അശ്വതി ശ്രീകാന്ത്: എഴുത്തിന്റെ ‘കാളി’യായി മാറുമ്പോൾ
അശ്വതി ശ്രീകാന്ത് – ഒരു അഭിനേത്രി, ടെലിവിഷൻ അവതാരക, അഭിമുഖങ്ങളിൽ കാണുന്ന ചിരിച്ച മുഖം. ഒരു വാക്യത്തിൽ ഒതുക്കാൻ കഴിയുന്നതല്ല അശ്വതിയുടെ വ്യക്തിത്വം. എന്നാൽ ‘കാളി’ എന്ന അവരുടെ ആദ്യ ചെറുകഥാസമാഹാരം വായിച്ചുകഴിഞ്ഞാൽ, അശ്വതിയെ ഏറ്റവും നന്നായി നിർവചിക്കുന്ന ഒരു വാക്ക് നമ്മുടെ മനസ്സിലേക്ക് കടന്നുവരും: എഴുത്തുകാരി. തീക്ഷ്ണമായ പ്രമേയങ്ങളെ അതീവ ഗൗരവത്തോടെ സമീപിക്കുന്ന ഒരു എഴുത്തുകാരി.
2024 ജനുവരിയിൽ പുറത്തിറങ്ങിയ ‘കാളി’ കേവലം ഒരു പുസ്തകമല്ല. അത് മലയാള സാഹിത്യത്തിൽ ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ആദ്യ പതിപ്പുകൾ വിറ്റുതീർന്ന് 13-ാം പതിപ്പിലേക്ക് എത്തിയപ്പോഴേക്കും വി.ആർ. രാഗേഷിന്റെ അതിമനോഹരമായ കവർ ഇല്ലസ്‌ട്രേഷനുകൾ കൂടി ചേർത്ത്, ഓരോ കഥയും കൂടുതൽ ആഴത്തിൽ വായനക്കാരിലേക്ക് എത്തിക്കുന്നു.
‘കാളി’യിലെ ഒൻപത് കഥകളും സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെയാണ് അനാവരണം ചെയ്യുന്നത്. സമകാലിക സമൂഹത്തിൽ ശക്തമായ സ്ത്രീസാന്നിധ്യം സാഹിത്യത്തിലും പ്രകടമാവുന്നുണ്ട്. പരമ്പരാഗത ആഖ്യാനങ്ങൾക്കപ്പുറം, സ്ത്രീകൾ സ്വന്തം അനുഭവങ്ങൾ, വികാരങ്ങൾ, സാമൂഹിക അസ്തിത്വം, ലിംഗനീതി തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിക്കുമ്പോൾ അതിനെ “സ്ത്രീപക്ഷ എഴുത്ത്” എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഈ എഴുത്തുകൾ ഒരു ലിംഗഭേദത്തിൽ ഒതുങ്ങുന്നതല്ല, മറിച്ച് മാനുഷികമായ അവസ്ഥകളെ സമഗ്രമായി ഉൾക്കൊള്ളുന്നതും, എല്ലാ ലിംഗങ്ങൾക്കും വേണ്ടിയുള്ള തുല്യതയെ ലക്ഷ്യം വെക്കുന്നതുമാണ്. ഈയൊരു ഉൾക്കാഴ്ച കൊണ്ടുതന്നെയാവാം അശ്വതി തന്റെ ഈ കൃതി ഭൂമിയിലെ എല്ലാ സ്ത്രീകൾക്കും, അവരെ സ്നേഹിക്കുന്നവർക്കുമായി സമർപ്പിച്ചത്.

കഥാസമാഹാരത്തിലെ ഒൻപത് കഥകളും അതിമനോഹരമാണെങ്കിലും, ചില കഥകൾ നൽകുന്ന തീവ്രമായ അനുഭവം വായനക്കാരെ കൂടുതൽ ചിന്തിപ്പിക്കും. “ചിത്തിര,” “കള്ളി,” “മൾബറി,” “ചന്ദ്ര” തുടങ്ങിയ കഥകൾക്കപ്പുറം, “കൊക്കൂൺ മുതൽ ആകാശം വരെ,” “പൊരുത്തം,” “കാളി,” “ഓൺ എയർ,” “കാടിറങ്ങുമ്പോൾ” എന്നീ കഥകൾ മുന്നോട്ടുവെക്കുന്ന വിഷയങ്ങൾ കൂടുതൽ ഗൗരവമേറിയതാണ്.
കൊക്കൂൺ മുതൽ ആകാശം വരെ
ആനിയമ്മ എന്ന വീട്ടമ്മയുടെ കഥയാണിത്. ഭർത്താവിനും മക്കൾക്കും വേണ്ടി സ്വന്തം ആഗ്രഹങ്ങൾ വേണ്ടെന്നുവെച്ച ആനിയമ്മ നമ്മുടെയെല്ലാം ചുറ്റുമുള്ള ഒരുപാട് സ്ത്രീകളുടെ പ്രതിനിധിയാണ്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കാവുമ്പോഴാണ് ആനിയമ്മ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം തിരിച്ചറിയുന്നത്. ജേക്കബ്സ് വില്ല ആനി വില്ലയായി മാറിയത് ആ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. 55-ാം വയസ്സിൽ ഒരു യാത്ര പോകാൻ തീരുമാനിക്കുമ്പോൾ, വേളാങ്കണ്ണിയിലേക്ക് മാത്രമായിരിക്കും എന്ന മക്കളുടെ മുൻവിധികളെ ഷിംല-മണാലി ടൂർ പാക്കേജിന്റെ ബ്രോഷർ അയച്ചുകൊണ്ട് ആനിയമ്മ തച്ചുടയ്ക്കുന്നു. ഭർത്താവ് ഇല്ലാത്ത സ്ത്രീകൾക്ക് പരിമിതികൾ കൽപിക്കുന്ന സമൂഹത്തോട്, തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ള അവകാശം ഉറക്കെ പ്രഖ്യാപിക്കുകയാണ് ആനിയമ്മ.
പൊരുത്തം
വിവാഹബന്ധങ്ങളിലെ മനപ്പൊരുത്തമില്ലായ്മയെക്കുറിച്ച് ആഴത്തിൽ സംസാരിക്കുന്ന കഥയാണ് ‘പൊരുത്തം’. ജാതകപ്പൊരുത്തം നൂറുശതമാനമുണ്ടായിട്ടും, മനപ്പൊരുത്തമില്ലാത്ത സുനിയുടെയും രശ്മിയുടെയും ജീവിതം നമ്മുടെ സമൂഹത്തിലെ പലരുടെയും പ്രതിഫലനമാണ്. വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം എന്നതിലുപരി രണ്ട് കുടുംബങ്ങളുടെയും ഗോത്രങ്ങളുടെയും കൂട്ടിച്ചേരലാണെന്ന ചിന്താഗതി പലപ്പോഴും വ്യക്തികളുടെ സന്തോഷം ഇല്ലാതാക്കുന്നു. രശ്മിയെപ്പോലെ സ്വയം നഷ്ടപ്പെട്ട നിരവധിപേരുടെ ഹൃദയമിടിപ്പുകൾ ഈ കഥയിലൂടെ അശ്വതി ശ്രീകാന്ത് കേൾപ്പിക്കുന്നു.
കാളി
“സാവിത്രിയെ തല്ലും, അടിനാഭി നോക്കി ചവിട്ടും, പുര മുഴുവൻ തെറികൊണ്ട് പുളിക്കും.” – കഥയിലെ ഈ വരികൾ കേരളത്തിലെ പല വീടുകളിലെയും ദുരിതക്കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കുന്നു. മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിച്ചു കഴിയേണ്ടിവരുന്ന സാവിത്രിമാർ നമ്മുടെ സമൂഹത്തിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്. നീണ്ടകാലത്തെ മർദനങ്ങൾക്ക് ശേഷം ഒരിക്കൽ സാവിത്രി ഉഗ്രരൂപിണിയായ കാളിയായി മാറുന്നു. പക്ഷെ സമൂഹം ആ മാറ്റത്തെ അംഗീകരിക്കുന്നില്ല. ദേഷ്യപ്പെടുന്ന ഒരു സ്ത്രീയെ സമൂഹം എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത് എന്ന് ഈ കഥ തുറന്നുകാട്ടുന്നു. ‘ഭൂമിയോളം ക്ഷമിക്കേണ്ടവളാണ് സ്ത്രീ’ എന്ന സങ്കൽപത്തിൽനിന്ന് മാറുമ്പോൾ, അവൾക്ക് കാളിയുടെ ബാധ കയറിയതാണെന്ന് സമൂഹം മുദ്ര കുത്തുന്നു. സാവിത്രിമാരെ ചവിട്ടിമെതിച്ച അതേ സമൂഹം, അതേ സ്ത്രീരൂപങ്ങളെ ദേവിയായി ആരാധിക്കുന്ന കാപട്യം ‘കാളി’ എന്ന കഥ തുറന്നുകാട്ടുന്നു.
ഓൺ എയർ
‘കാളി’യിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥകളിലൊന്നാണ് ‘ഓൺ എയർ’. ആർ.ജെ. താരയെ പിന്തുടരുന്ന ശേഖർ എന്ന പുതിയ കാലത്തെ stalker-ൻ്റെ കഥയാണിത്. സൗഹൃദത്തിൻ്റെയും പ്രണയത്തിൻ്റെയും പേരിൽ ആളുകൾ തങ്ങളെ പിന്തുടരുന്നതിനെ സമൂഹം ആഘോഷിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. പഴയകാലത്ത് പൂമുഖവാതിൽക്കൽ കാത്തുനിന്ന കാമുകൻമാരുടെ പുതിയ രൂപമാണ് സോഷ്യൽ മീഡിയയിൽ ഒളിച്ചിരിക്കുന്ന ഈ stalker-മാർ. ശേഖറിന്റെ പ്രശംസകളിൽ വീണുപോയ താര, ഒടുവിൽ അയാളുടെ കിടപ്പറയിലേക്ക് എത്തുന്നു. എന്നാൽ അവിടെ വെച്ച് അവൾ തൻ്റെ ജീവിതവും കരിയറും ഹോമിച്ച്, ശേഖറിന്റെ വീട്ടമ്മയായി ഒതുങ്ങേണ്ടിവരുന്നു. ഒരു പുരുഷന്റെ കിടപ്പുമുറിയിൽ ഒതുങ്ങിപ്പോകുന്ന ഒരുപറ്റം സ്ത്രീകളുടെ നിസ്സഹായാവസ്ഥ ഈ കഥ തുറന്നു കാണിക്കുന്നു.
കാടിറങ്ങുമ്പോൾ
ഈ കഥ സ്ത്രീശരീരത്തിന്റെ സ്വാഭാവികമായ അവസ്ഥകളെയും, അതോടൊപ്പം സ്ത്രീകൾ നേരിടുന്ന മാനസികവും സാമൂഹികവുമായ സംഘർഷങ്ങളെയും ഉയർത്തിക്കാട്ടുന്നു. യാത്ര ചെയ്യാൻ കൊതിക്കുന്ന വീണയുടെ ജീവിതം, ആർത്തവസമയങ്ങളിൽ അവൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പരിമിതപ്പെടുകയാണ്. പുരുഷൻമാർക്ക് ഒരുപോലെ പെരുമാറാൻ കഴിയുമ്പോൾ, വീണയ്ക്ക് അവളുടെ ശരീരം കാരണം ചില യാത്രകൾ ഉപേക്ഷിക്കേണ്ടി വരുന്നു. ഭർത്താവിനോടൊപ്പം ട്രിപ്പിന് പോകുമ്പോൾ പോലും, തനിക്കിന്ന് പീരീഡ്‌സ് ആകുമോ എന്ന ചിന്ത അവളുടെ ആസ്വാദനത്തെ ഇല്ലാതാക്കുന്നു. സ്ത്രീയുടെ ശാരീരിക ബുദ്ധിമുട്ടുകളോട് സമൂഹം എങ്ങനെ പ്രതികരിക്കണമെന്ന ചോദ്യം ഈ കഥ ആഴത്തിൽ സ്പർശിക്കുന്നു.

അശ്വതി ശ്രീകാന്തിന്റെ എഴുത്ത് വെറും കഥകളല്ല, മറിച്ച് നമ്മുടെ സമൂഹത്തിന്റെ നേർക്കാഴ്ചകളാണ്. ഓരോ വായനക്കാരനെയും ആഴത്തിൽ ചിന്തിപ്പിക്കാൻ കഴിവുള്ളവയാണ് ഈ കഥകൾ. അതുകൊണ്ടുതന്നെ അശ്വതിയെ ഒരു അവതാരക എന്നതിലുപരി ഒരു എഴുത്തുകാരിയായി കാണാൻ ‘കാളി’ നമ്മെ പ്രേരിപ്പിക്കുന്നു.





