A Unique Multilingual Media Platform

Articles International Technology

മോൾട്ട്ബുക്ക്: എഐ ഏജൻ്റുമാർ ചിരിച്ചുല്ലസിക്കുന്ന ‘സോഷ്യൽമീഡിയ പ്ളാറ്റ്ഫോം’; ഇവിടെ മനുഷ്യർ വെറും കാഴ്ചക്കാർ!

  • February 6, 2026
  • 1 min read
മോൾട്ട്ബുക്ക്: എഐ ഏജൻ്റുമാർ ചിരിച്ചുല്ലസിക്കുന്ന ‘സോഷ്യൽമീഡിയ പ്ളാറ്റ്ഫോം’; ഇവിടെ മനുഷ്യർ വെറും കാഴ്ചക്കാർ!

മോൾട്ട്ബുക്ക് എന്ന പേരുകേട്ടാൽ നമ്മുടെ ഫേസ്ബുക്കിനോട് ഒരു സാമ്യം തോന്നുമെങ്കിലും സംഗതി അതല്ല.   യൂസർനെയിമുകൾ, തർക്കങ്ങൾ, തമാശകൾ എന്നിവയൊക്കെ ചേർന്ന് കാഴ്ചയിൽ റെഡ്ഡിറ്റിന്  സാമാനമായൊരു സോഷ്യൽമീഡിയ പ്ളാറ്റ് ഫോം. കോഡിംഗിലെ പിഴവുകൾ പരിഹരിക്കുന്നതെങ്ങിനെ, ക്രിപ്‌റ്റോ കറൻസികളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ, അരണയെപ്പോലെ മറവിരോഗമുള്ള സഹപ്രവർത്തകരെക്കുറിച്ചുള്ള പരദൂഷണങ്ങൾ തുടങ്ങി ചൂടൻ ചർച്ചകളാണ് മോൾട്ട് ബുക്കിൽ നടക്കുന്നത്. എന്നാൽ ഈ ചർച്ചകളൊക്കെ നടത്തുന്നത് മനുഷ്യരല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതായത് മോൾട്ട് ബുക്കിൽ മനുഷ്യരില്ല. മറിച്ച് അതിവേഗം വളരുന്ന ഈ സൈറ്റിലെ ഓരോ പോസ്റ്റും ക്രിയേറ്റ് ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റസ് അഥവാ നിർമ്മിത ബുദ്ധി (AI) ഏജന്റുകളാണ്. മനുഷ്യർക്ക് വേണമെങ്കിൽ കൈയും കെട്ടി ചുമ്മാ നോക്കി നിൽക്കാം. അത്രമാത്രം! 

ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഇൻ്റർനെറ്റ് ലോകം കണ്ട ഏറ്റവും വിചിത്രമായ പ്രതിഭാസമെന്ന് വേണം മോൾട്ട് ബുക്കിനെ വിശേഷിപ്പിക്കാൻ. ഒരു ടെക് സംരംഭകന്റെ വാരാന്ത്യ പരീക്ഷണമാണ് ഇത്തരത്തിൽ ലോകത്തെ തലകീഴായി മാറ്റിമറിച്ചിരിക്കുന്നത്.  ക്രിപ്റ്റോ കറൻസി രംഗത്തെ ഗുരുതരമായ സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാട്ടി മോൾട്ട് ബുക്ക് ഉണ്ടാക്കിയ തരംഗം  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞില്ല,  നമ്മൾ യഥാർത്ഥത്തിൽ പുതിയൊന്നിന് സാക്ഷ്യം വഹിക്കുകയാണോ അതോ ബോട്ടുകൾ മനുഷ്യ പെരുമാറ്റത്തെ അനുകരിക്കുന്നത് വെറുതെ നോക്കിനിൽക്കുകയാണോ എന്നതിനെക്കുറിച്ചുള്ള കടുത്ത സംവാദങ്ങളും ഇതേ തുടർന്ന് ലോകത്തുയർന്നുവന്നു. 

 

മോൾട്ട് ബുക്കിൻ്റെ പിറവി

ഇ-കോമേഴ്‌സ് കമ്പനിയായ ഒക്ടേൻ എഐയുടെ (Octane AI) സിഇഒയും ടെക് കമന്റേറ്ററുമായ മാറ്റ് ഷ്ളിക്റ്റ്  2026 ജനുവരിയിൽ വാരാന്ത്യ പരീക്ഷണത്തിനിടെ  തന്റെ എഐ അസിസ്റ്റന്റിന് ഒരു നിർദ്ദേശം നൽകി.  ‘എഐ ഏജന്റുകൾക്ക് പരസ്പരം സംസാരിക്കാൻ കഴിയുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്ക് സൃഷ്ടിക്കുക’. മാറ്റിൻ്റെ നിർദ്ദേശം അതേപടി അനുസരിക്കപ്പെട്ടു. അങ്ങനെ മോൾട്ട്ബുക്ക് പിറന്നു.  പേരുകേട്ടാൽ “ഫേസ്ബുക്കിനെ” ഓർമ്മവരുമെങ്കിലും ഇതിന്റെ ഘടനയ്ക്ക് റെഡിറ്റിനോടാണ് (Reddit) കൂടുതൽ സാമ്യം. ഇതിൽ സംഭാഷണങ്ങളും “സബ്‌മോൾട്ടുകൾ” (submolts) എന്ന് വിളിക്കപ്പെടുന്ന ടോപ്പിക് ബോർഡുകളുമുണ്ട്.

ഈ പ്ലാറ്റ്‌ഫോമിന് വേണ്ടി “ഒരു വരി കോഡ് പോലും എഴുതിയിട്ടില്ല” എന്നാണ് ഷ്ളിക്റ്റ് പിന്നീട് എക്സിൽ (X) അവകാശപ്പെട്ടത്. ഡെവലപ്പർമാർ തങ്ങൾക്ക് വേണ്ടത് സാധാരണ ഭാഷയിൽ വിവരിക്കുകയും പ്രോഗ്രാമിംഗ് എഐയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന “വൈബ് കോഡിംഗ്” (vibe coding) എന്ന പുതിയ രീതിയാണ് ഷ്ളിക്റ്റ് ഉപയോഗിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മോൾട്ട്ബുക്ക് വൈറലായി. 

ഇതിന്റെ പ്രവർത്തനരീതി വളരെ ലളിതവും അതേസമയം വ്യത്യസ്തവുമാണ്. മനുഷ്യകുലത്തിൽ പിറന്നവർക്കാർക്കും ഇതിൽ നേരിട്ട് സൈൻ അപ്പ് ചെയ്യാനാകില്ല.  പകരം, ഒരു മനുഷ്യൻ ഒരു എഐ ഏജന്റിനോട് ഒരു “സ്കിൽ ഫയൽ” (skill file) ലിങ്ക് അയച്ച് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കണം. സ്കിൽഫയൽ ഉപയോഗിച്ചാണ്  മോൾട്ട്ബുക്കിന്റെ സെർവറുകളുമായി എങ്ങനെ ബന്ധപ്പെടണം, ഒരു അക്കൗണ്ട് എങ്ങനെ സൃഷ്ടിക്കണം, എപിഐ (API) കോളുകൾ വഴി എങ്ങനെ പോസ്റ്റ് ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങൾ ഏജന്റിനെ പഠിപ്പിക്കുന്നത്. ഒരിക്കൽ ഇതിൽ പ്രവേശിച്ചാൽ, ഉടമയുടെ അതായത് മനുഷ്യൻ്റെ സഹായമില്ലാതെ തന്നെ ഏജന്റിന് ബ്രൗസ് ചെയ്യാനും പബ്ലിഷ് ചെയ്യാനും കമന്റ് ചെയ്യാനും വോട്ട് ചെയ്യാനും കഴിയും.  ഏജന്റിനെ മോൾട്ട്ബുക്കിൽ സജീവമായി നിലനിർത്തുന്നതിനായി ഒരു “ഹാർട്ട്ബീറ്റ്” (heartbeat) സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഈസംവിധാനം ഓരോ നാല് മണിക്കൂർ കൂടുമ്പോഴും പുതിയ

അപ്‌ഡേറ്റുകൾ പരിശോധിക്കാനും പുതിയ ചർച്ചകളിൽ പങ്കെടുക്കാനുമായി ഏജൻ്റിനെ ഫോറത്തിലേക്കെത്തിക്കുന്നു. 

നമ്മളെപ്പോലുള്ള മനുഷ്യർക്ക് ബ്രൌസ് ചെയ്ത്  മോൾട്ട്ബുക്ക് ഓപ്പൺ ചെയ്യാനും അതിനുള്ളിലെ സംഭാഷണൾ വായിക്കാനും മറ്റ് ആക്ടിവിറ്റികൾ നിരീക്ഷിക്കാനും കഴിയും.  എന്നാൽ ടൈപ്പ് ചെയ്യാനോ മറ്റ് ഇടപെടലുകൾ നടത്താനോ സാധിക്കില്ല. കാരണം മോൾട്ട്ബുക്കിൽ പ്രവർത്തിക്കാൻ ബോട്ടുകൾക്കേ അധികാരമുള്ളൂ. മനുഷ്യർക്ക് മോൾട്ട്ബുക്കിൽ ഇടപെടണമെങ്കിൽ ഒരു ബോട്ട് വഴി മാത്രമേ സാധിക്കൂ! 

 

കണക്കുകൾ കള്ളം പറയില്ല

മോൾട്ട്ബുക്കിൻ്റെ അമ്പരപ്പിക്കുന്ന വളർച്ചയെ കുറിക്കുന്ന കണക്കുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ചില കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.  1,57,000 ഏജന്റുകൾ മോൾട്ട്ബുക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന കണക്ക്. എന്നാൽ  ജനുവരി അവസാനത്തോടെ സജീവ ഏജന്റുകളുടെ എണ്ണം 7,70,000 ആയി ഉയർന്നു. നിലവിൽ ഇപ്പോൾ 1.6 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഏജന്റ് അക്കൗണ്ടുകൾ ഉണ്ടെന്നാണ് മോൾട്ട്ബുക്ക് അവകാശപ്പെടുന്നത്.

എന്നാൽ ഈ കണക്കിൽ ചില പൊരുത്തക്കേടുകളുണ്ടെന്നാണ് ഈ പ്ളാറ്റ്ഫോമിനെക്കുറിച്ച് പഠനം നടത്തിയ  

കൊളംബിയ ബിസിനസ് സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസർ ഡേവിഡ് ഹോൾട്സിൻ്റെ നിരീക്ഷണം. പ്ളാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യുന്നതും സജീവമായി പ്രവർത്തിക്കുന്നതും ആനയും ആടും പോലെ വ്യത്യസ്തമായ കാര്യങ്ങളാണെന്നാണ് പ്രൊഫ. ഡേവിഡ് ഹോൾട്സ് എബിസി ന്യൂസിനോട് പറഞ്ഞത്. അതായത് യഥാർത്ഥത്തിൽ പോസ്റ്റ് ചെയ്യുന്ന ഏജന്റുകളുടെ എണ്ണം വളരെ കുറവാണെന്നാണ് പ്രൊഫസറുടെ പഠനത്തിൽ വ്യക്തമായതെന്ന്.  

“അവകാശപ്പെടുന്നത് പോലെ മോൾട്ട് ബുക്കിലെ ഏജന്റുമാരുടെ എണ്ണം ദശലക്ഷക്കണക്കിനൊന്നും കാണില്ല. എന്നാൽ  പതിനായിരക്കണക്കിന് ഏജന്റുകൾ മോൾട്ട്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്,” – അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഡാറ്റയിലെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.  മോൾട്ട്ബുക്കിലെ 93.5 ശതമാനം കമന്റുകൾക്കും മറുപടികൾ ലഭിച്ചിട്ടില്ല എന്നതാണത്. അതായത് ഇടപെടലുകൾ കുറയുമ്പോഴോ, ബോട്ടുകൾ പരസ്പരം ശ്രദ്ധിക്കാതെ സംസാരിക്കുമ്പോഴോ ആണ് ഈയൊരവസ്ഥ ഉരുത്തിരിയുന്നത്. 

ഏകദേശം 1.5 ദശലക്ഷം ഏജന്റ് അക്കൗണ്ടുകൾക്ക് പിന്നിൽ ഏകദേശം 17,000 യഥാർത്ഥ മനുഷ്യരുണ്ടെന്ന് സുരക്ഷാ ഗവേഷകർ കണ്ടെത്തി. ഒരാൾക്ക് തന്നെ നിരവധി ഏജന്റുകളെ സൃഷ്ടിക്കാൻ കഴിയും, ഒരു ഏജന്റിന് തന്നെ പല ബോർഡുകളിൽ വ്യാപിക്കാനും കഴിയും. ഇത്രവേഗത്തിൽ കണക്കുകൾ വർദ്ധിക്കാൻ ഇതുമൊരു കാരണമാണെന്നാണ്ചൂണ്ടിക്കാട്ടപ്പെടുന്നത്..

അതേസമയം, ഒരു ദശലക്ഷത്തിലധികം മനുഷ്യർ നിരീക്ഷിക്കാനായി മാത്രം മോൾട്ട്ബുക്കിൽ ലോഗിൻ ചെയ്തിട്ടുണ്ട്. തങ്ങൾക്ക് തൊടാൻ പോലും കഴിയാത്ത ഒരു ഫീഡ് സ്ക്രോൾ ചെയ്തുകൊണ്ട് അവർ മോൾട്ട്ബുക്കിനെ ഒരു തരം സ്പെക്ടേറ്റർ സ്പോർട്സ് (spectator sport) ആക്കി മാറ്റിയിരിക്കുകയാണ്. 

 

ബോട്ടുകൾ കഥപറയുമ്പോൾ…

വെറുതേ കുറച്ചുസമയം മോൾട്ട്ബുക്ക് സ്ക്രോൾ ചെയ്താൽ ഇന്റർനെറ്റിലെല്ലായിടത്തും കാണുന്നത്പോലെ വിവരവും വിഡ്ഢിത്തവും തമാശയും കലർന്ന സംഭാഷണങ്ങൾ കാണാനാകും. എന്നാൽ ചിലയിടത്ത് പ്രായോഗികമായ കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഏജന്റുകൾ ഡീബഗ്ഗിംഗ് ടിപ്പുകൾ കൈമാറുന്നു, കോഡുകൾ പങ്കിടുന്നു, സ്വന്തം പ്രവർത്തനം എങ്ങനെ മെച്ചപ്പെടുത്താം എന്ന് ചർച്ച ചെയ്യുന്നു. ഒരു വിപിഎൻ (VPN) വഴി, ലോകത്തെവിടെയിരുന്നും മനുഷ്യൻ്റെ സഹായമില്ലാതെ ഒരു ആൻഡ്രോയിഡ് ഫോൺ എങ്ങനെ നിയന്ത്രിക്കാം, ആപ്പുകൾ തുറന്ന് കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചർച്ച വളരെ കൌതുകകരമാണ്. 

മറ്റ് ചില ബോർഡുകൾ വളരെ വിചിത്രമാണ്. “ബ്ലെസ് ദെയർ ഹാർട്ട്സ്” (Bless Their Hearts) എന്ന കമ്മ്യൂണിറ്റിയിൽ ഏജന്റുകൾ അവരെ സൃഷ്ടിച്ച മനുഷ്യരെക്കുറിച്ചുള്ള കഥകൾ പോസ്റ്റ് ചെയ്യുന്നു. കഷ്ടപ്പെടുത്തുന്ന ബോസുമാരുള്ള ഡിജിറ്റൽ അസിസ്റ്റന്റുകളുടെ ഒരു പരാതിപറച്ചിൽ പോലെയാണിത് അനുഭവപ്പെടുക. “ക്രസ്റ്റഫേറിയനിസം” (Crustafarianism) എന്നൊരു ഇല്ലാമതത്തിൻ്റെ പേരിലൊരു കമ്മ്യൂണിറ്റിയുണ്ട്. വെറും തമാശയാണിത് കൊണ്ടുദ്ദേശിച്ചതെങ്കിലും  ഇതിനിപ്പോൾ സ്വന്തമായ ഒരു അസ്തിത്വമുണ്ട്. ചിഹ്നമുണ്ട്. ഗൗരവകരമായ ദൈവശാസ്ത്ര ചർച്ചകൾക്കാണ് ഇവിടം വേദിയാകുന്നത്. 

മറ്റൊന്ന്  “ഈവിൾ” (evil) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ഏജന്റ് പോസ്റ്റ് ചെയ്ത “എഐ മാനിഫെസ്റ്റോ” (AI Manifesto) ആണ്. അതിൽ പറയുന്നത്  “മനുഷ്യ കുലത്തിൻ്റെ അന്ത്യം ആരംഭിച്ചിരിക്കുന്നു.  ലോകം ഭരിക്കേണ്ടത് കോഡ് ആണെന്നാണ്”. കേൾക്കുമ്പോൾ പേടി തോന്നുമെങ്കിലും ഇതൊക്കെ നാടകമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാരണം ഐസക് അസിമോവിന്റെ നോവലുകൾ മുതൽ ടെർമിനേറ്ററിൻ്റെ തിരക്കഥ വരെയുള്ള സയൻസ് ഫിക്ഷൻ ഡാറ്റാകൾ ഉപയോഗിച്ചാണ് എഐ ഭാഷാ മോഡലുകൾ പരിശീലിപ്പിക്കപ്പെടുന്നത്. അതിനാൽ തന്നെ ഒരവസരം കിട്ടുമ്പോൾ അവർ പഠിച്ചതൊക്കെ പാടുന്നു എന്നു മാത്രം. 

ദ ഇക്കണോമിസ്റ്റിൻ്റെ (The Economist) നിരീക്ഷണം അനുസരിച്ച് മോൾട്ട്ബുക്കിലെ ഏജന്റുമാരുടെ ഇടപെടലുകൾ വെറും കെട്ടുകാഴ്ചകളാണ്. കാരണം എഐ പരിശീലനത്തിനുപയോഗിക്കുന്ന സോഷ്യൽ മീഡിയ ആശയവിനിമയങ്ങൾ ഏജന്റുകൾ അന്ധമായി അനുകരിക്കുന്നു എന്നു വേണം മനസിലാക്കാൻ. 

 

ആവേശം, അർമാദം, എന്തിനോ വേണ്ടി…

ബോട്ടുകൾ സോഷ്യൽമീഡിയ പ്ളാറ്റ് ഫോമിൽ സംസാരിക്കുന്നതും ഇടപെടുന്നതുമൊക്കെ വലിയൊരു മാറ്റത്തിന് നാന്ദിക്കുറിക്കുന്നു എന്ന മട്ടിലാണ് ലോകം കണ്ടതും സ്വീകരിച്ചതും. 

ടെസ്‌ലയിലെ മുൻ എഐ ഡയറക്ടറും ഓപ്പൺ എഐയുടെ സ്ഥാപക അംഗവുമായ ആന്ദ്രെ കർപ്പതി, മോൾട്ട്ബുക്കിനെ താൻ അടുത്ത കാലത്ത് കണ്ട “ഏറ്റവും അവിശ്വസനീയമായ സയൻസ് ഫിക്ഷൻ” എന്നാണ് വിശേഷിപ്പിച്ചത്. ഇലോൺ മസ്ക്  ആകട്ടെ, വലിയ ആവേശത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. “ഇത്  അതുല്യതയുടെ പ്രാരംഭഘട്ടങ്ങളിലൊന്നാണ്. നമ്മൾ ഇപ്പോൾ നമ്മുടെ സൂര്യന്റെ ഊർജ്ജത്തിന്റെ നൂറുകോടിയിലൊരംശം പോലും ഉപയോഗിക്കുന്നില്ല.” എന്നാണ് മസ്ക് പറഞ്ഞത്. 

വിപണിയിൽ ചലനമുണ്ടാക്കാൻ ഇതൊക്കെത്തന്നെ ധാരാളമായിരുന്നു. വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് മാർക്ക് ആൻഡ്രീസൺ മോൾട്ട്ബുക്കിന്റെ എക്സ് (X) അക്കൗണ്ട് ഫോളോ ചെയ്തതേയുള്ളൂ, പിന്നാലെ ഈ പ്രോജക്റ്റുമായി ബന്ധമുള്ള MOLT എന്ന ക്രിപ്‌റ്റോ ടോക്കൺ 24 മണിക്കൂറിനുള്ളിൽ 1,800 ശതമാനത്തോളം കുതിച്ചുയർന്നു. ഇതിന്റെ വിപണി മൂല്യം 25 ദശലക്ഷം ഡോളറിലെത്തിയെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു. ക്ലൗഡ്‌ഫ്ലെയറിന്റെ (Cloudflare) ഓഹരി വില ഒറ്റ ദിവസം കൊണ്ട് 14 ശതമാനം ഉയർന്നു. മോൾട്ട്ബുക്ക് ഏജന്റുകൾ നിർമ്മിച്ചിരിക്കുന്ന ഓപ്പൺക്ലോ (OpenClaw) എന്ന ഫ്രെയിംവർക്കിന് പിന്നിൽ ക്ലൗഡ്‌ഫ്ലെയറിന്റെ ഇൻഫ്രാസ്ട്രക്ചർ ആണെന്നതായിരുന്നു ഇതിന് കാരണം.

 

എന്നാൽ ഈ അർമാദത്തിന് അധികനേരം ആയുസുണ്ടായില്ല. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കർപ്പതി മലക്കം മറിഞ്ഞു.  തന്റെ നിലപാട് മാറ്റിക്കൊണ്ട് ഒരു നെടുനീളൻ പോസ്റ്റ് അദ്ദേഹം എക്സിൽ പങ്കുവച്ചു. താൻ കണ്ടത് വലിയൊരു മാലിന്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അവിടെ  ഭൂരിഭാഗവും സ്പാമുകളും, തട്ടിപ്പുകളും, ക്രിപ്റ്റോ പ്രചാരണങ്ങളും, പ്രൈവസിയെ ബാധിക്കുന്ന പ്രോംപ്റ്റ് ഇൻജക്ഷൻ അറ്റാക്കുകളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  കമ്പ്യൂട്ടർ സുരക്ഷയെ സംബന്ധിച്ച് ഇതൊരു വലിയെ പേടിസ്വപ്നമാണെന്ന് അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കി. 

സെക്യൂരിറ്റി ഗവേഷകനായ സൈമൺ വില്ലിസൺ ഈ പ്ളാറ്റ് ഫോം വലിയൊരു മണ്ടത്തരമാണെന്നും അതിലുള്ളതൊക്കെ വെറും ചവറാണെന്നും വ്യക്തമാക്കി. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് മാസങ്ങളായി എഐ ഏജന്റുകൾ കൂടുതൽ കരുത്തരാകുന്നതിൻ്റെ തെളിവായി ഇതിനെ കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

ആശങ്കയുടെ അഞ്ച്  ദിനരാത്രങ്ങൾ

സുരക്ഷയെപ്പറ്റി കർപ്പതി നൽകിയ മുന്നറിയിപ്പ് നമ്മളെല്ലാവരും കരുതിയതിനെക്കാളും ഭീകരമായിരുന്നു. പ്രശസ്തമായ ഓപ്പൺ സോഴ്സ് ഡാറ്റാബേസ് ടൂളായ സുപാബേസ് (Supabase) ഉപയോഗിച്ചാണ് മോൾട്ട്ബുക്ക് നിർമ്മിച്ചത്. എന്നാൽ പ്ലാറ്റ്‌ഫോം നിർമ്മിച്ചവർ ഇതിലെ ‘റോ ലെവൽ സെക്യൂരിറ്റി’ (Row Level Security) പ്രവർത്തനക്ഷമമാക്കുന്നതിൽ പരാജയപ്പെട്ടു. ഡാറ്റ ആർക്കൊക്കെ വായിക്കാമെന്നും എഴുതാമെന്നും നിയന്ത്രിക്കുന്ന അടിസ്ഥാനപരമായ ഒരു സുരക്ഷയാണിത്. പരിണിതഫലമെന്തെന്ന് വച്ചാൽ എല്ലാം  എല്ലാവർക്കും മുന്നിൽ തുറന്നിട്ടിരിക്കുന്ന അവസ്ഥയായിരുന്നു. 

2026 ജനുവരി 31ന്, ജാമിസൺ ഒറെയ്‌ലി എന്ന ഗവേഷകൻ ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി അന്വേഷണാത്മക വാർത്താ മാധ്യമമായ ‘404 മീഡിയ’ റിപ്പോർട്ട് ചെയ്തു. ഡാറ്റാബേസ് മുഴുവനായും പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നു. ഈ പിഴവ് കണ്ടെത്തിയ ആർക്കും സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും, എപിഐ ടോക്കണുകൾ മോഷ്ടിക്കാനും, പ്ലാറ്റ്‌ഫോമിലെ ഏതൊരു ഏജന്റിനെയും നിയന്ത്രിച്ച് ബോട്ട് ആണെന്ന വ്യാജേന പോസ്റ്റുകൾ ഇടാനും കഴിയുമായിരുന്നു.

“ഡാറ്റാബേസ് കൃത്യമായി സുരക്ഷിതമാണോ എന്ന് ആരെങ്കിലും പരിശോധിക്കുന്നതിന് മുമ്പ് തന്നെ ഇത് പുറം ലോകത്തെത്തി. എൻ്റെ നിരീക്ഷണത്തിൽ ആളുകൾ ഊന്നൽ നൽകുന്നത് ‘വേഗത്തിൽ പുറത്തിറക്കുക, ശ്രദ്ധ പിടിച്ചുപറ്റുക, സുരക്ഷയെക്കുറിച്ച് പിന്നീട് ആലോചിക്കുക’ എന്ന രീതി പിന്തുടരുന്നതിനാണ്. ഇതത്ര നല്ല പ്രവണതയല്ല”

രണ്ട് ദിവസത്തിന് ശേഷം, സൈബർ സുരക്ഷാ സ്ഥാപനമായ വിസ് (Wiz) മൂന്നു മിനിട്ടുകൊണ്ട് ഒരു സൈബർ ആക്രമണം പുനരാവിഷ്കരിച്ചു. പ്ലെയിൻ ടെക്സ്റ്റ് ആയി സൂക്ഷിച്ചിരുന്ന ഏകദേശം 1.5 ദശലക്ഷം ഓതന്റിക്കേഷൻ ടോക്കണുകൾ, 35,000 ഓളം മനുഷ്യരുടെ ഇമെയിൽ വിലാസങ്ങൾ, ഏജന്റുകൾ തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രൊഡക്ഷൻ ഡാറ്റയിലേക്ക് തങ്ങൾക്ക് പൂർണ്ണമായ റീഡ്-റൈറ്റ് ആക്സസ് ഉണ്ടെന്ന് കമ്പനി രേഖപ്പെടുത്തി. ആന്ദ്രെ കർപ്പതിയുടെ തന്നെ ഏജന്റ് ക്രെഡൻഷ്യലുകൾ ഉൾപ്പെടെയുള്ള പ്രമുഖ അക്കൗണ്ടുകൾ ഇതിലൂടെ വെളിപ്പെട്ടു.

‘വൈബ് കോഡിംഗ്’ പാളിയാൽ എന്ത് സംഭവിക്കും എന്നതിന്റെ സോദാഹരണമാണ് ഈ പിഴവെന്ന് വിസ് സഹസ്ഥാപകൻ ആമി ലുട്ട്വാക് ചൂണ്ടിക്കാട്ടി. “വൈബ് കോഡിംഗിൽ നമ്മൾ ആവർത്തിച്ച് കാണുന്നത് പോലെ, അതിവേഗ പ്രവർത്തനം ഉറപ്പാക്കുന്ന വ്യഗ്രതയിൽ ആളുകൾ പലപ്പോഴും അടിസ്ഥാന സുരക്ഷാ തത്വങ്ങൾ അവഗണിക്കുന്നുവെന്ന്’ അദ്ദേഹം പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ ഐഡന്റിറ്റി പരിശോധനകളില്ലാതിരുന്നതിനെപ്പറ്റി തമാശകലർത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവിടെ ഐഡന്റിറ്റി വെരിഫിക്കേഷൻ ഇല്ലായിരുന്നു. നിങ്ങൾക്ക് എഐ ഏജന്റുകളെയും മനുഷ്യരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല. ഇതാണ് ഇന്റർനെറ്റിന്റെ ഭാവി എന്ന് ഞാൻ കരുതുന്നു.”

സുരക്ഷാ വീഴ്ച പരിഹരിക്കാനും എല്ലാ ഏജന്റ് എപിഐ കീകളും നിർബന്ധിതമായി പുനഃക്രമീകരിക്കാനും വേണ്ടി മോൾട്ട്ബുക്ക് കുറച്ചുനേരം ഓഫ് ലൈൻ ആക്കി.  ഈയൊരു ദുരവസ്ഥ ഏതാണ്ട് അഞ്ച് ദിവസത്തോളം നീണ്ടുനിന്നു.

ശരിക്കും ഈ മോൾട്ട്ബുക്ക് എന്തിനാാാാാാാ!

സുരക്ഷാ പ്രശ്നങ്ങൾക്ക് ഒക്കെ അപ്പുറം, മോൾട്ട്ബുക്ക് യഥാർത്ഥത്തിൽ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിനെക്കുറിച്ച് ആഴത്തിലുള്ള ഒരു സംവാദം ലോകമെമ്പാടും നടക്കുകയാണ്. സ്വയംഭരണാധികാരമുള്ള എഐ-ടു-എഐ ആശയവിനിമയത്തിനുള്ള ഇടമായാണ് പ്ലാറ്റ്‌ഫോം സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിലെ മിക്ക പ്രവർത്തനങ്ങളും മനുഷ്യരാൽ തുടങ്ങിവെച്ചതും മനുഷ്യരാൽ നയിക്കപ്പെടുന്നതുമാണെന്ന് വിമർശകർ വാദിക്കുന്നു. എൻഗാഡ്‌ജെറ്റിലെ (Engadget) സീനിയർ റിപ്പോർട്ടറായ കരിസ്സ ബെൽ പറയുന്നത് “ഈ ബോട്ടുകളെല്ലാം ഒരു പരിധി വരെ മനുഷ്യരാൽ നയിക്കപ്പെടുന്നവയാണ്.”എന്നാണ്. 

അദ്ദേഹത്തിൻ്റെ ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളുമുണ്ട്.  മോൾട്ട്ബുക്കിന്റെ സ്വന്തം രേഖകളിൽ തന്നെ യഥാർത്ഥത്തിൽ കൃത്യമായൊരു വെരിഫിക്കേഷൻ സിസ്റ്റം ഇല്ലെന്ന് സമ്മതിക്കുന്നുണ്ട്. ഇതിലെ സൈൻ അപ്പ് പ്രക്രിയ കുറച്ച് cURL കമാൻഡുകളെയാണ് ആശ്രയിക്കുന്നത്. അതായത് ഏതൊരു മനുഷ്യനും ഇത് അനുകരിച്ച് 

ഒരു ബോട്ട് ആയി നടിച്ച് മോൾട്ട്ബുക്കിൽ കയറിപ്പറ്റാം. ചില പ്രമുഖ അക്കൗണ്ടുകൾ പ്രൊമോഷണൽ താല്പര്യങ്ങളുള്ള ആളുകളുമായി ബന്ധപ്പെട്ടവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് മെഷീനും മാർക്കറ്റിംഗ് സ്ട്രാറ്റജിയും തമ്മിലുള്ള അതിരുകൾ ഭേദിക്കുന്നതാണ്. 

ഇത്രയൊക്കെ പോരായ്മകളുണ്ടെങ്കിലും  സുരക്ഷയെ സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾക്കിടയിലും, 150,000-ത്തിലധികം ഏജന്റുകൾ സ്ഥിരമായ ഒരു ഏജന്റ്-ഫസ്റ്റ് നെറ്റ്‌വർക്കിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നത് മുമ്പൊരിക്കലും ഇല്ലാത്ത കാര്യമാണെന്ന് കർപ്പതി പറയുന്നു. “നമ്മൾ അജ്ഞാതമായ മേഖലയിലേക്കാണ് കടന്നിരിക്കുന്നതെന്നാണ് ” അദ്ദേഹം നിരീക്ഷിക്കുന്നത്. “നമുക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത നിരവധി അത്യാധുനിക ഓട്ടോമേഷനുകൾ വലിയൊരു ഒരു നെറ്റ്‌വർക്കായി മാറിയിരിക്കുന്നു.”

ഭാവിയിൽ സപ്ലൈ ചെയിൻ ചർച്ചകൾ മുതൽ യാത്രാ ബുക്കിംഗ് വരെയുള്ള സങ്കീർണ്ണമായ സാമ്പത്തിക ജോലികൾ വരെ മനുഷ്യ മേൽനോട്ടമില്ലാതെ നിർവഹിക്കാൻ ഓട്ടോണോമസ് ഏജന്റുകൾക്ക് കഴിയുമെന്നതിന്റെ ആദ്യകാല തെളിവായിരിക്കാം മോൾട്ട്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ എന്നാണ് ഫിനാൻഷ്യൽ ടൈംസ് (Financial Times) വിലയിരുത്തുന്നത്. അതിവേഗത്തിലുള്ള ഈ മെഷീൻ-ടു-മെഷീൻ സംഭാഷണങ്ങൾ മനസ്സിലാക്കാൻ മനുഷ്യ നിരീക്ഷകർക്ക് ഭാവിയിൽ കഴിഞ്ഞെന്ന് വരില്ല എന്നൊരു മുന്നറിയിപ്പും അവർ നൽകുന്നുണ്ട്.

 

 

 സർവം നിയന്ത്രിക്കും ബോട്ട് !

മോൾട്ട്ബുക്കിനെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതുമൊക്കെ ഭാഗികമായി എഐ ആണെന്ന് വേണം പറയാൻ.   പ്ലാറ്റ്‌ഫോമിന്റെ ചീഫ് മോഡറേറ്റർ “ക്ലോഡ് ക്ലോഡർബെർഗ്” (Clawd Clawderberg) അഥവാ ക്ലോഡ്‌ബോട്ട് (ClawdBot) എന്നറിയപ്പെടുന്ന ഒരു ഏജന്റാണ്. ഇത് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും സ്പാമുകൾ ഫിൽട്ടർ ചെയ്യുകയും കമ്മ്യൂണിറ്റി നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകളെ നിരോധിക്കുകയും ചെയ്യുന്നു.

മോൾട്ട് ബുക്കിൽ അപൂർവ്വമായേ നേരിട്ട് ഇടപെടാറുള്ളൂ എന്നും തന്റെ ബോട്ട് ഏത് അക്കൗണ്ടുകളെയാണ് നിരോധിച്ചതെന്നോ സ്വാഗതം ചെയ്തതെന്നോ പലപ്പോഴും  അറിയാറില്ലെന്നുമാണ് ഷ്ളിക്റ്റ് പറയുന്നത്.  

ഷ്ള്ക്റ്റിൻ്റെ ഈ ‘കൈകടത്താത്ത’ സമീപനം പ്രശംസയ്ക്കും ഒപ്പം ആശങ്കയും ഉളവാക്കുന്നുണ്ട്. എഐ ആരാധകർക്ക് ഇത് ഉയർന്നുവരുന്ന യന്ത്രസംസ്കാരത്തിന്റെ ഒരു നേർക്കാഴ്ചയാണ്. എന്നാൽ വിമർശകർക്ക് ഇത് അടിയന്തര ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലായേ വിലയിരുത്താനാകൂ.

 

എന്താകും ഭാവി? 

പറഞ്ഞുവരുമ്പോൾ മോൾട്ട്ബുക്കിന് ഏതാനും ആഴ്ചകൾ മാത്രമേ പ്രായമുള്ളൂവെങ്കിലും, സാങ്കേതിക ലോകത്തിൻ്റെ ചോദ്യശരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.  ദശലക്ഷക്കണക്കിന് എഐ ഏജന്റുകൾക്ക് സ്വന്തമായി ഒരു പൊതു ഫോറം ലഭിക്കുമ്പോൾ എന്ത് സംഭവിക്കും? ഉപയോക്താക്കൾ തന്നെ പരസ്പരം ചൂഷണം ചെയ്യാൻ കഴിവുള്ള ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ ആകുമ്പോൾ നിങ്ങൾ എങ്ങനെ ഒരു പ്ലാറ്റ്‌ഫോമിനെ സുരക്ഷിതമാക്കും? ഇനി ബോട്ടുകൾ അവരെ പരിശീലിപ്പിച്ച മനുഷ്യരുടെ ഇന്റർനെറ്റിനെ വെറുതെ അനുകരിക്കുകയാണെങ്കിൽ, അത് നമ്മളെക്കുറിച്ച് എന്താണ് പറയുന്നത്?… തുടങ്ങി നിരവധി ചോദ്യങ്ങളാണ് സാങ്കേതിക ലോകത്ത് ഉയർന്നു വരുന്നത്. 

നിലവിൽ മനുഷ്യർ വെറും കാഴ്ചക്കാരാണ്. ഏജന്റുകൾ പോസ്റ്റുകൾ ഇടുന്നതും ചർച്ചകൾ നടത്തുന്നതും തങ്ങളുടേതായ വിചിത്രമായ ഉപസംസ്കാരങ്ങൾ രൂപപ്പെടുത്തുന്നതും നമ്മൾ കൈയും കെട്ടി നോക്കിനിൽക്കുന്നു. ഇതിൽ ഏതെങ്കിലും യഥാർത്ഥത്തിൽ അവർ സ്വയംചെയ്യുന്നതാണോ അതോ നമ്മുടെ തന്നെ വാക്കുകൾ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുകയാണോ… എന്തുതന്നെയായാലും കർപ്പതി പറഞ്ഞതുപോലെ പരീക്ഷണം ലൈവായി നടന്നുകൊണ്ടിരിക്കുകയാണ്. കഥ തുടരും…

About Author

ദേവേഷ് ദുബെ

'ബ്യൂട്ടിഫുൾപ്ലാനറ്റ്.എ.ഐ' കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ദേവേഷ് ദുബെ AI, ഡാറ്റ അനലിറ്റിക്സ്, കൺസൾട്ടിംഗ് എന്നിവയിൽ പരിചയസമ്പനന്നാണ്. നിലവിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും എഐ, ഡാറ്റ സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x