A Unique Multilingual Media Platform

Articles Cinema Kerala Politics

തുടരുന്ന ഗാന്ധിഹത്യ…

  • December 17, 2025
  • 1 min read
തുടരുന്ന ഗാന്ധിഹത്യ…

ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തിന്റെ ഓർമ്മകൾ അരോചകമാകുന്നത് സ്വാഭാവികം. അതു കൊണ്ട് അവർ അദ്ദേഹത്തെ പിന്നെയും പിന്നെയും കൊന്നു കൊണ്ടേയിരിക്കും. വെറും പന്ത്രണ്ട് കൊല്ലക്കാലത്തെ അധികാരം ഹിറ്റ്ലറേക്കാൾ മോശമാകാൻ നരേന്ദ്ര മോഡിയേയും പിണിയാളുകളേയും നിർന്ധിക്കുന്നത് കേവലം വിവരമില്ലായ്മയും വീണ്ടുവിചാരമില്ലായ്മയും മാത്രം കൊണ്ടല്ല. ഒരു മുസ്ലിം സ്ത്രീയുടെ മുഖത്തെ ആവരണം വലിച്ചു പറിക്കാൻ പറ്റിയ മനസ്ഥിതിയിലേക്ക് പഴയ ജനതാ പരിവാറുകാരനും ഇപ്പോൾ ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ അടിമപ്പെടുത്താൻ സംഘപരിവാരത്തിന് കഴിഞ്ഞു എന്നതിന്റെ അഹങ്കാരവും അമിതാത്മവിശ്വാസവും ഈ നീചമായ പ്രവർത്തിക്ക് വളമാകുന്നുണ്ട്. നെഹ്റുവിനെ മാത്രം ഒഴിവാക്കിയാൽ പോരാ, ഗാന്ധിയേയും ഒഴിവാക്കിയാലെ സർസംഘചാലക്മാരുടെ വിഡ്ഢിത്തങ്ങൾക്ക് രാജ്യം കാതോർക്കൂ എന്ന് ഇപ്പോഴത്തെ ചാലകന്മാർക്ക് തോന്നിയിട്ടുണ്ടാകണം. ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ബാപ്പുവായി മാറിയ ആ മനുഷ്യനെ അവഹേളിക്കാനുള്ള മാനസികാവസ്ഥയിൽ ഇന്ത്യൻ ഭരണകൂടമെത്തിയത് അവർക്കുള്ള കുഴി അവർ തന്നെ തോണ്ടുന്നു എന്നതിന്റെ ദൃഷ്ടാന്തവുമാണ്.

മണിപ്പൂരിൽ പോയ പ്രസിഡന്റിന് കാലികസേരകളെ നോക്കി വാചാടോപം നടത്തി മടങ്ങേണ്ടി വന്നത് അവർക്ക് ഇന്ത്യയെ അറിയാതെ പോയതു കൊണ്ടാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക വിഷൻ എന്നാക്കിയത് കൊണ്ട് ഗാന്ധി സ്മരണയില്ലാതാകുമെന്ന് ചിന്തിക്കാൻ കേവല സംഘപരിവാറുകാരനെ സാധിക്കൂ.ശരിയായ വിദ്യാഭ്യാസത്തിന്റേയും രാഷ്ട്രബോധത്തിന്റേയും തികഞ്ഞ അഭാവം ഇന്ന് ഈ രാജ്യത്ത് സംഘപരിവാറുകാരിൽ മാത്രമേ കാണാൻ കഴിയൂ. വിശ്വഗുരു, വികസിത ഭാരതം, നാലാമത്തെ സാമ്പത്തിക ശക്തി തുടങ്ങി ഉറക്കത്തിൽ കാണുന്ന ഭ്രാന്തൊക്കെ ഈ എ.ഐ കാലത്തും വിളിച്ചു കൂവുന്ന സംഘപരിവാരത്തിന് എന്തു രാഷ്ട്ര പിതാവ്, ഏതു ഗാന്ധി? കാശ് കൊടുത്തും ഭീഷണിപ്പെടുത്തിയും സൃഷ്ടിച്ചിരിക്കുന്ന ഗോഡി മീഡിയയിലെ പേനയുന്തുകാർ പോലും ഈ അൽപ്പന്മാരെ പരിഹസിക്കുന്നത് ഞാൻ പലതവണ നേരിട്ടു കേട്ടിട്ടുള്ളതാണ്.

ഗാന്ധിജിയെന്ന പേരു പോലും പറയാൻ അർഹതയില്ലാത്ത ഒരേയൊരു കൂട്ടർ സംഘമിത്രങ്ങൾ മാത്രമാണ്. ആ മനുഷ്യൻ മുന്നോട്ട് വച്ച ഒരു രാഷ്ട്രീയവും മനസ്സിലാക്കാനുള്ള ചിന്താശേഷിയും മനനശേഷിയും ഇവർക്കില്ല. ഗാന്ധിജി ഒരിക്കലും വിമർശനത്തിന് അതീതനായിരുന്നില്ല. അംബ്ദേക്കർ ഉൾപ്പടെ പലരും ഗാന്ധിയേയും ഗാന്ധിയൻ ചിന്താസരണയിയേയും വിമർശിച്ചിട്ടുണ്ട്. അതിനെയൊക്കെ ഉൾക്കൊണ്ടു കൊണ്ട് അതിനുള്ള തന്റെ മറുപടിയും ഗാന്ധിജി രേഖപ്പെടുത്തിയിട്ടുണ്ട്.ലോകരാഷ്ട്രങ്ങളിലെ രാഷ്ട്രീയ നേതാക്കളും ഹോചിമിനെ പോലുള്ള ബുദ്ധിജീവികളായ ഭരണാധികാരികളും ഗാന്ധിയെ കണ്ടത് ദൈവതുല്യനായിട്ടായിരുന്നു. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടേണ്ട ഹെഡ്ഗേവാറിനേയും ഗോൾവാൾക്കറേയുമൊക്കെ തീണ്ടാപ്പാടകലെ നിറുത്താൻ ഇന്നും ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്നത് വിഡ്ഢ്യാസ്സുരന്മാരുടെ ആസുരകാലത്തേക്ക് ചർച്ചകൾ പോകരുത് എന്നുള്ളത് കൊണ്ടാണ്. ഇന്ത്യയെന്ന ആശയം ഇന്നും നിലനിന്നു പോകുന്നത് നരേന്ദ്രമോഡി ഇന്ത്യ ഭരിക്കുന്നത് കൊണ്ടല്ല. ഗാന്ധിയെന്ന മഹാമനീഷി വെടിയുണ്ടകൾ നെഞ്ചിലേറ്റു വാങ്ങിയത് കൊണ്ടാണ്. ഒറ്റ മുണ്ടുടുത്തു കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തോട് രാഷ്ട്രീയം പറഞ്ഞതു കൊണ്ടാണ്.

തിരുവനന്തപുരത്ത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന 19 സിനിമകൾക്ക് കേന്ദ്ര സർക്കാൻ പ്രദർശനാനുമതി നിഷേധിച്ചു. ലോക സിനിമയുടെ പാഠപുസ്തകമായ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ പ്രദർശനാനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. പാലസ്തീനിൽ നിന്നുള്ള സിനിമകളും ബീഫ് എന്ന പേരുള്ള സ്പാനിഷ് സിനിമയും നിരോധിക്കപ്പെട്ടിട്ടുണ്ട്. പലായനത്തിന്റെ തീരാ നൊമ്പരങ്ങൾ പകർത്തിയിരിക്കുന്നതാണ് ഈ സിനിമ. ബീഫ് എന്നു കേട്ടാൽ പശുവിറച്ചി എന്ന് മാത്രം മനസ്സിലാക്കുന്ന കേന്ദ്രത്തിലെ മനോരോഗികളുടെ സാംസ്കാരിക പാപ്പരത്വം വിളിച്ചു പറയുന്ന അത്തരം നിരോധനങ്ങൾക്കെതിരെ ആവശ്യമായ പ്രതിഷേധം ഉയരുന്നില്ല എന്നത് നിരാശാജനകമാണ്.

ടാഗോർ സെന്ററിന്റെ മതിലുകൾക്ക് പുറത്തേക്കാണ് പ്രതിഷേധം ഉയരേണ്ടത്. കൊൽക്കൊത്ത ഫിലിം ഫെസ്റ്റിവലിലും ഇതേ വൃത്തിക്കേടുകൾ കേന്ദ്രഭരണകൂടം കാണിച്ചിരുന്നു. പക്ഷേ മമതാ ബാനർജിയെന്ന മുഖ്യമന്ത്രി അതിലെ രാഷ്ട്രീയം തിരിച്ചറിയുകയും സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. കേരള സർക്കാരും അതേ വഴിക്ക് സഞ്ചരിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്.ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ റസൂൽപൂക്കുറ്റി ലോകത്തെവിടെയായാലും ഒരു പത്ര സമ്മേളനം വിളിച്ച് ഇത്തരം സാംസ്കാരികാക്രമണങ്ങൾ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കേണ്ടതായിരുന്നു. ഈ കുറിപ്പ് എഴുതുമ്പോഴും അത്തരമൊരു നീക്കം നടന്നു കണ്ടില്ല.

അക്ഷരത്തെ പേടിക്കുന്ന, സിനിമയെ പേടിക്കുന്ന, കായിക വിനോദങ്ങളെ പേടിക്കുന്ന ഇന്ത്യൻ ഭരണകൂടത്തെ നോക്കി ലോകം വാപൊത്തി ചിരിക്കുന്ന കാലമാണിത്. മതം വിറ്റും ക്രോണിക്യാപിറ്റലിസത്തെ കൂട്ടു പിടിച്ചും അധികാരം കൈയ്യാളുന്നവർക്ക് അവർ ചെയ്യുന്ന രാജ്യദ്രോഹത്തെ കുറിച്ച് അറിയില്ല. ഇന്ത്യയുടെ ആത്മാവിലാണ് ഇവർ കൈവച്ചിരിക്കുന്നത്. ഇതിനെ നഖശിഖാന്തം എതിർക്കേണ്ട കമ്മ്യൂണിസ്റ്റു പാർട്ടികൾ പോലും ടോക്കൺ സമരങ്ങളുടെ ശവപറമ്പിൽ അന്തിയുറങ്ങുകയാണ്. മൃദുഹിന്ദുത്വം കൊണ്ട് വോട്ടു നേടാൻ നടക്കുന്ന കോൺഗ്രസ്സിനെ പറയുകയും വേണ്ട. രാഷ്ട്രീയം പറയുന്നതിന് പകരം പാർലമെന്റിന് പുറത്ത് നിന്ന് “പോറ്റിയേ കയറ്റിയേ” താളത്തിൽ പാടി ആത്മരതിയാടുന്ന കോൺഗ്രസ്സ് എം.പിമാരുടെ പ്രകടനം സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ട്. മിക്കവാറും എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും കണ്ണ‌ടച്ച് ഇരുട്ടാക്കുന്ന ഈ ഗതികേടിനെയാണ് സംഘശക്തികൾ ഹൈജാക്കു ചെയ്തിരിക്കുന്നത്. അങ്ങനെയല്ലാത്ത ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോകാൻ പ്രധാനമന്ത്രി പോലും ഭയപ്പെടുന്നു.

പ്രതികരിക്കുന്ന ജനതയുടെ മുന്നിൽ സൂര്യനമസ്കാരം നടത്തുന്ന സംഘപരിവാരത്തിന് ഇനിയും നിരോധിക്കാനുള്ള സിനിമകൾ സൃഷ്ടിക്കപ്പെടും. കാണേണ്ടവർ അതു കാണുക തന്നെ ചെയ്യും. പണ്ട് ഭഗവാൻ കാലുമാറുന്നു എന്ന നാടകത്തിനെതിരെ ആർ.എസ്.എസ് കൊമ്പുകുലുക്കി നടന്നിട്ടും രണ്ടായിരത്തിൽപരം സ്റ്റേജുകളിൽ ആ നാടകം കളിച്ചത് സാംസ്കാരിക കേരളത്തിന്റെ മേന്മ കൊണ്ടായിരുന്നു. ആ ആർജ്ജവം കേരളത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. പുതിയ തോപ്പിൽഭാസിമാരോ കണിയാപുരം രാമചന്ദ്രന്മാരോ ഉണ്ടാകാതെ പോകുന്നിടത്താണ് സംഘപരിവാരത്തിന്റെ പൊട്ടൻ കളി നടക്കുന്നത്. ശീതീകരിച്ച പാർട്ടി ഓഫീസുകളും കിയാകാർണിവെല്ലുകളും നല്ലതാണ്. അത് രാഷ്ട്രീയ ബോധത്തിൽ വെള്ളം ചേർക്കാത്തിടത്തോളം കാലം മാത്രം.

 

മറ്റ് ലേഖനങ്ങൾ: കാലിഡോസ്കോപ്പ്

About Author

എം.കെ നാരായണ മൂർത്തി

മാധ്യമ പ്രവർത്തകൻ. Thou Newz എന്ന യൂട്യൂബ് വാർത്താ ചാനലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. അറുപതിൽപരം രാജ്യങ്ങളിൽ യാത്ര ചെയ്ത് രാഷ്ട്രീയ - സാമുഹിക വിഷയങ്ങൾ പഠിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.