A Unique Multilingual Media Platform

Articles Culture History Travel

സിനിമാറ്റിക് കൈറോവും അറബ് ലോകത്തിന്റെ ഭാവനകളും (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #17)

സിനിമാറ്റിക് കൈറോവും അറബ് ലോകത്തിന്റെ ഭാവനകളും  (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #17)

പാശ്ചാത്യ സംസ്‌ക്കാരത്തെ സ്വാഗതം ചെയ്യുകയും തങ്ങളുടെ സിനിമകളില്‍ അതിന്റെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ആദ്യകാല സിനിമകളിലൊന്നാണ് ഈജിപ്തിലേത്. കൈറോ നിവാസികളുടെ അനുഭവങ്ങള്‍, അറബ് ലോകത്താകെ വിനിമയം ചെയ്യുന്നതില്‍ ഈജിപ്ഷ്യന്‍ സിനിമ വിജയിച്ചു. ഇക്കാര്യം വിഖ്യാത കലാ ചിന്തകനും ദാര്‍ശനികനും പാലസ്തീന്‍ വംശജനുമായ എഡ്വേര്‍ഡ് സൈദ് എടുത്തു പറഞ്ഞിട്ടുണ്ട്. സങ്കീര്‍ണമായ ജനപ്രിയ സാംസ്‌ക്കാരിക വ്യവസ്ഥയാണ് കൈറോവിലുള്ളതെന്ന് തോന്നിപ്പിക്കുന്നതിന് പ്രേരകമായത് ഈജിപ്ഷ്യന്‍ സിനിമയാണെന്നാണ് സൈദിന്റെ നിരീക്ഷണം.

അറബ് ലോകത്തിന്റെ തലസ്ഥാനം എന്ന നിലയില്‍ കൈറോവിനെ മാറ്റാനും ഉറപ്പിക്കാനും പ്രസിഡണ്ട് ജമാല്‍ അബ്ദുല്‍ നാസറിന്റെ കാലത്ത് പരിശ്രമങ്ങളുണ്ടായി. അതിന്റെ ഭാഗമായാണ് ഐക്യ അറബ് റിപ്പബ്ലിക്കുണ്ടാക്കിയത്. സിറിയയും ഗാസയും അന്ന് ഈജിപ്തിനോടൊപ്പം യുഎആറിലുണ്ടായിരുന്നു. ഇക്കാര്യം കഴിഞ്ഞ അദ്ധ്യായങ്ങളില്‍ വിശദീകരിച്ചതുമാണ്. ഈജിപ്ഷ്യന്‍ സിനിമയുടെ രാഷ്ട്രീയ പ്രകടനങ്ങളും അന്തര്‍ഗതങ്ങളും മനസ്സിലാക്കണമെങ്കില്‍ ഈ അറബ് ലോകത്തിന്റെ ആസ്ഥാന പ്രതിനിധാനം എന്ന അവസ്ഥ കൂടി കണക്കിലെടുക്കണം. അറബ് ലോകത്തെ പ്രധാന സിനിമ ഈജിപ്ഷ്യന്‍ സിനിമയായതു കൊണ്ടും, അതില്‍ തന്നെ കൈറോ മുഖ്യ പശ്ചാത്തലം ആയതു കൊണ്ടും കൈറോവിലെ തെരുവുകളുടെയും ഇടവഴികളുടെയും പേരുകള്‍ പോലും അറബ് ബോധത്തിലും അബോധത്തിലും ഉറച്ചു. ഈജിപ്ഷ്യന്‍ അറബ് ഭാഷാഭേദത്തിനും അറബ് ലോകത്താകെ പ്രചാരം കിട്ടിയത് സിനിമകളിലൂടെയാണ്.

 

ഭാഷാപരമായും ചരിത്രപരമായും സാംസ്‌ക്കാരികമായും ഈജിപ്തിന് അറബ് ലോകത്താകെ സ്വീകാര്യത കിട്ടിയതും ഇതിന്റെ തുടര്‍ച്ചയാണ്. ധാര്‍മികവും രാഷ്ട്രീയവുമായ വീക്ഷണങ്ങളെ സ്വാധീനിക്കാനും മാറ്റത്തെ നിര്‍ണയിക്കാനും ഇതുവഴി ഈജിപ്തിന് സാധിച്ചു. ഈജിപ്ഷ്യന്‍ സര്‍ക്കാരിനും ഇതറിയാമായിരുന്നു. തങ്ങളുടെ ആശയങ്ങള്‍ അറബ് ലോകത്താകെ പ്രചരിപ്പിക്കാന്‍ സിനിമയെ അവരും പ്രയോജനപ്പെടുത്തി.

അമ്പതുകളിലെയും അറുപതുകളിലെയും ഈജിപ്ഷ്യന്‍ സിനിമ പൊതുവെ, അറബ് ലോകത്തെ ഐക്യപ്പെടുത്താനും, കൈറോവിന് അറബ് ലോകത്തെ നയിക്കാനുള്ള വഴി ഒരുക്കിക്കൊടുക്കാനും ലക്ഷ്യമിട്ടിരുന്നു. 1952ലെ വിപ്ലവത്തിനു മുമ്പ് ഈജിപ്ഷ്യന്‍ സിനിമയില്‍ വിനോദമൂല്യങ്ങളാണ് കൂടുതലുണ്ടായിരുന്നതെങ്കില്‍, വിപ്ലവാനന്തരം അത് രാഷ്ട്രീയ ഘടകങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന രീതിയിലേക്ക് മാറി. പ്രമുഖമായ സാഹിത്യകൃതികളും ആഖ്യാനങ്ങളും ഉപയോഗിച്ചുകൊണ്ട് ഒരു അറബ് ദേശീയ സ്വത്വം നിര്‍മ്മിച്ചെടുക്കുന്നതിനായിരുന്നു അക്കാലത്തെ സിനിമ ശ്രമിച്ചിരുന്നത്. ഫറോവ കാലത്തിന്റെ ചരിത്രം, അറബ് ഭാഷ, ഇസ്ലാം മതം എന്നീ മൂന്നു ഘടകങ്ങളുടെ സംയോജനം ആണ് ഈജിപ്ഷ്യന്‍ സ്വത്വം.

പ്രസിഡണ്ട് നാസറിന്റെ സര്‍ക്കാര്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ ദ് പ്രൊട്ടക്ഷന്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് എന്ന സ്ഥാപനവും ഓര്‍ഗനൈസേഷന്‍ ഓഫ് കണ്‍സോളിഡേഷന്‍ ഓഫ് സിനിമ എന്ന സ്ഥാപനവും ആരംഭിച്ചു. ഈജിപ്ഷ്യന്‍ സിനിമയ്ക്കുള്ള അവാര്‍ഡുകള്‍ കൊടുത്തിരുന്നതും ഈ സ്ഥാപനമാണ്. 1961ല്‍ സിനിമാ വ്യവസായം ദേശസാല്‍ക്കരിക്കപ്പെട്ടു. ഏകപാര്‍ട്ടി ഭരണമായിരുന്നു നാസറിന്റേത്. തങ്ങളുടെ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കാന്‍ സിനിമ പ്രയോജനപ്പെടുത്തപ്പെട്ടു. സിറിയ യുഎആറിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ, ഡമാസ്‌കസും സിനിമയുടെ ശ്രദ്ധാകേന്ദ്രമായി മാറി. അറബിസത്തിന്റെ തുടിക്കുന്ന ഹൃദയമാണ് സിറിയ എന്നാണ് നാസര്‍ വിശേഷിപ്പിച്ചത്. ഈജിപ്തും സിറിയയും തമ്മിലുള്ള ഐക്യത്തെ പ്രകീര്‍ത്തിച്ച അമാലിക്കത്ത് അല്‍ ബിഹാര്‍ (കടലിലെ വമ്പന്‍) എന്ന സിനിമ 1960ലാണിറങ്ങിയത്. ഈജിപ്തിലെ അലെക്‌സാണ്ട്രിയയും സിറിയയിലെ ലത്താക്കിയയുമാണ് സിനിമയിലെ കഥ നടക്കുന്ന നഗരങ്ങള്‍. ഇസ്മയില്‍ യാസിന്‍ ബി ദിമാഷ്‌ക്ക് (ഇസ്മയില്‍ യാസിന്‍ ദമാസ്‌കസില്‍/1958) എന്ന സിനിമയിലും സമാനമായ പ്രമേയമാണുള്ളത്. കൈറോവില്‍ നിന്ന് ഇസ്മയിലും കൂട്ടരും ദമാസ്‌കസിലേയ്ക്ക് പോകുന്നതാണ് കഥ. സനവാതുൽ ഹുബ് (വര്‍ഷങ്ങള്‍ നീണ്ട പ്രണയം/1963) എന്ന സിനിമ അതേ പേരിലുള്ള അമിന്‍ യൂസഫ് ഗുരാബിന്റെ നോവലിനെ ആസ്പദമാക്കി എടുത്ത സിനിമയാണ്. വിദ്യാഭ്യാസവും പ്രണയവുമെല്ലാം പ്രമേയമായി വരുന്ന സിനിമയില്‍ നോവലില്‍ നിന്നുള്ള ഒരു മാറ്റം പ്രകടമാണ്. കൈറോവും ദമാസ്‌കസുമാണ് നോവലിലുണ്ടായിരുന്ന നഗരങ്ങളെങ്കില്‍ സിനിമയിലത് കൈറോവും അലെക്‌സാണ്ട്രിയയുമായി മാറുന്നു. സിറിയ ഈജിപ്ത് നേതൃത്വം നല്‍കുന്ന യുഎആറില്‍ നിന്നു വിട്ടുപോയി എന്നതായിരുന്നു അതിന്റെ കാരണം.

നാസറിന്റെ ഭരണത്തിന്‍ കീഴില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം പോലുള്ള നയങ്ങളുടെ അനന്തരഫലമായാണ് ഈജിപ്തില്‍ മധ്യവര്‍ഗം രൂപം കൊള്ളുന്നത്. ഇക്കാലത്ത് ലക്ഷക്കണക്കിന് ആളുകളാണ്‌ കൈറോ നഗരത്തിലെത്തുന്നത്. ഇതിനെ തുടര്‍ന്ന്‌ നഗരത്തിലെ ഭവന ലഭ്യതാപ്രതിസന്ധി രൂക്ഷമായി. ഇക്കാര്യം ചര്‍ച്ച ചെയ്ത അൽ ഹുബ് ഫൗഖ ഹസ്ബത്തുൽ ഹറം(പിരമിഡിന്റെ നാട്ടിലെ പ്രണയം), കരാക്കുന്‍ ഫി അല്‍ ശാരി( തെരുവിലെ തടവറ) എന്നീ സിനിമകള്‍ ശ്രദ്ധേയമാണ്.

അൽ ഹുബ് ഫൗഖ ഹസ്ബത്തുൽ ഹറം
അൽ ഹുബ് ഫൗഖ ഹസ്ബത്തുൽ ഹറം സിനിമയിലെ രംഗം

ഖരാഗ വാ ലാം യഊദ് (തിരിച്ചു വരാത്ത വിധത്തില്‍ സ്ഥലം വിട്ടു/1984) എന്ന സിനിമയിലെ നായകകഥാപാത്രമായ ആത്തേയ കൈറോവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. താമസിക്കുന്നത് ചേരിയ്ക്കു സമാനമായ പരിതാപകരമായ സ്ഥലത്താണ്. നഗരത്തിലെ ഒരു യുവതിയുമായി വിവാഹം നിശ്ചയിക്കുന്നുവെങ്കിലും നല്ല അപ്പാര്‍ട്‌മെന്റ് സ്വന്തമായില്ലാത്തതിനാല്‍ വിവാഹം നടക്കുന്നില്ല. ഗ്രാമത്തില്‍ പോയി തന്റെ കൃഷിഭൂമി വിറ്റ്, തിരിച്ചു വന്ന് കൈറോവില്‍ ഒരു അപ്പാര്‍ട്‌മെന്റ് വാങ്ങാമെന്ന ധാരണയോടെ ജന്മദേശത്തേക്ക് പോകുന്ന അയാള്‍, അവിടത്തെ സ്വഛതയും ശുദ്ധവായുവും എല്ലാം കണ്ട് സ്ഥലം വാങ്ങാന്‍ വന്ന ആളുടെ മകളെ വിവാഹവും കഴിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുന്നു. ഹുനാ അൽ ഖാഹിറ(കൈറോ ഇതാണ്/1985) എന്ന സിനിമയില്‍, ഭാര്യാഭര്‍ത്താക്കന്മാരായ സിനൂസിയും സബ്രിനും അവരുടെ ചെറു നഗരത്തില്‍ നിന്ന് കൈറോവിലെത്തുന്ന കഥയാണുള്ളത്. തന്റെ ഗവേഷണ ഫലം കൃഷി മന്ത്രിയെ കണ്ട്, രാജ്യത്തിനുണ്ടാകാന്‍ പോകുന്ന നഷ്ടം കുറയ്ക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് അയാള്‍ കൈറോവിലെത്തുന്നതെങ്കിലും നഗരത്തിന്റെ സങ്കീര്‍ണമായ ഉള്‍പ്പിരിവുകളിലും ബഹളങ്ങളിലും മാലിന്യത്തിലും സ്‌നേഹരാഹിത്യത്തിലും അവര്‍ക്ക് മനം മടുക്കുന്നു, നിസ്സഹായരാവുന്നു.

പോസ്റ്റർ: ഹുനാ അൽ ഖാഹിറ

തര്‍ക്കമില്ലാത്ത വിധത്തില്‍ യാഥാര്‍ത്ഥ്യത്തിന്റെ വസ്തുനിഷ്ഠ വിവരങ്ങളല്ല, മറിച്ച് വിവാദപൂര്‍ണവും അസ്ഥിരവുമായ അഭിപ്രായ ശേഖരങ്ങളിലുള്ള ഇടപെടല്‍ മാത്രമാണ് സിനിമയെന്ന് ഫൂക്കോ പറയുന്നുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ ജനങ്ങള്‍ എങ്ങനെയാണ് ജീവിച്ചതെന്നും കാലത്തിന്റെ പരിണാമത്തില്‍ അവരുടെ ജീവിതാവസ്ഥകളിലുണ്ടായ മാറ്റങ്ങളെന്തെന്നും അന്വേഷിക്കാനുതകുന്ന ചരിത്രരേഖകള്‍ സിനിമകളില്‍ നിന്ന് കണ്ടെടുക്കാനാവുമെന്നതാണ് വാസ്തവം.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കൈറോയുടെ പഴയ മര്‍മ്മങ്ങളില്‍ നിന്ന് മാറി സൃഷ്ടിക്കപ്പെട്ട ഹെലിയോപോളീസ് എന്ന പ്രാന്തപ്രദേശ നഗരത്തിന് കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങളുടെ ദൃശ്യപരവും സാംസ്‌ക്കാരികവുമായ മാനങ്ങള്‍ കണ്ടെടുക്കാവുന്ന അര്‍ദ് അല്‍ അഹ്ലാം(സ്വപ്‌ന ഭൂമികള്‍/1993), ഫി ശൈത് മസ്‌റ് അല്‍ ഗാദിദ (ഹെലിയോപോളീസ് ഫ്‌ളാറ്റിനകത്ത്/2007), ഹെലിയോപോളീസ്(2010) എന്നീ സിനിമകള്‍ ശ്രദ്ധേയമായ പഠനങ്ങള്‍ക്ക് വിധേയമായി. ഹെലിയോപാളീസ് നിര്‍മ്മിക്കപ്പെട്ട കാലത്ത് ധനികരായ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ജെര്‍മന്‍കാരും ഇറ്റലിക്കാരും അര്‍മീനിയക്കാരും ജൂതന്മാരും ഗ്രീക്കുകാരും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായ ഈജിപ്തുകാരുമാണ് അവിടെ താമസമാക്കിയത്. പിന്നീട്, ദേശസാല്‍ക്കരണത്തിന്റെയും യുദ്ധത്തിന്റെയും ഭൂപരിഷ്‌ക്കരണത്തിന്റെയും നാസര്‍ കാലഘട്ടവും മുതലാളിത്തവത്ക്കരണത്തിന്റെ സാദത്ത്, മുബാറക്ക് കാലഘട്ടവും കടന്ന് ഉദാരീകരണലോകത്തിന്റെ നേര്‍ചിത്രമായി ലോകമെമ്പാടുമെന്നതു പോലെ ഹെലിയോപോളീസും മാറി.

 

സ്വപ്‌നഭൂമിയായി വാഴ്ത്തപ്പെടുന്ന അമേരിക്കയിലേക്ക് മകന്റെ ഒപ്പം പോകാനായി തുനിയുന്ന നര്‍ഗീസ് എന്ന മധ്യവയസ്‌ക്കയുടെ അനുഭവങ്ങളാണ് അര്‍ദ് അല്‍ അഹ്ലാമിലുള്ളത്. അവരുടെ പാസ്‌പോര്‍ട് നഷ്ടപ്പെടുന്നു. അതു തിരയുമ്പോഴാണ്, അതുവരെയും ജീവിച്ച കാലങ്ങളിലൊന്നും അവര്‍ കാണാത്ത ഹെലിയോപോളീസ് നഗരം അവര്‍ സാഹസികമായി ചുറ്റിക്കറങ്ങുന്നത്. അതിനിടയില്‍ മാന്ത്രികന്‍, പോലീസ്, ഹോട്ടല്‍, സ്വകാര്യവാസസ്ഥലം, ആശുപത്രി എന്നിങ്ങനെ സ്വാഭാവികമായിരിക്കെ തന്നെ അസ്വാഭാവികമായ അനവധി കാര്യങ്ങളെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. സ്വപ്‌നഭാവിയിലേക്ക് പലായനപ്പെടാനിരുന്നവള്‍ പുനരാലോചിക്കുന്നതാണ് അന്ത്യം. സ്വന്തം നാടിന്റെ മടുപ്പും കെട്ടിക്കിടക്കലും കൊണ്ടാണ് മകന്‍ അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ തുനിയുന്നതെങ്കില്‍; തന്റെ വേരെന്താണ്, മാറ്റങ്ങളെന്താണ്, അവയോട് എങ്ങനെയാണ് താന്‍ പ്രതികരിക്കുന്നത് എന്നൊക്കെയാണ് നര്‍ഗീസിനെ സ്വയം പുനരാവിഷ്‌ക്കരിക്കുന്നത്.

ഹെലിയോപോളീസ് ഫ്‌ളാറ്റില്‍ എന്ന സിനിമയില്‍ സ്‌കൂള്‍ വിനോദസഞ്ചാര സംഘത്തിനൊപ്പം കൈറോവിലെത്തുന്ന നഗ് വ എന്ന സംഗീതാധ്യാപിക അവരുടെ അദ്ധ്യാപികയെ അന്വേഷിക്കുന്നതും അതിനു പകരം യഹിയയെ കണ്ടുമുട്ടുന്നതും പിന്നീട് നൊസ്റ്റാല്‍ജിയകളിലൂടെയും പുതിയ തിരിച്ചറിവുകളിലൂടെയും സഞ്ചരിക്കുന്നതുമാണുള്ളത്. ഇബ്രാഹിം എന്ന റിപ്പോര്‍ടറുടെ കണ്ണിലൂടെ ഹെലിയോപോളീസ് നഗരപ്രാന്തം വിശദമായി കാണുന്നതാണ് ഹെലിയോപോളീസ് എന്ന സിനിമയിലുള്ളത്.

പോസ്റ്റർ: ഹെലിയോപോളീസ്

ഹാര എന്നു വിളിക്കപ്പെടുന്ന തെരുവുകളും ഇടവഴികളും നിറഞ്ഞ ജനവാസസ്ഥലങ്ങളായിരുന്നു അമ്പതുകളിലെയും മറ്റും കൈറോയുടെ സവിശേഷത. എന്നാല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ഏത് മെട്രോപോളിറ്റന്‍ നഗരത്തിലുമെന്നതു പോലെ കൈറോവിലും ബഹുനില അപ്പാര്‍ടുമെന്റുകള്‍ നിറഞ്ഞു. ഈജിപ്ഷ്യന്‍ അറബിയില്‍ ഇതിന് ഇമാറ എന്നാണ് പറയുന്നത്. കൈറോവിലെ ജീവിതം ഹാരയുടെ കാലത്തു നിന്ന് ഇമാറയുടെ കാലത്തേയ്ക്ക് മാറുന്നതിന്റെ താരതമ്യം അറിയാന്‍ 1958ലിറങ്ങിയ ശാരിഉൽ ഹുബ് (സ്‌നേഹത്തെരുവ്) എന്ന സിനിമയും ഇമാറതു യാഖുബിയാൻ (യക്കൂബിയന്‍ അപ്പാര്‍ട്‌മെന്റ്) എന്ന 2006ലെ സിനിമയും കണ്ടാല്‍ മതി എന്ന് മിറെത്തേ അസീസ് പറയുന്നു.

ഇമാറതു യാഖുബിയാൻ എന്ന സിനിമയിലെ രംഗം

പാരീസിലെ ഗ്രാന്റ് കഫേയിലാണ് 1895 ഡിസംബറില്‍ ലൂമിയര്‍ സഹോദരന്മാര്‍ സിനിമോട്ടോഗ്രാഫ് പ്രദര്‍ശനം നടത്തിയത്. ഈജിപ്തിലെ ആദ്യ പ്രദര്‍ശനവും ഒരു കഫേയിലായിരുന്നു. അലെക്‌സാണ്ട്രിയയിലെ ഖഹ് വാ സവാനി എന്ന കഫേയില്‍ 1896ലാണ് ആ പ്രദര്‍ശനം നടന്നത്. വരേണ്യരും ബുദ്ധിജീവികളുമായ അലെക്‌സാണ്ട്രിയ നഗരത്തിലെ അനേകര്‍ അന്ന് ആ കോഫി ഹൗസില്‍ തടിച്ചു കൂടി. നേരം അസ്തമിച്ചിരുന്നു. കമ്പി റാന്തലുകള്‍ നീക്കം ചെയ്തു. പെട്ടെന്ന് പരന്ന ഇരുട്ടില്‍ ആ കാണികള്‍ പരിഭ്രാന്തരായി. ശബ്ദം കൂടിയ ഒരു യന്ത്രത്തില്‍ നിന്ന് വലിച്ചു കെട്ടിയ തിരശ്ശീലയിലേയ്ക്ക് വെളിച്ചം പായിച്ച് ബെര്‍ലിനിലെയും പാരീസിലെയും ലിയോണിലെയും പാലങ്ങളും ഹോട്ടലുകളും തീവണ്ടി നിലയങ്ങളും ചോലമരങ്ങള്‍ നിറഞ്ഞ മനോഹരമായ നടപ്പാതകളും അവര്‍ കണ്ടു.

1912ല്‍ കൈറോവിലെ ഒരു കോഫീ ഹൗസ് ഉടമസ്ഥന്‍, ഒരു ഹ്രസ്വ ചലച്ചിത്രം നിര്‍മ്മിക്കാനുള്ള പണമിറക്കി. ഈജിപ്ഷ്യന്‍ നഗരജീവിതത്തിന്റെ തുടിക്കുന്നതും തീക്ഷ്ണവും വൈവിദ്ധ്യമാര്‍ന്നതുമായ ചലനങ്ങള്‍ ആയിരുന്നു ആ ഹ്രസ്വചിത്രത്തില്‍. കൈറോവിലെ ഓപ്പെറാ ചത്വരവും ഗിസ പിരമിഡ് കാണാന്‍ വിനോദസഞ്ചാരികള്‍ ഒട്ടകപ്പുറത്തേറി പോകുന്നതും എല്ലാമായിരുന്നു ആ സിനിമയിലുണ്ടായിരുന്നത്. നഗരജീവിതം, അതില്‍ പ്രകടമായ യൂറോപ്യന്‍ സ്വാധീനം, എണ്ണമറ്റ കോഫി ഹൗസുകള്‍ അഥവാ കഫേകള്‍, ഇവയുമായി ഈജിപ്ഷ്യന്‍ സിനിമയ്ക്കുള്ള ബന്ധം അപ്രകാരം എല്ലാക്കാലത്തും സുസ്ഥിരമായിത്തീര്‍ന്നു.

ആയിരം മിനാരങ്ങളുള്ള കൈറോവില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ആയിരത്തി മുന്നൂറ് കഫേകള്‍ ഉണ്ടായിരുന്നു. ആയിരത്തി തൊണ്ണൂറുകളില്‍ ഇത് പതിനയ്യായിരവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാല്‍പ്പകുതിയായപ്പോള്‍ മുപ്പതിനായിരവും ആയി വര്‍ദ്ധിച്ചു എന്നാണനുമാനം. നജീബ് മെഹ്ഫൂസിന്റെ നോവലുകളിലും അവയെ ആസ്പദമാക്കിയ സിനിമകളിലും കഫേകളുടെ സാന്നിദ്ധ്യം നിര്‍ണായകമാണ്. നജീബ് മെഹ്ഫൂസിനെക്കുറിച്ചുള്ള വിശകലനങ്ങളില്‍, ഈ കുറിപ്പുകളുടെ സമാപന അദ്ധ്യായങ്ങളില്‍ അത് കൂടുതല്‍ വിശദമായി പരിശോധിക്കാം. സുക്കാക്ക് അല്‍ മിദാക്ക്, അല്‍ കര്‍ണാക്ക് എന്നീ സിനിമകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം.

ധനിക വരേണ്യ വര്‍ഗത്തിലോ മധ്യവര്‍ഗത്തിലോ നഗരത്തിലെ ദരിദ്രവര്‍ഗത്തിലോ എവിടെയുമാകട്ടെ ഈജിപ്ഷ്യന്‍ സ്ത്രീകള്‍ അനുഭവിച്ചു പോന്ന സാമൂഹ്യ പ്രതിസന്ധികളും പ്രതിനിധാന വെല്ലുവിളികളും രൂക്ഷമായിരുന്നു. വിലക്കുകള്‍ പൊട്ടിച്ചെറിയാനും വിദ്യാഭ്യാസം നേടാനും തൊഴിലുകളിലേര്‍പ്പെടാനും ലിംഗ തുല്യതയ്ക്കുവേണ്ടിയും അവര്‍ പോരാടിക്കൊണ്ടിരുന്നു. ഇപ്പോഴും ബസുകളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും വീടുകളിലും അവര്‍ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നു. അന ഹുറാ (ഞാന്‍ സ്വതന്ത്രയാണ്/ 1959), മിരാത്തി മുദിര്‍ അമ്(എന്റെ ഭാര്യ ജനറല്‍ മാനേജരാണ്/1966), 678(2010), നവ്വാര(2015) എന്നീ സിനിമകള്‍ പരിശോധിച്ചുകൊണ്ട് നഗരത്തിനകത്ത് സ്ത്രീ എങ്ങനെയാണ് മാന്യതയ്ക്കു വേണ്ടി സമരം ചെയ്തു കൊണ്ടിരിക്കുന്നത് എന്ന കാര്യം നൂര്‍ അബെല്‍ സോഫി പരിശോധിക്കുന്നു.

1950കളില്‍ ഇറങ്ങിയ സുപ്രധാനമായ ഒരു ഫെമിനിസ്റ്റ് നോവലായിരുന്നു ഇഹ്‌സാന്‍ അബ്ദെല്‍ കുദ്ദൂസിന്റെ അന ഹോറ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് സിനിമയായി. വിദ്യാഭ്യാസത്തിനും തൊഴിലവകാശത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു മധ്യവര്‍ഗ ഈജിപ്ഷ്യന്‍ വനിത പോരാടുന്നതിന്റെ കഥയാണിത്.

പോസ്റ്റർ: അന ഹോറ

ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഒരു കമ്പനിയുടെ മുഖ്യപദവിയില്‍ (ജനറല്‍ മാനേജര്‍) എത്തുന്ന കൈറോക്കാരിയുടെ കഥ മിരാത്തി മുദിര്‍ അമ് എന്ന സിനിമയായി. അമ്പതു വര്‍ഷം കഴിഞ്ഞപ്പോഴാകട്ടെ; സ്വാതന്ത്ര്യത്തിനായല്ല അതിജീവനത്തിനായി നഗരത്തിലെ സ്ത്രീകള്‍ക്ക് തൊഴിലാളികളാകേണ്ടി വരുന്നു. 678ലും നവ്വാരയിലും അതാണാവിഷ്‌ക്കരിക്കപ്പെടുന്നത്.

2008ലിറങ്ങിയ ഹാസന്‍ വാ മര്‍ക്കസ് (ഹാസനും മര്‍ക്കസും) എന്ന സിനിമയിലെ പുരോഹിത കഥാപാത്രം ഇപ്രകാരം പറയുന്നു: ഫലമുണ്ടാക്കിക്കഴിഞ്ഞാല്‍ വിത്തിനോട് ആരാണത് നട്ടത് എന്നു ചോദിക്കാറില്ല. ദേശീയൈക്യം, ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരായ പ്രതിരോധം, എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഔദ്യോഗിക സമ്മേളനത്തിലാണ് ഈ പുരോഹിതന്റെ പ്രസംഗം ഇതുപോലെ ആരംഭിക്കുന്നത്. 1950കള്‍ വരെയും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും അതുപോലെ ലോകത്തെമ്പാടുനിന്നും എത്തിയ ഇതര രാജ്യങ്ങളിലുള്ളവരും സമാധാനപരമായി സഹവര്‍ത്തിച്ചിരുന്ന ഈജിപ്തില്‍ വിഭജനങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സ്പഷ്ടമാണ്. ഹസന്‍ വാ മര്‍ക്കസ് വാ കുഹിന്‍ (ഹാസനും മര്‍ക്കസും പുരോഹിതനും) എന്ന പേരില്‍ 1954ലും ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ മുസ്ലിമും ക്രിസ്ത്യനും ജൂതനും ആയ കഥാപാത്രങ്ങളുടെ സഹവര്‍ത്തിത്വ ജീവിതമാണ് ഇതിവൃത്തം. നിരവധി സിനിമകള്‍ സമാനമായ പ്രമേയങ്ങളുമായി അക്കാലത്ത് ഇറങ്ങി. 2008ലെ ഹാസന്‍ വാ മര്‍ക്കസില്‍ മുസ്ലിമിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തിലുണ്ടായ ഇടിവാണ് ചര്‍ച്ച ചെയ്യുന്നത്.

ഹസന്‍ വാ മര്‍ക്കസ് വാ കുഹിനിലെ രംഗം

അല്‍ ഷെയ്ക്ക് ഹാസന്‍(1954), ലിലി (2001), മൗലാന (2016) എന്നീ മൂന്നു സിനിമകളിലും നായക കഥാപാത്രങ്ങള്‍ ആയി അവതരിപ്പിക്കപ്പെടുന്നത് ഇസ്ലാമിക പുരോഹിതന്മാരാണ്. ആധുനിക ഈജിപ്തില്‍ ഇസ്ലാമിന്റെ പങ്കെന്താണ് എന്ന് ഇസ്ലാമിസ്റ്റുകള്‍ മുതല്‍ സെക്കുലറിസ്റ്റുകള്‍ വരെ അന്വേഷിക്കുന്നതും വിശദീകരിക്കുന്നതും കഴിഞ്ഞ പതിറ്റാണ്ടുകളിലെ വീറുറ്റ സംവാദ വിഷയമാണ്. രാഷ്ട്രീയം, ധാര്‍മികത, നിയമം തുടങ്ങി മുഴുവന്‍ ആധുനിക വിഷയങ്ങളിലും ഇസ്ലാമിന്റെ കാഴ്ചപ്പാടുകളും ഇടപെടലുകളും സ്വാഗതം ചെയ്തവരാണ് ഈജിപ്തിലെ സെക്കുലറിസ്റ്റുകള്‍, കൈറോ സര്‍വകലാശാലയും അല്‍ അസ് ഹര്‍ സര്‍വകലാശാലയും ഒരേ പോലെ ശക്തിസ്തംഭങ്ങളായി തുടരുന്നതു തന്നെ ഈ സംവാദാത്മകതയുടെ ലക്ഷണമാണ്. ഇക്കാര്യമാണ് മേല്‍ സൂചിപ്പിച്ച സിനിമകളിലും സമാനമായ സിനിമകളിലും പല വിധത്തില്‍ പ്രതിപാദിക്കുന്നത്.

 

ആധുനിക നഗരത്തെ സകലര്‍ക്കും പ്രാപ്യമാക്കുന്ന വിധത്തില്‍ മാറ്റിത്തീര്‍ത്തതില്‍ സിനിമയ്ക്കുള്ള പങ്ക് സുപ്രധാനമാണ്. കൈറോവിനെ മുഴുവന്‍ മനുഷ്യരുടെയും നഗരമാക്കി വളര്‍ത്തുന്നതിലും സിനിമ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യമാണ് നെസര്‍ അല്‍ സയ്യദും ഹേബ സഫേ എല്‍ദീനും ചേര്‍ന്ന് എഡിറ്റു ചെയ്ത് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇന്‍ കൈറോ പ്രസ്സ് പ്രസിദ്ധീകരിച്ച സിനിമാറ്റിക് കൈറോ- ഈജിപ്ഷ്യന്‍ അര്‍ബന്‍ മോഡേണിറ്റി ഫ്രം റീല്‍ ടു റിയല്‍ എന്ന പുസ്തകം വിശദീകരിക്കുന്നത്.

(അടുത്ത ലക്കത്തിൽ: യൂസെഫ് ശഹീന്‍ – അവസാനത്തെ ശുഭാപ്തി വിശ്വാസി)


ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.