ഓപ്പറേഷൻ സിന്ദൂർ: പുതിയ അന്താരാഷ്ട്ര വിശകലനങ്ങൾ പറയുന്നത്
ഏതൊരു ജനാധിപത്യ രാജ്യത്തും സായുധ സേനയെ രാഷ്ട്രീയവൽക്കരിക്കുന്നതിനേക്കാൾ വലിയൊരു അപകടമില്ല എന്ന് പൊതുവായി പറയാറുണ്ട്. സർക്കാരുകൾ സൈനിക നടപടികളെ രാഷ്ട്ര സുരക്ഷയ്ക്കും നയതന്ത്ര പരമായ നേട്ടങ്ങൾക്കുമുള്ള ഉപകരണങ്ങളായി കാണുന്നതിന് പകരം
രാഷ്ട്രീയ-തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുള്ള ഉപാധിയായി കണക്കാക്കുമ്പോൾ അവിടെ സത്യം ബലിയാടാകുന്നു. ഇത് പൊതുജനങ്ങളുടെ
വിശ്വാസത്തെയും തന്ത്രപരമായ വ്യക്തതയെയും പ്രതികൂലമായി ബാധിക്കുന്നു. ഈ അപകടത്തിന്റെ ഏറ്റവും കയ്പേറിയ ഓർമ്മപ്പെടുത്തലായിരികുന്നു ഇപ്പോൾ ഓപ്പറേഷൻ സിന്ദൂരിനെ പറ്റി പുറത്തുവരുന്ന അന്താരാഷ്ട്ര വിശകലനങ്ങൾ.
ഈയടുത്ത് യു.എസ്.-ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മീഷൻ (USCC – യുഎസ് സി സി) അമേരിക്കൻ കോൺഗ്രസിന് ഈയിടെ സമർപ്പിച്ച ഒരു റിപ്പോർട്ട് ന്യൂഡൽഹിയിലെ രാഷ്ട്രീയ-നയതന്ത്ര വൃത്തങ്ങളിൽ ഒരു ഭൂകമ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഗൗരവമേറിയ രഹസ്യാന്വേഷണ വിവരങ്ങൾക്കും ഗവേഷണ മികവിനും പേരുകേട്ട ഈ കമ്മീഷന്റെ 2025-ലെ റിപ്പോർട്ട്, ഓപ്പറേഷൻ സിന്ദൂരിനെ പറ്റി ഇന്ത്യൻ സർക്കാർ ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ച ഔദ്യോഗിക വിവരണത്തിന് നേർവിപരീതമായ നിരവധി വാദങ്ങളാണ് ഉന്നയിക്കുന്നത്.
പാകിസ്ഥാൻ പിന്തുണയുള്ള ഭീകരാക്രമണം എന്ന് ഇന്ത്യ സംശയലേശമന്യേ മുദ്രകുത്തിയ പഹൽഗാം കൊലപാതകങ്ങളെ യു എസ്.സി.സി വിശേഷിപ്പിക്കുന്നത് ആഭ്യന്തര തീവ്രവാദത്തിന്റെ പരിണിതഫലം അഥവാ”കലാപം അല്ലെങ്കിൽ insurgency എന്നാണ്. ഈ പ്രയോഗം സംഭവത്തെ ബാഹ്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷൻ എന്നതിന് പകരം പ്രാദേശികമായി നടന്ന ഒന്നായി ചിത്രീകരിക്കുന്നു. ഇത് ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നൽകിയ ന്യായീകരണത്തിന്റെ അടിത്തറയെത്തന്നെ തകർക്കുന്നതാണ്. എന്നാൽ യഥാർത്ഥ പ്രഹരം ഇതൊന്നുമല്ല.
ഓപ്പറേഷൻ്റെ ഭാഗമായി ഉണ്ടായ നാലുദിവസത്തെ ഏറ്റുമുട്ടലിൽ, ചൈനീസ് ആയുധങ്ങളുടെയും ചൈനീസ രഹസ്യാന്വേഷണ വിഭവങ്ങളുടെ പിന്തുണയുടെയും സഹായത്തോടെ പാകിസ്ഥാൻ സൈനിക വിജയം നേടി എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ചൈന ഈ ഏറ്റുമുട്ടലിനെ അവരുടെ സൈനിക സംവിധാനങ്ങളുടെ ശക്തി പ്രദർശിപ്പിക്കാനും പാകിസ്ഥാന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഉപയോഗിച്ചു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ചെറുയുദ്ധം ബീജിങ്ങിന് ഒരു വിലപ്പെട്ട അവസരവും ഇസ്ലാമാബാദിന് ധാർമ്മികമായ ഉത്തേജനവും നൽകിയെങ്കിൽ ന്യൂഡൽഹിക്ക്, ദേശീയതയാൽ പൊതിഞ്ഞ വാചാടോപങ്ങൾക്കു പിറകിൽ അതിസൂക്ഷ്മമായി മറച്ചുവെച്ച ഒരു നാണംകെട്ട യാഥാർത്ഥ്യം മാത്രമായി മാറി എന്നാണ് യു.എസ്.സി.സിയുടെ വിലയിരുത്തൽ.

രാജ്യത്തിനകത്ത്, ഓപ്പറേഷൻ സിന്ദൂർ വികാരങ്ങളുടെയും പ്രതീകാത്മകതയുടെയും മേമ്പൊടിയോടെ നടത്തിയ ചടുലവും കൃത്യവുമായ ഒരു പ്രതികാര നടപടിയായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. “സിന്ദൂർ” എന്ന് പേരിട്ടതിലൂടെ, പഹൽഗാമിൽ കൊല്ലപെട്ടവരുടെ വിധവകളുടെ ദുഃഖവുമായി ഇതിനെ ബന്ധിപ്പിക്കുകയും ഇതിലൂടെ സൈനിക നടപടിക്ക് കേവലമായ യുദ്ധഭൂമിയിലെ കണക്കുകൂട്ടലുകൾക്കപ്പുറം ഒരു ധാർമ്മിക ലക്ഷ്യം നൽകുകയും ചെയ്തു.
എന്നാൽ, അന്തർദേശീയ തലത്തിൽ പഹൽഗാം ആക്രമണത്തെ ആഭ്യന്തരമായ ഒരു കലാപമായിട്ടാണ് വിലയിരുത്തിയിട്ടുള്ളതെങ്കിൽ, ഓപ്പറേഷൻ സിന്ദൂറിൻ്റെ ധാർമ്മിക സാധുത പരുങ്ങലിലാവുകയാണ്.
പാകിസ്ഥാൻ പിന്തിരിയുന്നതിനു പകരം കൂടുതൽ ശക്തി പ്രാപിച്ച് കഴിഞ്ഞ 50 വർഷത്തിനിടയിലെങ്ങുമില്ലാത്ത വിധം ആഴത്തിൽ മുന്നേറുകയും ചെയ്തുവെന്നത് ഇന്ത്യയുടെ തന്ത്രപരമായ വിലയിരുത്തലുകൾ പൂർണ്ണമായും തകർന്നിരിക്കുന്നു എന്നതിൻ്റെ സൂചനയാണ്. അപ്പോൾ അവശേഷിക്കുന്നത് കേവലം രാഷ്ട്രീയമായ പ്രഹസനം മാത്രമാണ്.
രാഷ്ട്രീയ പ്രഹസനം ഒരിക്കലും രാജ്യ സുരക്ഷയെ അനുകൂലമായി സ്വാധീനിക്കുന്നില്ല എന്നത് ദേശീയ സാർവദേശീയ രാഷ്ട്രീയ രംഗത്ത് പൊതുവേ അംഗീകരിക്കപ്പെടുന്ന ഒരു തത്വമാണ്.
പ്രതിരോധത്തിലായ നയതന്ത്രം
യു.എസ്.സി.സി-യുടെ കണ്ടെത്തലുകൾ “അമ്പരപ്പിക്കുന്നതും” ഇന്ത്യയുടെ നയതന്ത്രത്തിന് “കനത്ത തിരിച്ചടിയുമാണ്” എന്ന് കോൺഗ്രസ് എംപി ജയറാം രമേശ് വിശേഷിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഏതാണ്ട് 25 വർഷമായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു യു.എസ്. കോൺഗ്രസ് കമ്മിറ്റി സംവിധാനം ഇന്ത്യയുടെ ഔദ്യോഗിക ആഖ്യാനത്തെ നേരിട്ട് തള്ളിക്കളയുമ്പോൾ ഉണ്ടാകുന്ന വിശ്വാസ്യതാ പ്രതിസന്ധി ഒരു അന്താരാഷ്ട്ര ബാധ്യതയായി മാറുന്നു.
ഇതോടെ പ്രതികരിച്ചുകൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ നടത്തിയത് ചില നിഷേധങ്ങൾ മാത്രമാണ്. അതേസമയം, ഡോണൾഡ് ട്രംപ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവെക്കാൻ വ്യക്തിപരമായി ഇടപെട്ടു എന്ന യു.എസ്. വാദത്തെക്കുറിച്ച് പ്രധാനമന്ത്രി ഭൂഷണമല്ലാത്ത മൗനം പാലിക്കുകയാണ്. എത്രയോ മാസങ്ങളായി തുടരുന്ന ആ മൗനം സൃഷ്ടിച്ച പ്രതിസന്ധികൾ വേറെയുമുണ്ട്

ഇന്ത്യ നേരിട്ട തിരിച്ചടികളുടെ തകർച്ചകളുടെ കഥകൾക്ക് ആഴമേറ്റിക്കൊണ്ട് പാകിസ്ഥാൻ സേന മൂന്ന് ഇന്ത്യൻ റഫേൽ വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന ഒരു പ്രചാരണം കൂടി ചൈന ആരംഭിച്ചിട്ടുണ്ട്. ഈ വാദം ഫ്രാൻസ് തന്നെ ശക്തമായി നിഷേധിച്ചെങ്കിലും ഇത്തരമൊരു പ്രചാരണത്തിന് ചെറിയ തോതിലെങ്കിലും സ്വീകാര്യത ലഭിക്കുന്നു
എന്നത്, ഈ നിർണ്ണായക ഓപ്പറേഷനു ചുറ്റും ഇന്ത്യ ഉണ്ടാകാൻ അനുവദിച്ച ജിയോ പൊളിറ്റിക്കൽ നരേറ്റീവ്കളുടെ ആഘാതം എന്താണെന്ന് അടിവരയിടുന്നു .
ആഖ്യാനം ചമയ്ക്കുന്നതിന്റെ വലിയ വില
രാജ്യത്തിന് മുമ്പിലുള്ള ചോദ്യം വളരെ വ്യക്തമാണ്:വിജയങ്ങളെ സർക്കാർ പെരുപ്പിച്ചു കാട്ടുകയും, തിരിച്ചടികൾ മറച്ചുവെക്കുകയും, സങ്കീർണ്ണമായ ഒരു സൈനിക വിനിമയത്തെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കി മാറ്റുകയും ചെയ്തോ?
യു.എസ്.സി.സി റിപ്പോർട്ടിലെ അവകാശവാദങ്ങൾ സത്യമാണെങ്കിൽ- അല്ലെങ്കിൽ ഭാഗികമായിട്ടെങ്കിലും സത്യമാണെങ്കിൽ – മോദി സർക്കാരിന്റെ വീരത്വത്തിന്റെയും വിജയത്തിന്റെയും ആഖ്യാനം തികച്ചും അപൂർണ്ണമായിരുന്നു എന്ന് മാത്രമല്ല മനപൂർവ്വം വഴിതെറ്റിക്കുന്നതും കൂടെ ആയിരുന്നു എന്ന് വിലയിരുത്തേണ്ടി വരുന്നു. ഇത് കേവലം പ്രതിഛായയുടെ പ്രശ്നം മാത്രമല്ല. ജനാധിപത്യത്തിൽ നേതാക്കൾ ആഭ്യന്തര രാഷ്ട്രീയത്തിൽ കൈയ്യടി നേടുന്നതിനായി സൈനിക നടപടികളെ ഉപയോഗിക്കുമ്പോൾ, അവർ നടപടിയുടെ രഹസ്യാത്മകതയിൽ വിട്ടുവീഴ്ച ചെയ്യുകയും, തന്ത്രപരമായ മുൻഗണനകളെ വളച്ചൊടിക്കുകയും, സാങ്കേതികമായ സൈനിക വിലയിരുത്തലുകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ സായുധ സേന കേവലം കളിപ്പാവയും, പൗരന്മാർ കാഴ്ചക്കാരുമായി മാറുന്നു. സത്യം നോക്കുകുത്തിയാകുന്നു.
ഇത് രാജ്യദ്രോഹമാണോ?
നിയമപരമായി, രാജ്യദ്രോഹം എന്നത് വളരെ കൃത്യമായി നിർവചിക്കപ്പെട്ട ഒരു കുറ്റമാണ്. എന്നാൽ യുദ്ധകാര്യങ്ങളിൽ കോടാനുകോടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്, രാഷ്ട്രീയമായും ധാർമ്മികമായും ഒരു ചെറിയ വിശ്വാസവഞ്ചനയല്ല. ഒരു സർക്കാർ അറിഞ്ഞുകൊണ്ട് അവകാശവാദങ്ങൾ പെരുപ്പിച്ചു കാട്ടുകയോ, കാരണങ്ങളെ വളച്ചൊടിക്കുകയോ, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് നേട്ടത്തിനായി സൈനിക വസ്തുതകളിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ, അത് രാഷ്ട്രവും പൗരന്മാരും തമ്മിലുള്ള എഴുതപ്പെടാത്തതും എന്നാൽ പവിത്രവുമായ ഉടമ്പടിയുടെ ലംഘനമാണ്.
ഒരു നേതാവും, അയാൾ എത്ര ജനപ്രിയനാണെങ്കിലും, ഉത്തരവാദിത്തത്തിന് അതീതനല്ല.
ഒരു നടപടിയും, അത് എത്ര വൈകാരികമായി അവതരിപ്പിച്ചാലും, സൂക്ഷ്മ പരിശോധനയ്ക്ക് അതീതമല്ല.

രാജ്യത്തിന് ഇത് കണക്കെടുപ്പിന്റെ നിമിഷം
ഓപ്പറേഷൻ സിന്ദൂർ അതിന്റെ തന്ത്രപരമായ ഫലങ്ങൾകൊണ്ടായിരിക്കില്ല മറിച്ച് അമിതമായി കേന്ദ്രീകൃതമായ വ്യക്തിപ്രഭാവത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ വ്യവസ്ഥയിൽ സത്യത്തിന് എത്രത്തോളം ക്ഷതം സംഭവിക്കാമെന്ന തുറന്നുകാട്ടലിലൂടെയാകും ഓർമ്മിക്കപ്പെടുക എന്നൊരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ. യു.എസ്.സി.സി റിപ്പോർട്ടിനെ ഒരു അപമാനമായിട്ടല്ല മറിച്ച് ഒരു മുന്നറിയിപ്പായിട്ടാണ് കണക്കാക്കേണ്ടത്.
മഹത്തായ രാഷ്ട്രശക്തികൾ ഉയരുന്നത് ഒരിക്കലും പ്രചാരവേലയിലൂടെ അല്ല . മറിച്ച് സുതാര്യത, നയ തന്ത്രപരമായ വ്യക്തത, സത്യസന്ധമായ നേതൃത്വം എന്നിവയിൽ നിന്ന് ലഭിക്കുന്ന ധാർമ്മിക അധികാരത്തിലൂടെയാണ്.
കൂടുതൽ നയതന്ത്രപരമായ നാണക്കേടുകളും തന്ത്രപരമായ അപ്രതീക്ഷിത സംഭവങ്ങളും ഒഴിവാക്കണമെങ്കിൽ, ദേശീയ സുരക്ഷ ഒരു രാഷ്ട്രീയ കളിപ്പാട്ടമല്ല എന്ന് നിർഭയമായും, ദൃഢമായി തന്നെയും ഇന്ത്യ പറയണം. സിന്ദൂറിനെക്കുറിച്ചുള്ള സത്യം അറിയാൻ രാജ്യത്തിന് അവകാശമുണ്ട്. ഇതിൽ ഒരു വിശദീകരണവും ഉത്തരവാദിത്ത്വവും രാജ്യം അർഹിക്കുന്നുണ്ട്. കാരണം, രാജ്യ തന്ത്രജ്ഞതയും നാടകീയമായ രാഷ്ട്രീയ സ്റ്റേജ് മാനേജ്മെൻടും തമ്മിലുള്ള അതിർവരമ്പ് മായുമ്പോൾ അവിടെ നഷ്ടമാകുന്നത് രാജ്യത്തിൻ്റെ സുരക്ഷ തന്നെയാണ്.





