A Unique Multilingual Media Platform

Articles Interviews Politics Society

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു സ്വാതന്ത്ര്യദിനം കൂടി: ഒരു സാങ്കൽപ്പിക സംഭാഷണം

  • August 16, 2025
  • 1 min read
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു സ്വാതന്ത്ര്യദിനം കൂടി: ഒരു സാങ്കൽപ്പിക സംഭാഷണം

ഒരു സ്വാതന്ത്ര്യദിന ആഘോഷം കൂടി കടന്നു പോകുമ്പോൾ മുതിർന്ന മാധ്യമപ്രവർത്തകനായ ദീർഘകാലം ദി ടെലിഗ്രാഫിന്റെ എഡിറ്റർ ആയിരുന്ന ആർ രാജഗോപാൽ തനിക്ക് എവിടെയാണ് സ്വതന്ത്രമായി ആഘോഷത്തിൽ പങ്കുചേരാൻ ആവുക എന്ന് തന്നോട് തന്നെ ചോദിക്കുകയാണ്. നിർമ്മിത ബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇൻടലിജൻസിനെ) കൂട്ടുപിടിച്ചുള്ള ഈ ആത്മഭാഷണം നാം നേരിടുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.


സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടേ?

തീർച്ചയായും വേണം. സിംഗപ്പൂര് പോയാലോ?

ഛെ! സ്വാതന്ത്ര്യദിനം വിദേശത്തോ? അസംബന്ധം പറയരുത്.

എന്തസംബന്ധം? ഇന്ത്യൻ സുരക്ഷയെ സംബന്ധിച്ച ഏറ്റവും വലിയ രഹസ്യം ഏതു ദേശത്തുവച്ചാണ് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് (സിഡിഎസ്) — എന്ന് വച്ചാൽ സേവനത്തിലിരിക്കുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള സൈനിക അധികാരി — വെളിപ്പെടുത്തിയത്? ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് വിമാനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് സിംഗപ്പൂരിൽ വച്ചാണ് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞത്. മെയ് 7ന് നടന്ന ആ സംഭവം 23 ദിവസം നരേന്ദ്രമോദി സർക്കാർ ഇന്ത്യയിലെ ജനങ്ങളുമായി പങ്കുവച്ചില്ല. ഇന്ത്യയിലെ പൗര സമൂഹത്തോട് പങ്കിടാത്ത വിവരം ഇന്ത്യയിലെ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ആ വെളിപ്പെടുത്തൽ നടത്താൻ ഒരു വിദേശ രാജ്യം തിരഞ്ഞെടുത്തു എങ്കിൽ ആ സ്ഥലത്തിന് മഹത്തായ എന്തെങ്കിലും സവിശേഷതകൾ ഉണ്ടായിരിക്കണമല്ലോ? അതുകൊണ്ടാണ് ഇത്തവണ സ്വാതന്ത്രദിനാഘോഷം സിംഗപ്പൂരിൽ ആകാം എന്ന് പറഞ്ഞത്.

മാത്രമല്ല, ജനറൽ ചൗഹാൻ ആരോടാണ് ഇന്ത്യക്ക് വിമാനങ്ങൾ നഷ്ടപ്പെട്ടു എന്ന് വിവരം കൈമാറിയത്? ഒന്ന്, ബ്ലൂംബെർഗ് ടീവി. രണ്ട്, റോയിട്ടേഴ്‌സ്. ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഉജ്ജ്വലമായ ചരിത്രം ഒക്കെ ഞാൻ വീണ്ടും മറിച്ചു നോക്കി. ബ്ലൂംബെർഗ് ടീവിയും റോയിട്ടേഴ്‌സും സ്വാതന്ത്ര്യസമര സമയത്ത് പോരാടിയ രണ്ട് പ്രസിദ്ധീകരണങ്ങളാണ് എന്ന് ഞാൻ കരുതി. അങ്ങനെയല്ലെങ്കിൽ ജനറൽ ചൗഹാൻ ഇത്ര സുപ്രധാനമായ വിവരം ഈ പ്രസിദ്ധീകരണങ്ങളുമായി കൈമാറില്ലല്ലോ. പക്ഷേ എന്നെ നിരാശപ്പെടുത്തിക്കൊണ്ട്, സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടുന്ന അക്ഷരമുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും ഇടയിൽ ഒന്നും ഈ രണ്ട് പ്രസിദ്ധീകരണങ്ങളുടെ പേരുകൾ കണ്ടില്ല.

പിന്നീട് അന്വേഷിച്ചപ്പോൾ അറിഞ്ഞു ബ്ലൂംബെർഗിന്റെ ഉടമസ്ഥൻ അമേരിക്കയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ മൈക്കിൾ ബ്ലൂംബെർഗ് ആണെന്ന്. റോയിട്ടേഴ്‌സ് ആകട്ടെ കനേഡിയൻ ഉടമസ്ഥതയിലുള്ള ഒരു ബ്രിട്ടീഷ് കമ്പനിയും. ഈ രണ്ടു പ്രസിദ്ധീകരണങ്ങൾക്കും സംഘപരിവാർ ആഘോഷിക്കുന്ന ഭാരതീയ പാരമ്പര്യവുമായി എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. തീർച്ചയായും സിംഗപ്പൂർ എന്ന പവിത്രഭൂമിയുമായുള്ള ബന്ധം ആകാം ഈ രണ്ട് പ്രസിദ്ധീകരണങ്ങളെയും ഇത്രയും സുപ്രധാനമായ ദേശീയ സുരക്ഷയെ സംബന്ധിച്ച് ഒരു വിവരം കൈമാറുവാൻ ജനറൽ ചൗഹാൻ തിരഞ്ഞെടുത്തത്.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ

എന്നുവച്ചാൽ ഇന്ത്യൻ മാധ്യമങ്ങളെയും ഇന്ത്യൻ പൗര സമൂഹത്തെയുംകാളേറെ ഇന്ത്യൻ ഭരണകൂടം വിശ്വസിക്കുന്നതും ബഹുമാനിക്കുന്നതും സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന വിദേശ സംരംഭങ്ങളെയാണ് എന്നല്ലേ? അങ്ങനെയെങ്കിൽ സിംഗപ്പൂർ എന്ന പവിത്രഭൂമിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിൽ എന്താണ് നിങ്ങൾക്ക് വിരോധം?

ഓ, പരിഹാസം, പരിഹാസം…

പക്ഷെ എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് നമുക്ക് ഇപ്പോഴും അറിയില്ലല്ലോ? പാർലമെന്റിൽ അത് പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായിട്ടുമില്ല. ഇനി അത് പറയാൻ സിംഗപ്പൂരിനെക്കാൾ പവിത്രമായ മറ്റൊരു ഭൂമി അന്വേഷിക്കുന്നുണ്ടോ എന്നും അറിയില്ല.

അങ്ങനെയൊരു ഭൂമിയുണ്ടോ?

അറിയില്ല. ബൊഗോട്ടയിൽ പോയി ആഘോഷിച്ചാലോ? കൊളമ്പിയയുടെ തലസ്‌ഥാനമായ ബൊഗോട്ടയിൽ വച്ചല്ലേ ശശി തരൂർ സുപ്രധാനമായ മറ്റൊരു വെളിപ്പെടുത്തൽ നടത്തിയത്? ഓർമ്മയില്ലേ മെയ്മാസം അവസാനം അദ്ദേഹം ബൊഗോട്ടയിൽവച്ച് എന്താണ് പറഞ്ഞതെന്ന്?

ഓർമ്മയുണ്ട്. കശ്മീരിലെ ഭീകരാക്രമണത്തിന് പ്രതികരണമായി ഇന്ത്യ നടത്തിയ സൈനികാക്രമണത്തിന് ശേഷം പാകിസ്ഥാനോട് അനുശോചനം അറിയിച്ചുകൊണ്ടുള്ള മുന്‍പത്തെ പ്രസ്താവന കൊളംബിയ പിൻവലിച്ചതായി കോൺഗ്രസ് എംപി ശശി തരൂർ അന്ന് പറഞ്ഞിരുന്നു.

താങ്കളുടെ ഓർമ്മശക്‌തിക്ക് ഒരു കുതിരപ്പവൻ. ബൊഗോട്ട പോരെങ്കിൽ വടക്കോട്ട് മാറി ട്രംപിന്റെ ദേശം ഉണ്ട്. എത്ര ഭയഭക്തിബഹുമാനത്തോടെയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സമീപിക്കുന്നത്! എത്ര തവണയാണ് ട്രംപ് താനാണ് ഇന്ത്യയെയും പാകിസ്താനെയും വെടിനിറുത്തിപ്പിച്ചെതെന്ന് പറഞ്ഞത്. ആ വീമ്പ് പറച്ചിലിന്റെ സിൽവർ ജൂബിലിയും കടന്ന് ഏതാണ്ട് 28 തവണ ആവർത്തിക്കു ശേഷമാണ് ഒരു മറുപടിയുമായി മോദി വരുന്നത്. ആഗസ്ത് 2 വരെ ഒരിക്കൽപോലും ട്രംപിന്റെ പേര് പറഞ്ഞു അദ്ദേഹത്തിന്റെ വാദങ്ങളെ മോദി തള്ളിക്കളഞ്ഞിട്ടില്ല. തന്നെ ഖണ്ഡിക്കുന്നവരോട് മോദി അങ്ങനെ അല്ലല്ലോ സാധാരണ പെരുമാറാറുള്ളത്? അപ്പോൾ ട്രംപിനെ വിശുദ്ധനാക്കുന്ന എന്തോ അമേരിക്കയിൽ ഉണ്ട്. അവിടെ പോയി സ്വാതന്ത്ര്യദിനം ആഘോഷിച്ചാലോ?

അതുവേണ്ട. പണ്ട് അമേരിക്കയിൽ പോയി ട്രംപിന് മുദ്രാവാക്യം രൂപപ്പെടുത്താൻ പ്രചോദനം ആർജ്ജിച്ച മോദി, അമേരിക്ക അധിക ചുങ്കം ചുമത്തിയതിന് പിന്നാലെ “സ്വദേശി, സ്വദേശി” എന്നാണെന്നല്ലോ ഉരുവിടുന്നത്. നമുക്കും സ്വദേശി മതി.

ഓക്കേ. നമുക്ക് മുംബൈയിലെ നൽസോപാരയിലേക്ക് പോയാലോ? അവിടെനിന്നും ചില “അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ” വളഞ്ഞിട്ട് പിടിച്ച് തല്ലും കൊടുത്തു് അതിർത്തിക്കപ്പുറം ആട്ടിപ്പായിച്ചു എന്ന് ആരോപണം ഉണ്ടല്ലോ?

നുഴഞ്ഞുകയറ്റക്കാരിൽനിന്നും “ചിതലുകൾ” എന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ചാപ്പ കുത്തിയവരിൽനിന്നും നൽസോപാര മോചിപ്പിക്കപ്പെട്ടുവെങ്കിൽ ശുദ്ധീകരിക്കപ്പെട്ട ഭൂമി അല്ലേ അത്? സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ അതിനേക്കാൾ നല്ല സ്ഥലം ഉണ്ടോ?

നല്ല ചോയ്സ്. പക്ഷെ ബംഗ്ലാദേശി എന്നും പറഞ്ഞു ആട്ടിപ്പായിച്ച മുസ്‌തഫ കമാൽ ഷെയ്ഖ് ഒരിന്ത്യൻ പൗരനാണെന്ന് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ മടങ്ങി വരുവാൻ അനുവദിച്ചില്ലേ? ഗുരുഗ്രാമിലും ഗുജറാത്തിലും ഒഡീഷയിലും ബംഗ്ലാദേശി എന്ന് പറഞ്ഞു ഇന്ത്യൻ പൗരരേയും വേട്ടയാടുന്നതായി പരാതികൾ ഉയർന്നിട്ടില്ലേ? ഈ പാപം സ്വതന്ത്ര ഇന്ത്യ എങ്ങനെ കഴുകിക്കളയും? പിലാത്തോസിനെപ്പോലെ “ഈ രക്തത്തിൽ എനിക്ക് പങ്കില്ല” എന്ന് പറഞ്ഞു കൈകഴുകി നമുക്ക് നൽസോപാരയിൽ പോയി സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ പറ്റില്ലല്ലോ?

അതും ശരിയാണ്. എന്നാൽ നമുക്ക് മാലേഗാവിലേക്കു ചെന്നാലോ? സ്‌ഫോടനക്കേസിൽ എല്ലാ പ്രതികളെയും വെറുതെവിടാൻ അവസരമൊരുക്കിയ അനുഗ്രഹീത ഭൂമിയല്ലേ?

തരക്കേടില്ലാത്ത നിർദ്ദേശമാണ്. രോഹിണി സാലിയനെ ഓർമ്മയുണ്ടോ?

ദേശീയ സുരക്ഷാ ഏജൻസി (എൻ.ഐ.എ) തന്നോട് പ്രതികൾക്കെതിരേ മൃദുസമീപനം സ്വീകരിക്കണം എന്നാവശ്യപ്പെട്ടതായി 2015ഇൽ വെളിപ്പെടുത്തിയത് സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയൻ അല്ലേ?

അതെ. ജൂലൈ അവസാനം വിധി വന്നതിനുശേഷം ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തോട് അവർ എന്താണ് പറഞ്ഞതെന്ന് അറിയാമോ? രോഹിണി സാലിയൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: “എനിക്ക് വിധിയില്‍ നിരാശയുണ്ടായില്ല. കാരണം, ഇതൊക്കെ എനിക്ക് ഇപ്പോൾ പതിവായിരിക്കുന്നു. വീണ്ടും വീണ്ടും ഇവ സംഭവിക്കുമ്പോള്‍ നമ്മുടെ സംവേദനശേഷി കുറയുന്നു. യാഥാർത്ഥ്യം പുറത്തുവരണം എന്ന് ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങൾ കഠിനമായി ജോലി ചെയ്യുന്നു പക്ഷേ ആരെക്കൊയോ ഞങ്ങൾ അങ്ങനെ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു. ഒടുവിൽ ഇത് ആരുടെ പരാജയമാണ്? നമ്മുടെ സ്വന്തം പരാജയം -– ജനങ്ങളുടെ പരാജയം. സർക്കാരിന്റേത് അല്ല, കാരണം ഈ സർക്കാർ ജനങ്ങളാണ് തിരഞ്ഞെടുത്തത്, അതിനാൽ അവർക്ക് വേണ്ടതുപോലത്തെ ഭരണമാണ് നടത്തുക. നിങ്ങൾക്ക് സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ല — നിങ്ങള്‍ നിങ്ങളെത്തന്നെയാണു കുറ്റപ്പെടുത്തേണ്ടത്.”

പിന്നെ നമ്മൾ എവിടെ പോയി ആഘോഷിക്കും? റായ്പ്പൂരിൽ പോകാമെന്നു വച്ചാൽ കേക്ക് വാഹകരായ, പുണ്യാത്മാക്കളായ, ആട്ടിൻതോലിട്ട ചെന്നായ്ക്കളെല്ലാം അവിടെ കറങ്ങിനടപ്പുണ്ട്.

സുഹൃത്തേ, വിഷമിക്കരുത്. എല്ലാ ചോദ്യങ്ങൾക്കും ചാറ്റ്ജിപിറ്റി ഇല്ലേ? നമുക്ക് ചോദിക്കാം.

ഓക്കേ. ഞാൻ ഇങ്ങനെ ചോദിച്ചു: ഈ ആഗസ്റ്റ് 15-ന് താഴെ പറയുന്ന കാര്യങ്ങൾക്കൊന്നും ഭയപ്പെടാതെ എനിക്ക് എവിടെ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ പറ്റും?

തല്ലുകൊണ്ട് ചാവാതെ എനിക്ക് ഇഷടമുള്ള ഭക്ഷണം, ബീഫ് ഉൾപ്പെടെ, കഴിക്കണം. എന്റെ മതവിശ്വാസം പാലിക്കാനും പങ്കുവെക്കാനും കഴിയുന്ന സ്വാതന്ത്ര്യം വേണം. സദാചാര പോലീസിന്റെ ഇടപെടൽ ഇല്ലാതെ ഏത് ലിംഗത്തിലുള്ള ആളുകളോടും സൗഹൃദം പുലർത്താൻ കഴിയണം. പൗരത്വം തെളിയിക്കുന്ന രേഖകളില്ലാതെ എനിക്ക് നടക്കണം, ആക്ഷേപഹാസ്യം പ്രകടിപ്പിക്കാനും ഞാൻ സത്യം എന്ന് കരുതുന്നത് സംസാരിക്കാനും എഴുതുവാനുമുള്ള അവകാശം വേണം.

ചാറ്റ്ജിപിറ്റിയുടെ ഉത്തരം: ഭരണഘടനാരചയിതാക്കൾ പ്രതീക്ഷിച്ചതുപോലെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാപരമായ ഭരണവും ഉള്ള ഇന്ത്യയിലാകെ ഈ അവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. എങ്കിലും, താങ്കളുടെ ചോദ്യത്തിൽ കാണുന്നത്ര അസഹിഷ്ണുതയുടെ ഉയർച്ചയും സംസ്ഥാനാധികാരികളുടെ അതിക്രമവുമുള്ള യാഥാർത്ഥ പശ്ചാത്തലത്തിൽ, ഇന്ത്യക്കുള്ളിൽ താഴെ പറയുന്ന ചില പ്രദേശങ്ങൾ ഇത്തരം സ്വാതന്ത്ര്യങ്ങൾക്കായുള്ള കുറെയധികം സുരക്ഷിതമായ പൗരപരിസരങ്ങൾ ചരിത്രപരമായി നൽകിയിട്ടുള്ളവയാണ് (എങ്കിലും പൂർണമായും അല്ല): ഈ സ്ഥലങ്ങൾ കേരളം, ഗോവ, പുതുച്ചേരി എന്നിവയും മിസോറാം, മേഘാലയ, നാഗാലാ‌ൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളും ആണ്. ഇന്ത്യക്കു പുറത്താണെങ്കിൽ: ക്യാനഡ, ജർമനി, ന്യൂ സീലാൻഡ്, സ്വീഡൻ, നോർവേ, ഫിൻലാൻഡ്….

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ വിശ്വസിച്ച് റിസ്ക് എടുക്കണമോ?

താൻ പാതി, എ.ഐ (AI) പാതി. എ.ഐ പറഞ്ഞതുപോലെ കേരളത്തിൽ തന്നെ നമുക്കാഘോഷിക്കാം.

ഡീൽ. പക്ഷെ ട്രാഫിക് സിഗ്നലിനടുത്ത് നിന്ന് പ്ലാസ്റ്റിക് പതാക വാങ്ങുമ്പോൾ ശ്രദ്ധിക്കണേ. മെയ്ഡ്

ഇൻ ചൈന ആകരുത്. സ്വദേശി, സ്വദേശി…. മറക്കരുത്.

About Author

ആർ രാജഗോപാൽ

മുതിർന്ന മാധ്യമ പ്രവർത്തകൻ, മുൻ എഡിറ്റർ, ദി ടെലഗ്രാഫ്

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.