A Unique Multilingual Media Platform

Articles Cinema Culture Society

യൂസുഫ് ശാഹീൻ – അവസാനത്തെ ശുഭാപ്തി വിശ്വാസി (ഈജിപ്ത് യാത്ര കുറിപ്പുകൾ #18)

യൂസുഫ് ശാഹീൻ – അവസാനത്തെ ശുഭാപ്തി വിശ്വാസി (ഈജിപ്ത് യാത്ര കുറിപ്പുകൾ #18)

ഈജിപ്ഷ്യൻ സിനിമയെ ഒറ്റ മാസ്റ്ററാൽ അടയാളപ്പെടുത്താൻ പറഞ്ഞാൽ തർക്കമേതുമില്ലാതെ നമുക്ക് ലഭിക്കുന്ന ഒരേ ഒരുത്തരമേ ഉള്ളൂ. അത് യൂസുഫ് ശാഹീന്റേതാണ്. നിരവധി ഫീച്ചറുകളും ഡോക്കുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള യൂസുഫ് ശാഹീൻ സാമൂഹ്യ വിമർശകനും സാംസ്‌ക്കാരിക ഗവേഷകനും മറ്റും മറ്റുമാണ്. അറബ് ലോകത്തിന്റെ സംസ്‌ക്കാര സൂക്ഷ്മതകളിലേയ്ക്കുള്ള അനന്തമായ യാത്രകളാണ് യൂസുഫ് ശാഹീന്റെ സിനിമകൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അറബ് സാംസ്‌കാരികൈക്യത്തിന്റെ ചലച്ചിത്ര സാധൂകരണങ്ങളും രേഖകളുമാണ് അവ.

അസംഖ്യം സാമൂഹ്യവും രാഷ്ട്രീയവും ആയ ഘടകങ്ങളുടെ സമ്മേളനങ്ങളാണ് യൂസുഫ് ശാഹീന്റെ ഓരോ സിനിമയും. അതിന്റെ പ്രകടമായ അർത്ഥങ്ങൾക്കപ്പുറത്ത് സൂചനകളിലൂടെയും ഭാവനയുടെ സഞ്ചാരങ്ങളിലൂടെയും അവ സിനിമ എന്ന മാധ്യമത്തിന്റെ അനന്തമായ സാധ്യതകളെയും കാണിച്ചു തരുന്നു. അന്താരാഷ്ട്ര പ്രശസ്തരായ പതിനൊന്ന് ചലച്ചിത്രകാരർ ചേർന്നെടുത്ത ‘11’09’01 സെപ്തംബർ 11′ എന്ന ചലച്ചിത്ര സമാഹാര (ആന്തോളജി/2002) ത്തിൽ കെൻ ലോച്ച്, അലെജാന്ദ്രോ ഗൊൺസാലസ് ഇനാറിത്തു, സമീറ മഖ്മൽബഫ്, അമോസ് ഗിത്തായ്, മീര നയ്യാർ, ശോഹി ഇമാമുറ എന്നിങ്ങനെയുള്ളവരോടൊപ്പം യൂസുഫ് ശാഹീനുമണിചേർന്നിരുന്നു. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ആ നഗരത്തിൽ സിനിമയെടുത്തുകൊണ്ടിരിക്കുകയായിരുന്ന യൂസുഫ് ശാഹീന്റെ ചിത്രീകരണം തടസ്സപ്പെടുന്നു.

“11’09’01 സെപ്തംബർ 11″ൻ്റെ പരസ്യ പോസ്റ്റർ

1983ൽ ലെബനോണിൽ നിരവധി രാഷ്ട്രങ്ങളുടെ സംയുക്തസേന നടത്തിയ ആക്രമണത്തിൽ മരിച്ച ഒരു സൈനികന്റെ പ്രേതം ഈ അവസരത്തിൽ ശാഹീനോട് സംസാരിച്ചു തുടങ്ങുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യാങ്കിപ്പട നടത്തിയ അധിനിവേശയുദ്ധങ്ങളെല്ലാം ശാഹീൻ ആ പ്രേതത്തിന് വിവരിച്ചു കൊടുക്കുന്നു. അമേരിക്കയും അറബ് ലോകവും തമ്മിലുള്ള നിരന്തര സംഘർഷത്തിന്റെ അടിവേരുകളിലേക്കാണ് യൂസുഫ് ശാഹീൻ ഈ ഹ്രസ്വചിത്രത്തിൽ സഞ്ചരിച്ചത്. അറബ് ഐക്യം എന്ന നടക്കാത്ത രാഷ്ട്രീയ സ്വപ്‌നത്തിന്റെ അവസാനത്തെ പതാകാവാഹകൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന യൂസുഫ് ശാഹീൻ ഈ ആശയത്തെ ശുഭാപ്തിവിശ്വാസത്തോടെ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന പ്രതിഭാശാലിയും ആയിരുന്നു.

യൂസുഫ് ശാഹീൻ കാൻ ചലച്ചിത്രോത്സവത്തിൽ ഫോട്ടോയ്ക് വേണ്ടി പോസ് ചെയ്യുന്നു

അലെക്‌സാണ്ട്രിയ പിന്നെയും എന്നെന്നേയ്ക്കും (ഇസ്കന്ദരിയ കമാൻ വ കമാൻ/1990) എന്ന സിനിമ, നാലു ചിത്രങ്ങളടങ്ങിയ ഒരു പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ്. അലെക്‌സാണ്ട്രിയ എന്തിന് (1978), ഒരു ഈജിപ്ഷ്യൻ കഥ (1982), എന്നിവയ്ക്കു ശേഷവും അലെക്‌സാണ്ട്രിയ… ന്യൂയോർക്ക് (2004) എന്ന സിനിമയ്ക്കു മുമ്പുമാണ് ‘അലെക്‌സാണ്ട്രിയ എഗൈൻ ആന്റ് ഫോറെവർ’ എടുത്തത്‌. ഫെല്ലിനിയുടെ ക്ലാസിക്ക് ആയ എട്ടര (എയ്റ്റ് ആന്റ് എ ഹാഫ്/1963)യുടെ ശൈലിയിലെന്ന് തോന്നിപ്പിക്കുന്ന ആത്മകഥാപരമായ സിനിമയാണ് ഇത്. യെഹിയ എസ്‌കന്തരാനി എന്ന പേരുള്ള ഒരു ചലച്ചിത്രകാരനായി യൂസുഫ് ശാഹീൻ തന്നെ അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ അപര സ്വത്വം (ആൾടർ ഈഗോ) ആയ അമർ എന്ന യുവനടനുമായി വഴക്കിടുന്നതിനെ തുടർന്ന് അയാൾ അനുഭവിക്കുന്ന സർഗാത്മക പ്രതിസന്ധി (ക്രീയേറ്റീവ് ബ്ലോക്ക്)യാണ് ഒരർത്ഥത്തിൽ സിനിമയുടെ പ്രമേയം. എന്നാൽ ഈ പ്രതിസന്ധി കേവലം വ്യക്തിപരമായ ഒന്നല്ല. ചരിത്രപരവും പുരാവസ്തുപരവും ചലച്ചിത്രപരവും ലൈംഗിക കാഴ്ചപ്പാടുള്ളതും മറ്റും മറ്റുമാണ്. അമറിനോട് സ്വവർഗാനുരാഗപരമായ താല്പര്യമാണ് യെഹിയയ്ക്കുള്ളത്. പക്ഷെ, ആ കാമുകൻ അകലുന്നതോടെ പരിചിതമായതെല്ലാം അപരിചിതമാകുന്നു. തന്റെ സിനിമകളെ തന്നെ സൂക്ഷ്മ വിചാരണ ചെയ്യേണ്ടതുണ്ടെന്ന തീരുമാനത്തിൽ അയാൾ എത്തുന്നു. ഏറെ സങ്കീർണമാണ് ഈ അവസ്ഥ. എന്നാൽ, നർമ്മം കലർന്നതും സ്വാഭാവികമായ ഒഴുക്കുള്ളതുമായ യൂസുഫ് ശാഹീന്റെ ശൈലി കാരണം കാണി സിനിമയിൽ ലയിച്ചു പോകും. എന്താണ് തിരക്കഥ എഴുതാത്തത് എന്ന നിർമ്മാണക്കമ്പനിയുടെ പ്രതിനിധിയുടെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി- ഞാൻ തിരക്കഥയല്ല എഴുതുന്നത്, സിനിമയാണ് എഴുതുന്നത് എന്നാണ്. തന്റെ മനസ്സിലുള്ള സിനിമ അദ്ദേഹം ചിത്രീകരിക്കുന്നതായി പലപ്പോഴും അദ്ദേഹത്തിന് തോന്നുന്നതാണ് സിനിമയുടെ കൗതുകകരമായ ദൃശ്യങ്ങൾ.

ഈ സിനിമയിലെ ഒരു ദൃശ്യം ഇപ്രകാരമാണ്. പിരമിഡിനകത്ത്‌ അല്ലെങ്കിൽ രാജാക്കളുടെ താഴ്വരയിൽ ഉള്ളതുപോലെ ഒരു ഭൂഗർഭാന്തര ശവക്കല്ലറയ്ക്കകത്ത് മഹാനായ അലെക്‌സാണ്ടറുടെ ശവശരീരം സുതാര്യമായ ഒരു ആധുനിക ഫൈബർ ഫ്രീസറിനകത്ത് കിടത്തിയിരിക്കുകയാണ്. വിനോദസഞ്ചാരികൾക്കു മുമ്പിൽ മമ്മികളെ കിടത്തിയതിനെ ഈ സർറിയൽ കാഴ്ച ഓർമ്മിപ്പിച്ചു. ഇവിടെ അമർ ആണ് അലെക്‌സാണ്ടർ ആയി അഭിനയിക്കുന്നത്. ഇത് സത്യത്തിൽ നടക്കുന്ന ഒന്നല്ല, കാരണം അമർ പിണങ്ങിപ്പോയിരിക്കുകയാണല്ലോ. മാത്രവുമല്ല, തിരക്കഥ പൂർത്തിയായി സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുമില്ല. അപ്പോൾ, സംവിധായകന്റെ ധാരണയിലോ സ്വപ്‌നത്തിലോ സങ്കല്പിക്കപ്പെടുന്ന, ‘എഴുതാത്ത’ തിരക്കഥയിൽ നിന്ന് ‘എടുക്കാത്ത’ സിനിമയുടെ ഒരു ദൃശ്യം മാത്രമാണത്. അതു മാത്രവുമല്ല, മറ്റു പലരുടെയും മമ്മികൾ ലഭിച്ചിട്ടുണ്ടെങ്കിലും അലെക്‌സാണ്ടറുടെ മമ്മി ഇതുവരെയുള്ള ഖനനങ്ങളിലൂടെ ലഭിച്ചിട്ടില്ല എന്ന യാഥാർത്ഥ്യവും ഇതു കണ്ടപ്പോൾ ഓർമ്മ വന്നു. തന്റെ കാമുകനും അപരസ്വത്വവുമായിരുന്ന പിണങ്ങിയ അമറിനോട് അയാളവതരിപ്പിക്കുന്ന കഥാപാത്രമായ അലെക്‌സാണ്ടറുടെ ശവശരീരം/മമ്മി എന്ന അവസ്ഥയിൽ കിടത്തിയതിന്റെ മുകളിൽ ആദരമർപ്പിക്കാനായി കമിഴ്ന്നു കിടക്കുകയാണ് യെഹിയ എന്ന സംവിധായകനായ കഥാപാത്രം. സ്വവർഗ ലൈംഗികതയുടെ അനുരാഗപ്രകടനം പോലെ ഹൃദ്യമായ ഒരു കാഴ്ചയാണത്. പൊടുന്നനെ, പിറകിൽ നിന്ന് അസിസ്റ്റന്റ് ഡയരക്ടറുടെ ശബ്ദമുയരുന്നു. മുകളിൽ നിന്ന് ഭൂപ്രതലം കുഴിച്ചെത്തുന്ന തുരയ്ക്കൽ യന്ത്ര(ഡ്രിൽ)ത്തിന്റെ മുനക്കരണ്ടികൾ താഴോട്ട് എത്തുന്നുണ്ട്, മാറൂ എന്നാണ് അവരുടെ ആക്രോശം. യെഹിയ തന്റെ സ്വപ്‌നാന്തര സ്വപ്‌നത്തിൽ നിന്നുണർന്ന് ചാടി മാറുന്നു. ഡ്രില്ലിന്റെ മുനകൾ താഴോട്ടെത്തുന്നു. ഫൈബർ അടപ്പ് തുരന്ന് അതിനടിയിൽ ശവമായി അഭിനയിച്ച് കിടക്കുന്ന അമറിന്റെ ജീവനുള്ള ശരീരത്തിലേയ്ക്ക് അത് തുളച്ചു കയറുന്നു. അതിൽ നിന്ന് ചീറിപ്പടരുന്ന ചോരയുടെ ചുവപ്പാണ് പിന്നെ തിരശ്ശീലയിൽ നാം കാണുന്നത്.

അലെക്‌സാണ്ട്രിയ എഗൈൻ ആന്റ് ഫോറെവർ എന്ന സിനിമയിലെ മുകളിൽ വിവരിച്ച രംഗം

ചരിത്രവും യാഥാർത്ഥ്യവും പുരാവസ്തു ഖനനവും പ്രണയവും പ്രണയനിരാസവും ത്യാഗവും മരണവും അസാധ്യമായ സിനിമയും എല്ലാം കൂടിക്കലരുന്ന ഈ ദൃശ്യം ലോക സിനിമയുടെ തന്നെ അത്യപൂർവ്വമായ മുഹൂർത്തമായി എനിക്ക് അനുഭവപ്പെട്ടു. അതിനുള്ള ഒരു കാരണം, ഈജിപ്തിലെ പുരാവസ്തു സ്ഥാനങ്ങളിൽ നടത്തിയ യാത്രയിൽ കണ്ട കാഴ്ചകളായിരുന്നു. ലക്‌സറിലും സക്കാറയിലും ഞങ്ങൾ കയറിയ ശവപേടകമുറികളുടെ രൂപത്തിലാണ് ഈ സാങ്കല്പിക സെറ്റും രൂപപ്പെടുത്തിയിരിക്കുന്നത്.

അലെക്‌സാണ്ട്രിയ എഗൈൻ ആന്റ് ഫോറെവർ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ

അറബ് ലോകത്തിലും ഏഷ്യയുടെ മറ്റു ഭാഗങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം പ്രശസ്തി കൈവരിച്ച മഹാനായ ചലച്ചിത്രകാരനാണ് യൂസുഫ് ശാഹീൻ. കാൻ മേളയുടെ അമ്പതാം വാർഷികത്തിൽ (1997) അദ്ദേഹത്തെ ആജീവനാന്ത പുരസ്‌കാരം (ലൈഫ് ടൈം അച്ചീവ്‌മെന്റ്) നൽകി ആദരിച്ചു. പല തവണ പാം ദ് ഓറിനും ഗ്രാന്റ് പ്രൈസിനും അൺ സെർട്ടൻ റിഗാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളാണ് യൂസുഫ് ശാഹീന്റേത്. ബെർലിൻ മേളയിൽ ‘അലെക്‌സാണ്ട്രിയ വൈയ്ക്ക്‘ സിൽവർ ബിയർ പുരസ്‌കാരം (1979) ലഭിച്ചു. മറ്റനവധി മേളകളിലും അദ്ദേഹത്തിന്റെ സിനിമകൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൈറോ അന്താരാഷ്ട്ര മേളയുടെ ലോകത്തെ ഏറ്റവും മികച്ച നൂറു ചിത്രങ്ങളുടെ പട്ടികയിൽ പന്ത്രണ്ടെണ്ണം ശാഹീന്റേതാണ്.

അമ്പതു കൊല്ലത്തിലധികം സജീവമായി നിന്ന യൂസുഫ് ശാഹീന്റെ ചലച്ചിത്ര ജീവിതം വിവാദങ്ങൾ കൊണ്ടും വിലക്കുകൾ കൊണ്ടും വിസ്മയങ്ങൾ കൊണ്ടും ത്രസിപ്പിച്ച ഒന്നാണ്‌. ലെബനോൺകാരനായ പിതാവിന്റെയും ഗ്രീക്കുകാരിയായ മാതാവിന്റെയും മകനായി അലെക്‌സാണ്ട്രിയയിൽ 1926ൽ ജനിച്ച യൂസുഫ് ശാഹീൻ ജന്മം കൊണ്ട് കത്തോലിക്കനായിരുന്നു. മുതിർന്നതിനു ശേഷം താങ്കളേതു മതക്കാരനാണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം കൃത്യമായിരുന്നു: “ഈജിപ്ഷ്യൻ”. മറ്റൊരു സവിശേഷത സ്വന്തം വീട്ടിൽ തന്നെ അഞ്ചു ഭാഷകൾ സംസാരിക്കേണ്ട അവസ്ഥയുള്ള കോസ്‌മോ പൊളിറ്റൻ ബാല്യത്തിലൂടെയാണ് ശാഹീൻ വളർന്നത് എന്നതാണ്. അതായത് ഈജിപ്ഷ്യൻ ആയിരിക്കെ തന്നെ ഏതു തരം സങ്കുചിതത്വങ്ങൾക്കും അപ്പുറത്തുള്ള സാർവദേശീയതയായിരുന്നു അദ്ദേഹത്തിലെ ചലച്ചിത്രകാരനെ നിർണയിച്ചത്.

1989-ൽ 14-ാമത് കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്ന അഹമ്മദ് സാക്കി (ഇടത്തുനിന്ന് മൂന്നാമൻ), യൂസുഫ് ശാഹീൻ (വലത്തുനിന്ന് ആദ്യം)

മ്യൂസിക്കലുകൾ, കോമഡികൾ, രാഷ്ട്രീയ ത്രില്ലറുകൾ, ഗ്രാമകഥകൾ, ചരിത്രേതിഹാസങ്ങൾ, സാമൂഹ്യ പ്രതിഷേധങ്ങൾ, ഡോക്കുമെന്ററികൾ, മനശ്ശാസ്ത്രപരമായ സങ്കീർണതകൾ പ്രതിപാദിക്കുന്നവ എന്നിങ്ങനെ ലോക സിനിമ കടന്നു പോയ പല പന്ഥാവുകളിലൂടെയും തലങ്ങും വിലങ്ങും സഞ്ചരിച്ച കൈത്തഴക്കമുള്ള മാസ്റ്ററാണ് യൂസുഫ് ശാഹീൻ. ഒരേ സിനിമയ്ക്കകത്തു തന്നെ പല ഴോനറുകൾ (Genre) കൂട്ടിക്കലർത്തുന്നതിലും സമർത്ഥനാണദ്ദേഹം.

കാലിഫോർണിയയിലെ പാസിഡീന പ്ലേഹൗസിൽ നിന്ന് അഭിനയം പഠിച്ച യൂസുഫ് ശാഹീൻ മികച്ച ഒരു നടൻ കൂടിയാണ്. കൂടാതെ, അറബ് ലോകത്തു നിന്ന് അനേകം അഭിനേതാക്കളെ അദ്ദേഹം അവതരിപ്പിച്ചു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനി, ഒമർ ശെരീഫ് ആണ്. 1954ൽ യൂസുഫ് ശാഹീൻ സംവിധാനം ചെയ്ത ‘ദി ബ്ലേസിംഗ് സൺ‘ ആണ് ഒമർ ശെരീഫ് ആദ്യമായി അഭിനയിച്ച സിനിമ. പിന്നീട്; അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ സിനിമകളിലെല്ലാം അദ്ദേഹം അഭിനയിച്ചു. ഹോളിവുഡിനെ കീഴടക്കിയ ആദ്യത്തെ അറബിയും ഈജിപ്ഷ്യനുമാണ് ഒമർ ശെരീഫ് എന്നു പറയാറുണ്ട്. ലോറൻസ് ഓഫ് അറേബ്യ, ഡോക്ടർ ഷിവാഗോ, ജെങ്കിസ് ഖാൻ, മോൺസിയർ ഇബ്രാഹിം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളാണ്. ഹോളിവുഡിൽ നിന്നു പുറത്തു വന്ന ചെ! എന്ന സിനിമയിൽ ചെഗുവേരയുടെ വേഷം ചെയ്തത് ഒമർ ശെരീഫ് ആണ്.

ഒമർ ശെരീഫ്

ശക്തമായ രാഷ്ട്രീയ വീക്ഷണങ്ങൾ ഉണ്ടായിരുന്ന ചലച്ചിത്രകാരനായിരുന്നു യൂസുഫ് ശാഹീൻ. 1969ൽ പുറത്തു വന്ന അൽ അർദ് (ഭൂമി) എന്ന സിനിമ, നാടുവാഴിത്ത വ്യവസ്ഥയിൽ കർഷകർ ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്ന് കൃത്യമായി തുറന്നു കാട്ടി. ജാമില അൽ ജസൈറിയ (ജാമില എന്ന അൾജീരിയക്കാരി/1958) ഫ്രഞ്ച് സാമ്രാജ്യത്വത്തിനെതിരെ നടന്ന അൾജീരിയൻ വിപ്ലവത്തിൽ, ജാമില ബോഹിറെദിന്റെ നേതൃപ്രാമുഖ്യം വിശദീകരിക്കുന്ന സിനിമയാണ്. പ്രസിദ്ധമായ ബാറ്റിൽ ഓഫ് അൾജിയേഴ്‌സ് (ഗില്ലോ പോണ്ടെക്കാർവോ/ഇറ്റാലിയൻ) എന്ന സിനിമയിൽ വേണ്ടത്ര പ്രാമുഖ്യം കിട്ടാത്ത കഥാപാത്രമാണ് ജാമിലയുടേത് എന്നു വരുമ്പോഴാണ് യൂസുഫ് ശാഹീന്റെ സിനിമയുടെ പ്രസക്തി നാം തിരിച്ചറിയുക. 1954ലെ അൾജീരിയൻ വിപ്ലവത്തിൽ സ്ത്രീ പോരാളികൾ പങ്കെടുത്തതിന്റെ മഹത്വം ഈ സിനിമയിൽ നിന്ന് തിരിച്ചറിയാം. പതിറ്റാണ്ടുകളോളം ഈ സിനിമ അൾജീരിയയിൽ നിരോധിക്കപ്പെട്ടു.

യൂസുഫ് ശാഹീന്റെ ആത്മകഥാപരമായ സിനിമകളിലാദ്യത്തേതായ അലെക്‌സാണ്ട്രിയ ലേ (അലെക്‌സാണ്ട്രിയ എന്തിന്/1978) യിൽ 1942 കാലത്ത് അലെക്‌സാണ്ട്രിയയിലെ അദ്ദേഹത്തിന്റെ കൗമാരകാലമാണ് ഓർത്തെടുത്ത് ചിത്രീകരിക്കുന്നത്. നാസി അധിനിവേശം അക്കാലത്തെ ഭീതിയായിരുന്നു. യുവാവായ യഹിയ (യൂസുഫ് ശാഹീൻ തന്നെ അഭിനയിക്കുന്നു)യ്ക്ക് കലയോടും സാഹിത്യത്തോടും അതീവമായ താല്പര്യമാണുള്ളത്. ഷെക്‌സ്പിയറുടെ ഹാംലെറ്റ് ആണ് ഇഷ്ടകൃതി. നാടകം, സംഗീതം, നൃത്തം, സിനിമ എന്നീ മേഖലകളിലും തീവ്രമായ താല്പര്യമുണ്ട്. ഈ സിനിമയിൽ അതോടൊപ്പം പല കഥകൾ കൂട്ടിയോജിപ്പിച്ചിരിക്കുന്നു. പ്രാധാന്യമില്ലാത്തതെന്നു നമുക്ക് തോന്നുന്ന ഒരു പ്രേമകഥ പ്രധാനമാണെന്ന് പതിയെയാണ് മനസ്സിലാവുക. സാറ എന്ന ഈജിപ്തുകാരിയും ധനികയുമായ ജൂതവംശജയും സാധാരണക്കാരനായ ഈജിപ്തുകാരൻ ഇബ്രാഹിമും തമ്മിലുള്ളതാണ് ഈ പ്രണയം. രണ്ടു പേരും കമ്യൂണിസ്റ്റുകാരാണ്. അബ്രഹാം, സാറ എന്നീ പേരുകൾക്ക് ബൈബിളിലെ കഥാപാത്രങ്ങളോട് സാമ്യം തോന്നാം. നാസികളെ പേടിച്ച് സാറയുടെ കുടുംബം ദക്ഷിണാഫ്രിക്കയിലേക്ക് പലായനം ചെയ്യുമ്പോൾ അവൾ ഗർഭിണിയായിരുന്നു. യുദ്ധം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാകട്ടെ ഇബ്രാഹിം ജയിലിൽ തടവു ശിക്ഷ അനുഭവിക്കുകയായിരുന്നു. കമ്യൂണിസ്റ്റായ കലഹക്കാരൻ എന്നതായിരുന്നു കുറ്റം. മറ്റൊരു പ്രണയം സാമ്രാജ്യത്വ വിരുദ്ധനും കുലീനനുമായ ദേശീയവാദിയും ബ്രിട്ടീഷ് സൈനികനുമായിട്ടാണ്. രണ്ടു പ്രണയങ്ങളും വിലക്കപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. ഈജിപ്തിലെ സർവ മതങ്ങളും വിശ്വാസങ്ങളും വംശീയതകളും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ഇവിടെ കടന്നു വരുന്നു എന്നതാണ് കാണേണ്ടത്. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയും അറബികളും ഗ്രീക്കുകാരും ഇറ്റലിക്കാരും യൂറോപ്യരും സിനിമയിലുണ്ട്. ഇസ്ലാമിസം, കമ്യൂണിസം, മതനിരപേക്ഷ സാമ്രാജ്യത്വ വിരുദ്ധ ദേശീയത, സിയോണിസം എന്നിവയും സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നു. സാറയുടെ സഹോദരൻ ദാവീദ് സിയോണിസ്റ്റുകൾക്കൊപ്പം പൊരുതാൻ പലസ്തീനിലേക്ക് പോകുന്നുണ്ട്.

(1) ‘ദി സ്പാരോ‘ ഈജിപ്ഷ്യൻ അഴിമതിയെ ആക്രമിക്കുകയും സർക്കാർ പിന്തുണക്കാരുടെ എതിർപ്പ് നേരിടുകയും ചെയ്തു. (2)അറബ് സിനിമയിലെ ഏറ്റവും മികച്ച ‘സംഗീത ചിത്ര’ങ്ങ ളിലൊന്നായി (മ്യൂസിക്കൽ) റിംഗ് സെല്ലർ മാറി. (3)’അലക്സാണ്ട്രിയ… എന്തുകൊണ്ട്?‘ എന്ന സിനിമയിലെന്നപോലെ യൂസഫ് ഷഹീൻ തന്റെ കൃതികളിൽ പലപ്പോഴും സ്വവർഗ്ഗാനുരാഗ വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

ഒരു ഈജിപ്ഷ്യൻ കഥ (ഹാദുത്ത മസ്രിയ/1982)യിൽ അറിയപ്പെടുന്ന ചലച്ചിത്രകാരനായാണ് യഹിയ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ യഹിയയെ അവതരിപ്പിക്കുന്നത് നൂർ അൽ ശെരീഫ് എന്ന നടനാണ്. ചെയിൻ സ്‌മോക്കറായ യഹിയയെ ഹൃദയ ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്യുന്നതാണ് കഥയുടെ പശ്ചാത്തലം. ഹോളിവുഡിൽ അറബ് സംവിധായകർക്കെതിരായി നിലനില്ക്കുന്ന ഉപേക്ഷാ മനോഭാവം ആണ് സിനിമയിലെ ഒരു മുഖ്യ പ്രമേയം. സിയോണിസത്തിന്റെ സ്വാധീനം അവിടെ പ്രകടമാണ്. പ്രസിദ്ധ ഗായിക ഉമ്മു കുൽസും ‘ഇൻതാ ഉമ്രി‘ എന്ന പ്രസിദ്ധമായ ഗാനം ഈ സിനിമയ്ക്കു വേണ്ടി പാടി അഭിനയിച്ചിട്ടുണ്ട്.

മൂന്നാമത്തേതായ അലെക്‌സാണ്ട്രിയ ഇപ്പോഴും എന്നെന്നേയ്ക്കും എന്ന സിനിമയിലെ ഒരു രംഗമാണ് ആദ്യ ഖണ്ഡികകളിൽ വിവരിച്ചത്. ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി ഈജിപ്ഷ്യൻ സിനിമയിലെ അഭിനേതാക്കൾ നടത്തിയ സമരവും സർക്കാരിന്റെ അടിച്ചമർത്തലും എല്ലാം ഈ സിനിമയിലുണ്ട്.

തന്റെ സിനിമകളുമായി അന്താരാഷ്ട്ര വേദികളിൽ എത്തുമ്പോൾ, സിനിമയിലൊതുങ്ങി നിന്ന് സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല യൂസുഫ് ശാഹീൻ. തന്റെ രാഷ്ട്രീയ ആകുലതകളെക്കുറിച്ച് അദ്ദേഹം വാചാലനാവും. ഈജിപ്ത്, പല്‌സ്തീൻ, ഇറാഖ്, അറബ് ലോകം, ഇസ്ലാം, ജനാധിപത്യം, പാശ്ചാത്യ വംശീയത, പാശ്ചാത്യ സാമ്രാജ്യത്വം, കലാവിഷ്‌ക്കാര സ്വാതന്ത്ര്യം, ചിന്തയും സർഗാത്മകതയും എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം ദീർഘമായി സംസാരിക്കും. 1998ൽ ന്യൂയോർക്കിലെത്തിയപ്പോൾ, പ്രസിദ്ധ പലസ്തീൻ ചിന്തകനും അധ്യാപകനുമായ ജോസഫ് മസാദ് നടത്തിയ അഭിമുഖം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പലസ്തീൻ സ്റ്റഡീസിനു വേണ്ടി കലിഫോർണിയ യൂണിവേഴ്‌സിറ്റി പ്രസ്സാണ് പ്രസിദ്ധീകരിച്ചത്. ആ അഭിമുഖത്തിലെ വിശദാംശങ്ങളും കുരിശുയുദ്ധം നയിച്ച ഖൈറു ജൂനൂദിൻ ഫിൽ അർദ് (ഭൂമിയിലെ ഏറ്റവും മികച്ച സൈനികപ്പോരാളി) ആയി വിശേഷിപ്പിക്കപ്പെടുന്ന സലാഹുദ്ദീൻ അയ്യൂബിയെക്കുറിച്ചുള്ള യൂസുഫ് ശാഹീന്റെ പ്രസിദ്ധമായ സലാദീൻ എന്ന സിനിമയുടെയും കൈറോ സ്‌റ്റേഷൻ അടക്കമുള്ള മറ്റു സിനിമകളുടെയും കാഴ്ചാവിശേഷങ്ങളും അടുത്ത ലക്കത്തിൽ പങ്കുവെക്കാം.

(അടുത്ത ലക്കത്തിൽ യൂസുഫ് ശാഹീന്റെ സലാദീൻ – ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേയ്ക്ക്)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.