ഏതു കച്ചവടത്തിലും കുത്തകാവകാശം ഉണ്ടാകുന്നത് ആ കച്ചവടത്തെ മൊത്തമായും അപകടത്തിലേക്ക് നയിക്കും. ഇന്ത്യയിലെ വ്യോമയാന രംഗത്തിന്റെ 65 ശതമാനം കൈയ്യടക്കി ഇൻഡിഗോ എയർലൈൻസ് (IndiGo Airlines operated by InterGlobe Enterprises) കുത്തകവകാശം സ്ഥാപിച്ചതിന്റെ ദുരന്ത ഫലമാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വ്യോമയാന ഏജൻസികൾ നിയമം മുറുകെ പിടിച്ചപ്പോൾ രാജ്യത്താകമാനം വിമാന യാത്രകൾ താറുമാറായി. വിദ്യാർത്ഥികൾ മുതൽ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ പരിമിതമായ സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് കുടുങ്ങിക്കിടക്കേണ്ടി വന്നു. ഇതു വരെ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സി.പി.ഐ.എമ്മിന്റെ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് മാത്രമാണ് ഇതിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പ്രതിപക്ഷ ബഹുമാനം എന്തെന്നറിയാത്ത പ്രധാനമന്ത്രിയുടെ പ്രതികരണം ഈ കുറിപ്പ് എഴുതുന്നത് വരെ ഉണ്ടായിട്ടില്ല.നിയമത്തിൽ ഇളവു വരുത്തി യാത്രക്കാരുടെ ജീവൻ കൊണ്ട് പന്താടിയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണാനായി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation) ശ്രമിക്കുന്നത്.

പൈലറ്റുമാരുടെ വിശ്രമസമയം കുറച്ചും നൈറ്റ് ലാൻഡിംഗിന്റെ എണ്ണം രണ്ടിൽ നിന്നും ആറായി വർദ്ധിപ്പിച്ചുമുള്ള ഇളവുകളാണ് ഇൻഡിഗോയ്ക്ക് സർക്കാർ നൽകിയിരിക്കുന്നത്.യാത്ര മുടങ്ങിയവരുടെ ടിക്കറ്റിന്റെ ചാർജ്ജ് പൂർണ്ണമായും തിരികെ നൽകണമെന്ന് യാത്രക്കാരെ ആശ്വസിപ്പിക്കാനായി പറഞ്ഞിട്ടുണ്ട്. യാത്ര നഷ്ടപ്പെട്ടവർക്ക് മുഴുവൻ കാശും റീഫണ്ട് (Full Refund for Cancelled Flights) ചെയ്യണമെന്ന് സർക്കാർ തിട്ടൂരം പുറപ്പെടുവിച്ചെങ്കിലും വളരെ ചെറിയ തുകയാണ് ഈ വിമാന കമ്പനി നൽകുന്നതെന്ന് ദി ടെലഗ്രാഫ് പത്രം ഞായറാഴ്ച റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും.The Airlines Pilots’ Association of India ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് നൽകിയ കത്തിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ വിമാനം പറപ്പിക്കാൻ ഇൻഡിഗോ പൈലറ്റുമാരെ നിർബന്ധിക്കരുതെന്ന് ആവശ്യപ്പെടുന്നു.
വിമാനങ്ങളുടെ ഷെഡ്യൂളിംഗ് എന്നത് ഒരു ദീർഘകാല പ്രക്രിയയാണ്. വളരെ നേരത്തെ ഇത് ചാർട്ട് ചെയ്യേണ്ടതുണ്ട്. വേനൽക്കാല സമയവും ശൈത്യകാല സമയവും വളരെ മുമ്പേ അറിയാവുന്നതുമാണ്. ഇവിടെ പ്രശ്നം ലാഭം എന്നത് മാത്രം കണക്കിലെടുത്ത് പൈലറ്റുമാരുൾപ്പടെയുള്ളവരെ കൊണ്ട് അധിക ജോലി (Overtime Duty) ചെയ്യിക്കുകയായിരുന്നു ഇതു വരെ ഇൻഡിഗോ എയർലൈൻസ് എന്നതാണ്. നഗ്നമായ ഈ നിയമലംഘനത്തിന് നേരെ കണ്ണടച്ചു പിടിക്കുകയായിരുന്നു നമ്മുടെ ഭരണാധികാരികൾ. സാങ്കേതിക രംഗത്തെ വിവിധ സംഘടനകളും അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ ഏജൻസികളും കണ്ണുരുട്ടിയതോടെയാണ് നമ്മുടെ ഏമാന്മാർ ഉണർന്നത്. പക്ഷേ അപ്പോഴേക്കും ഒരു വ്യവസായമെന്ന നിലയ്ക്കുള്ള ഇൻഡിഗോയുടെ നിലനിൽപ്പിനെ തന്നെ അവതാളത്തിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോയി.ഒരു സ്വകാര്യ എയർലൈൻസിന്റെ പിഴവ് മറ്റു എയർലൈൻസുകൾ ചൂഷണത്തിനുള്ള ഉപാധിയായി മാറ്റുകയും ചെയ്തു. ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർ ഗ്ളോബ് ഏവിയേഷൻ ലിമിറ്റഡ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ ഇലക്ട്രറൽ ബോണ്ടുകൾ (Electoral Bonds) വാങ്ങി കൂട്ടിയ കമ്പനിയാണ്. ഇതിനുള്ള ഉപകാര സ്മരണയായാണ് കേന്ദ്ര സർക്കാർ ഇൻഡിഗോയുടെ നിമയമവിരുദ്ധ ഓപ്പറേഷനുകൾക്ക് ഇതു വരെ കുടപിടിച്ചത്. വ്യോമയാന രംഗത്ത് ഇത് ഏവർക്കും അറിയാവുന്ന കഥയുമാണ്.

രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമാണ് വിമാനങ്ങളുടെ ക്യാൻസലേഷനിലൂടെ ഇൻഡിഗോ സൃഷ്‌ടിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ കനത്ത നഷ്ടമാണ് നേരിടുന്നത്. നവംബറിലെ നഷ്ടം ടൂറിസം സീസണായ ഡിസംബറിൽ നികത്താമെന്ന പ്രതീക്ഷയോടെ മുന്നോട്ട് പോയ തങ്ങളുടെ നിലനിൽപ്പ് തന്നെ അവതാളാത്തിലാകുമെന്നാണ് കേരളാ വോയേജസ് ഇൻഡ്യ എന്ന ടൂർ ഓപ്പറേറ്റിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് സ്കറിയ ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരും വിവിധ എയർപോർട്ടുകളിൽ കുടുങ്ങി കിടപ്പുണ്ട്. ചെക്ക് ഇൻ ചെയ്ത യാത്രക്കാരുടെ ബാഗേജുകൾ എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് എയർലൈൻകാരും വിവിധ എയർപോർട്ട് അധികാരികളും. കമ്പ്യൂട്ടർവത്കൃത ടിക്കറ്റിംഗ് സംവിധാനത്തിൽ മാറ്റം വരുത്താതെ ടിക്കറ്റ് റീഫണ്ട് ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും വ്യാജ വാഗ്ദാനങ്ങൾ നൽകുകയാണ് ഇപ്പോഴും ഈ കമ്പനി. ഇവർ കാരണം നഷ്ടം നേരിടുന്ന ടൂറിസം, മെഡിക്കൽ, വിദ്യാഭ്യാസ, കായിക മേഖലകളെ ഏതു തരത്തിലാണ്, ആരാണ് നഷ്ടപരിഹാരം നൽകുകയെന്ന് കേന്ദ്ര സർക്കാർ ഇതു വരെ വ്യക്തമാക്കിയിട്ടില്ല. ഇൻഡിഗോ സി.ഇ.ഓയുടെ പിരിച്ചുവിടൽ കൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ലിത്. തീവ്രഹിന്ദുത്വ പ്രചാരണം പോലെ എളുപ്പമല്ല വിവിധ മേഖലകളിലെ നയ-നിയമ രൂപീകരണങ്ങൾ.
വ്യോമയാന രംഗത്തെ ഇൻഡിഗോയുടെ അപ്രമാദിത്വം വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ്. കോംപറ്റീഷൻ ആക്ട് 2002 (Competition Commission of India, THE COMPETITION ACT, 2002) പ്രകാരം മാർക്കറ്റിലെ മൽസരം നിയമവിരുദ്ധമല്ല. പക്ഷേ നിയമവിരുദ്ധമായ പ്രവർത്തികൾ ചെയ്ത് മാർക്കറ്റിൽ മൽസരിക്കുന്നതിനെ ഈ നിയമം സാധൂകരിക്കുന്നില്ല.

ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാകുന്നു എന്നതാണ് ഈ കുത്തകവൽക്കരണത്തിന്റെ ഏറ്റവും ദയനീയ മുഖം. ഒരു വ്യോമയാന കമ്പനി നിശ്ചയിക്കുന്ന നിരക്കിൽ യാത്ര ചെയ്യാൻ ഉപഭോക്താവ് നിർബന്ധിതനാകുന്നു. മറ്റു ചെറിയ കമ്പനികളെ ഈ കുത്തകവൽക്കരണം തകർക്കുന്നതിന്റെ ഉദാഹരണങ്ങൾ കൂടിയപ്പോഴാണ് യൂറോപ്യൻ സർക്കാരുകൾ ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികളുടെ കുത്തകവൽക്കരണം നിയമം മൂലം തടഞ്ഞത്. തൊഴിൽ സംസ്കാരത്തിൽ കോർപ്പറേറ്റ് മുതലാളിത്തം കടന്നു കയറിയാൽ ഇത്തരം ഗതികേടുകൾക്ക് ഇന്ത്യ ഇനിയും സാക്ഷ്യം വഹിക്കും. ഏത് മേഖലയിലും തൊഴിൽ നിയമങ്ങളും അടിസ്ഥാന ധനതത്വ ശാസ്ത്രവും സുതാര്യമായി പ്രവർത്തിക്കേണ്ടതുണ്ട്. ബി.ജെ.പിയുടെ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയതിനേക്കാൾ വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർ ഗ്ളോബിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഓരോ ചുവടിലും വളരെ കരുതൽ വേണ്ട വ്യവസായമാണിത്. ചെറിയ കൈപ്പിഴകൾക്ക് പോലും നൂറു കണക്കിന് ജീവന്റെ വിലയുണ്ടാകും. ഇൻഡിഗോ സംഭവം ഒരു കണ്ണു തുറപ്പിക്കലാണ്. ഇത്തരത്തിൽ അദാനി-അംബാനിമാരെ കുത്തകവൽക്കരണത്തിനായി കൂടു തുറന്നു വിടുന്ന മോഡി ഭരണകൂടം ചെയ്യുന്നതിന്റെ ഫലം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഉത്തരേന്ത്യൻ കുഗ്രാമങ്ങളിലെ സാധാരണക്കാരന് മനസ്സിലാകില്ല. അവരെ പറ്റിക്കാൻ സംഘപരിവാരത്തിന്റെ മൂന്നാം കിട അജണ്ടകൾക്കും മുദ്രാവാക്യങ്ങൾക്കും കഴിയുന്നുണ്ട്. ഇതിനിടയിൽ താഴേയ്ക്ക് പതിക്കുന്ന രൂപയുടെ മൂല്യം കൂടിയാകുമ്പോൾ കാര്യങ്ങൾ ഉഷാറാകുന്നുണ്ട്.
മറ്റ് ലേഖനങ്ങൾ: കാലിഡോസ്കോപ്പ്