A Unique Multilingual Media Platform

The AIDEM

Articles Memoir Society

നൂറാനി: വാക്കുകളുടെ മുന്നണിപ്പോരാളി

  • September 5, 2024
  • 1 min read
നൂറാനി: വാക്കുകളുടെ മുന്നണിപ്പോരാളി

അബ്ദുൾ ഗഫൂർ മജീദ് നൂറാനി (സെപ്റ്റംബർ 16, 1930 – ഓഗസ്റ്റ് 29, 2024)

 

ബെംഗളൂരുവിലെ ഇന്ത്യൻ എക്സ്പ്രസ് ഓഫീസിൽ ഞാൻ സബ് എഡിറ്റർ ആയിരുന്ന കാലത്താണ് അബ്ദുൽ ഗഫൂർ നൂറാനിയെ ആദ്യമായി കാണുന്നത്. അന്നദ്ദേഹം പത്രത്തിന്റെ സ്ഥിരം എഡിറ്റ് പേജ് കോളമിസ്റ്റ് ആയിരുന്നു. പത്രം അന്നിറങ്ങിയിരുന്നത്, അതികായനായ രാംനാഥ് ഗോയങ്കയുടെയും, നാഷണൽ എഡിറ്റർ അരുൺ ഷൂരി, ബെംഗളൂരു എഡിഷന്റെ റസിഡന്റ് എഡിറ്റർ ടി.ജെ.എസ്. എന്നിവരുടെയും ഭരണ സാരഥ്യത്തിൽ ആയിരുന്നു. അദ്ദേഹത്തോട് സംസാരിക്കുന്നതു പോകട്ടെ, അടുത്തുചെല്ലാൻ പോലും എനിക്ക് ഭയം തോന്നും വിധം ഉന്നതമായിരുന്നു പത്രത്തിൽ അന്നദ്ദേഹത്തിന്റെ സ്ഥാനം. 1980 കളുടെ മധ്യത്തിലായിരുന്നു അത്. ഫ്രണ്ട്ലൈനിലെ (Frontline Magazine) ഏറ്റവും വായിക്കപ്പെടുന്ന, അങ്ങേയറ്റം ആദരമുണർത്തുന്ന, ഒപ്പം, വളരെ ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഒരെഴുത്തുകാരനായി അദ്ദേഹം മാറുമെന്ന് അന്നു ഞാൻ സ്വപ്നേപി കരുതിയില്ല. ഫ്രണ്ട്ലൈൻ അന്ന് ഒരു വർഷം മാത്രം പ്രായമുള്ള ഒരു പ്രസിദ്ധീകരണമാണ്. ആ മാഗസിന്റെ ചുമതലയുള്ള അസോസിയേറ്റ് എഡിറ്റർ എന്ന നിലയിലും, പിന്നീട്, ആ മാസികയുടെ എഡിറ്റർ എന്ന നിലയിലും രണ്ടു ദശകക്കാലം എല്ലാ രണ്ടാഴ്ച്ചക്കുള്ളിലും അദ്ദേഹത്തോട് ഞാൻ സംസാരിക്കും എന്നും അന്ന് അറിഞ്ഞില്ല.

രണ്ടാമത് അദ്ദേഹത്തെ കണ്ടത് – അപ്പോഴേക്കും ചെന്ന് സംസാരിക്കാനുള്ള ധൈര്യം നേടിയിരുന്നു – 1990 കളിൽ ആണ്. നനവുള്ള ഒരു വൈകുന്നേരം ന്യൂസ് എഡിറ്ററെ കാണാൻ നൂറാനി ഫ്രണ്ട്ലൈൻ ഓഫീസിലേക്ക് വന്നു. ന്യൂസ് എഡിറ്റർ ലീവിൽ ആയിരുന്നതിനാൽ അദ്ദേഹം എന്നോട് സംസാരിച്ചു. ഓഫീസിൽ നിന്ന് പോകുന്നതിനു മുൻപ്, നഗരത്തിലെ നല്ല മാംസാഹാര ഭക്ഷണശാല പറഞ്ഞുകൊടുക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.

ഉടനെ എന്റെ മനസ്സിൽ കാരൈക്കുടി എന്ന പേര് ഓർമ്മ വന്നു. ചെട്ടിനാട് ഭക്ഷണത്തിന് അക്കാലത്ത് ആ ഹോട്ടൽ പ്രസിദ്ധമായിരുന്നു. അദ്ദേഹം എന്നോട് നന്ദി പറഞ്ഞ് അവിടെനിന്ന് പോയി.

ഒരു മാസമോ മറ്റോ കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ വന്നു. ഞാൻ ഫോണെടുത്തു.

തന്റെ ഉറച്ച വലിയ ശബ്ദത്തോടെ അപ്പുറത്തു നൂറാനി ആയിരുന്നു. ആരോടാണ് തൻ സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പേര് പറഞ്ഞപ്പോൾ ഉടൻ മറുപടി വന്നു, “ചെന്നൈയിലെ ആ ഗംഭീര ഭക്ഷണശാല എനിക്ക് നിർദ്ദേശിച്ച ആളല്ലേ. വളരെ നന്ദി. നിനക്കറിയാമോ, മുംബൈയിലേക്ക്‌ ആ ഭക്ഷണശാലയിൽ നിന്ന് ഞാൻ ആയിരം രൂപയുടെ ഭക്ഷണം ‘പാർസൽ’ വാങ്ങി കൊണ്ടുപോയി. ഒരിക്കൽ കൂടി നന്ദി.”

ആർ വിജയശങ്കർ എ.ജി. നൂറാനിക്കൊപ്പം

പണ്ഡിതനും, ചിന്തകനും, അസാധാരണപ്രതിഭയുള്ള എഴുത്തുകാരനുമായ അദ്ദേഹവും, ഗൗരവമുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ മാസികയുടെ സീനിയർ എഡിറ്ററും തമ്മിലുള്ള വളരെ ദീർഘമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. മുഖ്യമായും പ്രൊഫെഷണൽ ആയിരുന്നു ആ ബന്ധം. എന്നാൽ അദ്ദേഹത്തിലെ സദാ സജീവനായ ഭക്ഷണപ്രിയൻ, തന്റെ പ്രിയപ്പെട്ട നഗരമായ മുംബൈയുടെ പുറത്തു സഞ്ചരിച്ചപ്പോഴൊക്കെ, എന്ത് ഭക്ഷണം കഴിക്കണം, എവിടെ പോയി കഴിക്കണം എന്നൊക്കെ എന്നോട് ഉപദേശം തേടുകയും, അല്ലെങ്കിൽ രാഷ്ട്രീയ-സർക്കാർ-മാധ്യമ-നയതന്ത്ര രംഗങ്ങളിലെ ഏതെങ്കിലും പ്രമുഖ നാമങ്ങളെക്കുറിച്ചുള്ള, പുകഴ്ത്തിയും അത്ര പുകഴ്ത്താതെയുമുള്ള നുറുങ്ങു സംഭവകഥകൾ അദ്ദേഹം ഞാനുമായി പങ്കുവെക്കുകയും ചെയ്തപ്പോഴൊക്കെ, ആ ബന്ധം വൈയക്തിക തലത്തിലേക്ക് വഴിമാറി.

ഹൈദരാബാദിലെ പ്രസ്സിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഫ്രണ്ട്ലൈൻ പുതിയ ലക്കം അച്ചടിക്കാൻ കൊടുത്തു കഴിഞ്ഞാൽ നൂറാനിയുമായി സംസാരിക്കുക എന്ന അപൂർവ സൗഭാഗ്യം ഞാൻ അനുഭവിച്ചു. എന്റെ നേരിട്ടുള്ള ലാൻഡ് ലൈനിൽ ആഴ്ചയുടെ പകുതിക്ക് അദ്ദേഹം വിളിക്കും. (2010 ന്റെ അന്ത്യത്തിൽ അദ്ദേഹം മടിയോടെ ഒരു മൊബൈൽ ഫോൺ സ്വന്തമാക്കും വരെ ലാൻഡ് ലൈൻ മാത്രമേ ഉണ്ടായിരുന്നുള്ളു.) ആ ഫോൺവിളികളിൽ തന്റെ ലേഖനത്തിന്റെ ഉള്ളടക്കം അദ്ദേഹം ഞാനുമായി ചർച്ച ചെയ്യും. ഫ്രണ്ട്ലൈനിന്റെ അടുത്ത രണ്ടോ മൂന്നോ ലക്കത്തിലേക്കുള്ള ലേഖനങ്ങളുടെ ആശയം മാത്രമായിരുന്നില്ല ചർച്ച ചെയ്തത്. ഒരു ഷെഡ്യൂൾ തന്നെ തയ്യാറാക്കി തന്റെ മേശപ്പുറത്തെ കലണ്ടറിൽ അടയാളപ്പെടുത്തും. അദ്ദേഹത്തിന് എഴുത്തിനോട് അത്രത്തോളം അച്ചടക്കവും പ്രതിബദ്ധതയുമുണ്ടായിരുന്നു. താൻ എഴുതാമെന്ന് സ്വയം നിർദേശിക്കുന്ന ഓരോ ലേഖനത്തിനും അദ്ദേഹം എന്നോട് പ്രത്യേകം അനുവാദം ചോദിക്കും. അല്പം ജാള്യതയോടെ ഞാൻ പറയും, “അങ്ങേയ്ക്കു ബ്ലാങ്ക് ചെക്ക് തന്നിട്ടുണ്ട്. അങ്ങയുടെ ലേഖനങ്ങൾ വായിക്കാൻ വേണ്ടി മാത്രം ഫ്രണ്ട്ലൈൻ വരിക്കാരാവുന്ന വായനക്കാർ ഉണ്ട്. എന്നോട് അനുവാദം ചോദിക്കേണ്ട കാര്യമില്ല!” അദ്ദേഹം മറുപടി പറയും, “അങ്ങനെയല്ല സുഹൃത്തേ, താങ്കളാണ് എഡിറ്റർ. താങ്കൾക്ക് വേണ്ടി ഞാൻ എഴുതുന്ന ഓരോ തവണയും ഞാൻ താങ്കളുടെ അനുവാദം വാങ്ങുക തന്നെ വേണം.”

ആർ വിജയശങ്കർ എ.ജി. നൂറാനിക്കൊപ്പം അദ്ദേഹത്തിൻ്റെ മുംബൈയിലെ നേപ്പിയൻ സീ റോഡിലെ വസതിയിൽ

അദ്ദേഹം ഫ്രണ്ട്ലൈനിനു വേണ്ടി എഴുതിയ ആദ്യത്തെ ലേഖനം ഒരു ഏപ്രിൽ 28 -മെയ് 11 ലക്കത്തിലായിരുന്നു. അതിന്റെ തലക്കെട്ട്, ‘റോ-യെ മെരുക്കുന്നതെങ്ങനെ’ (Taming the RAW) എന്നായിരുന്നു. അദ്ദേഹത്തിൽ നിന്ന് തുടർന്നുണ്ടാവാൻ പോകുന്ന എഴുത്തിന്റെ ഒരേകദേശ രൂപം നൽകുന്നതായിരുന്നു ആ ലേഖനം. മൂന്നു ദശകക്കാലം ഇടതടവില്ലാതെ അത് വന്നുകൊണ്ടിരുന്നു. ഹിന്ദു ആർക്കൈവിലെ എന്റെ ചില മുൻ സഹപ്രവർത്തകർ നടത്തിയ ഒരൂഹക്കണക്ക് പ്രകാരം, 500 ലധികം ലേഖനങ്ങൾ അദ്ദേഹം ഫ്രണ്ട്ലൈനിനു വേണ്ടി എഴുതി. എ.ജി. നൂറാനി എന്ന പേരിൽ ഏകദേശം 1000 എൻട്രികൾ ഫ്രണ്ട്ലൈനിന്റെതായി ഉണ്ട്- മറ്റു ലേഖകർ അദ്ദേഹത്തെ ഉദ്ധരിച്ചതും, അടിക്കുറിപ്പുകളും, എഡിറ്റർക്കുള്ള കത്തുകളും ഉൾപ്പെടെ.

സെപ്റ്റംബർ 9, 2022 ലെ ലക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ഫ്രണ്ട് ലൈൻ ലേഖനം- ‘ജഡ്ജിമാരും അവരുടെ പൊള്ളയായ കൊളീജിയവും’ എന്ന തലക്കെട്ടിൽ. 92 വയസ്സിന്റെ നിറവിൽ എഴുതിയ ലേഖനം. പലതരം ശാരീരിക ബുദ്ധിമുട്ടുകൾ ശല്യം ചെയ്തിട്ടും അദ്ദേഹത്തിന്റെ ബൗദ്ധികവ്യാപാരങ്ങൾ മെരുങ്ങാൻ തയ്യാറായിരുന്നില്ല എന്നതിനും, അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചു പറയുന്നതിൽ ഒട്ടും പരിഭ്രമിച്ചില്ല എന്നതിനും മറ്റെന്തു തെളിവ് വേണം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം, കോൺഗ്രസ്സിന്റെ ദുർബ്ബലപ്പെടലും പതനവും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പിന്തുണയോടെ ബി.ജെ.പി. യുടെ വളർച്ചയും, ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളുമായി ഇന്ത്യയുടെ പ്രശ്നഭരിതമായ ബന്ധങ്ങൾ, കോടതികളുടെ വിവാദ വിധിപ്രസ്താവങ്ങളെ വലിച്ചുകീറുന്ന വിമർശനം, ജമ്മു കശ്മീർ, ഇന്ത്യയുടെ മാത്രമല്ല വൻശക്തികളുടെ മുഴുവൻ ഭരണഘടനാ ചരിത്രം, മനുഷ്യാവകാശം… ഒരു ലേഖനത്തിൽ ഒതുക്കാൻ പറ്റാത്തത്ര വിപുലമായ വിഷയങ്ങളുടെ ഈ പട്ടികയിലെ വിവിധ മേഖലകളെ അധികരിച്ച്‌ ഇത്രയും തുടർച്ചയായും, ധീരമായും, അനർഗ്ഗളമായും ഒരെഴുത്തുകാരൻ എഴുതുക എന്നത് ഒരു ലോക റെക്കോഡാണ് എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ആവില്ല. ഈ ഓരോ ലേഖനവും, ചരിത്രം, നിയമം, നിയമനിർമ്മാണം, സാഹിത്യം തുടങ്ങിയ മേഖലകളിലുള്ള, ആധികാരികവും സൂക്ഷ്മവുമായ ഗവേഷണത്തിലൂടെയും, മഹാത്മാ ഗാന്ധി, ജവാഹർ ലാൽ നെഹ്‌റു, സുഭാഷ് ചന്ദ്ര ബോസ്, വല്ലഭ് ഭായ് പട്ടേൽ എന്നിവരുടെ സമ്പൂർണ കൃതികളെ പഠിച്ചും, ഇന്ത്യയിലെ പ്രമുഖ ലൈബ്രറികളിലെ ഗ്രന്ഥങ്ങൾ വായിച്ചും തയ്യാറാക്കിയവ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരിക്കൽ ഒരു സംഭവകഥ പറഞ്ഞു- അദ്ദേഹത്തിന്റെ മുംബൈയിലെ രണ്ടു മുറി അപ്പാർട്ട്മെന്റിൽ ഒരിക്കൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചെന്നു. ഔദ്യോഗിക വൃത്തങ്ങളിൽ അന്നോളം ‘ക്‌ളാസിഫൈഡ്’ എന്നും, പുറത്തുവിടാത്തതെന്നും കരുതിയിരുന്ന ഒരു വിവരം അദ്ദേഹത്തിന്റെ ലേഖനത്തിൽ വന്നതിനെപ്പറ്റി അന്വേഷിക്കാനായിരുന്നു അത്. നൂറാനി ഒരു ഫയൽ എടുത്തു, അതിൽ സൂക്ഷിച്ച ഒരു ന്യൂസ് പേപ്പർ ക്ലിപ്പിംഗ് കാണിച്ചുകൊടുത്തു. ഉദ്യോഗസ്ഥർ പറഞ്ഞ ‘ക്‌ളാസിഫൈഡ്’ വിവരം അതിലാണ് ഉണ്ടായിരുന്നത്! അദ്ദേഹത്തിന്റെ എളിയ ഭവനം ഒരു മിനി ലൈബ്രറി ആണെന്ന് പറഞ്ഞാലും തെറ്റില്ല. അടുക്കളയിൽ പോലും പുസ്തകങ്ങൾ അട്ടിയട്ടിയായി അടുക്കിയിരുന്നു. അദ്ദേഹം ജീവിച്ചത് തന്നെ പുസ്തകങ്ങൾക്കിടയിൽ.

നൂറാനിയുടെ പുസ്തക ശേഖരം

അദ്ദേഹവുമായുള്ള എന്റെ ദ്വിവാര സംഭാഷണങ്ങൾ, രാഷ്ട്രീയക്കാരുമായും, ഉദ്യോഗസ്ഥരുമായും, നയതന്ത്രജ്ഞരുമായും, മാധ്യമപ്രവർത്തകരുമായും, അദ്ദേഹത്തിനുണ്ടായ ഇടപെടലുകളുടെ നുറുങ്ങുകഥകൾ നിറഞ്ഞതായിരുന്നു. ആ സംഭാഷണത്തിൽ നിറയെ പുസ്തകങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നുമുള്ള ഖണ്ഡികകളും, നിയമപരവും ഭരണഘടനാപരവുമായ വ്യവസ്ഥകളുടെ വിശദാംശങ്ങളും, സമകാലിക ചരിത്രത്തിന്റെ പരിച്ഛേദങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും പോലെ തന്നെ വിജ്ഞാനത്തിന്റെ വെളിച്ചം പകരുന്നവയായിരുന്നു ആ സംവാദങ്ങളും. ലഖ്‌നൗവിൽ പ്രതിപക്ഷ പാർട്ടികളുടെ ഒരു രാഷ്ട്രീയ കൂടിച്ചേരലിനു സാക്ഷിയായ ശേഷം ഡി.എം.കെ. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയെപ്പറ്റി അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഉരുളക്കുപ്പേരി നൽകുന്നതിൽ അദ്ദേഹത്തെ കഴിഞ്ഞേ മറ്റാരുമുള്ളൂ.” ഒരു രാഷ്ട്രീയ നേതാവ് ഒരിക്കൽ അദ്ദേഹത്തെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതക്ക് പരിചയപ്പെടുത്തി. അദ്ദേഹം പറഞ്ഞു, “ഞാൻ നൂറാനി.” ഉടൻ വന്നു ജയലളിതയുടെ മറുപടി, “എനിക്ക് താങ്കളെ അറിയാം സർ. ഫ്രണ്ട്ലൈനിൽ താങ്കളുടെ കോളം ഞാൻ സ്ഥിരമായി വായിക്കാറുണ്ട്.”

അദ്ദേഹത്തെപ്പോലെ ഒരു മുതിർന്ന എഴുത്തുകാരനുമായി ഇടപെടുക എന്നത് ഒരു പ്രൊഫഷണൽ വെല്ലുവിളിയും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ കനത്തിനു കീഴെ നമ്മൾ അമർന്നുപോകുന്ന ഒരനുഭവവും കൂടി ആയിരുന്നു. 3000 മുതൽ 4000 വരെ വാക്കുകളിലുള്ള തന്റെ ലേഖനങ്ങൾ എഴുതുക, എന്നിട്ടു സ്റ്റെനോഗ്രാഫർക്ക് അയച്ചുകൊടുക്കുക, ടൈപ്പ് ചെയ്ത പേജുകൾ എടുത്തുനോക്കി തിരുത്തുകൾ വരുത്തുക, എന്നിട്ടു ഈ തിരുത്തിയ കോപ്പി മുംബൈയിലെ ഹിന്ദു ഓഫീസിലേക്ക് കൊടുത്തയക്കുക, അവിടെ നിന്ന് ഫ്രണ്ട്ലൈനിന്റെ ചെന്നൈ ഓഫീസിലേക്ക് അത് ഫാക്സ് ചെയ്യുക, ഇതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുരീതി. തുടർന്ന് ലേഖനത്തിന്റെ ഒറിജിനൽ പകർപ്പ് ഒരു ‘ഓഫീസ് പാക്കറ്റി’ൽ ഇട്ട് ചെന്നൈ ഓഫീസിലേക്ക് അയക്കും. ഫാക്സ് കിട്ടിയാലുടൻ അത് ടൈപ്പ് സെറ്റ് ചെയ്യാനായി ഞങ്ങൾ അയക്കും. ഫ്രണ്ട്ലൈൻ ഡെസ്കിന്റെ അടുത്ത ജോലി, ടൈപ്പ് സെറ്റ് ചെയ്ത ലേഖനവും, അയച്ചുകിട്ടിയ ഒറിജിനൽ ലേഖനവും ഒത്തുനോക്കി ആവശ്യമെങ്കിൽ തിരുത്തുകൾ വരുത്തുക എന്നതാണ്. ഇതെല്ലാം നടക്കുന്നതാവട്ടെ, പത്ര ഓഫീസുകൾ കമ്പ്യൂട്ടറുകളിലേക്കും ഓൺലൈൻ എഡിറ്റിംഗിലേക്കും ചുവടു മാറി രണ്ടു ദശകങ്ങൾ കഴിഞ്ഞ ശേഷമാണ് എന്നോർക്കണം. ടൈപ്പ് റൈറ്ററുകൾ ചരിത്രമായി കഴിഞ്ഞിരുന്നു. പക്ഷെ, ചരിത്രം നിർമ്മിച്ച ഒരു വ്യക്തി എന്ന് തന്നെ പറയാവുന്ന നൂറാനി, തന്റെ സ്റ്റെനോഗ്രാഫറോട് ആ പഴയ ലോകത്തിന്റെ പൂർവകാലശോഭയുള്ള ഉപകരണങ്ങളെ കൈവിടാൻ ആവശ്യപ്പെടുകയില്ല. ഒരിക്കൽ ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിന്റെ എഡിറ്റർ-ഇൻ-ചീഫ് എൻ. റാം, തന്റെ ദീർഘകാലത്തെ സുഹൃത്തായ ‘ഗഫൂറി’ന് (ആ പേരായിരുന്നു നൂറാനിക്ക്‌ ഇഷ്ടം) ഒരു കമ്പ്യൂട്ടർ സമ്മാനം നൽകാൻ ഒരുങ്ങി. അദ്ദേഹത്തിന്റെ ലേഖനം തയ്യാറാക്കാൻ ഫ്രണ്ട്ലൈനിൽ ഞങ്ങൾ ചെലവിട്ടിരുന്ന സമയം വെട്ടിച്ചുരുക്കാമല്ലോ എന്ന വിചാരത്തിൽ. നൂറാനി പക്ഷെ അതിനൊന്നും വഴങ്ങിയില്ല. 2011 ന്റെ മധ്യത്തിൽ അദ്ദേഹത്തിന്റെ തന്നെ സ്‌റ്റെനോഗ്രാഫർ കമ്പ്യൂട്ടറിലേക്ക് ചുവടുമാറിയെങ്കിലും നൂറാനി കടലാസും പേനയും കൈവിട്ടില്ല. എന്നാൽ, പാണ്ഡിത്യനിർഭരവും, കുറിക്കു കൊള്ളൂന്നതും, ചിലപ്പോൾ അൽപ്പം കയ്പുള്ള പരിഹാസം നിറഞ്ഞതും, ബൗദ്ധികമായി ത്രസിപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ ലേഖനത്തിന്റെ കരട് (പ്രൂഫ്) വായിച്ചു തുടങ്ങുമ്പോൾ, സമയമെടുത്ത് ഒരുക്കി പ്രസിദ്ധീകരിക്കുന്നതിന്റെ മടുപ്പെല്ലാം മാഞ്ഞുപോകും.

നൂറാനി തൻ്റെ പുസ്തക ശേഖരങ്ങളോടൊപ്പം

അദ്ദേഹത്തിന്റെ തനതുശൈലിയിലുള്ള, കടുപ്പിച്ചുള്ള ഒന്നോ രണ്ടോ വാചകങ്ങളെപ്പറ്റി കൂടുതൽ വ്യക്തത വരുത്താനായി അഥവാ ഞാൻ അദ്ദേഹത്തെ വിളിക്കുകയാണെങ്കിൽ, അദ്ദേഹം ആ വാചകങ്ങൾക്കു പകരം, അതേ കടുപ്പത്തിലുള്ള മൂന്നോ നാലോ ബദൽ വാചകങ്ങൾ പറഞ്ഞുതരും. അദ്ദേഹത്തിന്റെ എഴുത്തിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത, ഒരു പത്രത്തിലെ ലേഖനം ഉദ്ധരിക്കുന്നതിൽ മാത്രം അദ്ദേഹം തൃപ്തനായില്ല എന്നതാണ്. അതെഴുതിയ ലേഖകരുടെയോ, എഴുത്തുകാരുടെയോ ബൈലൈൻ (പേര്) കൂടി അദ്ദേഹം ഉദ്ധരിക്കും. ‘എതിരാളി’ പത്രങ്ങൾക്കും, അവയുടെ ലേഖകർക്കും അർഹിക്കുന്ന കടപ്പാട് രേഖപ്പെടുത്താതെ അവർ എഴുതിയ വസ്തുതകൾ ഉപയോഗിക്കുന്ന, മാധ്യമങ്ങൾക്കു പൊതുവായുള്ള പ്രവണതക്കു വിരുദ്ധമായിരുന്നു ഇത്.

അസൂയാവഹമായ പുസ്തകശേഖരവും, രേഖകളുടെയും പത്ര കട്ടിങ്ങുകളുടെയും വലിയ ശേഖരവും മാറ്റിനിർത്തിയാൽ, അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ എന്റെ ശ്രദ്ധ ആകർഷിച്ചത് അദ്ദേഹത്തിന്റെ കട്ടിൽ ആണ്. വളരെ എളിമയുള്ള, രണ്ടടി മാത്രം പൊക്കമുള്ള ആ കട്ടിലിൽ ഇരുന്ന് ലോങ്ങ്-ഫോം (ദീർഘമായ എഴുത്ത്) ജേണലിസത്തെ ജീവത്താക്കി നിർത്തിയ ലേഖനങ്ങളും, രാഷ്ട്രീയക്കാരെയും, നയരൂപീകരണ കർത്താക്കളെയും, നയതന്ത്രജ്ഞരെയും ഒക്കെ, തനിക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേൾക്കാൻ നിർബ്ബന്ധിതരാക്കിയ ബൃഹത്തായ പുസ്തകങ്ങളും അദ്ദേഹം എഴുതി.

നൂറാനിയുടെ കട്ടിൽ

അധികാര കേന്ദ്രങ്ങളോട് നൂറാനി സത്യം വിളിച്ചു പറയുകയും ആ അധികാരക്കസേരകൾ അദ്ദേഹത്തിന്റെ ജ്ഞാനം നിശ്ശബ്ദം കൈക്കൊള്ളുകയും മാത്രം ചെയ്തു എന്നതല്ലല്ലോ സത്യം. ഔദ്യോഗിക വൃത്തങ്ങളിൽ ‘ട്രാക്ക്-2 നയതന്ത്രം’ എന്നറിയപ്പെട്ട പ്രത്യേക ഇടത്തിൽ, അദ്ദേഹം ഒരു പ്രധാനപ്പെട്ട നാമമായിരുന്നു. പരസ്പരമുള്ള ചർച്ചകളിലൂടെ രാജ്യങ്ങൾ തമ്മിൽ സമാധാനം ഉണ്ടാക്കാൻ ഉൾക്കാഴ്ചയുള്ള ആശയങ്ങൾ മുന്നോട്ടു വെക്കാത്ത ഒരു കടുത്ത വിദേശനയ വിമർശകൻ മാത്രമായി ചുരുങ്ങിയില്ല അദ്ദേഹം.

ഈ വിഷയവുമായി ബന്ധപ്പെട്ട്, പാനോസ് സൗത്ത് ഏഷ്യയുടെ മുൻ എക്സിക്യൂട്ടീവ് എഡിറ്റർ, എ.എസ്. പനീർശെൽവൻ പറയുന്നു:

“പാനോസ് സൗത്ത് ഏഷ്യ, ഹിമാൽ സൗത്ത് ഏഷ്യനുമായി ചേർന്ന്, മെയ് 2022 മുതൽ 9 ഇന്ത്യാ- പാക്കിസ്ഥാൻ ഗേറ്റ് കീപ്പർ സമ്പർക്കങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിൽ ആദ്യത്തെ കൂടിച്ചേരൽ കാഠ്മണ്ഡുവിലാണ് നടത്തിയത്. രാജ്യങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളെപ്പറ്റി ആഴത്തിൽ പരിജ്ഞാനമുള്ള മുതിർന്ന മാധ്യമപ്രവർത്തകരെയും, വിദഗ്ധരെയും ഒരുമിച്ചു കൊണ്ടുവരുന്ന ഇത്തരം ഒത്തുചേരലുകൾ ഒരൊറ്റ വിശ്വാസത്തിൽ ഊന്നിയാണ് ആരംഭിച്ചത്- സമവാക്യങ്ങളും വികാരങ്ങളും മാറിമറിയുന്ന ഒരു ലോകക്രമത്തിൽ, സുരക്ഷിതവും അഭിവൃദ്ധിയുള്ളതുമായ തെക്കനേഷ്യ ഉണ്ടാവാൻ ഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള സൗഹൃദത്തുടർച്ച നിർണ്ണായകമാണ് എന്ന വിശ്വാസത്തിൽ.

“ഞങ്ങൾ രണ്ടു രാജ്യങ്ങളിലെയും ചില പ്രമുഖ എഡിറ്റർമാരെയും മാധ്യമസ്ഥാപന ഉടമകളെയും, ഒരു തുറന്ന, അനൗദ്യോഗികമായ, വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള, വിവര വിനിമയത്തിനും, അനുഭവം പങ്കുവെക്കലിനുമായി ഈ പരിപാടികളിൽ ക്ഷണിച്ചിരുന്നു. അറിവും അനുഭവസമ്പത്തുമുള്ള വിദേശകാര്യ വിദഗ്ധരും, നയതന്ത്രജ്ഞരും ഞങ്ങൾക്കുണ്ടായിരുന്നുവെങ്കിലും, ഈ പരസ്പര സംവാദത്തിൽ ഏറ്റവും ഗൗരവതരവും പ്രസക്തവുമായ സംഭാവന ഉണ്ടായത് എ.ജി. നൂറാനിയിൽ നിന്നാണ്. 2004 സെപ്റ്റംബറിൽ ശ്രീലങ്കയിലെ ബെന്റോട്ടയിൽ നടന്ന ഇന്ത്യാ-പാക്കിസ്ഥാൻ സമ്പർക്കപരിപാടിയിൽ അദ്ദേഹം സംസാരിച്ചപ്പോൾ. ഇനി പറയുന്ന ആശയങ്ങളുൾക്കൊള്ളുന്ന വിശാലതരമായ ഒരു പ്രതലത്തിലാണ് നൂറാനി, ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തെ സ്ഥാപിച്ചത്.

സായുധ തീവ്രവാദം, ജനകീയ ഇച്ഛാശക്തി, തീവ്ര ആശയങ്ങൾ ഉള്ള സംഘങ്ങൾ, വോട്ട് ബാങ്കുകൾ, രാഷ്ട്രീയ സമവാക്യങ്ങൾ തുടങ്ങിയ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ, ഇന്ത്യാ-പാക് ബന്ധത്തിൽ ചെലുത്തുന്ന സ്വാധീനം;

പാകിസ്താനിലും ഇതേ ആഭ്യന്തര ഘടകങ്ങൾ മൂലം ഇന്ത്യാ-പാക് ബന്ധത്തിൽ ഉണ്ടാവുന്ന ചലനങ്ങൾ;

പാകിസ്താന്റെ ഉഭയകക്ഷി ബന്ധങ്ങൾ, പ്രത്യേകിച്ച് അമേരിക്കയുമായുള്ളത്, ഒപ്പം ഇസ്ലാമിക ലോകത്തോടുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ സമീപനം, ചൈനയുടെ പങ്കും ഊർജ്ജ ആവശ്യങ്ങളും, ഇതെല്ലാമായി ബന്ധപ്പെട്ട പുറമെയുള്ള ഘടകങ്ങൾ എങ്ങനെ ഇന്ത്യാ-പാക് ബന്ധത്തെ ബാധിക്കുന്നു;

തെക്കനേഷ്യൻ പ്രദേശത്ത് സ്ഥായിയായ സമാധാനത്തിനും വികസനത്തിനും വേണ്ടി ഇത്തരം എല്ലാ സ്വാധീനങ്ങളും പരിഗണിച്ചുള്ള, പക്വതയുള്ള ഒരു സംവാദം ഇന്ത്യ-പാക് ചർച്ചകളിൽ എന്തുകൊണ്ടുണ്ടാവണം എന്ന് നൂറാനിയുടെ വിശകലനം കാട്ടിത്തന്നു.”

നിങ്ങൾക്ക് നൂറാനിയുടെ അഭിപ്രായങ്ങളോട് വിയോജിക്കാം. ചരിത്രപരവും സമകാലികവുമായ രേഖകളെ ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ നിങ്ങൾക്ക് തള്ളിക്കളയാനാവില്ല. ഉദാഹരണത്തിന്, ‘കാശ്മീർ പ്രശ്നം: ഭാഗം 1’ (‘The Kashmir Dispute: Part 1’, Tulika Books, New Delhi, 2013) എന്ന പുസ്തകമെടുക്കാം. അതിന്റെ പ്രസാധകർ പറയുന്നു, നൂറാനി ഈ പുസ്തകത്തിൽ “ദീർഘകാലമായുള്ള ഈ തർക്കത്തിന്റെ സങ്കീർണ്ണമായ ചരിത്രം വരച്ചുകാട്ടുന്നു. ഒപ്പം ജമ്മു കശ്മീരിനെ യൂണിയൻ ഓഫ് ഇന്ത്യയുമായി കൂട്ടിച്ചേർത്തതു സംബന്ധിച്ച ചോദ്യത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അസംതൃപ്തിയും വിയോജിപ്പും അവതീർണ്ണമാക്കുന്നു.” ഈ ഒന്നാം വാല്യത്തിൽ 153 പേജുകളുണ്ട്. ഒപ്പം ചരിത്രപരവും സമകാലികവുമായ രേഖകളുടെ വേറെ 134 പേജുകളും.

കാശ്മീർ പ്രശ്നവുമായുള്ള അദ്ദേഹത്തിന്റെ ഇടപഴകൽ, 1960 കളിൽ അദ്ദേഹം മുംബൈ ഹൈക്കോടതിയിൽ ഒരു യുവ അഭിഭാഷകനായിരുന്ന കാലത്താണ് ആരംഭിച്ചത്. ഫ്രണ്ട്ലൈനിന്റെ പുതിയ ലക്കത്തിൽ എഴുതിയ ലേഖനത്തിൽ ഇഫ്തിഖർ ഗിലാനി ഇതിന്റെ ഒരു ചിത്രം നൽകുന്നുണ്ട്: “പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ സഹോദരിയും ഒരു വിമത കോൺഗ്രസ് നേതാവുമായിരുന്ന മൃദുല സാരാഭായി, ഈ വിഷയം അതിന്റെ എല്ലാ ഗൗരവത്തിലും നൂറാനിയ്ക്കു പരിചയപ്പെടുത്തിയതോടെയാണ് അദ്ദേഹത്തിന്റെ ഈ താല്പര്യം തുടങ്ങിയത്. ഷേഖ് അബ്ദുല്ലയുടെ (ജമ്മു കശ്മീരിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രി) ഒരു വലിയ അനുയായി ആയിരുന്ന മൃദുല സാരാഭായി ഈ കാശ്മീരി നേതാവിനോട് കോൺഗ്രസ് പാർട്ടി പെരുമാറിയ രീതി കണ്ടു വല്ലാതെ നിരാശയായി. കശ്മീർ ഗൂഢാലോചനാ വിചാരണക്കായി 1958ൽ അബ്ദുള്ള അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, പാക്കിസ്ഥാന് വേണ്ടി ഈ കേസ് വാദിക്കാൻ ഒരു ബ്രിട്ടീഷ് അഭിഭാഷകൻ തയ്യാറായി വന്നു. എന്നാൽ ഒരു ഇന്ത്യൻ കോടതിക്ക് മുൻപാകെ വിദേശിയായ ഒരഭിഭാഷകൻ കേസ് വാദിക്കാൻ അനുവദിക്കില്ലെന്ന് ന്യു ഡൽഹി ഭരണകൂടം വ്യക്തമാക്കി. 1962ൽ അബ്ദുള്ളക്കുവേണ്ടിയുള്ള പ്രതിഭാഗം നിയമജ്ഞരുടെ ടീമിലേക്ക് സാരാഭായി, നൂറാനിയെ ഉൾപ്പെടുത്തി. നൂറാനിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു കാശ്മീരുമായി ഇങ്ങനെ കിട്ടിയ പരിചയം. ജമ്മുവിലേക്കുള്ള തന്റെ ആദ്യത്തെ സന്ദർശനവും, അവിടെ പ്രത്യേക ജയിലിൽ ഷെയ്ഖ് അബ്ദുല്ലയെ കണ്ടതും, അദ്ദേഹം ഓർത്തെടുക്കാറുണ്ട്. ആ പ്രദേശത്തിനോട് തനിക്കുള്ള ആജീവനാന്ത പ്രതിബദ്ധതക്കു തീപ്പൊരി പകർന്ന നിമിഷം എന്ന് അദ്ദേഹം അതിനെ വിലയിരുത്തി.”

അമ്പരപ്പിക്കുന്ന പാണ്ഡിത്യവും, ഇന്ത്യ എന്ന ആശയത്തെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു മാരകശക്തിയെ തുറന്നുകാട്ടുന്നതിലെ കണിശതയും വെളിവാകുന്ന ‘ആർ.എസ്.എസ്: ഇന്ത്യ നേരിടുന്ന ശാപം’ (ലെഫ്റ്റ് വേർഡ് ബുക്ക്സ്, ന്യൂ ഡൽഹി, 2019) എന്ന അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം. അപായമണി മുഴക്കുക മാത്രമല്ല, ധാരാളം ശുഭപ്രതീക്ഷകളും നൂറാനി പങ്കുവെക്കുന്നുണ്ട്: “അന്ന് മുതൽ ആ വിഷം ഭയാനകമായി പടർന്നു കയറിയിട്ടുണ്ട് (1964ൽ നെഹ്‌റു ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ട കാലം മുതൽ- “നിങ്ങൾ എഴുതിവെച്ചോളു, ഇന്ത്യ നേരിടുന്ന അപകടം കമ്മ്യുണിസമല്ല, മറിച്ച് ഹിന്ദു വലതുപക്ഷ വർഗ്ഗീയതയാണ്.”) പക്ഷെ അത് പ്രചരിപ്പിക്കുന്ന ശക്തികൾ പരാജയപ്പെടുത്താൻ പറ്റാത്തവരല്ല. എല്ലാ തലത്തിലും ആ വെല്ലുവിളി നേരിടാൻ, അതിനെ എതിർക്കുന്നവർ സ്വയം സജ്ജരായാൽ അതിനെ തോൽപ്പിക്കാനാവും. ദുഃഖകരമെന്നു പറയട്ടെ, പ്രത്യയശാസ്ത്ര തലത്തിൽ ആ തയ്യാറെടുപ്പ് ആർജ്ജിക്കാൻ വളരെ പേരൊന്നും ഒരുക്കമല്ല. ആ തലത്തിൽ മാത്രം അത് നടന്നാൽ പോരാ താനും. യുദ്ധകാഹളം മുഴക്കുന്ന കുഴൽവിളിയിൽ അനിശ്ചിതമായ ഒരു ശബ്ദം കടന്നുവന്നാൽ, ആർക്കാണ് സ്വയം യുദ്ധസജ്ജരാകാൻ കഴിയുക? ഇന്ത്യൻ സ്വപ്നം മാത്രമല്ല, ഇവിടെ ആപത്തു നേരിടുന്നത്. ഇന്ത്യയുടെ ആത്മാവ് തന്നെയാണ്.”

പക്ഷെ, നൂറാനിയുടെ കുഴൽമുഴക്കത്തിൽ യാതൊരു അനിശ്ചിതത്വവും ഉണ്ടായിരുന്നില്ല. അത് ഉച്ചത്തിലുള്ളതും വ്യക്തവുമായിരുന്നു. യുദ്ധത്തിന് സജ്ജരായവർക്ക് അതൊരു പ്രത്യയശാസ്ത്ര ആയുധമായിത്തീർന്നു. ആർ.എസ്.എസ്സിനെ കുറിച്ചുള്ള ഈ ഗംഭീരമായ പുസ്തകത്തിൽ 100 പേജുകൾ വരുന്ന 16 അനുബന്ധങ്ങൾ ഉണ്ട്. പുസ്തകം ഇറക്കുന്നതിന്റെ സാങ്കേതികത്വവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അക്ഷരങ്ങളുടെ വലുപ്പം കുറച്ചില്ലായിരുന്നുവെങ്കിൽ, ഈ അനുബന്ധ ഭാഗം ഇതിലും നീണ്ടതായേനെ.

ഈ പുസ്തകം തമിഴിലേക്ക് വിവർത്തനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു (820 പേജുകൾ). എന്റെ തർജ്ജമ പുരോഗമിക്കുന്നതിനെപ്പറ്റി എപ്പോഴൊക്കെ ഞാൻ നൂറാനിയോട് പറഞ്ഞുവോ, അപ്പോഴൊക്കെ അദ്ദേഹം തന്റെ സ്വതസിദ്ധമായ നർമ്മം കലർത്തി പറയും, “എന്റെ സുഹൃത്തേ, എന്റെ ഇംഗ്ലീഷിലുള്ള പുസ്തകത്തേക്കാൾ മികച്ചതായിരിക്കും താങ്കളുടെ വിവർത്തനം!”

ആഴത്തിലുള്ള ആവേശം പ്രതിഫലിപ്പിക്കുന്ന, വിപുലമായ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ ബ്രിഹത്തായ വിഷയങ്ങളെ അധികരിച്ചു നൂറാനി എഴുതിയ പുസ്തകങ്ങളുടെ ഒരു പട്ടികയിതാ-

  • ആർ.എസ്.എസ്സും ബി.ജെ.പി. യും: ഒരു തൊഴിൽ വിഭജനം
  • സവർക്കറും ഹിന്ദുത്വയും
  • ബാബ്‌റി മസ്ജിദ് എന്ന ചോദ്യം1528-2003: ‘രാജ്യാഭിമാനത്തിന്റെ പ്രശനം’ രണ്ടു വാല്യത്തിൽ
  • ഇന്ത്യയിലെ ഭരണഘടനാ ചോദ്യങ്ങൾ: പ്രസിഡന്റ്, പാർലമെന്റ്, സംസ്ഥാനങ്ങൾ
  • ഇസ്ലാമും ജിഹാദും: മുൻവിധികളും യാഥാർഥ്യങ്ങളും
  • ഭഗത് സിംഗിന്റെ വിചാരണ: നീതിയുടെ രാഷ്ട്രീയം
  • ഭരണഘടനാ ചോദ്യങ്ങളും പൗരാവകാശങ്ങളും: ഇന്ത്യൻ രാഷ്ട്രീയ വിചാരണകൾ 1775-1947
  • ഇന്ത്യ-ചൈന അതിർത്തി പ്രശനം 1846-1947
  • ചരിത്രവും നയതന്ത്രവും
  • ജിന്നയും തിലകനും: സ്വാതന്ത്ര്യ സമരങ്ങളിലെ സഖാക്കൾ
  • അനുച്ഛേദം 370: ജമ്മു കശ്മീരിന്റെ ഭരണഘടനാ ചരിത്രം
  • ഇസ്‌ലാം, തെക്കനേഷ്യ, ശീതയുദ്ധം
  • ഹൈദരാബാദിന്റെ തകർക്കൽ
  • ബാബ്‌റി മസ്ജിദ് തകർക്കൽ: ഒരു ദേശീയ അപമാനം

 

നൂറാനിയെ പറ്റി ഇങ്ങനെ എഴുതിക്കൊണ്ടേ ഇരിക്കാം. അദ്ദേഹത്തെ പോലെ പ്രതിഭയുടെ പല അടരുകളുള്ള മഹത്തായ ഒരു വ്യക്തിത്വത്തോട് നീതിപുലർത്താൻ, അദ്ദേഹത്തിന്റെ എഴുത്തിന്റെ ഒരു സമ്പൂർണ്ണ സമാഹാരത്തിനോ, അല്ലെങ്കിൽ സമഗ്രമായ ഒരു ജീവചരിത്രത്തിനോ മാത്രമേ സാധിക്കൂ. ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ രവി നായർ ഇതിൽ പ്രതീക്ഷ ഉണർത്തുന്നു. ഓൺലൈൻ പോർട്ടലായ ‘ലീഫ്‌ലെറ്റി’ൽ നൂറാനിയുമായുള്ള തന്റെ ദീർഘകാല ബന്ധത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതി, “അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ കുറിച്ച് ഞാൻ കൂടുതൽ പരിചയപ്പെട്ടപ്പോൾ നൂറാനിയും ഞാനും പല വിഷയങ്ങളിലും സഹകരിച്ചു പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പല ലേഖനങ്ങളിലും അദ്ദേഹം എന്റെ രചനകളെ ഉദാരമായി പ്രശംസിച്ചു. വിശ്വ ഹിന്ദു പരിഷത്തിന് (വി.എച്ഛ്.പി.) ഐക്യരാഷ്ട്ര സഭയുടെ എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ (ECOSOC) അംഗത്വം നൽകാതിരിക്കാൻ ഞാൻ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം തന്റെ ആർ.എസ്.എസ്സിനെ കുറിച്ചുള്ള ബൃഹദ് ഗ്രന്ഥത്തിൽ ഒരു മുഴുവൻ ഖണ്ഡിക എഴുതി.

നൂറാനിയുടെ പുസ്തകങ്ങൾ

എന്റെ സംഘടനയായ സൗത്ത് ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് ഡോക്യൂമെന്റേഷൻ സെന്റർ നൂറാണിയുമായി ചേർന്ന് ഒരു പുസ്തകം എഴുതി- 2011ൽ ഇന്ത്യയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പുറത്തിറക്കിയ ‘ഇന്ത്യയിലെ പൗരാവകാശ വാഗ്ദാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന പുസ്തകം. നൂറാനിയുടെ അനുവാദത്തോടെ അദ്ദേഹത്തിന്റെ ആദ്യകാല രചനകളുടെ ഒരു സമാഹാരം പുറത്തിറക്കാനുള്ള ജോലിയിലായിരുന്നു ഞാൻ. അത് പ്രസിദ്ധം ചെയ്തു കാണാൻ അദ്ദേഹം ഉണ്ടാവില്ല എന്ന അറിവിൽ ഞാൻ തകർന്നടിഞ്ഞു പോയിരിക്കുന്നു.”

നൂറാനിയുമായുള്ള എന്റെ സൗഹൃദം ഒരു പൂർണ്ണ വൃത്തം പൂർത്തിയാക്കി. ഭക്ഷണമായിരുന്നു ആ വൃത്തം മുഴുമിപ്പിച്ചത്. എപ്പോൾ നല്ല ആഹാരത്തെപ്പറ്റി ഞങ്ങൾ സംസാരിച്ചുവോ, അപ്പോഴെല്ലാം അദ്ദേഹം പറയും, ഞാൻ മുംബൈയിൽ ചെല്ലുമ്പോൾ അദ്ദേഹം എന്നെ മുംബൈയിലെ ‘തന്റെ’ ജിംഖാനാ ക്ലബ്ബിൽ കൊണ്ടുപോകാം എന്ന്. ഒടുവിൽ 2021ൽ ഞാൻ മുംബൈയിൽ എത്തിയപ്പോൾ ആ വാഗ്ദാനം അദ്ദേഹം നിറവേറ്റി. അതൊരു നീണ്ട ഉച്ചഭക്ഷണക്കൂടൽ ആയിരുന്നു. ചെന്നൈയിലെ കാരൈക്കുടി ഭക്ഷണശാലയെ പറ്റിയുള്ള ഞങ്ങളുടെ പഴയ സംഭാഷണം അന്നദ്ദേഹം ഓർത്തു. അത് ഞങ്ങളുടെ അവസാനത്തെ ഒത്തുചേരലാകും എന്ന് കരുതിയില്ല.

About Author

ആർ വിജയശങ്കർ

നാല് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള മുതിർന്ന പത്രപ്രവർത്തകനാണ് ആർ വിജയശങ്കർ. മൂന്ന് പതിറ്റാണ്ടോളം ഫ്രണ്ട്‌ലൈൻ എഡിറ്റോറിയൽ ടീമിൻ്റെ ഭാഗമായിരുന്ന വിജയശങ്കർ 11 വർഷം മാസികയുടെ എഡിറ്ററുമായിരുന്നു. 2022ന് ശേഷം ദി ഐഡം ഗ്രൂപ്പ് എഡിറ്ററാണ്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x