A Unique Multilingual Media Platform

Articles Culture Minority Rights National

കാന്തപുരത്തിന്റെ ന്യൂനപക്ഷ സുരക്ഷാ വിശ്വാസവും ചില ജീവിക്കുന്ന ഓർമ്മകളും

  • February 18, 2026
  • 1 min read
കാന്തപുരത്തിന്റെ ന്യൂനപക്ഷ സുരക്ഷാ വിശ്വാസവും ചില ജീവിക്കുന്ന ഓർമ്മകളും

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ യാത്രകൾ ചരിത്രപ്രസിദ്ധമാണ്. ഒരു ബസ്സിൽ യാത്ര ചെയ്യുക എന്നത് സ്വപ്നം കണ്ട ഒരു ബാലനിൽ നിന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിജയകരമായ വൈയക്തിക – സംഘടനാ ദൗത്യങ്ങൾ പൂർത്തിയാക്കിയ ചരിത്രമാണ് അദ്ദേഹത്തിൻ്റേത് . ഇത്തരം ഒരു യാത്രക്കിടയിലാണ് കഴിഞ്ഞ ഫെബ്രുവരി 16, 2026ന് അദ്ദേഹം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ എത്തി സാമാന്യം ദീർഘമായ കൂടിക്കാഴ്ച നടത്തിയത്.

അരമണിക്കൂറോളം നീണ്ടിരുന്നു ഈ കൂടിക്കാഴ്ച എന്നാണ് മാധ്യമങ്ങൾ പറയുന്നത്. ചർച്ച ചെയ്ത വിഷയങ്ങളിൽ സാമൂഹികവും, മാനുഷികവും, വിദ്യാഭ്യാസ സംബന്ധിയും, വികസനപരവും ആയ വിഷയങ്ങൾ ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങൾ പറയുന്നു. വളരെ സവിശേഷമായി ചർച്ച ചെയ്ത വിഷയങ്ങളിൽ ന്യൂനപക്ഷ ക്ഷേമം, വഖഫ്, എസ്‌ഐആർ ഉത്തരവാദിത്വം എന്നിവ ഉൾപ്പെട്ടിരുന്നു എന്നും വാർത്തകളുണ്ട് വിസ്തൃതമായ കൂടിക്കാഴ്ചയില്‍ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ജാമിഅ മർക്കസിന്റെയും നേതാക്കളും പങ്കെടുത്തതായും അറിയാൻ കഴിയുന്നു.

അതിന്റെ തുടര്‍ന്നുള്ളദിവസം ഫെബ്രുവരി 17, 2026-നാണു കാന്തപുരത്തിൽ‘നിന്ന് ആ പ്രസ്താവന ഉണ്ടാകുന്നത്. “ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്, അരക്ഷിതാവസ്ഥയില്ല’ എന്നതായിരുന്നു ആ പ്രസ്താവന. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവത്തെയും രാജ്യത്തെ ന്യൂനപക്ഷ വിഷയങ്ങളോടുള്ള തന്റെ വിലയിരുത്തനെയും സ്വാംശീകരിച്ചു കൊണ്ടാണ് ഈ പ്രസ്താവന വന്നത് എന്നും അദ്ദേഹവും അദ്ദേഹത്തിൻറെ നിയന്ത്രണത്തിൽ നടക്കുന്ന സംഘടനകളുടെ അംഗങ്ങളും സൂചിപ്പിച്ചു.

സ്വാഭാവികമായും ഈ പ്രസ്താവന ഇന്ന് ദേശീയതലത്തിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നു. എന്നാൽ പ്രസ്താവന വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ഏതാണ്ട് രണ്ടു പതിറ്റാണ്ട് കാലം പിന്നിലെ ഒരു രാത്രിയിലേക്കാണ് ചെന്നത്:

‘അഫ്‌സാന ഭാഗ്…. ഭാഗ്….’ (അഫ്‌സാനാ ഓടിക്കോ…ഓടിക്കോ..) എന്ന് അലറി വിളിച്ചുകൊണ്ട്, ഉറക്കത്തില്‍ വെട്ടിവിയര്‍ത്ത്, എഴുന്നേറ്റിരിക്കുന്ന ഒരു കുഞ്ഞുപയ്യന്‍. ഗുജറാത്ത് വംശഹത്യയില്‍ അനാഥമാക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളിലൊരാള്‍. ഓരോ രാത്രിയും പേക്കിനാവുകളുടേത് മാത്രമായവന്‍. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഓടിക്കൊണ്ടിരിക്കുമ്പോള്‍ കൂട്ടിപ്പിടിച്ച കൈയില്‍ നിന്ന് നഷ്ടപ്പെട്ട കുഞ്ഞുപെങ്ങളെയാണ് അവന്‍ വിളിച്ചുകൊണ്ടിരിക്കുന്നത്.

ഗുജറാത്ത് വംശഹത്യ നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് എട്ടും ആറും വയസ്സായ ആ രണ്ട് സഹോദരന്മാര്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വളരെ യാദൃശ്ചികമായി. (സുരക്ഷാ കാരണങ്ങളാല്‍) അവരെ നമുക്ക് അലിയെന്നും അമീര്‍ എന്നും തല്‍ക്കാലം വിളിക്കാം.

അഹമ്മദാബാദ് നഗരത്തിന്റെയുള്ള പുനരധിവാസ ക്യാമ്പില്‍ നിന്ന് ഇരുവരെയും ഞങ്ങള്‍ സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോള്‍ അവരുടെ കണ്ണുകളില്‍ പ്രകടമായ അവിശ്വാസം, ആശങ്കകള്‍, വിഹ്വലതകള്‍ ഇന്നലെയെന്നോണം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നുണ്ട്.

കാന്തപുരം ഉസ്താദ് ‘സുരക്ഷിതമെന്ന്’ വിശേഷിപ്പിച്ച ഇന്ത്യയില്‍ അലി ഒരു ജോലി നേടാന്‍ കഷ്ടപ്പെടുകയാണ്, തന്റെ പേരാണ് ജോലി നേടിയതിലേക്കുള്ള വലിയ തടസ്സം എന്ന് അവന് അറിയാം . അതുതന്നെയാണ് അവൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതും അമീര്‍ ലഭിച്ച ആദ്യ അവസരത്തില്‍ വിദേശത്തേക്ക് പോവുകയും ചെയ്തു. ബ്രസീലിലെ സാവോ പൗലോയില്‍ അവന് മതഭീഷണികളില്ലാതെ ജീവിച്ചു കഴിയുന്നു.

പേര് കൊണ്ടും, മതം കൊണ്ടും… ഇന്നും അലിമാരും, അമീർമാരും അപരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്; ദേശത്തിന്റെയും, വേഷത്തിന്റെയും, ഭക്ഷണത്തിന്റെയും പേരിൽ തെറ്റിദ്ധരിക്കപ്പെട്ട് ആ സമൂഹത്തിലെ നിഷ്കളങ്കരായ മനുഷ്യർ (ഇവിടെ കേരളത്തിൽ പോലും) തല്ലിക്കൊല്ലപ്പെടുന്ന ഒരു കാലത്ത്…

ഇവിടം സുരക്ഷിതമെന്ന് പ്രഖ്യാപിക്കാൻ കാന്തപുരം ഉസ്താദിനെ പ്രേരിപ്പിച്ച വികാരത്തെ ഏത് ജനുസ്സിൽ പെടുത്തണം?! ഈ ചോദ്യത്തിന് അദ്ദേഹത്തിൽ നിന്നോ അദ്ദേഹം നയിക്കുന്ന സംഘടനകളിൽ നിന്നോ അനുയായികളിൽ നിന്നോ ഉത്തരം പ്രതീക്ഷിക്കാമോ?

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.