A Unique Multilingual Media Platform

Articles Book Review Kerala Literature

വായനകളിൽ പലതാകുന്ന പട്ടുനൂൽപ്പുഴു

വായനകളിൽ പലതാകുന്ന പട്ടുനൂൽപ്പുഴു

1.

എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു എന്ന നോവല്‍ കുറച്ചു മുമ്പ് തന്നെ നിരന്തരമായി വായിക്കാന്‍ തുടങ്ങി.

ഒന്നാമധ്യായം രണ്ടാം പേജില്‍- ഡിസി ബുക്‌സ് നാലാം പതിപ്പില്‍ 14-ാം പേജ്- ഇപ്രകാരമുണ്ട്. ആ വീടിനകം മുഴുക്കെ, പകലും രാത്രിയും കൂടുതല്‍ സമയവും ഇരുട്ടായിരുന്നു. അവന്‍ കിടക്കുന്നിടത്ത് എപ്പോഴുമങ്ങനെത്തന്നെയാണ്. മുറികളിലെ ജനലുകള്‍ മിക്കവാറും സമയം അടഞ്ഞുതന്നെ കിടന്നു.

സാംസയുടെ വീട്ടിനകം എപ്പോഴും -പകലും രാത്രിയും- ഇരുട്ടാണ്. കേരളത്തിലെ ദരിദ്രരുടെയും സമ്പന്നരുടെയും പഴയ കാല വീടുകള്‍ ഇതുപോലെയാണെന്നാണ് എനിയ്ക്കു തോന്നുന്നത്. പിന്നീട് വലിയ ജനാലകളും വലിയ പ്രകാശ സംവിധാനങ്ങളും വന്നപ്പോള്‍ പല വീടുകള്‍ക്കകത്തും വെളിച്ചം ഇപ്പോള്‍ കൂടുതല്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ, അതിന്റെ ആവശ്യമുണ്ടോ എന്നും അതാണോ വീടിനകത്തുള്ള ജീവിതത്തിന് സുഗമം എന്നും എനിക്കറിയില്ല.

ഇതാലോചിച്ചപ്പോഴാണ് എനിയ്ക്ക് വെളിച്ചത്തെക്കുറിച്ച്, ഇരുട്ടിനെക്കുറിച്ചും പെട്ടെന്ന് ഓര്‍മ്മകളൊന്നും തിരികെ പിടിക്കാനാവുന്നില്ല എന്നു മനസ്സിലായത്.

ഞാന്‍ പലതരം വീടുകളില്‍ താമസിച്ചിട്ടുണ്ട്. പെരുവയലില്‍ മരമച്ചൊന്നുമില്ലാതെ ഓടു മേഞ്ഞ, നീട്ടിയ പീടികമുറി പോലുള്ള ഒരു വീടായിരുന്നു. പിന്നീട് അച്ഛന്‍ ആ വീട് വിറ്റപ്പോള്‍ ചേവായൂര്‍ (ചന്തപ്പറമ്പ് എന്ന സ്റ്റോപ്പിന്റെ പേരില്ലാതായിരിക്കുന്നു) നിന്ന് ചേവരമ്പലം റോഡില്‍ കുഷ്ഠരോഗാശുപത്രി കടന്ന് കാനങ്ങോട്ട് ബംഗ്ലാവിന്റെ പടിഞ്ഞാറു വശത്തുള്ള ഇടവഴിയിലൂടെ നടന്നു മാത്രമെത്താവുന്ന വാടക വീട്ടിലായി താമസം. പിന്നെ ജോലി കിട്ടി വയനാട്ടിലെ മൈലാടിയില്‍ ഒരു നാട്ടുഹോട്ടലിന്റെ മുകളിലെ ഒറ്റമുറിയില്‍, അതും കഴിഞ്ഞ് മനിശ്ശീരിയിലെ വാടകവീട്ടില്‍, അതിന്റെ മേല്‍ടെറസ് വീണപ്പോള്‍ വാണിയങ്കുളം കാലിച്ചന്തയുടെ തൊട്ടടുത്ത് കോതകുറുശ്ശി റോഡില്‍ ഓടിട്ടതും മരത്തിന്റെ തട്ടിന്‍പുറം അതിനകത്തുള്ളതുമായ വാടകവീട്ടില്‍. ഓ. ഇപ്പോള്‍ ഇരുട്ടോര്‍മ്മ വന്നു. അവിടെ വീടിനകം ആകെ പൊക്കം കുറവായിരുന്നു. കനം കൂടിയ വാതിലുകള്‍, മരജനാലകള്‍. എപ്പോഴും ഇരുട്ട് തന്നെ.

സത്യത്തില്‍ വീടിനകത്ത് ഇരുട്ടാണോ വെളിച്ചമാണോ ആവശ്യമായി വേണ്ടത് എന്ന കാര്യം ഇതോടെ ഒട്ടും തീരുമാനിക്കാന്‍ പറ്റാതായി. വലിയ ജനാലകള്‍ വെച്ച്, പുറത്തുള്ള പ്രകാശം മുഴുവന്‍ അകത്തെത്തിച്ചാല്‍ പകലത്തെ വൈദ്യുതിച്ചാര്‍ജ് കുറയ്ക്കാം എന്ന് ചെലവു ചുരുക്കലിലൂടെ ജീവിത വിജയം നേടാം എന്ന ഉപദേശകര്‍. അപ്പോഴാണ്, പീക്ക് ടൈമില്‍ കറന്റ് ചാര്‍ജ് തനിയെ കൂടുന്ന തരം മീറ്ററുകള്‍ എന്റെ വീട്ടില്‍ സ്ഥാപിക്കപ്പെട്ടത്. പിന്നെയെന്തിനാണ് പകലത്തെ പുറം പ്രകാശം?

ഇരുട്ട് എന്നത് പേടിയുടെ പര്യായമായിരിക്കാം. അത് സ്വകാര്യതയുമാണ്. വീട്ടില്‍ സ്വകാര്യതയുമുണ്ടാകുന്നത് നല്ലതാണ്. അതിന് ഇരുട്ടാണ് നല്ലത്.

ചുരുക്കത്തില്‍, നമ്മുടെ ഓര്‍മ്മകളെയും ധാരണകളെയും അനിശ്ചിതാവസ്ഥയിലെത്തിക്കുന്ന കാര്യങ്ങളാണ് എനിയ്ക്ക് പട്ടുനൂല്‍പ്പുഴുവിന്റെ വായനയില്‍ നിന്ന് ലഭിക്കുന്നത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, നമ്മളാര്‍ജ്ജിച്ച അറിവുകളും ഓര്‍മ്മകളും ചിലപ്പോള്‍ കീഴ്‌മേല്‍മറിച്ചും ചിലപ്പോള്‍ ശരിവെച്ചും ചിലപ്പോള്‍ അവ്യക്തമാക്കിയും എല്ലാം വായനക്കാരന്റെ ഉള്ളകങ്ങളിലേയ്ക്ക് അലയാനും എവിടെയുമെത്തിച്ചേരാതിരിക്കാനും പ്രേരിപ്പിക്കുന്ന ഭാഷാമാന്ത്രികതയാണ് പട്ടുനൂല്‍പ്പുഴു.

 

2.

എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു തുടങ്ങുന്നതിങ്ങനെയാണ്: ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ പതിവില്ലാത്ത മട്ടില്‍ പുലര്‍ച്ചെയുള്ള സ്വപ്‌നം താന്‍ മാത്രമല്ല, മറ്റൊരാള്‍ കൂടി കണ്ടു കൊണ്ടിരുന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു.

സാംസയുടെ സ്വഭാവവും അവസ്ഥയും മനസ്സിലാക്കാന്‍ ഈ പ്രാരംഭം തീര്‍ത്തും അനുയോജ്യമായി. സ്വന്തമായി ഒന്നുമില്ലാത്തവര്‍ക്കു പോലും സ്വപ്‌നം കാണാനുള്ള അവകാശവും സ്വാതന്ത്ര്യവും അവസരവും ഉണ്ടാവും എന്നാണ് ഞാന്‍ ഇതുവരെയും വിചാരിച്ചിരുന്നത്. എന്നാല്‍ അതു പോലും തട്ടിപ്പറിക്കപ്പെട്ടിരിക്കുകയാണിവിടെ. സ്വന്തമായി കണ്ടുകൊണ്ടിരുന്ന സ്വപ്‌നത്തിനിടയിലോ അവസാനമോ മനസ്സിലാവുകയാണ്, തന്നോടൊപ്പം മറ്റൊരാള്‍ കൂടി ഇതു കാണുന്നുണ്ടെന്ന്. എന്തൊരസ്വസ്ഥകരമായ അനുഭവമാണത്.

മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഇതില്‍ അസ്വാഭാവികതയില്ല. കാരണം, സാംസ എന്ന കഥാപാത്രം കാണുന്ന സ്വപ്‌നം നോവലിസ്റ്റായ എസ് ഹരീഷ് കൂടി കണ്ടാലല്ലേ അതു വിവരിക്കാന്‍ പറ്റുകയുള്ളൂ. അപ്പോള്‍ ഈ മറ്റൊരാള്‍ എന്നു പറയുന്നത് നോവലിസ്റ്റ് ആവാനും സാധ്യതയുണ്ട്. അതും കഥാപാത്രം അനുഭവിക്കുന്ന അവസ്ഥയുടെ ഒരു വിശദീകരണമാണ്. കാരണം, അയാളുടെ ഏകാന്ത ജീവിതം പോലും നോവലിസ്റ്റ് ഒരു ഒളിക്യാമറയിലൂടെയെന്നതു പോലെ നോക്കിക്കണ്ടുകൊണ്ടേ ഇരിക്കുകയാണ്. ഒളിക്യാമറയുമായി പുറത്തെവിടെയുമല്ല, കഥാപാത്രത്തിന്റെ അബോധത്തിലാണ് നോവലിസ്റ്റ് ഒളിച്ചു പാര്‍ക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. സ്വബോധത്തിലയാള്‍ അറിയുന്നില്ല, തനിക്കുള്ളില്‍ ഒരാള്‍ ഇപ്രകാരം ഒളിച്ചിരുന്ന് തന്റെ കഥ മനസ്സിലാക്കിയും അനുഭവിച്ചും പകര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന്. അതുകൊണ്ടാണ് നോവലിസ്റ്റിന്റെ ഒളിച്ചുപാര്‍ക്കല്‍ ഏതോ ദുര്‍ബല നിമിഷത്തില്‍ പാളിപ്പോയപ്പോള്‍ കഥാപാത്രം അയാളുടെ അബോധത്തില്‍ അത് തിരിച്ചറിയുന്നത്.

പിന്നീട്, സാംസയുടെ അപരവ്യക്തിത്വം കഥയില്‍ വികസിച്ചു വരുന്നുണ്ട്. അപ്പോള്‍, ഈ സ്വപ്‌നം പങ്കിടുന്നത് അവളായിരിക്കാനും വഴിയുണ്ട്. എന്നാല്‍, നോവലിന്റെ ആരംഭത്തില്‍ ആദ്യ വായനയില്‍ അത് നോവലിസ്റ്റ് തന്നെയായിരിക്കണം. പിന്നീട് കഥാപാത്രത്തിനാല്‍ താന്‍ പിടിയ്ക്കപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയുന്ന അവസ്ഥയില്‍ തന്റെ രക്ഷയ്ക്കായിട്ടായിരിക്കണം ഒരു അപരവ്യക്തിത്വത്തെ സൃഷ്ടിച്ച് അവളിലേയ്ക്ക് ഈ സ്വപ്‌നം പങ്കിടലിന്റെ കര്‍തൃത്വത്തെ നോവലിസ്റ്റ് വഴി തിരിച്ചു വിടുന്നത്.

രേഖീയമായ വായനയില്‍ അവസാനിപ്പിക്കാനാവാതെ പുറകോട്ട് വായിച്ചും അതിനുള്ളില്‍ കിടന്നു കറങ്ങിയും വായനക്കാരനെ ചുറ്റിവരിയുന്ന ഒരു വള്ളി കൂടിയാണ് പട്ടുനൂല്‍പ്പുഴു.

 

3.

യഥാര്‍ത്ഥത്തില്‍ സാംസയുടെ സ്വപ്‌നം പങ്കിട്ടു കാണുന്ന ആള്‍ നോവലിസ്‌റ്റോ പിന്നീട് പ്രത്യക്ഷപ്പെടാനിരിക്കുന്ന അപരവ്യക്തിത്വമോ (മാത്രം) അല്ല. അത് വായനക്കാരിലാരൊക്കെയോ ആകാനും സാധ്യതയുണ്ടെന്ന് ഒന്നാമദ്ധ്യായത്തിന്റെ ഒന്നാം പേജില്‍ തന്നെ എനിക്ക് മനസ്സിലായി.

നടുവില്‍ കുഴിവുള്ള, തൊട്ടില്‍ പോലെ സങ്കല്പിക്കാവുന്ന കട്ടിലിലാണല്ലോ സാംസ കിടന്നുറങ്ങുന്നത്. കിടക്കയുടെ താഴെ കയറിന്റെ കെട്ടുകള്‍ മുറിഞ്ഞ് സാമാന്യം വലിയൊരു തുളയുണ്ടായിട്ടുണ്ട്. ചില രാത്രികളിലെ സ്വപ്‌നങ്ങളില്‍ അവന്റെ പാദം അതിലേ കടന്ന് കുടുങ്ങിപ്പോകാറുണ്ട്.

ഇത് ഞാന്‍ കണ്ട സ്വപ്‌നമല്ല. ഞാന്‍ കുട്ടിക്കാലത്ത് കാണാറുള്ള ഒരു പേടിസ്വപ്‌നം, അനന്തമായതും അഗാധവുമായ കുഴിയിലേയ്ക്ക് അല്ലെങ്കില്‍ കൊക്കയിലേയ്ക്ക് വീണ് വീണ് താണു താണു പോകുന്നതായിരുന്നു. നമ്മെ നിരാശയുടെയും അനിശ്ചിതത്വത്തിന്റെയും വിനാശത്തിന്റെയും പടുകുഴിയിലേയ്ക്ക് വേഗത്തില്‍ എത്തിക്കുന്ന ഒരു ദു:സ്വപ്‌നമാണിത്.

ഇതിനോട് സമാനമായ ദു:സ്വപ്‌നമാണ് സാംസ കാണുന്നത്. അപ്പോള്‍ ഏതെങ്കിലും ചില വായനക്കാര്‍ക്ക് സാംസ കാണുന്ന ഈ സ്വപ്‌നം കാണുന്ന സന്ദര്‍ഭമുണ്ടായിട്ടുണ്ടാവുമല്ലോ. ആ വായനക്കാരന്‍ ഞാനല്ല എന്നേ ഉള്ളൂ.

വായനക്കാര്‍ക്കിടയില്‍ പല പിളര്‍പ്പുകള്‍ ഇവിടെ സംഭവിക്കുന്നു. സാംസയുടെ ദു;സ്വപ്‌നം അതേ പടി പങ്കിടുന്നവരും സമാനമായ സ്വപ്‌നം കാണുന്നവരും അല്ലാത്തവരും എല്ലാമായി വായനക്കാര്‍ പലതായി പിളരുന്നു.

അതോടൊപ്പം, സാംസയുടെ ദരിദ്ര നില വ്യക്തമാക്കാനാണ് ഈ കുഴിഞ്ഞ കട്ടിലിനെ കൊണ്ടുവന്നിരിക്കുന്നത് എന്ന് വര്‍ഗ നിലപാടന്വേഷിക്കുന്ന റിഡക്ഷണിസ്റ്റുകള്‍ക്ക് വ്യാഖ്യാനിക്കുകയും ചെയ്യാം. ഈ റിഡക്ഷണിസ്റ്റുകളെ തുറന്നു കാട്ടാനായി ഉറക്കം കൈവെടിഞ്ഞ് ഒരു വിഭാഗം മലയാളഭാഷയില്‍ സജീവമായി ഇരിക്കുന്നുണ്ട് എന്നതാണ് വായനാബാഹ്യമായ ഒരു യാഥാര്‍ത്ഥ്യം. ഇവര്‍ക്ക് ഒരു സൗകര്യമുണ്ട്. അവര്‍ക്ക് ഉറക്കമില്ലാത്തതുകൊണ്ട് സ്വപ്‌നമോ ദു:സ്വപ്‌നമോ കാണേണ്ട ബാധ്യതയുമില്ല.

 

(അവസാനിക്കുന്നില്ല)

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.