A Unique Multilingual Media Platform

Articles Business Economy International

ഒറ്റക്കരാര്‍, രണ്ട് അവകാശവാദങ്ങള്‍!! ആരാണ് കള്ളം പറയുന്നത്? ജനങ്ങള്‍ ആരെ വിശ്വസിക്കണം മി. ഗോയല്‍?

  • February 8, 2026
  • 1 min read
ഒറ്റക്കരാര്‍, രണ്ട് അവകാശവാദങ്ങള്‍!! ആരാണ് കള്ളം പറയുന്നത്? ജനങ്ങള്‍ ആരെ വിശ്വസിക്കണം മി. ഗോയല്‍?

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂടുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന ഇന്നലെ വൈറ്റ്ഹൗസ് പുറത്തുവിട്ടതോടെ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം പുതിയൊരു പ്രചരണയുദ്ധം ആരംഭിച്ചിരിക്കുകയാണ്.

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുമോ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിന്റെ മറുപടി(ഫെബ്രുവരി 5), ”അക്കാര്യം വാണിജ്യ മന്ത്രാലയത്തിനാണ് വിശദീകരിക്കാന്‍ കഴിയുക” എന്നായിരുന്നു. ഇതേ ചോദ്യം കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനോട് ചോദിച്ചപ്പോള്‍ (ഫെബ്രുവരി 7) നല്‍കപ്പെട്ട മറുപടി, ”വിദേശ മന്ത്രാലയത്തിന് ഇക്കാര്യത്തെക്കുറിച്ച് സ്പഷ്ടത നല്‍കാന്‍ കഴിയും” എന്നുമായിരുന്നു.

പീയൂഷ് ഗോയൽ

രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന സുപ്രധാനമായ ഒരു കരാറിനെ സംബന്ധിച്ച് ഈ വ്യാപാര ചര്‍ച്ചകളില്‍ പങ്കാളികളായ രണ്ട് സുപ്രധാന വകുപ്പുകളുടെ തലവന്മാര്‍ നല്‍കിയ മറുപടി അങ്ങേയറ്റം നിരുത്തരവാദപരവും ധാർഷ്ട്യം നിറഞ്ഞതും ആയിരുന്നു.

അതേസമയം വൈറ്റ്ഹൗസ് പുറത്തുവിട്ട ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങും എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

അമേരിക്കയുമായുള്ള ഇടക്കാല വ്യാപാരക്കരാറിന്റെ വിശദാംശങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും സംഘവും.

”ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്” എന്നാണ് വാണിജ്യ മന്ത്രാലയം മനോഹരങ്ങളായ ഇന്‍ഫോഗ്രാഫിക് ഇമേജുകളുടെ അകമ്പടിയോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

”പച്ചക്കറികള്‍ക്ക് പ്രവേശനമില്ല” എന്നാണ് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഒരു പ്രചരണം.

എന്നാല്‍, ”പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, ഡിഡിജിഎസ്, വൈന്‍ & സ്പിരിറ്റുകള്‍, അധിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ” ഇറക്കുമതി തീരുവ ഇന്ത്യ ”ഒഴിവാക്കുകയോ കുറയ്ക്കുകയോ” ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവന വ്യക്തമായി പറയുന്നുണ്ട്. ഇത് ഇന്ത്യന്‍ വാണിജ്യമന്ത്രാലയത്തിന്റെ ”ഇളവുകളില്ല” എന്ന അവകാശവാദത്തെ പൂര്‍ണ്ണമായും നിരാകരിക്കുന്നതാണ്.

അതോടൊപ്പം, സിഎന്‍ബിസിയുമായുള്ള അഭിമുഖത്തില്‍, യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍, ”വൈന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കുള്ള താരിഫ് ഇല്ലാതാക്കും” എന്ന് വ്യക്തമാക്കുന്നു.

ഗോയലിന്റെ മറ്റൊരു പ്രചരണ പോസ്റ്ററിലെ അവകാശവാദം ”കര്‍ഷകരെ പൂര്‍ണ്ണമായും സംരക്ഷിക്കുന്നു” എന്നതാണ്. രാജ്യത്തെ സോയാബീന്‍ കര്‍ഷകരുടെ കഴിഞ്ഞകാല അനുഭവം ഒന്ന് വിശകലനം ചെയ്യുന്നത് ഈ അവകാശവാദത്തിന് പിന്നിലെ വസ്തുതകള്‍ മനസ്സിലാക്കാന്‍ സഹായിക്കും.

2024-25 വര്‍ഷത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത സോയാബീന്‍ എണ്ണയുടെ അളവ് ഏകദേശം 4748 ലക്ഷം ടണ്‍ ആണെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 42,000 കോടി രൂപ വിലമതിക്കുന്നതാണ് ഈ ഇറക്കുമതി. കുറഞ്ഞ തീരുവയിന്മേലുള്ള ഈ ഇറക്കുമതി ആഭ്യന്തര എണ്ണക്കുരു കര്‍ഷകരെ വലിയതോതില്‍ പ്രതികൂലമായി ബാധിക്കുകയുണ്ടായി. കര്‍ഷകര്‍ക്ക് മിനിമം സപ്പോര്‍ട്ട് വിലയ്ക്ക് താഴെ സോയാബീന്‍ വില്‍ക്കേണ്ടി വന്നു എന്നതായിരുന്നു ഇതിന്റെ ഫലം.

ഇതേരീതിയില്‍ ബദാം, വാല്‍നട്ട് തുടങ്ങിയ ട്രീനട്ടുകളുടെ പരിപ്പുകള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1.12 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ഈ മേഖലയില്‍ മാത്രമായി നടന്നിട്ടുള്ളത്. ബദാം, വാല്‍നട്ട് എന്നിവയുടെ തീരുവ കുറയ്ക്കണമെന്ന് യുഎസ് ശക്തമായി സമ്മര്‍ദ്ദം ചെലുത്തുകയും ഇടക്കാല കരാറില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്യുന്നു; മേല്‍പ്പറഞ്ഞ കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ പൂജ്യം ആയിരിക്കുമെന്ന് എന്ന് ഗ്രീര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.

ജനങ്ങള്‍ ആരെ വിശ്വസിക്കണം മി. ഗോയല്‍?

അമേരിക്കയില്‍ നിന്നുള്ള ഡിസ്റ്റിലേഴ്സ് ധാന്യങ്ങള്‍ക്ക് (ഡിഡിജിഎസ്) ഇന്ത്യ തീരുവ കുറയ്ക്കുമെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. അതനുസരിച്ച്, ഇന്ത്യയിലേക്ക് പ്രതിവര്‍ഷം 70000 ടണ്‍ ഡ്രൈ ഡിസ്റ്റിലേര്‍സ് ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതിക്കാണ് യുഎസ് ഗ്രെയിന്‍സ് കൗണ്‍സില്‍ കോപ്പുകൂട്ടുന്നതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയില്‍ ഇതിനകം തന്നെ വില കുറഞ്ഞുകഴിഞ്ഞ ഡ്രൈ ഡിസ്റ്റിലേര്‍സ് ധാന്യ ഉത്പന്നങ്ങളെ -പ്രത്യേകിച്ചും മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകരെ- ഈ കരാര്‍ എങ്ങിനെ ബാധിക്കും എന്ന് ഒരു നിമിഷമെങ്കിലും താങ്കള്‍ ആലോചിക്കുമോ, മി. ഗോയല്‍?

സംയുക്ത പ്രസ്താവനയില്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം ”പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍” ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെന്നതാണ്. ആപ്പിള്‍, ഓറഞ്ച് എന്നിവയാണ് ഈ പഴങ്ങള്‍ എന്നത് വ്യക്തമാണ്. ഹിമാചലിലെയും കാശ്മിരിലെയും കര്‍ഷകര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ വിളകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടിരിക്കുന്ന വിളകളാണിത്. അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ഉറപ്പുനല്‍കുന്നതിന് പകരം അവയെ അമേരിക്കന്‍ കാര്‍ഷിക വിപണിക്കുള്ള സൗജന്യ തീരുവ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുകയാണ് താങ്കളും താങ്കളുടെ സര്‍ക്കാരും ചെയ്തിരിക്കുന്നത് മി.ഗോയല്‍.

വാണിജ്യ മന്ത്രാലയത്തിൻ്റെ പ്രചരണ പ്രസ്താവനയില്‍ ‘അധിക ഉല്‍പ്പന്നങ്ങള്‍’ എന്ന് അവൃക്തമായി പരാമർശിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഈ നാട്ടിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് കർഷകർക്ക്, ഉണ്ട്. അവരെ അവ്യക്തതയുടെ ഇരുളിൽ നിർത്തുക മാത്രമാണ് നിങ്ങളുടെ പ്രചരണ തന്ത്രങ്ങൾ ചെയ്യുന്നത്, മി. ഗോയൽ !

പഞ്ചാബ്- ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷക യൂണിയനുകള്‍ ഈ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ താൽപ്പര്യങ്ങൾക്കനുസരിച്ച് കാര്‍ഷിക, ക്ഷീര മേഖല തുറന്നിടുന്നത് ഇന്ത്യൻ കർഷകരുടെ നാശത്തിനാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍യിട്ടുണ്ട്. വിദേശ ഇറക്കുമതി അനുവദിച്ചാൽ ആഭ്യന്തര ക്ഷീര കര്‍ഷകരുടെ വാര്‍ഷിക നഷ്ടം 1.03 ലക്ഷം കോടി രൂപ ആയിരിക്കുമെന്ന് എസ്ബിഐയുടെ ഒരു പഠനം വ്യക്തമാക്കുന്നു.

”ക്ഷീര മേഖലയുടെ സംരക്ഷണം” എന്ന പ്രചരണ വാചകത്തിനപ്പുറത്തേക്ക് വ്യക്തതയോടെ കാര്യങ്ങൾ പറയാൻ താങ്കൾ എന്തുകൊണ്ടാണ് മടിക്കുന്നത്, മി.ഗോയൽ ?

ഇന്ത്യന്‍ ജനതയ്ക്ക് യുഎസ് വക്താക്കളുടെ പത്രസമ്മേളനങ്ങളില്‍ നിന്നും അമേരിക്കന്‍ ലോബി ഗ്രൂപ്പുകളില്‍ നിന്നും വിശദാംശങ്ങള്‍ അറിയേണ്ടി വരുന്നതെന്തുകൊണ്ടാണ്, മി.ഗോയൽ ?

ഇന്ത്യൻ കർഷകരുടെ പ്രതിമാസ വരുമാനം 6000 രൂപയിൽ താഴെയാണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ്, ഫെഡറൽ സബ്സിഡിയുടെ പിൻബലത്തോടെ വിപണിയിലേക്ക് വരുന്ന അമേരിക്കൻ കാർഷിക ഉത്പന്നങ്ങളെ തീരുവകളിൽ നിന്ന് ഒഴിവാക്കിയും തീരുവകൾ കുറച്ചും ഇന്ത്യൻ വിപണിയിലേക്ക് മോദി ഗവൺമെൻ്റ് സ്വാഗതം ചെയ്യുന്നത്!

കരാർ വിവരങ്ങൾ പുറത്തു വിടാതെ, പാർലമെൻ്റിൽ ചർച്ച ചെയ്യാതെ, പത്രപ്രവർത്തകരോട് മറുപടി പറയാതെ സോഷ്യൽ മീഡിയ വഴി താങ്കൾ നടത്തുന്ന പ്രചരണങ്ങൾ, ഇന്ത്യൻ കർഷകരോടുള്ള യുദ്ധ പ്രഖ്യാപനമാണ് മി. ഗോയൽ

അതിനുള്ള മറുപടി വൈകാതെ ഇന്ത്യൻ കർഷകർ നൽകുമെന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x