A Unique Multilingual Media Platform

Articles Cinema

ന്യൂറംബർഗ് ചലച്ചിത്രങ്ങൾ – സത്യം, നീതി, മനുഷ്യാന്തസ്സ്‌ 

  • January 18, 2026
  • 1 min read
ന്യൂറംബർഗ് ചലച്ചിത്രങ്ങൾ – സത്യം, നീതി, മനുഷ്യാന്തസ്സ്‌ 

നാസി ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള നഗരമാണ് ന്യൂറംബർഗ്. ഹിറ്റ്ലർ ഉൾപ്പെടെയുള്ള നാസി പാർട്ടിയുടെ നേതൃത്വനിരയിലെ എല്ലാ പ്രമുഖരും ഒരുമിച്ചു പങ്കെടുക്കുന്ന പടുകൂറ്റൻ റാലികൾ നടത്തിയിരുന്നത് ന്യൂറംബർഗിലാണ്. നാസികളുടെ തലസ്ഥാനം മ്യൂണിക്ക് ആയിരുന്നെങ്കിലും പ്രതീകാത്മക തലത്തിൽ ഏറെ പ്രാധാന്യം ന്യൂറംബർഗിനായിരുന്നു. നാസികളുടെ ജ്യുത വിരുദ്ധ പ്രചാരവേലയുടെ കേന്ദ്രവുമായിരുന്നു  റോമാ നഗരം. 1935 – സെപ്റ്റംബർ 15, 1935 -ൽ ന്യൂറംബർഗിൽവെച്ചു നടന്ന നാസി പാർട്ടിയുടെ റാലിയിലാണ് കുപ്രസിദ്ധമായ ന്യൂറംബർഗ് വംശീയ നിയമം പ്രഖ്യാപിക്കപ്പെട്ടത്. ന്യൂറംബർഗ് വംശീയ നിയമത്തിനു രണ്ടു ഘടകങ്ങളാണുള്ളത്. റീഖ് പൗരത്വഭേദഗതിയും ആര്യൻ രക്തവും ആഭിജാത്യവും സംരക്ഷിക്കുകയും. അനാര്യനായ എല്ലാ ജനവംശങ്ങളെയും ഉന്മൂലനം ചെയ്യുക എന്നതിനൊപ്പം ആഭ്യന്തര ശത്രുക്കളായ കമ്മ്യൂണിസ്റ്റുകളെയും വിമതരെയും സാമൂഹിക വിലക്ഷണരെന്നു നാസികൾക്ക് തോന്നിയവരെയൊക്കെയും നിർമാർജ്ജനം ചെയ്യുക എന്നതുകൂടി ന്യൂറംബർഗ് നിയമം ലക്ഷ്യംവെച്ചിരുന്നു. 1945 -ൽ മൂന്നാം റീഖ് ഭരണകൂടം സഖ്യകക്ഷികളുമായുള്ള യുദ്ധത്തിൽ തകർന്നടിയും വരെ ഈ വംശീയ നിയമമാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. 1945 -ൽ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഹിറ്റ്ലറും ഹിമ്മ്ലരും ഗീബൽസും അത്മഹത്യചെയ്തു. ശിഷ്ടം വന്ന നേതാക്കളെയാണ്  സഖ്യ സേന അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത എല്ലാ നാസി പ്രമുഖരെയും സഖ്യകക്ഷികൾ ചേർന്നു രൂപീകരിച്ച അന്താരാഷ്ട്ര ട്രൈബുണൽ  ന്യൂറംബർഗിൽ വെച്ചു വിചാരണ ചെയ്തു-ഇതാണ് ന്യൂറംബർഗ് വിചാരണ. ന്യൂറംബർഗ് വിചാരണയെ ആധാരമാക്കി സത്യം, നീതി, മനുഷ്യാന്തസ്സ്‌ തുടങ്ങിയ സർവ്വജനീനമായ  പ്രമേയങ്ങൾ  പ്രതിപാദ്യമാകുന്നു ജെയിംസ് വാൻഡർബിൽറ്റിന്റെ ന്യൂറംബർഗ് (2025), 1961 -ലെ സ്റ്റാൻലി ക്രാംറുടെ ജഡ്ജ്മെന്റ അറ്റ് ന്യൂറംബർഗ് എന്ന ചലച്ചിത്രങ്ങളിൽ. സമകാല രാഷ്ട്രീയാവസ്ഥകളിൽ വളരെയധികം പ്രസക്തമാകുന്ന  മനുഷ്യാവകാശപരവും ധാർമികവുമായ  ചോദ്യങ്ങളാണ് ഈ സിനിമകൾ ഉയർത്തുന്നത്.

ന്യൂറംബർഗ് എന്ന നാസികളുടെ ഉത്തമ നഗരത്തിൽ വെച്ചാണ് മൂന്നാം റീഖ് ഭരണകൂടം വീണതിനുശേഷം ഹിറ്റ്ലറുടെ കൂട്ടാളികളായ നാസി പാർട്ടി പ്രമുഖരുടെ വിചാരണ നടക്കുന്നത്.  ഹെർമൻ ഗോറിങ്, റുഡോൾഫ് ഹെസ്  തുടങ്ങിയ നേതൃത്വ നിരയിൽപ്പെട്ടവരെയും മറ്റു എസ് എസ് തലവന്മാരെയും യഹൂദഭീതി പ്രചാരകരെയുമാണ് ന്യൂറംബർഗിൽ വിചാരണ ചെയ്തത്. ചരിത്രത്തിൽ ആദ്യമായാണ് അത്തരത്തിലുള്ള വിചാരണ നടക്കുന്നത്. അതുവരെ, യുദ്ധകുറ്റവാളികൾ എന്ന നിലയിൽ പിടിക്കപ്പെടുന്ന രാഷ്ട്ര തലവൻമാരെ വിചാരണ ചെയ്യാനുള്ള അന്താരാഷ്ട്ര നിയമങ്ങൾ നിലവിലില്ലായിരുന്നു. ന്യൂറംബർഗ് വിചാരണയോടെയാണ് മാനവികതയ്ക്കെതിരെയുള്ള ക്രിമിനൽ കുറ്റത്തിനുള്ള വിചാരണയ്ക്കും ശിക്ഷ നടപടികൾക്കും തുടക്കമിടുന്നത് ഇതോടെയാണ്. ന്യൂറംബർഗ് ചലച്ചിത്രങ്ങൾ ഈ ചരിത്ര മുഹൂർത്തത്തെയാണ് ആവിഷ്ക്കരിക്കുന്നത്.
ജെയിംസ് വൻഡെർബിലിറ്റിന്റെ ന്യൂറംബർഗ്ചലച്ചിത്രത്തിൽ  ഗോറിങ്, റുഡോൾഫ് ഹെസ്, സ്ട്രീക്കർ തുടങ്ങിയ നാസി പ്രമുഖരെ സഖ്യകക്ഷികൾ അറസ്റ്റ് ചെയ്തത് വിചാരണ നടത്തുന്നതിനു മുമ്പ് ഇവരുടെ മാനസികാവസ്ഥ പഠിക്കാനായി നിയോഗിക്കപ്പെട്ട ഡഗ്ലസ് കെല്ലിയുടെ കാഴ്ചപ്പാടിലൂടെയാണ് ആഖ്യാനം പുരോഗമിക്കുന്നത്. അകം പുറം എന്ന നിലയിൽ ജയിലറയിൽവെച്ച്  നാസി ഭരണകൂടത്തിൽ ഹിറ്റ്ലർക്ക് ശേഷം രണ്ടാമനായ ഗോറിങ്ങുമായുള്ള ഡഗ്ലസ് കെല്ലിയുടെ വ്യക്തിഗത സംവേദനത്തിലൂടെയും കോർട്ട് റൂമിൽ അമേരിക്ക നിയോഗിച്ച പ്രോസിക്യൂട്ടർ ജാക്‌സന്റെ വിചാരണയിലൂടെയുമാണ് ഇതിവൃത്തം പ്രതിപാദ്യമാകുന്നത്. അകവും പുറവും തമ്മിലുള്ള സംഘർഷാത്മകയെ വികസിപ്പിക്കാനാകാത്തതാണ് വൻഡെർബിൽറ്റിന്റെ ചലച്ചിത്രത്തിന്റെ പ്രധാന പോരായ്മ.
ഗോറിങ്ങിന്റെത്  ഒരു കപട വ്യക്തിത്വമാണെന്ന് ഡഗ്ലസ് കെല്ലി ആദ്യമേ തിരിച്ചറിയുന്നുണ്ട്. ഇംഗ്ലീഷ് മനസ്സിലാക്കാനും സംസാരിക്കാനുമറിയുന്ന പക്ഷെ ഗോറിങ്  ഡഗ്ളസ് കെല്ലിയുമായി ജർമൻ ഭാഷയിലാണ് ആദ്യം സംസാരിക്കുന്നത്. അമേരിക്കൻ സൈനികനായ  ഒരു ദ്വിഭാഷിയാണ് ഭാഷണം  മൊഴിമാറ്റുന്നത്. ഗോറിങ്ങിനു ഇംഗ്ലീഷ് പരിജ്ഞാനമുണ്ടെന്ന കാര്യം ഡഗ്ളസ് കെല്ലി മനസ്സിലാക്കുന്നു. ഡഗ്ളസ് കെല്ലി എന്ന മനഃശാസ്ത്രജ്ഞനനെ കബളിപ്പിക്കുകയാണ് ഗോറിങ്. വിചാരണയെ സഹായിക്കാനായുള്ള വ്യക്തിഗത വിവരങ്ങൾ തിരക്കുകയാണ് ഡഗ്ലസ് കെല്ലി എന്നു ഗോറിങ്ങിനറിയാം. ഗോറിങ്ങും മനഃശാസ്ത്രപരമായി ഡഗ്ളസ് കെല്ലിയെ സ്വാധീനിക്കുകയാണ്. തൻനിമിത്തം നിഷ്ടൂരനായ ഒരു യഹൂദ വംശവെറിയൻ നാസി നേതാവിനു പകരമായി ബുദ്ധികൂർമതയുള്ള കുടുംബസ്നേഹിയായ പ്രതിപക്ഷ ബഹുമാനമുള്ള നാസി സഹതടവുകാരോടു  സഹാനുഭൂതി പ്രകടിപ്പിക്കുന്ന ഹിറ്റലറിസത്തിന്റെ പ്രകടഭാവങ്ങളില്ലാത്ത എന്നാൽ ഫ്യൂററോട് വ്യക്തിഗതമായി വിധേയത്തെക്കാൾ ആശയപരമായ അനുഭാവം പ്രകടിപ്പിക്കുന്ന ഗോറിങ്ങാണ് മനഃശാസ്ത്രജ്ഞനായ ഡഗ്ലസ് കെല്ലിയുടെ കാഴ്ചപ്പാടിൽ അനാവരണം ചെയ്യപ്പെടുന്നത്. വംശഹത്യ ഭരണകൂടത്തിന് കാർമികത്വം വഹിച്ച ഹെർമൻ ഗൊറിങ് ഒരു ചരിത്രവ്യക്തിത്വമായി നമ്മുടെയൊക്കെ മനസ്സിലുള്ളതു കാരണമാണ് ഈ വൈരുദ്ധ്യം തിരിച്ചറിയാനാകുന്നത്. ചരിത്രബോധത്തിന്റെ അഭാവത്തിൽ നാസി ചരിത്രത്തിൽ വീരാരാധനയോടെ അവതരിപ്പിക്കപ്പെട്ടിരുന്ന ഗോറിങ്ങിനോടു  തീർച്ചയായും അനുതാപം അർഹിക്കുന്ന വിധത്തിൽ ഒരു  ധീരദേശാഭിമാനിയായിട്ടായിരിക്കും മനസ്സിലാക്കപ്പെടുക.  ചരിത്ര വ്യക്തിത്വങ്ങളുടെ പ്രതിപാദനത്തെക്കുറിച്ചുള്ള ഗൗരവമായ ആലോചനകൾക്കും വഴി തുറക്കുന്നുണ്ട് വാൻഡർബിലിറ്റിന്റെ ന്യൂറംബർഗ്. ചരിത്രപുസ്തകങ്ങൾ വ്യാപകമായി മാറ്റിയെഴുതപ്പെട്ടുക്കൊണ്ടിരിക്കുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. ചരിത്രവസ്തുതകളെ നിരസിച്ചുക്കൊണ്ടു കല്പിത ചരിത്രങ്ങൾ ചരിത്രബോധത്തിൽ സൃഷ്ടിക്കാൻ പോകുന്ന ആപൽക്കരമായ ധ്വംസനങ്ങൾ എങ്ങനെയാകുമെന്നു ഗോറിങ്ങിന്റെ ചിത്രീകരണം ഓർമപ്പെടുത്തുന്നു.
നാസി വാഴ്ചയെക്കുറിച്ചുള്ള പിൽക്കാലത്തിലെ ചില ജനപ്രിയ ചരിത്രപഠനങ്ങളിൽ  നാസി നേതൃത്വത്തെ മാനവികമായി നോക്കിക്കാണുക എന്നതിലൂടെ സ്ഥാപിക്കാൻ ഉദ്യമിച്ചത് ചരിത്രപരമായ വലിയ കുറ്റകൃത്യമായ ഹോളോകോസ്റ്റിന്റെ നിരാകരണമാണ്. ഒരു വശത്തു റിവിഷനിസ്റ്റ് ചരിത്രരചനകൾ നാസി വംശീയതയെ, ദേശീയതയെ യുദ്ധാനന്തരമുള്ള സാമ്പത്തിക ദേശീയവാദത്തിന്റെ പരിസരത്തിൽ നിന്നും ന്യായീകരിക്കാൻ ഉദ്യമിക്കുകയും മറുവശത്തു യഹൂദ ജനതയുടെ രക്തസാക്ഷിത്വത്തിനു നഷ്ടപരിഹാരമായി പാലസ്തീൻ കുടിയേറ്റത്തിനു നീതിമത്വൽക്കരിക്കുകയുമാണ് ചെയ്തുക്കൊണ്ടിരുന്നത്. അതേസമയം, യൂറോപ്പിലേക്കുള്ള മധ്യേഷ്യയിൽ നിന്നുള്ള കുടിയേറ്റം യൂറോപ്പിന്റെ തനതു ഉദാരസംസ്കാരത്തെ നശിപ്പിക്കാനുള്ള കടന്നുക്കയറ്റവുമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഈ രണ്ടു സമീപനങ്ങളെയും പൊതുബോധത്തിൽ സന്നിവേശിപ്പിക്കാൻ ജനപ്രിയ രചനകളും തീവ്രദേശീയത പ്രചരിപ്പിക്കുന്ന പ്രചാരണാത്മക ജേർണലിസവും സിനിമയെയുമാണ് ഉപയോഗപ്പെടുത്തുന്നത്.
വാൻഡർബിൽറ്റിന്റെ ന്യൂറംബർഗ്ഈ ഗണത്തിൽപ്പെടുന്നില്ലെങ്കിലും നാസി വംശീയതയെക്കുറിച്ചുള്ള റിവിഷനിസ്റ്റ് വീക്ഷണങ്ങളെ ഏതോ നിലയിൽ തഴുകിപോകുന്നുണ്ട്. മനുഷ്യ ദൗർബല്യങ്ങൾ എന്ന നിലയിൽ വ്യക്തികൾക്കു  സംഭവിച്ച വീഴ്ച്ചകളായി നാസി ചെയ്തികളെ കാണുന്നത് ഘോരാപരാധമാണ്. ആസൂത്രിതമായ പ്രവർത്തനങ്ങളും നിർമ്മിച്ചെടുത്ത സാംസ്കാരിക ചരിത്രബോധവും വംശീയമായ പ്രത്യയശാസ്ത്രത്തിന്റെ പ്രബോധനങ്ങളിലൂടെയും; വംശഹത്യ ഭരണകൂടം നടത്തിയ അതിക്രൂരതകൾ വ്യക്തികളുടെ ചില വൈകല്യമായി മാത്രം ലഘൂകരിക്കുന്നത് വംശഹത്യക്ക് വിധേയമായ ലക്ഷക്കണക്കിനുള്ള യഹൂദരോടും ജിപ്സികളോടും ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസികളോടും ചെയ്യുന്ന അനീതിയാണ്. വാൻഡർബിൽറ്റിന്റെ ന്യൂറംബഗിൽ  ഗോറിങ്, റുഡോൾഫ് ഹെസ് ഉൾപ്പെടെയുള്ള നാസികളെ വെള്ളപ്പൂശാൻ ശ്രമിക്കുന്നിലെങ്കിലും ഗോറിങ്ങിന്റെ ചിത്രീകരണത്തിൽ സ്തുതിയുടെ അംശങ്ങൾ കലർന്നിട്ടുണ്ട്. ലോകത്തിന്റെ മുമ്പിൽ നാസികൾ കുറ്റക്കാർ എന്നു വിധിക്കുന്ന ന്യൂറംബർഗ് വിചാരണ തുടക്കം മുതൽക്കേ നാസികളെ വിചാരണചെയ്തു വധശിക്ഷ നടപ്പാക്കാൻ തിരുമാനിച്ചുറപ്പിച്ചതാണെന്ന പ്രതീതി ജസ്റ്റിസ് ജാക്സണിന്റെയും മനഃശാസ്ത്രജ്ഞനായ ഡഗ്ളസ് കെല്ലിയുടെയും സംഭാഷണങ്ങളിൽ കടന്നുവരുന്നുണ്ട്. ഇതു വിചാരണയെ തന്നെ  പ്രഹസനമാക്കുന്നതായി മാറുന്നു. യുദ്ധക്കുറ്റവാളികൾ വിചാരണ ചെയ്യപ്പെടുന്നത് അവരുടെ കുറ്റകൃത്യങ്ങൾ എന്താണെന്നു ലോകത്തെയും അവരെയും ബോധ്യപ്പെടുത്തി അവരുടെ പ്രതിരോധ പ്രസ്താവനകൾ എന്തെന്നറിയാനും തീർച്ചപ്പെടുത്താനുമാണ്. അതേസമയം, നാസി വ്യക്തിത്വങ്ങളുടെ ആത്മരതിമൂർച്ചയെ കേന്ദ്രീകരിച്ചു അത്തരത്തിലുള്ള വ്യക്തിത്വങ്ങൾ ഇനിയും ചരിത്രത്തിൽ ആവർത്തിക്കാമെന്നുള്ള ഈ സിനിമയിൽ ഡഗ്ളസ് കെല്ലിയിലൂടെ നടത്തുന്ന പ്രവചനാത്മക നീരീക്ഷണം സമകാല രാഷ്ട്രീയ സന്ദർഭത്തിൽ വളരെ അർത്ഥവത്താണ്. നാസി രാഷ്ട്രീയ നേതാക്കളുടെ വ്യക്തിത്വവും സമകാലത്തിലെ രാഷ്ട്രതലവന്മാരുടെ വ്യക്തിത്വവുമായുള്ള സാദൃശ്യം ആർക്കും മനസ്സിലാവാതെ നഷ്ടപ്പെടുമെന്നു തോന്നുന്നില്ല.
ഇതിൽ നിന്നും തീർത്തും വ്യതിരിക്തമായ അനുഭവമാണ് ‘ജഡമെന്റ് അറ്റ് ന്യൂറംബർഗ്’ പ്രദാനം ചെയ്യുന്നത്. സമകാലരാഷ്ട്രീയ അവസ്ഥകളോട് രാഷ്ട്രീയമായി സംവദിക്കുന്നത് സ്റ്റാൻലി ക്രാമറുടെ ജഡ്ജമെന്റ് അറ്റ്  ന്യൂറംബർഗ് എന്ന ചലച്ചിത്രമാണ്. നാല് നാസി ജഡ്ജിമാരുടെ വിചാരണയിലൂടെ ജർമൻ വംശീയ ദേശീയവാദത്തിന്റെ ഹിംസാത്മകത തുറന്നുകാണിക്കുന്നുവെന്നു മാത്രമല്ല ലോകത്തെ നടുക്കിയ കൂട്ടക്കൊലകൾ നടക്കുമ്പോൾ ജർമൻ ജനത എന്തുകൊണ്ടു നിസ്സംഗത പുലർത്തിയെന്നതും ആരായുന്നുണ്ട് ഈ ചലച്ചിത്രത്തിൽ. ഇതിലെ പ്രധാന കഥാപാത്രങ്ങളായ ജഡ്ജ് ഡാൻ ഹേവുഡ്, നാസി ന്യായാധിപൻ ഏൺസ്റ് യാന്നിങ്, അമേരിക്കൻ സൈനികനും പ്രോസിക്യൂട്ടറുമായ കേണൽ ലോസൺ, നാസികൾക്ക് വേണ്ടി വാദിക്കുന്ന ഹാൻസ് റോൾഫ് എന്നിവരിലൂടെ വ്യത്യസ്ത വീക്ഷണകോണുകളെ ഒരേ നിലയിൽ അവതരിപ്പിക്കുന്നു. പ്രധാനമായും കോർട്ട് റൂം വിചാരണയുടെ  പ്രതിപാദനത്തിലൂടെയുള്ള ആഖ്യാനം പ്രേക്ഷകർക്കും സ്വതന്ത്രമായ തീരുമാനത്തിലേക്ക് എത്തിച്ചേരാൻ സഹായകമാകുന്നു.  മാത്രമല്ല, യുദ്ധാനന്തര ജർമ്മനി അനുഭവിക്കുന്ന മാനസിക നീറ്റങ്ങളും കടുത്ത അപമാനവും ജഡ്ജ് ഡാൻ ഹേവുഡിന്റെ കോർട്ട് റൂമിനുപുറത്തുള്ള സാമൂഹികബന്ധങ്ങളിലൂടെ അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. വ്യക്തിബന്ധങ്ങൾക്കപ്പുറം അടിപതറാതെ നീതി എങ്ങനെ പ്രസ്താവിക്കപ്പെടാമെന്നും ജഡ്ജ് ഹേവുഡിന്റെ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നു. മാത്രമല്ല, അമേരിക്കൻ പക്ഷപാത വീക്ഷണത്തിലൂടെയാണെങ്കിലും  1961 ആകുമ്പോഴേക്കും കൊടുമ്പിരിക്കൊണ്ടിരുന്ന ശീതസമരം 1945 -ൽ യുദ്ധാനന്തരം തന്നെ രൂപപ്പെട്ടതിന്റെ വ്യക്തമായ സൂചനകളും ഡ്ജമെന്റ് അറ്റ് ന്യൂറംബർഗ് നൽകുന്നു.
ഈ ചലച്ചിത്രത്തിന്റെ  അവസാന രംഗത്തിൽ വിചാരണ ജഡ്ജി ഡാൻ ഹേവുഡ് മൂന്നാം റീഖിലെ ഉന്നതനായ ജഡ്ജി ഏൺസ്റ്റ യാന്നിങ്ങിനെ അയാളുടെ ആവശ്യപ്രകാരം കാണാൻ പോകുന്നുണ്ട്. ഏൺസ്റ് യാന്നിങ് നീതിമാനായ ഒരു മനുഷ്യനായാണ് വിചാരണവേളയിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ വിചാരശേഷിയുള്ള നിയമപണ്ഡിതനായ ഒരു ന്യായാധിപനായിട്ടും ഏൺസ്റ് യാന്നിങ്  എന്തുകൊണ്ടു നാസികളുടെ കുടിലതകളിൽ പങ്കാളിയായി എന്നാണ്  ജഡ്‌ജി ഡാൻ ഹേവുഡ് അതിശയിക്കുന്നത്. നാസികളുടെ കൊടുംക്രൂരത ഒരു യാഥാർഥ്യമാണെന്നും അതിൽ പങ്കുചേർന്നതിനാൽ താൻ ശിക്ഷാർഹനാണെന്നും  ഏൺസ്റ് യാന്നിങ്‌ കുറ്റസമ്മതം നടത്തുന്നുണ്ടെങ്കിലും  നാസികളുടെ കൂട്ടമരണക്യാമ്പുകളെക്കുറിച്ച്  അയാൾ അജ്ഞനായിരുന്നു എന്നാണ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. അതിനോട് ഡാൻ ഹേവുഡ് ഒരു വാചകത്തിലാണ് പ്രതികരിക്കുന്നത്: യാന്നിങ് ന്യായാധിപനായിരിക്കെ നാസികളുടെ പക്ഷത്തിൽ നിന്നും ആദ്യം പ്രഖ്യാപിച്ച  നിയമ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ വധശിക്ഷയ്ക്ക് ഉത്തരവിടുമ്പോൾ തന്നെ തിരിച്ചറിയണമായിരുന്നു സംഭവിക്കാൻ പോകുന്നതെന്തായിരിക്കുമെന്ന്. നിയമ പരിജ്ഞാനവും നൈതിക ബോധവും വിശാലവീക്ഷണവുമൊക്കെ പലപ്പോഴായി പ്രകടിപ്പിച്ച എന്നാൽ നിർണായക സന്ധികളിൽ വിട്ടുവീഴ്ച്ചയുടെ പാത സ്വീകരിച്ച സമകാല അനുഭവത്തിലുള്ള ഉന്നതരായ ന്യായാധിപന്മാരെ ഓർമിപ്പിക്കുന്നതാണ് ഏൺസ്റ് യാനിങ്ങിന്റെ കഥാപാത്രം.
ഒരുക്കാര്യം കൂടി ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ് ഓർമിപ്പിക്കുന്നു; വംശഹത്യ ഭരണകൂടത്തെയും അതിന്റെ രാഷ്ട്രീയത്തെയും വെറുപ്പിന്റെ പ്രചാരണത്തെയും പിന്തുണച്ചവർ ചരിത്രത്തിന്റെയും അന്താരാഷ്ട്ര നീതിയുടെയും മുമ്പിൽ കുറ്റക്കാരാണ് എന്ന അസന്ദിഗ്ദ്ധ വസ്തുത. വ്യക്തിപരമായി അറിവില്ലായിരുന്നുവെന്നുള്ളത് കുറ്റനിർമുക്തിക്കു കാരണമാകുന്നില്ല. സ്റ്റാൻലി ക്രാമറുടെ 1961-ലെ  ജഡ്‌ജ്മെൻറ് അറ്റ് ന്യൂറംബർഗാണ്  സമകാല അനുഭവത്തിനോടു 2025- ലെ ജെയിംസ് വാൻഡർബിൽറ്റിന്റെ ന്യൂറംബർഗിനെക്കാൾ വ്യക്തമായും അനാവരണം ചെയ്യുന്നത്. സത്യവും, നീതിയും, വ്യക്തി എന്ന നിലയിൽ ഓരോത്തരുടേയും ഉണ്മയുമാണ് മറ്റെന്തിനേക്കാളും മൂല്യവത്തായിട്ടുള്ളതെന്നു ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബർഗ് സംശയലേശമെന്യേ പ്രഖ്യാപിക്കുന്നു. ദേശയീയതയും, രാഷ്ട്രവും, ദേശാഭിമാനവും. മതരാഷ്ട്രവാദവും. രാഷ്ട്രീയ പ്രത്യയശാസ്ത്രവും എല്ലാം തന്നെ ഈ മുൻചൊന്ന അടിസ്ഥാന മൂല്യങ്ങൾക്ക് കീഴപ്പെട്ടിരിക്കണം. ഇന്ത്യൻ ഭരണഘടനയിൽ ആലേഖനം ചെയ്തിരിക്കുന്നതും ഈ അടിസ്ഥാന മൂല്യങ്ങൾ തന്നെ. നാസികളുടെ ഹോളോകോസ്റ്റിനെ  ചർച്ച ചെയ്ത ആദ്യത്തെ പ്രധാന ചലച്ചിത്രമായിരുന്നു ജഡ്ജ്മെന്റ് അറ്റ് ന്യൂറംബർഗ്. നാസി മരണക്യാമ്പുകളുടെ വിമോചനത്തിന്റെ ദൃശ്യങ്ങളും  ഉൾപ്പെടുത്തിയ ആദ്യചലച്ചിത്രവും ഇതുതന്നെ.
About Author

ദാമോദർ പ്രസാദ്

എഴുത്തുകാരൻ, സാമൂഹിക, സാംസ്കാരിക മാധ്യമ നിരീക്ഷകൻ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x