A Unique Multilingual Media Platform

Articles National Politics Society

ജയിൽ ജീവിതത്തിൻ്റെ ഉള്ളുപൊള്ളിക്കുന്ന ഓർമ്മകളുമായി സീമാ ആസാദും സുധ ഭരദ്വാജും

  • February 10, 2026
  • 1 min read
ജയിൽ ജീവിതത്തിൻ്റെ ഉള്ളുപൊള്ളിക്കുന്ന ഓർമ്മകളുമായി സീമാ ആസാദും സുധ ഭരദ്വാജും

‘ജയിൽ ജീവിതത്തിൻ്റെ നേർകാഴ്ചകളും സംഘടിത സാക്ഷ്യപ്പെടുത്തലും ‘ – 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ചയെ ഇത്തരത്തിൽ വിശേഷിപ്പിക്കാം. സീമ ആസാദിന്റെ ‘Unsilenced: The Jail Diary of an Activist’, സുധ ഭരദ്വാജിന്റെ ‘ഫാൻസി യാർഡിൽ നിന്ന്’ (Phansi Yard Se) എന്നീ സുപ്രധാന പുസ്തകങ്ങളെ ആസ്പദമാക്കിയായിരുന്നു ചർച്ച.

2010ൽ സീമ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് കൃത്യം 16 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നത് കൂടുതൽ ശ്രദ്ധേയമായി. കേവലം വാചാടോപങ്ങൾക്കപ്പുറം വിഷയങ്ങളെ ഗൌരവമായി സമീപിക്കാൻ ഫെമിനിസ്റ്റ് ചരിത്രകാരി ഉമ ചക്രവർത്തി, സാമൂഹിക പ്രവർത്തക സീമ ആസാദ്, വിവർത്തക ശൈലജ ശർമ്മ എന്നിവരടങ്ങുന്ന പാനലിന് കഴിഞ്ഞു.

ഫെമിനിസ്റ്റ് ചരിത്രകാരിയായ ഉമാ ചക്രവർത്തി ചർച്ചയ്ക്ക് തുടക്കം കുറിക്കുന്നു.

സ്വാതന്ത്ര്യസമരപ്പോരാളി ഭഗത് സിംഗിൻ്റെ സഹായിയായിരുന്ന ഇതിഹാസ താരം ദുർഗ്ഗാ ഭാഭിയുമായുള്ള അഭിമുഖത്തിൽ അവരുടെ ജയിലനുഭവങ്ങളെക്കുറിച്ച് പറഞ്ഞത് പരാമർശിച്ചുകൊണ്ടാണ് ഉമാചക്രവർത്തി ചർച്ച തുടങ്ങിവച്ചത്. ജയിലിൽ നിന്ന് രക്ഷപെട്ടതിൻ്റെ ആവേശമല്ല, മറിച്ച് ദുർഗ്ഗാഭാഭിയെ പിടിച്ചുലച്ചത് ജയിലിലെ ഭയാനകമായ അന്തരീക്ഷവും അവരെ പാർപ്പിച്ചിരുന്ന തടവറയ്ക്ക് സമീപത്തെ മോർച്ചറിയുമൊക്കെയാണ്. അവരുടെ വീക്ഷണത്തിൽ ജയിൽ എന്നത് വീരസാഹസികതകൾക്കുള്ള ഒരു വേദിയല്ല, മറിച്ച് അത് മനുഷ്യനെ മാനസികമായി ഇല്ലാതാക്കുന്ന, വ്യവസ്ഥാപിതമായി മനുഷ്യവിരുദ്ധത പേറുന്ന, മരണഗന്ധത്താൽ ശ്വാസംമുട്ടിക്കുന്ന ഒരിടമാണ്. യഥാർത്ഥത്തിൽ ദുർഗ്ഗാഭാഭിയുടെ അനുഭവങ്ങൾ ജയിൽ ജീവിതത്തെ അമിതമായി മഹത്വവൽക്കരിക്കുന്നതിനെതിരായ മുന്നറിയിപ്പാണ്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജയിൽ എന്നത് അവർ ജീവിക്കുന്ന ലോകത്തിൻ്റെ ചെറുപതിപ്പാണെന്ന് നിരീക്ഷിച്ചത് ഗവേഷകയായ മേരി എബ്രഹാമാണ്. പുറംലോകത്തെ സാമൂഹ്യ-വർഗ്ഗ ഘടന ജയിലിനുള്ളിലും അതേപടി പ്രതിഫലിക്കുന്നുണ്ടെന്ന് ചർച്ചകൾ വ്യക്തമാക്കി. സമൂഹത്തിൻ്റെ മേൽത്തട്ടിലുള്ളവരെയും സമ്പന്നരെയും സംരക്ഷിക്കാൻ വ്യഗ്രതകാട്ടുന്ന നീതിന്യായവ്യവസ്ഥ, ദുർബലരെയും അശരണരെയും പലപ്പോഴും വേട്ടയാടുകയാണ്. ഒരു ഭൂപ്രഭുവിന്റെ മകനെ കുളത്തിലേക്ക് തള്ളിയിട്ടു എന്ന “കുറ്റത്തിന്” ദളിത് വിഭാഗത്തിൽപ്പെട്ട ഒമ്പത് വയസ്സുകാരി തടവിലാക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി, നിയമം പലപ്പോഴും ഏറ്റവും ദുർബലരായവരെ ലക്ഷ്യം വയ്ക്കുകയാണെന്ന് ഉമ ചക്രവർത്തി വ്യക്തമാക്കി.

ജാതിമത വർഗ്ഗഭേദം മാത്രമല്ല, ജയിലിനുള്ളിൽ കൊടിയ ലിംഗഭേദവും നിലനിൽക്കുന്നുണ്ടെന്ന് കോടേശ്വർ അമ്മയുടെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. കോടേശ്വർ അമ്മ കസ്റ്റഡിയിലിരിക്കെ, അവരുടെ ഭർത്താവ് അരിയും മറ്റ് റേഷൻ സാധനങ്ങളും ജയിലിലേക്ക് അയച്ചുകൊടുത്ത് പാചകം ചെയ്തു നൽകാൻ ആവശ്യപ്പെട്ടു. കോടേശ്വർ അമ്മ എല്ലാ സാധനങ്ങളും തിരിച്ചയച്ച് ജയിലിലും ‘വീട്ടമ്മയുടെ കടമ’ ചെയ്യുന്നില്ലെന്ന് തീരുമാനമെടുത്തു. പുരുഷാധിപത്യം സ്ത്രീകളെ അടിച്ചേൽപ്പിക്കുന്ന ഗാർഹികവൃത്തിയുടെ തിരസ്കരണമായിരുന്നു കോടേശ്വർ അമ്മയുടെ പ്രതിഷേധം.

ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സീമ ആസാദ് തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നു.

 

ജയിലിനുള്ളിൽ അതിജീവിതം എന്നതിന് വിശാലമായ അർത്ഥമാണുള്ളത്. ചിലസമയം തട്ടിക്കൂട്ടും കുറുക്കുവഴിയും ചെപ്പടിവിദ്യയുമാക്കെ അതിജീവന മാർഗ്ഗങ്ങളാകും. യെർവാഡ ജയിലിൽ കഴിയവെ സുധാഭരദ്വാജ് പ്രായോഗിക ബുദ്ധി ഉപയോഗിച്ച് നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്. വളരെ പരിമിതമായ വിഭവങ്ങളുള്ള, റേഷനിംഗ് സമ്പ്രദായം നിലനിൽക്കുന്ന ജയിൽ അടുക്കളയിൽ ബിരിയാണിയും ലഡുവും പാചകം ചെയ്തത് സുധയുടെ വൈഭവത്തിന് ഉദാഹരണമാണ്. ഇല്ലായ്മയും ഒരവസരമാക്കി മാറ്റുന്നത്ര കരുത്ത് സുധയ്ക്കുണ്ടായി.

 

ജയിലിനുള്ളിൽ നിന്ന് വരുമാനമുണ്ടാക്കി സാമ്പത്തിക സ്വാതന്ത്ര്യം നേടിയവരെക്കുറിച്ചാണ് ശൈലജ ശർമ്മ സംസാരിച്ചത്. സൽമ എന്ന സ്ത്രീ പുരികം ത്രെഡ് ചെയ്ത് കൊടുത്ത് ചെറിയ സമ്പാദ്യം ഉണ്ടാക്കിയെടുത്തു. വീട്ടിലേക്ക് കത്തുകൾ എഴുതി നൽകുന്നതിന് കൂലി വാങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്ത് ചെറുതെങ്കിലും കൃത്യമായ വരുമാനം നേടിയെടുത്തവരുമുണ്ട്.

സീമാ ആസാദ്, വിശ്വ വിജയ്

വൈവിധ്യമാർന്ന അനുഭവങ്ങളാൽ മുഖരിതമായ ചർച്ചയ്ക്ക് വൈകാരികമായ മാനം നൽകിയത് സീമയുടെ ഭർത്താവ് വിശ്വ വിജയ് ആണ്. 2010 ഫെബ്രുവരി 7നാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. ജയിലിൽ കഴിയവെ, വിസിറ്റേഴ്സിനെ കാണാനായി ശനിയാഴ്ചകളിൽ അനുവാദം ലഭിക്കുമ്പോഴുള്ള വെറും 15 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന കൂടിക്കാഴ്ചകളെക്കുറിച്ച് അദ്ദേഹം വികാരനിർഭരനായി. ജയിൽ തോട്ടത്തിൽ നിന്ന് പൂക്കൾ മോഷ്ടിക്കുന്നത് പോലുള്ള ചെറിയ കുസൃതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഒടുവിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഈ പരിപാടിയുടെ മുഖ്യ സന്ദേശമായി മാറി. “നിങ്ങളുടെ മതിലുകൾ ഉയർന്നതാകാം, പക്ഷേ എന്റെ ശബ്ദം അതിലും ഉച്ചത്തിലാണ്!”.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.