A Unique Multilingual Media Platform

Articles Development Environment Kerala Politics Society

പരിസ്ഥിതിക്ക് ഒരു വോട്ട്

  • March 30, 2026
  • 1 min read
പരിസ്ഥിതിക്ക് ഒരു വോട്ട്

കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ സമീപകാലത്ത് വന്ന ഏറ്റവും ഗൗരവമേറിയ പരിസ്ഥിതി നയരേഖകളിൽ ഒന്നാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ  ആദ്യ ദിവസങ്ങളിൽ  പരിസ്ഥിതി സംഘടനകളുടെ ഒരു കൂട്ടായ്മ  പുറത്തിറക്കിയത്  . ആ രേഖയെ ആഴത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ലേഖനം. 

2026 മാർച്ച് 11ന്, കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ ‘കാട് മുതൽ കടൽ വരെ: ജനകീയ പരിസ്ഥിതി പത്രിക’ പുറത്തിറക്കുകയും സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിന് അത് കൈമാറുകയും ചെയ്തു. സമീപകാലത്ത് കേരളത്തിലെ സിവിൽ സൊസൈറ്റി നിർമ്മിച്ച ഏറ്റവും ശ്രദ്ധേയമായ പരിസ്ഥിതി നയരേഖകളിൽ ഒന്നാണിത്. ഈ പത്രികയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉള്ളടക്കം മാത്രമല്ല, അത് അവതരിപ്പിക്കപ്പെട്ട സമയവും സന്ദർഭവും കൂടിയാണ്. 2026 ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപ് പുറത്തിറക്കിയ ഈ രേഖ, നിലവിലുള്ള സർക്കാരിന് നൽകുന്ന ഒരു നിവേദനമല്ല; മറിച്ച്, രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിന് മുമ്പ് ഏറ്റെടുക്കാവുന്നതും പിന്നീട് അവർ അതിൽ ഉത്തരം പറയേണ്ടതുമായ ഒരു കൂട്ടം വാഗ്ദാനങ്ങളാണ്. ഇന്ത്യൻ സിവിൽ സൊസൈറ്റി രാഷ്ട്രീയത്തിൽ ഇതൊരു അപൂർവ്വ നീക്കമാണ്. സാധാരണയായി ഇത്തരം രേഖകൾ നിയമപോരാട്ടങ്ങളിലൂടെയോ അക്കാദമിക് ചർച്ചകളിലൂടെയോ ആണ് കടന്നുപോകാറുള്ളത്; നേരിട്ട് തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് അവ എത്താറില്ല.

പശ്ചിമഘട്ട മലനിരകൾ

ഈ പത്രികയെ ഗൗരവത്തോടെ സമീപിക്കുക എന്നതിനർത്ഥം അതിലെ നേട്ടങ്ങളെ അംഗീകരിക്കുകയും പോരായ്മകളെ സത്യസന്ധമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ്. അത് ആ ശ്രമത്തെ വിലകുറച്ച് കാണാനല്ല, മറിച്ച് ആ രേഖയുടെ നിലവാരം അത്തരമൊരു ഇടപെടൽ അർഹിക്കുന്നതുകൊണ്ടാണ്. 

 ഗാഡ്ഗിലിന് ശേഷം ഒരു ദശാബ്ദം 

ഈ പത്രിക എന്തിനെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് മനസ്സിലാക്കാൻ അതിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കേണ്ടതുണ്ട്. 2011-ൽ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സമിതി പശ്ചിമഘട്ട സംരക്ഷണത്തിനായി വളരെ സമഗ്രമായൊരു ശാസ്ത്രീയ റിപ്പോർട്ട് സമർപ്പിച്ചു. 

മാധവ് ഗാഡ് ഗിൽ

ഖനനത്തിനും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നതായിരുന്നു ആ റിപ്പോർട്ട്. വളരെയധികം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നെങ്കിലും ഇതിന്  രാഷ്ട്രീയപരമായ സ്വീകാര്യത തീരെ കിട്ടിയില്ല.  സഭാനേതൃത്വങ്ങൾ, പ്ലാന്റേഷൻ- ക്വാറി ഉടമകൾ, മലയോര ജില്ലകളിലെ കർഷക സംഘടനകൾ എന്നിവർ ഈ റിപ്പോർട്ട്  കർഷക വിരുദ്ധമാണ് എന്ന് വാദിച്ചു. രാഷ്ട്രീയ അനുഭാവം എന്തുതന്നെയായിരുന്നാലും, കേരളത്തിലെ ഒരു സർക്കാരും അതിനെ പ്രതിരോധിക്കാൻ തയ്യാറായില്ല.  ഇതിന് മറുപടിയായി രൂപീകരിച്ച കസ്തൂരിരംഗൻ സമിതി കുറച്ചുകൂടി ലഘുവായ സമീപനമാണ് സ്വീകരിച്ചത്. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് സ്വാഭാവിക വനമേഖലകളെയും ജനവാസമേഖലകളെയും വേർതിരിക്കുകയും, വനമേഖലകൾക്ക് മാത്രം കർശന സംരക്ഷണം നൽകുകയും ചെയ്യുക എന്നതായിരുന്നു അത്. ഈ ലഘൂകരിച്ച പതിപ്പിനെതിരെ പോലും മലയോര ജില്ലകളിൽ ശക്തമായ പ്രതിഷേധം തുടർന്നു. പതിനഞ്ച് വർഷങ്ങൾക്ക് ശേഷവും, കേരളത്തിലെ പരിസ്ഥിതിലോല മേഖലകളുടെ  വിജ്ഞാപനം ഇപ്പോഴും അപൂർണ്ണവും തർക്കവിഷയവുമായി തുടരുന്നു.

കസ്തൂരി രംഗൻ

ഈ അനുഭവങ്ങളിൽ നിന്ന് പരിസ്ഥിതി പ്രസ്ഥാനം വ്യക്തമായൊരു പാഠം പഠിച്ചു എന്ന് വേണം കരുതാൻ: ജനങ്ങളുടെ ഉപജീവനത്തെയും വികസനത്തെയും പരിഗണിക്കാത്ത പരിസ്ഥിതി വാദങ്ങൾ ജനാധിപത്യ സാഹചര്യത്തിൽ രാഷ്ട്രീയമായി പരാജയപ്പെടും. അതേസമയം, പരിസ്ഥിതിയെ അവഗണിക്കുന്നതിലൂടെയുണ്ടാകുന്ന ആഘാതങ്ങൾ എത്രത്തോളമാണെന്ന് തെളിയിക്കുന്ന അനുഭവങ്ങളും ഈ കാലയളവിൽ സംസ്ഥാനത്തുണ്ടായി. 2018-ലെ പ്രളയം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി.  2024 ജൂലായ് 30 ന് മുണ്ടക്കൈ-ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ 400 ൽ ഏറെപ്പേർ പേർ മരിച്ചു. കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ഇത് നിലനിൽക്കുന്നു. ഈ സംഭവങ്ങൾ പരിസ്ഥിതി വാദങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി.  ഈ രണ്ട് പാഠങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ പത്രിക തയ്യാറാക്കിയിരിക്കുന്നത്.

പത്രിക മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ

ഒരു സിവിൽ സൊസൈറ്റി മാനിഫെസ്റ്റോ എന്ന നിലയിൽ അസാധാരണമാംവിധം കാതലായ ഒരു രേഖയാണ് ‘കാട് മുതൽ കടൽ വരെ’. പശ്ചിമഘട്ടത്തിലെ വനങ്ങളിൽ തുടങ്ങി ഇടനാടൻ കുന്നുകൾ, കൃഷിസ്ഥലങ്ങൾ, തണ്ണീർത്തടങ്ങൾ, പുഴകൾ എന്നിവയിലൂടെ കടലോരം വരെ നീളുന്ന ഒരൊറ്റ ബന്ധിത ഭൂപ്രകൃതിയാണ് കേരളത്തിന്റെ പാരിസ്ഥിതിക ശ്രിംഖലകൾ. ഈ ചങ്ങലയുടെ ഏതെങ്കിലും കണ്ണിയിലുണ്ടാകുന്ന തടസ്സങ്ങൾ മൊത്തം പരിസ്ഥിതിയെയും സാരമായി ബാധിക്കും. മലനാട്ടിലെ വനനശീകരണം സമതലങ്ങളിലെ പ്രളയത്തിന്റെ തീവ്രത കൂട്ടുന്നു. നദീതടങ്ങളിലെ കയ്യേറ്റങ്ങൾ തീരശോഷണത്തിന് ആക്കം കൂട്ടുന്നു. തണ്ണീർത്തടങ്ങളുടെ നാശം നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധ ശേഷി കുറയ്ക്കുന്നു. അതിനാൽ, പരിസ്ഥിതിയെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചു കാണുന്നതിന് പകരം, ഈ സമഗ്ര ശൃംഖലയെ മുൻനിർത്തിയുള്ള ഏകീകൃത ഭരണസംവിധാനമാണ് ആവശ്യമെന്നാണ് ഈ നയരേഖ ചൂണ്ടിക്കാട്ടുന്നത്.

കൃഷി, വനം, ജലം, തീരദേശ പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ, ഖനനം, നഗര പരിസ്ഥിതി, മാലിന്യ സംസ്കരണം, ടൂറിസം, ഊർജ്ജം എന്നിങ്ങനെ 11 മേഖലകളെയാണ് നയരേഖ പരിഗണിക്കുന്നത്. ഓരോ മേഖലയിലും നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതോടൊപ്പം രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് ഏറ്റെടുക്കാവുന്ന പദ്ധതികളെപ്പറ്റിയും പ്രതിപാദിക്കുന്നു. നദീതട ഭരണസംവിധാനം, പരിസ്ഥിതി സൗഹൃദ കൃഷിരീതിയിലേക്കുള്ള മാറ്റം തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. നെൽവയലുകൾ സംരക്ഷിക്കുന്ന കർഷകർക്ക് ഏക്കറിന് പ്രതിവർഷം കുറഞ്ഞത് 2,500 രൂപ പാരിസ്ഥിതിക സേവന പ്രതിഫലം ഉറപ്പാക്കുക, ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ക്വാറി സ്ഫോടനങ്ങൾക്ക് നിർബന്ധിതമായി 200 മീറ്റർ ബഫർ സോൺ, നിർദ്ദിഷ്ട തീരദേശ ഹൈവേ ഉപേക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

ഭരണസംവിധാനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് നയരേഖ മുന്നോട്ടുവെക്കുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ അധികാരമുള്ള ഒരു ‘കേരള ക്ലൈമറ്റ് ആക്ഷൻ ആൻഡ് റെസിലിയൻസ് മിഷൻ’ ആണ് ഇതിന്റെ കേന്ദ്രബിന്ദു. തണ്ണീർത്തടങ്ങൾ, നദീതടങ്ങൾ, തീരദേശ പ്രതിരോധം, നഗര പരിസ്ഥിതി എന്നിവയുൾക്കൊള്ളുന്ന പതിനഞ്ചോളം പുതിയ മിഷനുകളും കൗൺസിലുകളും ഇതിനെ പിന്തുണയ്ക്കും. പരിസ്ഥിതി അധിഷ്ഠിത ബജറ്റിംഗ്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പാരിസ്ഥിതിക സാമ്പത്തിക കൈമാറ്റം, കാലാവസ്ഥാ മാറ്റങ്ങൾ കാരണം കുടിയൊഴിപ്പിക്കപ്പെടുന്ന സമൂഹങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ നൽകുന്ന ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ മാതൃകയിലുള്ളൊരു കേരള ക്ലൈമറ്റ് റീഹാബിലിറ്റേഷൻ ആക്ട് എന്നീ നിർദ്ദേശങ്ങളും ഇതിന് പൂരകമായുണ്ട്. പാരിസ്ഥിതിക ഭരണ തത്വങ്ങളെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാനും  ഒരു നയ പരിപാടിയായി വിവർത്തനം ചെയ്യാനും  ഉതകുന്ന തരത്തിലുള്ള കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വിശദമായ ശ്രമമാണ് ഈ നയരേഖ.  

വികസനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിയെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതിൽ ഈ രേഖ സുപ്രധാനമായ ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പും നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം വികസനത്തിന് ഒരു തടസ്സമായി അവതരിപ്പിക്കുന്നതിന് പകരം, സുസ്ഥിരമായ പരിസ്ഥിതി, വികസനത്തിന് അനിവാര്യമാണെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു. നെൽവയലുകൾ പ്രളയത്തെ തടയുന്നു. തണ്ണീർത്തടങ്ങൾ ഭൂഗർഭജലം നിറയ്ക്കുന്നു. കണ്ടൽക്കാടുകൾ തീരങ്ങളെ സംരക്ഷിക്കുന്നു. വനങ്ങൾ പുഴകളെ നിലനിർത്തുന്നു. സാധാരണ വികസന കണക്കുകൾ ഇവയുടെ സാമ്പത്തിക സംഭാവന പരിഗണിക്കാറില്ല. ഈ പുതിയ കാഴ്ചപ്പാട് നയരേഖയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്നാണ്.

മുൻ രേഖകളിൽ നിന്ന് വ്യത്യസ്തമായി, ഈ രേഖ അതിന്റെ പാരിസ്ഥിതിക നിർദ്ദേശങ്ങളെ ഉപജീവന സംരക്ഷണവുമായി ബന്ധിപ്പിക്കുന്നു. നെൽകർഷകർക്കുള്ള ഇക്കോളജിക്കൽ സർവീസ് പേയ്‌മെന്റുകൾ, വർഷങ്ങൾ നീളുന്ന കാത്തിരിപ്പിന് പകരം മുപ്പത് ദിവസത്തിനകം വന്യജീവി ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകൽ, കുടിയൊഴിപ്പിക്കലിന് മുൻപ് ആദിവാസി അവകാശങ്ങൾ അംഗീകരിക്കുക, തീരദേശ വികസനത്തിന് മുൻപ് മത്സ്യത്തൊഴിലാളികളുടെ അനുമതി വാങ്ങുക തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇവ കേവലം അലങ്കാരത്തിനുള്ള കൂട്ടിച്ചേർക്കലുകളല്ല. ഗാഡ്ഗിൽ റിപ്പോർട്ടിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റിയ ഒരു സമവാക്യമുണ്ട്: ‘പരിസ്ഥിതി സംരക്ഷണം എന്നാൽ ഒന്നുമില്ലാത്തവരിൽ നിന്ന് ഉള്ളത് കൂടി കവർന്നെടുക്കലാണ്’ എന്നത്. ഈ സമവാക്യത്തെ പൊളിച്ചെഴുതാനുള്ള ആസൂത്രിതവും ഗൗരവകരമായ ശ്രമമാണ് പുതിയ ചാർട്ടറിലുള്ളത്.

മുമ്പുണ്ടായിരുന്ന നയരേഖകളേക്കാൾ കൂടുതൽ വ്യക്തതയോടെ വന്യജീവി-മനുഷ്യ സംഘർഷങ്ങളെക്കുറിച്ച് നയരേഖയിൽ പ്രതിപാദിക്കുന്നുണ്ട്. വന്യജീവി ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരം മുപ്പത് ദിവസത്തിനുള്ളിൽ തീർപ്പാക്കുക, വിള, മൃഗ നഷ്ടങ്ങൾക്ക് സാർവത്രിക ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുക, കൂടാതെ, കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കിടയിലുള്ള ആനത്താരകളുടെ പരിപാലനത്തിനായി ഒരു നിയമപരമായ അന്തർസംസ്ഥാന ഏകോപന സംവിധാനം രൂപീകരിക്കുക എന്നിവ ഇത് ആവശ്യപ്പെടുന്നു. പുനരധിവാസത്തിന്റെ കാര്യത്തിൽ, ആനത്താരകളിലോ അതിനടുത്തോ ഉള്ള സമൂഹങ്ങളെ അവരുടെ അവകാശങ്ങൾ പൂർണ്ണമായി അംഗീകരിക്കുകയും ന്യായമായ നഷ്ടപരിഹാരം നൽകുകയും ചെയ്യാതെ കുടിയൊഴിപ്പിക്കാൻ കഴിയില്ലെന്ന് രേഖ വ്യക്തമാക്കുന്നു, അതിൽ ഉൾപ്പെട്ടിട്ടുള്ള ചരിത്രപരമായ അനീതിയെ സ്വന്തം ഭാഷയിൽ തന്നെ അത് അംഗീകരിക്കുന്നു. മുൻപുണ്ടായിരുന്ന ചട്ടക്കൂടുകൾ വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ പ്രായോഗികമായ വ്യവസ്ഥകളാണിവ.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

ചാർട്ടറിന്റെ നേട്ടങ്ങളെ അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ പരിമിതികളെ മാറ്റിനിർത്തേണ്ടതില്ല. അതിന്റെ തന്ത്രപരമായ തീരുമാനങ്ങളെ രൂപപ്പെടുത്തിയ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ചില നിശബ്ദതകൾക്കും കാരണമായിട്ടുണ്ട്. അവയിൽ ചിലത് ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്.

ആദ്യത്തേത് പശ്ചിമഘട്ടത്തെ സംബന്ധിച്ചുള്ളതാണ്. ഈ മേഖലയിലെ വികസന നിർദ്ദേശങ്ങൾ പരിസ്ഥിതിയുടെ താങ്ങാനാവുന്ന ശേഷിക്ക് അനുസരിച്ചാണോ എന്ന് പരിശോധിക്കണമെന്ന് ചാർട്ടർ ആവശ്യപ്പെടുന്നുണ്ട്; ഇത് ശരിയായ തത്വമാണ്. എന്നാൽ ഈ പരിശോധനയുടെ ഫലം നെഗറ്റീവ് ആണെങ്കിൽ പിന്നീട് എന്ത് സംഭവിക്കുമെന്ന് ചാർട്ടർ വ്യക്തമാക്കുന്നില്ല. ഗാഡ്ഗിൽ റിപ്പോർട്ടിലെ  കണ്ടെത്തലുകളുടെ ശാസ്ത്രീയമായ ശരികളും പ്രായോഗികമായ സാധ്യതകളും തമ്മിലുള്ള വൈരുധ്യം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഈ തീരുമാനങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ‘പശ്ചിമഘട്ട പരിസ്ഥിതി ഭരണ സമിതി’ രൂപീകരിക്കാൻ ചാർട്ടർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും, പതിനഞ്ച് വർഷമായി നടപ്പിലാക്കൽ കഴിയാതിരിക്കുന്ന കാര്യങ്ങൾ  അതേ താല്പര്യക്കാരുടെ കൂട്ടുകെട്ടിൽ നിന്ന് എങ്ങനെ സംരക്ഷിക്കുമെന്നോ സമിതി എങ്ങനെ രൂപീകരിക്കുമെന്നോ വിശദീകരിക്കുന്നില്ല. ഇത് പരിഹരിക്കപ്പെടേണ്ട ഒരു പ്രധാന പോരായ്മയാണ്.

ഭരണവിദഗ്ധർ ചിലപ്പോൾ ‘സങ്കീർണ്ണമായ പ്രശ്നങ്ങൾ’ എന്ന് വിളിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പരിമിതി. പാരിസ്ഥിതിക ആവശ്യകതകളും നിലവിലെ ഉപജീവന രീതികളും വിപരീത ദിശകളിലേക്ക് വിരൽചൂണ്ടുകയും, ലളിതമായ ഒരു നയപരിഹാരം നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളാണിവ. തണ്ണീർത്തടങ്ങളിലെ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളിൽ സീസണൽ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തണമെന്ന രേഖയുടെ ആവശ്യം പാരിസ്ഥിതികമായി ശരിയാണ്, എന്നാൽ ഉൾനാടൻ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന സമൂഹങ്ങൾക്ക് ആ കാലയളവിൽ ഉടനടി ബദൽ വരുമാനമൊന്നുമില്ല, മാത്രമല്ല ഈ വിഭാഗത്തിലെ ഉപജീവന പിന്തുണാ വ്യവസ്ഥകൾ അവ്യക്തമായി തുടരുകയും ചെയ്യുന്നു. അതുപോലെ, മൂന്നാറിലെയും വയനാട്ടിലെയും അനിയന്ത്രിതമായ ടൂറിസം മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശത്തെക്കുറിച്ച് രേഖ  നേരിട്ട് സംസാരിക്കുന്നുണ്ട്, എന്നാൽ ആ ജില്ലകളിലെ ടൂറിസം സമ്പദ്‌വ്യവസ്ഥ വലിയൊരു വിഭാഗം ഹോംസ്റ്റേ നടത്തിപ്പുകാർക്കും ഗൈഡുകൾക്കും വാഹന ഉടമകൾക്കും കച്ചവടക്കാർക്കും ഒരു പ്രധാന വരുമാന സ്രോതസ്സായി മാറിയിരിക്കുന്നു.  താങ്ങാനാവുന്ന ശേഷിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ചാർട്ടർ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് പൂർണ്ണമായി വിശകലനം ചെയ്യുന്നില്ല. പരിസ്ഥിതിയും ഉപജീവന താല്പര്യങ്ങളും ഒത്തുപോകുന്നിടത്ത് ചാർട്ടർ വിശദമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. എന്നാൽ അവ പരസ്പരം ഏറ്റുമുട്ടുമ്പോൾ പരിസ്ഥിതിയുടെ പക്ഷം പറയുകയും ഉപജീവന പ്രശ്നങ്ങളെ പരിഹരിക്കാതെ വെറുതെ കുറിച്ചിടുകയും ചെയ്യുന്നു.

മൂന്നാമത്തെ പരിമിതി ഘടനാപരമാണ്. രേഖ പാരിസ്ഥിതിക തകർച്ചയെ ഗണ്യമായ ആധികാരികതയോടെ രേഖപ്പെടുത്തുന്നുണ്ട്, എന്നാൽ ഇത് ആസൂത്രിതമായി സൃഷ്ടിക്കുന്ന ശക്തികളെക്കുറിച്ച് താരതമ്യേന മൗനം പാലിക്കുന്നു: റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടം, വിദേശപ്പണത്തിന്റെ പിൻബലത്തിലുള്ള നിർമ്മാണ കുതിപ്പ്, വലിയ അടിസ്ഥാന സൗകര്യ വികസന മാതൃകകൾ എന്നിവയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു. ഇവ കേവലം യാദൃച്ഛികമായ ഘടകങ്ങളല്ല. ഇത്തരം കാരണങ്ങളെ അഭിമുഖീകരിക്കാത്ത ഭരണനിർദ്ദേശങ്ങൾ നിലവിലുള്ള വികസന മാതൃകയെ മാറ്റിമറിക്കുന്നതിന് പകരം അതിന് സമാന്തരമായി നിൽക്കാൻ മാത്രമേ സഹായിക്കൂ.

അവസാനമായി, രേഖയിലെ സ്ഥാപനപരമായ നിർദ്ദേശങ്ങൾ.  ഏകദേശം പതിനഞ്ചോളം പുതിയ മിഷനുകളും കൗൺസിലുകളും ഏകോപന സമിതികളും ഇതിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. മുൻഗണനാ ക്രമമില്ലാതെയും, അവ സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന ഭരണപരവും സാമ്പത്തികവുമായ സമ്മർദ്ദങ്ങളുടെ വിലയിരുത്തലില്ലാതെയും, അവയ്ക്കിടയിലുള്ള അധികാരപരിധി തർക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളില്ലാതെയുമാണ് ഇത് ചെയ്തിരിക്കുന്നത്. ആവശ്യമായ ശേഷിയും ക്രമവുമില്ലാതെ സ്ഥാപനങ്ങൾ പെരുകുന്നത് മെച്ചപ്പെട്ട ഫലങ്ങളേക്കാൾ പ്രവർത്തനങ്ങളുടെ അതിവ്യാപനത്തിനാണ് കാരണമാകുന്നതെന്ന് കേരള ഭരണാനുഭവം കാണിക്കുന്നു.  ആദ്യം ഏതൊക്കെ സ്ഥാപനങ്ങൾ സ്ഥാപിക്കണമെന്നും എന്തുകൊണ്ടെന്നും വ്യക്തമാക്കിയിരുന്നെങ്കിൽ ഒരു രാഷ്ട്രീയ രേഖ എന്ന നിലയിൽ ഇത് കൂടുതൽ ഉപയോഗപ്രദമാകുമായിരുന്നു.

 ഒരു രാഷ്ട്രീയ രേഖയായി പരിഗണിക്കുമ്പോൾ

മുകളിൽ സൂചിപ്പിച്ച പരിമിതികൾ ഒരു രാഷ്ട്രീയ ഇടപെടൽ എന്ന നിലയിൽ ഈ രേഖ പ്രതിനിധീകരിക്കുന്നതിനെ കുറച്ചുകാണുന്നില്ല. ഇതൊരു തിരഞ്ഞെടുപ്പിന് മുമ്പുള്ള രേഖയായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാർട്ടികൾക്ക് അവ അംഗീകരിക്കാനും പിന്നീട് അവർക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടാകാനും വേണ്ടിയാണ് ഈ നിർദേശങ്ങൾ മാനിഫെസ്റ്റോ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് നിയമാനുസൃതവും സുപ്രധാനവുമായ ഒരു പ്രവർത്തനമാണ്.

പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള പൊതുവായ ഒരു ചോദ്യമല്ല വോട്ടർമാരും സിവിൽ സൊസൈറ്റി സംഘടനകളും പ്രധാന പാർട്ടികളോട് ചോദിക്കേണ്ടത്. പൊതുവായ വാഗ്ദാനങ്ങൾ നൽകാൻ എളുപ്പവും അളക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. ഈ രേഖ സാധ്യമാക്കുന്ന ചോദ്യങ്ങൾ തികച്ചും വ്യക്തമാണ്:

“നിർദിഷ്ട തീരദേശ ഹൈവേ ഉപേക്ഷിക്കാൻ പാർട്ടികൾ  തയ്യാറാകുമോ? ആദ്യ ബഡ്ജറ്റിൽ തന്നെ ഇക്കോളജി ടാഗ് ചെയ്ത ബഡ്ജറ്റിംഗ് അവതരിപ്പിക്കുമോ? സമയബന്ധിതമായ വന്യജീവി നഷ്ടപരിഹാരം നടപ്പാക്കുമോ? കാലാവസ്ഥാ കുടിയൊഴിപ്പിക്കൽ പുനരധിവാസ നിയമം പാസാക്കുമോ? രേഖയിലെ സ്ഥാപനപരമായ നിർദ്ദേശങ്ങളിൽ ഏതാണ് സർക്കാരിന്റെ ആദ്യ വർഷത്തിൽ സ്ഥാപിക്കുക, ഏത് ക്രമത്തിലാണ്?”

ഇവ കൃത്യമായ ഉത്തരങ്ങളുള്ള ചോദ്യങ്ങളാണ്. വ്യാവസായിക നിക്ഷേപം, അടിസ്ഥാന സൗകര്യ ചെലവുകൾ, ധനനയം എന്നിവയിൽ വിശദമായ നിലപാടുകൾ വാഗ്ദാനം ചെയ്തിട്ടുള്ള പാർട്ടികൾക്ക് ഇവയോട് പ്രതികരിക്കാനും ബാധ്യത  ഉണ്ടായിരിക്കണം. പാരിസ്ഥിതിക ഭരണത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാവുന്ന പ്രതിബദ്ധതകളാക്കി മാറ്റുന്ന ജോലി ഈ രേഖ ചെയ്തിട്ടുണ്ട്. 

ഇവിടെ വിശാലമായ മറ്റൊരു പോയിന്റ് കൂടിയുണ്ട്. ഒരു ദശാബ്ദത്തിൽ താഴെ സമയത്തിനുള്ളിൽ രണ്ട് വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൂടെയും ഒരു വിനാശകരമായ ഉരുൾപൊട്ടലിലൂടെയും കടന്നുപോയ സംസ്ഥാനത്തെയാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചത്. ഭൂപ്രകൃതി എങ്ങനെ ഭരിക്കപ്പെടുന്നു എന്ന ചോദ്യം ഇനി വിദഗ്ധരുടെ മാത്രം വിഷയമല്ല. അത് പൊതുസുരക്ഷ, സാമ്പത്തിക വിവേകം, സംസ്ഥാനത്തിന്റെ കാർഷിക, തീരദേശ സമ്പദ്‌വ്യവസ്ഥകളുടെ ദീർഘകാല നിലനിൽപ്പ് എന്നിവയുടെ വിഷയമാണ്. ഈ രേഖ അത് ശ്രദ്ധാപൂർവ്വവും വിശദമായും സമർത്ഥിക്കുന്നു. കേരളത്തിലെ പ്രധാന പാർട്ടികൾ അത് കേട്ടിട്ടുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്.

പ്രകടനപത്രികയ്ക്ക് ശേഷം

എന്താണ് വേണ്ടത്  എന്ന് പ്രകടനപത്രികകൾ പറയും. എന്നാൽ, നിർദ്ദിഷ്ട നയങ്ങൾ ബാധിക്കുന്ന ജനവിഭാഗങ്ങൾ അതിനെ എതിർക്കുമ്പോഴോ ചർച്ചകൾ ആവശ്യപ്പെടുമ്പോഴോ എന്ത് ചെയ്യണം എന്ന് വിശദീകരിക്കാൻ ഇത്തരം രേഖകൾക്ക് കഴിയില്ല. പരിസ്ഥിതിയും വികസനവും ഒത്തുപോകുമെന്ന് തെളിയിക്കുന്നതിനപ്പുറം, അവ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്നതാണ് അടുത്ത ഘട്ടത്തിൽ ആലോചിക്കേണ്ടത്.

ഇത്തരം സാഹചര്യങ്ങളിൽ താല്പര്യങ്ങളുള്ളത് സാധാരണക്കാരായ മനുഷ്യർക്കാണ്. ക്വാറികൾ നിയന്ത്രിക്കപ്പെടുമ്പോൾ വരുമാനം നിലയ്ക്കുന്ന വനാതിർത്തിയിലെ ചെറുകിട കർഷകർ. പ്രജനന കാലത്തെ നിരോധനം ബാധിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. ടൂറിസം നിയന്ത്രണങ്ങൾ വരുമ്പോൾ ഉപജീവനം പ്രതിസന്ധിയിലാകുന്ന മലയോര മേഖലയിലെ ഹോംസ്റ്റേ ഉടമകൾ. ഇവർ പാരിസ്ഥിതിക ഭരണത്തിന് തടസ്സങ്ങളല്ല. പാരിസ്ഥിതിക ഭരണം ഏറ്റവും ഗൗരവമായി ഇടപഴകേണ്ടത് ഈ സമൂഹങ്ങളുമായാണ്. 

 ഗാഡ്ഗിൽ റിപ്പോർട്ട് വന്ന് പതിനഞ്ച് വർഷം പിന്നിടുമ്പോൾ, ശാസ്ത്രീയമായ കർശന നിലപാടുകൾ മാത്രം നയപരമായ ഫലങ്ങൾ നിർണ്ണയിക്കില്ല എന്ന് കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനം പഠിച്ചു കഴിഞ്ഞു. പാരിസ്ഥിതിക അറിവുകളെ, പാർട്ടികൾക്ക് ഏറ്റെടുക്കാൻ കഴിയുന്നതും സമൂഹങ്ങൾക്ക് ആവശ്യപ്പെടാൻ കഴിയുന്നതുമായ രാഷ്ട്രീയ പ്രതിബദ്ധതകളാക്കി മാറ്റാനുള്ള ശേഷിയും അത്രതന്നെ പ്രധാനമാണ്. ആ മാറ്റത്തിനായുള്ള ഗൗരവമായ ഒരു ശ്രമത്തെയാണ് ഈ രേഖ പ്രതിനിധീകരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയും സർക്കാർ രൂപീകരണത്തിലൂടെയും ഭരണത്തിന്റെ സാധാരണ സമ്മർദ്ദങ്ങളിലൂടെയും ഈ മാറ്റം നിലനിൽക്കുമോ എന്നതാണ് ഈ പ്രവർത്തനത്തിന്റെ അടുത്ത ഘട്ടം ഉത്തരം നൽകേണ്ട ചോദ്യം.

 

(ഐഐടി ബോംബെയിലെ അധ്യാപകനാണ് എൻ.സി നാരായണൻ. ഈ ലേഖനത്തിന് സഹായകമായ  കരട് രേഖയുടെ പ്രധാന ശില്പിയായ ശ്രീധർ രാധാകൃഷ്ണന്  നന്ദി) 

 

About Author

എൻ. സി. നാരായണൻ

ഐ.ഐ.ടി ബോംബെയിലെ അധ്യാപകനാണ് എൻ.സി നാരായണൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x