് തയ്യാറായെങ്കിലും അയാളുടെ മനസ് ഇപ്പോഴും ഭർത്താവെന്നാൽ സംരക്ഷകനും ഉടമയുമാണെന്ന ഈഡിപ്പൽ ബോധത്തിൽ നിന്ന് മുക്തനായിട്ടില്ലായെന്നാണ് . ഈ വൈരുദ്ധ്യങ്ങളുടെ സംഘർഷം നായകൻ്റെ ലൈംഗികവും മാനസികവുമായ തകർച്ചയിലേക്ക് നയിക്കുന്നു . ഭാര്യയുടെ കാമുകൻ തന്നേക്കാൾ ലൈംഗിക ശേഷിയുള്ളവനാണെന്ന നായകൻ്റെ തോന്നൽ , അയാളിലെ മോളാർ സെൽഫിൻ്റെ (സമൂഹ നിർമ്മിതിയായ പുരുഷത്വം) പരാജമായി മാറുന്നു. “ആധുനികനാകാൻ” ശ്രമിച്ചെങ്കിലും മറ്റൊരു പുരുഷൻ തൻ്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണുന്നതിലൂടെ അയാളിൽ അപകർഷതാബോധം ഉണരുന്നു. നായകൻ്റെ “ലിബറൽ ചിന്തകളും” ഉള്ളിൽ ആഴത്തിൽ വേരോടിയിരിക്കുന്ന പുരുഷാധിപത്യ വേരുകളും തമ്മിലുള്ള സംഘർഷം ഷിസോഫ്രേനിയയിൽ കലാശിക്കുന്നു . സിനിമയിലെ മാത്രമല്ല , ഏതൊരു നോട്ടവും (The gaze) അധികാരത്തിൻ്റെ പ്രയോഗമാണ്. ജിയോ ബേബിയുടെ സിനിമകളിൽ ഈ നോട്ടം കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിലേക്കുള്ള കിളി വാതിലുകളായി മാറുന്നു. എബ്ബിൽ നായകൻ തൻ്റെ ഭാര്യയുടെയും കാമുകൻ്റെയും ലൈംഗിക ബന്ധത്തിൻ്റെ കാഴ്ചക്കാരൻ (Voyeuristic gaze) ആകുമ്പോൾ , ആ നോട്ടത്തിൽ അയാൾ തൻ്റെ അധികാരത്തിൻ്റെ തകർച്ചയെ നേരിടുന്നു . നായകൻ ഒരു “ലിബറൽ പുരുഷൻ ” ആയി സ്വയം കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ തൻ്റെ തന്നെ നോട്ടത്തിൽ അയാൾ ഒരു “പരാജയപ്പെട്ട പുരുഷൻ ” ആയി മാറുന്നു . ഈ നോട്ടങ്ങൾക്കിടയിലുള്ള സംഘർഷം അയാളെ ഒരു ഭ്രാന്തനാക്കുന്നു .

ശാരീരികമായ കലാപം (Somatic Mutiny)
എബ്ബിലെ നായകൻ്റെ ലൈംഗിക തളർച്ച ഒരു ശാരീരിക രോഗമല്ല . മറിച്ച് അയാളുടെ മനസ് നേരിടുന്ന ഷിസോഫ്രേനിക് പിളർപ്പിൻ്റെ ബാഹ്യ പ്രകടനമാണ് . സമൂഹം കൽപ്പിച്ച് നൽകിയ ഭർത്താവ് എന്ന വേഷം അയാൾക്ക് പൂർണമായി സ്വീകരിക്കാൻ കഴിയുന്നില്ല . അയാൾ ബഹു ലൈംഗികതയിലൂടെ “സ്വയം “തിരഞ്ഞെടുത്ത ലിബറൽ വേഷം ഉൾക്കൊള്ളാൻ അയാളുടെ മനസിന് ശേഷിയുമില്ല . ഈ ആശയ സംഘർഷത്തിൽ ഒരു യന്ത്രമെന്ന നിലയിൽ ശരീരം പരാജയപ്പെടുന്നു . ദെല്യൂസിയൻ ഭാഷയിൽ ബ്രേക്ക് ഡൗൺ എന്ന് പറയാം . വഴിത്തിരിവിനായി , മോചനത്തിനായി തിരിച്ച നായകൻ ഒടുവിൽ മാനസികവും ശാരീരികവുമായ വന്ധ്യതയിൽ എത്തിച്ചേരുന്നു . ഭാര്യയുടെ കാമുകനെ തന്നെക്കാൾ ശക്തനായ ഒരാളായി കാണുന്നതിലൂടെ നായകൻ പുരുഷാധിപത്യ യുക്തിയുടെ മത്സര ലോകത്തേക്ക് വീഴുന്നു . സംഘർഷത്തിനൊടുവിൽ അയാൾ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്നുണ്ട് . അത് വാസ്ഥവത്തിൽ ഭാര്യയോടുള്ള ദേഷ്യം കൊണ്ടല്ല . മറിച്ച് തൻ്റെ പരീക്ഷണം പരാജയപ്പെട്ടതിൻ്റെ നിരാശയിൽ നിന്നുയിർ കൊള്ളുന്ന അക്രമമാണ് . തന്റെ പരാജയപ്പെട്ട പുരുഷത്വം വീണ്ടെടുക്കാനുള്ള ആക്രമാസക്തമായ ഒരു ശ്രമമാണ്. സ്വയം തിരഞ്ഞെടുത്ത പുതിയ ലോകത്ത് നിലയുറപ്പിക്കാൻ കഴിയാതെ, പഴയ ലോകത്തിന്റെ ക്രൂരതകളിലേക്ക് അയാൾ മടങ്ങുന്നു.അതിന് ശേഷം അയാൾ പരസ്യമായി സ്വയം ഭോഗം ചെയ്യുന്നു. ഈ പബ്ലിക് മാസ്റ്റർബേഷൻ ഒരു അശ്ളീല പ്രവൃത്തിയല്ല . മറിച്ച് തകർന്ന അയാളുടെ സ്വത്വത്തിൻ്റെ ഭീകരമായ വെളിപ്പെടുത്തലാണ് .
പിൽക്കാല ഫ്രോയ്ഡിയനായ ലക്കാൻ്റെ അഭിപ്രായത്തിൽ സമൂഹം നിർമ്മിച്ചെടുത്ത ഭാഷയും നിയമങ്ങളും ചട്ടക്കൂടുകളുമാണ് സിംബോളിക് ഓർഡർ . ഒരു വ്യക്തി ഈ ചട്ടക്കൂടിനുള്ളിൽ നിൽക്കുമ്പോഴാണ് പൗരനോ , ഭർത്താവോ ഒക്കെ ആയി അംഗീകരിക്കപ്പെടുന്നത് . പൊതുസ്ഥലത്ത് വെച്ച് സ്വയം ഭോഗം ചെയ്യുന്നതിലൂടെ നായകൻ ഈ സിംബോളിക് ഓർഡറിനെ പൂർണമായും തകർക്കുന്നു. അയാൾ ലജ്ജയോ ഭയമോ ഇല്ലാത്ത അവസ്ഥയിലേക്ക് മാറുന്നു. ഇത് വസ്ഥവത്തിൽ അയാൾ സമൂഹത്തിൽ നിന്ന് പൂർണമായും വ്യവച്ഛേദിക്കപ്പെട്ടുവെന്നും ഇനി ഒരിക്കലും സാധാരണ പൗരനായി മടങ്ങി വരാൻ കഴിയില്ലായെന്നുമുള്ള പ്രഖ്യാപനമാണ് . തന്നെ ആര് കാണുന്നു എന്നതിലോ , സമൂഹത്തിൻ്റെ ഇടയ നോട്ടത്തെയോ കുറിച്ച് അയാൾക്ക് ആശങ്കയില്ല . വ്യവസ്ഥയ്ക്ക് തന്നെ നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് ശരീരം കൊണ്ട് അയാൾ ഭ്രാന്തമായി രേഖപ്പെടുത്തുന്നു .
സ്വയം കേന്ദ്രീകൃതമായ ഏകാന്തത (Autoerotic Isolation )
ആഗ്രഹങ്ങളുടെ പൂരണത്തിന് അതിൻ്റെ ഒഴുക്ക് അനിവാര്യമാണ് ( flow towards the other). എബ്ബിലെ നായകൻ മറ്റൊരാളുമായി ബന്ധപ്പെടാൻ (connect) കഴിയാത്ത വിധം തകർന്നിരിക്കുന്നു . ഭാര്യയുടെ കാമുകകനുമൊത്തുള്ള ത്രീസം പരീക്ഷണത്തിൻ്റെ പരാജയത്തോടെ മറ്റൊരാളിൽ നിന്ന് ലൈംഗിക സംതൃപ്തി കണ്ടെത്താനുള്ള അയാളുടെ ശേഷി നശിക്കുന്നു. അവസാനം പരസ്യമായ സ്വയം ഭോഗത്തിലൂടെ സ്വന്തം ശരീരത്തിൽ തന്നെ അഭയം തിരയുന്നത് , മറ്റാരുമില്ലാത്ത ഒരു ശൂന്യതയിലേക്ക് (Asocial vaccum) അയാൾ വീണ് പോയതിൻ്റെ തെളിവാണ് . പുരുഷാധിപത്യ സമൂഹത്തിൽ പുരുഷൻ എപ്പോഴും കർത്താവാണ് . എന്നാൽ ഈ പ്രവൃത്തിയിലൂടെ ഒരു വസ്തുവായി(object) അയാൾ സ്വയം മാറുന്നു . തൻ്റെ ലൈംഗിക ശേഷി തെളിയിക്കാൻ മറ്റൊരാളുടെ ആവശ്യമില്ലെന്നോ . അല്ലെങ്കിൽ താൻ എല്ലാ മത്സരങ്ങളിൽ നിന്നും പരാജയപ്പെട്ട് പിന്മാറുന്നു എന്നോ ഉള്ള നിസഹായമായ പ്രകടനമാണ് . അയാളുടെ മോളാർ സെൽഫിൻ്റെ (സമൂഹത്തിന് മുന്നിലെ മാന്യനായ പുരുഷൻ) അന്ത്യമാണ് . ആഗ്രഹങ്ങളുടെ തമോഗർത്തത്തിൽ അയാൾ അലിയുന്നു .
ഈ രണ്ട് സിനിമകളിലും ശരീരം എന്നത് അടിച്ചമർത്തപ്പെട്ട ചരിത്രത്തിൻ്റെ പുരാവസ്തു ശേഖരമായി മാറുന്നു . കാതലിലെ മാത്യു ദേവസിയുടെ വിറയാർന്ന ചലനങ്ങൾ തൻ്റെ യതാർത്ഥ സ്വത്വത്തെ പതിറ്റാണ്ടുകൾ അടിച്ചമർത്തി വെച്ചതിൻ്റെ രേഖകളാണ് . എബ്ബിലെ നായകൻ്റെ ഒരോ ശാരീരിക പരാജയങ്ങളും പരാജയപ്പെട്ട വിപ്ളവത്തിൻ്റെ അടയാളങ്ങളാണ് . മനസിനെ വിഭജിക്കാമെന്നും നാവിനെ നിശബ്ദമാക്കാമെന്നും ഈ രണ്ടു ചിത്രങ്ങളും പറയുന്നുണ്ടെങ്കിലും , ശരീരം എല്ലാം ഓർമ്മിക്കുന്നു എന്നും അത് കാണിക്കുന്നു .

ക്യാപിറ്റലിസവും ആഗ്രഹങ്ങളുടെ ഓവർ കോഡിംഗും
എബ്ബിൽ ക്യാപിറ്റലിസവും ഷിസോഫ്രേനിയയും തമ്മിലുള്ള ബന്ധം വ്യക്തമാണ്.ഡെല്യൂസിന്റെയും ഗ്വാത്താരിയുടെയും നിരീക്ഷണത്തിൽ മുതലാളിത്തം എന്നത് സ്വാഭാവികമായും ഒരു ഷിസോഫ്രേനിക് വ്യവസ്ഥിതിയാണ്. അത് ഒരേസമയം വിമോചനത്തിന്റെ വാഗ്ദാനങ്ങൾ നൽകുകയും (Deterritorialization), എന്നാൽ അതിലും ഭീകരമായ പുതിയ തടവറകൾ നിർമ്മിക്കുകയും ചെയ്യുന്നു (Reterritorialization). ‘എബ്ബ്’ എന്ന ചിത്രം ഈ സൈദ്ധാന്തിക സത്യത്തിന്റെ ദൃശ്യാവിഷ്കാരമാണ്.

ഡെല്യൂസിയൻ അർത്ഥത്തിൽ ‘സഹജമായ ആഗ്രഹം’ എന്നത് ഒരു വ്യക്തിയുടെ ഉള്ളിൽ നിന്ന് പ്രവഹിക്കുന്ന നിയന്ത്രണങ്ങളില്ലാത്ത ഊർജ്ജമാണ്. ‘എബ്ബി’ൽ നായകന്റെ യഥാർത്ഥ ആഗ്രഹം തന്റെ പ്രണയത്തെയും ലൈംഗികതയെയും കൂടുതൽ ആഴത്തിൽ അനുഭവിക്കുക എന്നതാവാം. എന്നാൽ ഈ ആഗ്രഹം ഒരിക്കലും ഒരു ശൂന്യതയിലല്ല (Vacuum) ജനിക്കുന്നത്. നായകൻ ജീവിക്കുന്ന മുതലാളിത്ത പരിസരം അയാളുടെ ഈ സഹജമായ ആഗ്രഹത്തിന്മേൽ ചില ‘ലേബലുകൾ’ ഒട്ടിച്ചു വെച്ചിട്ടുണ്ട്.മുതലാളിത്ത വിപണി (Capitalist Market) ലൈംഗികതയെയും ബന്ധങ്ങളെയും കേവലം വികാരങ്ങളായല്ല, മറിച്ച് ‘ഉപയോഗിക്കപ്പെടേണ്ട ഉൽപ്പന്നങ്ങളായി’ (Commodities) മാറ്റുന്നു.നായകൻ തിരഞ്ഞെടുക്കുന്ന ‘ത്രീസം’ (Threesome) എന്ന വഴി സത്യത്തിൽ അയാളുടെ ഉള്ളിൽ നിന്ന് സ്വയംഭൂവായതല്ല. മറിച്ച്, പോൺ ഇൻഡസ്ട്രിയും, ”ലിബറൽ” സിനിമകളും, ‘ആധുനികനാവുക’ എന്ന വിപണിയുടെ ആഹ്വാനവും ചേർന്ന് അയാളുടെ ഉള്ളിൽ നിർമ്മിച്ചെടുത്ത ഒരു ഫാന്റസിയാണത്.നായകൻ തന്റെ പങ്കാളിയെ മറ്റൊരാളുമായി പങ്കിടാൻ ആഗ്രഹിക്കുന്നത് ഒരു വിപ്ലവമായല്ല, മറിച്ച് വിപണി നൽകുന്ന “എക്സോട്ടിക് എക്സ്പീരിയൻസ്” (Exotic experience) എന്ന ഉൽപ്പന്നം സ്വന്തമാക്കാനാണ്.ഇവിടെ ലൈംഗികത എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള വികാരമല്ല, മറിച്ച് ‘ഉപയോഗിച്ച് നോക്കേണ്ട’ ഒരു കൗതുകവസ്തുവായി (Commodity) മാറുന്നു. പോൺ സംസ്കാരവും വിപണിയും അയാളുടെ സഹജമായ ആഗ്രഹങ്ങളെ ഓവർകോഡ് ചെയ്യുന്നു. അയാൾ ഒരു വിമോചകനാകാൻ ശ്രമിക്കുകയല്ല, മറിച്ച് വിപണിയുടെ ഒരു ‘ഉപഭോക്താവ്’ ആകാനാണ് ശ്രമിക്കുന്നത്.മുതലാളിത്തത്തിന്റെ അടിസ്ഥാനം മത്സരമാണ്. ‘എബ്ബി’ൽ ത്രീസത്തിന് ശേഷം നായകൻ അനുഭവിക്കുന്ന അപകർഷതാബോധം ശ്രദ്ധിക്കുക.ലൈംഗികതയെ ഒരു പങ്കുവെയ്ക്കലായി കാണുന്നതിന് പകരം, ആരാണ് കൂടുതൽ ‘ശേഷിയുള്ളവൻ’ (Potent) എന്ന മത്സരമായി അയാൾ അതിനെ കാണുന്നു.ഭാര്യയുടെ കാമുകൻ തന്നേക്കാൾ നന്നായി ‘പെർഫോം’ ചെയ്തു എന്ന ഭയം, ലൈംഗികതയെ ഒരു ഉൽപ്പാദനക്ഷമമായ യന്ത്രമായി (Productive machine) മുതലാളിത്തം മാറ്റിയതിന്റെ ഫലമാണ്. ലൈംഗികത ഇവിടെ ഒരു ‘സ്കോർ കാർഡ്’ ആയി മാറുന്നു.
വെളിപ്പെടുത്തലിനും ഉന്മൂലനത്തിനുമിടയിൽ
‘ഒരേ ഷിസോഫ്രേനിക് അവസ്ഥയിൽ നിന്നുടലെടുക്കുന്ന രണ്ട് വ്യത്യസ്ഥമായ പാതകളെ അടയാളപ്പെടുത്തിന്നിടത്താണ് ഈ രണ്ടു ജിയോ ബേബി സിനിമകളുടെയും കരുത്ത് . കാതലും എബ്ബും ചേർന്ന് മനുഷ്യ ജീവിതത്തിൻ്റെ ശക്തമായ വൈരുദ്ധ്യാത്മക സംവാദമാണ് സൃഷ്ട്ടിക്കുന്നത് . വളരെയധികം കഷ്ട്ടപ്പെട്ട് നേടിയെടുത്ത വെളിപ്പെടുത്തലിലാണ് കാതൽ അവസാനിക്കുന്നത് . മാത്യു ദേവസി (കാതൽ)തൻ്റെ സത്യം കോടതിയിൽ വിളിച്ച് പറയുമ്പോൾ അയൾ ഭാഷയിലൂടെ വിമോചിതനാകുന്നു . എന്നാൽ എബ്ബിലെ നായകൻ വാക്കുകൾക്ക് പകരം തൻ്റെ തകർന്ന ശരീരം കൊണ്ടാണ് സംസാരിക്കുന്നത്. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു ലോകത്ത് സ്വത്വം തകർന്നടിയുമ്പോൾ അവശേഷിക്കുന്നത് ഇത്തരം ഭ്രാന്തമായ ഒറ്റപ്പെടലുകൾ മാത്രമാണ് . ജൈവരാഷ്ട്രീയക്രമത്തിൻ്റെ അരികുകളിൽ ജീവിക്കുന്നവർ നേരിടുന്ന ഭയാനകമായ അപകടങ്ങളെ ജിയോ ബേബി ഈ സിനിമകളിലൂടെ അന്വേഷിക്കുന്നു . കാതലി’ലെ മാത്യു ജൈവരാഷ്ട്രീയത്തിന്റെ തടവറയിൽ നിന്ന് ഒരു രാഷ്ട്രീയ വിമോചനം കണ്ടെത്തുമ്പോൾ, ‘എബ്ബി’ലെ നായകൻ മുതലാളിത്തത്തിന്റെ ഷിസോഫ്രേനിക് കെണിയിൽപ്പെട്ട് സ്വയം നശിക്കുന്നു. അധികാരത്തിന്റെ കോഡുകൾ ഭേദിക്കുമ്പോൾ സ്വന്തം ആഗ്രഹങ്ങൾ വിപണിയുടെ ഓവർകോഡിംഗിന് വിധേയമാകാതെ സൂക്ഷിച്ചില്ലെങ്കിൽ, വിമോചനം എന്നത് ഭ്രാന്തിലേക്കുള്ള മറ്റൊരു വാതിൽ മാത്രമായിരിക്കും
ക്വിയർ സ്വത്വങ്ങൾക്ക് തങ്ങളുടെതായ ഒരു ഭാഷ കണ്ടെത്താനും അതിജീവിക്കാനും കഴിയുമോ ? അതോ നോർമൽ എന്ന സാമൂഹിക വിവക്ഷയ്ക്കായി നാം നൽകേണ്ട വില നമ്മുടെ തന്നെ ആത്മനാശമോ ? എന്ന ചോദ്യം ജിയോ ഉന്നയിക്കുന്നു . ജൈവ രാഷ്ട്രീയത്തിൻ്റെ തടവറകൾ തകർക്കപ്പെടുന്നത് വരെ അനേകർ ദുസഹമായ മൗനത്തിലോ, ശരീരത്തിൻ്റെ ഭ്രാന്തമായ നിലവിളികളിലോ തളയ്ക്കപ്പെടുമെന്നും , അവിടെ സ്വന്തം സ്വത്വത്തോട് നീതി പുലർത്താനുള്ള ഏക വഴി ചിലപ്പോൾ ”തകരുക “എന്നത് മാത്രമാണെന്നും ഈ സിനിമകൾ നമ്മെ ഓർമപ്പെടുത്തുന്നു.
ഇംഗ്ലീഷ് വേർഷൻ വായിക്കാം ഇവിടെ





