ഭാഷാര്‍ജ്ജനത്തിലെ ‘ആനന്ദമാര്‍ഗം’ (ഭാഷാജൈവികതയും ആന്തരികനിര്‍മ്മിതിയും)
പുതിയ സങ്കേതമോ ഭാഷയോ ഉപയോഗിച്ച് പറഞ്ഞാല്‍ നല്ല ഭാഷാധ്യാപകന്‍ നല്ല ഒരു ‘മെന്റലിസ്റ്റ്’ കൂടിയാകുന്നു എന്ന രീതിയില്‍, തന്റെ അധ്യാപനത്തില്‍ ഒരു മാന്ത്രികത സൃഷ്ടിക്കാന്‍ കഴിഞ്ഞ (പ്രത്യേകിച്ചും പ്രൈമറി ക്ലാസുകളില്‍) ഒരു വ്യത്യസ്ത സാന്നിധ്യമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആനന്ദന്‍ മാസ്റ്റര്‍ അഥവാ ഡോ കെ.എന്‍ ആനന്ദന്‍ എന്ന ലിംഗ്വിസ്റ്റ്. പഠിതാക്കളുടെ ഉളളം പിടിച്ചെടുത്തുകൊണ്ട്, അല്ലെങ്കില്‍ അവരെ ഭാഷയുടെ അനന്തസാധ്യതകളിലേക്ക് പതുക്കെ നയിച്ചുകൊണ്ട് ഭാഷാര്‍ജ്ജന ഘട്ടത്തെ സക്രിയവും സജീവവുമാക്കുന്നത് എങ്ങനെ എന്ന് അദ്ദഹം ഒപ്പമുളളവരെ ബോധ്യപ്പെടുത്തുകയായിരുന്നു.

അടിസ്ഥാനപരമായി അധ്യാപനത്തെ കലയാക്കി മാറ്റുന്ന ഒരു രസതന്ത്രം ജന്മദത്തമായിത്തന്നെ ലഭിച്ചിട്ടുളള ഡോ ആനന്ദന്‍, പിന്നീട് ഒരു ലിംഗ്വിസ്റ്റ് കൂടിയായി പരിണമിച്ചപ്പോള്‍, വാസ്തവത്തില്‍, അദ്ദേഹത്തിന്റെ ഭാഷാനൈപുണിയും അധ്യാപനത്തിലെ കലാത്മകതയും സമന്വയിക്കുകയായിരുന്നു. ഈ സവിശേഷത, ഭാഷാ ബോധനശാസ്ത്രത്തില്‍ ഒരു നവഭാവവും രൂപവും സൃഷ്ടിക്കുന്നത് അടുത്തു നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞത്, 2005 മുതല്‍ 2015 വരെയുളള ഒന്നര ദശകക്കാലം, സജീവമായി കേരള എസ് സി ആര്‍ ടി യുടെ ഇംഗ്ലീഷ് പാഠപുസ്തക നിര്‍മ്മാണ ഗ്രൂപ്പില്‍ തുടര്‍ന്നപ്പോഴാണ്. ഭാഷയുമായി ബന്ധപ്പെട്ട–പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട- നിരവധി ‘മസ്തിഷ്ക പ്രചോദിത’ (Brainstorming) സന്ദര്‍ഭങ്ങള്‍ ആനന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഉണ്ടായതും ഈ കാലയളവിലെ അവിസ്മരണീയമായ അനുഭവമാണ്.
ചോംസ്കിയന്‍ ചിന്തയുടെ സ്വാധീനം
ഒരു ഘട്ടത്തില്‍ എസ് സി ആര്‍ ടി യില്‍, ഞങ്ങള്‍ ‘ആനന്ദമാര്‍ഗി’കള്‍ എന്നു പോലും അറിയപ്പെട്ട/വിളിക്കപ്പെട്ട സാഹചര്യത്തെ, വാസ്തവത്തില്‍ മൗലികമായ ഒരു അന്വഷണത്തിന്റെ അംഗീകാരമായിത്തന്നെ ഇംഗ്ലീഷ് ഗ്രൂപ്പ് സ്വീകരിച്ചത് രസകരമായ ഓര്‍മയാണ്. മാത്രമല്ല അതില്‍ ഒരു വെളിപാടിന്റെ ദീപ്തികൂടി ഉണ്ടായിരുന്നു എന്നു വേണം പറയാന്‍. എസ് സി ആര്‍ ടിയില്‍ ഡോ പി.കെ ജയരാജും കെ.ടി ദിനേശും ഉള്‍പ്പെടുന്ന, ഭാഷാസ്നേഹികളും സാഹിത്യകുതുകികളുമായ നിരവധി പ്രഗത്ഭമതികളുടെ, ഇംഗ്ലീഷ് അക്കാദമികനേതൃത്വം ഈ ‘ആനന്ദമാര്‍ഗ’ത്തെ വരവേല്‍ക്കുന്നതിന് കൃത്യമായ കാരണങ്ങളുണ്ടായിരുന്നു എന്നുകൂടി തീര്‍ച്ചയായും പറയേണ്ടതുണ്ട്.

ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവ് എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന നോം ചോംസ്കിയുടെ (Noam Chomsky) ഭാഷാശാസ്ത്ര ചിന്തകളില്‍ ആണ് ഡോ കെ ആന്‍ ആനന്ദന്റെ ഡോക്ടറേറ്റ് എന്നത് ഇവിടെ പ്രത്യേകം പ്രസക്തമാണെന്ന് പറയാം. ഒരു ചോംസ്കി ഭാഷാ പണ്ഡിതനായി ആനന്ദന്‍ മാസ്റ്റര്‍, സംസ്ഥാന ഇംഗ്ലീഷ് പാഠപുസ്തക രചനയ്ക്ക് നേതൃത്വം നല്‍കാന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ത്തന്നെ, ഭാഷയുമായി ബന്ധപ്പെട്ട ചോംസ്കിയന്‍ ചിന്തകളില്‍ ചില സ്വയംനവീകരണ സ്വപ്നങ്ങള്‍ (സെക്കന്‍ഡ് ലാംഗ്വേജ് ക്ലാസ്സുകളുമായി ബന്ധപ്പെട്ട ചില സര്‍ഗാത്മകസ്വപ്നങ്ങള്‍) അദ്ദേഹത്തില്‍, സജീവമായിരുന്നു എന്നാണ് എനിക്ക് മനസ്സിലായിട്ടുളളത്.

ആലങ്കാരികമായി ചോംസ്കി ഒരു ‘ഭാഷാബുദ്ധ’നായി നിലകൊള്ളുമ്പോള്‍, ബുദ്ധന്റെ പ്രാഥമിക ശിഷ്യനായിരുന്ന ആനന്ദനെ ഓര്‍മിപ്പിക്കുന്ന വിധം-ബുദ്ധചിന്തകള്‍ക്ക് പുതിയ മാനം നല്‍കി ആനന്ദ ബുദ്ധമതത്തിന് നാന്ദികുറിച്ച ബുദ്ധശിഷ്യന്‍ ആനന്ദനെ ഓര്‍മിപ്പിക്കും വിധം (ആദ്യത്തെ ബുദ്ധമത സമിതിയിൽ-First Buddhist Council-സൂത്രങ്ങൾ ഉദ്ധരിച്ച് സൂത്രപിടകം എന്ന ബുദ്ധസംഹിതം ക്രോഡീകരിക്കുന്നതിൽ പ്രഥമ പങ്കു വഹിച്ച ആളായിരുന്നു ബുദ്ധ ശിഷ്യനായ ആനന്ദന്‍), ഡോ കെ എന്‍ ആനന്ദനും ഒരര്‍ഥത്തില്‍ ഭാഷാ ബോധനശാസ്ത്രത്തില്‍ ചോംസ്കിയന്‍ ചുവടുപിടിച്ച്, പുതിയ ഒരു പതാകവാഹകനാകുന്ന അനുഭവമാണ് ഉണ്ടായത് എന്ന് മറ്റൊരു രീതിയില്‍ പറയാം. (താനൂര്‍ പരിയാപുരത്തെ പ്രാചീന ഗുഹയില്‍ വെച്ച് ഒരു ബുദ്ധസന്യാസി ആണ് അദ്ദേഹത്തിന് ആനന്ദന്‍ എന്ന് നാമകരണം ചെയ്തത് എന്ന് അനുജനും അധ്യാപകനുമായ സുഖദന്‍ ഒരു വ്യക്തിഗത ഭാഷണത്തില്‍ പറഞ്ഞിരുന്നത് ഈ പശ്ചാത്തലത്തില്‍ ആകസ്മികമായി ഓര്‍ത്തുപോകുന്നു) അതേ സമയം ഒരു ‘മതസ്വഭാവ’ത്തിലേക്ക് വന്നുപെടാതെ അനുദിനം നവീകരിക്കപ്പെടുന്ന ചലനാത്മക ചിന്ത, പാഠപുസ്ത രചനയില്‍, ഇംഗ്ലീഷ് ഗ്രൂപ്പിന് കൈവരിക്കാനായത്, ആനന്ദന്‍ മാസ്റ്ററുടെ ഈ ചോംസ്കിയന്‍ അപനിര്‍മ്മാണചിന്തകളുടെ പ്രത്യേക പശ്ചാത്തലത്തിലും ഊര്‍ജ്ജത്തിലും തന്നെ ആയിരുന്നു എന്നത് നിസ്തര്‍ക്കമാണ്.
‘ആന്തരികഭാഷ’ എന്ന പ്രഹേളിക
പൊതുവില്‍ ചോംസ്കിയന്‍ ഭാഷാ പണ്ഡിതന്മാർ തന്നെ അപൂർവ്വമായ ഒരു വിഭാഗമാണെന്നിരിക്കെ, യാഥാസ്ഥിതിക ഭാഷാ പണ്ഡിതരുടെ, കാലത്തിന് നിരക്കാത്തതോ യോജിക്കാത്തതോ ആയ കടുത്ത ശാഠ്യങ്ങള്‍, ഡോ ആനന്ദനില്‍ ബൗദ്ധികമായ സംഘര്‍ഷത്തിന് വഴിവെച്ചിട്ടുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. മനുഷ്യന് ജനിതകമായും ജൈവികമായും ലഭിക്കുന്ന ഭാഷയെക്കുറിച്ചുളള ചോംസ്കിയന്‍ നവചിന്ത സജീവമായിരിക്കുമ്പോള്‍ തന്നെ, മനസ്സ് ഒരു ‘ടാബുല രസ’യാണെന്ന് (Tabula Rasa) അനുമാനിക്കുന്ന- പഠിതാവിന്റെ/കുട്ടിയുടെ മനസ്സ് ഒരു ഒരു ഒഴിഞ്ഞ സ്ലേറ്റ് ആണെന്ന് അനുമാനിച്ചു മുന്നോട്ട് നീങ്ങുന്ന- ഇ.എൽ.ടി (ഇംഗ്ലീഷ് ഭാഷാധ്യാപന)വകുപ്പിനെക്കുറിച്ച് ആനന്ദന്‍ മാസറ്റര്‍ പറഞ്ഞിട്ടുളളത് ഇവിടെ ഓര്‍ക്കുന്നു.

‘ടാബുല രസ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുളള പഠിപ്പിക്കലും പരിശീലനവും എത്ര വലിയ വിരോധാഭാസമായിത്തീരുന്നു എന്നതുകൂടിയായിരുന്നു ആനന്ദന്‍ മാസ്റ്ററുടെ ആന്തരിക സംഘര്‍ഷം. കാരണം നേരത്തേ സൂചിപ്പിച്ചതുപോലെ പ്രകൃതിദത്തമായ ജനിതക ഭാഷ എന്ന ചോംസ്കിയന്‍ സങ്കല്പമാണ് ഭാഷാശാസ്ത്രത്തില്‍ വിപ്ലവകരമായ മാറ്റം സഷ്ടിക്കുന്നത്. ആദ്യത്തില്‍ ‘ഭാഷാ തിരിച്ചറിയൽ ഉപകരണം’ (Language Acquisition Devise-LAD) എന്നും പിന്നീട് ‘സാര്‍വ്വത്രിക വ്യാകരണം’ (Universal Grammar) എന്നും അറിയപ്പെടുന്ന ചോംസ്കിയന്‍ സംജ്ഞകളും ചിന്തകളും ഇന്നും ഭാഷാശാസ്ത്ര ലോകത്ത് വലിയ തുടര്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ചോംസ്കി ഭാഷയെ ഐ-ലാംഗ്വേജ് (Internal or Innate language), ഇ-ലാംഗ്വേജ് (External language) എന്നിങ്ങനെ തരംതിരിച്ചിട്ടുളളത് ആനന്ദന്‍ മാസ്റ്ററുടെ ഭാഷാബോധന ചിന്തകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇ-ഭാഷ എന്നാൽ ബാഹ്യമായി പ്രകടമാകുന്ന ഭാഷ എന്നാണ് ചോംസ്കി അർത്ഥമാക്കുന്നത്. അത് പ്രത്യക്ഷത്തില്‍ വ്യത്യസ്തമായി നിലകൊള്ളുന്ന മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നിങ്ങനെ ലോകത്തെ ഏത് ഭാഷകളുമാകാം. എന്നാല്‍ ഐ-ഭാഷ എന്നത് അന്തർനിർമ്മിതമായ ഭാഷാ വ്യവസ്ഥയോ സംവിധാനമോ ആണ്. കഴിഞ്ഞ നൂറ്റമ്പതിലധിം വർഷങ്ങളായി നമ്മൾ ഉപയോഗിച്ചുവരുന്ന അധ്യയന രീതിശാസ്ത്രം ഇ-ഭാഷയെ മാത്രം അഥവാ ബാഹ്യഭാഷകളെ മാത്രം അഭിസംബോധന ചെയ്യുമ്പോള്‍ അത് ഐ-ഭാഷയെ അഥവാ മനുഷ്യന്റെ ആന്തരികഭാഷയെ ഒട്ടും അഭിസംബോധന ചെയ്യാത്ത സാഹചര്യമുണ്ട് എന്ന വസ്തുത ആനന്ദന്‍ മാസ്റ്റര്‍ തിരിച്ചറിഞ്ഞത് പുതിയ ഒരു ഭാഷാബോധന പ്രക്രിയയുടെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. അഥവാ അത്തരമോരു സവിശേഷ ബോധ്യമാണ് ആനന്ദന്‍ മാസ്റ്റര്‍ തുടര്‍ന്ന് വികസിപ്പിച്ച ഭാഷാവ്യവഹാരാധിഷ്ഠിത ബോധന രീതിശാസ്ത്രത്തിന്റെ കാതല്‍ എന്ന് പറയാം.
കാരണം നമ്മള്‍ ചിന്തിക്കുന്നത് ഒരിക്കലും അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്ന സുപ്രധാന സത്യത്തെ ആണ് ഒരര്‍ഥത്തില്‍ സമഗ്ര ഭാഷാ ദർശനം അഥവാ Whole Language Appoach എന്ന പുതുവഴിയിലൂടെ ആനന്ദന്‍ മാസ്റ്റര്‍ സ്പര്‍ശിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന യാന്ത്രിക ഭാഷാ ബോധനരീതിയ്ക്ക് അന്ത്യം കുറിക്കാന്‍ വലിയൊരളവ് ഈ ചോംസ്കിയന്‍ ചിന്ത ആനന്ദന്‍ മാസ്റ്ററെ സഹായിച്ചിട്ടുളള കാര്യം അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുളളതാണ്. മാത്രമല്ല, അതുവഴി ഭാഷാപരമായ അന്തര്‍നിര്‍മ്മിതി എന്ന വസ്തുതയിലേക്ക് വെളിച്ചം വീശാനും മറ്റുളളവരെ അതിലേക്ക് നയിക്കാനും കഴിഞ്ഞു എന്നത് ഒട്ടും ചെറിയ കാര്യമായി കാണാന്‍ കഴിയുകയുമില്ല.
ഒരര്‍ഥത്തില്‍ പ്രസ്തുത ചിന്തകളുടെ സാര്‍ഥകമായ തുടര്‍ച്ച എന്നതു പോലെയാണ് മുന്‍ സൂചിപ്പിച്ചതുപോലെ, 1995-96 ഘട്ടത്തില്‍ (DPEP) സമഗ്രഭാഷാ ദർശനം അഥവാ പൂര്‍ണ്ണഭാഷാ സമീപനവും (Whole Language Approach) 2006-200ല്‍ ഭാഷാവ്യവഹാരാധിഷ്ഠിത ബോധനവും (Discourse Oriented Pedagogy-DOP) അവതരിപ്പിക്കപ്പെടുന്നത് എന്ന് സാരം.
ഭാഷയുടെ ജൈവസത്തയും വ്യവഹാരാധിഷ്ഠിത ബോധനവും
സുഘടിതമായ ഭാഷണം അല്ലെങ്കില്‍ കൃത്യമായി ബന്ധമുളള ഭാഷണം ആണ് ഭാഷയുടെ അടിസ്ഥാന യൂണിറ്റ് എന്ന തിരിച്ചറിവിലേക്ക് ആളുകളെ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക യത്നം. ഈ സുഘടിത ഭാഷണത്തെ (ബന്ധിത ഭാഷണം) ആനന്ദന്‍ മാസ്റ്റര്‍ ഭാഷാവ്യവഹാരം അഥവാ ലാംഗ്വേജ് ഡിസ്കോഴ്സ് എന്ന് വിളിക്കുകയും, പാഠപുസ്തകത്തിലെ ഒറ്റപ്പെട്ട അക്ഷരങ്ങള്‍, വാക്കുകള്‍ എന്നിവയുടെയല്ലാം പൂര്‍വ്വകാല അവതരണത്തെ ക്രിയാത്മകമായി പരിഷ്കരിച്ച് വ്യവഹാര കേന്ദ്രിതമായ ഒരു രണ്ടാം ഭാഷാ പഠന സമ്പ്രദായം – മാതൃഭാഷയല്ലാത്ത എല്ലാ ഭാഷയും രണ്ടാം ഭാഷ (Second Language) എന്ന പരികല്പനയില്‍ പെടുന്നു- നടപ്പിലാക്കുകയും ചെയ്തു. കേരളത്തിലെയും ആന്ധ്രയിലെയും പാഠപുസ്തകങ്ങളില്‍ മാത്രമല്ല, തനതു പ്രൊജക്ടുകളായ Second Language Acquisition Program (SLAP), Rapid Acquisition of Competence in English (RACE) തുടങ്ങിയ വ്യവാഹാര കേന്ദ്രിത ബോധന പദ്ധതികളും (DOP) പ്രൈമറി ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഭാഷാര്‍ജ്ജനത്തിലും രണ്ടാം ഭാഷയായി പഠനം നടക്കുന്ന മറ്റെല്ലാ ഭാഷകള്‍ പഠിക്കുന്നതിലും വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കി. ഭാഷ എന്നാല്‍ വ്യാകരണമോ ചിന്തയോ അക്ഷരമോ വാക്കോ അല്ലെന്നുളള വെളിപാട് ആനന്ദന്‍ മാസ്റ്ററുടെ പുതിയ ഭാഷാര്‍ജ്ജന ബോധന പ്രക്രിയയുടെ ഹൃദയം പോലെ പ്രവര്‍ത്തിച്ചു.
മനുഷ്യര്‍ ചിന്തിക്കുന്നത് ഇമേജുകളായിട്ടാണെന്നും, ഭാഷ രൂപപ്പെടുന്നത് അല്ലെങ്കില്‍ ആവിര്‍ഭവിക്കുന്നത് അര്‍ഥവത്തായ ഭാഷണം- മറ്റുളളവരോടോ തന്നോടു തന്നെയോ-സംഭവിക്കുമ്പോള്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ ഭാഷാപദ്ധതികള്‍ അടിവരയിട്ടു. ഏറ്റവും ആദ്യത്തില്‍ സൂചിപ്പിച്ചതുപോലെ, ഒരു നല്ല കലാകാരന്‍ കൂടിയായ ആനന്ദന്‍ മാസ്റ്റര്‍ തന്റെ ഭാഷാവ്യവഹാര ക്ലാസ്സുകളെ ഒരു മാന്ത്രികനെപ്പോലെ അല്ലെങ്കില്‍ ഒരു മെന്റലിസ്റ്റിനെപ്പോലെ ആനന്ദദായകമാക്കി.
Code Switching, Narrative pedagogy, Channelising thoughts, Triggering language emergency, Scaffolding, Zone of proximal development, Positive evidences തുടങ്ങി നിരവധി ഭാഷാ ബോധന തന്ത്രങ്ങളും സങ്കല്പങ്ങളും ആശയങ്ങളും എല്ലാ ‘ആനന്ദമാര്‍ഗി’കളും സ്വായത്തമാക്കുകയും പ്രയോഗിക്കുകയും ചെയ്തു. ഒരു ഇരുപത്തിയഞ്ച് ശതമാനം ആനന്ദനായാല്‍ത്തന്നെ ഭാഷാ ക്ലാസ്സുകള്‍ ചലനാത്മകമാകുമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. ഒരു പക്ഷേ ജൈവികമായ ഭാഷാര്‍ജ്ജന സന്ദര്‍ഭങ്ങള്‍ സര്‍ഗാത്മകമായി സൃഷ്ടിക്കാമെന്നും അതുവഴി ഭാഷാ ബോധനത്തിന് പുതിയ മാനങ്ങള്‍ നല്‍കാനാകുമെന്നും സംശയലേശമന്യേ ബോധ്യപ്പെടുത്തി എന്നതാകും അദ്ദേഹം ഈ കാലഘട്ടത്തിന് വലിയ സംഭാവന എന്നതില്‍ സന്ദേഹമില്ല.

ഭാഷാശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം, Freedom From Imperial Shackles, Tuition To Intuition തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളും ഘട്ടം ഘട്ടമായി ചര്‍ച്ചചെയ്യുന്നത് ചോംസ്കിയന്‍ ഭാഷാശാസ്ത്ര പരിണാമങ്ങളും സെക്കന്‍ഡ് ലാംഗ്വേജ് അധ്യയനത്തിലെ വ്യവഹാര നിര്‍മ്മിതിയും, ഭാഷാര്‍ജ്ജനത്തില്‍ വൈജ്ഞാനിക സാമൂഹിക ഇടപെടലിന്റെ പ്രാധാന്യവും (കോഗ്നിറ്റീവ് ഇന്‍ററാക്ഷനിസ്റ്റ് അപ്രോച്ച്) ആണ്. ഭാഷയിലുളള അറിവും (Knowledge of Language) ഭാഷയെക്കുറിച്ചുളള അറിവും (Knowledge about Language) ഭിന്നമാകുന്നതെങ്ങനെ എന്നത് DOP പ്രത്യേകം അഭിസംബോധന ചെയ്യുന്ന വിഷയം തന്നെയാണ്. എങ്കിലും പ്രൈമറി ക്ലാസ്സുകളില്‍ നിന്ന് മാറി ഹൈസ്കൂള്‍ തലത്തിലുളള ബോധനത്തില്‍ കുറെക്കൂടി തെളിച്ചമാവശ്വമാണെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ, വ്യവഹാരാധിഷ്ഠിത ബോധനം ചിലപ്പോഴെങ്കിലും സ്വയമറിയാതെ ‘യാന്ത്രികത’യുടെ കുരുക്കുില്‍ വീഴുന്നു എന്ന പരിമിതിയും അനുഭവപ്പെട്ടിട്ടുണ്ട്.

ഇത്തരം ചില സ്വഭാവിക പരിമിതികള്‍ മറികടക്കാനുളള ബോധന ഉപായങ്ങള്‍ കൂടി ആനന്ദന്‍ മാസ്റ്റര്‍ സര്‍ഗാത്മകമായി വികസിപ്പിക്കുമെന്നും അതിലൂടെ ഭാഷാര്‍ജ്ജനത്തിലെ ഈ ‘ആനന്ദമാര്‍ഗം’, കൂടുതല്‍ പ്രശോഭിതമാകുമെന്നും, അത് ഇന്ത്യയിലെ രണ്ടാം ഭാഷാബോധന മണ്ഡലത്തില്‍, ഡോ കെ.എന്‍ ആനന്ദന്‍ എന്ന ചോംസ്കിയന്‍ ലിംഗ്വിസ്റ്റിന്റെ എണ്ണപ്പെട്ട സംഭാവനയായി നിലകൊളളുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.