നൊ സർ, സമയമായിട്ടില്ല!
എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോക്ടർ ഖദീജാമുംതാസ് എഴുതുന്ന പംക്തിയിലെ രണ്ടാമത്തെ ലേഖനം.

പനി പിടിച്ചുകിടന്നു പോയതിനാൽ പങ്കെടുക്കാൻ പറ്റാതെ പോയ സാംസ്കാരിക പ്രവർത്തക സമ്മേളനമായിരുന്നു ചെന്നൈ കോൺക്ലേവ്. പ്രധാനവിഷയം സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR). ഒപ്പം, കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പു വിജയത്തെ മൂർച്ചയോടെ വിശകലനം ചെയ്ത ‘വോട്ട് ചോരി’ പോലെയുള്ള വിഷയങ്ങൾ.. സാംസ്കാരിക സംഘടനകൾക്ക് എന്തു ചെയ്യാനാവും എന്ന കൂട്ടായ ചിന്തകൾ, പ്രമേയ രൂപീകരണം. സുഹൃത്തുക്കൾ പോയിരുന്നതിനാൽ വിശദാംശങ്ങൾ ലഭ്യമായി. ദേശീയ മാനവിക വേദിയുടെ സെക്യുലർ സ്കൂൾ എന്നു പേരിട്ട ശിൽപ്പശാലയിൽ(നവംബർ 1, 2) ആ പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തു. അംഗങ്ങൾ കഴിയും പോലെ, അതാതു പ്രദേശങ്ങളിൽ എസ്. ഐ. ആർ നടപടികൾ മോണിട്ടർ ചെയ്യുക. അനധികൃത കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ സംഭവിക്കുന്നുണ്ടോ എന്നു നിരീക്ഷിച്ചു തുടങ്ങുക.
ബീഹാറിൽ സംഭവിച്ച പോലുള്ള മാസ്സീവ് ഒഴിവാക്കലുകൾ ഏതായാലും കേരളം പോലൊരു സംസ്ഥാനത്ത് നടക്കാനിടയില്ല എന്ന് കൂട്ടത്തിലെ ശുഭാപ്തിവിശ്വാസികൾ. ജാഗ്രത്തായ സമൂഹമല്ലേ നമ്മുടെ ! അതൊക്കെ വിട്. ആർക്കെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്നാൽ പൊതു ഇടപെടലൊക്കെ വെള്ളത്തിൽ വരച്ച വരകൾ മാത്രമാവും. കൂടിവന്നാൽ ഒരിത്തിരി സഹതാപം. പിന്നെ അതവരുടെ മാത്രം വിധി! പരത്തിപ്പറയാൻ ഒരു പ്രാദേശിക കഥ.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ശ്രദ്ധയോടെ, ആൾബലത്തോടെ നടത്തേണ്ട പട്ടിക പുതുക്കൽ ഇപ്പോൾ നടക്കില്ലെന്നായിരുന്നു പൊതു വിശ്വാസം. ഒഴിവാക്കണമെന്ന കൂട്ടായ നിവേദനം ഇലക്ഷൻ കമ്മീഷനെ അറിയിക്കുകയും ചെയ്തതാണല്ലോ. നിയമസഭകളിൽ ഭരണ-പ്രതിപക്ഷ യോജിപ്പോടെയുള്ള തീരുമാനവും വന്നിരുന്നു എന്നോർമ്മ. എങ്കിൽ എന്തിനു പേടി! ഇനിയൊന്നും സംഭവിക്കില്ല എന്ന് പറഞ്ഞവരുണ്ട്.
പക്ഷെ അത്തരം വീമ്പ് പറച്ചിലുകളും രാഷ്ട്രീയ പ്രബുദ്ധതയെപ്പറ്റിയുള്ള ഗ്വാ ഗ്വാ വിളികളും കൊണ്ടു മാത്രം കേരളത്തിന് എസ്. ഐ. ആറിൽ നിന്ന് മാറി നിൽക്കാനാവില്ല എന്ന വസ്തുതയാണ് വഴിയെ പുറത്ത് വന്നത്.

ഒരു തരത്തിൽ അമ്പരപ്പിക്കുന്ന കാര്യം (അമ്പരക്കാൻ പോലുമിപ്പോൾ നാം മറന്നു പോകുന്നുണ്ടോ?) എസ്. ഐ. ആർ നടപ്പിലാക്കിത്തുടങ്ങിയ ഇന്ത്യയിലെത്തന്നെ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരിക്കുന്നു ഇപ്പോൾ കേരളം എന്നതാണ്. ശക്തമായ ആൻ്റി ഫാസിസ്റ്റ് ഭരണം നിലനിൽക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നത് കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് കമീഷൻ്റെ എസ്. ഐ. ആർ നീക്കങ്ങൾ തടയാനാവില്ല എന്ന് തന്നെയാണ് കേരളത്തിലെ സ്ഥിതിവിശേഷം വ്യക്തമാക്കുന്നത്.
തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ നേതൃത്വത്തിൽ എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായിട്ടുള്ള സർക്കാരും അവിടുത്തെ എസ്. ഐ. ആർ നടപടികൾക്ക് എതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. മൂർത്തമായ തലത്തിൽ കോടതിയിലേക്ക് പോലും നീങ്ങിക്കൊണ്ടു എസ്. ഐ. ആർ ചോദ്യം ചെയ്യുന്ന രീതിയാണ് അവിടെ അവലംബിച്ചിരിക്കുന്നത്. എങ്കിലും തൻ്റെ വീട്ടിൽ പോലും തൻറെ വോട്ടവകാശം പോലും സ്ഥാപിക്കാനുള്ള ഫോം പൂരിപ്പിക്കണം എന്ന് പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വന്നുവെന്ന് സ്റ്റാലിൻ തന്നെ ഈയിടെ മാധ്യമ പ്രവർത്തകരോട് പറയുകയുണ്ടായി. അങ്ങനെയൊക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ എസ്. ഐ. ആർ കളികൾ എങ്കിലും തമിഴ്നാട്ടിലെ രാഷ്ട്രീയ ചെറുത്തുനിൽപ്പ് കൂടുതൽ പ്രകടവും സംഘടിതവുമാണ് എന്ന കാര്യത്തിൽ സംശയമില്ല.
എന്നാൽ കേരളത്തിലെ സ്ഥിതിയും ചെറുത്തുനിനിൽപ്പും. അത്ര പ്രകടവും മൂർത്തവുമാണോ?
പൊതു സമൂഹത്തിൽ വലിയ സംശയങ്ങൾ ഉണ്ട്. കേരളവും എസ്. ഐ. ആറിനു എതിരെ കോടതിയിലെത്തുമെന്ന പ്രഖ്യാപനത്തോടെ. സർവകക്ഷി യോഗം ചേർന്നതിന് ശേഷവും ഈ സംശയങ്ങൾ നിലനിൽക്കുന്നു. സർക്കാറിൻ്റെ ചില അനുബന്ധ പരാമർശങ്ങളിൽ കാണാനാവുന്ന ഒരു താഴ്മ ആ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. “എസ്. ഐ. ആർ തിരക്കിട്ടിവിടെ ചെയ്യരുതു,തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്നതിനിടയിൽ പ്രായോഗികബുദ്ധിമുട്ടുകൾ ഉണ്ട്, ബി.എൽ.ഒമാരെ തികച്ചും സ്വതന്ത്രമായി ഇത്തരമൊരു ഉത്തരവാദിത്തത്തിൽ മാത്രം ഏർപ്പെടാൻ നിയോഗിക്ക വയ്യ “ എന്നിങ്ങനെയുള്ള വായ്ത്താരികളെ പറ്റിയാണ് പറയുന്നത്.
പി.എം. ശ്രീ വിവാദ കാലത്തും സമാനമായ സംശയങ്ങൾ വളർന്ന് പൊങ്ങിയിരുന്നു. അത്തരം സംശയങ്ങളെ ശുദ്ധവിശ്വാസികളായ ചില ഇടതുപക്ഷ അനുഭാവികൾ എതിരിട്ടത് അത്ഭുതപ്പെടുത്തുന്ന വിധം പരമലളിതമായ ചില ചോദ്യങ്ങളിലൂടെയാണ്. “ കേന്ദ്ര സർക്കാറിനെ തൽക്കാലമൊന്നു വിശ്വസിപ്പിച്ച്, സൂത്രത്തിൽ കിട്ടാനുള്ള പണമിങ്ങു വാങ്ങിയെടുക്കാനല്ലേ, പാഠ്യപദ്ധതിയെ ശുദ്ധീകരിച്ചു വെക്കാനുള്ള വഴിയൊക്കെ അവർക്കറിയാതിരിക്കുമോ? ഇടതുപക്ഷ പ്രവർത്തന ചരിത്രം നോക്കിയാൽ മനസ്സിലാവില്ലേ. അങ്ങനെ നീളുന്നു ഈ ശുദ്ധഗതി വിശ്വാസങ്ങൾ! ഏക സിവിൽ കോഡിനെ, പൗരത്വ ഭേദഗതി ബില്ലിനെ എത്ര ശക്തമായി നിയമസഭയിൽ പ്രമേയം പാസ്സാക്കി പ്രതിരോധിച്ചവരാണവർ! എൻ.ആർ.സി. എന്ന ഒഴിവാക്കൽ പൗരത്വ രജിസ്റ്ററിലേയ്ക്കുള്ള കുറുക്കു വഴികളിലൊക്കെ വാക്കുകൾ കൊണ്ടെങ്കിലും പ്രതിരോധം തീർക്കുന്നവർ ഇടതുപക്ഷ ബുദ്ധിജീവികൾ തന്നെയല്ലേ !

എന്നിട്ടിപ്പോഴോ ! എസ്. ഐ. ആർ എന്ന ഉടുപ്പിട്ട് ഇതാ ഭീമാകാരിയായി ഒഴിവാക്കൽ പ്രക്രിയ മലയാളിയുടെ വാതിൽക്കൽ.അല്ല, കട്ടിലപ്പടി കടന്നകത്ത്! തമിഴ്നാട് കോടതിയിലേയ്ക്ക്. പശ്ചിമബംഗാളിലാവട്ടെ വ്യാപകപ്രതിഷേധങ്ങൾ. എസ്. ഐ.ആർ നടത്താൻ തുനിഞ്ഞാൽ തന്നെ ബി.എൽ. ഒ മാർക്കൊപ്പം തൃണമൂൽ ഇൻവിജിലേറ്റർമാർകൂടി തീർച്ചയായുമുണ്ടാവും എന്നവർ. എങ്കിൽ കേരളത്തിൽ എന്തു കൊണ്ടത് സാധ്യമാവില്ല! ഗവർണർമാരുടെ ജനാധിപത്യവിരുദ്ധതകൾക്കെതിരെ തെരുവു പടക്കളമാക്കിയ യുവരക്തമെവിടെ? ഇനി, ഭരണപക്ഷത്തിൻ്റെ മാത്രമല്ലല്ലോ, നിയമപാലകരുടെ ചീറ്റിയൊഴിക്കുന്ന ജലപീരങ്കിയെ പ്രതിരോധിച്ചും ബാരിക്കേഡുകൾ തള്ളിയകറ്റിയും ഉശിരു കാണിക്കാറുള്ള പ്രതിപക്ഷ ശിങ്കങ്ങളോ? നിങ്ങളൊക്കെ എവിടെയാണ് മക്കളേ? എസ്.ഐ. ആർ രഥമുരുണ്ടു തുടങ്ങിയത് നിങ്ങളൊന്നുമറിഞ്ഞില്ലേ? സാമാന്യ ജനങ്ങളുടെ ഭീതിയോടൊപ്പം നിൽക്കാൻ നിങ്ങൾക്കുത്തരവാദിത്തമില്ലേ? രേഖകളൊപ്പിക്കാൻ മാത്രം അവബോധവും സാധ്യതകളും ഉള്ള മധ്യ- ഉപരിവർഗത്തിനപ്പുറം, ജീവിക്കാൻ വേണ്ടി നിത്യം പിടഞ്ഞു കൊണ്ടിരിക്കുന്ന ഒരു വലിയ വിഭാഗം അസംഘടിതരുണ്ട്. വരുമ്പോൾ വരുന്നതു പോലെ കാണാമെന്നു കരുതി, എന്തൊക്കെയോ സംഭവിക്കാനിരിക്കുന്നു എന്നു ഭയന്ന് കഴിയുന്ന വലിയൊരു വിഭാഗം മനുഷ്യർ! അവരെ സഹായിക്കാൻ നിങ്ങൾക്കൊന്നും ചെയ്യാനാവില്ലേ? നിങ്ങളുടെ യുവത്വത്തിൻ്റെ ക്രിയാശക്തി ഇവിടെയല്ലേ ഇപ്പോൾ ആവശ്യം? പാർട്ടി വോട്ടുകൾ ഉറപ്പാക്കുന്നതിനപ്പുറമുള്ള മാനവികബോധം വേണം ഈ പ്രതിസന്ധി ഘട്ടത്തിൽ.
ഇത് സാധാരണ ഇലക്ഷൻ നടപടികൾ അല്ലേ എന്ന് ഇലക്ഷൻ കമ്മീഷൻ സമാധാനത്തിൻ്റെ വെള്ളരിപ്രാവാവുന്നു. 18 വയസ്സു കഴിഞ്ഞ പുതിയ പൗരരെ പട്ടികയിൽ ചേർക്കണ്ടേ, മരിച്ചവരുടെ പേരുകൾ നീക്കിക്കളയേണ്ടേ?അത്രയേ ഉള്ളോ? അതെ, അത്രയേ ഉള്ളുവെന്ന് അവർ ഇറക്കിയ വീഡിയോയിലെ ആത്മവിശ്വാസം തുളുമ്പുന്ന, ദേശസ്നേഹം കവിയുന്ന സാധാരണ മനുഷ്യരുടെ പ്രഖ്യാപനങ്ങൾ ! ഞാനും ചെയ്യുന്നു, നിങ്ങളോ! കളക്ടറേറ്റിൽ നിന്ന് ‘പൗരപ്രമുഖ’ യെ തേടി വിളിയെത്തി – വീട്ടിലുണ്ടോ, എങ്കിൽ കളക്ടറേറ്റ് സ്റ്റാഫ് അവിടെയെത്തും. ഫോം ഫില്ലപ് ചെയ്തു തന്ന് സമൂഹത്തിനു മാതൃകയാവുക ! എന്തുകൊണ്ടു ഞാൻ എന്ന ചോദ്യമമർത്തി, പറഞ്ഞു – അത് എൻ്റെ പോളിസിയല്ലല്ലോ. പറഞ്ഞത് അയാൾക്ക് എളുപ്പം പിടി കിട്ടി. ശരി, എങ്കിൽ നിർബന്ധിക്കുന്നില്ല, ഞങ്ങൾ ഓർഡർ അനുസരിക്കുക മാത്രമാണ് മേഡം !ആരാണ് ഓർഡർ നൽകുന്നത്? ആരാണ് ബി.എൽ.ഒ.മാരെ ഇത്ര ശുഷ്കാന്തിയോടെ മറ്റു ഡ്യൂട്ടികളിൽ നിന്നൊഴിവാക്കി പ്രവർത്തനത്തിനിറക്കുന്നത്? സർക്കാരും തദ്ദേശ സ്വയം ഭരണവകുപ്പും അറിയാതെ അത് സംഭവിക്കുമോ? അപ്പോൾപ്പിന്നെ ഇന്ന് അതിനെതിരെ നീങ്ങാൻ സർവകക്ഷിയോഗം വിളിക്കുന്നതെങ്ങനെയാണ്? കേസിനു പോകുന്നു എന്നു പറയുന്നതെങ്ങനെയാണ്? ഓ!പി എം.ശ്രീയും അങ്ങനെത്തന്നെയല്ലേ കൈകാര്യം ചെയ്യപ്പെട്ടത്? ആദ്യം കരാറൊപ്പിട്ടു. പിന്നെ സബ് കമ്മിറ്റി കൂടി പ്രതിരോധപരിപാടികൾ!

സാമൂഹ്യബോധമുള്ള വില്ലേജ് സ്റ്റാഫുമാർ, തഹസിൽദാർമാർ വോയ്സ്മെസേജുകൾ പ്രചരിപ്പിക്കുന്നുണ്ട്. കാര്യത്തിൻ്റെ ഗൗരവം ഒട്ടും കുറക്കാതെ, ജനങ്ങളെടുക്കേണ്ട മുൻകരുതലുകളെപ്പറ്റി, ഫോം പൂരിപ്പിക്കുന്നതിനെപ്പറ്റി,രേഖകൾ ആർക്കൊക്കെ, ഏതൊക്കെ വേണ്ടി വരുമെന്നതിനെപ്പറ്റി. പക്ഷേ അതിനൊക്കെ ഒരു പരിധിയില്ലേ? വലിയ ഉത്തരവാദിത്തത്തോടെ സർക്കാർ തലത്തിൽ ചെയ്യേണ്ടതല്ലേ അവയൊക്കെ?
ബാംഗ്ലൂരിൽ നിന്ന് അനുജത്തി വിളിച്ച് ഫ്ലാറ്റിൽ നിത്യജോലിക്കുവരുന്ന പശ്ചിമ ബംഗാൾ സ്വദേശിനിയുടെ സങ്കടങ്ങൾ പറഞ്ഞു. ബംഗാളിൽ അവസ്ഥ കൂടുതൽ ഭീതിദമാണ്. രേഖകൾ ഒപ്പിക്കാനാവാത്ത പാവപ്പെട്ട മുസ്ലിങ്ങളെല്ലാം ബംഗ്ലാദേശികളാവുന്നു. അവരുടെ മുസ്ലിം കോളനി കുറച്ചു നേരത്തേ തന്നെ ഒഴിപ്പിക്കൽ ഭീഷണിയിലാണ്. വികസനക്കണ്ണുകൾ അവരെയൊക്കെ നേരത്തേ ബംഗ്ളാദേശികളാക്കിക്കഴിഞ്ഞു. എസ്. ഐ. ആർ കഴിയുന്നതോടെ അവർക്കിനി നിൽക്കക്കള്ളിയില്ലാതാവും. 2002ലെ പട്ടികയിൽ പേരുവരാൻ മാത്രം അന്ന് പ്രായമാവാത്ത ആ പാവം സ്ത്രീ, മാം -ബാപ്പിൻ്റെ ജനന സർട്ടിഫിക്കറ്റ് കൊണ്ടുവരൂ എന്നു കേട്ട് അന്തിച്ചു നിന്നു പോവുന്നു. അവരിനി എവിടത്തുകാരാവും? ഇന്ത്യനുമല്ല, ബംഗ്ലാദേശിയുമല്ല, അവർ ജനിച്ചു ജീവിച്ചിരിക്കുന്നു എന്നത് ഒന്നിനും സാധൂകരണവുമല്ല. വരയ്ക്കപ്പുറമോ ഇപ്പുറമോ നീ? രേഖയെവിടെ? ഇല്ലേ? എങ്കിൽ നീ ജീവിച്ചിരിക്കുന്നില്ല. നിൻ്റെ മക്കളും!
2002 ൽ 18 തികയാത്ത, അന്നത്തെ പട്ടികയിൽ പേരില്ലാത്ത എൻ്റെ മകൻ്റെ രേഖകൾ റെഡിയാക്കുന്ന തിരക്കിനിടയിൽ അടുക്കളയിൽ നിശ്ശബ്ദം പണിയുന്നവളിലേക്ക് ശ്രദ്ധ തിരിഞ്ഞു. കുറ്റബോധമുണ്ടായത് അപ്പോഴാണ്. പട്ടിക പുതുക്കുന്നതിനെപ്പറ്റിയൊക്കെ കേട്ടിരുന്നില്ലേ? അവൾ എന്തൊക്കെയോ കേട്ടിരിക്കുന്നു. 2002 ൽ അവളുടെ പേരുണ്ടാവാനിടയില്ല. വയസ്സ് 39 എന്നവൾ. ആധാറിലെ ജനനവർഷം അതിനെ സാധൂകരിക്കുന്നുമില്ല. അതൊക്കെ പണ്ടൊരു ഊഹത്തിനു കൊടുത്തതല്ലേ ! ഏതായാലും 2002 ൽ വോട്ടു ചെയ്തിട്ടില്ലാത്തതിനാൽ ഉപ്പയുടെയും ഉമ്മയുടെയും സ്ഥിതിയറിയണം. ഉമ്മ അന്ന് ഗൾഫിൽ ഏതോ അറബിയുടെ അടുക്കളയിൽ പണിയുകയായിരുന്നു എന്നവൾ.. അന്നത്തെ പാസ്പോർട്ട് ഉണ്ടോ? ഉണ്ടാവണം. പക്ഷേ,തിരയണം. ഉപ്പയോ?ഉപ്പ നാട്ടിലുണ്ടായിരുന്ന ആളാണ്. 2002 ലിസ്റ്റിൽ ഉണ്ടായിരിക്കാം. തിരഞ്ഞിരുന്നോ? ഏയ്, ഇല്ലെങ്കിൽ പ്രശ്നമുണ്ടാവുമോ?എന്തു പ്രശ്നമാണുണ്ടാവുക?
കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു, ഡിറ്റെയിൽസ് കൊണ്ടുവന്നാലുടനെ മകനെ ക്കൊണ്ട് ചെക്ക് ചെയ്യിപ്പിക്കാം എന്നു പറഞ്ഞു സമാധാനിപ്പിച്ചു. ഇങ്ങനെ എത്ര പേരുണ്ടാവും! ആരും പറഞ്ഞു കൊടുക്കാനോ സഹായിക്കാനോ ഇല്ലെങ്കിൽ ലിസ്റ്റ് പുറത്തുവരുമ്പോൾ ഇന്ത്യൻ പൗരരല്ലാതെയായിപ്പോവുന്ന എത്രയെത്രപേർ !അന്യൻ്റെ അടുക്കളയിൽ പണിത് അരിഷ്ടിച്ചു പണമുണ്ടാക്കി, ലൈഫ് പദ്ധതിയിലും മറ്റുമായി ഒരു കൂരയ്ക്കു വേണ്ടി പിടയുന്നവർ. അവസാനം കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടവും മണ്ണും നഷ്ടപ്പെടാവുന്ന നിലയിലേയ്ക്കെത്തില്ലേ അവർ ! മൂന്നു മൂന്നര മാസത്തിനുള്ളിൽ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ അവർ സ്വയം കണ്ടെത്തിയേ മതിയാവൂ എന്നത് എന്തൊരു ക്രൂരതയാണ് ! മാനവമൈത്രീസംഗമങ്ങൾക്ക് കോടികൾ ഒഴുക്കുന്ന നേരം ഇവയൊക്കെ ഏറ്റെടുക്കുകയല്ലേ ഒരു ജനാധിപത്യസർക്കാർ ചെയ്യേണ്ടത് !

ഭരണപ്രതിപക്ഷ യുവജനതയും സാമൂഹ്യ-സാംസ്കാരിക സന്നദ്ധസംഘടനകളും ഒക്കെ അടിയന്തിരമായി ഏറ്റെടുത്തില്ലെങ്കിൽ കേരളത്തിലും ഒരു വലിയ മാനവിക ദുരന്തം സംഭവിക്കും. ചുറ്റും നിസ്സഹായരും അവഗണി തരും പലായനം ചെയ്യേണ്ടി വരുന്നവരും നിറയുമ്പോഴും നിങ്ങൾക്ക് സമാധാനത്തോടെ ഈ രാജ്യത്ത് ജീവിക്കാനാവുമെന്നാണോ? തെരഞ്ഞെടുപ്പിൽ സംഭവിക്കാവുന്ന കൃത്രിമത്വങ്ങളുടെ ഭീഷണിയുമുണ്ട് മറുവശത്ത് ! ജനാധിപത്യത്തെ കശാപ്പുചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങൾക്കുള്ള സാധ്യതകൾ. കൃത്രിമമായി വോട്ടുകൾ കൂട്ടിച്ചേർക്കുന്നതിലോ, പേരുകൾ ഇല്ലാതാക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ സാധ്യത ഈ എസ്.ഐ. ആർ പ്രക്രിയയിലില്ല. അത്തരം ധാർമ്മികതകളൊന്നും പ്രതീക്ഷിക്കയും വേണ്ട. എൻ.കെ. ശേഷനെപ്പോലുള്ള മുൻഗാമികൾ കർശനമായി പുലർത്തിയ നിയമപരവും ആദർശശുദ്ധിപരവുമായ സമീപനങ്ങൾ ഇന്ന് വെറും ഇന്ത്യൻ പഴങ്കഥകൾ ആയി മാറിക്കഴിഞ്ഞുവല്ലോ!
ശുഭകരമായ ഒരു മുന്നേറ്റത്തെപ്പറ്റി കൂടി കേട്ടു.No Sir! ഭാവനാ സമ്പന്നമായ പേര്!INDIA സഖ്യമെന്ന ഏറ്റവും ഭാവനാസമ്പന്നമായ പേര് പ്രതിപക്ഷ ഐകൃമുന്നണിക്കിട്ടവർക്കുമാത്രമേ ഇതിനും കഴിയൂ. പേരുകളുടെ ആന്തരിക ഔന്ന തൃത്തെ ഉൾക്കൊള്ളാൻ മാത്രം നമ്മൾ വളരുന്നില്ല എന്നത് മറ്റൊരു ദുരന്തം. എങ്കിലും,ഭാരത് ജോഡോ അഭിയാൻ (Bharat Jodo Abhiyan) ൻ്റെ ഈ മുന്നേറ്റത്തെ പ്രതീക്ഷയോടെ തന്നെ കാണുന്നു. താൽപ്പര്യമുള്ള വ്യക്തികൾക്ക്, സാംസ്കാരിക -രാഷ്ട്രീയ സംഘടനകളിലെ അംഗങ്ങൾക്ക് എസ്.ഐ.ആർ. പ്രൊസീജ്യ റുകൾ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ഇടപെടാനുമുള്ള ട്രെയിനിംഗ് അവർ കൊടുക്കും. ഇതിനേക്കാൾ ഉയർന്ന ദേശസ്നേഹ പ്രകടനം വേറെയുണ്ടോ? ഇല്ല, പ്രതീക്ഷ പൂർണമായും അറ്റിട്ടില്ല.
ഒരു കൈ കൂടി ബാക്കിയുണ്ട് സർ!
ഈ പംക്തിയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.




Well written…. 🌹