കാർട്ടൂണിസ്റ്റുകൾക്ക് സംഘടന ഉള്ള സംസ്ഥാനമാണ് കേരളം. സംഘടന കൊണ്ട് മികച്ച കാർട്ടൂണിസ്റ്റുകളും കാർട്ടൂണുകളും ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. സുജിത്, ഗോപീകൃഷ്ണൻ, ദ്വിജിത് തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ അവരുടെ പത്രസ്ഥാപനങ്ങളുടെ എഡിറ്റോറിയൽ പോളിസിയ്ക്കനുസരിച്ചു വരയ്ക്കാൻ തുടങ്ങിയത് കൊണ്ടാകണം ഒരു പത്തു വർഷങ്ങൾക്ക് മുൻപ് എങ്ങനെയാണോ അവരുടെ കാർട്ടൂണുകൾ സ്വീകരിക്കപ്പെട്ടിരുന്നത് അതുപോലെ ഇപ്പോൾ സ്വീകരിക്കപ്പെടാത്തത്. കാർട്ടൂണിസ്റ്റുകൾ രാഷ്ട്രീയ ചായ്വ് പുലർത്താൻ പാടില്ല; എന്നാൽ അവർക്ക് ആശയപരമായ ദൃഢത ഉണ്ടാകണം താനും. രാഷ്ട്രീയക്കാർ കാർട്ടൂണിസ്റ്റുകൾ ആയാൽ അവർ സ്വേച്ഛാധിപതികൾ ആകും എന്നതിന് വളരെയധികം ഉദാഹരണങ്ങൾ ഉണ്ട്; കെ കരുണാകരൻ, ബാൽ താക്കറെ, രാജ് താക്കറെ, ഹിറ്റ്ലർ അങ്ങനെ പോകുന്നു പേരുകൾ. കേരളത്തിലെ സംഘടിത കാർട്ടൂണിസ്റ്റുകൾ ഏറെക്കുറെ കാരിക്കേച്ചറിസ്റ്റുകൾ ആയി മാറുകയും അതുവഴി അവരുടെ വിമർശനാത്മക-തൊഴിൽ നിയോഗത്തെ കാരിക്കേച്ചർ ആക്കുകയും ചെയ്യുകയാണോ എന്നതാണ് ഇപ്പോൾ ഉദിക്കുന്ന സംശയം.

യൂണിയനുകളിൽ ഇല്ലാതെ സ്വതന്ത്രമായി കാർട്ടൂൺ വരയ്ക്കുന്ന ജി ആർ സന്തോഷ് കുമാർ ആണ് ഇ പി ഉണ്ണി കഴിഞ്ഞാൽ ഇന്ന് കേരളത്തിൽ നിന്ന് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച കാർട്ടൂണിസ്റ്റ് എന്ന് നിസ്സംശയം പറയാം. ഉണ്ണിയുടെ കാർട്ടൂണുകൾ ദേശീയ തലത്തിൽ പ്രവർത്തിക്കാൻ പോരുന്ന ഉള്ളടക്കവും ഭാഷയും ഉള്ളതായിരിക്കെ, ജി ആറിന്റെ കാർട്ടൂണുകൾ ദേശീയവും പ്രാദേശികവുമായ ഉള്ളടക്കം ഉള്ളപ്പോൾത്തന്നെയും ഭാഷണക്കുമിളയ്ക്കുള്ളിൽ (speech bubble) വരുന്ന ഭാഷയുടെ പരിമിതിയാൽ മലയാളം അറിയാവുന്നവർക്കിടയിൽ മാത്രമായി പരിമിതപ്പെട്ടു പോകുന്നു. എന്നാൽ സിൻഡിക്കേറ്റ് ചെയ്യപ്പെടുന്ന കാർട്ടൂണുകൾ എല്ലാം ഇംഗ്ലീഷിൽ അല്ല എന്നതും അതാത് പ്രേക്ഷക-വായനാ സമൂഹങ്ങൾക്കായി അവ മൊഴിമാറ്റം ചെയ്യപ്പെടുന്നു എന്നതും വസ്തുതകൾ ആയിരിക്കെ, താമസിയാതെ ജി ആറിന്റെ കാർട്ടൂണുകൾ ഉണ്ണിയുടെ കാർട്ടൂണുകളെപ്പോലെ ദേശീയ ശ്രദ്ധയിൽ വരും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

ഒ വി വിജയൻ, ജി അരവിന്ദൻ എന്നീ രണ്ടു പ്രതിഭാശാലികളായ മനുഷ്യരുടെ കാർട്ടൂൺ ആവിഷ്കാരങ്ങളുടെ സാർവ്വലൗകികമായ ദൃശ്യഭാഷയെ തൊട്ടടുത്ത കാലത്തിലേക്ക് വളരെ ശക്തമായി വ്യാഖ്യാനിയ്ക്കുകയും സ്വന്തം ശൈലികൾ സൃഷ്ടിച്ചെടുക്കുകയും ചെയ്ത രണ്ടു കാർട്ടൂണിസ്റ്റുകളാണ് രവിശങ്കർ എട്ടത്തും ഇ പി ഉണ്ണിയും. രവിശങ്കർ ആകട്ടെ, രാജ് താക്കറെയെ പോലെ, അമ്മാവന്റെ ചിത്രണശൈലിയെയും ദാർശിനിക സമീപനത്തെയും ഏതാണ്ട് അതേപടി പിന്തുടരുകയായിരുന്നു.

ഉള്ളടക്കത്തിന്റെ മാറ്റമായിരുന്നു രവിശങ്കറിന്റെ കാർട്ടൂണുകൾ വ്യത്യസ്തമാക്കിയത്. എന്നാൽ ഉണ്ണിയാകട്ടെ, ഇന്ത്യൻ കാർട്ടൂണുകളിലെ ഒരു കൺവെൻഷൻ എന്ന രീതിയിൽ വികസിച്ച ‘ദൃക്സാക്ഷി’ എന്ന ആശയത്തെ ആത്മസാദൃശ്യപരമായ ഒരു കുട്ടിയിലേയ്ക്ക് സന്നിവേശിപ്പിക്കുകയും വിജയൻറെ ദാർശിനികതയും രാഷ്ട്രീയ വിശകലനത്തിന്റെ അഗാധതയും നൽകിയ വമ്പിച്ച പശ്ചാത്തലത്തിനെതിരെ നിശിതമായ ഒരു മിനിമൽ ചിത്രണ ശൈലി വളർത്തി എടുക്കുകയും ചെയ്തു. ഒരു ചൈനീസ് കാലിഗ്രാഫറുടേതെന്ന പോലെ, വളയുന്ന കറുത്ത വരകളാണ് ഉണ്ണിയുടെ കാർട്ടൂണുകൾക്ക് ജീവൻ നൽകുന്നത്. വിജയൻറെ നേർമ്മയുള്ള വരകളുടെ അസ്തിത്വവും അരവിന്ദന്റെ ഗ്രാഫിക് നോവലിന്റെ ചടുലതയും ഉണ്ണിയുടെ സിംഗിൾ ബോക്സ് കാർട്ടൂണിൽ തെളിഞ്ഞു കാണാം.

ഉണ്ണിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റേതായ ഒരു പ്രേക്ഷകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത കാർട്ടൂണിസ്റ്റാണ് ജി ആർ എന്നറിയപ്പെടുന്ന ജി ആർ സന്തോഷ് കുമാർ. അരവിന്ദനെക്കാളേറെ വിജയനെയാണ് ജി ആറിന് പഥ്യം. അതെ സമയം രാഷ്ട്രീയവിമർശനത്തിൽ ജി ആറിന് ഒരു മാതൃക ഉണ്ടെങ്കിൽ അത് ഉണ്ണിയാണ്. വളരെ ഏറെ ചിന്തിയ്ക്കുകയും വളരെ കുറച്ചു മാത്രം സംസാരിയ്ക്കുകയും സംസാരിക്കുന്നതിനിടെ നിശ്ശബ്ദനാവുകയും, ഈ കാലഘട്ടത്തിലും അസ്തിത്വവ്യഥയുടെ മിന്നലടിയേറ്റ് ഇടയ്ക്കിടെ അസ്തപ്രജ്ഞൻ ആയിപ്പോവുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ജി ആറിന്റേത്.

ഒരു എം ബി ബി എസ് ഡോക്ടറാണ് ജി ആർ. ഏറെക്കാലം കേരളത്തിലെ തീരദേശമേഖലയിലെ പകർച്ചവ്യാധികളെയും ജലജന്യരോഗങ്ങളെയും കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഭാഗമായും അല്ലാതെയും ഗവേഷണം നടത്തുകയും കോവിഡ് 19 ന്റെ നാളുകളിലും തുടർന്നും വയനാട്ടിലും മലപ്പുറത്തും ഒക്കെ ആരോഗ്യരംഗത്തെ വിവിധ ഗവേഷണപരിപാടികളുമായി ജീവിക്കുകയും ചെയ്ത ഒരാളാണ് ജി ആർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആയിരിക്കുന്ന കാലത്ത് തന്നെ വിപ്ലവരാഷ്ട്രീയത്തിൽ ആകൃഷ്ടനായി പഠനം ഉപേക്ഷിയ്ക്കുകയും പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും മെഡിക്കൽ കോളേജിൽ ചേർന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കുകയും ചെയ്ത ഒരാളാണ് ജി ആർ. പറഞ്ഞു വന്നത്, ജി ആറിന്റെ കാർട്ടൂണുകൾ ഒരു മെഡിക്കൽ ഡോക്ടറുടെ വരയ്ക്കാനുള്ള കൗതുകത്തിൽ നിന്നും നർമ്മബോധത്തിൽ നിന്നും മാത്രം ഉണ്ടാകുന്ന ഒന്നല്ല എന്നാണ്.

ജി ആർ വരച്ച രണ്ടു കാർട്ടൂണുകളെക്കുറിച്ച് അല്പം ഒന്ന് സംസാരിക്കാനാണ് ഇത്രയും വലിയൊരു മുഖവുര എഴുതിയത്. ഒരുപക്ഷെ, ജി ആറിനെ കോണ്ടെക്സ്ച്വലൈസ് (Contextualise) ചെയ്യുക എന്നത് അദ്ദേഹത്തിന്റെ കാർട്ടൂണുകൾ മനസ്സിലാക്കാനും ആസ്വദിക്കാനും ഉള്ള ഒരു വേദിയാകും. യഥാർത്ഥത്തിൽ ഒരു കാർട്ടൂൺ എന്നത്, അതാരുടെയുമായിക്കോട്ടെ, സ്വയം വിശദീകരിക്കുന്ന ഒന്നാണ്. പക്ഷെ, കാർട്ടൂണിന് നിലനിൽക്കണമെങ്കിൽ കാർട്ടൂണിസ്റ്റും കാർട്ടൂണും അതിനുള്ളിലെ ഉള്ളടക്കവും ആ ഉള്ളടക്കത്തെ ശക്തമായി പ്രക്ഷേപിക്കാൻ ഉപയോഗിക്കുന്ന ഭാഷയിൽ അടക്കം ചെയ്തിരിക്കുന്ന പരാമർശസ്ഥാനങ്ങളും ഒക്കെ പൊതുവായി പങ്കുവെയ്ക്കപ്പെടുന്ന ഒരു ഇടം ഉണ്ടാകണം. അതായത്, കാർട്ടൂൺ അതിന്റെതായ രീതിയിൽ ഒരു ഓട്ടോണമസ് കലാരൂപമാണെങ്കിലും അതിനു ആശയസംവേദനം പൂർത്തിയാക്കണമെങ്കിൽ മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കപ്പെടുകയും അതിലൂടെ ഒരു പാർട്ടിസിപ്പേറ്ററി പെർഫോമൻസ് ഉണ്ടാവുകയും വേണം. ഉദാഹരണത്തിന്, ജി ആർ സ്വതന്ത്ര്യദിനത്തിന് വരച്ച കാർട്ടൂൺ എന്നത് ബോക്സിനുള്ളിലെ ഏറിയ പങ്കും കറുത്ത മേഘങ്ങളോ മലിനീകരണമോ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിന് മുകളിലായി ഒരു രൂപം. ഒരു പങ്കാളിത്ത വായനയിലൂടെ മാത്രമേ അത് പ്രധാനമന്ത്രിയുടെ വിഷലിപ്തമായ സ്വാതന്ത്ര്യദിന സന്ദേശമാണെന്ന് മനസ്സിലാക്കാൻ കഴിയൂ. മനസ്സിലാകുന്നതോടെ, അതിനെ മറികടക്കാൻ മറ്റൊരു കാർട്ടൂൺ ഇല്ല എന്നൊരു തോന്നൽ നമുക്കുണ്ടാകുന്നു. മറ്റൊരു കാർട്ടൂണിൽ, എന്തിനെയോ കാത്തിരിക്കുന്ന ഒരാളിനോട് എന്തിനെ കാത്തിരിക്കുന്നു എന്ന് ചോദിക്കുമ്പോൾ, അടി കിട്ടിയെന്നും ഇനി പുളിയ്ക്കായി കാത്തിരിക്കുകയാണെന്നുമാണ് ഉത്തരം. അടിയും പുളിയും കുടിച്ചു എന്ന മലയാള ഗ്രാമീണ ചൊല്ല് അറിയാവുന്നവർക്ക് മാത്രമേ അതിന്റെ സ്വാരസ്യം പിടികിട്ടൂ.

കാർട്ടൂണിന് ഒരു സാർവലൗകിക സ്വഭാവം ഉണ്ട് എന്നതിന് നിദർശനമായി പറയുന്നത് അതിന്റെ ഭാഷയിൽ ചിത്രം നേടിയിരിക്കുന്ന അധിക ഇടമാണ്. എന്നാൽ മേല്പറഞ്ഞത് പോലെ, ഈ അധിക ഇടത്തെ സാർത്ഥകമാക്കുന്നത് അതുമായി ഉണ്ടാകുന്ന ഭാഷാപരമോ ഉള്ളടക്കപരമോ ആയ പങ്കാളിത്തം കൊണ്ടാണ്. അതുകൊണ്ടാണ് ജി ആർ വരച്ച മറ്റൊരു കാർട്ടൂൺ സർവ്വലൗകികമാകുന്നത്. ലിംഗമുള്ളതെല്ലാം ആക്രമണകാരികൾ ആണെന്ന ഫെമിനിസ്റ്റ് പൊതുബോധത്തെ, അതുണ്ടാക്കുന്ന സോഷ്യൽ ഡിവൈഡിനെ, വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ നിർത്തി പരിശോധിക്കുകയാണ് ജി ആർ വരച്ച ‘ഇതാണോ ആണഹന്ത?’ എന്ന കാർട്ടൂൺ. രണ്ടു ബാലന്മാർ പാന്റ്സ് വലിച്ചു നീട്ടി ഉള്ളിലേയ്ക്ക് നോക്കി ചോദിയ്ക്കുന്നതായാണ് കാർട്ടൂൺ കാട്ടുന്നത്. ലിംഗം ഉണ്ടായിരിക്കുക എന്നത് ആക്രമണം ഉണ്ടാവുക അല്ലെങ്കിൽ റേപിസ്റ്റ് ആവുക എന്ന നിർധാരണം പക്ഷെ ചിത്രത്തിൽ കാണുന്നത് പോലെ ബാലിശമാണെന്നും ആക്രമകത കുടികൊള്ളുന്നത് ജനനേന്ദ്രിയങ്ങളിലല്ലെന്നും അത് ചിന്തയിലാണെന്നും, അതിന് സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലെന്നുമാണ് ഇന്നത്തെ കേരളാവസ്ഥയെ മുൻ നിർത്തി ജി ആർ പറയുന്നത്. രാഷ്ട്രീയ യക്ഷി വേട്ടയ്ക്ക് ലിംഗരാഷ്ട്രീയം നൽകുന്ന സാധുത മറ്റൊരു തരത്തിലുള്ള സാമൂഹിക വിഘടനത്തിലേക്കാണ് പോകുന്നതെന്ന് കാർട്ടൂൺ ചൂണ്ടുന്നു. ബ്രാഹ്മണിക പ്രത്യയശാസ്ത്രവും ബ്രാഹ്മണനും തമ്മിൽ വേർതിരിക്കുന്നത് പോലെ, ലിംഗബോധവും അക്രാമകതയും വേർതിരിയേണ്ടതുണ്ടെന്നും കാർട്ടൂൺ സൂചിപ്പിക്കുന്നു.

ചാർളി ഹെബ്ദോ സംഭവത്തിനും റുഷ്ദിയെ കത്തികൊണ്ടാക്രമിച്ച സംഭവത്തിനും ജോസഫ് മാഷുടെ കൈവെട്ടിനും ഒക്കെ ശേഷം പ്രവാചകനുമായി ബന്ധപ്പെട്ട ഒരു സോഷ്യോ-കൾച്ചറൽ വ്യവഹാരം ഉണ്ടാവുക അസാധ്യമായിരിക്കുകയാണ്. എന്നാൽ പ്രവാചകന് നിരക്കാത്ത ചില കാര്യങ്ങൾ മതാധിപന്മാർ പറയുമ്പോൾ ചില സാംസ്കാരിക പ്രതികരണങ്ങൾ വരാതെയും വയ്യ. കാന്തപുരം മുസലിയാർ ഈ അടുത്തിടെ, യെമനിൽ ഒരു മലയാളി സ്ത്രീയെ തൂക്കുമരത്തിൽ നിന്ന് രക്ഷിച്ചതോടെ പുരോഗമന മനുഷ്യരുടെ ഹീറോ ആവുകയായിരുന്നു. എന്നാൽ അതിന് നേർവിപരീതമായ ഒരു കാര്യമാണ് അദ്ദേഹം ഇന്നലെ പറഞ്ഞുവെച്ചത്. പ്രവാചകന്റെ മുടി അരയിഞ്ചോളം വളർന്നതായി അദ്ദേഹം പ്രസ്താവിച്ചു. മതങ്ങളും കൾട്ടുകളും നിലനിൽക്കാൻ അത്ഭുതങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യം മതത്തിനുള്ളിലുള്ളവർക്കും പുറത്തുള്ളവർക്കും അറിയാം. എന്നാൽ, ശാസ്ത്രീയതയുടെ ചില അംശങ്ങൾ കൂടി ആ അത്ഭുതങ്ങളിൽ ഉൾച്ചേർന്നിരിക്കും; ചിലപ്പോൾ അത് മകരവിളക്ക് പോലെയോ വത്തിക്കാനിൽ നിന്ന് വരുന്ന പുകപോലെയോ സർജറി ചെയ്യാതെ പുറത്തെടുക്കുന്ന കിഡ്നി സ്റ്റോൺ പോലെയോ ഒക്കെ സ്വയം വെളിപ്പെടും. പ്രവാചകന്റെ മുടി വളർന്നു എന്ന കാര്യം വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം. പക്ഷെ അത്തരമൊരു പ്രസ്താവന, ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ, ഇസ്ലാം മതവിശ്വാസികൾ ഏത് കാര്യത്തിനും സ്വയം ഡിഫൻഡ് ചെയ്യേണ്ടുന്ന (ആത്മപ്രതിരോധം നടത്തേണ്ടി വരുന്ന) ഒരു സാഹചര്യത്തിൽ, മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ പരിചയിൽ ഒരു ദുർബല ഇടം വെളിപ്പെടുന്നത് പോലെയാണ്.

ജി ആർ ഈ ഒരു വിഷയത്തെ വളരെ വിദഗ്ദമായി, ഒരു മതവികാരവും വ്രണപ്പെടുത്താതെ, പ്രവാചകനെക്കുറിച്ചോ മുടിയെക്കുറിച്ചോ ഒരു സൂചനയും കൂടാതെ കാർട്ടൂണിലൂടെ അവതരിപ്പിച്ചിരിക്കുന്നു. യെമൻ എന്നെഴുതിയ മേഘത്തിൽ നിന്ന് ഒരു പുരോഹിതൻ താഴേക്ക് പതിയ്ക്കുന്നതാണ് ചിത്രം. മറ്റൊന്നുമില്ല. യെമൻ എന്ന വാക്ക്, സംഗീതം അറിയാവുന്ന, നല്ലൊരു ഗായകൻ കൂടിയായ ജി ആർ വളരെ വിദഗ്ധമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ ക്ളാസിക്കൽ സംഗീതത്തിൽ യെമൻ എന്ന രാഗം വളരെ ആശ്വാസം തരുന്ന, സന്തോഷിപ്പിക്കുന്ന, മഴയുടെ അനുഭവം തരുന്ന ഭാവമാണ് ഉണ്ടാക്കുന്നത്. കാന്തപുരം മുസലിയാർ യെമൻ വിഷയത്തിൽ അങ്ങനെ അനുഭവം നൽകിയതാണ്. ഇപ്പോളിതാ അദ്ദേഹം അവിടെ നിന്ന് താഴേയ്ക്ക് പതിയ്ക്കുന്നതാണ് കാണുന്നത്. കാർട്ടൂണുകൾ അങ്ങനെയാണ്. ചിന്തിയ്ക്കുന്നവരുടേത് കൂടിയാണ് കാർട്ടൂൺ. ജി ആർ ഒരു ചിന്തിപ്പിക്കുന്ന കാർട്ടൂണിസ്റ്റ് ആകുന്നത് ഇങ്ങനെ.





